Categories
Uncategorized

മിഴികൾ തുടച്ച അവളുടെ ചു-ണ്ടുകളിലും ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു…

രചന: ശ്രീക്കുട്ടി

വിവാഹമണ്ഡപം മ രണവീട് പോലെ നിശ്ശബ്ദമായിരുന്നു.

മുഹൂർത്തമടുത്തപ്പോൾ വധുവിനെ കാണാനില്ല എന്ന വാർത്ത ഒരു ഞെട്ടലോടെയായിരുന്നു ഞാൻ കേട്ടത്. നിശ്ചയിച്ചുറപ്പിച്ചവിവാഹം മുടങ്ങി ആളുകൾക്ക് മുന്നിൽ നോക്കുകുത്തിയായി നിൽക്കുമ്പോൾ എന്റെയുള്ളിൽ അമർഷം നുരഞ്ഞ്പതയുകയായിരുന്നു.

എന്നിലേക്ക്‌ നീണ്ട സഹതാപം നിറഞ്ഞ കണ്ണുകളെ നേരിടാനാവാതെ ഞാൻ തല കുനിച്ചുനിന്നു. ഉള്ളിലെ ചൂട് വിയർപ്പായി നെറ്റിയിലൂടെ ചാലിട്ടൊഴുകി.

“മോളേ ആരതി……”

മുത്തശ്ശന്റെ വിളികേട്ട് അവൾ പതിയെ മുന്നിലേക്ക് വന്നു.

“അഭി ഇവളുടെ കഴുത്തിൽ താലി കെട്ടും”

ഉറച്ചതായിരുന്നു മുത്തശ്ശന്റെ ആ വാക്കുകൾ. എല്ലാവരിലും ആശ്വാസം പടാർത്തിക്കൊണ്ട് വീണ്ടും നാദസ്വരം മുഴങ്ങി.

പ്രത്യേകിച്ച് ഭാവമാറ്റം ഒന്നുമില്ലാതെ അവളെന്റെ അരികിൽ ഇരുന്നു. കഴുത്തിൽ താലി മുറുകുമ്പോഴും അവൾ വെറുതെ എന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു.

രാത്രിയിൽ വളരെ വൈകിയായിരുന്നു മുറിയിൽ എത്തിയത്. അപ്പോഴേക്കും പകലത്തെ ക്ഷീണം കൊണ്ടാവാം അവൾ ഉറങ്ങിപോയിരുന്നു. അവളെ ഉണർത്താതെ തന്നെ പതിയെ അവളുടെ അരികിൽ കയറിക്കിടന്നു..

എനിക്കഭിമുഖമായിട്ടായിരുന്നു അവൾ കിടന്നിരുന്നത്. ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയായിരുന്നു അപ്പോൾ അവളുടെ മുഖത്ത്. ചുണ്ടിനു മുകളിലെ കറുത്തമറുകും സീമന്ത രേഖയിലെ പാതി മാഞ്ഞ സിന്ദൂരവും അവളെ കൂടുതൽ സുന്ദരിയാക്കിയതുപോലെ തോന്നി.

മുറപെണ്ണ് ആണെങ്കിലും താനധികം അവളെ ശ്രദ്ധിച്ചിരുന്നില്ല. ചെറുപ്പത്തിൽ എപ്പോഴും അവൾ എന്റെ വിരലിൽ തൂങ്ങിയായിരുന്നു നടന്നിരുന്നത്. മുതിർന്നപ്പോൾ മനപ്പൂർവം അവളോട് ഒരകലം സൂക്ഷിച്ചിരുന്നു.

അവളുടെ ചിന്തകളിൽ മുഴുകി എപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു.

രാവിലെ ഉണരുമ്പോൾ അവൾ മുറിയിൽ ഉണ്ടായിരുന്നു. ഈറൻ മുടിയിൽ ഒരു തോർത്ത്‌ ചുറ്റിയിരുന്നു. കഴുത്തിലും മുഖത്തും പറ്റിപിടിച്ച ജലകണങ്ങൾ. നെഞ്ചോടു ചേർന്ന് താൻ കെട്ടിയ താലി.

സുന്ദരിയാണ്…….

ഞാൻ ഓർത്തു.

“ആഹാ അഭിയേട്ടൻ എണീറ്റോ????

ചായ ഇപ്പൊ കൊണ്ട് വരാം.

അവളെ നോക്കിയ എനിക്കൊരു പുഞ്ചിരി സമ്മാനിച്ച് അവൾ പുറത്തേക്ക് നടന്നു.

പരസ്പരം വിരോധം ഒന്നുമില്ല എങ്കിലും ഉള്ളിലെവിടെയോ അടുത്തിടപഴകാൻ കഴിയാത്തൊരു അകൽച്ച ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. എങ്കിലും എന്റെ കാര്യങ്ങളെല്ലാം അവൾ കൃത്യമായി ചെയ്തിരുന്നു.

ഓർക്കാപ്പുറത്ത് വന്നു ചേർന്ന വേഷം ആയിരുന്നെങ്കിലും അതിന്റെ ബുദ്ധിമുട്ട് അവൾ തെല്ലും കാണിച്ചിരുന്നില്ല. വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ടുതന്നെ അവളെന്റെ വീടിനോട് വല്ലാതെ ഇണങ്ങിചേർന്നിരുന്നു.

അമ്മയ്ക്കൊപ്പം അടുക്കളയിൽ കയറിയും അച്ഛനോടൊപ്പം പറമ്പിലെ കൃഷികൾ നനച്ചും പൂജാമുറിയിൽ വിളക്ക് തെളിയിച്ചുമെല്ലാം അവളെന്റെ വീടിന്റെ നല്ല മരുമകളായി മാറുന്നത് ഞാനും കാണുന്നുണ്ടായിരുന്നു.

“ആരതിമോൾ ഉണ്ടായിരുന്നിട്ടും അഭിക്ക് വേറെ പെണ്ണന്വേഷിച്ചു പോയ നമ്മളാ ലക്ഷ്മി വിഡ്ഢികൾ.”

പൂമുഖത്തിരുന്ന് അച്ഛൻ മെല്ലെ പറഞ്ഞു.

“ശരിയാ അഭിക്ക് അവളോളം നല്ല പെണ്ണിനെ വേറെ കിട്ടില്ല.”

അമ്മയുടെ സ്വരത്തിലും നിറഞ്ഞ സന്തോഷമായിരുന്നു.

പുറത്തേക്ക് വരുകയായിരുന്ന എന്റെ മനസ്സിലും അപ്പോൾ അതുതന്നെയായിരുന്നു.

“അതെ അതുശരിയാണ് തന്റെ താലിക്ക് അവളെക്കാൾ അർഹതയുള്ള മറ്റൊരു അവകാശി വേറെയുണ്ടാവില്ല.”

തിരികെ മുറിയിൽ എത്തുമ്പോൾ കണ്ണാടിയിൽ നോക്കിനിന്ന് മുടി കോതുകയായിരുന്നു അവൾ. പിന്നിലൂടെ ചെന്ന് ചേർത്ത് പിടിക്കുമ്പോൾ കണ്ണാടിയിൽ കണ്ട അവളുടെ മുഖത്ത് ഒരുതരം അമ്പരപ്പായിരുന്നു.

“ഇപ്പൊ എനിക്കുറപ്പായി ഞാനീ താലി കെട്ടിയത് അതിന് ഏറ്റവും അർഹതപ്പെട്ട ആളിന്റെ കഴുത്തിൽ തന്നെയാണ്.”

അവളുടെ ചെവിയിൽ അതു പറയുമ്പോൾ നനഞ്ഞ മിഴികൾ തുടച്ച അവളുടെ ചുണ്ടുകളിലും ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു…

രചന: ശ്രീക്കുട്ടി

Categories
Uncategorized

അഞ്ചു വർഷം മുന്നേ കണ്ട മീനാക്ഷിയിൽ നിന്നു അവൾ ഒരു പാട് മാറിയിരുന്നു…

രചന: Ammu Santhosh

ചിത്രപ്രദർശനഹാളിൽ ചിത്രങ്ങൾ കണ്ടു ചുറ്റിത്തിരിയവേ പെട്ടെന്ന് മുന്നിൽ കണ്ട രൂപത്തെ നല്ല പരിചയം തോന്നി പ്രിയയ്ക്ക്

“മീനാക്ഷി…?”

“Yes.. “മീനാക്ഷി പുഞ്ചിരിച്ചു

“My god !കണ്ടിട്ട് എനിക്ക് പോലും മനസ്സിലായില്ലാട്ടോ.. നീ ഇവിടെ?”

“ബിനാലെ കാണാൻ, അല്ലാതെ എന്തിനാ ആൾക്കാർ ഇവിടെ വരുന്നേ?”

പ്രിയയ്ക്ക് വീണ്ടും അതിശയം വിട്ടു മാറുന്നില്ല. അഞ്ചു വർഷം മുന്നേ കണ്ട മീനാക്ഷിയിൽ നിന്നു അവൾ ഒരു പാട് മാറിയിരുന്നു.. അന്ന് അവസാനം കാണുമ്പോൾ തകർന്നു പോയ വിവാഹ ജീവിതത്തിന്റെ ശേഷിപ്പുകൾ ആയി മെലിഞ്ഞു വിളർത്ത ഉടലും കണ്ണീരുണങ്ങിയ കവിൾത്തടങ്ങളുമായ് നിന്ന രൂപം.. ട്രാൻസ്ഫർ ആയി പോകുമ്പോൾ, പിന്നെ ഇത് വരെയും ആ രൂപം തന്നെ ചില്ലറ അല്ല വേദനിപ്പിച്ചത്

“നീ നമ്പർ മാറ്റി അല്ലെ?” “ഉം” “ജോലിയും രാജി വെച്ചു?” “Yes” മീനാക്ഷി യുടെ മുടിയിഴകൾ കാറ്റിൽ പറക്കുന്നത് തെല്ല് നോക്കി നിന്നു പ്രിയ.

“എന്നിട്ട് ഇപ്പൊ എന്താ ചെയ്യുന്നേ?”

“ഡാൻസ് സ്കൂൾ നടത്തുന്നു” “What?” “അതെന്ന്.. നൃത്തം.. എഴുത്ത്, പാട്ട്”

“Are you mad?” പ്രിയ തെല്ലുറക്കെ ചോദിച്ചു മീനാക്ഷി പൊട്ടിച്ചിരിച്ചു

“നമുക്ക് വല്ലോം കഴിച്ചാലോ പ്രിയ.. ഒരു ആനയെ തിന്നാൻ ഉള്ള വിശപ്പുണ്ട് “മീനാക്ഷി പറഞ്ഞു

ഇന്ത്യൻ കോഫീ ഹൗസ്..

“ഈ ഇഷ്ടം കളഞ്ഞിട്ടില്ല ല്ലേ? “പ്രിയ ചിരിയോടെ ചോദിച്ചു

“ഒരു ഇഷ്ടവും കളഞ്ഞിട്ടില്ല”

“എന്നിട്ടാണോ സബ് കളക്ടർ ജോലി കളഞ്ഞത്?”

“അത് ഇഷ്ടം ആയിരുന്നു എന്ന് ആര് പറഞ്ഞു? അച്ഛൻ കൊച്ചിലെ മുതൽ ഇങ്ങനെ ഫീഡ് ചെയ്തു കൊണ്ടേയിരുന്നു.. ഐ എ എസ്.. ഐ എ എസ്.. ഐ എ എസ്…. അങ്ങനെ അതിൽ പെട്ടു.. ജോലി ടെൻഷൻ.. അതിനിടയിൽ അഖിലുമായുള്ള കല്യാണം അതിന്റ പൊരുത്തക്കേടുകൾ വേദന,”

‘അഖിൽ?”

“ഉം.. അച്ഛനും അമ്മയും തിരഞ്ഞെടുത്ത ആളായിരുന്നു.നീ കണ്ടിട്ടില്ലല്ലോ അഖിയെ. രണ്ടു പേർക്കും തമ്മിൽ കാണാനുള്ള സമയം പോലുമില്ലാത്ത തിരക്ക് .. എന്നും വഴക്ക്.. കുട്ടികളും ഇല്ല.. മടുത്തു തുടങ്ങിയിരുന്നു ..

“എന്നാലും നീ ജോലി രാജി വെച്ച്?”

“ഇഷ്ടങ്ങൾ ഒക്കെ മാറ്റി വെച്ച് എത്ര നാൾ ആണ് വേറെ ഒരാളായി ജീവിക്കുക? ഒരു ജീവിതം അല്ലേയുള്ളു? ഇപ്പൊ കുട്ടികൾ, ക്ലാസ്സ്‌ ഞാൻ ഹാപ്പി ആണ് പ്രിയ.. സത്യം”

“അച്ഛൻ, അമ്മ?”

“അവരൊക്കെ കുറെ നാൾ പിണങ്ങിയിരുന്നു.. ആൾക്കാർ അവരോടല്ലേ ചോദ്യം ചോദിക്കുക? ആൾക്കാർക്ക് പുതിയ വിഷയം കിട്ടിയപ്പോ എന്നെ മറന്നു. അപ്പൊ അച്ഛനും അമ്മയും സ്വയം ചിന്തിച്ചു തുടങ്ങി. ഒറ്റ മകളോട് ചെയ്തത് ശരിയായിരുന്നു വോ? ബോർഡിങ് സ്കൂളിലെ ബാല്യം, ഹോസ്റ്റലുകളിലെ കൗമാരം,അവരുടെ ഇഷ്ടത്തിന് തിരഞ്ഞെടുത്ത ഒരു വിവാഹം. നിറയെ ടെൻഷൻ നിറഞ്ഞ തീരെ ഇഷ്ടപ്പെടാതെ ഉള്ള ജോലി. ചിന്ത കൾക്കൊടുവിൽ ഇപ്പൊ അവർ ഒപ്പം ഉണ്ട്”

“എന്നാൽ പോലും എനിക്ക് എന്തോ..എത്ര മിടുക്കി ആയിരുന്നു നീ? സത്യത്തിൽ നമ്മുടെ നാടിനു നഷ്ടം ആയതു നല്ലൊരു കളക്റ്ററിനെ ആണ്”

“നീ കരുതും പോലെ അല്ല. നമുക്ക് പൂർണമായും നമ്മുടെ ഇഷ്ടത്തിന് ജോലി ചെയ്യാൻ ആവില്ല. നമ്മുടെ ആദർശങ്ങൾ ഒക്കെ മാറ്റി വെച്ച് വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരും.. എനിക്ക് മടുത്തിരുന്നു”

പ്രിയയുടെ മുഖം ചുവന്നു തുടുത്തിരുന്നു. കറുപ്പിൽ സ്വർണനൂലുകൾ പാകിയ സാരിയിൽ അവൾ അതീവ സുന്ദരി ആയിരുന്നു. ഒരു ഇരുപത് വയസ്സുകാരി പെൺകുട്ടിയെ പോലെ തോന്നിച്ചു അപ്പൊ അവൾ.

“ചേട്ടാ ഒരു മസാലദോശ, ഒരു കട്ലറ്റ്, ഒരു ഉഴുന്ന് വട പിന്നെ.. കാപ്പി നിനക്കോ?”

പ്രിയ കണ്ണുമിഴിച്ചു “എനിക്ക് ഇത്രയും ഒന്നും വേണ്ട ഒരു കോഫി മാത്രം മതി.അല്ലെങ്കിൽ തന്നെ തടി കൂടുതൽ ആണ് dieting ആണ് മീനാക്ഷി ഇപ്പൊ ഞാൻ”

“ഞാൻ നല്ലോണം കഴിക്കും പണ്ടൊക്കെ എനിക്കും ഉണ്ടായിരുന്നു ഈ അസുഖം. തടി കൂടുമോ? വെയിൽ കൊണ്ടാൽ നിറം പോകുമൊ? മുടി പൊഴിയുമോ? അങ്ങനെ.. ഇപ്പൊ അങ്ങനെ ഒന്നുമില്ല. വിശന്നാൽ കഴിക്കും.. വെയിൽ, മഴ എല്ലാം കൊള്ളും.. life എത്ര സുന്ദരമാണ്?” പ്രിയ തെല്ലു അസൂയയോടെ അവളെ നോക്കി.. എത്ര ഹാപ്പി ആണ് അവൾ..

“അഖിൽ?” പ്രിയ ചോദിച്ചു.. അത് മനുഷ്യസഹസജ്ജമായ ചോദ്യം ആണ്. ഒത്തിരി സന്തോഷം ആയി ഇരിക്കുമ്പോൾ മുള്ള് കൊണ്ട് കുത്തും പോലെ ചിലർ ചിലത് ചോദിക്കും.അത് ചിലപ്പോൾ ഏറ്റവും അടുത്ത കൂട്ടുകാർ പോലും ചോദിക്കും.

മീനാക്ഷിക്ക് ആ നേരം ഒരു ഫോൺ കാൾ വന്നപ്പോൾ അവൾ കയ്യുയർത്തി ചിരിച്ചിട്ട് കാൾ എടുത്തു

“കോഫി ഹൌസിൽ…”

“ഇല്ല.. ഇപ്പൊ ഇറങ്ങും.”

“കാറിൽ അല്ല . വേണ്ട വിളിക്കാൻ വരണ്ട”

“ഇപ്പൊ പറ്റില്ല.. ഇല്ലാന്ന്.. പ്രിയ ഉണ്ട് കൂടെ.. ഞാൻ വിളിക്കാം വിളിക്കാം”

ഫോൺ കട്ട്‌ ചെയ്യുമ്പോൾ അവൾ നാണം പൂത്ത മുഖം ഒന്ന് താഴ്ത്തി.. ആരാണ് എന്ന് പ്രിയ ചോദിച്ചില്ല. അങ്ങനെ ഒരു പെണ്ണ് സംസാരിക്കുന്നുണ്ടെങ്കിൽ ആരോടാണ് എന്ന് മറ്റൊരു പെണ്ണിനല്ലാതെ ആർക്കാണ് മനസിലാക്കുക? മസാലദോശ വന്നു.. കോഫിയും

“ങാ നീ നേരെത്തെ എന്താ ചോദിച്ചേ? ആ അഖിൽ. അഖിൽ സന്തോഷം ആയി ഇരിക്കുന്നു”

“വേറെ കല്യാണം?”

“ഊഹും ഇല്ല” ചോദ്യങ്ങൾ വേഗം അവസാനിച്ചു ഭക്ഷണം കഴിഞ്ഞു ഇറങ്ങുമ്പോൾ ഒരു കാർ വന്നു നിന്നു..

സുന്ദരനായ ഒരു ചെറുപ്പക്കാരൻ

“വിളിക്കാൻ വരണ്ട എന്ന് ഞാൻ പറഞ്ഞിരുന്നു ട്ടോ” മീനാക്ഷി അയാളോട് പറഞ്ഞു

“ഹായ് പ്രിയ.. നമ്മൾ കണ്ടിട്ടില്ല.. എന്നെ പക്ഷെ അറിയാം.. ഞാൻ അഖിൽ…” പ്രിയ അമ്പരന്നു പോയി

“അഖിക്ക് വിശക്കുന്നോ? കഴിച്ചോ വല്ലതും? “മീനാക്ഷി അവന്റെ മുടിയിൽ പറ്റിയിരിക്കുന്ന ഒരു പൊടി എടുത്തു മാറ്റി..

“ചായ കുടിച്ചു.. .. വാ പോകാം”

പിൻസീറ്റിൽ പ്രിയക്ക് ഒപ്പം ഇരിക്കുമ്പോൾ ആ കയ്യിൽ പിടിച്ചു പ്രിയ മുഖത്തേക്ക് നോക്കി

“നീ ഇപ്പൊ ആലോചിക്കുന്നത് എന്താ എന്നറിയാം.. ഉത്തരം ഇതാണ്. പഴയ എന്നെ ഞാൻ ഉപേക്ഷിച്ചിട്ടും ഈ ഇഷ്ടം ഉപേക്ഷിക്കാൻ എനിക്ക് പറ്റിയില്ല. അഖിലിനും പറ്റിയില്ല.. ഇപ്പൊ വഴക്കില്ല . ദേഷ്യം ഇല്ല. പൊരുത്തക്കേടുകൾ ഇല്ല.. കാത്തിരിക്കാൻ മടി ഇല്ല.. മുഷിച്ചിലും ഇല്ല.. ഇഷ്ടം മാത്രം.. എനിക്ക് സമയം ഉണ്ട് ഇപ്പൊ ഇഷ്ടം പോലെ… പക്ഷെ അഖിൽ പറഞ്ഞിട്ടല്ല ഞാൻ ജോലി രാജി വെച്ചത്. ഞാൻ അതിന് ഞാൻ യോജിക്കില്ലായിരുന്നു” പിന്നെ ശബ്ദം താഴ്ത്തി അവൾ പറഞ്ഞു.

“Now We are in love” അവൾ കണ്ണിറുക്കി

“ഇവിടെ നിർത്തിയാൽ മതി”പ്രിയ പറഞ്ഞു

റെയിൽവേ സ്റ്റേഷൻ

“ട്രെയിൻ കുറച്ചു ലേറ്റ് ആയിരുന്നു അപ്പൊ സമയം പോകാൻ കേറിയതാ.. അത് ഭാഗ്യം ആയി.. കാണാൻ കഴിഞ്ഞു ല്ലോ..”

മീനാക്ഷി അവളെ ചേർത്ത് പിടിച്ചു

“സന്തോഷം ആയി ഇരിക്ക് എപ്പോഴും…” അവൾ തലയാട്ടി പിന്നെ കാറിന്റെ ഡോർ തുറന്നു അഖിലിന്റെ അരികിൽ ഇരുന്നു..

അത് ഒരു നല്ല കാഴ്ച്ച ആയിരുന്നു

ചില കാഴ്ചകൾ അങ്ങനെ ആണ്

ഉള്ളു നിറയ്ക്കുന്നവ….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ… നിങ്ങളുടെ സ്വന്തം രചനകൾ പേജിലേക്ക് അയച്ചു തരിക…

രചന: Ammu Santhosh

Categories
Uncategorized

ദാമ്പത്യത്തിലേക്ക് നീളുമ്പോൾ ചിലപ്പോഴൊക്കെ അതിന് മടി കാണിച്ചേക്കാം…

രചന: Jisha Raheesh (സൂര്യകാന്തി)

സൂപ്പർമാർക്കറ്റിലെ റാക്കുകളിൽ നിറഞ്ഞിരിക്കുന്ന സാധനങ്ങൾക്കിടയിൽ പരതുമ്പോഴാണ് ഞാൻ ആ തെല്ലപ്പുറത്ത് നിന്നും ആ പൊട്ടിച്ചിരി കേട്ടത്…

കണ്ണുകളിൽ നിറഞ്ഞു നിന്ന കാഴ്ച.. സുന്ദരിയായ ഒരു സ്ത്രീയും അവർക്കരികിലായി,ഇരു നിറത്തിൽ അല്പം തടിച്ച ഒരു പുരുഷനും..…

എന്റെ കണ്ണുകൾ വിടർന്നു… ജനിച്ചേച്ചി..

കൂടെയുള്ളത്…?

അയാൾ തന്നെ… പ്രസാദേട്ടൻ….

“നീതു , നീ ഇതെന്താ നോക്കി നിൽക്കുന്നെ..?
എടുത്തു കഴിഞ്ഞില്ലേ ഇതുവരെ..?”

നിതിൻ മോളെയും എടുത്തു അരികിൽ വന്നു ചോദിച്ചപ്പോഴാണ് ഞാനും ഞെട്ടലോടെ ആളെ നോക്കിയത്…

“അത്… ഞാൻ…”

നേരത്തെ കണ്ടിടത്തേയ്ക്ക് നോട്ടമയച്ചപ്പോൾ ,അവർ അവിടെ ഉണ്ടായിരുന്നില്ല…

“ഞാൻ എനിക്ക് പരിചയമുള്ള ഒരാളെ കണ്ടു നിതീ…”

തെല്ല് അക്ഷമയോടെ മൂളിക്കൊണ്ട് നിതിൻ കുഞ്ഞിനേയും കൊണ്ടു തിരിഞ്ഞു നടന്നു..

മോള് ബഹളം വെയ്ക്കാൻ തുടങ്ങിയിട്ടുണ്ട്.. ഒരിടത്തും അടങ്ങിയിരിക്കാത്ത സ്വഭാവമാണ്.. ഞാൻ വേഗം ആവശ്യമുള്ള സാധനങ്ങളൊക്കെ ട്രോളിയിലേയ്ക്ക് എടുത്തിട്ടു…

മനസ്സപ്പോഴും നേരത്തെ കണ്ട മുഖങ്ങളിൽ കുടുങ്ങിക്കിടന്നിരുന്നു…

മാളിലെ എക്സ്ക്കലേറ്ററിലേയ്ക്ക് കയറിയപ്പോഴാണ് താഴത്തെ നിലയിലൂടെ പുറത്തേയ്ക്ക് നടക്കുന്നവരെ ഞാൻ കണ്ടത്…

ജനിച്ചേച്ചിയും പ്രസാദേട്ടനും… ജനിച്ചേച്ചി പറയുന്നതൊക്കെ ചിരിയോടെ കേൾക്കുന്ന പ്രസാദേട്ടൻ..

പ്രസാദേട്ടനെ ചേർന്നു നടക്കുന്ന ജനിച്ചേച്ചിയുടെ മുഖത്ത് ഞാനൊരിക്കലും കണ്ടിട്ടില്ലാത്തൊരു തിളക്കമുണ്ടായിരുന്നു…
പ്രണയത്തിന്റെ തിളക്കം….

എന്റെ മനസ്സിലപ്പോൾ തോന്നിയത് എന്തൊക്കെയായിരുന്നുവെന്നെനിക്കറിയില്ലെങ്കിലും,ഉള്ളിലെവിടെയോ അവരുടെ ഓർമ്മയെ പൊതിഞ്ഞിരുന്ന ഭീതിയുടെ നേർത്ത ആവരണം ഒന്നിളകിയിരുന്നു…

നിതിനുമായുള്ള ഇന്റർകാസ്റ്റ് മാര്യേജിന്റെ കോലാഹലങ്ങൾ തീർന്നപ്പോഴാണ് ഞാൻ ആ ഓഫീസിൽ എത്തിയത്.. ആർക്കിടെക്റ്റ് മനോജ്‌ മാധവൻ സാറിന്റെ ജൂനിയറായി അവിടെ എത്തിയപ്പോഴാണ് ആദ്യമായി അവരെ കാണുന്നത്.. സാറിന്റെ പി എ…

ആ ഓഫീസിന്റെ ജീവശ്വാസമെന്ന് തന്നെ പറയാം.. വളരെക്കാലമായി സാറിന്റെ കൂടെയുള്ള ആളെന്നതിലുപരി സൗമ്യമായ പെരുമാറ്റവും ആ മുഖത്ത് എപ്പോഴും ഉണ്ടായിരുന്ന പുഞ്ചിരിയുമാവാം മറ്റെല്ലാവരെയും എന്നത് പോലെ എന്നെയും അവരിലേക്ക് അടുപ്പിച്ചത്…

ജനിച്ചേച്ചി.. ജനിത പ്രസാദ്…

ആ മുഖത്തെ ഭംഗിയുള്ള ചിരിയോടൊപ്പം, ചുവന്ന വട്ടപ്പൊട്ടും വെള്ളക്കൽ മൂക്കുത്തിയുമാണ് അവരെ കൂടുതൽ സുന്ദരി ആക്കുന്നതെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്..

സാർ ഏൽപ്പിച്ച,പുതിയ പ്രൊജക്ടിൽ ജനിചേച്ചിയുടെ സഹായം കൂടി ആവശ്യമായതോടെയാണ് ഞാൻ അവരുമായി കൂടുതൽ അടുത്തത്…

നിതിനുമായുള്ള വർഷങ്ങളുടെ പ്രണയവും ഒടുവിൽ ഇരുവീട്ടുകാരെയും എതിർത്തുള്ള രജിസ്റ്റർ മാര്യേജും ഞാൻ ചേച്ചിയോട് പറഞ്ഞിരുന്നു..

നിതിനുമായുള്ള കൊച്ചു കൊച്ചു പിണക്കങ്ങളും കുഞ്ഞു പരിഭവങ്ങളും ചേച്ചി കൗതുകത്തോടെ കേട്ടിരുന്നു.. ഇടക്ക് ചെറിയ ഉപദേശങ്ങളും തരാൻ ആള് മറന്നിരുന്നില്ല…

ഒരുപാട് സൗഹൃദങ്ങൾ ഉണ്ടായിരുന്നു ജനിച്ചേച്ചിയ്ക്ക്.. കുഞ്ഞുങ്ങളുടെയും,സഹോദരങ്ങളുടെയും, സുഹൃത്തുക്കളുടെയും വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുണ്ടായിരുന്നെങ്കിലും,ഒരിക്കൽപോലും ജനിചേച്ചിയുടെ പേരിന്റെ അറ്റത്ത് ഉണ്ടായിരുന്ന പ്രസാദേട്ടനെ പറ്റി ഒരു വാക്കുപോലും പറഞ്ഞു കേട്ടില്ല…

ഒരിക്കൽ മോന്റെ സ്കൂളിൽ പോവാനായി, കാറിൽ ജനിച്ചേച്ചിയെ പിക് ചെയ്യാനായി വന്ന ആളെ,ഞാൻ കണ്ടിട്ടുള്ളതുകൊണ്ട് അങ്ങിനെ ഒരാൾ ഉണ്ടെന്നു എനിക്ക് അറിയാമായിരുന്നു..

ഒരിക്കലും വിളിക്കില്ല എന്ന് കരുതിയിട്ടും, ഒരു ദിനം മമ്മിയുടെ ഫോൺ വന്നപ്പോൾ ഞാൻ കരഞ്ഞു പോയത് സന്തോഷം കൊണ്ടായിരുന്നു.. അന്ന് ആ സന്തോഷം പങ്കു വെച്ചപ്പോഴാണ് അവരുടേതും ഒരു പ്രണയവിവാഹം ആയിരുന്നുവെന്ന് ജനി ചേച്ചി വെളിപ്പെടുത്തിയത്…

വീട്ടുകാർക്ക് എതിർപ്പായിരുന്നു എങ്കിലും ജനിച്ചേച്ചിയുടെ നിർബന്ധം കൊണ്ട് നടന്ന കല്യാണം.

” അന്ന് പ്രസാദേട്ടൻ മാത്രമേ കണ്ണിൽ ഉണ്ടായിരുന്നുള്ളു നീതു….പ്രണയം മാത്രം മനസ്സിലും… ”

ജനിച്ചേച്ചിയുടെ ശബ്ദത്തിലെ കുറ്റബോധത്തിന്റെ അലയൊലികൾ,ഒരുപക്ഷെ എനിക്ക് തോന്നിയതുമാവാം….

കൂടുതലൊന്നും അവർ പറഞ്ഞില്ല.. മറ്റുള്ളവരുടെ ജീവിതത്തിൽ ചിക്കിച്ചികയാനുള്ള മടി ഉണ്ടായിരുന്നുവെങ്കിലും ഒരു ജിജ്ഞാസ എന്റെയുള്ളിൽ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.. പക്ഷേ ഞാൻ ഒന്നും ചോദിച്ചില്ല..

പിന്നീടൊരിക്കൽ പറഞ്ഞു.. ജനിച്ചേച്ചിയും കുഞ്ഞുങ്ങളും സ്വന്തം വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നതെന്ന്.. അച്ഛൻ മരിച്ചിട്ട് കുറച്ചായി.. അമ്മയും ഒരു ചേട്ടനും ചേച്ചിയും…ചേട്ടനും ചേച്ചിയും ജോലിയും കുടുംബവുമൊക്കെയായി വേറെ ഏതോ നാടുകളിലാണ്.. ജോലിക്കാരി ഉണ്ടെങ്കിലും ചേച്ചിയുടെ അമ്മയ്ക്ക് ഒറ്റയ്ക്ക് കഴിയാൻ ഭയമാണ്.. അതുകൊണ്ട് ചേച്ചിയും കുഞ്ഞുങ്ങളും അമ്മയോടൊപ്പമാണ്…

” അപ്പോൾ ചേച്ചിയുടെ ഹസ്ബൻഡ്..? ”

ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല…

“അവിടെ പ്രസാദേട്ടന്റെ അമ്മയും തനിച്ചാണ് നീതു.. അനിയത്തിയും ഭർത്താവും ഓസ്ട്രേലിയയിലാണ്..”

രണ്ടുപേരും അവരവരുടെ വീടുകളിലാണ്.. തെല്ലതിശയം തോന്നാതിരുന്നില്ല…

ആർക്കുവേണ്ടിയും നിതിനെ പിരിയുന്നത്,എനിക്ക് അപ്പോൾ ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല…

എപ്പോഴോ ഒരിക്കൽ,കുട്ടികളുടെ സ്കൂൾ ഫീസ് അടക്കുന്നതിനെപ്പറ്റി എന്തോ പറഞ്ഞപ്പോൾ അറിഞ്ഞു.. മൂത്ത മകന്റെ വിദ്യാഭ്യാസവും ചെലവുകളും ഒക്കെ നോക്കുന്നത് പ്രസാദേട്ടൻ ആണത്രെ… മകളുടെ കാര്യങ്ങളൊക്കെ ജനിച്ചേച്ചിയും…

അവരുടെ വാക്കുകളിൽ എന്തൊക്കെയോ പൊരുത്തക്കേടുകൾ ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു.. ഇത്രയൊക്കെ പരസ്പരം പ്രണയിച്ച് വിവാഹം കഴിച്ചിട്ടും രണ്ടുപേരും രണ്ടു ധ്രുവങ്ങളിൽ ആണെന്ന് എനിക്ക് തോന്നിയിരുന്നു..

എന്തോ തുറന്നു ചോദിക്കാനും വയ്യായിരുന്നു.. ചില സൂചനകൾ ഒക്കെ തരാറുണ്ട് എന്നല്ലാതെ ആൾ അങ്ങനെ എല്ലാം വിട്ടു പറയുന്ന കൂട്ടത്തിൽ ആയിരുന്നില്ല..

ഒരിക്കൽ നിതിനുമായുള്ള പിണക്കം,സാധാരണ പിണക്കങ്ങളിൽ നിന്നും ഒരു രാത്രിയും കടന്നു പകലിലേക്ക് നീണ്ടപ്പോഴാണ് ജനിചേച്ചി ആദ്യമായി എന്നെ വഴക്കു പറഞ്ഞത്….

“നീതു,നിങ്ങളിപ്പോൾ പഴയ കാമുകീകാമുകന്മാരല്ല… പ്രണയത്തിൽ ആവുമ്പോൾ വിട്ടുവീഴ്ചകൾ ചെയ്യാൻ തയ്യാറാവുന്ന മനസ്സ്,ദാമ്പത്യത്തിലേക്ക് നീളുമ്പോൾ ചിലപ്പോഴൊക്കെ അതിന് മടി കാണിച്ചേക്കാം.. ഈഗോ ആയിരിക്കാം ചിലപ്പോൾ ..പക്ഷെ അതൊരിക്കലും നീണ്ടു പോവാൻ ഇട കൊടുക്കരുത്… അത്രമേൽ പ്രണയിച്ചവർ,ചിലപ്പോഴൊക്കെ അപരിചിതരെപോലെ പെരുമാറുമ്പോൾ, അത് താങ്ങാൻ വലിയ പാടാണെടോ…”

അവരുടെ വാക്കുകൾ ഉള്ളിലെവിടെയോ തറച്ചു കയറിയിരുന്നു…

താനും നിതിനും അപരിചിതരായി മാറുന്നത്
ആലോചിക്കുമ്പോൾ, ഒക്കെ പ്രാണൻ പറിഞ്ഞു പോകുന്നതുപോലെ തോന്നുമായിരുന്നു…

ദാമ്പത്യത്തിലെ മാധുര്യത്തിൽ,കടമകളും ചുമതലകളും പ്രാരാബ്ധങ്ങളും ഒക്കെ വന്നു ചേരുമ്പോൾ, ഞങ്ങളും അങ്ങനെ മാറി പോകുമോ എന്ന പേടി എന്റെ ഉള്ളിൽ എന്നും ഉണ്ടായിരുന്നു..

” നിങ്ങൾക്ക് പരസ്പരം ഒന്ന് തുറന്നു സംസാരിച്ചു കൂടെ..? ”

ഒരിക്കൽ മുഖവുരയൊന്നും ഇല്ലാതെയുള്ള എന്റെ ചോദ്യത്തിന്,ജനിച്ചേച്ചി ആദ്യം എന്നെ ഒന്ന് പകച്ചു നോക്കി.. പിന്നെ ഒരു വരണ്ട ചിരിയോടെ പറഞ്ഞു…

” പരസ്പരം സംസാരിക്കാൻ പോലും തോന്നാതെ, അകന്നു പോയ മനസ്സുകൾ, ഈഗോയൊക്കെ മാറ്റി വെച്ച്,മിണ്ടാൻ പോലും മടിക്കും നീതൂ..കുറച്ചു കഴിയുമ്പോൾ നമ്മൾ പോലും അറിയാതെ വെറുപ്പ് മനസ്സിനെ കീഴടക്കും.. ‘ഇത്രയൊക്കെ നിനക്ക് വേണ്ടി ഞാൻ ചെയ്തിട്ടും ‘എന്ന ചിന്ത മനസ്സിനെ മടുപ്പിക്കും .. ”

നിതിൻ ട്രാൻസ്ഫറായി പൂനെയ്ക്ക് ഞങ്ങൾ തിരിച്ചു പോകുന്നത് വരെ തുടർന്ന സൗഹൃദം, ആദ്യമൊക്കെ ഫോൺകോളുകളായി കൂടെ ഉണ്ടായിരുന്നുവെങ്കിലും,ജീവിതവഴികളിൽ എവിടെയോ ഞങ്ങൾ വേർപ്പെട്ട് പോയിരുന്നു..

വല്ലപ്പോഴും നിതിനുമായി ഉണ്ടാവുന്ന കുഞ്ഞ് വഴക്കുകൾ,നീണ്ടു പോകുമ്പോഴൊക്കെ ഞാനോർത്തത്,ജനിച്ചേച്ചിയുടെ മുഖമായിരുന്നു…ഭയമായിരുന്നു ഉള്ളിൽ…

വീണ്ടും തിരിച്ചു വന്നിട്ട് കൊല്ലം ഒന്ന് ആയെങ്കിലും ആളെ വീണ്ടും കണ്ടത് ഇന്നായിരുന്നു…

അവരെ അങ്ങനെ ഒരുമിച്ച് കണ്ടപ്പോൾ എന്തോ ഒരു സന്തോഷം ഉള്ളിൽ നിറഞ്ഞിരുന്നു…

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു..

അന്ന് മോളെ മമ്മിയുടെ അടുത്ത് ആക്കിയാണ് ഞാൻ പുറത്തേക്കിറങ്ങിയത്.. കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്.. എടിഎമ്മിൽ ഒന്ന് കയറണം..

എടിഎം കൗണ്ടറിൽ നിന്ന്, കാശുമായി ഇറങ്ങി, പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് പിറകിൽ നിന്നും ആ വിളി വന്നത്…

“നീതൂ…?”

പരിചിതമായ ആ ശബ്ദം… ജനിചേച്ചി…

ആ കോഫീ ഷോപ്പിൽ ഇരുന്ന് വിശേഷങ്ങൾ കൈമാറുന്നതിനിടെ ഞാൻ പറഞ്ഞു..

“ജനിച്ചേച്ചി ഒന്നൂടെ ചെറുപ്പം ആയതു പോലെ തോന്നുന്നു.. എന്താണ്…ഇതിന്റെ രഹസ്യം..?”

ആ ഭംഗിയുള്ള അതേ ചിരി.. ചുവന്ന വട്ടപൊട്ട്.. വെള്ളക്കൽ മൂക്കുത്തി…

” ഞാൻ എന്റെ പ്രണയം തിരിച്ചു പിടിച്ചു… ”

അവരുടെ കണ്ണുകൾ തിളങ്ങി…എന്റെ മുഖത്തെ പകപ്പ് കണ്ടാവണം ചേച്ചി വീണ്ടും ചിരിച്ചു…

” ആദ്യമൊക്കെ ഞങ്ങളും നിങ്ങളെപ്പോലെ തന്നെ ആയിരുന്നെടോ.. ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ വയ്യാതെ .. പിന്നീടെപ്പോഴോ കാര്യങ്ങൾ മാറി മറിഞ്ഞു…. വഴക്കുകളുടെ ദൈർഘ്യം കൂടി വന്നു..’പറയാതെ തന്നെ എന്നെ മനസ്സിലാക്കിയാലെന്താ’ എന്ന ചിന്ത വന്നു.. ‘ഇത്രയും കാലമായിട്ടും എന്നെ മനസ്സിലാക്കിയില്ലേ ‘എന്നോർത്തു.. സിനിമകളിലും കഥകളിലും ഒക്കെ അങ്ങനെയല്ലേ.. വാക്കുകളുടെ പോലും ആവശ്യമില്ലാതെ പരസ്പരം മനസ്സിലാക്കുന്നവർ… ”

ചേച്ചിയുടെ ചിരിയിൽ നേർത്തൊരു പരിഹാസം ഒളിഞ്ഞിരുന്നുവോ….?

“പഴയതുപോലെ എന്നെ സ്നേഹിക്കുന്നില്ല എന്നുള്ള സംശയം കൂടിവന്നപ്പോൾ വഴക്കുകൾ കൂടി, പിന്നെപ്പിന്നെ സംസാരം കുറഞ്ഞു.. പതിയെ കുട്ടികളുടെ കാര്യങ്ങൾ അല്ലാതെ, സംസാരിക്കാനുള്ള വിഷയങ്ങൾ ഞങ്ങൾക്കിടയിൽ ഇല്ലാതായി..തോറ്റു പോയിട്ടില്ല, നീയില്ലെങ്കിലും ഞാൻ ജീവിക്കും എന്ന് വാശിയായി..”

ഞാൻ ഒന്നും പറയാതെ കേട്ടിരുന്നു..

“അങ്ങനെ അങ്ങനെ മനസ്സുകൾ അകന്നുപോയി…. ഉള്ളിൽ സ്നേഹം ഒക്കെ ഉണ്ടായിരുന്നിരിക്കാം…”

പിന്നെ എങ്ങിനെ…?

ചോദിച്ചില്ലെങ്കിലും,എന്റെ കണ്ണുകളിൽ ആ ചോദ്യം കണ്ടായിരിക്കാം, ചേച്ചി ആ ദിവസങ്ങൾ വാക്കുകളാൽ വരച്ചിട്ടത്..

അന്ന് ജനിത ഓഫീസിലേയ്ക്ക് ഇറങ്ങുമ്പോൾ, അമ്മയ്ക്ക് ചെറിയൊരു പനിയുണ്ടായിരുന്നു.. ലീവെടുക്കാൻ പറ്റാത്ത അവസ്ഥ ആയതുകൊണ്ട്,വൈകുന്നേരം വന്നു അമ്മയെ ഡോക്ടറെ കാണിച്ചു.. പനി കൂടിയിരുന്നെങ്കിലും, മരുന്നൊക്കെ കഴിച്ചു രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും അസുഖം ഭേദമായിരുന്നു..

അന്ന് വൈകുന്നേരം,ജനിത ഓഫീസിൽ നിന്ന് വന്നപ്പോൾ മുറ്റത്ത് രണ്ട് കാറുകൾ കിടപ്പുണ്ടായിരുന്നു..

ചേച്ചിയും ചേട്ടനും..

വരുന്നത് ഒന്നും പറഞ്ഞില്ലല്ലോ എന്നോർത്ത് കൊണ്ട് അകത്തേക്ക് കയറുമ്പോഴാണ്,ഇരുണ്ട മുഖങ്ങൾ കണ്ടത്..

” ജനീ,നീ ഇവിടെ ഉണ്ടല്ലോയെന്നുള്ള സമാധാനത്തിലാണ്,ഞങ്ങൾ അമ്മയെ തനിച്ചാക്കി അന്യനാട്ടിൽ പോയി കിടക്കുന്നത്.. ”

ചേട്ടൻ ആയിരുന്നു തുടങ്ങിയത്..

” നിനക്ക് നോക്കാൻ വയ്യെങ്കിൽ അത് പറഞ്ഞു കൂടായിരുന്നോ… ഞാൻ കൂടെ കൂട്ടില്ലായിരുന്നോ..?”

ചേച്ചി അത് ഏറ്റുപിടിച്ചു..

“ഞങ്ങൾ ജോലിക്കും, കുട്ടികൾ സ്കൂളിലും പോയി കഴിഞ്ഞാൽ അമ്മ അവിടെ ഫ്ലാറ്റിൽ ഒറ്റക്കിരുന്ന് മടുക്കും.. ”

പണ്ടെങ്ങോ ചേച്ചി പറഞ്ഞത് ഓർത്തു..

ചേച്ചിയോടൊപ്പം,കുറേക്കാലമായി ഉണ്ടായിരുന്ന ജോലിക്കാരി പിരിഞ്ഞു പോയതും പറ്റിയ ഒരാളെ കിട്ടാനില്ലെന്ന ചേച്ചിയുടെ പരാതിയും അപ്പോഴാണ് മനസ്സിൽ തെളിഞ്ഞത്..

പക്ഷേ എല്ലാത്തിലും ഏറെ നോവിച്ചത് അമ്മയുടെ നിശബ്ദതയായിരുന്നു… ഞാൻ അമ്മയെ വേണ്ടവിധം നോക്കിയിട്ടില്ല, എന്നുള്ള അവരുടെ വാക്കുകൾ കേട്ടിട്ടും,ഒരക്ഷരം പോലും അമ്മ മറുത്ത് പറഞ്ഞില്ല…

എന്നും എല്ലാ കാര്യത്തിനും അമ്മയോടൊപ്പം കൂടെയുണ്ടായിരുന്നത് ഞാനായിരുന്നു…

ജീവിതത്തിൽ,ആകെ
അമ്മയുടെ വാക്കുകൾ എതിർത്തത്,പ്രസാദേട്ടന്റെ കാര്യത്തിലായിരുന്നു.. അതിനവസരം കിട്ടുമ്പോഴൊക്കെ,അമ്മ കു-ത്തിനോ-വിക്കാറും ഉണ്ടായിരുന്നു പലപ്പോഴും.. എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് അറിയാവുന്നതുകൊണ്ട് മൗനംപാലിക്കാറേയുള്ളൂ…

വല്ലാതെ മനസ്സ് നൊന്തു.. ഹൃദയത്തിലെ മുറിവിൽ നിന്ന് ചോര ഒഴുകുന്നുണ്ടായിരുന്നു…

ആരോടും ഒന്നും പറയാതെ,മുകളിലേക്കുള്ള ഗോവണിപ്പടികൾ കയറുമ്പോൾ കണ്ണുകൾ പുകഞ്ഞെങ്കിലും കരഞ്ഞില്ല…

ബാൽക്കണിയിലെ തൂണിൽ ചാരി ഇരിക്കുമ്പോൾ,മനസ്സ് ശൂന്യമായിരുന്നു.. ഈ ലോകത്തിൽ തനിച്ചായതുപോലെ..

നല്ലൊരു മകളായിരുന്നില്ല… നല്ലൊരു ഭാര്യയാവാൻ കഴിഞ്ഞില്ല… തിരക്കുകൾക്കിടയിൽ പലപ്പോഴും നല്ലൊരു അമ്മയാവാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടിട്ടുമുണ്ട്…

പൂർണ്ണ പരാജയമായിരുന്നുവെന്ന് തോന്നിയതും ആ നിമിഷം ജീവിതം അവസാനിപ്പിച്ചു കളഞ്ഞാലോയെന്ന് തോന്നിപ്പോയി… കുഞ്ഞുങ്ങളെ പറ്റി പോലും ആലോചിച്ചില്ല…

കണ്ണുകൾ നിറഞ്ഞിരുന്നു… തൊട്ടരികിൽ, ഏറെ നേരമായി ആരോ നോക്കിയിരിക്കുന്നുണ്ടെന്ന തോന്നലിൽ മുഖമുയർത്തിയപ്പോൾ…

പ്രസാദേട്ടൻ.. ആ മുഖത്ത് ഭാവഭേദമൊന്നുമില്ല.. നിറഞ്ഞ കണ്ണുകൾ ഒളിപ്പിക്കാനായി തിരിഞ്ഞപ്പോൾ ചുമലിൽ കൈ വെച്ചിരുന്നു…മറ്റാർക്കു മുൻപിൽ തോറ്റാലും,ആ മുൻപിൽ തോൽക്കാൻ വയ്യായിരുന്നു

“ജനീ…”

ആ നേർത്ത സ്വരം…

പിടച്ചിലോടെ തിരിഞ്ഞപ്പോൾ,ആ മുഖത്ത് തിരഞ്ഞത് പരിഹാസമായിരുന്നുവെങ്കിലും കണ്ടില്ല..

പിന്നെ പിടിച്ചു നിൽക്കാനായില്ല…

“ആ നെഞ്ചിൽ വീണു,കരഞ്ഞു തീർക്കുവോളം ആ കൈകൾ എന്നെ ചേർത്ത് പിടിച്ചിരുന്നു നീതു …”

ജനിച്ചേച്ചിയുടെ കണ്ണുകൾ നിറയാൻ തുടങ്ങുന്നത് ഞാൻ കണ്ടു..

“സോനു.. ഞങ്ങളുടെ മൂത്തയാൾ.. അമ്മയെ എല്ലാവരും കൂടെ വഴക്ക് പറഞ്ഞെന്നും, അമ്മ ഒന്നും പറയാതെ മുകളിലേയ്ക്ക് കയറിപ്പോയെന്നുമൊക്കെ വിളിച്ചു പറഞ്ഞിട്ട് വന്നതായിരുന്നത്രെ…ആൾക്ക് ഞാൻ എങ്ങനെ പ്രതികരിക്കുമെന്ന് ഇച്ചിരി പേടിയും ഉണ്ടായിരുന്നൂന്ന്..”

ജനിചേച്ചി ചിരിച്ചു…

“പ്രസാദേട്ടനും ചിന്തിച്ചത് എന്നെ പോലെയായിരുന്നു നീതു .. ഇവളെന്താ ഇത്രയും കാലമായിട്ടും എന്നെ മനസ്സിലാക്കാത്തത്..ഇനി പഴയ സ്നേഹം കുറഞ്ഞു പോയോ.. അങ്ങനെയങ്ങനെ..ആദ്യം എന്നോട് മിണ്ടട്ടെയെന്ന വാശിയും..”

ഞാൻ ജനിച്ചേച്ചിയുടെ വാക്കുകൾക്കായി കാതോർത്തു..

“മനുഷ്യരാണ്.. പറയാതെ മറ്റൊരാളുടെ മനസ്സിലുള്ളത് അറിയാനുള്ള കഴിവൊന്നും കാണില്ല,എന്നൊന്നും ഞങ്ങൾ ചിന്തിച്ചില്ല..ചിലപ്പോഴൊക്കെ മനസ്സ് തുറന്നു സംസാരിക്കണമെന്നതും ചിന്തയിൽ വന്നില്ല..വേണ്ടതിലധികം ഈഗോയും രണ്ടു പേരുടെയും മനസ്സിൽ ഉണ്ടായിരുന്നു…”

ജനിച്ചേച്ചി പതിയെ കണ്ണുകൾ തുടച്ചു…

“ഇപ്പോഴും ഞങ്ങൾ വഴക്ക് കൂടാറുണ്ട്.. ജോലിയുടെ ടെൻഷനിടെ,പ്രസാദേട്ടൻ ചിലപ്പോഴൊക്കെ ഞങ്ങളുടെ വെഡിങ് ആനിവേഴ്സറിയോടൊപ്പം കുട്ടികളുടെ ബർത്ത്ഡേ പോലും മറന്നു പോവാറുണ്ട്…പ്രസാദേട്ടൻ ആഗ്രഹിക്കുന്നത് പോലെ പെരുമാറാൻ എനിക്കും കഴിയാറില്ല ചിലപ്പോൾ…ഒട്ടും റൊമാന്റിക്ക് അല്ലെന്ന് ഞാൻ ഇപ്പോഴും ഇടയ്ക്കിടെ കുറ്റപ്പെടുത്താറുമുണ്ട്..”

ജനിച്ചേച്ചി പൊട്ടിച്ചിരിച്ചു..

“പക്ഷെ നീതു,ഇപ്പോൾ ഞങ്ങളുടെ പിണക്കങ്ങൾക്ക് ദൈർഘ്യം കുറവാണ്.. മനസ്സിൽ ഉള്ളത് എന്തായാലും തുറന്നു സംസാരിക്കും…പരസ്പരം കുറ്റപ്പെടുത്താതെ….പെർഫെക്ട് ആയിട്ട് ആരും ഇല്ലെന്ന തിരിച്ചറിവുണ്ട്…നമ്മുടെ സങ്കടങ്ങളിൽ ചേർത്ത് പിടിക്കാനും, കൂടെ നിൽക്കാനും കഴിഞ്ഞാൽ അത് മതിയെടോ..”

ജനിച്ചേച്ചിയുടെ മൊബൈൽ ശബ്ദിച്ചു.. സ്‌ക്രീനിൽ തെളിഞ്ഞ പേര് ഞാൻ കണ്ടിരുന്നു…

പ്രസാദേട്ടൻ…

എന്നെയൊന്നു നോക്കി,കോൾ അറ്റൻഡ് ചെയ്ത ജനിച്ചേച്ചിയുടെ കണ്ണുകളിൽ മിന്നി മാഞ്ഞ തിളക്കം ഞാൻ കണ്ടിരുന്നു….

പ്രണയത്തിന്റെ തിളക്കം…

ലൈക്ക് കമന്റ് ചെയ്യണേ…

രചന: Jisha Raheesh (സൂര്യകാന്തി)

Categories
Uncategorized

നിസാരകാര്യങ്ങൾ പോലും അമ്മ ചെയ്യ്തു തന്നാൽ മാത്രമേ എനിക്ക് തൃപ്തി വരികയുള്ളു…

“എന്താ മോളെ ഇന്ന് വിളക്ക് വെച്ചില്ലേ” കയ്യിലെ ബാഗ് ഇളംതിണ്ണയിലേക്ക് വെച്ചു കൊണ്ട് സ്കൂളിൽ നിന്നും വന്ന ഗീത ടീച്ചർ മരുമകളായ അമ്മുവിനോട് ചോദിച്ചു

“ഓ എന്നും വിളക്ക് വെയ്ക്കണമെന്ന് നിർബന്ധം ഒന്നുമില്ലല്ലോ….” അമ്മു ചോദിച്ചു

“എന്നും സന്ധ്യ ആയാൽ നാലുപുറവും അടിച്ചു തെളിച്ചു ഉമ്മറത്ത് വിളക്ക് വെയ്ക്കണം മോളെ….എന്നാലേ കുടുംബത്തൊരു ഐശ്വര്യം ഉണ്ടാവൂ” ഗീത സാരി തലപ്പ് കൊണ്ട് മുഖത്തു പൊടിഞ്ഞ വിയർപ്പ് തുള്ളികൾ തുടച്ചു കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു

“പിന്നെ എനിക്കതല്ലേ പണി… മോള് ഒരുത്തി ഉണ്ടല്ലോ അവളോട് പറഞ്ഞുകൂടെ” അമ്മു പിറുപിറുത്തു കൊണ്ട് അകത്തേക്ക് നടന്നു

ഗീത അത് കേട്ടുവെങ്കിലും മറുപടി ഒന്നും പറയാതെ ബാഗുമെടുത്ത് അകത്തേക്ക് നടന്നു

******
രാത്രി…..
അത്താഴത്തിനു പപ്പടം കാച്ചുകയാണ് ഗീതടീച്ചറുടെ മകൾ രേവതി..അമ്മു അടുത്ത് തന്നെ നിന്നു പാത്രത്തിൽ ചോറ് പകരുന്നുണ്ട്…..

മോളെ രേവു അമ്മ രാവിലെ പോവുന്നതിനു മുൻപ് ഇച്ചിരി കാളൻ ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട്…. അതൊന്ന് എടുത്തു പുറത്തു വെയ്ക്ക് തണുപ്പ് പോവട്ടെ…. വിഷ്ണുന് കാളൻന്ന് വെച്ചാൽ ജീവനാണ്….എത്ര കൊടുത്താലും കഴിച്ചോളും ഗീത ടീച്ചർ പറഞ്ഞു

“വേണ്ട അതൊന്നും എടുക്കണ്ട….ഞാൻ ഉച്ചക്ക് എരിശേരി ഉണ്ടാക്കിയിട്ടുണ്ട്…. വിച്ചേട്ടന് അത് കൊടുത്താൽ മതി” അമ്മു ഇടയിൽ കേറി പറഞ്ഞു

“അതിന് വിഷ്ണു എരിശേരി കഴിക്കില്ലല്ലോ മോളെ…. അവന് കാളൻ ആണ് പ്രിയം….”കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസമായിട്ടും വിഷ്ണുന്റെ ഇഷ്ട്ടങ്ങൾ ഒന്നും മനസിലായില്ലേ കുട്ടിക്ക്” ഗീത ടീച്ചർ അമ്മുവിനോട് ചോദിച്ചു

ആ പറഞ്ഞത് ഇഷ്ടപ്പെടാതെ നീരസത്തോടെ മറുപടി ഒന്നും പറയാതെ അമ്മു ഊണ് മുറിയിലേക്ക് പോയി

“മോളെ രേവു എരിശേരി എടുത്തോ വിഷ്ണു കഴിച്ചില്ലേലും നമുക്ക് കഴിക്കാലോ”

“മ്മ്.. ശരിയമ്മേ”

“എന്നാ മോള് എടുത്തു വെയ്ക്ക് ഞാൻ ചെന്ന് വിഷ്ണുനെ കഴിക്കാൻ വിളിക്കട്ടെ”

അവർ വിഷ്ണുവിന്റെ മുറിയിലേക്ക് നടന്നു

മുറിയിൽ ആരോടോ ശ്രദ്ധയോടെ ഫോണിൽ സംസാരിക്കുകയായിരുന്നു വിഷ്ണു

“മോനെ…..” ഗീത വാത്സല്ല്യത്തോടെ അവന്റെ അടുത്ത് ചെന്നു അവന്റെ മുടിയിൽ തലോടി

വിഷ്ണു ഒരുനിമിഷം അറിയാതെയൊന്ന് കണ്ണടച്ചു….ഈ അമ്മയുടെ കൈയ്ക്ക് എന്തോ മാജിക്‌ അറിയാമെന്നു തോന്നുന്നു….തലയിൽ കൈ തൊട്ടാൽ ഉടനെ കണ്ണ് അടഞ്ഞു പോവും

ആരോടാ നീ ഇത്ര കാര്യമായിട്ട് സംസാരിക്കുന്നെ ഗീത ടീച്ചർ ചോദിച്ചു

അതോ… ഒരു സ്പെഷ്യൽ കേസ് ഉണ്ട് അമ്മേ…..ഇരട്ടകുട്ടികളാണ് ഗർഭത്തിൽ…നാളെയാണ് ആ കുട്ടിക്ക് ഡേറ്റ്…ഞാൻ അതിനെ കുറിച്ച് മുതിർന്ന ഒരു ഡോക്ടറുമായി സംസാരിക്കുകയായിരുന്നു

പേര് കേട്ട പ്രൈവറ്റ് ഹോസ്പിറ്റലിലെ തിരക്കുള്ള ഒരു ഗൈനകോളജിസ്റ്റ് ആണ് വിഷ്ണു വാസുദേവൻ

ആ കുട്ടിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ മോനെ…..ഉള്ളിലെ കുട്ടികൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ ഗീത വല്ലായ്മയോടെ മകനോട് ചോദിച്ചു

അങ്ങനെ ഒന്നുമില്ല അമ്മേ….അമ്മ തത്കാലം അതങ്ങു വിട് എനിക്ക് വല്ലാതെ വിശക്കുന്നു….. വാ വന്നു ചോറ് വിളമ്പി താ… എനിക്ക് അതിരാവിലെ അങ്ങ് ചെല്ലണം വിഷ്ണു പെട്ടന്ന് വിഷയം മാറ്റി

അവർ ഊണ് മുറിയിൽ ചെല്ലുമ്പോഴേക്കും അമ്മുവും രേവതിയും കൂടി മേശപ്പുറത്ത് വിഭവങ്ങൾ ഒക്കെ എടുത്തു വെച്ചിരുന്നു…. ഗീത എല്ലാവർക്കും ചോറ് വിളമ്പി

പപ്പടം കാച്ചിയതും പപ്പായതോരനും വിളമ്പിയ ശേഷം അവർ കാളൻ എല്ലാവർക്കും വിളമ്പി

ഹോ… എന്റമ്മേ ഞാനിന്ന് ഹോസ്പിറ്റൽ കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചപ്പോ ഓർത്തെയുള്ളൂ ഇച്ചിരി കാളൻ കൂട്ടി ചോറ് കഴിക്കുന്ന കാര്യം വിഷ്ണു സന്തോഷത്തോടെ പറഞ്ഞു

ദേ കേട്ടോ അമ്മു….കാര്യം അമ്മ നല്ലൊരു കുക്ക് ഒക്കെയാണെങ്കിലും അമ്മയുണ്ടാക്കുന്ന കാളൻ… അതിനൊരു വല്ലാത്ത രുചിയാ…. വിഷ്ണു കാളൻ കൂട്ടി ഒരുരുള ചോറെടുത്തു വായിലേക്ക് വെച്ചു കൊണ്ട് ഭാര്യയോട് പറഞ്ഞു

“ദേ നോക്ക് വിച്ചേട്ടാ ഞാൻ ഏട്ടന് വേണ്ടി സ്പെഷ്യൽ ആയി എരിശേരി ഉണ്ടാക്കിയിട്ടുണ്ട്…. കഴിച്ചു നോക്ക്” അമ്മു വലിയ കാര്യത്തിൽ ഒരു തവി കൊണ്ട് കുറച്ചു കറിയെടുത്തു വിഷ്ണുവിന്റെ പാത്രത്തിൽ വിളമ്പി

“ശോ എന്റെ അമ്മു… ഞാൻ എരിശേരി കഴിക്കില്ലല്ലോ….” വിഷ്ണു പറഞ്ഞു

അമ്മുവിന്റെ മുഖം വാടി

“അവൻ കഴിക്കില്ലെങ്കിൽ വേണ്ട ഇങ്ങ് താ മോളെ ഞങ്ങൾ കഴിച്ചോളാം…” ഗീത അമ്മുവിനോട് പറഞ്ഞു

“വേണ്ട… ആരും കഴിക്കണ്ട” അമ്മു ദേഷ്യത്തോടെ പാത്രവുമായി അടുക്കളയിലേക്ക് പോയി

“നിനക്ക് ഇത്തിരി രുചിചെങ്കിലും നോക്കികൂടായിരുന്നോ മോനെ…” ഗീത വിഷണ്ണയായി വിഷ്ണുവിനോട് ചോദിച്ചു

“ഇഷ്ടമില്ലാത്ത ഭക്ഷണം എങ്ങനെയാ അമ്മേ കഴിക്കുന്നേ….” വിഷ്ണു ചോദിച്ചു

“എന്നാലും ആ കൊച്ചിന് സങ്കടം ആയിക്കാണും” ഗീത പറഞ്ഞു

അവളുടെ വിഷമം ഒന്നും അധികം നേരം നിക്കില്ല അമ്മ അത് കാര്യമാക്കണ്ട..

ഗീത വിഷമത്തോടെ അടുക്കളയിൽ ചെന്ന് നോക്കുമ്പോഴേക്കും അമ്മു കൈ കഴുകി മുറിയിലേക്ക് പോയി കഴിഞ്ഞിരുന്നു

വിഷ്ണു ഭക്ഷണം കഴിച്ചു കൈ കഴുകി മുറിയിൽ ചെല്ലുമ്പോൾ അമ്മു കിടക്കയിൽ വിങ്ങി പൊട്ടി കിടക്കുകയായിരുന്നു….
അമ്മു…… വിഷ്ണു സ്നേഹത്തോടെ അവളുടെ മുടിയിൽ വിരലോടിച്ചു

പോ എന്നോട് മിണ്ടണ്ട…. അമ്മു വിഷ്ണുവിന്റെ കൈ തട്ടിമാറ്റി

പിണക്കാണോ അമ്മുക്കുട്ടി…. വിഷ്ണു ചിരിയോടെ ചോദിച്ചു

“അതേ…..പിണക്കം തന്നെയാ….” അമ്മു എണീച്ചിരുന്നു

എന്തിനാ പിണക്കം വിഷ്ണു അവളുടെ കൈയെടുത്തു ഉമ്മ വെച്ചു

വിച്ചേട്ടന് അറിയോ…ഞാൻ യൂ ട്യൂബ് ഒക്കെ നോക്കി കഷ്ട്ടപെട്ടാ ഏട്ടന് വേണ്ടി അത് ഉണ്ടാക്കിയത്…എന്നിട്ട് അത് കഴിക്കാതെ അമ്മയുണ്ടാക്കിയ കറിയും കൂട്ടിയല്ലേ ചോറുണ്ടത്

അത് എനിക്ക് എരിശേരി ഇഷ്ടം അല്ലാഞ്ഞിട്ടല്ലേ മോളെ…..അല്ലെങ്കി എന്റെ കുട്ടി ഉണ്ടാക്കിയത് ഞാൻ കഴിക്കാതെ ഇരിക്കോ

മ്മ് അതൊന്നുമല്ല
…വിച്ചേട്ടന് എന്നേക്കാൾ ഇഷ്ടം അമ്മയെയാ…എപ്പോ നോക്കിയാലും എന്തിനും ഏതിനും അമ്മ മതി…ചായ വേണമെങ്കിൽ അമ്മ വേണം ചോറ് വേണമെങ്കി അമ്മ വേണം ഷർട്ട് അമ്മ അലക്കി ഇസ്തിരി ഇട്ടു തന്നാലേ ധരിക്കൂ….അങ്ങനെ എല്ലാത്തിനും അമ്മ മതി… അപ്പൊ ഞാനാരാ വിച്ചേട്ടാ…. ഞാനൊരു ഭാര്യയല്ലേ….ഇതൊക്കെ എന്റെ കടമയല്ലേ അമ്മു മുഖം വീർപ്പിച്ചു

അത് നല്ലതല്ലേ അമ്മു….എന്റെ മോൾക്ക് അധികം പണിയൊന്നും എടുക്കണ്ടല്ലോ വിഷ്ണു പറഞ്ഞു

“എനിക്ക് പണി എടുക്കാൻ മടിയൊന്നുമില്ല വിച്ചേട്ടാ…..ഭാര്യയായ ഞാൻ ഉള്ളപ്പോ അമ്മ എന്തിനാ വിച്ചേട്ടന്റെ കാര്യത്തിൽ ഇത്രയും കേറി ഇടപെടുന്നത് അതെനിക്ക് തീരെ ഇഷ്ട്ടാവുന്നില്ല…”

“അത് സ്നേഹം ഉള്ളത് കൊണ്ടല്ലേ അമ്മു…. ഇത്രയും നാള് അതൊക്കെ അമ്മ തന്നെയല്ലേ ചെയ്തു തന്നിരുന്നത് അതുകൊണ്ടാവും”

“എനിക്കൊന്നും കേൾക്കണ്ട….നമുക്ക് മാറി താമസിക്കാം ഏട്ടാ…..ഞാനും ഏട്ടനും നമ്മുടെ മക്കളും മാത്രം…നമുക്ക് വിച്ചേട്ടന്റെ ഹോസ്പിറ്റലിന്റെ അടുത്തൊരു വീട് നോക്കാം പ്ലീസ്…..”

“ഇല്ല അമ്മു അതൊന്നും നടക്കില്ല…..അമ്മയെയും രേവതിയെയും തനിച്ചാക്കി വേറെ താമസിക്കാൻ ഞാൻ സമ്മതിക്കില്ല” വിഷ്ണു പറഞ്ഞു

ഓഹോ അപ്പൊ എന്റെ വാക്കിന് ഒരു വിലയുമില്ല അല്ലേ…. അമ്മു ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു

വിഷ്ണു അവളെ വിളിക്കാനും നിന്നില്ല…ലൈറ്റ് അണച്ചു കൊണ്ട് അവനും കിടന്നു

രാത്രിയിൽ എപ്പോഴോ അമ്മുവിന്റെ പിറുപിറുക്കലുകളും വിങ്ങി പൊട്ടലുമൊക്കെ കേട്ടെങ്കിലും അവൻ മിണ്ടാതെ കിടന്നു

******
അതിരാവിലെ തന്നെ വിഷ്ണു എണീച്ചു…ഗീത അടുക്കളയിൽ തിരക്കിട്ടു പ്രാതൽ ഉണ്ടാക്കുകയായിരുന്നു….

കുറച്ചു നേരം കൂടി കഴിഞ്ഞതോടെ രേവതിയും അമ്മുവും എണീച്ചു അടുക്കളയിലേക്ക് വന്നു…

രേവതി മുറ്റം തൂക്കാനായി ഇറങ്ങി…..വിഷ്ണു കുളിച്ചു വന്നപ്പോൾ ഗീത ഒരു കപ്പിൽ ചായയുമായി ഹാളിലേക്ക് നടക്കാൻ ഒരുങ്ങി

ചായ ഞാൻ കൊടുക്കാം അമ്മു പറഞ്ഞു

വേണ്ട മോള് ആ അടുപ്പത്തിരിക്കുന്ന ദോശ ഒന്ന് നോക്ക്…. ചായ ഞാൻ കൊടുക്കാം ഗീത ചിരിയോടെ പറഞ്ഞു

അതെന്താ ഞാൻ കൊടുത്താല്….അമ്മുവിന്റെ മുഖം മാറി

അതല്ല മോളെ…അവന് രാവിലെ ഞാൻ തന്നെ ചായ കൊടുക്കണമെന്ന് നിർബന്ധമാണ്…രേവതിപോലും ചായ കൊണ്ട് കൊടുക്കുന്നത് അവന് ഇഷ്ട്ടല്ല….മോൾക്കത് അറിയാവുന്നതല്ലേ

ഓഹോ… എന്നാൽ ഇനി ഞാൻ കൊടുത്തിട്ട് ചായ കുടിക്കുമോ എന്ന് നോക്കട്ടെ അമ്മു വാശിയോടെ ഗീതയുടെ കയ്യിൽ നിന്നും ചായകപ്പ് പിടിച്ചു വാങ്ങി

“ദാ വിച്ചേട്ടാ ചായ അമ്മു കപ്പ് വിഷ്ണുവിന് കൊടുത്തു”

അമ്മ എന്ത്യേ അമ്മു…. അമ്മയല്ലേ എനിക്ക് ഡെയിലി രാവിലെ ചായ തരുന്നത്

അതെന്താ ഞാൻ തരുന്ന ചായ കുടിച്ചാൽ താഴേക്ക് ഇറങ്ങില്ലേ അമ്മു പുച്ഛത്തോടെ ചോദിച്ചു

അമ്മു കുറച്ചു മര്യാദക്ക് സംസാരിക്ക്… വിഷ്ണു ദേഷ്യത്തിൽ അവളോട് പറഞ്ഞു

“ഇല്ലെങ്കിലോ…. എനിക്ക് ഇന്നറിയണം ഞാനാണോ അമ്മയാണോ വലുതെന്നു…. കിടപ്പറയിൽ മാത്രം ഭാര്യയെ മതി….അല്ലാത്തപ്പോ അമ്മ മതി” അമ്മു നിന്ന് കിതച്ചു

ശബ്ദം കേട്ടു ഗീതയും രേവതിയും അങ്ങോട്ട് വന്നു

“എന്താ മോളെ പ്രശ്നം” ഗീത തിരക്കി

“നിങ്ങളാണ് എന്റെ പ്രശ്നം…” അമ്മു ഗീതയെ ദേഷ്യത്തോടെ നോക്കി

“ഞാൻ വിച്ചേട്ടന്റെ ഭാര്യ അല്ലേ…..അദേഹത്തിന്റെ ഒരു കാര്യവും എന്നെ ചെയ്യാൻ അനുവദിക്കാതെ എല്ലാം നിങ്ങൾ അല്ലേ ചെയ്യുന്നത്’

“അമ്മു…. നീ അമ്മയെ ആണോ നിങ്ങൾ എന്നൊക്കെ വിളിക്കുന്നത്” വിഷ്ണു ചോദിച്ചു

“ആ വിളിക്കും…. ഇനിയും വിളിക്കും” അമ്മു വീറോടെ പറഞ്ഞു

പെട്ടന്ന് വിഷ്ണു അവളുടെ മുഖത്ത് വലിച്ചടച്ചു…. മിണ്ടരുത്…. മിണ്ടാതെ അടങ്ങി ഒതുങ്ങി ഇവിടെ ജീവിച്ചോണം വിഷ്ണു നിന്ന് വിറച്ചു

കൈ വീശിയുള്ള അടിയിൽ അമ്മുവിന്റെ കണ്ണുകൾ നീറി….മുഖം ചുവന്നു തുടുത്തു…. ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങി

മുഖം പൊത്തി കരഞ്ഞു കൊണ്ട് അമ്മു റൂമിൽ കേറി വാതിൽ കൊട്ടിയടച്ചു

മോനെ നീ എന്തിനാ അമ്മുവിനെ അടിച്ചേ….ഗീത വിഷ്ണുവിനെ പിടിച്ചുഉലച്ചു

പിന്നെ… അവളുടെ സംസാരം അമ്മയും കേട്ടതല്ലേ….

“അതിന് 21വയസ്സല്ലേ ഉള്ളൂ മോനെ….അതിന്റെ ഒരു പക്വതകുറവാണത്….പിന്നെ അമ്മയും ഇല്ലാതെ വളർന്നതല്ലേ…. നീ വേണ്ടേ അതിനെ സ്നേഹിക്കാനും ശ്രദ്ധിക്കാനും….നിന്നെ വിശ്വസിച്ചു കൂടെ ഇറങ്ങിവന്നതല്ലേ മോനെ……കരയിപ്പിക്കാൻ പാടില്ല…”

“അമ്മ വെറുതെ അവളുടെ പക്ഷം പിടിച്ചു സംസാരിക്കേണ്ട…. ഒരടിയുടെ കുറവ് അവൾക്ക് ഉണ്ടായിരുന്നു…എന്തായാലും ഇതും പറഞ്ഞു നിക്കാൻ ഞാനില്ല…. എനിക്ക് ലേശം തിരക്കുണ്ട്’

വിഷ്ണു കാറിന്റെ കീയുമെടുത്തു കാറിൽ കേറി ഹോസ്പിറ്റലിലേക്ക് പോയി

രേവതി ചെന്നു വിളിച്ചിട്ടും അമ്മു വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല

വൈകുന്നേരം വിഷ്ണു ജോലി കഴിഞ്ഞു വരുമ്പോൾ ഗീത ഉമ്മറത്ത് വിഷമത്തോടെ ഇരിപ്പുണ്ടായിരുന്നു…

അമ്മ ഇന്ന് സ്കൂളിൽ പോയില്ലേ വിഷ്ണു തിരക്കി

ഞാൻ എങ്ങനെ പോവും മോനെ…ആ കൊച്ച് ഇതുവരെ വാതിൽ തുറന്നിട്ടില്ല… ഒരു തുള്ളി വെള്ളം പോലും അതിന്റെ വയറ്റിലേക്ക് ചെന്നിട്ടില്ല….. ഇതൊക്കെ കണ്ടേച്ചു ഞാൻ എങ്ങനെയാ പോവുക….എനിക്കും ഒരു പെൺകൊച്ചുള്ളതല്ലേ ഗീത പറഞ്ഞു

വിഷ്ണു ചെന്നു ഡോറിൽ തട്ടി അമ്മു……ഞാനാ വാതിൽ തുറക്ക്

പെട്ടന്ന് അമ്മു വാതിൽ തുറന്നു

അവൻ അകത്തു കേറി അകത്തു നിന്ന് വാതിൽ പൂട്ടി

അവൻ അവളെ നോക്കി….അടി കൊണ്ട വലുത് കവിൾ ചെറുതായി വിങ്ങിയിരിക്കുന്നു….കരഞ്ഞു കരഞ്ഞു കൺപോളകൾ ചീർത്തു…..മുടിയൊക്കെ പാറിപറന്ന്

വിഷ്ണുവിന് വല്ലാതെ സങ്കടം വന്നു

അവൻ കയ്യിലെ ഫോൺ ബെഡിലേക്ക് വെച്ചു അമ്മുവിനെ കെട്ടിപിടിച്ചു…. രാവിലെ മുതൽ ഒന്നും കഴിക്കാത്തത് കൊണ്ട് അവൾക്ക് അവനെ തടയാനുള്ള ശക്തിയില്ലായിരുന്നു…..അവൾ അവന്റെ നെഞ്ചോട് പറ്റിചേർന്ന് നിന്നു

മോൾക്ക് നല്ലപോലെ വേദനിച്ചോ വിഷ്ണു അവളുടെ കവിളിൽ മെല്ലെ തടവി

“മ്മ്…” അമ്മുവിന്റെ കണ്ണ് നിറഞ്ഞു

“പോട്ടെ… ഇനി വിച്ചേട്ടൻ മോളെ തല്ലില്ലട്ടോ….ദേഷ്യം വന്നപ്പോ അറിയാതെ പറ്റിപോയതാ”

“നമുക്ക് ഇവിടെ നിക്കണ്ട വിച്ചേട്ടാ….” നമുക്ക് വേറെ വീട് നോക്കാം അമ്മു പറഞ്ഞു

അങ്ങനെ പോവാൻ പറ്റോ അമ്മു….അമ്മയെയും രേവതിയെയും നോക്കേണ്ടത് ഞാനല്ലേ….കാര്യം സ്ഥാനം കൊണ്ട് അനിയത്തി ആണെങ്കിലും രേവതി നിന്നെക്കാൾ മൂത്തതല്ലേ…. അവൾക്ക് ഒരു ചെക്കനെ നോക്കണ്ടേ…. അങ്ങനെ നൂറായിരം കാര്യങ്ങളില്ലേ…അതൊക്കെ മറന്നു പോവാൻ കഴിയോ…..

അതൊക്കെ നമ്മള് മാറി താമസിച്ചാലും ചെയ്യാലോ വിച്ചേട്ടാ

അങ്ങനെ അല്ല അമ്മു….എനിക്ക് അമ്മയെ പിരിഞ്ഞു നിക്കാൻ കഴിയില്ല…..എന്റെയൊരു ബലത്തിലാണ് ആ പാവം ജീവിക്കുന്നത് പോലും

കണ്ടോ ഇതാണ് ഞാൻ പറഞ്ഞത്….ഏട്ടന് അമ്മയാണ് വലുതെന്നു…..

അതെ…അമ്മയാണ് എനിക്കെല്ലാം…അത് കഴിഞ്ഞേ നീ പോലുമുള്ളു വിഷ്ണു ദേഷ്യത്തോടെ പറഞ്ഞു

വിഷ്ണുവിന്റെ ഭാവമാറ്റം കണ്ട അമ്മു വല്ലാതെ ഭയന്നു

അതുകണ്ടപ്പോൾ വിഷ്ണു ഒരു ദീർഘനിശ്വാസത്തോടെ അവളുടെ കൈ പിടിച്ചു കിടക്കയിൽ ഇരുത്തി

മോളെ അമ്മു….നിനക്ക് തോന്നുന്നുണ്ടാവും ഞാൻ എന്തിനാ അമ്മയെ ഇത്രയും സ്നേഹിക്കുന്നതെന്നു….എനിക്ക് ഒരുപാട് കടപ്പാട് ഉണ്ട് അമ്മു ഗീതകുമാരിയെന്ന എന്റെ അമ്മയോട്….അമ്മ എന്ന് പറയുമ്പോൾ പെറ്റമ്മയല്ല പോറ്റമ്മ…. വിഷ്ണുവിന്റെ കണ്ണ് നിറഞ്ഞു

ങേ….. അമ്മു അമ്പരന്നു വിഷ്ണുവിനെ നോക്കി

അതെ….അമ്മ ഒരു കുഞ്ഞിനെ മാത്രമേ പ്രസവിച്ചിട്ടുള്ളു… അത് രേവതിയെയാണ്

അപ്പൊ നീ വിചാരിക്കും മക്കൾ ഇല്ലാതെയിരുന്നു എന്നെ ദത്ത് എടുത്തതാവുമെന്നു…. അങ്ങനെയുമല്ല വിഷ്ണു പറഞ്ഞു

“പിന്നെ????” അമ്മു വിടർന്ന കണ്ണുകളോടെ അവനെ നോക്കി

പണ്ട്… പണ്ടെന്നു വെച്ച ഒരു 28കൊല്ലം മുൻപ്……അന്ന് നമ്മുടെ അമ്മയുടെ വീട്ടിലൊരു പണിക്കാരത്തി പെണ്ണുണ്ടായിരുന്നു….അവർക്ക് ഏകദേശം അമ്മയുടെ പ്രായത്തിൽ തന്നെയൊരു മോളുണ്ടായിരുന്നു….മാലതി… ഒരു അന്തോം കുന്തോം ഇല്ലാത്തൊരു പൊട്ടിപ്പെണ്ണ്…..അവളുടെ കൂടെയാ അമ്മ കളിച്ചതും വളർന്നതുമൊക്കെ…..

ഒരിക്കൽ നാട്ടിൽ ഒരു കഥ പരന്നു…മാലതി ഗർഭിണി ആണെന്നുള്ള കഥ…..നാലു മാസം കഴിഞ്ഞപ്പോഴാണ് മാലതിയുടെ അമ്മ പോലും അതറിഞ്ഞത്

അന്ന് അടുക്കളയിൽ നിന്ന് മാലതിയെ ചേർത്ത് പിടിച്ചു കരഞ്ഞ അവളുടെ അമ്മയുടെ കയ്യിൽ നിന്നും മാലതിയെ ഗീതയെന്ന കളികൂട്ടുകാരി അവളെ താൻ നോക്കിക്കോളാമെന്ന ഉറപ്പിൽ തന്റെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി…..അവർ തമ്മിലുള്ള സ്നേഹബന്ധം അറിയാവുന്ന ആരും അതിനെ തടഞ്ഞതുമില്ല

അന്ന് രാത്രി തന്നെ മാലതിയുടെ അമ്മ തൂങ്ങി മരിക്കുകയും ചെയ്തു….അമ്മ പലതവണ ചോദിച്ചിട്ടും ആരാണ് ഉള്ളിലെ കുഞ്ഞിന്റെ അച്ഛനെന്നു മാലതി പറഞ്ഞില്ല….

മാസങ്ങൾ കടന്നു പോകവെ മാലതിയുടെ അവസ്ഥ വളരെ കഷ്ടത്തിലായി…സ്വന്തം അമ്മയുടെ മരണവും ഗർഭകാല ബുദ്ധിമുട്ടുകളും അവളെ ഒരു രോഗിയാക്കി മാറ്റി….ഒരു രാത്രി ഡോക്ടർ പറഞ്ഞ ഡേറ്റ് ആവും മുൻപേ അവള് പ്രസവിച്ചു….രക്തം നിലയ്ക്കാതെ പിടഞ്ഞ അവളെ ഹോസ്പിറ്റലിൽ എത്തിപ്പിക്കുമ്പോഴേക്കും മാലതി മരിച്ചിരുന്നു…..അന്ന് മാലതി പെറ്റ ആ കുട്ടിയാണ് ഞാൻ

അമ്മു കണ്ണ് മിഴിച്ചു വിഷ്ണുവിനെ തന്നെ നോക്കി

വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ…. സത്യമാണ് അമ്മു……അന്ന് എന്റെ പെറ്റമ്മയെ ചിതയിലേക്ക് വെയ്ക്കുമ്പോൾ ഗീതയെന്ന ഇരുപതുകാരിയുടെ നെഞ്ചിലെ ചൂട് പറ്റി ഞാൻ ഉറങ്ങുന്നുണ്ടായിരുന്നു….അന്ന് തൊട്ട് എന്നെ നോക്കിയതെല്ലാം എന്റെ അമ്മയാണ്….ആർക്കും വിട്ടു കൊടുത്തില്ല… ഒരു അഗതിമന്ദിരത്തിലും ഉപേക്ഷിച്ചു പോയില്ല…. അമ്മയുടെ വീട്ടിലെ പശുക്കളുടെ ചൂടുള്ള പാല് കുടിച്ചാണ് ഞാൻ വളർന്നത്….ഞാൻ ആദ്യമായി അമ്മയെന്ന് വിളിച്ചതു ഇവിടെത്തെ അമ്മയെയാണ്….. സ്വന്തം മോനെ പോലെ എന്നെ കുളിപ്പിച്ചും ഊട്ടിയും ഉറക്കിയും എന്നെ വളർത്തിയത് ഈ അമ്മയാണ്….. എനിക്ക് അഞ്ചു വയസുള്ളപ്പോൾ ആണ് അമ്മ കല്യാണം കഴിക്കുന്നത്….വാസുദേവൻ നായർ….അമ്മയെ പോലെ….ഒരുപക്ഷെ അമ്മയേക്കാൾ മനസ്സിൽ നന്മയുള്ള ആ മനുഷ്യനാണ് വിവാഹം കഴിഞ്ഞു അമ്മയുടെ കൂടെ എന്നെയും ഇങ്ങോട്ട് കൊണ്ടുവന്നത്

പിന്നീടുള്ള ജീവിതം എന്ത് സന്തോഷം നിറഞ്ഞതായിരുന്നു……രേവതി ജനിച്ചതും അമ്മയ്ക്ക് ടീച്ചർ ആയി ജോലി കിട്ടിയതുമൊക്കെ….രേവതിയെയും എന്നെയും ഒരുപോലെയാ അച്ഛനും അമ്മയും സ്നേഹിച്ചത്…പിന്നീട് ഒരു അറ്റാക്കിന്റെ രൂപത്തിൽ മരണം അച്ഛനെ കൊണ്ടുപോയപ്പോൾ എനിക്ക് അന്ന് പ്രായം 17ആയിരുന്നു…….അച്ഛനെന്ന നെടുതൂൺ ഇല്ലാതെയായപ്പോൾ അമ്മയൊന്നു തളർന്നുവെങ്കിലും ഞങ്ങളെ ഓർത്തു അമ്മ എല്ലാം മറന്നു ഞങ്ങൾക്ക് വേണ്ടി ജീവിക്കുകയായിരുന്നു…..എന്നെ മെഡിസിന് വിട്ടതും രേവതിയെ അമ്മയെ ടീച്ചർ ആക്കിയതുമൊക്കെ അമ്മ തൊണ്ട പൊട്ടി കുട്ടികളെ പഠിപ്പിച്ചുണ്ടാക്കിയ നിസാര ശബളത്തിലാണ്…..ഒരുപാട് അനുഭവിച്ചിട്ടുണ്ട് ആ പാവം ഒരുപാട്…വിഷ്ണുവിന്റെ തൊണ്ടയിടറി

“വിച്ചേട്ടാ…..” അമ്മു സങ്കടത്തോടെ വിഷ്ണുവിന്റെ കയ്യിൽ തലോടി….വിഷ്ണു അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു

“നീയൊന്നു ആലോചിച്ചു നോക്ക് അമ്മു….അന്ന് അമ്മ എന്നെ അവഗണിച്ചു പോയിരുന്നുവെങ്കിൽ എന്റെ അവസ്ഥ എന്താവുമായിരുന്നു…..എന്റെ ജീവിതവും ജീവനുമെല്ലാം ആ നല്ല മനസിന്റെ കാരുണ്യം കൊണ്ട് ഉണ്ടായതാണ്… എന്റെ എല്ലാം നോക്കി നടത്തിയിരുന്നത് അമ്മയാണ്…..ഓരോ നിസാരകാര്യങ്ങൾ പോലും അമ്മ ചെയ്യ്തു തന്നാൽ മാത്രമേ എനിക്ക് തൃപ്തി വരികയുള്ളു…. അതാണ് ഇങ്ങനെയൊക്കെ…….എനിക്ക് സ്വന്തം മകനെ പോലെ സ്നേഹം തന്നു പഠിപ്പിച്ചു ഇത്രയും ആക്കിയ എന്റെ അമ്മയെ ഞാൻ എങ്ങനെയാണു വേദനിപ്പിക്കുക….. അവരെ തനിച്ചാക്കി ഞാൻ തന്റെ കൂടെ വേറെയൊരു
വീട് എടുത്തു താമസിച്ചാൽ ദൈവം പൊറുക്കുമോ എന്നോട്…. പറ”

“സോറി വിച്ചേട്ടാ…” അമ്മു അവന്റെ നിറഞ്ഞ കണ്ണുകളെ തന്റെ കൈ കൊണ്ട് തുടച്ചു

“ഇനി ഞാൻ വഴക്ക് ഉണ്ടാക്കൂല…വിച്ചേട്ടൻ സത്യം അമ്മു” അവന്റെ തലയിൽ കൈ വെച്ചു

വിഷ്ണു സ്നേഹത്തോടെ അമ്മുവിന്റെ നിറുകയിൽ ഉമ്മ വെച്ചു….ഇത്രേ ഉള്ളു ഈ പെണ്ണ്….ഈ ദേഷ്യവും വാശിയുമൊക്കെ പുറത്ത് മാത്രേ ഉള്ളൂ…..ഉള്ളിലിപ്പോഴും അഞ്ചുവയസുകാരി യുടെ നിഷ്കളങ്കതയാണ്

“വിശക്കുന്നില്ലേ എന്റെ മോൾക്ക്???”

“മ്മ്… നല്ലോണം വിശക്കുന്നുണ്ട് ഏട്ടാ….വയറൊക്കെ മൂളുന്നു…” അമ്മു ചുണ്ട് വിടർത്തി അവനെ നോക്കി
കൊഞ്ചി

“എന്നാ വാ….ചോറ് കഴിക്കാം”

അമ്മുവുമായി അടുക്കളയിൽ ചെല്ലുമ്പോൾ ഗീത വിഷമത്തോടെ അവിടെ ഇരിപ്പുണ്ടായിരുന്നു

“അമ്മേ….. വിശക്കുന്നു അമ്മേ…. ഇച്ചിരി ചോറ് തരോ” അമ്മു പുറകിലൂടെ ഗീതയെ കെട്ടിപിടിച്ചു

“ഇത്തിരി വിശക്കട്ടെ…. ചോറ് തരാൻ മനസില്ല” ഗീത ദേഷ്യം അഭിനയിച്ചു കൊണ്ട് അവളുടെ കവിളിൽ നുള്ളി….

രേവതി അത് കണ്ട് വാ പൊത്തി ചിരിച്ചു….

“ബാ….ചോറ് കഴിക്കാം ഞങ്ങളാരും ഒന്നും കഴിച്ചിട്ടില്ല….” ഗീത അമ്മുവിന്റെ കൈ പിടിച്ചു ഊണ്മുറിയിലേക്ക് നടന്നു

“ഒരു മിനിറ്റ് അമ്മേ…..” അമ്മു തിരിഞ്ഞു ഫ്രിഡ്ജ് തുറന്നു ഒരു പാത്രമെടുത്തു

“ഇതെന്തുവാടി….” വിഷ്ണു ചോദിച്ചു

“ഇതെന്റെ എരിശേരി…ഞാൻ കഷ്ട്ടപെട്ടു ഉണ്ടാക്കിയതല്ലേ…. കളയാൻ തോന്നിയില്ല…ചീത്തയായിട്ടൊന്നുമില്ല ഏട്ടൻ കഴിച്ചില്ലേലും ഞങ്ങൾക്ക് കഴിക്കാലോ” അമ്മു ചിരിയോടെ പറഞ്ഞു

അവളും അവളുടെ ഒരു എരിശേരിയും വിഷ്ണു പൊട്ടിചിരിച്ചു

എല്ലാരും ചേർന്നിരുന്നു ആഹാരം കഴിക്കുമ്പോഴും ഗീത ടീച്ചർ ആലോചിക്കുവായിരുന്നു…… രാവിലെ തന്നെ ക ടിച്ചു കീ റാൻ നിന്ന മരുമോൾക്ക് ഇതെന്താ പെട്ടന്നൊരു മനമാറ്റമെന്ന്…….എന്തെങ്കിലും ആവട്ടെ…….. ഈ സന്തോഷം എന്നുമിങ്ങനെ നിലനിന്നാൽ മതിയായിരുന്നു അവർ ഒരു ചെറുചിരിയോടെ എരിശേരിയും കൂട്ടി ആസ്വദിച്ചു ചോറുണ്ടു

രചന: ഭദ്ര മനു

Categories
Uncategorized

അവന്റെ ചുമലിൽ അമർന്ന അയാളുടെ കൈകൾക്ക് സ്നേഹത്തിന്റെ ഉറപ്പുണ്ടായിരുന്നു…

രചന: Dhanya Shamjith

“അച്ഛനും അമ്മേം ക്ഷമിക്കണം ഇങ്ങനെ ചെയ്യണംന്ന് കരുതീല്ല പക്ഷേ വേണ്ടി വന്നു…. ഞങ്ങളെ അനുഗ്രഹിക്കണം.”

കാൽക്കൽ തൊട്ടു നിൽക്കുന്ന മകനേയും പെൺകുട്ടിയേയും കണ്ട് സ്തബ്ധരായി നിൽക്കുകയായിരുന്നു രഘുവും, സുമിത്രയും.

നിത്യക്ക് പെട്ടന്നൊരു ആലോചന വന്നു, മുടക്കാനുള്ള പണിയെല്ലാം ചീറ്റിപ്പോയി, കല്യാണം നടന്നാ ആത്മഹത്യ ചെയ്യൂന്നും പറഞ്ഞ് ഫോൺ വിളിച്ചൊരേ കരച്ചിലായിരുന്നു. വേറൊന്നും അപ്പോ തോന്നിയില്ല നേരെ ഇവളേം കൂട്ടി ഇങ്ങോട്ട് പോന്നു. അച്ഛനെന്നോട്…. തല താഴ്ത്തി പറഞ്ഞൊപ്പിക്കുകയായിരുന്നു സുധി.

നീയിതെന്താ ചെയ്തേ സുധ്യേ, കുടുംബത്തിന്റെ അന്തസ്സ് കളഞ്ഞു കുളിച്ചൂലോ നാളെയിനി എങ്ങനാ നാട്ടാര് ടെ മോത്ത് നോക്കാ…. സുമിത്രയുടെ പതം പറച്ചിൽ ഉച്ചത്തിലായി.

രഘുവിന് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. അയാൾ കാണുകയായിരുന്നു അർദ്ധരാത്രി മകനേയും, അവനോടൊപ്പം ഇറങ്ങി വന്ന പെൺകുട്ടിയേയും.

കഷ്ടിച്ച് ഇരുപത് വയസ്സു മാത്രം പ്രായം തോന്നിക്കുന്ന ചെറിയൊരു പെൺകുട്ടി, പേടി കൊണ്ട് വിളറി വെളുത്തിട്ടുണ്ട് എങ്കിലും ഓമനത്വം നിറഞ്ഞ മുഖം. അവളെ നോക്കും തോറും അയാളുടെ നെഞ്ചിലെ പാരവശ്യം കുറഞ്ഞു കുറഞ്ഞു വന്നു.

മോള് വന്നേ….. അയാൾ ഒരു പുഞ്ചിരിയോടെ അവളെ വിളിച്ചു.

നിത്യ, സുധിയെ നോക്കി. ചെല്ല്…. അവൻ തലയാട്ടി.
ഉള്ളിലൊളിപ്പിച്ച ഭയത്തോടെ അവൾ രഘുവിനരികിലേക്ക് ചെന്നു.

മോളിവിടെ ഇരിക്ക്, പേടിക്കൊന്നും വേണ്ട, എനിക്ക് മോളെ ഇഷ്ടായി, എന്റെ മോന് കിട്ടാനുള്ളതിലും വച്ച് നല്ലൊരു കുട്ടിയെ തന്നെയാ കിട്ടിയിരിക്കണേ….

ഒരു ആശ്വാസഭാവമുണ്ടായി നിത്യയിലും.

മോള് ഇവന്റൊപ്പം പോന്നത് മോൾടെ വീട്ടുകാർക്കറിയോ?

ഇല്ലെന്ന് അവൾ തലയാട്ടി.

എങ്ങനെ അറിയാനാ, പകല് മുഴുവൻ ജോലീം കഴിഞ്ഞ് ക്ഷീണിച്ച് കിടന്നുറങ്ങുന്ന അവരിപ്പം ഓരോ സ്വപ്നങ്ങള് കണ്ട് ഉറങ്ങുന്നുണ്ടാവും. അതെല്ലാ അച്ഛനമ്മമാരും അങ്ങനാ, രാത്രി കിടക്കാൻ നേരത്താ ഓരോന്ന് കരുതി കൂട്ടി വയ്ക്കുക.

ഒരു നല്ല വീട്, മക്കൾടെ പഠിത്തം, കല്യാണം… ചെലപ്പം കയ്യിലൊന്നും കാണില്ല’ എന്നാലും അവര്ടെ കൊച്ചു കൊച്ചാവശ്യങ്ങൾക്ക് വേണ്ടി ഉറുമ്പ് അരി മണി കൂട്ടി വയ്ക്കണപോലെ സ്വന്തം കാര്യം പോലും മറന്ന് സൂക്ഷിച്ച് വയ്ക്കും.

പക്ഷേ മക്കൾക്ക് ഈ കഷ്ടപാടൊന്നും അറിയില്ല, അവരെ അറിയിക്കാറില്ല എന്നതാ സത്യം. അയാൾ നെടുവീർപ്പിട്ടു.

മോൾടെ അച്ഛനെന്താ പണി?

ഡ്രൈവറാ ഒരു കമ്പനീല്… അവൾ തല താഴ്ത്തി.

ഉം… രാത്രീം പകലും ഒരേ ഇരുപ്പിന് വളയം പിടിച്ച് തഴമ്പിച്ച കൈയോടെ വീട്ടിൽ വരുമ്പോ എന്നെങ്കിലും മോള് ഒരു പിടി ചോറ് അച്ഛന് വാരി കൊടുത്തിട്ടുണ്ടോ?

അവൾ മിഴികൾ താഴ്ത്തി.

ഉണ്ടാവില്ല, നീറുന്ന ആ കൈ കൊണ്ട് എത്ര വട്ടം അച്ഛൻ മോളെ ഊട്ടിയുറക്കീട്ടുണ്ടാവും.. ചെലപ്പോ ഇന്നും കൂടി മോൾടെ വയറു നിറച്ചിട്ടേ ഉറങ്ങാൻ കിടന്നിട്ടുണ്ടാവൂ അല്ലേ? രഘു അവളെ നോക്കി.

നിത്യയുടെ കണ്ണുകളിൽ നിന്ന് രണ്ടു തുള്ളി കണ്ണീരിറ്റു.

രാവിലെ എണീക്കുമ്പം, തലേന്നും കൂടി ഉമ്മ തന്നുറക്കാൻ കിടത്തിയ മോള് തങ്ങളെ ഉപേക്ഷിച്ച് ഏതോ ഒരുത്തനൊപ്പം ഇറങ്ങിപ്പോയീന്ന് അറിയുമ്പോ ആ പാവങ്ങൾ എങ്ങനെയാ സമാധാനിക്കുക…?

ആ.., ഇതൊക്കെ എല്ലായിടത്തും നടക്കണതല്ലേ… സാരല്ല.. മോള് വിഷമിക്കണ്ട, ഇവന് ഇപ്പോ പണിയൊന്നും ആയിട്ടില്ലെങ്കിലും മോൾക്കിവിടൊരു കൊറവും ഉണ്ടാവില്ല ട്ടോ… അയാൾ സ്നേഹത്തോടെ അവളെ നോക്കി.

സുമീ, മോളെ അകത്തേക്ക് വിളിച്ചോണ്ട് പോയേ…

നിത്യയുടെ കൈയിൽ പിടിച്ചതും സുമിത്രയുടെ നെഞ്ചിൽ വീണവൾതേങ്ങി കരയാൻ തുടങ്ങി.

നിത്യേ…. എന്താ എന്ത് പറ്റി, എന്തിനാ കരയണേ? സുധി വേവലാതിയോടെ അവളുടെ അരികിലെത്തി.

എനിക്കെന്റ വീട്ടിൽ പോവണം,, ചിതറിയ വാക്കുകൾ കേട്ട് സുധിയൊന്ന് ഞെട്ടി.

വീട്ടിൽ പോവാനോ, നീയിതെന്തൊക്കെയാ പറയുന്നേ?

എനിക്ക് പോണം സുധിയേട്ടാ, എനിക്കെന്റെ അച്ഛനെ കാണണം. അവൾ വിതുമ്പി കൊണ്ടിരുന്നു.

സുധിയ്ക്ക് ദേഷ്യം ഇരമ്പി വരുന്നുണ്ടായിരുന്നു.

അച്ഛനിപ്പം തൃപ്തിയായല്ലോ, ഇവിടെ താമസിപ്പിക്കാൻ പറ്റില്ലെങ്കി അത് പറഞ്ഞാ പോരേ, ഇതിപ്പോ… അവൻ രോഷത്തോടെ രണ്ട് ചുവടു വച്ചു.

അച്ഛനോട് ദേഷ്യപ്പെടണ്ട സുധിയേട്ടാ, അച്ഛൻ പറഞ്ഞതൊക്കെ സത്യം തന്നെയല്ലേ, സുധിയേട്ടനേം ഇതേ പോലൊക്കെയല്ലേ വളർത്തി വലുതാക്കിയേ… നമ്മള് ചെയ്തത് വല്യ തെറ്റാ..

എന്റെ നിത്യേ, അതൊക്കെ ശരിയാ പക്ഷേ നീ എന്റൊപ്പം ഇറങ്ങിപ്പോന്നത് ഇപ്പോ അവരൊക്കെ അറിഞ്ഞിട്ടുണ്ടാവും.. ഇനി അങ്ങോട്ട് തിരിച്ചു പോയാ ഈ ജന്മം നമ്മളൊന്നിക്കില്ല.

നിത്യ ഒരാശ്രയ ത്തിനെന്ന പോലെ രഘുവിനെ നോക്കി.

മനസ്സിൽ പെയ്ത കുളിർമഴയുടെ തണുപ്പോടെ അയാൾ അവളെ ചേർത്തു പിടിച്ചു..

മോളെ ഞാൻ കൊണ്ടാക്കാം വീട്ടിൽ…

അച്ഛാ… സുധി ശബ്ദമുയർത്തി.

മുഖമടച്ചൊരടിയായിരുന്നു രഘു. ഓർക്കാപ്പുറത്തായതിനാൽ സുധിയും അത് പ്രതീക്ഷിച്ചിരുന്നില്ല.

മിണ്ടരുത് നീ, നാണമില്ലല്ലോടാ പാതിരാത്രി കള്ളനെപ്പോലെ ഒരു പെങ്കൊച്ചിനേം കൊണ്ട് വന്നേക്കുന്നു.

എടാ… നീയൊരാൺകുട്ടിയായിരുന്നെങ്കി ഇവൾടെ വീട്ടുകാരോട് നെഞ്ച് വിരിച്ചു നിന്ന് പറയണമായിരുന്നു.. ഇവൾ എന്റെ പെണ്ണാ മറ്റാർക്കും ഇവളെ ഞാൻ കൊടുക്കില്ല എന്ന്. പകരം നട്ടെല്ലില്ലാതെ….

അയാളുടെ വാക്കുകൾ സുധിയുടെ ഉള്ളിൽ തറച്ചു കൊണ്ടു.

ഇനിയും വൈകിയിട്ടില്ല, ഒരാങ്കുട്ടിയെപ്പോലെഇവളെ തിരികെ കൊണ്ടാക്കിട്ട് വാ,

മോളെ, നീ എന്റെ മോന്റെ പെണ്ണാ അതിനൊരു മാറ്റോം വരില്ല.. സമയമാകുമ്പോ ഈ അച്ഛൻ തന്നെ വന്ന് കൂട്ടികൊണ്ടുവരും. ഇപ്പോ എന്റെ മോള് ചെല്ല്.. അയാൾ വാത്സല്യത്തോടെ അവളുടെ നെറുകിൽ ചുംബിച്ചു.

അച്ഛാ….. ഇങ്ങനെയുള്ളപ്പോ എല്ലാവരും തല്ലിയും ഭീഷണിപ്പെടുത്തിയും എതിർക്കാറേ ഉള്ളൂ.. അച്ഛൻ മാത്രം.. അവൾ അയാൾക്ക് നേരെ കൈകൂപ്പി.

അവിടെയാണ് തെറ്റ്, ഭീഷണിയും, തല്ലലുമൊന്നുമല്ല വേണ്ടത് പകരം സ്നേഹത്തോടെ ചേർത്തു നിർത്തി അവരുടെ മനസ്സറിഞ്ഞ് പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്. എത്ര ഉപദേശിച്ചാലും നന്നാവാത്തവരും സ്നേഹത്തിനു മുന്നിൽ വഴങ്ങുക തന്നെ ചെയ്യും… മോള് സന്തോഷായിട്ട് പോ, അച്ഛൻ നാളെ വരുന്നുണ്ട് അങ്ങോട്ട്.

അയാളെ ഒന്ന് നോക്കി സുധി നിത്യയുടെ കൈ പിടിച്ച് ഇരുട്ടിലേക്കിറങ്ങി. മൗനം നിറഞ്ഞ നിമിഷങ്ങൾ പിന്നിട്ട് അവർ നിത്യയുടെ വീടിനു മുന്നിലെത്തി.

പിടയ്ക്കുന്ന ഹൃദയത്തോടെ അവൾ കോളിംഗ് ബെൽ അമർത്തി.

സുധീ, എന്നോട് ദേഷ്യം ഉണ്ടോ?

അവനൊന്ന് ചിരിച്ചു, പിന്നെ മെല്ലെ അവളോടായി പറഞ്ഞു.

“ഞാൻ ഒരാൺകുട്ടി തന്നെയാടീ… സ്വന്തം വിയർപ്പിന്റെ ചങ്കൂറ്റവുമായി ഞാൻ വരും… നീ കാത്തിരുന്നോ…

അവന്റെ വാക്കുകൾ കേട്ടുകൊണ്ടാണാ വാതിൽ തുറക്കപ്പെട്ടത്. ഒന്നും മനസ്സിലാവാതെ അമ്പരന്നു നിന്ന നിത്യയുടെ അച്ഛന്റെ കാൽക്കൽ സുധിയൊന്ന് തൊട്ടു.

ക്ഷമിക്കണം, പ്രായത്തിന്റെ വിവരമില്ലായ്മ കൊണ്ട് ഞാനിവളെ വിളിച്ചിറക്കി കൊണ്ടുപോയതാ നിങ്ങളെയൊരു പാഠം പഠിപ്പിക്കാൻ, പക്ഷേ പഠിച്ചത് ഞാൻ തന്നെയാ… അതിന് എന്റച്ഛൻ വേണ്ടി വന്നു.

ദാ… ഇവൾ, ഇവളെ എനിക്കിഷ്ടമാ എന്റെ ജീവനേക്കാളേറെ.. ഒരു നല്ല ജോലി നേടി ഞാൻ തിരികെ വരും അപ്പോ എനിക്ക് തരണം അച്ഛന്റെയീ പൊന്നുമോളെ…

ഒരു നിമിഷം സ്തബ്ധനായെങ്കിലും അയാൾ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു, അവന്റെ ചുമലിൽ അമർന്ന അയാളുടെ കൈകൾക്ക് സ്നേഹത്തിന്റെ ഉറപ്പുണ്ടായിരുന്നു.

അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ടിറങ്ങുമ്പോൾ സുധിയുടെ മനസ്സിൽ മറ്റൊരു രൂപമായിരുന്നു. അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന അച്ഛന്റെ രൂപം.

രചന: Dhanya Shamjith