✒️. Jamsheer Paravetty
“മീനൂ…ഒരിക്കൽ ഞാൻ വരും… അന്നും നിന്റെ പ്രണയം ഇത്പോലെ ഉണ്ട് എങ്കിൽ……” “ഞാൻ കാത്തിരിക്കും…ജയാ.. ആ ഒരു നല്ല നിമിഷവും സ്വപ്നം കണ്ട്” തിരിഞ്ഞ് നടക്കുമ്പോൾ ഹൃദയം പൊട്ടിപ്പൊളിയുന്നത് അവളറിയാതിരിക്കാൻ പാട് പെട്ടു.. ഈ ആരുമില്ലാത്തവനെ പ്രണയിക്കാൻ സത്യത്തിൽ മീനാക്ഷിക്ക് വട്ടാണോ.. പലപ്പോഴും സ്വയം ചോദിച്ചതാണ്.. ഒരിക്കൽ അവളോടും ചോദിച്ചു..
“എനിക്കറിയില്ല….. ഇയാളോട് മിണ്ടാനും പറയാനും ഒക്കെ ഒരുപാട് ഇഷ്ടമാണ്.. മനസ്സിന് ഒരു സുഖമാണ്.. ജയാ… അതാണോ പ്രണയം..”
“മീനൂ.. നിന്റെ സാമീപ്യം എനിക്കും ഒരനുഭൂതിയാണ്… പക്ഷേ.. നീ വലിയ വീട്ടിലെ കുട്ടിയാണ്.. ഞാൻ.. ഞാൻ വെറും ഒരനാഥൻ.. അച്ഛനും അമ്മയും ആരാണെന്ന് പോലും അറിയാത്തവൻ.. ജന്മം നൽകിയവർക്ക് പോലും വേണ്ടാത്ത നികൃഷ്ട ജന്മം..” “അങ്ങനെയൊന്നും പറയല്ലേ…ജയാ.. ദൈവം അതൊക്കെ കൊണ്ടാണ് ഇത്രയും മനോഹരമായ ഒരു മനസ് നൽകിയത്.. ജയന്റെ പ്രണയം ആഗ്രഹിക്കാത്ത ഒരു പെണ്ണ് പോലും നമ്മുടെ കോളേജിൽ ഉണ്ടാവില്ല..” “ഏയ്.. അത് വെറുതെ.. എന്റെ പാട്ടിനെയാണ് എല്ലാവരും ഇഷ്ട്ടപ്പെടുന്നത്.. എന്നെയല്ല.. പിന്നെ ചിലപ്പോൾ എന്റെ സൗഹൃദവും.. ” “ഓഹ്.. നല്ല ചേലായി… അല്ലാതെ ഇനി വേറെ ആരെങ്കിലും ജയനോട് പ്രേമിക്കാൻ വന്നാലുണ്ടല്ലോ…” മീനാക്ഷിയുടെ മുഖം ചുവന്നു..
അത് കണ്ട് പൊട്ടി ചിരിച്ചു എങ്കിലും അവളോടന്നങ്ങനെ പറഞ്ഞു “ഇല്ല മീനൂ.. ഞാനാരേയും പ്രണയിക്കാനും സ്നേഹിക്കാനും ഒന്നും പോവുന്നില്ല.. അങ്ങനെ ഒരാളുണ്ട് എങ്കിൽ അത് നീ മാത്രമാകും..” അ നിമിഷം സ്നേഹത്തോടെ എന്റെ കൈകളവൾ ചേർത്ത് പിടിച്ചപ്പോൾ ആ കണ്ണുകളിൽ കണ്ട തിളക്കമാണ് പ്രണയം എന്നറിഞ്ഞു… “ആ… ജയാ.. ഈ ഞായറാഴ്ച എന്റെ വീട്ടിലേക്ക് വരുമോ.. ഉച്ച ഭക്ഷണം അവിടന്നാവാം… എല്ലാവരേയും പരിചയപ്പെടാനും പറ്റും..” “അയ്യോ.. ഞാനില്ല മീനൂ.. നിന്റെ വീട്ടിൽ വരാൻ മാത്രമൊന്നും ഞാൻ ആയിട്ടില്ല..”
“എന്റെ ജയാ.. ഈ അപകർഷതാ ബോധമാണ് ജയന്റെ പ്രശ്നം.. എന്റെ വീട്ടിൽ വന്ന് ജയനനാഥനാണെന്നൊന്നും പറയേണ്ട.. എന്റെ ഏറ്റവും നല്ല സുഹൃത്ത് ആയി പരിചയപ്പെടുത്തും ഞാൻ.. ട്ടോ.. വരണം..”
സിനിമകളിൽ കാണുന്ന പോലെ പ്രൗഢമായ ആ വീടിന്റെ പടിപ്പുര കടന്ന് മുറ്റത്തേക്ക് കയറുമ്പോൾ തന്നെ മീനു ഓടി വന്നു.. “ഞാൻ ഒരുപാട് നേരമായി കാത്തിരിക്കുന്നു.. ” കോളേജിൽ വരുന്നതിനേക്കാൾ സൗന്ദര്യം തോന്നിച്ചു മീനാക്ഷിയെ..
കാപ്പി നിറത്തിലുള്ള പാവാടയും ചന്ദന നിറമുള്ള ബ്ളൗസും അവൾക്ക് നന്നായി യോജിക്കുന്നുണ്ട്.. പിന്നിലോട്ട് വിടർത്തിയിട്ട നീണ്ട ഇടതൂർന്ന മുടി നിതംബത്തിന്റെ താളത്തിൽ കൂടുതൽ മനോഹരമായി.. അവൾ പരിചയപ്പെടുത്തി കഴിഞ്ഞതോടെ അമ്മയോടും അച്ഛമ്മയോടും പെട്ടെന്ന് ഇണങ്ങി.. അവരുടെ നിർബന്ധത്തിന് നാലഞ്ച് പാട്ടുകൾ പാടി.. “നല്ല അസ്സല് പാട്ട്..”
അനുഗ്രഹം വാങ്ങി അച്ഛമ്മയുടെ കുഴമ്പ് വാസനിക്കുന്ന മേനിയോട് ഒട്ടി നിൽക്കുമ്പോൾ അനുഭവിച്ച ആ അനുഭൂതി…. സ്നേഹം..
ലോകത്ത് വില കൊടുത്തു വാങ്ങാൻ പറ്റാത്ത ഒരേയൊരു സംഭവം.. ഈശ്വരാ.. ഇവരൊക്കെ തന്റെ സ്വന്തമായിരുന്നു എങ്കിലെന്ന് ശരിക്കും മോഹിച്ചു… സ്നേഹത്തിന്റെ ഒരുപാട് പുതിയ അനുഭവങ്ങൾ അറിഞ്ഞ് സങ്കടത്തോടെ ആ വീട്ടിൽ നിന്നും മടങ്ങുമ്പോൾ ഉറപ്പിച്ചതാണ് എങ്ങനെയെങ്കിലും പണം സമ്പാദിക്കണം.. അന്തസ്സോടെ ചെന്ന് മീനുവിനെ പെണ്ണ് ചോദിക്കണം… പക്ഷേ അപ്പോഴും അനാഥനാണെന്ന പോരായ്മ പറയുമോ അവര്.. ഏയ് അങ്ങനെ വന്നാൽ മീനു തന്റെ കൂടെ ഇറങ്ങി വരും..
അവളത്രമേൽ തന്നെ പ്രണയിക്കുന്നുണ്ട്.. എവിടെ നിന്നാണ് തുടങ്ങേണ്ടത്.. എന്ത് ജോലിയാണ് തനിക്ക് ലഭിക്കുന്നത്. ഈ ഡിഗ്രി വിദ്യാഭ്യാസം പറഞ്ഞു ചെന്നാൽ ആരെങ്കിലും ജോലി തരുമോ…
ഒടുവിൽ മദ്രാസിലേക്ക് പോകാൻ തീരുമാനിച്ചു. സീനിയറായി അനാഥാലയത്തിൽ ഉണ്ടായിരുന്ന സുരേഷിന്റെ അഡ്രസ്സറിയാം. ഇടക്കിടെ പരസ്പരം കത്തുകളയക്കാറുള്ളത് കൊണ്ട് ആ ബന്ധം ഇപ്പോഴും തുടരുന്നു..
എസ്എംവി ഫാൻസി, പെരുമാൾ മുതലൈ സ്ട്രീറ്റ്, പാരിസ്, മദ്രാസ്. എന്ന വിലാസത്തിൽ എത്തിപ്പെടാൻ പെട്ടെന്ന് സാധിച്ചു. പക്ഷേ സുരേഷ് കുറച്ച് കാലമായി അവിടെ ഇല്ലെന്നറിഞ്ഞു.. ഇനി എന്ത് ചെയ്യണം എന്നറിയാതെ ആ തെരുവിലൂടെ നടന്നു. വളരെ കുറച്ച് പണം മാത്രമേ കൈയ്യിലുള്ളൂ.. തിരിച്ച് അവിടെ തന്നെ ചെന്നു..
“സാർ.. എനിക്കൊരു ജോലി തരുമോ..” മുരുകൻമുതലാളി വരുന്നതും കാത്ത് ഉച്ച വരെ നിൽക്കേണ്ടി വന്നു എങ്കിലും ജോലി ലഭിച്ചു. . അവിടെ ഹെൽപ്പറായി തുടങ്ങി… പിന്നെ പിന്നെ ആ കടയുടെ എല്ലാമെല്ലായി വളരെ പെട്ടെന്ന് തന്നെ മാറി… ഒടുവിൽ മിന്റ് സ്ട്രീറ്റിൽ പുതിയ ഹോൾസെയിൽ ഷോപ്പ് എനിക്ക് വേണ്ടി തുടങ്ങിയ മുരുകൻ മുതലാളിക്ക് എന്നെ അത്രയേറെ വിശ്വാസമായിരുന്നു.. ബിസിനസ് മാത്രമായിരുന്നു മനസ്സ് നിറയെ.. അത് കൊണ്ട് തന്നെ വളരെ വേഗത്തിൽ തന്നെ വളർന്നു വന്നു.. പലപ്പോഴും പോയ കാലത്തേക്ക് എത്തിനോട്ടം നടത്തുമ്പോൾ മീനുവിന്റെ വിടർന്ന മുഖം തെളിഞ്ഞു വന്നു.. അത് വളർച്ചയ്ക്ക് കൂടുതൽ പ്രചോദനം നൽകി.
ഈശ്വരാ… പതിനഞ്ച് വർഷം എത്ര പെട്ടെന്നാണ് കഴിഞ്ഞു പോയത്.. ഇന്ന് പണവും സമ്പത്തും പ്രശസ്തിയും എല്ലാം ഉണ്ട്.. പക്ഷേ ഒരു കുടുംബം എന്നത് മാത്രമാണ് കുറവ്.. മുരുകൻ മുതലാളി ഇന്നൊരു ഏട്ടനെ പോലെ ആണ്..
ഞാനദ്ദേഹത്തിന് അനിയനും.. പലപ്പോഴും പറഞ്ഞു ഒരുപാട് നല്ല കുട്ടികളുടെ വിശേഷങ്ങൾ.. “ഇല്ലണ്ണാ.. കല്യാണത്തിന് സമയം ആയില്ല..” പക്ഷേ തന്നെ കാത്തൊരാൾ അങ്ങ് ദൂരെ കേരളക്കരയിൽ ഉണ്ട് എന്ന വിശ്വാസം ആണ് തന്നെ ഇവിടം വരെ എത്തിച്ചത് എന്ന് മാത്രം പറഞ്ഞില്ല.. “അണ്ണാ.. എനിക്ക് നാട്ടിൽ ഒന്ന് പോവണം..”
“അതിന് ഊരില് യാരിരുക്ക് തമ്പീ..” “പഴയ അനാഥാലയത്തിലും കോളേജിലുമൊക്കെ ഒന്ന് പോവണം…” മീനുവിന്റെ കാര്യം പറഞ്ഞില്ല.
പുതുതായി വാങ്ങിയ ഫോർച്യൂണറിൽ തന്നെ യാത്ര തിരിച്ചു. സേലവും കൊയമ്പത്തൂരും കഴിഞ്ഞ് വാളയാറിൽ എത്തിയപ്പോൾ തന്നെ ഹൃദയം തുടിച്ചു തുടങ്ങിയിരുന്നു… ഈശ്വരാ.. തന്റെ മീനു കാത്തിരിക്കുന്നുണ്ടാവുമോ.. അതോ കുടുംബം നിശ്ചയിച്ച ഏതെങ്കിലും കല്യാണത്തിന് സമ്മതിച്ച് മക്കളും ഭർത്താവും ഒക്കെ ആയി…. ഓഹ്.. അങ്ങനെ ആവുമോ….
കത്ത് അയക്കാൻ പലവട്ടം മനസിൽ കരുതിയതാണ്.. പിന്നെ എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണാം എന്ന് കരുതി ആ ആശ സ്വയം നുള്ളിക്കളഞ്ഞു…
പാലക്കാട് ഒരു വലിയ നഗരമായി മാറിയത് അൽഭുതത്തോടെ കണ്ടു. പതിനഞ്ച് വർഷങ്ങൾ കൊണ്ട് എന്തെല്ലാം മാറ്റങ്ങളാണ് വന്നത്. പഴയ റോഡുകൾ പോലും മനസിലായില്ല..
മണ്ണാർക്കാട് റോഡിലൂടെ കല്ലടിക്കോട് എത്തിയപ്പോഴേക്കും വൈകുന്നേരം ആയിരുന്നു. മീനുവിന്റെ വീടിന്റെ മുറ്റത്ത് ഫോർച്യൂണർ ചെന്നു നിൽക്കുമ്പോൾ ആരെയും പുറത്ത് കണ്ടില്ല. വണ്ടിയിൽ തന്നെ ഇരുന്നു..
മീനു ഇപ്പോ എങ്ങനെ ആവും.. പഴയത് പോലെ മെലിഞ്ഞ സുന്ദരി കുട്ടി ആവുമോ.. അമ്മയും അച്ഛമ്മയുമൊക്കെ ഉണ്ടാവുമോ ഇവിടെ.. കുറച്ച് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു പത്തു വയസ്സ് കാരി മുറ്റത്തേക്കിറങ്ങി വന്നു.. “അങ്കിൾ ആരാ… ആരെ കാണാനാണ് വന്നത്..”
“ഞാൻ… ഞാനൊരുപാട് ദൂരെനിന്നാണ്.. ഇവിടത്തെ മീനാക്ഷിയെ ഒന്ന് കാണാൻ വന്നതാണ്..” “ഓഹ്… എന്നാൽ വരൂ.. അകത്തേക്ക് കയറി ഇരിക്കാം… അമ്മ ഇപ്പോ വരും.. വരുന്ന സമയം ആയി..” മനസിന്റെ ഞെട്ടൽ പുറത്ത് കാണിച്ചില്ല “ഓഹ്.. മീനാക്ഷിയുടെ മോളാണ് ല്ലേ… ” “അതേ…”
ആ സുന്ദരി കുട്ടി നുണക്കുഴി കാട്ടി ചിരിച്ചു ഈശ്വരാ… തന്റെ സ്വപ്നങ്ങൾ ഇവിടെ അവസാനിക്കുന്നു…. ഇത്രയും കാലം ഞാൻ കണ്ട സ്വപ്നങ്ങൾ എല്ലാം വെറും സ്വപ്നം മാത്രമായി ഇവിടെ തീരുന്നു… ഇനി.. ഇനി എന്തിന് കാത്തു നിൽക്കണം…
പോയാലോ.. വേണ്ട ഏതായാലും ഇവിടം വരെ വന്നതല്ലേ.. അവളെ ഒന്ന് കണ്ടിട്ട് പോകാം… തന്നെ സാകൂതം വീക്ഷിച്ചു നിൽക്കുന്നു അവൾ.. “എന്താണ് മോളുടെ പേര്.” “ജയശ്രീ.. അമ്മ ജയേന്നാ വിളിക്കാ..” ഈശ്വരാ തന്റെ ഓർമ ഉണ്ടോ അവൾക്കപ്പോൾ.. എന്നെ വിളിച്ചത് പോലെ മോളേയും വിളിക്കുന്നു.. അവൾ മുഴുവൻ പല്ലും കാട്ടി ചിരിച്ചു നിന്നു. “മോളുടെ അച്ഛൻ എവിടെയാണ്..”
“അച്ഛൻ ഇവിടില്ല….” അത് പറഞ്ഞു മുഴുവനാക്കുന്നതിന് മുമ്പ് തന്നെ “ദേ.. ന്റെ അമ്മ വന്നു..” എന്ന് പറഞ്ഞ് അവൾ പുറത്തേക്ക് ഓടിപ്പോയി.. പടിപ്പുര കടന്ന് മുറ്റത്തേക്ക് വന്ന സ്കൂട്ടറിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് കാൽപാദം മുതൽ മേലേക്ക് പടർന്നു കയറിയ ഒരു വിറയൽ… തന്റെ മീനു… അവളത് പോലെ തന്നെ..
കുറച്ച് കൂടി സൗന്ദര്യം കൂടിയെന്ന് തോന്നുന്നു.. “അമ്മേ… ദേ ആരോ കാണാൻ വന്നിരിക്കുന്നു..” “ആരാണെന്ന് ചോദിച്ചില്ലേ നീ..” “ഇല്ല അമ്മയെ കാണാനാണെന്ന് പറഞ്ഞു..” അകത്തേക്ക് കയറി വന്ന മീനാക്ഷി മുന്നിൽ നിൽക്കുന്ന ജയനെ അൽഭുതത്തോടെ നോക്കി.. ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് ജയന്.
എങ്കിലും ആ കണ്ണുകളും നോട്ടവും പഴയത് പോലെ.. “മീനൂ….” താൻ അങ്ങനെ വിളിച്ചത് മീനാക്ഷി കൊതിച്ചിരുന്നുവോ.. “ജയാ… ഞാൻ….”
തന്റെ മുന്നിൽ ക്ഷമാപണം പോലെ കൈകൂപ്പി നിന്നു മീനാക്ഷി.. “ഏയ്.. സാരമില്ല മീനൂ… നീ ഒരു പാവം പെൺകുട്ടി.. എനിക്കറിയാം.. നിനക്ക് ഒരുപാട് പരിമിതികളുണ്ടാവും.. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയതാവുമെന്നെനിക്ക് മനസ്സിലാകും… എന്തായാലും നീ സന്തോഷത്തോടെ ജീവിക്കുന്നു എന്നറിഞ്ഞല്ലോ… തൃപ്തിയായി.. മനസ് നിറഞ്ഞു.. നിന്റെ മോളെ കണ്ടു.. നിന്നെപ്പോലെ സുന്ദരി കുട്ടിയാണ്… അവളുടെ അച്ഛൻ എവിടെയാണ്…” മീനുവിന്റെ കണ്ണുകൾ കുന്തിപ്പുഴ പോലെ നിറഞ്ഞു കവിഞ്ഞൊഴുകി.. “അമ്മേ… ആരാമ്മേ.. ഇത്…”
വാക്കുകൾ കിട്ടാതെ നിന്ന് പരുങ്ങി മീനാക്ഷി.. അകത്ത് നിന്ന് അവിടേക്ക് വന്ന അമ്മ ഒരു നിമിഷം ആളെ മനസ്സിലാവാതെ നോക്കി നിന്നു.. “ഈശ്വരാ… ജയൻ.. മോനേ.. എപ്പോഴാണ് നീ വന്നത്.. ഞാനറിഞ്ഞില്ലല്ലോ നീ വന്നത്..” “അമ്മേ.. എന്നെ മറന്നിട്ടില്ല ല്ലേ… ഒരുപാട് സന്തോഷം..” ജയശ്രീക്ക് വന്നത് ഏതോ സ്വന്തക്കാരാണെന്ന് മനസിലായി… “മോളേ.. ജയേ.. വാ.. ഇവിടെ വാ..”
ജയന്റെ അടുത്ത് കൊണ്ട് നിർത്തി അവളെ.. “നീ ചോദിക്കാറില്ലേ… നിന്റെ അച്ഛൻ എവിടെയാണെന്ന്… ദേ.. ഇതാണ് നിന്റെ അച്ഛൻ.. ജയൻ..” കേട്ടതൊന്നും മനസ്സിലാവാതെ മീനാക്ഷിയുടെ മുഖത്തേക്ക് നോക്കി ജയൻ.. “നമ്മുടെ മോളാണ്..” മീനാക്ഷി വിതുമ്പി.
ഒന്നും മനസ്സിലായില്ല എങ്കിലും മുന്നിൽ തന്നെ പ്രതീക്ഷയോടെ നോക്കി നിൽക്കുന്ന ജയശ്രീയെ ചേർത്ത് പിടിച്ച് നെറുകയിൽ ഉമ്മ വെച്ചു. അവൾ തന്നോട് ഒട്ടി നിന്നു.. “അച്ഛാ…”
മന്ത്രണം പോലെ വിളിച്ചത് ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നു… തന്നെയും ഒന്ന് ചേർത്ത് പിടിച്ചിരുന്നു എങ്കിലെന്ന പോലെ നിൽക്കുന്ന മീനാക്ഷിയേയും നെഞ്ചിലേക്ക് ചേർത്ത് നിർത്തി… “ജയാ… ഞാൻ… ജയനെപ്പോലെ ഒറ്റപ്പെട്ടവളെ കണ്ടപ്പോൾ… ഞാനെന്റെ മോളാക്കി..” “ഓഹ്… അങ്ങനെ നമ്മുടെ മോളായി ല്ലേ…” “ഊം…”
ആ നിമിഷം ഹൃദയം വിടർന്ന് സൂര്യകാന്തി പൂ പോലെ മനോഹരമായി… തന്റെ മീനുവിന്റേയും മോളുടേയും നെറുകയിൽ മാറി മാറി കൊടുത്ത മുത്തങ്ങൾ ഇത്രയും കാലത്തെ തന്റെ കാത്തിരിപ്പിന്റെ സാഫല്യമായിരുന്നു…..
(രചന. ജംഷീർ പറവെട്ടി) ________
അനാഥരാരും അവരുടെ കുറ്റം കൊണ്ടല്ല പിറവിയെടുത്തത്.. കാമഭ്രാന്ത് മൂത്ത ആരുടെയൊക്കെയോ അഭിമാനം സംരക്ഷിക്കാൻ വേണ്ടിയുള്ള ക്രൂരതയുടെ പാവം ഇരകൾ… ചേർത്ത് പിടിക്കാൻ ഒരേട്ടനേയും ചേച്ചിയേയുമൊക്കെ എന്നും സ്വപ്നം കാണുന്നവർ… മോളേ എന്ന് വിളി കേൾക്കാൻ ഈ ലോകത്തോളം ആശയുള്ളവർ… അവരെ ചേർത്ത് പിടിക്കാൻ നമുക്ക് കഴിഞ്ഞാൽ അതുമൊരു പുണ്യമാണ്… ഒരുപാട് നേർച്ചകളേക്കാൾ പ്രതിഫലം ലഭിക്കുന്ന പുണ്യം…
✒️. Jamsheer Paravetty