Categories
Uncategorized

അന്ന് രാത്രി ഷാൻ കബീർ പൊട്ടിക്കരഞ്ഞ് നന്നായി മൂടി പുതച്ച് കിടന്നുറങ്ങി, അവൻ മനസ്സിൽ പിറുപിറുക്കുന്നത് ആരും കേട്ടില്ല

രചന: ഷാൻ കബീർ

ഒരു കുതിരയെപ്പോലെ അവളുടെ ശരീരത്തിലൂടെ ഷാൻ കുതിച്ചു പാഞ്ഞു. തന്റെ പന്തയ കുതിര ഒന്നാമതായി ഫിനിഷ് ചെയ്യുമ്പോഴുള്ള വാതുവെപ്പുകാരന്റെ അവസ്ഥയായിരുന്നു അവള്‍ക്ക്. നീട്ടി വളര്‍ത്തി ചായം തേച്ച് മിനുക്കിയ നഖങ്ങൾ ഷാനിന്റെ ശരീരത്തിലൂടെ ഇഴഞ്ഞു നീങ്ങി. ആവേശത്തിന്റെ ഫിനിഷിംഗ് പോയിന്റിലേക്ക് അവനേയും കൊണ്ട് കുതിച്ചു പായുമ്പോഴാണ് അവളുടെ കാതില്‍ അലാറത്തിന്റെ ശബ്ദം മുഴങ്ങിയത്. നിറുത്താതെയുള്ള അലാറത്തിന്റെ അലർച്ച സുന്ദരമായ ആ സ്വപ്നത്തിൽ നിന്നും അവളെ വലിച്ചുണർത്തി. സ്വപ്നത്തിന്റെ ഹാംഗോവറിൽ നിന്നും മോചിതയാവാൻ അവള്‍ക്ക് കുറച്ച് സമയമെടുത്തു. കിടക്കയില്‍ നിന്നും എഴുന്നേറ്റ്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് തന്റെ ശരീര സൗന്ദര്യം തിരിഞ്ഞും, മറിഞ്ഞും നോക്കി ആസ്വദിച്ചു. ദൈവം ഒരു ശിൽപിയായി തങ്കത്തിൽ കൊത്തിയെടുത്തതാണോ അവളുടെ ശരീരം എന്ന് പലരും ആശ്ചര്യപ്പെട്ടിരുന്നു. അതി സുന്ദരി ആയിരുന്നു. വിവാഹിതയും പത്ത് വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ അമ്മകൂടിയാണ് അവള്‍.

വേലി ചാടാൻ മുട്ടി നില്‍ക്കുന്ന എല്ലാ കൊച്ചമ്മമാരുടെയും പോലെ ബിസിനസ്സ് ബിസിനസ്സ് എന്ന് പറഞ്ഞ് നെട്ടോട്ടമോടുന്ന ഒരു ഭർത്താവായിരുന്നു അവളുടേതും. താന്‍‍ ആശിച്ചത് പോലത്തെ സുഖവും ജീവിതവും കൊടുക്കാന്‍ പറ്റാത്ത ഭർത്താവിനോട് അവള്‍ക്ക് പുച്ഛമായിരുന്നു, പരമ പുച്ഛം. തന്റെ ഭർത്താവിൽ നിന്നും കിട്ടാത്ത സുഖവും സംതൃപ്തിയും തേടി അലഞ്ഞ അവള്‍ ഒടുവില്‍ അത് കണ്ടെത്തിയത് അടുത്ത വീട്ടിൽ താമസിക്കുന്ന ഷാൻ കബീർ എന്ന പൈങ്കിളി എഴുത്തുകാരനിൽ ആയിരുന്നു. ഷാനുമായി അന്ന് രാത്രി ഫോണില്‍ മണിക്കൂറുകളോളം സംസാരിച്ചതിന്റെ തുടര്‍ച്ചയായിരുന്നു ആ സ്വപ്നം. ഷാനുമായി അവള്‍ ഒരുപാട് തവണ സംസാരിച്ചിട്ടുണ്ടെങ്കിലും അന്നത്തെ ഫോണ്‍ കോളിന് പ്രത്യേകതകൾ ഏറെയായിരുന്നു.

മാസത്തില്‍ അഞ്ചു ദിവസമെങ്കിലും അവളുടെ ഭർത്താവ് ബിസിനസ്സ് ടൂറിലായിരിക്കും. അപ്പോഴൊക്കെ തന്റെ കുഞ്ഞിനെ ഉറക്കി കിടത്തി ഷാനിനെ വീട്ടിലേക്ക് ക്ഷണിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും സദാചാര പോലീസിനെ ഭയന്ന് അവള്‍ അതിന് മടിച്ചു. ഇപ്പോൾ തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കുവാൻ അവള്‍ക്ക് ഒരു സുവർണ്ണാവസരം ലഭിച്ചിരിക്കുകയാണ്. ഭർത്താവ് അടുത്ത ആഴ്ച ബിസിനസ്സ് ആവശ്യത്തിനു വേണ്ടി വിദേശത്ത് പോവുകയാണ്. മകന്‍ സ്കൂളില്‍ നിന്ന് ടൂറും പോവുകയാണ്. ഈ സുവർണ്ണാവസരത്തിൽ അവളും തീരുമാനിച്ചു ഒരു യാത്ര പോകാൻ. തന്റെ മനസ്സിളക്കിയ ഷാൻ കബീറിനോടൊപ്പമുള്ള യാത്ര. തന്റെ ഉറക്കം കെടുത്തിയിരുന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാൻ വേണ്ടിയുള്ള യാത്ര.

ഭർത്താവും മകനും പോയ ദിവസം തന്നെ അവൾ സ്വന്തം കാറില്‍ ഷാനുമൊന്നിച്ച് സുഖം തേടിയുള്ള യാത്ര ആരംഭിച്ചു. സ്വന്തം നാട് കഴിയുന്നതുവരെ അവര്‍ ക്ഷമയോടെ കാത്തിരുന്നു. നാട് കഴിഞ്ഞതും ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കാർ നിറുത്തിയിട്ട് അവർ പരസ്പരം ലീലാവിലാസങ്ങൾ ആരംഭിച്ചു. പക്ഷെ കാറിനുള്ളിലെ കേളി രണ്ടു പേർക്കും അത്ര ബോധിച്ചില്ല. ആരെങ്കിലും കണ്ടാലോ എന്നുള്ള ഭയം കാരണം പൂര്‍ണ സമർപ്പണത്തിന് രണ്ടു പേർക്കും സാധിച്ചില്ല. നാലു ചുവരുകൾക്കുള്ളിൽ ആരെയും ഭയക്കാതെ തങ്ങളുടെ ആഗ്രഹം നിറവേറ്റാൻ അവര്‍ തീരുമാനിച്ചു. അവര്‍ യാത്ര തുടര്‍ന്നു. തണുപ്പും തേടി അവര്‍ ഊട്ടിയിലേക്ക് യാത്ര തിരിച്ചു.

ചിരിയും കളിയുമായി അവര്‍ ഒരുപാട് ദൂരം സഞ്ചരിച്ചു. ചീറി പാഞ്ഞു പോയിരുന്ന കാർ പെട്ടെന്ന് നിശ്ചലമായി. അവര്‍ എത്ര ശ്രമിച്ചിട്ടും കാർ സ്റ്റാർട്ട് ആയില്ല. അപ്പോഴാണ്‌ അവരുടെ അടുത്തേക്ക് അറുപതിനോട് അടുത്ത് പ്രായമുള്ള ഒരു വൃദ്ധൻ കടന്ന് വരുന്നത്. അയാള്‍ കാര്യം തിരക്കിയപ്പോൾ കാർ ബ്രേക്ക് ഡവ്ൻ ആയ കാര്യം അവര്‍ പറഞ്ഞു.അയാൾ കാർ സ്റ്റാർട്ടാക്കി കൊടുത്തു. നന്ദി പറഞ്ഞ്‍ പോകാനൊരുങ്ങിയപ്പോൾ അവരോട് അയാള്‍ ഒരു സഹായം ആവശ്യപ്പെട്ടു

“ഇനിയങ്ങോട്ട് കാട്ടിലൂടെയുള്ള യാത്രയാണ് ഈ കാട് കഴിഞ്ഞാല്‍ എന്റെ വീടാണ്. അതുവരെ എന്നെ നിങ്ങളുടെ കാറില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുമോ..?”

അയാളെ തങ്ങളുടെ കൂടെ യാത്ര ചെയ്യിക്കാൻ അവര്‍ക്ക് അത്ര താല്‍പ്പര്യം ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ ആപത്തിൽ സഹായിച്ചയാളെല്ലേ എന്നു കരുതി മനസ്സില്ലാ മനസ്സോടെ അവര്‍ സമ്മതിച്ചു. തന്റെ പക്കലുള്ള രണ്ട് ചെറിയ പെട്ടികൾ കാറിന്റെ ഡിക്കിയിൽ വെച്ച് അയാള്‍ അവരോടൊപ്പം യാത്ര ആരംഭിച്ചു. മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന കാട്ടിലൂടെയുള്ള യാത്ര.

അയാള്‍ ഒരു പ്രവാസിയാണന്ന് കയ്യിലെ പെട്ടികൾ കണ്ടപ്പോള്‍ അവര്‍ക്ക് മനസ്സിലായി. എയര്‍ പോർട്ടിലേക്ക് വീട്ടുകാരൊന്നും വന്നില്ലേ എന്ന് ഷാൻ തിരക്കിയപ്പോൾ വീട്ടുകാര്‍ എന്നു പറയാന്‍ ഒരുപാട് പേരൊന്നുമില്ലന്നും ആകെ സ്വന്തമെന്ന് പറയാനുള്ളത് വയസ്സിയായ തന്റെ ഭാര്യ മാത്രമേ ഒള്ളൂ എന്നും പറഞ്ഞ് അയാള്‍ ചെറുതായൊന്നു പുഞ്ചിരിച്ചു. അയാളുടെ സംസാരങ്ങളിൽ നിന്നും അവര്‍ക്ക് ഒരു കാര്യം വ്യക്തമായി. അയാള്‍ തന്റെ ജീവനേക്കാൾ ഏറെ ഭാര്യയെ സ്നേഹിക്കുന്നുണ്ടെന്ന്.

അയാളോട് ഷാൻ ഓരോ കാര്യങ്ങള്‍ താൽപര്യത്തോടെ ചോദിച്ചു കൊണ്ടിരുന്നു. നിങ്ങളുടെ വിവാഹം പ്രണയ വിവാഹമോ അതോ വീട്ടുകാര്‍ ആലോചിച്ച് നടത്തിയതോ. എന്നിങ്ങനെയുള്ള ഷാനിന്റെ ചോദ്യങ്ങള്‍ അവള്‍ക്ക് അത്ര രസിച്ചില്ല. എത്രയും പെട്ടെന്ന് കാടൊന്നു കഴിഞ്ഞ് കിട്ടിയാല്‍ മതിയായിരുന്നു എന്ന് അവൾ മനസ്സില്‍ പിറുപിറുത്തു. തങ്ങളുടേത് ഒരു പ്രണയ വിവാഹമായിരുന്നില്ല എന്നും, വർക്ക് ഷോപ്പ് തൊഴിലാളിയായ തനിക്ക് വേണ്ടി വീട്ടുകാര്‍ കണ്ടു പിടിച്ചു തന്ന മാലാഖയാണ് തന്റെ ഭാര്യ എന്നും പറഞ്ഞ് അയാള്‍ വാചാലനായി

“സാധാരണ കല്യാണത്തിനു മുമ്പ് കാമുകീ കാമുകൻ മാരുടെ പ്രധാന ശത്രുക്കൾ അവരുടെ വീട്ടുകാര്‍ തന്നെയാണല്ലോ, പക്ഷെ കല്യാണത്തിനു ശേഷം അവരായിരിക്കും അടുത്ത മിത്രവും. പക്ഷെ എന്റെയും ഭാര്യയുടെയും ജീവിതത്തില്‍ ഇതിന് നേരെ വിപരീതമായിരുന്നു സംഭവിച്ചത്. കല്യാണത്തിനു മുമ്പ് മിത്രങ്ങളായിരുന്ന ഞങ്ങളുടെ വീട്ടുകാര്‍ വിവാഹത്തിനു ശേഷം അഘാത പ്രണയത്തിലായിരുന്ന ഞങ്ങളെ വേർപിരിക്കാൻ ശ്രമിച്ചു. അതിനുള്ള വീട്ടുകാരുടെ കാരണവും ശക്തമായിരുന്നു.കല്യാണം കഴിഞ്ഞ് കുറച്ച് കാലം കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലു കാണാന്‍ സാധിക്കാത്തത് കൊണ്ട് വീട്ടുകാരുടെ നിര്‍ദേശ പ്രകാരം ഒരു ഡോക്ടറെ പോയി കണ്ടു. എനിക്ക് ഒരിക്കലും ഒരു കുട്ടിയുടെ അച്ഛന്‍ ആകാന്‍ സാധിക്കില്ല എന്ന എന്ന സത്യം വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ ഒരു കുഞ്ഞിക്കാലു കാണാന്‍ കാത്തിരുന്ന അവര്‍ക്ക് അത് വലിയ ഒരു ആഘാതമായി. രണ്ടു പേരുടെയും വീട്ടുകാര്‍ ഒന്നിച്ച് ഒരു തീരുമാനത്തില്‍ എത്തി. വിവാഹ മോചനം”

അയാള്‍ ഒന്നു നിറുത്തിയിട്ട് വീണ്ടും തുടര്‍ന്നു

“എനിക്കു വേണ്ടി സ്വന്തവും ബന്ധവുമെല്ലാം ഉപേക്ഷിച്ച് അവള്‍ എന്റെ കൂടെ പോന്നു. ആരും തേടി വരാത്ത ഈ കാടിനപ്പുറത്തുള്ള നാട്ടില്‍ ഇന്നും കാമുകീ കാമുകൻമാരായി ഞങ്ങള്‍ ജീവിക്കുന്നു”.

ഇത്രയും പറഞ്ഞ് അയാള്‍ കുറച്ചു സമയം മിണ്ടാതെയിരുന്നു. ഈ സമയത്ത് അയാളെ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി അവള്‍ ചോദിച്ചു

“ഇത്രയും സ്നേഹിക്കുന്ന ഭാര്യയെ വിട്ട് പിന്നെ എന്തിനാ വിദേശത്തൊക്കെ പോയി കഷ്ടപ്പെടുന്നത്, ഉള്ളത് കൊണ്ട് രണ്ടു പേർക്കും സന്തോഷത്തോടെ ജീവിച്ചാൽ പോരെ,ഭാര്യക്കും കാണില്ലേ ആഗ്രഹവും മോഹവുമൊക്കെ.”

അതിനുള്ള ഉത്തരം വളരെ ലളിതമായി അയാള്‍ അവള്‍ക്ക് പറഞ്ഞു കൊടുത്തു

“ഈ കെട്ടുബന്ധമെന്നാൽ കട്ടിലില്‍ കിടന്നു ചെയ്യുന്ന ബന്ധം മാത്രമല്ല, അതൊരു സമർപ്പണമാണ്. ജീവിതാവസാനം വരെ തുണയായി വിശ്വാസത്തോടെ ജീവിക്കണം എന്ന ഒരു ആവേശമാണ്.”

അയാളുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ അത്രയും നേരം അവളുടെ മനസ്സില്‍ ഇല്ലാതിരുന്ന രണ്ട് മുഖങ്ങള്‍ തെളിഞ്ഞു വന്നു. തന്റെ ഭർത്താവിന്റെയും മകന്റയും മുഖങ്ങള്‍. കാമം എന്ന വികാരത്തിന് പകരം കുറ്റബോധം എന്ന അവസ്ഥ അവളുടെ മനസ്സില്‍ പ്രവേശിച്ചു, അവളുടെ ചിന്തയില്‍ ഭർത്താവും മകനും മാത്രമായി.

അവള്‍ ആ ഒരു അവസ്ഥയില്‍ മുഴുകിയിരിക്കുമ്പോഴാണ് കാറിന്റെ വെളിച്ചത്തില്‍ ഒരു സ്ത്രീ എതിരെ വന്ന കാറില്‍ നിന്നും തെറിച്ചു വീഴുന്നത് കണ്ടത്. ഷാനിനോട് ഉടന്‍ കാർ നിറുത്താൻ ആവശ്യപ്പെട്ടു. കാർ നിറുത്തി അവര്‍ ആ സ്ത്രീയുടെ അടുത്തേക്ക് പോയി. ഭാഗ്യത്തിന് അവൾക്ക് ഒന്നും പറ്റിയില്ലായിരുന്നു. അവള്‍ക്ക് കുടിക്കാൻ അവര്‍ വെള്ളം കൊടുത്തു. ഈ കൊടും കാടിന് നടുവില്‍ അവളെ ഉപേക്ഷിച്ചവരെ കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ അവരെ ദയനീയമായി ഒന്നു നോക്കി

“ഈ കാട് കഴിഞ്ഞുള്ള അടുത്ത ഗ്രാമത്തിൽ എന്റെ വീടാണ്. അതുവരെ നിങ്ങളുടെ കൂടെ യാത്ര ചെയ്യാന്‍ എന്നെ അനുവദിക്കുമോ..?”

അവളെ ആ കാടിന്റെ നടുക്ക് വിട്ടു വരാന്‍ അവര്‍ക്കും മനസ്സ് വന്നില്ല. അങ്ങനെ അവരുടെ കാട്ടിലൂടെയുള്ള യാത്രയില്‍ അവളും പങ്ക് ചേര്‍ന്നു.

അവള്‍ ഒരു വേശ്യയായിരുന്നു. കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ സ്വന്തം ശരീരം മറ്റുള്ളവര്‍ക്ക് വേണ്ടി സമര്‍പ്പിച്ച സ്ത്രീ. ഇപ്പോള്‍ കാടിന്റെ നടുവില്‍ ഒറ്റപ്പെട്ടതും അവളുടെ തൊഴിലിന്റെ ഭാഗമായിരുന്നു. മദ്യത്തിന്റെ ലഹരിയിലായിരുന്ന കാമ പിശാചുക്കളാണ് അവളെ നടു കാട്ടിൽ തള്ളിയിട്ടത്. അവൾ ഒരു ഒരു വേശ്യയാണ് എന്നറിഞ്ഞപ്പോൾ വൃദ്ധൻ അവളോട് ചോദിച്ചു

“എന്തിനാ മോളേ ഇങ്ങനെയുള്ള നീചമായ കാര്യങ്ങള്‍ക്ക് പോകുന്നത്”

ആ ചോദ്യത്തിനുള്ള മറുപടി നിറ കണ്ണുകളോടെയാണ് അവള്‍ പറഞ്ഞത്

“എന്റെ ഭർത്താവല്ലാതെ ഒരുത്തനുമായും ഞാന്‍ സുഖത്തിനു വേണ്ടി കിടക്ക പങ്കിട്ടിട്ടില്ല. കാശിന് വേണ്ടി ഞാന്‍ കിടന്നതും സുഖത്തിന് വേണ്ടി കിടന്നതും രണ്ടും രണ്ടാണ്. എന്റെ ശരീരം വിറ്റിട്ടായാലും ഒരു കുടുംബത്തെ പട്ടിണിക്കിടാതെ ഞാന്‍ നോക്കുന്നുണ്ട്. എന്റെ ഭര്‍ത്താവ് മരിക്കുന്നത് വരെ ഞാന്‍ അദ്ദേഹത്തെ ചതിക്കുകയോ വഞ്ചിട്ടോ ചെയ്തിട്ടില്ല. ചില കൊച്ചമ്മമാരെപ്പോലെ കാമം തീർക്കാനല്ല ഞാന്‍ കിടക്ക പങ്കിടുന്നത് പട്ടിണി മാറ്റാനാണ് സാര്‍. വിശന്നു കരയുന്ന എന്റെ കൈകുഞ്ഞിന് മുലയൂട്ടാൻ വരെ എനിക്ക് വെറുപ്പാണ്. പാനും, മദ്യവും, സിഗററ്റും, കഞ്ചാവും ഉപയോഗിക്കുന്ന ആളുകള്‍ ആ ലഹരി നിറഞ്ഞു നില്‍ക്കുന്ന ചുണ്ടുകൾ കൊണ്ട് എന്റെ മാറത്ത് ആർത്തിയോടെ കാമ കേളികൾ നടത്തുമ്പോൾ അതേ മാറുകൊണ്ട് എന്റെ കുഞ്ഞിനെ ഞാന്‍ എങ്ങനെ മുലയൂട്ടും സാര്‍”

അവള്‍ വിങ്ങി, വൃദ്ധൻ അവളെ ആശ്വസിപ്പിച്ചു.

സുഖം തേടിയുള്ള തന്റെ യാത്രയില്‍ ക്ഷണിക്കപെടാതെ എത്തിയ രണ്ടു അതിഥികളുടെ ജീവിതം അവളിലെ കാമത്തെ നശിപ്പിച്ചു. പിന്നെ ആ കാട് തീരുന്നത് വരെ നാലു പേരും നിശബ്ദരായി. എത്രയും പെട്ടെന്ന് വീട്ടിലേക്ക് തിരിച്ചു പോകണം എന്ന അവസ്ഥയില്‍ ആയി അവള്‍. കാട് കഴിഞ്ഞു, വൃദ്ധന്റെ നാടെത്തി. അവര്‍ അയാളെ അവിടെയിറക്കി.വൃദ്ധൻ മൂന്നുപേരെയും വീട്ടിലേക്ക് ക്ഷണിച്ചു. ഷാനിന് അയാളുടെ ഭാര്യയെ കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അവള്‍ എത്രയും വേഗം വീട്ടിലേക്ക് തിരിച്ചു പോകണം എന്ന അവസ്ഥയിൽ ആയിരുന്നു. തീര്‍ച്ചയായും ഞങ്ങള്‍ പിന്നീടൊരിക്കൽ വരാം എന്നും പറഞ്ഞ് അവര്‍ പോകാനൊരുങ്ങിയപ്പോൾ അയാള്‍ മറ്റെ സ്ത്രീയെ നോക്കി

“എന്റെ ഈ പെട്ടിയില്‍ കുറച്ച് കളിപ്പാട്ടങ്ങളും മിഠായികളും ഉണ്ട് അത് മോളുടെ മക്കള്‍ക്ക് കൊടുക്കണം. ഞാനും ഭാര്യയും മോളെ വീട്ടില്‍ കൊണ്ടു വിടാം”

അവള്‍ ആ കാറില്‍ നിന്നും ഇറങ്ങി. ഈ യാത്രയില്‍ തനിക്കൊരു മകളെ സമ്മാനിച്ചതിന് അയാള്‍ നിറകണ്ണുകളോടെ അവരോട് നന്ദി പറഞ്ഞു. തനിക്ക് പുതിയൊരു ജീവിതം തന്നതിന് അവളും അവരോട് നന്ദി പറഞ്ഞു.‍ രണ്ടു പേരും നടന്നു നീങ്ങി.

അവര്‍ വണ്ടി നാട്ടിലേക്ക് തിരിച്ചു വിട്ടു. വീട്ടിലേക്കുള്ള യാത്രയില്‍ അവള്‍ ഒരു ക്ഷേത്രത്തില്‍ കയറി തന്റെ ഭര്‍ത്താവിന്റെയും മകന്റെയും ദീർഘായുസ്സിനും, ആരോഗ്യത്തിനും വേണ്ടി വെടി വഴിപാട് നേർന്നു. തിരിച്ച് വീട്ടിലെത്തിയ അവള്‍ ആദ്യമായി തന്റെ ഭര്‍ത്താവിനെ സ്വപ്നം കണ്ടുറങ്ങി. കാമവും സ്നേഹവും രണ്ടും രണ്ടാണ് എന്ന് തന്നെ പഠിപ്പിച്ച ആ ക്ഷണിക്കപെടാത്ത അതിഥികളോട് മനസ്സില്‍ ആയിരം വട്ടം അവള്‍ നന്ദി പറഞ്ഞു…

അന്ന് രാത്രി ഷാൻ കബീർ പൊട്ടിക്കരഞ്ഞ് നന്നായി മൂടി പുതച്ച് കിടന്നുറങ്ങി, അവൻ മനസ്സിൽ പിറുപിറുക്കുന്നത് ആരും കേട്ടില്ല

“ആ കിളവനും പെണ്ണിനും വരാൻ കണ്ട നേരം &%₹#@”

രചന: ഷാൻ കബീർ

Categories
Uncategorized

എന്റെ നിഷേ ഇപ്പൊ വന്നാൽ ശരിയാവില്ല എനിക്ക് വരാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലെന്നേ…

രചന : നിരഞ്ജൻ എസ് കെ

ദേ ദേവേട്ടാ രണ്ടു വർഷം കഴിഞ്ഞില്ലേ നിങ്ങള് പോയിട്ട് എന്നിട്ട് പിന്നേം കുറച്ചൂടെ കഴിയട്ടെ എന്നാണോ പറയുന്നത്…

എനിക്ക് വരാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലെന്നേ…

പിന്നെന്താണ് നിങ്ങക്ക് എന്നേം പിള്ളേരേം കാണണം എന്നൊന്നുമില്ലേ

ഡീ ചങ്കിൽ കൊള്ളണ വർത്താനം പറയരുത് ട്ടാ ഇവിടെ കിടന്നു രാപകൽ ഇല്ലാതെ കഷ്ടപ്പെടുന്നത് നിനക്കും പിള്ളേർക്കും വേണ്ടിയിട്ടാണ്….

പിന്നെന്താ നിങ്ങക്കൊന്നു വന്നാൽ നിങ്ങക്ക് കാണണം എന്നില്ലേലും എനിക്ക് കാണണം എന്നുണ്ട്…

അത് കൊണ്ടല്ലെടി നിനക്ക് അറിയാവുന്നത് അല്ലേ വീട് വച്ച കടം തന്നെ ഇതുവരെയും തീർന്നിട്ടില്ല മാസാമാസം ഒരുറുപ്പിക പോലും മാറ്റി വയ്ക്കാതെ അല്ലേ ഞാൻ നാട്ടിലേക്ക് പൈസ അയക്കണത് എന്റെ കയ്യിൽ ഒരഞ്ചിന്റെ പൈസ ഇല്ല അതിനിടയിൽ ഞാൻ എങ്ങനെ ലീവിന് വരാനാണ്….

ടിക്കറ്റ് കമ്പനി തരില്ലേ പിന്നെന്താ…

എന്റെ നിഷേ നീ ഒരുമാതിരി കൊച്ചുപിള്ളേരെ പോലെ സംസാരിക്കല്ലേ ടിക്കറ്റ് മാത്രം മതിയോ ഒരുപാട് സാധനം മേടിക്കണം നാട്ടിൽ വന്നാൽ കുറച്ചു നാൾ പിടിച്ചു നിൽക്കണം അതിനൊക്കെ എത്ര ചിലവുണ്ട് എന്നറിയോ….

അതൊക്കെ എനിക്കറിയാം നാട്ടിൽ വന്നാൽ ഉള്ള ചിലവ് അല്ലേ അതോർത്തു ചേട്ടൻ പേടിക്കേണ്ട അതിന് ഞാൻ എന്റെ ഒരു വള പണയം വയ്ക്കാൻ തരാം നിങ്ങള് ഇങ്ങ് വന്നാൽ മതി ഒന്ന് നേരിട്ട് കാണാൻ അത്രേം ആഗ്രഹം ഉള്ളോണ്ടല്ലേ ദേവേട്ടാ…

അതൊന്നും ശരിയാവില്ല വളയൊന്നും പണയം വയ്‌ക്കേണ്ട ആകെ ഒരു തരി പൊന്നെന്ന് പറയാൻ ആ വളയും മാലയുമെ ഉള്ളൂ ഇതിലും വല്ല്യ അത്യാവശ്യം വന്നിട്ട് വച്ചില്ല അപ്പോഴാണ്….

ദേ മനുഷ്യാ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ

എന്റെ മുത്തല്ലേടി കുറച്ചു നാൾ കൂടെ ഒന്ന് കഴിഞ്ഞോട്ടെ അപ്പൊ പിന്നെ പ്രശ്നം ഇല്ലല്ലോ….

എന്നെ മുത്തേ തേനേ എന്നൊന്നും വിളിക്കേണ്ട ഒക്കെ സംസാരത്തിൽ മാത്രേ ഉള്ളൂ അല്ലാതെ ഒരു സ്നേഹോം ഇല്ല നിങ്ങക്ക്… ഇവിടെ കുടുംബശ്രീന്ന് ഒക്കെ പറയുന്നത് സത്യാ….

നീ എന്തൊക്കെയാണ് പറയുന്നത് കുടുംബശ്രീന്ന് എന്ത്‌ പറഞ്ഞൂന്നാ…

ഒന്നുല്ല… അടുത്ത മാസം നാട്ടിൽ വന്നേക്കണം ഇല്ലേൽ പിള്ളേരേം കൂട്ടി ഞാൻ എന്റെ വീട്ടിൽ പോകും പറഞ്ഞില്ലെന്നു വേണ്ട….

എടീ ഞാൻ…

ഒന്നും പറയേണ്ട എനിക്ക് അറിയാം എല്ലാം ചേട്ടൻ വന്നാൽ മതി ചിലവിനുള്ള പൈസയേ ഞാൻ കുടുംബശ്രീന്ന് എടുത്തു തന്നേക്കാം……

അവസാനവാചകം പോലെ അവളത് പറയുമ്പോൾ സംസാരം ആർദ്രമായി മാറിയിരുന്നു മറുത്തൊന്നും പറയാൻ കഴിയാതെ സമ്മതം മൂളി ഫോൺ കട്ട്‌ ചെയ്തു….

പതിനൊന്നു വർഷം മുൻപ് താൻ താലി ചാർത്തിയ പെണ്ണ് തന്റെ വിഷമത്തിലും സന്തോഷത്തിലും എന്നും കൂടെ നിന്നവൾ കുടുംബവും വീട് പണിയും എല്ലാം കൂടെ ഒന്നിച്ചു കൊണ്ട് പോകാൻ കഴിയാത്തത് കൊണ്ടായിരുന്നു ഗൾഫുകാരൻ എന്ന ലേബൽ സ്വീകരിച്ചത് ഇത്രയും വർഷത്തിൽ ഒരിക്കൽ പോലും അവളെയോ പിള്ളേരെയോ പിരിഞ്ഞിരുന്നിട്ടില്ല പക്ഷേ ജീവിതം അത് തിരുത്തിക്കുറിച്ചു

തുച്ഛമായ ശമ്പളം മാത്രമേ ഉള്ളൂ എന്നറിഞ്ഞിട്ടും നിവൃത്തികേട് കൊണ്ടായിരുന്നു ജോലിയിൽ തുടർന്നത് ഇപ്പോൾ അതുമായി പൊരുത്തപ്പെട്ടുതുടങ്ങി..

അവൾക്ക്‌ കൊടുത്ത വാക്ക് തെറ്റിക്കാതിരിക്കാൻ അടുത്ത മാസത്തേക്ക് തന്നെ നാട്ടിലേക്ക് ടിക്കറ്റ് എടുത്തു കൂടെയുള്ളവരോട് ഒക്കെയും ചെറിയ ചെറിയ രീതിയിൽ കടം വാങ്ങി പിള്ളേർക്കും അവൾക്കുമുള്ള സാധനങ്ങൾ വാങ്ങിക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു

നാട്ടിലെത്തി സ്വന്തം അധ്വാനത്തിന്റെ ഫലമായ ആ വീട്ടിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു മക്കൾക്കുള്ള കളിപ്പാട്ടങ്ങളും മറ്റും നൽകിയും അവരോട് ചേർന്ന് കളിച്ചും ഒരുപാട് സമയം പോയി രാത്രിയിൽ കിടക്കാൻ നേരം ആയിരുന്നു അവളുടെ ചോദ്യം…

അതേ എനിക്ക് എന്താ കൊണ്ട് വന്നത്…

അത് പിന്നെ…. ഞാൻ…

എന്റെ അവസ്ഥ അറിഞ്ഞിട്ടും അവളത് ചോദിച്ചു പോയല്ലോ എന്നുള്ള മുഖഭാവം അവളിൽ തെളിഞ്ഞതും ഒരു പുഞ്ചിരിയോടെ ആ കാലുകൾ എടുത്തു മടിയിൽ വച്ച് പോക്കറ്റിൽ വച്ചിരുന്ന കൊലുസ് എടുത്തു അതിലണിയിക്കുമ്പോൾ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു…

എന്തിനാ ദേവേട്ടാ ഇതൊക്കെ വാങ്ങി പൈസ കളഞ്ഞേ… ഞാൻ അന്ന് ചുമ്മാ പറഞ്ഞതല്ലേ എനിക്ക് നിങ്ങളെ ഒന്ന് അടുത്ത് കണ്ടാൽ മാത്രം മതി… ചിണുങ്ങി കൊണ്ടവൾ പറയുമ്പോൾ അവനവളെ ചേർത്ത് പിടിച്ചിരുന്നു…

അതേയ് കണ്ണീരും കരച്ചിലുമൊക്കെ പിന്നെ ആദ്യം മോളാ നൈറ്റി ഒന്ന് പൊക്കിയെ ഞാൻ ആ കൊലുസ്സിട്ട കാലൊന്ന് ഫോണിൽ പകർത്തട്ടെ….

കളിയും ചിരിയുമായി രണ്ടുവർഷങ്ങൾക്കിപ്പുറം അവന്റെ കരവലയത്തിൽ കിടക്കുമ്പോൾ പതിയെ ചോദിച്ചു എടിയേ നിന്റെ കുടുംബശ്രീ എപ്പോഴാ….

ദേ മനുഷ്യാ നിങ്ങളിപ്പോ എന്റെ കുടുംബശ്രീടെ കണക്ക് എടുക്കേണ്ട അതൊക്കെ സെറ്റ് ആണ് ഇപ്പൊ എന്റെ പൊന്നു മോൻ ചേർന്ന് കിടന്നേച്ചാൽ മതി….

മൂന്നാല് ദിവസത്തെ ചെറിയ കറക്കവും മറ്റും ഒക്കെ കഴിയുമ്പോഴേക്കും പോക്കറ്റ് കാലി ആവാൻ തുടങ്ങി അടുത്ത ദിവസം ആണ് കുടുംബശ്രീ സാധരണ ട്രോളിലും മറ്റും ഒന്നും കാണുന്നത് പോലെ ഒന്നുമല്ല കുടുംബശ്രീകൊണ്ട് ഇങ്ങനെയും ഉപകാരങ്ങൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ കുടുംബശ്രീക്കാരെ കൊണ്ട് ട്രോളുകൾ ഇറക്കിയവരോട് പുച്ഛം തോന്നി….

പിറ്റേന്ന് സ്വന്തം വീട്ടിൽ വച്ചുള്ള കുടുംബശ്രീയിൽ പങ്കെടുക്കാൻ പത്തു പന്ത്രണ്ടോളം പെണ്ണുങ്ങൾ ഉണ്ടായിരുന്നു അമ്പതിനായിരം കയ്യിലേക്ക് വരുമെന്ന സന്തോഷത്തോടെ മെല്ലെ പുറത്തേക്ക് ഇറങ്ങി

കുടുംബശ്രീ തുടങ്ങാൻ നേരമായിരുന്നു എല്ലാവർക്കും ഒരു പുഞ്ചിരി പാസ്സാക്കി ഒരു സൈഡിലോട്ട് മാറി ഇരുന്നു അപ്പോഴായിരുന്നു കൂട്ടത്തിൽ ഒരാൾ മകൻ കണ്ണനോടായി സംസാരിച്ചു തുടങ്ങിയത്…

അച്ഛൻ വന്നിട്ട് കണ്ണന് എന്താ കൊണ്ട് തന്നത്….

അഞ്ച് വയസ്സിന്റെ നിഷ്കളങ്കതയുമായി അവൻ പറഞ്ഞു തുടങ്ങി കുറേ ചോക്ലേറ്റ് മിട്ടായി പിന്നെ കാർ

അപ്പൊ ദേവൂട്ടിക്കോ… ദേവൂട്ടിക്ക് ഉടുപ്പും പിന്നെ മിട്ടായി, ടെഡിബിയർ ഒക്കെയുണ്ട്…

പറയുന്നത് ഒക്കെയും കേട്ട് ചിരിച്ചങ്ങനെ നിൽക്കുമ്പോൾ ആയിരുന്നു അടുത്ത ചോദ്യം

അച്ഛൻ അമ്മയ്ക്ക് ഒന്നും കൊണ്ടുവന്നില്ലേ…

കൊണ്ട് വന്നല്ലോ അമ്മയ്ക്ക് പാദസരം കൊണ്ട് വന്നു

ആണോ എന്നവർ ആശ്ചര്യത്തോടെ ചോദിച്ചതും വന്നു അടുത്ത മറുപടി

ആ പിന്നെ അച്ഛൻ അത് അന്ന് രാത്രി ഇട്ട് കൊടുത്തു അമ്മേടെ മാക്സി പൊക്കി ഫോട്ടോ ഒക്കെ എടുത്തു…

ചെറുക്കൻ പറഞ്ഞത് കേട്ടതും ഇരുന്ന ഇരുപ്പിൽ ആവിയായി ആ പെണ്ണുങ്ങൾക്കിടയിലൂടെ എങ്ങനെയാണ് പുറത്തേക്ക് വന്നത് പോലും മനസ്സിലായില്ല

കുടുംബശ്രീയെക്കുറിച്ച് മസസ്സിൽ കുറച്ചു മുൻപ് വരെയുള്ള ധാരണകൾ ഒരുദിവസം കൊണ്ട് മാറി മറിഞ്ഞു ഒരൊറ്റ ദിവസം കൊണ്ട് പാദസരം ഒക്കെ എവിടെയോ മാഞ്ഞു മാക്സി പൊക്കി ഫോട്ടോ എടുത്ത കഥ മാത്രം നാട്ടിൽ പാട്ടായി

നാണക്കേട് കാരണം കുടുംബശ്രീയിൽ നിന്നും കിട്ടിയ പൈസയ്ക്ക് തിരിച്ചു ടിക്കറ്റ് എടുത്തു പോകുമ്പോൾ മനസ്സിൽ ചിന്തിച്ചു ഇത്രയും ദാരിദ്ര്യം പിടിച്ച ഒരു ഭർത്താവ് എന്നോളം വേറെ ആരുമുണ്ടാവില്ല

വർഷം മൂന്ന് കഴിഞ്ഞെങ്കിലും ഗൾഫുകാരൻ എന്നതിന് പകരം തുണി പൊക്കി ഫോട്ടോ എടുത്തവൻ എന്ന് പറഞ്ഞാൽ എന്നെ അറിയാത്തതായി ആ നാട്ടിൽ ഇപ്പോ ആരും തന്നെയില്ല

രചന : നിരഞ്ജൻ എസ് കെ

Categories
Uncategorized

ഒരു ചിരിയോടെ അയാളും മറു ചിരിയോടെ ഞാനും നടന്നു. അന്നെന്റെ ചിരിക്ക് എവിടെയൊക്കെയോ ഒരു നഷ്ടത്തിന്റെ വേദന ഉണ്ടായിരുന്നു… കാണാക്കിനാവ്

രചന : ശ്യാം കല്ലുകുഴിയിൽ

” പെൺപിള്ളേര് ആകുമ്പോൾ ഒരു പ്രായമായാലങ്ങ് കെട്ടിച്ചു വിട്ടേക്കണം, അല്ലാതെ വീട്ടിൽ പിടിച്ചു നിർത്തിയിരുന്നാൽ നാട്ടിൽ ഉള്ള ആൺപിള്ളേരെയൊക്കെ കണ്ണും കയ്യും കാട്ടി വിളിക്കും, പക്ഷെ എന്റെ മോനെ അതിനൊന്നും കിട്ടില്ല…”

അന്ന് ഞായറാഴ്ച കിട്ടിയ പൊടിചാള അടുക്കളയ്ക്ക് പുറത്ത് ഇരുന്ന് വൃത്തിയാക്കുമ്പോഴാണ്, വേലിക്ക് അപ്പുറത്ത് നിന്ന് സുമതി ചേച്ചിയുടെ ശബ്ദം ഉച്ചത്തിൽ കേട്ടത്, അവിടേക്ക് തല തിരിക്കുമ്പോൾ നൈറ്റി അരയിൽ തിരുകി അവർ എന്നെയും നോക്കി നിൽപ്പുണ്ട്….

കുറെ നാളായി ഈ പെണ്ണുമ്പിള്ള തുടങ്ങിയിട്ട് ഇന്ന് രണ്ടെണ്ണം കേൾപ്പിക്കണം എന്ന് കരുതി തന്നെയാണ് മീൻ വെട്ടികൊണ്ടിരുന്ന കത്തിയും കൊണ്ട് എഴുന്നേറ്റത്…

” നീയൊന്നും മിണ്ടണ്ട ഗൗരി,.. അവരവിടെ നിന്ന് എന്തോ പറയട്ടെ….”

എഴുന്നേറ്റയുടനെ അടുക്കള വാതിൽ ചാരിനിന്ന അമ്മയുടെ ദയനീയമായ ശബ്ദം കേട്ടു…

” അമ്മ ഒന്ന് മിണ്ടാതെ ഇരുന്നെ,,ഇവരെ ഇങ്ങനെ വിട്ടാൽ പറ്റില്ല കുറെ നാളായി, ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ…”

അത് പറഞ്ഞ് മീൻ കത്തിയുമായി തന്നെയാണ് വേലിക്കരികിലേക്ക് ചെന്നത്….

” ദേ പെണ്ണുമ്പിള്ളേ, കയ്യും കാലും കാട്ടി വിളിക്കാൻ നിങ്ങടെ മോൻ ആരാ ഗന്ധർവ്വനോ, ആ മരമൊന്താ കണ്ട് കൊടുത്താലും മതി… കുറെ നാളായി അവൻ റോഡിൽ പോകുന്നേം വരുന്നേം പെണ്ണുങ്ങളെ കമന്റ് അടിക്കാൻ തുടങ്ങിയിട്ട്, ഇനിയെങ്ങാനും ആ വഴിയിൽ നിന്നാൽ കാലിൽ കിടക്കുന്ന ചെരുപ്പ് ഊരി ആ മോന്തയ്ക്ക് അടിക്കും പറഞ്ഞേക്കാം…”

ചാളയോടുള്ള ദേഷ്യം കൊണ്ടാണെന്ന് തോനുന്നു എന്റെ ശബ്ദവും കുറച്ച് ഉച്ചത്തിൽ ആയിരുന്നു…

” സമയത്ത് കല്യാണം കഴിക്കാത്തതിന്റെ സൂക്കേട് ആണടി നിനക്ക്…” വിട്ട് തരാതെ അവരും വേലിക്കരികിലേക്ക് വന്നു…

” സൂക്കേട് ആർക്കാണെന്നൊക്കെ നമുക്ക് അറിയാം.. നാട്ടുകാർക്ക് പണി ഉണ്ടാക്കാതെ നിങ്ങൾ ആദ്യം നിങ്ങടെ മോനെ മര്യാദയ്ക്ക് നടത്താൻ നോക്ക്….”

അത് പറഞ്ഞു കഴിയും മുന്നേ, സുമേഷ് അവിടേക്ക് എത്തിയിരുന്നു…

” അമ്മ ഒന്ന് മിണ്ടാതെ ഇരുന്നെ,, വന്നേ വന്നേ….”

അതും പറഞ്ഞ് അവൻ സുമതിയുടെ വായും പൊത്തി ഉള്ളിലേക്ക് വിളിച്ചു കൊണ്ട് പോയി….

” ആ വിളിച്ചുകൊണ്ട് പൊയ്ക്കോടാ, അതാണ് നിനക്ക് നല്ലത്….”

അവനെയും തള്ളയെയും നോക്കി അത് പറഞ്ഞ്, അവർ വീട്ടിലേക്ക് കയറി പോകുമ്പോഴും എന്റെ ദേഷ്യം കുറഞ്ഞിരുന്നില്ല, കലി തുള്ളി പറയുമ്പോൾ അഴിഞ്ഞു വീണ മുടിയും ആയി തിരിഞ്ഞു നടക്കുമ്പോഴാണ് വേലിക്ക് അങ്ങേ അറ്റത്തെ വഴിയിൽ ഒരാൾ പരുങ്ങി നിൽക്കുന്നത് കണ്ടത്, അയാളെയും പുച്ഛത്തോടെ നോക്കി വീണ്ടും ചാളയ്ക്ക് അരികിലേക്ക് നടന്നു…

” ഏതോ പിരിവുകാരോ, മറ്റോ ആണെന്ന് തോന്നുന്നു ദേ അവിടെ നിൽപ്പുണ്ട് എന്ത് പറഞ്ഞാലും അഞ്ചിന്റെ പൈസ പോലും കൊടുക്കരുത്, കേട്ടല്ലോ…”

അപ്പോഴും ഒന്നും മിണ്ടാതെ അടുക്കള വാതിലും ചാരി നിൽക്കുന്ന അമ്മയോട് അതും പറഞ്ഞ് വീണ്ടും ചാള വൃത്തിയാക്കാൻ ഇരുന്നു…

” നിനക്ക് ഈ ചട്ടിയിൽ കിടക്കുന്ന ചാള തിന്നൂടെ, വൃത്തിയാക്കി വച്ചേക്കുന്നത് മാത്രേ ഇറങ്ങുള്ളോ….”

മീൻ ചട്ടിക്കരികിൽ ഇരുന്ന് വൃത്തിയാക്കി വച്ചിരുന്നതിൽ നിന്ന് ചാളയും കടിച്ചുപിടിച്ചിരിക്കുന്ന പൂച്ചയോട് അത് പറയുമ്പോൾ അവൾ നാക്ക് കൊണ്ട് ചുണ്ട് നക്കി എന്നെയും നോക്കി ഇരുന്നു…

അപ്പോഴേക്കും ഉമ്മറത്തേക്ക് പോയ അമ്മ അതേ സ്പീഡിൽ തിരിച്ച് എത്തിയിരുന്നു…

” പറഞ്ഞു വിട്ടൊ അതിനെ.. ”

ചാള വൃത്തിയാക്കുന്ന പണിക്കിടയിൽ ഞാൻ അമ്മയോട് ചോദിച്ചു….

” അതേ… അത് നിന്നെ പെണ്ണ് കാണാൻ വന്നതാ…”

അമ്മ വന്ന് ചെവിയിൽ അത് പറയുമ്പോൾ ഞാൻ അമ്മയെ സംശയത്തോടെ നോക്കിയിരുന്നു പോയി…

” അതിന് ഇന്ന് വരുന്ന കാര്യം ഒന്നും പറഞ്ഞിരുന്നില്ലല്ലോ…”

ദയനീയമായാണ് അമ്മയോട് ചോദിച്ചത്…

” എനിക്ക് ഒന്നും അറിയാൻ വയ്യ, അവിടിരിപ്പുണ്ട് ആൾ, നി കയ്യും കാലും കഴുകി വാ…”

അത് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി…

” അല്ലേ തന്നെ ഇനിയിപ്പോ എന്തോന്ന് കാണാൻ, ഞാൻ ആ പെണ്ണുമ്പിള്ളയോട് പറയുന്നതെല്ലാം അങ്ങേര് കേട്ട്, ഇനിയിപ്പോ പ്രത്യേകിച്ച് ഒന്നും പറയേണ്ട കാര്യമില്ലല്ലോ…” മുന്നിൽ വായും തുറന്ന് ഇരിക്കുന്ന പൂച്ചയ്ക്ക് മുന്നിലേക്ക് ഒരു ഫുൾ മത്തി ഇട്ടു കൊടുത്ത് കയ്യും കാലും കഴുകനായി ഞാനും എഴുന്നേറ്റു…

കുളിമുറിയിൽ കയറി രാധാസ് സോപ്പ് കൊണ്ട് നാലഞ്ചു തവണ കയ്യ് കഴുകിയിട്ടും ചാളയുടെ ഉളുമ്പ് നാറ്റം തന്നെ മുന്നിൽ നിൽപ്പുണ്ട്, അല്ലെ തന്നെ മൊത്തം നാറി, അതിനിടയിൽ ഇനി ചാള ആയിട്ട് എന്തിനാ കുറയ്ക്കുന്നെ എന്ന് കരുതി ബാക്കി രാധാസ് വെറുതെ പതപ്പിച്ചു കളയാതെ, കുളിമുറിയിൽ നിന്നിറങ്ങി മുറിയിൽ കയറി ഡ്രെസ്സ് മാറി ചുരിദാറും ഇട്ടുകൊണ്ട് അടുക്കളയിൽ ചെല്ലുമ്പോൾ അമ്മ ചായ ഉണ്ടാക്കി വച്ച് അടുക്കളയിൽ എന്തോ തിരയുകയാണ്…

” അമ്മ എന്താ ഈ നോക്കുന്നെ…”

” ഇവിടെ ഒരു പാത്രത്തിൽ കുറച്ച് ചിപ്സ് ഉണ്ടായിരുന്നല്ലോ…”

എന്നെ നോക്കാതെ തന്നെ അമ്മ വീണ്ടും ഓരോ പാത്രങ്ങളും എടുത്ത് നോക്കുന്നുണ്ട്…

” അത് ഇന്നലെ ഞാൻ തീർത്തു….” അത് പറഞ്ഞോപ്പോഴേക്കും ഞാനെന്തോ അപരാധം ചെയ്തത് പോലെ അമ്മ എന്നെ നോക്കി…

” ഞാനറിഞ്ഞോ ഇന്ന് ആരേലും കെട്ടിയെടുക്കും എന്ന്, അമ്മയുടെ പട്ടി ബിസ്ക്കറ്റ് ഉണ്ടാകുമല്ലോ അത് എടുത്ത് കൊടുക്ക്….”

” എങ്കിലും ബിസ്ക്കറ്റ് മാത്രമായി എങ്ങനെ…..”

അമ്മയുടെ മുഖത്ത് വിഷമം വന്ന് തുടങ്ങി…

” എന്നാ പിന്നെ ഒരു കാര്യം ചെയ്യ് അമ്മ ബിരിയാണി വാങ്ങി കൊടുക്ക്….”

അത് പറഞ്ഞ് ഒരു പാത്രത്തിലേക്ക് ഞാൻ ബിസ്ക്കറ്റ് പൊട്ടിച്ചിട്ടു…

” ദേ ഇതും കൊണ്ട് അങ്ങോട്ട് പോ…”

അമ്മ ചായ ഗ്ലാസ്സിലേക്ക് ഒഴിച്ച് എനിക്ക് നീട്ടി..

” ചായ അമ്മ തന്നെ കൊണ്ട് പൊയ്ക്കോ കയ്യിൽ ചാളയുടെ നാറ്റം പോയില്ല….”

ഞാൻ രണ്ട് കയ്യും മണപ്പിച്ച് അതും പറഞ്ഞ് അമ്മയുടെ മൂക്കിലേക്ക് കയ്യ് കൊണ്ട് ചെന്നു…

” ഉം… ശരിയാ….”

അത് പറഞ്ഞ് ചായയുമായി അമ്മ ഉമ്മറത്തേക്ക് നടക്കുമ്പോൾ അമ്മയുടെ പിന്നാലെ ഒരു കയ്യിൽ ബിസക്കറ്റും മറ്റേ കയ്യ് ഇടയ്ക്ക് ഇടയ്ക്ക് മണപ്പിച്ച് ഞാനും നടന്നു…

ഉമ്മറത്ത് ഇരിക്കുന്ന അയാൾക്ക് അമ്മ ചായ കൊടുത്തപ്പോൾ അയാൾക്ക് മുന്നിലായി ഞാൻ ബിസ്ക്കറ്റ് വച്ചു കൊണ്ട് അമ്മയുടെ അടുത്തായി സ്ഥാനം പിടിച്ചു…

” ഇന്ന് വരുന്ന കാര്യം ബ്രോക്കർ പറഞ്ഞിട്ടില്ലായിരുന്നു, അതുകൊണ്ട് തന്നെ ഒന്നും കരുതിയിട്ടില്ല…”

” അതൊന്നും സാരമില്ലന്നെ, എനിക്ക് ഈ ഏരിയയിൽ രണ്ട് പെണ്ണ് കാണൽ വേറെ ഉണ്ടായിരുന്നു, അപ്പോ പിന്നെ ഇവിടെ കൂടി കയറിയാൽ ആ പണി അങ്ങു കഴിഞ്ഞു കിട്ടുമല്ലോ, അടുത്ത ആഴ്ച്ച മിക്കവാറും വേറെ ആകും റൂട്ട്….”

ചിരിച്ചുകൊണ്ട് അത് പറഞ്ഞ് അയാൾ ബിസ്ക്കറ്റ് എടുത്ത് ചായയിൽ മുക്കി കഴിച്ചു. ആ സംസാരവും പ്രവർത്തിയും കണ്ട് എനിക്കും അമ്മയ്ക്കും ഒരുപോലെ ചിരി വന്നെങ്കിലും ഞങ്ങൾ അത് പുറത്ത് കാണിക്കാതെ ഇരിക്കാൻ ശ്രമിച്ചു…

” നിങ്ങൾ ചിരിക്കുക ഒന്നും വേണ്ട, കെട്ടുപ്രായം ആയ പിള്ളേരുള്ള വീട്ടിലെ സ്ഥിരം പരുപാടി അണല്ലോ ഇതൊക്കെ….” അത് പറഞ്ഞ് അയാൾ വീണ്ടും ബിസ്ക്കറ്റ് കഴിച്ചു….

” എന്റെ പേര് അനിൽ, മിക്കവാറും എല്ലാ വീട്ടിലെയും പോലെ അച്ഛനും അമ്മയും മാത്രമേയുള്ളു വീട്ടിൽ അനിയത്തിയെ കെട്ടിച്ചു വിട്ടു.. ഇവിടെയും അനിയത്തി കൂടി ഉണ്ടെന്ന് പറഞ്ഞിരുന്നല്ലോ…”

എന്നെ നോക്കിയാണ് അയാൾ പറഞ്ഞത്…

” അവൾ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്….”

എനിക്കും മുന്നേ അമ്മ കയറി പറഞ്ഞു കഴിഞ്ഞിരുന്നു….

” മായയെ ഞാൻ ഇടയ്ക്ക് കടയിൽ വച്ച് കണ്ടിട്ടുണ്ട്…”

അയാൾ വീണ്ടും എന്നെ നോക്കി പറയുമ്പോൾ ഞാനും അമ്മയും മുഖത്തോട് മുഖം നോക്കി…

” മായാ അല്ല ഗൗരി എന്നാണ് പേര്…” ” അയ്യോ സോറി കേട്ടോ, നേരത്തെ കണ്ട കൊച്ചിന്റെ പേര് ആയിരുന്നു മായാ മറിപ്പോയതാ സോറി….”

അയാൾ ചമ്മിയ ചിരിയോടെ പറയുമ്പോൾ ഞാനും അമ്മയും ഒരുപോലെ ചിരിച്ചിരുന്നു…

” ഗൗരി മുടി അഴിച്ചിട്ട് നിൽക്കുന്നത് ആയിരുന്നു കേട്ടോ കുറച്ചൂടി ഭംഗി….”

ലേഡീസ് ഷോപ്പിൽ ഇങ്ങേര് ആർക്ക് എന്ത് വാങ്ങാൻ കയറി എന്നും ചിന്തിച്ചു നിൽക്കുമ്പോഴാണ് അയാളുടെ ചമ്മൽ മാറ്റാൻ അങ്ങേര് ഗോളടിച്ച്, അത് കേട്ട് വായ് പൊത്തി ചിരിക്കുന്ന അമ്മയ്ക്ക് ഒരു നുള്ളും കൊടുത്ത് മുഖത്ത് ചമ്മൽ വരുത്താതെ ഇരിക്കാൻ ഞാനും ശ്രമിച്ചു….

” കല്യാണം കഴിഞ്ഞും ജോലിക്ക് പോകുന്നതിനോട് എനിക്ക് എതിർപ്പ് ഒന്നും ഇല്ല കേട്ടോ., അല്ലെ തന്നെ ഒരു കുടുംബം മുന്നോട്ട് പോകാൻ ഒരാളുടെ ജോലി കൊണ്ടൊന്നും പറ്റില്ല. അതുമല്ല ഒരു ജോലി ഉള്ളത് എപ്പോഴും നല്ലതാ, പെട്ടെന്ന് ജീവിതത്തിൽ തനിച്ച് ആയിപ്പോയാലും ആരുടെയും മുന്നിൽ കൈ നീട്ടാതെ ജീവിക്കാല്ലോ….”

അയാൾ അത് പറഞ്ഞു കഴിഞ്ഞതും ഒരു ചിരിയോടെ അയാളെയും എന്നെയും നോക്കി അമ്മ ഉള്ളിലേക്ക് കയറിപ്പോയി…

” എന്തുപറ്റി അമ്മ പെട്ടെന്ന് പോയി…”

പറഞ്ഞത് എന്തോ അബദ്ധം ആയത് പോലെ അയാൾ എന്നെ നോക്കുമ്പോൾ ഞാൻ ഉമ്മറത്ത് നിന്ന് മുറ്റത്തേക്ക് ഇറങ്ങി… പിന്നാലെ അയാളും അരികിലേക്ക് വന്നു…

” അച്ഛന്റെ മരണം പെട്ടെന്ന് ആയിരുന്നു. അതുവരെ അമ്മ ഒരു കാര്യത്തിനും വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ടില്ല, പിന്നെ അങ്ങോട്ട് ഒരു ജോലി ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അമ്മ ഒരുപാട് അനുഭവിച്ചു, സഹായിച്ചിരുന്ന ബന്ധുക്കൾക്ക് ഒക്കെ ഞങ്ങൾ ഒരു ഭാരമായി തുടങ്ങി. പിന്നെ അമ്മയും ചെറിയ ചെറിയ ജോലികൾ ചെയ്താണ് ഞങ്ങളെ ഇതുവരെ കൊണ്ടെത്തിച്ചത്, അമ്മയും എപ്പോഴും പറയും ഒരു ജോലി എപ്പോഴും വേണമെന്ന്….”

അത് പറയുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞിരുന്നു, പുള്ളി കാണാതെ കണ്ണുനീർ തുടച്ച് അയാളിൽ നിന്ന് നോട്ടം മാറ്റി നിന്നു…

” ദേ തന്റെ ശത്രു വേലിക്കൽ നിന്ന് തല പൊക്കി നോക്കുന്നുണ്ട്…”

പുള്ളി അത് പറയുമ്പോൾ ഞാനും അങ്ങോട്ട് നോക്കി, ഞാൻ നോക്കുന്നത് കണ്ടതും അവർ വീട്ടിലേക്ക് കയറിപ്പോയി…

” തന്നെ അവർക്ക് നല്ല മതിപ്പ് ആണെന്ന് തോന്നുന്നല്ലോ….”

അതിന് മറുപടിയായി ഞാനൊന്ന് ചിരിച്ചതെയുള്ളൂ…

” എല്ലായിടത്തും ഉണ്ട് ഇതുപോലെ പരദൂഷണ ടീം… നമ്മൾ മിണ്ടാതെ ഇരിക്കും തോറും ഇവരുടെ കളിയാക്കലും, കുറ്റപ്പെടുത്തലും കൂടി വരും, ഇടയ്ക്ക് ഇതുപോലെ ഒരു ടോസ് നല്ലതാണ്, കുറച്ച് നാളെങ്കിലും ആ വായ് ഒന്ന് അടഞ്ഞിരിക്കും…”

എന്റെ മൗനം കണ്ടാണെന്ന് തോനുന്നു പുള്ളി അത് പറയുമ്പോൾ ഞാനും ശരിവച്ച് തലയാട്ടിയതെ ഉള്ളു…

” ഇതാണ് എന്റെ നമ്പർ, അമ്മയോട് സംസാരിച്ചിട്ട് എന്താണെന്ന് വച്ചാൽ വിളിച്ച് അറിയിക്കണം കേട്ടോ…”

പോക്കറ്റിൽ നിന്ന് നമ്പർ എഴുതിയ പേപ്പർ എനിക്ക് നേരെ നീട്ടി പുള്ളി പറഞ്ഞു…

” ഇതെന്താ ഫോൻ നമ്പർ എഴുതി വച്ചുകൊണ്ട് നടക്കുകയാണോ….”

പേപ്പർ വാങ്ങി നമ്പർ നോക്കികൊണ്ടാണ് ചോദിച്ചത്…

” അത് എന്താന്ന് വച്ചാൽ പെട്ടെന്ന് ആരേലും ഫോൻ നമ്പർ ചോദിക്കുമ്പോ ഞാൻ പെട്ടെന്ന് മറന്ന് പോകും, ഇതാകുമ്പോൾ ആ പ്രശ്നം ഇല്ല….”

പുള്ളി പറയുമ്പോൾ ഞാൻ ചിരിച്ചുപോയി….

” അതേ ആ മായയെ കണ്ടിട്ട് ഇഷ്ടമായോ…”

മറ്റൊന്നും പറയാൻ ഇല്ലാതെ പുള്ളി പോകാൻ തിരിയുമ്പോഴാണ് അത് ചോദിച്ചത്….

” കണ്ടിട്ട് വല്യ തരക്കേടില്ല, ഇനി അവരുടെ അഭിപ്രായം കൂടി അറിയട്ടെ…” പുള്ളി അത് പറയുമ്പോൾ ഉള്ളിൽ എവിടെയൊക്കെയോ ചെറിയ സങ്കടം വരുന്നത് ഞാൻ അറിഞ്ഞു…

” അവളുടെ സ്വഭാവം അത്ര നല്ലത് ഒന്നും അല്ല, ഒന്ന് രണ്ട് ഓട്ടോക്കരുമായി ചില ചുറ്റിക്കളികളൊക്കെ ഉണ്ടായിരുന്നു…. ഒന്നൂടെ ഒന്ന് ആലോചിച്ചിട്ട് മതി കേട്ടോ….”

ഉള്ളിൽ ഉള്ള സങ്കടം ആണോ കുശുമ്പ് ആണോ എന്നറിയില്ല എന്നെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത്….

” അല്ലെ തന്നെ നല്ലവരായി ആരാണ് ഉള്ളത്, പിന്നെ കല്യാണത്തിന് മുൻപ് എല്ലാവർക്കും കാണും ചെറിയ ചുറ്റിക്കളികളൊക്കെ, കല്യണം കഴിഞ്ഞ് എങ്ങനെ ജീവിക്കുന്നു എന്ന് നോക്കിയാൽ പോരെ….”

ഉള്ളിൽ ഒരു ചിരി ഒളിപ്പിച്ച് പുള്ളി അത് പറയുമ്പോൾ, ഹോ ഇങ്ങേരൊക്കെ ഏത് നന്മരം ആണെന്ന് മനസ്സിൽ തോന്നി, പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ലാത്തത് കൊണ്ട് മിണ്ടാതെ നിന്നെയുള്ളൂ….

പുള്ളി യാത്ര പറഞ്ഞ് പോകുമ്പോൾ അത്രമേൽ പ്രീയപ്പെട്ടൊരാൾ പോകുന്നത് പോലെ ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ ഉണ്ടായെങ്കിലും പുറത്ത് കാണിച്ചിരുന്നില്ല, വേലിക്കപ്പുറം ഇടവഴിയിലേക്ക് ഇറങ്ങും മുന്നേ അയാൾ ഒന്ന് കൂടി തിരിഞ്ഞു നോക്കിയിരുന്നു എന്നെ, അയാൾ എന്നെ നോക്കി പുഞ്ചിരിക്കുമ്പോൾ എന്നിൽ നിന്നും അറിയാതെ ഒരു പുഞ്ചിരി പുറത്തേക്ക് വന്നു…

” കൊള്ളാം അല്ലേടി,…”

മുറ്റത്ത് നിന്ന് വീട്ടിലേക്ക് കയറുമ്പോഴാണ് ഉമ്മറത്ത് നിന്ന് അമ്മ പറഞ്ഞത്, ഞാൻ അതിനൊന്ന് മൂളിയതെ ഉള്ളൂ. കയ്യിൽ ഉണ്ടായിരുന്ന അയാളുടെ ഫോൻ നമ്പർ എഴുതിയ പേപ്പർ അമ്മയുടെ കയ്യിൽ ഏൽപ്പിച്ച് ഉള്ളിലേക്ക് കയറി പോകുമ്പോൾ മനസ്സിൽ ഒരു സന്തോഷം ഉണ്ടായിരുന്നു…

പിന്നെ രണ്ട് ദിവസം കഴിഞ്ഞാണ് അമ്മയ്ക്ക് ബിപി കൂടിയതും ആശുപത്രിയിൽ അയതും, അതിനിടയ്ക്ക് എപ്പോഴോ അന്ന് കാണാൻ വന്ന ആളിനെയും ആലോചനയും സൗകര്യ പൂർവ്വം മറക്കുക ആയിരുന്നു. എങ്കിലും മനസ്സിന്റെ ഉള്ളിൽ എവിടെയോ ഒരു പ്രതീക്ഷയുടെ തിരി നാളം ഉണ്ടായിരുന്നു…

പിന്നെയും മാസങ്ങൾ കടന്ന് പോയി, മാസത്തിൽ ഉള്ള ചെക്കപ്പിനായി അമ്മയെയും കൂട്ടി ആശുപത്രിയിൽ ഡോക്ടറുടെ റൂമിന്റെ പുറത്ത് നിൽക്കുമ്പോഴാണ് അയാളെ വീണ്ടും കാണുന്നത്. ആശുപത്രിയിലെ റിസപ്ഷനിൽ പോക്കറ്റിൽ നിന്ന് എടുത്ത തുണ്ട് പേപ്പർ നോക്കി റിസപ്ഷനിലെ സ്ത്രീയോട് എന്തോ പറയുന്നതും, പിന്നെ പേപ്പർ മടക്കി പോക്കറ്റിൽ ഇടുകയും, പിന്നെയും അവരോട് എന്തൊക്കെയോ പറയുന്നതിനോപ്പും പുറകിലെ കേസരയിൽ ഇരിക്കുന്നവർക്ക് ഇടയിലേക്ക് നോക്കുകയും ചെയ്യുന്നുണ്ട്… അൽപ്പം കഴിഞ്ഞ് അയാൾ കസേരയിൽ വന്ന് ഇരിക്കുകയും അടുത്ത് ഇരിക്കുന്ന സ്ത്രീയോട് സംസാരിക്കുന്നതും കണ്ടു, തല തിരിച്ചും മറിച്ചും നോക്കിയിട്ടും ആ സ്ത്രീയുടെ മുഖം മാത്രം കാണാൻ പറ്റിയില്ല, അപ്പോഴേക്കും ഡോക്ടറിന്റെ മുറിയിൽ നിന്ന് ഇറങ്ങി വന്ന നേഴ്‌സ് അമ്മയുടെ പേര് വിളിച്ചു. അമ്മയ്ക്കൊപ്പം ഡോക്ടറിന്റെ മുറിയിൽ കയറുമ്പോഴും അയാൾക്കൊപ്പം ഇരിക്കുന്ന സ്ത്രീയുടെ മുഖം കാണാൻ ശ്രമിച്ചു എങ്കിലും കാണാൻ പറ്റിയിരുന്നില്ല…

അമ്മയുടെ ടെസ്റ്റ് റിസൾട്ട് ഡോക്ടറിന് കൊടുക്കുമ്പോഴും, അമ്മയോട്‌ ഡോക്ടർ കാര്യങ്ങൾ തിരക്കി ഓരോന്ന് പറയുമ്പോഴും എന്റെ മനസിൽ അയാളെയും സ്ത്രീയെയും കുറിച്ചുള്ള ചിന്തകൾ ആയിരുന്നു…

ഡോക്ടറിന്റെ മുറിയിൽ നിന്ന് ഇറങ്ങി, അമ്മയെ കസേരയിൽ ഇരുത്തി മരുന്ന് വാങ്ങാൻ വേഗം നടക്കുമ്പോഴും കണ്ണുകൾ അയാളിലേക്ക് ആയിരുന്നു. തിരക്ക് പിടിച്ച് ആൾക്കാർ പോകുന്ന ആ വരാന്തയിലൂടെ ഞാനും നടന്നു, കുറച് അകലെ നിന്ന് തന്നെ അയാൾക്ക് അരുകിൽ ഇരിക്കുന്ന വയർ വീർത്ത ആ സ്ത്രീയുടെ മുഖം തെളിഞ്ഞു വന്നു….

അവൾ തന്നെ മായ, അമ്മ ആശുപത്രിയിൽ കിടന്നിരുന്ന സമയത്ത് മായയുടെ കല്യാണം അറിഞ്ഞിരുന്നു എങ്കിലും അത് ഇയാൾ ആകുമെന്ന് കരുതിയിരുന്നില്ല. വീർത്ത അവളുടെ വയറിൽ കൈ വച്ച് അയാൾ എന്തോ പറയുകയും അവൾ ചിരിക്കുകയും ചെയ്യുന്നുണ്ട്. ആൾക്കാരുടെ ഇടയിൽ കൂടി തിരക്ക്പിടിച്ച് ഞാനും നടക്കുമ്പോൾ ഇടയ്ക്ക് എപ്പോഴോ നമ്മുടെ കണ്ണുകൾ തമ്മിൽ ഉടക്കിയിരുന്നു,,,,

ഒരു ചിരിയോടെ അയാളും മറു ചിരിയോടെ ഞാനും നടന്നു. അന്നെന്റെ ചിരിക്ക് എവിടെയൊക്കെയോ ഒരു നഷ്ടത്തിന്റെ വേദന ഉണ്ടായിരുന്നു…

രചന : ശ്യാം കല്ലുകുഴിയിൽ

Categories
Uncategorized

ഇപ്പൊ ഈ കല്യാണം വേണ്ട എന്ന് വെച്ച ചീത്ത പ്പേരാ.എനിക്കി കല്യാണം വേണ്ട.. അയാൾ കൊള്ളില്ല. എനിക്ക് അയാളെ വേണ്ടച്ഛാ

രചന : Ammu Santhosh

“നിനക്കിപ്പോ എന്റെ ഫോൺ എടുക്കാൻ പോലും നേരമില്ലാതായി പോയോ? ഇക്കണക്കിനു കല്യാണം കഴിഞ്ഞ് എങ്ങനെ ആയിരിക്കും? ”

സൂരജിന്റ ആക്രോശം കേട്ട് സീത തറഞ്ഞു നിന്നു പോയി

“സൂരജ്,ഞാൻ പറമ്പിൽ ചീരക്ക് വെള്ളം ഒഴിക്കുകയായിരുന്നു. ഫോൺ കയ്യിൽ ഇല്ലായിരുന്നു.മുറിയിൽ വന്നു മിസ്സ്ഡ് കാൾ കണ്ടപ്പോ തന്നെ തിരിച്ചു വിളിച്ചു.”അവൾ ശാന്തമായി പറഞ്ഞു

“ഓ അവളുടെ ഒരു ഔദാര്യം! സീതേ നീ ഒരു കാര്യം മനസിലാക്കണം.ഈ സൂരജിന് വേറെ പെണ്ണ് കിട്ടാഞ്ഞിട്ടല്ല അവിടെ വന്നു കല്യാണം ആലോചിച്ചത്. നിന്നെ കണ്ട് ഇഷ്ടം തോന്നിപോയി. അതാണ്. പിന്നെ ഞാൻ നൂറു വട്ടം പറഞ്ഞിട്ടുണ്ട് എന്നെ സൂരജ് ചേട്ടാ എന്ന് വിളിക്കണം ന്ന്. എന്റെ വീട്ടിൽ ഉള്ളവർക്ക് ഇഷ്ടമല്ല നിന്റെ ഈ വിളി ”

“നമ്മൾ തമ്മിൽ മൂന്ന് വർഷത്തെ വ്യത്യാസം അല്ലെ ഉള്ളു..? “അവൾ ചോദിച്ചു

“ഒരു വർഷം ആണെങ്കിൽ പോലും ഞാൻ നിന്റെ ഭർത്താവ് ആകാൻ പോകുന്ന ആളാണ്. എന്നെ ഒരു ബഹുമാനം വേണ്ടേ?”

“ഒരു ചേട്ടാ വിളിയിൽ ആണോ സൂരജ് ബഹുമാനം ഇരിക്കുന്നത്? കഷ്ടം. സൂരജ് ഈ നൂറ്റാണ്ടിൽ അല്ലെ ജീവിക്കുന്നത്?”

“ഓ ഞാൻ പഴഞ്ചൻ.. എന്നാ ഞാൻ അങ്ങ് പിന്മാറിയേക്കാം നീ കുറച്ചു കൂടി മോഡേൺ ആയ ഒരാളെ കണ്ടു പിടിക്ക് ”

ഫോൺ കട്ട്‌ ആയി

അവൾ എത്ര വിളിച്ചിട്ടും പിന്നെ അവൻ ഫോൺ എടുത്തില്ല

അവൾക്ക് നല്ല സങ്കടം വരുന്നുണ്ടായിരുന്നു

സൂരജിന്റെ കല്യാണ ആലോചന വരുമ്പോൾ അവൾ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുകയായിരുന്നു. അത് കൊണ്ട് തന്നെ അവളുടെ മാതാപിതാക്കൾ ഈ ആലോചന തുടക്കത്തിൽ ഒഴിവാക്കാൻ നോക്കി. പക്ഷെ അവർ വീണ്ടും വീണ്ടും പിന്നാലെ വന്നു കൊണ്ടേയിരുന്നു. ഒരു രൂപ പോലും സ്ത്രീധനം വേണ്ട, എത്ര വേണേൽ പഠിപ്പിച്ചു കൊള്ളാം, ജോലിക്ക് വിട്ട് കൊള്ളാം എന്നൊക്കെ പറഞ്ഞു. എന്നിട്ടും അച്ഛന് മടിയായിരുന്നു. നമ്മുടെ ഇല്ലായ്മ ഒക്കെ അറിഞ്ഞു കൂടെ നിൽക്കുന്ന ഒരാൾ മതിയായിരുന്നു എന്ന് അച്ഛൻ പറയും. സീതയുടെ താഴെ രണ്ടു പെൺകുട്ടികൾ കൂടി ഉണ്ട്. ഇത്രയും നല്ല ഒരു ആലോചന ഇനി വരില്ല കേട്ടോ നന്ദ എന്ന് പെങ്ങൾ കൂടി പറഞ്ഞപ്പോൾ സീതയുടെ അച്ഛൻ നന്ദകുമാർ ഒരു വിധം സമ്മതം മൂളി. എന്നാലും ഡിഗ്രി സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടാതെ കല്യാണം നടക്കില്ല എന്ന് അയാൾ തീർത്തു പറഞ്ഞു. അങ്ങനെ ഒരു ഉറപ്പിന് മോതിരം മാറ്റം നടത്തി.

അന്ന് മുതൽ തന്റെ മാത്രമാണവൾ എന്ന മട്ടിൽ ആയിരുന്നു സൂരജ്

അവകാശം തനിക്ക് മാത്രം

നിയന്ത്രണവും കൂടി വന്നു

സീത കഴിയുന്നതും ഇതൊന്നും അച്ഛനും അമ്മയും അറിയാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു

ചില സമയം സൂരജ് പാവമാണ്.
അവളോട് ഭയങ്കര സ്നേഹം ആയിരിക്കും

കോളേജിൽ കാണാൻ വരുമ്പോൾ ഫോണിൽ ഇങ്ങനെ ഒക്കെ സംസാരിക്കുന്ന ആളാണ് എന്ന് പോലും തോന്നില്ല. പിണങ്ങുന്നതിനോക്കെ ഒരു നുറു സോറി പറയും

അവൾ ക്ഷമിക്കുകയും ചെയ്യും

എന്നാലും ചിലപ്പോഴോക്കെ അവൾക്ക് വല്ലാത്ത ഒരു അസ്വസ്ഥത തോന്നും. ഒരു കൂച്ചു വിലങ്ങിട്ട പോലെ.

അമ്മയോട് സൂചിപ്പിച്ചപ്പോൾ അമ്മ പറഞ്ഞത് സ്നേഹക്കൂടുതൽ കൊണ്ടാണെന്നാണ്. കല്യാണം കഴിഞ്ഞൊക്കെ മാറിക്കോള്ളുമെന്ന് . അച്ഛൻ പക്ഷെ ഇങ്ങനെ അല്ലല്ലോ എന്ന് ചോദിക്കാൻ തോന്നി അവൾക്ക്. പിന്നെ പാവം അമ്മയെ വിഷമിപ്പിക്കുന്നത് എന്തിന് എന്ന് കരുതി അവൾ.

അച്ഛന്റെ വരുമാനത്തിൽ മാത്രം ജീവിതം മുന്നോട്ട് പോകുകയാണ്. തന്റെ കല്യാണം കഴിഞ്ഞാൽ അച്ഛന് അത്രയും ആശ്വാസം കിട്ടുമല്ലോ എന്ന് അവൾ ഓർക്കും. അവർക്ക് ഒന്നും വേണ്ട എന്ന് പറഞ്ഞെങ്കിലും എങ്ങനെയോ അച്ഛൻ കുറച്ചു സ്വർണം വാങ്ങി. ഇനിയും വേണം പണം. ഓഡിറ്റോറിയം, പന്തൽ, സദ്യ അങ്ങനെ….

ഡിഗ്രി സർട്ടിഫിക്കറ്റ് കിട്ടിയപ്പോൾ കല്യാണം വിളിച്ചു തുടങ്ങി

“നിന്റെ ബോയ് ഫ്രണ്ട്സ് നെ യൊന്നും വിളിക്കുന്നില്ലേ?”

കല്യാണത്തിന് മൂന്ന് ദിവസം മുന്നേ വീട്ടിൽ കാണാൻ വന്നപ്പോൾ സൂരജ് ചോദിച്ചു

“ഉവ്വല്ലോ..എന്റെ ക്ലാസ്സിൽ എല്ലാരേം വിളിച്ചല്ലോ .”

അവൾ ഉത്സാഹത്തോടെ പറഞ്ഞു

“അതല്ല നിന്റെ ലവേഴ്സിനെ…”

അവൾ ഒരു നിമിഷം നിശബ്ദയായി

“എനിക്ക് കുഴപ്പമില്ല കേട്ടോ.. ഈ പ്രായത്തിൽ അങ്ങനെ ഒക്കെ ഉണ്ടാവും. നീ സുന്ദരി അല്ലെ? എത്ര പേര് ഉണ്ടായിരുന്നു?”

അവന്റെ മുഖത്ത് വഷളൻ ചിരി

“എനിക്ക് പ്രണയം
ഇല്ലായിരുന്നു ”

അവൾ മെല്ലെ പറഞ്ഞു

അവൻ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു.

“നീ ചുമ്മാ കോമഡി പറഞ്ഞു ചിരിപ്പിക്കല്ലേ..”

അവൾ സർവം തകർന്ന പോലെ അവനെ നോക്കി

“എന്റെ മോളെ.നിന്റെ പേര്
സീത എന്നായതു കൊണ്ട് ആ സ്വഭാവം ആണെന്ന് ഞാൻ വിശ്വസിക്കുമെന്നാണോ..? ഇപ്പോഴത്തെ പെൺപിള്ളേർ ഒക്കെ എങ്ങനെ ആണെന്ന് നമുക്കറിഞ്ഞൂടെ?സാരമില്ല എനിക്ക് ഇതൊന്നും പ്രോബ്ലം ഇല്ല.. ഒകെ ഞാൻ പോവാ. ഇനി മൂന്ന് ദിവസം അല്ലെ ഉള്ളു ”

അവന്റെ ബൈക്ക് അകന്ന് പോയിട്ടും അവൾ അങ്ങനെ തന്നെ നിന്നു

ഇവന്റെ കൂടെയാണോ ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കേണ്ടത്?

തന്നേ അപമാനിച്ചു കൊണ്ട്, ആക്ഷേപിച്ചു കൊണ്ട് ജീവിതം മുഴുവൻ അവൻ ഇങ്ങനെ ഇളിച്ചു നിൽക്കും തന്റെ മുന്നിൽ

പക്ഷെ ഇനി എങ്ങനെ പിന്നോട്ട് നടക്കും?

അവൾ നിറഞ്ഞ കണ്ണുകളോടെ ഗേറ്റിനരികിൽ നിന്നു തിരിഞ്ഞു
മുന്നിൽ അച്ഛൻ

അച്ഛൻ എല്ലാം കേട്ടുവോ?

അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് ആ നെഞ്ചിൽ വീണു

“എനിക്കി കല്യാണം വേണ്ട.. അയാൾ കൊള്ളില്ല. എനിക്ക് അയാളെ വേണ്ടച്ഛാ ”

അവൾ ഇടറി പറഞ്ഞു

അച്ഛൻ അവളെ ചേർത്ത് പിടിച്ചു

“നിങ്ങൾ ഇതെന്താ പറയുന്നത്? ഈ സമയത്ത് ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാ? നാട്ടുകാരോട് നമ്മൾ എന്ത് സമാധാനം പറയും? അവനും അവളും തമ്മിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അവർ തീർത്തോളും. നമ്മൾ എന്തിനാ ഇടപെടുന്നത്?”

അമ്മ ചോദിക്കുന്നു

“നിർത്തടി…”അച്ഛന്റെ അലർച്ച

“ഇങ്ങനെ ചിന്തിക്കുന്നത് കൊണ്ടാ അച്ഛനും അമ്മയ്ക്കും പെണ്മക്കൾ ഇല്ലാതാവുന്നത്. പെണ്ണില്ലാത്ത നാടായി കൊണ്ടിരിക്കുവാ നമ്മുടേത്.. കാര്യം എന്താ…? ഇങ്ങനെ ഉള്ളവന്മാരുടെമുന്നിലോട്ട് കൊച്ചുങ്ങളെ കൊടുത്തേച്ച് മാറി നിൽക്കുവാ എല്ലാരും.ചവിട്ടി തേച്ചു കഴിഞ്ഞു ഒന്നുകിൽ അവന്മാർ കൊല്ലും അല്ലെങ്കിൽ ഇതുങ്ങൾ ആത്മഹത്യ ചെയ്യും.. വീട്ടുകാർ പോലും ഒപ്പം ഇല്ലെങ്കിൽ പിന്നെ എന്ത് ചെയ്യും?”

“അതല്ല.. ഇപ്പൊ ഈ കല്യാണം വേണ്ട എന്ന് വെച്ച ചീത്ത പ്പേരാ. താഴെ ഇനി രണ്ടു
പേരുണ്ട് “അമ്മ പറയുന്നു

“അത് കൊണ്ട്? അവർക്ക് വേണ്ടി എന്റെ കുഞ്ഞിനെ ഞാൻ ബലി കൊടുക്കണോ? എന്റെ മോളെ ആർക്കും വേണ്ടെങ്കിലും എനിക്ക് വേണം.. എന്റെ കുഞ്ഞുങ്ങൾ പഠിക്കും ജോലി വാങ്ങിക്കും ജീവിക്കും. കല്യാണം അല്ലല്ലോ അവസാന വാക്ക് ”

അവൾ അച്ഛനെ നോക്കി തൊഴുതു കൊണ്ട് ആ മടിയിൽ മുഖം അമർത്തി

“എന്റെ മോൾ കരയണ്ട.. അച്ഛനുണ്ട് കൂടെ ”

അതായിരുന്നു ഏറ്റവും ശക്തമായ വാചകം

ആ ശക്തിയിലാണ് പിന്നെ അവൾ ജീവിച്ചത്

കല്യാണം വേണ്ട എന്ന് വെച്ചപ്പോൾ പോലീസ് കേസ് ഉണ്ടായി

അവിടെ അവൾ സർവവും ബോധിപ്പിച്ചു

കേസ് മാറുമെന്ന് പോലീസ് അവരേ താക്കീതു ചെയ്തപ്പോൾ അവർ പരാതി പിൻവലിച്ചു

അവൾ വീണ്ടും പഠിച്ചു തുടങ്ങി

അനിയത്തിമാർ അവളെ കണ്ടു പഠിച്ചു തുടങ്ങി

ജീവിതം അവളെ നോക്കി പുഞ്ചിരിച്ചും തുടങ്ങി

രചന : Ammu Santhosh

Categories
Uncategorized

അധികം വൈകാതെ തന്നെ മീനുട്ടിയും ദീപക്കും അവർ ആഗ്രഹിച്ചപ്പോലെ തന്നെ സന്തോഷകരമായ ജീവിതത്തിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞു.

രചന : ഷൈജ എം.എസ്സ്

വാ..വാ കേറി വാ..

തുറന്ന് പറയാലോ.. ഞങ്ങൾക്ക് ഈ ബന്ധത്തിന് തീരെ താല്പര്യല്യ. പിന്നെ ന്റെ കുട്ടി ഒരു വേണ്ടാതീനം കാട്ടി. അതോണ്ടാ ഇഷ്ടല്ല്യങ്കിലും മൂളി കൊടുത്തത്. നാട്ടിൽ കൊറേ പുരോഗമനമൊക്കെ വന്നെങ്കിലും ഇവിടെത്തെ വല്യമ്മാമ മരിക്കണവരെ അന്യജാതിക്കാരെ അകത്തേക്ക് കേറ്റില്ലായിരുന്നു. പത്തുകൊല്ലം മുൻപ് ഇങ്ങനൊരെണ്ണം ഇവിടേം സംഭവിച്ചിട്ടുണ്ട്. പക്ഷേ..ഇപ്പോഴും ഈ പടി ചവിട്ടിച്ചിട്ടില്ല.

കേറിവന്നപാടേ പെണ്ണിൻറെ അച്ഛൻ ഇഷ്ടക്കേട് അറിയിച്ചു.

ആട്ടെ..ചെക്കനെത്രവരെ പഠിച്ചു ?

അവൻ പത്ത് വരെ പോയി.. തോറ്റൂ. പിന്നെ പഠിക്കാൻ പോയില്ല.

ചെക്കന്റെ അമ്മാവനാണ് മറുപടി പറഞ്ഞത്.

ഇവിടത്തെ കുട്ടി ബിഎ ക്കാര്യാ.. പറഞ്ഞിട്ടെന്താ കാര്യം, തലേലെഴുത്തില്ല.

ചെക്കനെന്താ ജോലി …?

ജോലി എന്താണെന്ന് അറിയാമെങ്കിലും ഒരു പുച്ഛരസത്തോടെ പെണ്ണിന്റെ ചെറിയമ്മാവൻ ചോദിച്ചു.

മരപ്പണിയാണ്..

ചെക്കനാണ് മറുപടി പറഞ്ഞത്.

കഷ്ടം..ഇവിടാരും ഇന്നേവരെ കൂലിപ്പണിക്ക് പോകേണ്ടി വന്നിട്ടില്ല.

ഞങ്ങക്ക് രണ്ടേക്ര പാടംണ്ട്. തെങ്ങിൻ തോപ്പ്ണ്ട്. മൂന്നാല് ഉരുക്കളും ഉണ്ട്. പിന്നെ ഈ ഭൂസ്വത്തൊക്കെ എട്ട് കുടുംബങ്ങൾക്ക് അവകാശപ്പെട്ടതാ.. വല്യമ്മാമയ്ക്ക് സർക്കാർ ശിപായിയായി ജോലി ഉണ്ടായിരുന്നു. അതിന് ശേഷം ഇവളാണ് ഈ കുടുംബത്ത് ജോലിക്ക് പോകുന്നത്. ഇവൾക്ക് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ കണക്കെഴുതാൻ പണി കിട്ടി. ഞങ്ങൾക്ക് ആർക്കും ഇഷ്ടം ഉണ്ടായില്ല ജോലിക്ക് വിടാൻ. സ്വന്തം ഇഷ്ടത്തിനങ് പോയി. അത് ഈ ഗതിയും വരുത്തി വച്ചു.

ഈ ആശേരി പണിക്ക് പോയാച്ചാ അന്നന്നേക്ക് കഴിയാനുള്ള വകയൊക്കെ കിട്ടോ ..?

ആ.. വല്ല്യ കുഴപ്പമില്ലാതെ പോകുന്നു.

ചെക്കനാണ് മറുപടി പറഞ്ഞത്.

ഈ ചാരു ബഞ്ചും കസേരയുമൊക്കെ പണ്ട് കാലം മുതൽക്കേ ഇവിടുള്ളതാ.. നിങ്ങക്ക് മരം കണ്ടാൽ അറിയാമല്ലോ.. നല്ലൊന്നാന്തരം ഇരുമുള്ളും തേക്കും ഈട്ടിയുമൊക്കെയാ..

ചെക്കൻ മറുപടിയൊന്നും പറയാതെ ഒരു ചിരിയിൽ ഒതുക്കി.

പണിയുന്നതല്ലാതെ ഇതൊരെണ്ണം വീട്ടിൽ ഇടാനുള്ള ഭാഗ്യം കിട്ടണ്ടേലേ നിങ്ങക്ക്.

ഉള്ളിൽ ചെറിയ ദേഷ്യം തോന്നിയെങ്കിലും ചെക്കന്റെ അച്ഛൻ കുട്ടനാശാരി ഇതൊന്നും കേട്ട ഭാവം നടിക്കാതെ മുകളിലേക്ക് നോക്കി.

നോക്കണ്ട.. കഴുക്കോലൊക്കെ നല്ല തേക്കിന്റെ ഉരുപ്പടികളാ.. ചെറിയ ചിതല് വന്നാൽ പോലും അവൻ അനങ്ങില്ല. പിന്നെ പുരോഗമനം വന്നപ്പോ മുൻവശമൊന്ന് വാർത്തു ശേലാക്കി. ഒറ്റനോട്ടത്തിൽ വാർക്ക വീടിന്റെ പ്രൗഢി കിട്ടും. പറഞ്ഞിട്ടെന്ത് കാര്യം, അവൾക്ക് ഇവിടെ കിടക്കാൻ യോഗല്ല്യ. മൂത്തത് രണ്ടും കല്യാണം കഴിച്ചു കുടുംബത്തോടെ ഇവിടെത്തന്നെയാ താമസം..

നിർത്താതെയുള്ള പൊങ്ങച്ചം കേട്ട് കുട്ടനാശാരിക്ക് മുഷിപ്പ് തോന്നി.

പെൺകുട്ടിയെ കണ്ടില്ല ..?

അയാൾ പകുതി പറഞ്ഞു നിർത്തി.

സുഭദ്രേ.. മീനമോളെ ഇങ്ങോട്ട് വിളിക്ക്..

പെണ്ണിന്റെ അമ്മ സുഭദ്ര മോളേയും കൂട്ടി വന്നു.

വലിയ ജാള്യതയോ നാണമോ അപരിചിതത്വമോ ഇല്ലാതെ തന്നെ അവൾ എല്ലാവരോടും പുഞ്ചിരിയോടെ സംസാരിച്ചു. വലിയ പരിഷ്കാരിയല്ലെങ്കിലും അത്യാവശ്യം വിവരവും വിദ്യാഭ്യാസവുമുള്ള പക്വതയുള്ള കുട്ടിയെപ്പോലെ എല്ലാവർക്കും തോന്നി. ചെക്കന്റെ അച്ഛന് അതുവരെ അടക്കിവെച്ച വീർപ്പുമുട്ടലുകൾ അവളെ കണ്ടപ്പോൾ അലിഞ്ഞു ഇല്ലാതായി.

വീട്ടുകാർ എങ്ങനെ ആയാലെന്താ..മ്മ്ടെ മോള് മ്മ്‌ടെ കുടുംബത്തിലേക്ക് ചേർന്നവളാ.. അയാൾ മനസ്സിൽ പറഞ്ഞു.

ഇനീപ്പോ അധികം നീട്ടേം പിടിക്കേം ഒന്നും വേണ്ട, അവരങ്ങ് സ്വയം തീരുമാനിച്ചുറപ്പിച്ചതല്ലേ. ഞങ്ങളൊരുവട്ടം അങ്ങോട്ട് വരാം ചടങ്ങിന് അത് മതി.. പിന്നെ ചെറിയ തോതിൽ കല്യാണം. ഈ വീട്ടിൽ ഉള്ളോരു തന്നെ വരാനുള്ളൂ ചടങ്ങിനായാലും കല്യാണത്തിനായാലും. വിളിച്ചാലും വരില്ല. കേട്ടോര് കേട്ടോര് മൂക്കത്ത് വിരൽ വച്ചു. അവരെ കുറ്റം പറയാനും പറ്റില്ല.. പ്രേമം തലയ്ക്ക് പിടിച്ചാൽ പിന്നെ ജാതീം വേണ്ട..ജാതകോം വേണ്ട .. വീട്ടുകാരും വേണ്ട. വിധി.. അല്ലാതെന്താ!

പെണ്ണിന്റെ അച്ഛൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

ഞങ്ങളും പണ്ടേ തറവാട്ടുകാർ തന്നെയാ.. കുലവും മോശല്ല്യ. പിന്നെ പണിയെടുത്ത് തിന്നുന്നതിൽ അത്രേം വല്യ അഭിമാനക്കുറവും തോന്നിയിട്ടില്ല . ഞങ്ങടെ ചെക്കന് ഇഷ്ടാണെന്ന് പറഞ്ഞാൽ പിന്നെ വേറൊന്നും ഞങ്ങൾക്ക് നോക്കാനില്ല. അവരല്ലേ ഒരുമിച്ചു ജീവിക്കേണ്ടത്.

കുട്ടനാശാരിയുടെ അടക്കി പിടിച്ച അമർഷം പുറത്തേക്ക് വന്നു.

അച്ഛാ.. ഒന്ന് മിണ്ടാതിരി.. ചെക്കൻ കുട്ടനാശാരിയെ നോക്കി കണ്ണുരുട്ടി.

ഞങ്ങളിറങ്ങാ.. അടുത്താഴ്ച്ച വിരോധല്ല്യങ്കിൽ അങ്ങോട്ട് വാ.. മോളേ .. ഞങ്ങളിറങ്ങുകയാട്ടാ..

സഹിക്കെട്ടു കുട്ടനാശാരി അതും പറഞ്ഞ് പെട്ടെന്ന് പുറത്തേക്കിറങ്ങി.

ചായ കുടിച്ചില്ലല്ലോ അച്ഛാ.. അപരിചിതത്വം പുറത്തുകാണിക്കാതെ മീനുക്കുട്ടി പരിഭവത്തോടെ മുഖം ചുളിച്ചു

അതിനിയും ആവാലോ മോളെ..

ചെറുക്കൻ വേഗത്തിൽ ചായ കുടിച്ചു അവളെ നോക്കി ചിരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.

നീയിങ്ങട് വിളിച്ചോണ്ട് വാടാ ചെക്കാ.. കാർന്നോരുടെ വർത്താനം കേട്ടിട്ട് ചൊറിഞ്ഞാ വന്നെനിക്ക്. നല്ല കുലം തന്നെ മ്മ്‌ടെം.. ഇതിപ്പോ ഇതിലും താഴ്ന്നോര് ചെന്നാ അയാള് തെളച്ച വെള്ളം മോന്തയ്ക്ക് ഒഴിച്ചേനേലോ.. ഇങ്ങനെയൊരു മനുഷ്യൻ.. കുഴീല് പോയാലും അങ്ങേര് ആ ജാതി കോലുമ്മേ കുത്തിയുയർത്തി പിടിക്കും.

കുട്ടനാശാരി മുറുമുറുത്തു.

ദേ.. ഒന്ന് മിണ്ടാണ്ട് വരണ് ണ്ടോ .. എന്നെ ദേഷ്യം പിടിപ്പിക്കാണ്ട്.. അവളെയാ ഞാൻ സ്നേഹിച്ചത്. അല്ലാണ്ട് അവരുടെ തറവാടോ ജാതിയോ കണ്ടിട്ടല്ല. നിങ്ങളെയൊക്കെ ബോധിപ്പിക്കാണ്ട് ഞങ്ങക്ക് സ്വന്തം കാര്യം നോക്കാൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ല.. എല്ലാവരും കൂടെ തന്നെ വേണമെന്ന് ആഗ്രഹിച്ചു. എത്ര പക്വത ഉണ്ടായിട്ടെന്താ.. എനിക്ക് വേണ്ടിയാണ് അവൾ ജീവൻ വച്ചു കളിച്ചത്.

ചെക്കൻ ദേഷ്യത്തിൽ ശബ്ദം ഉയർത്തി പറഞ്ഞു. പിന്നങ്ങോട്ട് നിശബ്ദമായിരുന്നു.

വീട്ടിൽ ചെന്ന് കേറിയപ്പോൾ തന്നെ പെണ്ണുങ്ങൾ ഓടി വന്നു ചുറ്റും കൂടി.

എന്തായി …?

അമ്മയാണ് ആദ്യം ചോദിച്ചത്.

മ്മ്. എന്താവാൻ..!

അച്ഛൻ എന്തെങ്കിലും പറഞ്ഞു തുടങ്ങും മുൻപേ മകൻ കണ്ണുരുട്ടി നോക്കി.

ഒന്നമർത്തി മൂളിക്കൊണ്ട് കുട്ടനാശാരി പറഞ്ഞു ” പെൺകുട്ടി നല്ലതാ.അടുത്ത ഞായറാഴ്ച്ച അവരിങ്ങ് വരും.

അതുകഴിഞ്ഞ് ബാക്കി..

അയാൾ പകുതി പറഞ്ഞു നിർത്തി ധൃതിയിൽ അകത്തേക്ക് നടന്നുപോയി.

********** ആ ഞായറാഴ്ച്ച എന്തെന്നില്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു ദീപക്കിന്. എന്നാലും വീട്ടുകാർ ഇനി സമ്മതിച്ചില്ലെങ്കിലും, അവരൊരു ഉറച്ച തീരുമാനം എടുത്തിരുന്നു. രണ്ട് പേരുടെയും ആഗ്രഹമായിരുന്നു വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം നടത്തണമെന്ന്. അതിനു വേണ്ടി ഒരുപാട് നാൾ കാത്തിരിക്കേണ്ടി വന്നു. ഒരുപാട് ത്യാഗങ്ങളും സഹിക്കേണ്ടി വന്നു. അങ്ങനെ ഇതുവരെ കൊണ്ടെത്തിച്ചു. രാത്രി മീനുട്ടിയോട് ഒരുപാട് നേരം സംസാരിച്ചു വെളുക്കാറായപ്പോഴാണ് ഉറങ്ങിയത്. എന്നിട്ടും നേരത്തെ തന്നെ എഴുന്നേറ്റു. ഉറച്ചൊരു തീരുമാനം എടുത്തെങ്കിലും നഷ്ടപ്പെട്ടു പോകുമോ എന്നൊരു പേടിയായിരുന്നു ഉള്ളിൽ.

മുറ്റത്തു കാറിന്റെ മുരൾച്ച കേട്ടാണ് ദീപക് പുറത്തേക്ക് നോക്കിയത്.

അച്ഛാ..ദേ അവര് വന്നു.

പഴമ നിലനിർത്തിക്കൊണ്ടുള്ള ചന്തമുള്ള പടിപ്പുര കണ്ട് പെണ്ണിന്റെ അച്ഛൻ വാ പൊളിച്ചു.

പഴയ തറവാട് ആയിരുന്നപ്പോൾ തനിക്കും നാല് കെട്ടും ഒരു ചെറിയ പടിപ്പുരയും ഉണ്ടായിരുന്നു. പക്ഷെ വർഷം വർഷം തോറുമുള്ള അറ്റകുറ്റപ്പണികൾ നടത്താനുള്ള ചിലവും ബുദ്ധിമുട്ടും കൊണ്ട് പൊളിച്ചു കളയേണ്ടിവന്നു.

വീടിന്റെ പൂമുഖത്തേക്ക് കയറി ചെല്ലുമ്പോൾ തന്നെ നല്ല മരത്തിൽ കടഞ്ഞെടുത്ത ഒരു ആടുന്ന ചാര് ബെഞ്ച്. അതുകണ്ടപ്പോൾ തന്റെ വീട്ടിലെ പഴകി ദ്രവിച്ച ചാരുബെഞ്ചിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ കുട്ടനാശാരിയെ കളിയാക്കിയത് ഓർത്ത് വല്ലാത്ത ജാള്യം തോന്നി. അകത്തേയ്ക്ക് കേറിയപ്പോൾ വിസ്താരമുള്ള വലിയ ഹാളും വൈവിധ്യമാർന്ന കൊത്തുപണികളോടെയുള്ള ഫർണിച്ചറുകളും സോഫാസെറ്റികളും. എല്ലാം നല്ല മരഉരുപ്പടികളും. ഓരോന്നും കുലത്തൊഴിലിന്റെ മഹിമ വിളിച്ചോതിക്കൊണ്ടിരുന്നു.

അതിനെക്കാളേറെ നല്ല ആതിഥേയ മര്യാദകളോടെ അതിഥികളെ സ്വീകരിക്കാനും അവർ മറന്നില്ല.

മുഖത്ത് ജാള്യമുണ്ടെങ്കിലും അയാൾ അത്ഭുതത്തോടെ വീടിന് ചുറ്റിലും നോക്കി നടന്നു. പുറക് വശത്തായി ഒരു ഓടിട്ട പണിപ്പുരയുണ്ട്. അതിൽ രണ്ടോ മൂന്നോ ഫർണീച്ചർ പണി തീർന്നു കിടക്കുന്നു. ചീകി മിനുക്കിയ പലതരത്തിലുള്ള മരങ്ങൾ. ഒരുപാട് കട്ടളകളും ജനൽ പാളികളും പണിത് വച്ചിട്ടിട്ടുണ്ട്.

നിങ്ങൾ തന്നെയാവുംലെ ഇത് മുഴുവനും പണിത് വച്ചത്..?

പെണ്ണിൻറെ അച്ഛൻ ചോദിച്ചു.

ഞങ്ങൾ മാത്രമല്ല അഞ്ചെട്ട് പണിക്കാരും ഹെൽപ്പറായിട്ട് മൂന്നാല് ഹിന്ദിക്കാരും ഉണ്ട്.

ചെക്കനാണ് മറുപടി പറഞ്ഞത്.

ഇത്രേം ഉണ്ടാക്കി കൂട്ടീട്ട് കാര്യമില്ലല്ലോ. ഇതെല്ലാം വാങ്ങണ്ടേ വല്ലോരും..

പെണ്ണിന്റെ അച്ഛൻ ആശ്ചര്യപ്പെട്ടു.

ഇത് തികയില്ല, ഈയടുത്ത് ഒരു ഫ്ലാറ്റിന്റെ പണി കിട്ടിയിട്ടുണ്ട്. 80 ഡോർ വേണം, അതുപോലെ ജനാലകളും. പഴയമരത്തിൽ പണിതാൽ മതിയെന്ന് മൊതലാളിയ്ക്ക് നിർബന്ധം. പൈസയും കുറവ്, നല്ല ഉറപ്പുള്ള മരവും കിട്ടും. പിന്നെ കുറച്ചു നാട്ടിലെ പണികൾ ഉണ്ട്. ഈ തിരക്ക് കഴിഞ്ഞിട്ട് വേണം അതും നോക്കാൻ..

ചെക്കൻ കൂട്ടിച്ചേർത്തു.

ഇത്രയൊക്കെ ഉണ്ടായിട്ടും സൗമ്യമായ ഓരോ മറുപടിയും പെണ്ണിന്റെ അച്ഛന് വല്ലാത്ത വീർപ്പുമുട്ടലുകൾ ഉണ്ടാക്കി.. ഹാ..ഞാനങ്ങട് നീങ്ങട്ടെ. പൊടീടെ നല്ല അലർജിയുണ്ട്. ശ്വാസംമുട്ട് വരും. രക്ഷപ്പെടാൻ സ്വയം ഒരു മാർഗ്ഗം കണ്ടെത്തി അയാൾ അവിടെനിന്ന് പോകാനൊരുങ്ങി.

അവിടെ ചെന്നിട്ട് ബാക്കി കാര്യങ്ങൾ ഞങ്ങൾ അറിയിക്കാം.

മുണ്ടിന്റെ തലയെടുത്ത് കയ്യിൽ പിടിച്ചു കാലൻ കുട കക്ഷത്തിലും വച്ച് യാത്ര പറഞ്ഞു അയാളും കൂട്ടരും കാറിനടുത്തേക്ക് നടന്ന് നീങ്ങി പെട്ടെന്ന് തന്നെ അവിടം വിട്ടു,

********* ഉച്ചയോടെ അവർ വീട്ടിൽ ചെന്ന് കേറി.

മുറുക്കി നീട്ടി തുപ്പി കോലായിൽ വച്ച വെള്ളമെടുത്ത് കാല് കഴുകി അകത്തേക്ക് കേറാൻ പോയപ്പോഴേക്കും എല്ലാവരും പൂമുഖത്തേക്ക് വന്നു.

എന്തായി പോയിട്ട്..

സുഭദ്ര ചോദിച്ചു.

ചോദ്യം കേട്ടപ്പോൾ അയാൾക്ക് ദേഷ്യം വന്നു.

സാരല്യാ.. ഇനിയും സമയം വൈകീട്ടില്യ. അവളെ കെട്ടിച്ചില്ലെങ്കിലും ഇവിടെ നിക്കട്ടെ. ഇഷ്ടല്ലാത്തോടത്ത് പറഞ്ഞു വിടണ്ട. നിങ്ങളെ അങ്ങ്ട് വിടാൻ ഇവിടുള്ളോർക്ക് ആർക്കും താല്പര്യല്ല്യാർന്നൂലോ.. അവൾക്കിനി വേറെ ചെക്കൻ വേണ്ടെങ്കി കെട്ടിക്കണ്ട. കുടുംബത്ത് നിന്നോട്ടെ. കഴിഞ്ഞത് കഴിഞ്ഞു.

സുഭദ്ര ഉറപ്പിച്ചു പറഞ്ഞു.

എന്ത് കഴിഞ്ഞത് കഴിഞ്ഞു..?

ദേഷ്യത്തോടെ അയാൾ കണ്ണുരുട്ടി.

സുഭദ്ര കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നശേഷം വീണ്ടും ചോദിച്ചു

എന്താണ്ടായേ അവിടെ..?

എന്ത്ണ്ടാവാൻ.. ഇവിടുള്ളോര് പണിയെടുക്കാതെ തിന്ന് മുടിപ്പിച്ചു കുടുംബം നശിപ്പിക്കും. അവിടുള്ളോരു പണിയെടുത്ത് കുടുംബം പോറ്റും. അത്രന്നെ.. നല്ലോണം ജീവിക്കണമെങ്കിൽ നല്ലോണം അധ്വാനിക്കണം. എന്ത് തൊഴിലായാലും പണിയെടുത്ത് ജീവിക്കുന്നത് ഒരന്തസ്സ് തന്നെയാ.. അതൊക്കെ തന്നെയാ കുടുംബമഹിമയും. നിങ്ങക്കാർക്കും ഇഷ്ടല്ല്യാച്ചാലും എനിക്കൊരു ചുക്കുമില്ല.. ഞാനിതങ്ങട് ഒറപ്പിച്ചു.

വല്ല കൊറച്ചലൊള്ളോര് ഒന്ന് പുറത്തെറങ്ങി നടന്ന് നോക്കിയാൽ മതി. പൊറംലോകം എന്താന്ന് അപ്പറിയാം. അവള് പഠിച്ചു. അതിനുള്ള വിവരോംണ്ട്.. അവക്ക് ഇഷ്ടം ഇതാണെച്ചാ ഇതന്നെ മതി. എനിക്കും ബോധിച്ചു.

ഇനി നാളെ വല്ലതും കഴിക്കണമെങ്കിൽ മേലനങ്ങി എന്തേലും ചെയ്യാ.. അത്രന്നെ..

അത്രയും പറഞ്ഞു വലിയൊരു നെടുവീർപ്പിട്ടു കാലുകൾ ആട്ടിയാട്ടി അയാൾ പുതിയൊരു മുഖവും ചിന്തകളുമായി ഉറച്ച തീരുമാനത്തോടെ കോലായി തിണ്ണയിൽ പുറത്തേക്ക് നോക്കിയിരുന്നു.

അധികം വൈകാതെ തന്നെ മീനുട്ടിയും ദീപക്കും അവർ ആഗ്രഹിച്ചപ്പോലെ തന്നെ സന്തോഷകരമായ ജീവിതത്തിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞു.

രചന : ഷൈജ എം.എസ്സ്

Categories
Uncategorized

നിറവേറ്റിക്കൊടുക്കാൻ നിങ്ങളെ കൊണ്ട് കഴിയാത്തത് കാശില്ലാത്തത് കൊണ്ടാണെന്ന് എനിക്ക് മനസ്സിലായി , പറഞ്ഞത് സന്തോഷമുള്ള കാര്യം തന്നെ ,പക്ഷേ ഇത്രയും കാശ് ഞങ്ങള് നിനക്കെങ്ങനെ തിരിച്ച് തരും, നിനക്കും വീട്ടില് എന്തെല്ലാം ആവശ്യങ്ങളുണ്ടാവും

രചന:സജി തൈപ്പറമ്പ് .

മേരിക്കുട്ടിയേ ,.. നീ കുളിക്കണില്ലേ?

ങ്ഹാ പോവേണമ്മച്ചീ.. ദിവാകരേട്ടൻ ,തെങ്ങിൻ്റെ മണ്ടേന്ന് ഒന്നിറങ്ങട്ടന്നേ ..

നീയെന്തിനാ അവൻ ചെത്താൻ വരുന്ന നേരം വരെ നോക്കിയിരുന്നത്? നെനക്ക് പൊലർച്ചേ എണീറ്റ് കുളിച്ചൂടാർന്നോ?പൊരയിടത്തിലാകെക്കൂടി ഒരു തെങ്ങാണുള്ളത്, അത് ചെത്താൻ കൊടുക്കേണ്ടെന്ന് , നിൻ്റപ്പനോട് ഞാരൊരായിരമാവർത്തി പറഞ്ഞതാണ്,, കേക്കണ്ടേ?

അമ്മച്ചിയെന്തിനാണപ്പനെ പള്ള് പറയണത്? ദിവാകരേട്ടൻ അപ്പുറത്തെ പുരയിടത്തിലെ തെങ്ങേൽ കയറിയാലും, നമ്മുടെ മറപ്പുരയുടെ അകം മുഴുവൻ കാണാൻ പറ്റും , ദേ ആ ലില്ലീടെ വീട്ടിലവര് പുതിയ ബാത്റൂമുണ്ടാക്കിയത് കണ്ടാ? ,അപ്പനോട് പറഞ്ഞ് അത് പോലെരെണ്ണം, ഇവിടേം വയ്ക്കാൻ പറയമ്മച്ചീ?

ങ്ഹാ .,,നല്ല ചേലായി, ലില്ലീടപ്പൻ സേവ്യറ് മൊതലാളിക്കേ , സ്വന്തമായി വള്ളോം വലേമൊക്കെയുണ്ട്, അത് കൊണ്ട് അങ്ങേർടെ കൈയ്യിൽ, പൂത്ത കാശുമൊണ്ട് ,അതേ പോലെയാണാ നിൻ്റെയപ്പൻ? അങ്ങേര് വെറുമൊരു തൊഴിലാളിയല്ലേടീ..,,? അടുത്ത ചാകരപ്പണിക്ക് കിട്ടുന്ന കാശ് കൂടി സ്വരുക്കൂട്ടി വച്ചിട്ട് വേണം, നിന്നെ കെട്ടിച്ച് വിടാനെനെന്നാണ് അപ്പൻ പറയണത്,,,

ഓഹ് എൻ്റെ പൊന്നമ്മച്ചീ .. എന്നെ കെട്ടിച്ച് വിടുന്നതൊക്കെ കൊള്ളാം പക്ഷേ ഒരു കാര്യം ,ചെക്കന് സൗന്ദര്യമില്ലേലും സാരമില്ല,അയാള് കക്കൂസും കുളിമുറിയുമുള്ള വീട്ടിലെ ചെക്കനായിരിക്കണമെന്നേ എനിക്ക് ആഗ്രഹമുളളു..,,

ഉം … ഈ നാട്ടിലെവിടാണടീ അങ്ങനെയൊരു വീടുള്ളത്? പിന്നെ അതൊക്കെയുള്ള വീട്ടിലേക്ക് ചെന്ന് കയറണമെങ്കിൽ, കൊട്ടക്കണക്കിന് പൊന്നും പണോമൊക്കെ കൊടുക്കേണ്ടി വരും ,അതൊക്കെ ഒണ്ടായി വരുമ്പോഴേക്കും, നീ മൂത്ത് നരച്ച് ഇവിടെ തന്നെ ഇരിപ്പായിപ്പോകും,,, പറഞ്ഞേക്കാം

എന്നാലും വേണ്ടില്ലമ്മച്ചീ .. ഞാനിവിടെ നിങ്ങളോടൊപ്പം തന്നെ കഴിഞ്ഞോളാം, എന്നെ കെട്ടിക്കാൻ വച്ചിരിക്കുന്ന കാശെടുത്ത്, അടച്ചുറപ്പുള്ളൊരു കക്കൂസും കുളിമുറിയും കെട്ടിത്തരാൻ അപ്പനോട് പറ ,എനിക്കിപ്പോൾ കല്യാണത്തെക്കാളാവശ്യം അത് രണ്ടുമാണ്, മേൽക്കൂരയുള്ളൊരു കുളിമുറിയുണ്ടെങ്കിൽ ദിവാകരേട്ടനെ പോലെയുള്ളവര് കാണുമെന്ന് കരുതി, പേടിക്കാതെ എപ്പോൾ വേണമെങ്കിലും എനിക്ക് കുളിക്കാമല്ലോ,? അമ്മയ്ക്കറിയാമല്ലോ? നമുക്കൊന്ന് വയറ് വേദനിച്ചാൽ ,പുറമ്പോക്കിൽ പോയി കാര്യം സാധിക്കണമെങ്കിൽ പോലും , ഇരുള് വീഴുന്നത് വരെ കാത്ത് നില്ക്കണം ,അത് വരെ വേദനിക്കുന്ന വയറും പൊത്തിപ്പിടിച്ച് ഞാനും അമ്മച്ചിയുമൊക്കെ എത്ര പ്രാവശ്യം നടന്നിട്ടുണ്ട് ,ഇനി വയ്യമ്മേ.. മടുത്തു ,അത് കൊണ്ടാ പറയുന്നത് …

മകൾ പറയുന്നതിലും കാര്യമുണ്ടെന്ന് മാർഗരറ്റിനും പല പ്രാവശ്യം തോന്നിയതാണ്, പക്ഷേ, അതിനുള്ള ചെലവിനെക്കുറിച്ചോർക്കുമ്പോഴാണ്, പിന്നെയും മടിക്കുന്നത്.

എന്തായാലും അങ്ങേര് വരുമ്പോഴൊന്ന് പറഞ്ഞ് നോക്കാം.,,

മകളെ ആശ്വസിപ്പിച്ചിട്ട് മാർഗ്ഗരറ്റ് ,പുറത്തെ ചായ്പ്പിൽ പുകഞ്ഞ് കൊണ്ടിരുന്ന വിറകടുപ്പിലേക്ക്, ഉണങ്ങിയ രണ്ട് ചിരട്ടകൾ വച്ച് തീ ആളിക്കത്തിച്ചു.

നീയെന്തവാ പറയണത് മാർഗീ… ?അവളൊരു പൊട്ടിപ്പെണ്ണല്ലേ ?അവക്കടെ പ്രായമുളള കൊച്ചാണ് ജോർജിൻ്റെ മകാള് കൊച്ച്ത്രേസ്യ, ആ കൊച്ചിപ്പം കല്യാണം കഴിഞ്ഞ് രണ്ടാമതും ഗർഭിണിയാണ്, കെട്ട് പ്രായം കഴിഞ്ഞ പെങ്കൊച്ചിനെ ,കല്യാണം കഴിപ്പിക്കാതെ വീട്ടില് നിർത്തിയാല്, അവക്കെന്തെങ്കിലും ഏനക്കേടാണെന്ന് നാട്ട് കാര് കരുതും ,നീ വേറെ വല്ല പണീം നോക്ക് മാർഗ്ഗീ …

വൈകുന്നേരം കഞ്ഞി ,വിളമ്പുമ്പോഴാണ് മത്തായിയോട് ,മാർഗരറ്റ് വിവരം പറയുന്നത്.

നിങ്ങക്കത് പറയാം ,നിങ്ങളൊരാൺ പെറന്നോനായത് കൊണ്ട്, തെങ്ങിൻ ചോട്ടീന്ന് കുളിക്കാം, തൂറാൻ മുട്ടുമ്പോൾ നേരെ കടൽത്തിട്ടയിൽ പോയിരുന്ന് കാര്യം സാധിക്കാം, പക്ഷേ ഞങ്ങള് പെണ്ണുങ്ങൾക്കത് പറ്റില്ലല്ലോ? അത് കൊണ്ട് നിങ്ങളെന്തേലും വഴി കണ്ടേ പറ്റു.,,

മാർഗ്ഗരറ്റ് തീർത്ത് പറഞ്ഞു.

നീയൊന്ന് തഞ്ചപ്പെട് മാർഗ്ഗീ …,സേവ്യറ് മൊതലാളീടടുത്ത് ഒരു നൂറ് രൂവാ കടം തരുവോന്ന് ഞാനൊന്ന് ചോദിക്കട്ടെ, തല്ക്കാലം മറപ്പുരയുടെ മോളില്, ടാർഷീറ്റിടുകയെങ്കിലും ചെയ്യാമല്ലോ?

ഭാര്യയെ സമാധാനിപ്പിച്ചിട്ട് മത്തായി ചൂട് കഞ്ഞി ഊതി കുടിച്ചു.

#####$$###$$$###$##

ഇപ്പോൾ വറവ് കലമാണെന്ന് നിനക്കറിയാല്ലോ? മത്തായീ..കടലിൽ പോകുന്ന വഞ്ചിയൊക്കെ എണ്ണക്കാശിന് പോലും വകയില്ലാതെയാണ് മടങ്ങി വരുന്നത്.., ‘

മത്തായിയുടെ ആവശ്യം കേട്ട് സേവ്യറ് മുതലാളി കൈമലർത്തി.

അല്ല മൊതലാളി .. അത്യാവശ്യമായിട്ട് എൻ്റെ വീട്ടിലെ മറപ്പുരയ്ക്കൊരു മേൽക്കൂര പണിയണമായിരുന്നു , അതിന് കുറച്ച് ടാർ ഷീറ്റ് വാങ്ങാനാണ്, ഞാൻ കടം ചോദിച്ചത് ,,,

മത്തായി തൻ്റെ സങ്കടം പറഞ്ഞു.

മ്ഹാം, ടാർ ഷീറ്റ് മതിയെങ്കിൽ അതിവിടെ വെറക്പൊരയില് കുറച്ചിരിപ്പുണ്ട്, വള്ളപ്പുരയ്ക്ക് വാങ്ങിയതിൻ്റെ ബാക്കിയാണ്, പത്ത് നൂറ്റമ്പത് രൂപേടെ മൊതലുണ്ട്, നീയൊരു കാര്യം ചെയ്യ്, കാശൊന്നും തരണ്ടാ, എടുത്തോണ്ട് പൊയ്ക്കോ,

ങ് ഹേ സത്യമാണാ മൊതലാളീ… മൊതലാളീനെ കർത്താവ് കാക്കട്ടെ,,

മത്തായി അവിശ്വസനീയതയോടെ ചോദിച്ചു.

ങ്ഹാ,, പക്ഷേ, ഒരു കാര്യമൊണ്ട്?

അതെന്താ മൊതലാളീ…?

അല്ലടാ ഉവ്വേയ്… നെൻ്റെ പൊരേലൊരു ട്രാൻസിസ്റ്ററില്ലേ? ഷീറ്റിന് പകരം ,നീ അതെനിക്ക് കൊണ്ട് തന്നേക്കണേ?

അത് കേട്ടപ്പോൾ മത്തായിയുടെ സന്തോഷമെല്ലാം പോയി.

അയ്യോ മൊതലാളീ… അതെൻ്റെ അപ്പൻ മരിക്കാൻ നേരത്തെനിക്ക് തന്നതാണ് ,നിനക്കെത്ര ബുദ്ധിമുട്ട് വന്നാലും ഇത് മാത്രം വിറ്റ് കളയരുതെന്ന് പറഞ്ഞ് എന്നെ പ്രത്യേകം പറഞ്ഞ്ഏല്പിച്ചതാണ് , അതിലൂടെ ,ഞങ്ങള് മാത്രമല്ല, അയല്വക്കത്തുള്ളോരും കൂടി വൈകുന്നേരം വാർത്തകൾ കേൾക്കുന്നതും, സിനിമാപ്പാട്ടും, കണ്ടതും കേട്ടതും, നാടകോമെല്ലാം കേൾക്കുന്നതും ആ ഒരു റേഡിയോ ഉളളത്കൊണ്ടാണ്, മാത്രമല്ല ,അതില്ലെങ്കിൽ വീടുറങ്ങിയത് പോലാകും മൊതലാളീ…

ങ്ഹാ എന്നാൽ പിന്നെ മത്തായി ചെല്ല് ,മോള് തല്ക്കാലം മേൽക്കൂരയില്ലാത്ത മറപ്പുരയിൽ തന്നെ കുളിക്കട്ടെ,,,

നിർദ്ദയനായി ആക്രോശിച്ച് കൊണ്ട് സേവ്യറ് മുതലാളി കോളാമ്പിയെടുത്ത് അതിലേക്ക് കാറിത്തുപ്പി .

#######$$$#####$$#####

ഇവിടെയാരുമില്ലേ?

ആരുടെയോ ശബ്ദം കേട്ട് ,മംഗളം വായിച്ച് കൊണ്ടിരുന്ന മേരിക്കുട്ടി, പുറത്തേയ്ക്കിറങ്ങി വന്നു.

കൈയ്യില്ലാത്ത ബനിയനും കള്ളിമുണ്ടുമുടുത്ത് പുറത്ത് നില്ക്കുന്ന ദിവാകരനെ കണ്ട് മേരിക്കുട്ടി അകത്തേയ്ക്ക് വേഗം കയറിപ്പോയി .

അമ്മച്ചീ.. ദേ പുറത്ത് ദിവാകരേട്ടൻ വന്ന് നില്ക്കുന്നു..,

ദിവാകരനാ ?എന്താ കാര്യം ?

ആഹ് എനിക്കറിയാമ്മേലാ.., അമ്മച്ചി ചെന്ന് ചോദിക്ക്

എന്നാ ദിവാകരാ .. എന്നാ കാര്യം?

പുറത്തേയ്ക്ക് വന്ന മാർഗരറ്റ് ആകാംക്ഷയോടെ ചോദിച്ചു.

അതേയ് മത്തായിച്ചനില്ലേ?

അതിയാൻ കടലിൽ പോയേക്കുവാ,, നീ കാര്യമെന്താന്ന് പറ

മാർഗ്ഗരറ്റ് അക്ഷമയോടെ ചോദിച്ചു.

ദാ ഇത് കുറച്ചു കാശാണ് ,മത്തായിച്ചൻ വരുമ്പോൾ കൊടുക്കണം,,

കാശോ? അങ്ങേര് നിൻ്റടുത്ത് കാശ് വല്ലോം കടം ചോദിച്ചാരുന്നോ?

ഹേയ്, എന്നോടൊന്നും ചോദിച്ചില്ല ,പക്ഷേ രണ്ട് ദിവസമായി ഞാൻ അന്തിച്ചെത്തിനായിട്ട് തെങ്ങേൽ കേറാൻ വരുമ്പോൾ, നിങ്ങടെ പുരാണം കേൾക്കുന്നുണ്ടായിരുന്നു , മേരിക്കുട്ടിയുടെ ആവശ്യം ന്യായമാണ് ,അത് നിറവേറ്റിക്കൊടുക്കാൻ നിങ്ങളെ കൊണ്ട് കഴിയാത്തത് കാശില്ലാത്തത് കൊണ്ടാണെന്ന് എനിക്ക് മനസ്സിലായി , മാർഗരറ്റേച്ചിക്ക് ഓർമ്മയില്ലേ?പണ്ടുണ്ടായ കടൽക്ഷോഭം.., അന്നത്തെ ആ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട എനിക്ക് ,കഴിഞ്ഞ ദിവസമാണ് നഷ്ടപരിഹാരം ലഭിച്ചത് , അതിൽ നിന്നും കുറച്ച് തുകയാണിത് ,ഇത് കൊണ്ട് നിങ്ങള് നല്ലൊരു കക്കൂസും കുളിമുറിയും പണിയണം ,അത് പറയാനാണ് ഞാൻ വന്നത്..,,,

അല്ല ദിവാകരാ .. നീ പറഞ്ഞത് സന്തോഷമുള്ള കാര്യം തന്നെ ,പക്ഷേ ഇത്രയും കാശ് ഞങ്ങള് നിനക്കെങ്ങനെ തിരിച്ച് തരും, നിനക്കും വീട്ടില് എന്തെല്ലാം ആവശ്യങ്ങളുണ്ടാവും

ഹ ഹ ഹ, എനിക്കെന്താവശ്യം വരാനാ ചേച്ചീ …എനിക്ക് പ്രിയപ്പെട്ടതും കൂടിയല്ലേ അന്ന് കടലമ്മ കവർന്നോണ്ട് പോയത്? ജീവിച്ചിരുന്നെങ്കിൽ എൻ്റെ സ്നേഹ മോള്, ഇപ്പോൾ മേരിക്കുട്ടീടെ അത്രയുമായേനെ , അവളുടെ സ്ഥാനത്താണ്, ഞാനിവിടുത്തെ മേരിക്കുട്ടിയെ കാണുന്നത് ,അത് കൊണ്ട് ഞാനീ പൈസ എൻ്റെ മകളുടെ ആവശ്യം നടത്താനാണ് തരുന്നത് ,അല്ലാതെ കടമായിട്ടല്ല

ദിവാകരൻ്റെ ആത്മാർത്ഥത കലർന്ന സംസാരം കേട്ട്, മാർഗ്ഗരറ്റിനും , മേരിക്കുട്ടിക്കും കുറ്റബോധവും, ഒപ്പം അയാളോട് അളവറ്റ സ്നേഹവും കടപ്പാടും തോന്നി.

NB :- ഇതൊരു പഴയ കാലഘട്ടത്തിലെ കഥയായി മാത്രമേ വായനക്കാർ സങ്കല്പിക്കാവൂ എന്നപേക്ഷിക്കുന്നു

രചന:സജി തൈപ്പറമ്പ് .

Categories
Uncategorized

പ്രണയം ഒരാളിൽ തുടങ്ങി ഒരാളിൽ തന്നെ അവസാനിക്കേണ്ട ഒന്നാണ്. അയാൾക്ക്‌ പ്രണയമില്ല. അയാൾക്ക്‌ വേണ്ടത് സമാദാനം അല്ലേ. അത്‌ ഞാൻ ഇന്നലെ രാത്രി അയാൾക്കു കൊടുത്തു. ഇനി അയാൾ സമാദാനത്തോടെ എന്നന്നേക്കുമായി ഉറങ്ങിക്കോളും.

രചന : Rivin Lal

സുന്ദരിയായിരുന്നു ആഭ. പഠിക്കാൻ മിടുക്കി. ടീച്ചർമാരായ അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൾ. പി ജി കഴിഞ്ഞു അവളും ബാങ്കിൽ സ്വന്തമായി ഒരു ജോലി നേടി. ജോലി കിട്ടുന്ന വരെ ആഭയുടെ ജീവിതത്തിൽ ഒരു പ്രണയം പോലുമുണ്ടായില്ല എന്നതായിരുന്നു സത്യം. പക്ഷേ അവളുടെ പിന്നാലെ ഒരുപാട് പേര് ഇഷ്ടമാണെന്നു പറഞ്ഞു നടന്നിട്ടുണ്ട്. പി ജി ക്ലാസ്സിൽ കൂടെയുണ്ടായിരുന്ന ക്രിസ്റ്റിയോട് മാത്രമാണ് അവൾക്കൽപ്പമെങ്കിലും തിരിച്ചു അടുപ്പം തോന്നിയത്. എന്നാലും അതൊരു പ്രണയമായി വളർത്താൻ അവൾ അനുവദിച്ചില്ല. “എനിക്ക് തന്നെ ഇഷ്ടമാണെന്നു” ക്രിസ്റ്റി പറഞ്ഞപ്പോൾ “നമുക്കു സൗഹൃദം മതി ക്രിസ്റ്റി, ഒരു അന്യ മതക്കാരനെ എന്റെ വീട്ടുകാർ അംഗീകരിക്കില്ല. അത് നിന്നെ കൂടുതൽ വിഷമിപ്പിക്കും” എന്നായിരുന്നു അവളുടെ മറുപടി. അതോടെ അതൊരു സൗഹൃദത്തിൽ അവസാനിച്ചു. അങ്ങിനെ സ്വന്തം ഇഷ്ടങ്ങൾ പോലും വീട്ടുകാർക്ക് വേണ്ടി മാറ്റി ജീവിച്ചവളാണ് ആഭ.

അങ്ങിനെയാണ് ഹൃഷിയുടെ കല്യാണ ആലോചന ആഭയ്ക്ക് വരുന്നത്. ആഭയുടെ അമ്മയുടെ കൂട്ടുകാരിയുടെ മകനാണ് ഹൃഷി. വിദേശത്ത് പഠനം. ഉയർന്ന ശമ്പളമുള്ള ജോലി. പേര് കേട്ട തറവാട്ടുകാർ. കാണാനും ജന്റിൽമാൻ. ആഭയെ പോലുള്ള ഒരു സാധാരണ പെൺകുട്ടിക്ക് കൂടുതൽ ഒന്നും ചിന്ദിക്കേണ്ടി വന്നില്ല. വീട്ടുകാർക്ക് ഇഷ്ടപെട്ട സ്ഥിതിക്കു അവളും ആ വിവാഹത്തിന് സമ്മതിച്ചു.

കല്യാണം കഴിയുന്ന വരെ ജോലി തിരക്കുകൾ ആണെന്ന് പറഞ്ഞു ആഭയോട് ഹൃഷിക്കു അത്ര അടുപ്പം ഇല്ലായിരുന്നു. വല്ലപ്പോഴും ചടങ്ങുകൾ തീർക്കാൻ വിളിക്കുന്ന ഫോൺ കാളുകൾ. വിദേശത്ത് നിന്നും ആഴ്ചയിൽ വരുന്ന ആ ഒരു ഫോൺ കോളിനെ പോലും അവൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. തിരക്കുകൾ കൊണ്ടായിരിക്കും എന്ന് കരുതി അവൾ ആദ്യമേ എല്ലാം ക്ഷമിച്ചു. ഒരു പരാതിയോ പരിഭവമോ പറയാതെ അവനെ കൂടുതൽ മനസിലാക്കാനാണ് അവൾ ശ്രമിച്ചത്. തനിക്കു കിട്ടേണ്ട പരിഗണന കിട്ടാഞ്ഞിട്ടു പോലും ദിവസങ്ങൾ കഴിയും തോറും ഹൃഷിയെ ആഭ പ്രണയിച്ചു തുടങ്ങുകയായിരുന്നു. വിവാഹ തീയതി അടുത്തപ്പോളും അവൾക്കു ഒന്നിലും പരാതിയില്ലായിരുന്നു.

ഒന്നര മാസത്തെ ലീവിനാണ് ഓസ്ട്രേലിയയിൽ നിന്നും ഹൃഷി കല്യാണത്തിനായി വന്നത്. വിവാഹം നാട് നീളെ അറിയിച്ചു ആർഭാടമായി തന്നെ നടന്നു. ആദ്യ രാത്രിയിൽ മണിയറയിലേക്ക് കാലെടുത്തു വെച്ചപ്പോളാണ് ഹൃഷിയുടെ തനി നിറം ആഭ അറിഞ്ഞത്.

പാലുമായി ആദ്യമായി റൂമിലേക്ക്‌ കയറിയ ആഭ കണ്ടത് രണ്ടു ഗ്ലാസിൽ സ്കോച്ച് വിസ്കി ഒഴിക്കുന്ന ട്രൗസറിൽ നിൽക്കുന്ന ഹൃഷിയെയാണ്. ആഭയ്ക്കണേൽ മദ്യപാനം എന്ന് പറയുന്നതേ ഇഷ്ടമില്ലാത്ത ഒരു കാര്യമായിരുന്നു. മദ്യത്തിന്റെ മണമടിച്ചതും അവളുടെ മുഖത്തു ആ നീരസ ഭാവം താനേ വന്നു.

ആഭയെ കണ്ടതും ഹൃഷി ചോദിച്ചു “ആഹ്.. താൻ എത്തിയോ… ഞാൻ തനിക്കു കൂടി വേണ്ടി ഒരു പെഗ് ഒഴിക്കുകയായിരുന്നു..!”

അവൾ പാല് ബെഡിന്റെ അടുത്തുള്ള ടേബിളിൽ വെച്ചു കട്ടിലിൽ ഇരുന്നു, എന്നിട്ടു അവനോടായി പറഞ്ഞു. “ഹൃഷിയേട്ടാ.. എനിക്ക് മദ്യപാനം ഇഷ്ടമല്ല. ഞാൻ ഇത് വരെ കുടിച്ചിട്ടുമില്ല. അത്‌ കൊണ്ട് എന്നെ നിർബന്ധിക്കരുത്”.

ഹൃഷി അത്‌ കേട്ടപ്പോൾ ഒന്ന് പൊട്ടിച്ചിരിച്ചു. “ഹൃഷിയേട്ടനോ… ഹേയ്.. കമോൺ ആഭ.. കാൾ മി ഹൃഷി.. നമ്മൾ തമ്മിൽ മൂന്ന് വയസു വ്യത്യാസമല്ലേ ഉള്ളൂ.. ഈ ഏട്ടൻ വിളിയൊക്കെ പഴയ കാലത്തല്ലേ.. ഓസ്ട്രേലിയയിലൊന്നും മദാമ്മമാർ പീറ്റർ ഏട്ടാ.. ജോൺസൺ ഏട്ടാ എന്നൊന്നും വിളിക്കില്ല.. പീറ്റ്.. ജോണി… അങ്ങിനെ ചുരുക്കി പേരെ വിളിക്കു.. അത്‌ കൊണ്ട്‌ താനും എന്നെ ഹൃഷ് എന്നോ.. ഹൃഷി എന്നോ വിളിച്ചാൽ മതി. അതാണ്‌ എനിക്കും ഇഷ്ടം..!”

“ഭർത്താവിനെ പേര് വിളിക്കുന്നവർ ഉണ്ട് ഒരുപാട്.. എന്നാലും.. എനിക്ക് ഏട്ടാ എന്ന് വിളിക്കുന്നതാണ് ഇഷ്ടം. ഞാനൊരു കേരളത്തിൽ ജനിച്ചു വളർന്ന സാധാരണ പെൺകുട്ടിയാണ്, എനിക്ക് മദാമ്മയെ പോലെ ഒന്നും ആവാൻ കഴിയില്ല കേട്ടോ..!” ആഭ അല്പം പരിഭവത്തോടെയാണ് അത്‌ പറഞ്ഞത്.

“തൽകാലം സാരമില്ല.. താനിപ്പോൾ ഈ പാലൊക്കെ വാഷ് ബേസിൽ കളഞ്ഞു ഈ പെഗ് ഒന്ന് പിടിച്ചേ… കം ടു 2022 ആഭ.. ഇത് മാറിയ ലോകമാണ്.. നമ്മുടെ നാട്ടിലെ ആളുകളുടെ ജീവിതമൊക്കെ ഇനിയും ഒരുപാട് അഡ്വാൻസ്ഡ് ആകേണ്ടതുണ്ട്. എന്റെ കൂടെ കഴിയുമ്പോൾ താനും മാറണം. പിന്നെ എനിക്ക് ചില കണ്ടിഷൻസ് ഉണ്ട്. താനീ സാരിയൊക്കെ കളഞ്ഞു കുറച്ചു മോഡേൺ ഡ്രസ്സ്‌ ഒക്കെ അണിഞ്ഞു വേണം എന്റെ കൂടെ നാളെ മുതൽ പുറത്തേക്കൊക്കെ ഇറങ്ങാൻ. പിന്നെ തന്റെ ഈ ഹെയർ സ്റ്റൈൽ മാറ്റണം. ചുരുളൻ മുടി ആക്കിയാൽ കുറച്ചൂടി നന്നാവും. അല്പം ബ്രൗൺ കളറും ആക്കാം. താൻ അല്പം തടി കുറക്കണം. നാളെ മുതൽ ജിമ്മിൽ പോയി വർക്ക്‌ ഔട്ട്‌ ചെയ്യണം. ഫുഡ്‌ വാരി വലിച്ചു കഴിക്കാതെ ബോഡി മെയിന്റൈൻ ചെയ്യണം. പിന്നെ കുട്ടികൾ. അതൊന്നും നമുക്കു ഒരു രണ്ടു മൂന്ന് വർഷത്തേക്ക് വേണ്ടാ. ഈ പിള്ളേരെയും കൊണ്ട് താൻ ഇങ്ങിനെ താങ്ങി പിടിച്ചു നടക്കുന്നതൊന്നും എനിക്കിഷ്ടമല്ല. കൂടെ തന്റെ സ്ട്രക്ച്ചറും പോകും. കുഞ്ഞു കുട്ടികൾ ചിലപ്പോൾ ഭയങ്കര ഡിസ്റ്റർബൻസ് ആണെന്നെ. അത്‌ കൊണ്ട് താനിതൊക്കെ അംഗീകരിച്ചു വേണം എന്റെ ലൈഫിലേക്ക് വരാൻ.” അത്രയും പറഞ്ഞു ഹൃഷി നിർത്തി.

ഈ നിമിഷം താൻ ഭൂമിക്കടിയിലേക്ക് വീണു പോയിരുന്നെങ്കിൽ എന്നാണ് എല്ലാം കേട്ടപ്പോൾ ആഭയ്ക്ക് തോന്നിയത്. . അവൾക്കിതൊന്നും ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന കാര്യമായിരുന്നില്ല. അവളുടെ കണ്ണുകൾ താനേ നിറഞ്ഞു. എങ്കിലും അവളത് പിടിച്ചു വെച്ചു അവനോടു സംസാരിച്ചു.

“ഹൃഷിയേട്ടാ.. നിങ്ങൾ പറയുന്ന പോലത്തെ മോഡേർണായ ഒരുപാട് പെൺകുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. ആദ്യ രാത്രിയിൽ കൂടെയിരുന്നു മദ്യപിക്കുന്ന, ഭർത്താവിന്റെ ഇഷ്ടങ്ങൾക്കൊത്തു സ്വന്തം കാരക്റ്റർ മാറ്റുന്ന ഒരുപാട് പെൺകുട്ടികൾ ഈ നാട്ടിലുണ്ട്. അതിലൊന്നും ഞാൻ തെറ്റ് പറയുന്നില്ല. അതൊക്കെ അവരുടെ ജീവിത രീതികൾ, അവരുടെ ഇഷ്ടങ്ങൾ, താല്പര്യങ്ങൾ. പക്ഷേ അത്‌ പോലെ ഒരു പെൺകുട്ടിയാവാൻ ശ്രമിച്ചാൽ എനിക്കൊരിക്കലും അതിനു കഴിയില്ല. എനിക്കങ്ങനെ ആവാനും താല്പര്യമില്ല എന്നാണ് ഞാൻ പറഞ്ഞു വരുന്നത്. എനിക്കെന്റെതായ ഇഷ്ടങ്ങളും തീരുമാനങ്ങളും വ്യക്തിത്വവും ഉണ്ട്. പക്ഷേ അത്‌ നിങ്ങളെ ഇഷ്ടത്തിനൊത്തു മാറ്റി ഞാൻ ജീവിക്കണം എന്ന് പറയുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല. എന്നോടൊപ്പം എന്നെ മനസിലാക്കി എന്റെ ഇഷ്ടങ്ങൾ കൂടി പരിഗണിക്കുന്ന ഒരു ഭർത്താവിനെയാണ് എനിക്ക് വേണ്ടത്. അല്ലാതെ നിങ്ങളെ ഇഷ്ടത്തിനൊത്തു ആടുന്ന ഒരു ബൊമ്മയാവാൻ എനിക്ക് കഴിയില്ല. സോറി ഹൃഷിയേട്ടാ.. ഇത്രയെങ്കിലും ഞാൻ ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെ ഒരിക്കലും നിങ്ങൾക്ക് എന്നെ മനസിലാക്കാൻ പറ്റിയെന്നു വരില്ല.!” അവൾ പറഞ്ഞു നിർത്തി.

ഹൃഷിയുടെ മുഖം അത്‌ കേട്ടപ്പോൾ ചുവന്നു തുടുത്തു. “ഇതാണ് ഞാൻ പണ്ടേ എന്റെ മമ്മിയോട് പറഞ്ഞത് ഈ നാട്ടിൻ പുറത്തെ പെൺകുട്ടികളെ കല്യാണം കഴിക്കരുത് എന്ന്. ആക്ച്വലി എനിക്ക് ഈ കല്യാണ ചടങ്ങ് തന്നെ ഇഷ്ടമല്ല. ലിവിങ് ടുഗെതർ ആണ് നല്ലത്. പിന്നെ വീട്ടുകാർ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് തന്റെ കഴുത്തിൽ ഞാൻ താലി കെട്ടിയത്. അതിപ്പോൾ ഒരു കുരിശായി എന്നെനിക്കിപ്പോൾ തോന്നുന്നു. ഇങ്ങിനെയാണേൽ താൻ നാട്ടിൽ തന്നെ നിൽക്കും, ഞാൻ തിരിച്ചു ഓസ്ട്രേലിയയിലേക്ക് തിരിച്ചു പോകും” അതും പറഞ്ഞു ഹൃഷി ടേബിളിൽ വെച്ച ഗ്ലാസ്സിലെ മദ്യം ഒറ്റ വലിക്കു കുടിച്ചു തീർത്തു കട്ടിലിൽ കയറി കിടന്നു.

ആഭ പ്രതിമയെ പോലെ എല്ലാം കേട്ടു കൊണ്ട്‌ കട്ടിലിൽ തരിച്ചിരുന്നു. തന്റെ ജീവിത സ്വപ്നങ്ങളെല്ലാം ചില്ലു പാത്രം പോലെ പൊടിഞ്ഞു പോകുന്നത് അവളറിഞ്ഞു. നിറ കണ്ണോടെ കട്ടിലിന്റെ അപ്പുറത്ത് അവൾ കിടക്കാൻ ഒരുങ്ങിയപ്പോൾ അവൻ പറഞ്ഞു “താനിന്നു താഴെ കിടന്നാൽ മതി. നമ്മളൊന്നു മാനസികമായി ആദ്യമൊന്നു സെറ്റ് ആവട്ടെ. എന്നിട്ടു മതി കൂടെയുള്ള കിടത്തം”.

തന്റെ ദാമ്പത്യ ജീവിതം എന്നന്നേക്കുമായി തകരാൻ പോവാണെന്ന സത്യം മനസിലാക്കി കണ്ണീരോടെ ആഭ ആ രാത്രി മുഴുവൻ കരഞ്ഞു തീർത്തു.

**************

ദിവസങ്ങൾ ഓരോന്നായി കഴിയും തോറും ഹൃഷിയുടെ സ്വഭാവം മോശമായി വന്നു. മിക്ക ദിവസങ്ങളിലും മദ്യപിച്ചാണ് വരിക. പുക വലിക്കു ഒട്ടും പഞ്ഞമില്ല. ഇടയ്ക്ക് കഞ്ചാവും. ആഭയറിയാതെ വിദേശത്തു കൂടെ ജോലി ചെയ്യുന്ന പല മോശം സ്ത്രീകളുമായി ഹൃഷിക്കു ബന്ധമുണ്ടെന്നു താമസിയാതെ ആഭയ്ക്ക് മനസിലായി.

വീട്ടുകാരുടെ മുന്നിൽ ഹൃഷി മാന്യനാണ്. അത്‌ കൊണ്ട് ആർക്കും ഒരു സംശയവും തോന്നിയില്ല. പക്ഷേ എല്ലാം സഹിച്ചു ആഭ ദിവസങ്ങൾ നീക്കി.

കല്യാണം കഴിഞ്ഞു ഒന്നര മാസം പെട്ടെന്നു പോയി. ഹൃഷിയുടെ ലീവ് കഴിഞ്ഞു അവൻ തിരിച്ചു പോവാനായി. പോകുന്നതിന്റെ തലേ ദിവസം രാത്രി ആഭയോട് ഒരു യാത്ര പോലും പറയാതെ ഹൃഷി തിരിച്ചു പോയി.

ഹൃഷിയുടെ അമ്മയുടെ നിർബന്ധം കാരണം ഹൃഷി തിരിച്ചു പോയി മൂന്നു മാസത്തിനുള്ളിൽ ആഭയെയും അവൻ ഓസ്ട്രേലിയയിലേക്ക് കൊണ്ട് പോയി. ഇനി മുന്നോടുള്ള ജീവിതം എങ്ങിനെയാവും എന്ന് ഒരു തീർച്ചയും ഇല്ലാതെയാണ് ആഭ ബാങ്കിലെ ജോലി രാജി വെച്ചു ഓസ്ട്രേലിയയിലേക്ക് പറന്നത്. ഓസ്ട്രേലിയൻ മണ്ണിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്തപ്പോൾ ഒരു ഇംഗ്ലീഷ്കാരിയെയും കൊണ്ടാണ് ഹൃഷി അവളെ പിക്ക് ചെയ്യാൻ എയർ പോർട്ടിൽ വന്നത്.ആരാണെന്നു ചോദിച്ചപ്പോൾ കൂടെ ജോലി ചെയുന്ന മറീനയാണെന്ന് പറഞ്ഞു അവൻ.

മറീനയുമായുള്ള സ്വകാര്യ സംഭാഷണം എത്രയോ തവണ ആഭ ഹൃഷിയുടെ ഫോണിൽ കണ്ടിരിക്കുന്നു. അത്‌ കൊണ്ട്‌ തന്നെ ഒരു നിമിഷം ഹൃഷിയോട് പുച്ഛമാണ് ആഭയ്ക്ക് തോന്നിയത്. തന്റെ വെറുപ്പ്‌ പുറത്ത് കാണിക്കാതെ ആഭ അവർക്കൊപ്പം ഹൃഷിയുടെ ഫ്ലാറ്റിലേക്ക് പോയി.

ആദ്യത്തെ ദിവസങ്ങളിൽ ഹൃഷി ഓഫിസിൽ പോയാൽ ആഭ ശരിക്കും ഒറ്റപ്പെട്ടു. സ്വന്തം നാടും.. ഉണ്ടായിരുന്ന നല്ല ജോലിയും എല്ലാം അവൾക്ക് നഷ്ടപ്പെട്ടത് ഓർത്തു കൊണ്ട് ദിവസങ്ങൾ നീക്കി.

ഹൃഷിയുടെ സ്വഭാവത്തിനൊരു മാറ്റവും വന്നില്ല. ആഭ ഒരിക്കലും താൻ ആഗ്രഹിക്കുന്ന പോലെ ഒരു ഭാര്യ ആവില്ലെന്നറിഞ്ഞതോടെ ഹൃഷി തോന്നിയ പോലെ ജീവിക്കാൻ തുടങ്ങി. ഇഷ്ടമുള്ള സ്ത്രീകളെ വീട്ടിൽ കൊണ്ട് വരും. ആഭയുടെ മുന്നിൽ വെച്ചു വാതിൽ അടച്ചു അവരോടൊപ്പം കഴിയും. ആഭ എന്ന വ്യക്തി അവിടെ ഉള്ളതായേ അവൻ ഭാവിച്ചില്ല.

ഹൃഷിയുടെ പെരുമാറ്റം ആഭയുടെ സ്വഭാവത്തിലും വരുത്തി. അവൾ സ്വന്തം ജീവിതത്തെ വെറുത്തു തുടങ്ങി. ഏകാന്തത അവളെ ശരിക്കും മാറ്റാൻ തുടങ്ങി. ഹൃഷിയില്ലാത്ത ദിവസം അവൾ അല്പം മദ്യം കഴിച്ചു നോക്കി. ഇഷ്ടമില്ലാത്ത ശീലങ്ങൾ അവളും ശീലിച്ചു തുടങ്ങി. ആദ്യമായി അവൾ സിഗരറ്റ് വലിക്കാൻ നോക്കിയപ്പോൾ നന്നായി ചുമച്ചു. കണ്ണിൽ നിന്നൊക്കെ വെള്ളം വന്നു. എങ്കിലും അവൾ വെറുപ്പോടെ വീണ്ടും വീണ്ടും അത്‌ പഠിക്കാൻ ശ്രമിച്ചു.

ഒന്ന് രണ്ടു തവണ ആഭ മദ്യപിക്കുന്നത് ഹൃഷിയും കണ്ടു വന്നു. അവനൊരു പുച്ഛമായിരുന്നു അവളോട്‌. അവസാനം ഞാൻ വിചാരിച്ച വഴിക്കു നീ വന്നല്ലോടി എന്ന മട്ടായിരുന്നു അവന്.

ഒരിക്കൽ നന്നായി മദ്യപിച്ചു ഓഫിസിൽ നിന്നും വന്ന ഹൃഷിയോട് ആഭ പൊട്ടിത്തെറിച്ചു . മേലാൽ വേറെ സ്ത്രീകളെ ഈ വീട്ടിൽ കയറ്റിയാൽ അവളെ പച്ചക്കു കത്തിക്കും എന്ന് പറഞ്ഞു. അന്ന് മുതൽ മിക്ക ദിവസങ്ങളിലും അവർ തമ്മിൽ വഴക്കായി.

മറ്റു സ്ത്രീകളെ കൊണ്ട് വരരുത് എന്ന് കേൾക്കുമ്പോളേക്കും ഹൃഷി അവളുടെ കരണത്തടിക്കും. കൂടെ ആ വാശിക്കു രണ്ടു മൂന്ന് സ്ത്രീകളെ ഒരുമിച്ചു വീട്ടിൽ കൊണ്ട് വരാൻ തുടങ്ങി. അവരെ കൊണ്ടും അവളെ മാറി മാറി തല്ലിച്ചു. ഓരോ തവണ അവളുടെ മുടി കുത്തിൽ പിടിച്ചു കട്ടിലിൽ കെട്ടിയിട്ടു തല്ലുമ്പോളും അവൻ പറയും “എനിക്ക് വേണ്ടത് സമാധാനം ആണെടി പുല്ലേ.. നിനക്ക് തരാൻ കഴിയാത്തതും അതാണ്‌. എന്റെ ഉറക്കം കളയാനായി ജനിച്ച പെണ്ണാണ് നീ.. നീയിങ്ങിനെ ഇവിടെ എരിഞ്ഞു തീരണം ..!”

ആഭ ഓരോ ദിവസം കഴിയും തോറും മറ്റൊരു ആഭയായി മാറി. സ്മാർട്ട്‌ ആയിരുന്ന.. പഠിക്കാൻ മിടുക്കിയായിരുന്ന.. ജോലി ചെയ്യാൻ ഇഷ്ടപെട്ടിരുന്ന ആഭയിൽ നിന്നും ഇപ്പോൾ സന്തോഷമോ സമാദാനമോ ഇല്ലാത്ത… ജീവിതം വെറുക്കുന്ന.. ഒന്ന് ചിരിക്കാൻ പോലും കഴിയാത്ത മറ്റൊരു ആഭയായി മാറുകയായിരുന്നു അവൾ.

മിക്ക ദിവസങ്ങളും അവൾക്കു നന്നായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഹൃഷി അവളെ ക്രൂശിച്ചു കൊണ്ടാണ് അവളുടെ രാത്രികൾ തീർത്തത്.

ഒരു ദിവസം രാത്രി അവൾ തീരുമാനിച്ചു. നാളത്തോടെ ഇതിനൊരു തീരുമാനം ആവണം. എത്ര കാലം എന്ന് വെച്ചാ ഇങ്ങിനെ സഹിക്കുക. എന്തും വേണ്ടാന്നു തോന്നിയാൽ പിന്നെ വേണ്ടാന്നു വെക്കണം. കൂടുതൽ ഒന്നും ചിന്ദിക്കരുത്. അവളുടെ ഉള്ളിലെ ആ പഴയ സ്മാർട്ടായ ആഭ അടുത്ത ദിവസത്തെ ഒരു പുഞ്ചിരിക്കായി കാത്തിരുന്നു.

അടുത്ത ദിവസം ഹൃഷി ഒറ്റക്കാണ് ഓഫിസിൽ നിന്നും വന്നത്. നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു അവൻ. ആഭ വാതിൽ തുറന്നതും നാലു കാലിലാണ് അവൻ ഫ്ലാറ്റിലേക്ക് കയറിയത്.

“നീ ഇത് വഴെ ഉറങ്ങീലെടി പുല്ലേ..” അവൻ വഴങ്ങാത്ത നാവോടെ ചോദിച്ചു..

“ഇല്ലാ.. ഉറങ്ങിയില്ല.. ഉറങ്ങണം..!” അവൾ അല്പം ഗൗരവത്തോടെ പറഞ്ഞു.

“എന്നാൽ പോയി കിടന്നുറങ്ങേടി. മനുഷ്യന്റെ സമാദാനം കെടുത്താതെ..!” അതും പറഞ്ഞു അവൻ നാലു കാലിൽ ബെഡ് റൂമിൽ ബെഡിൽ പോയി കിടന്നു.

അവളവന്റെ പിന്നാലെ പോയി റൂമിന്റെ വാതിൽ തുറന്നു നോക്കി. “കുടിച്ചു ബോധമില്ലാതെ കിടക്കുന്ന ഭർത്താവ്.. ഭാര്യയെ ഇഷ്ടപ്പെട്ടു സ്നേഹിക്കേണ്ട ഭർത്താവ്… മനസിലാക്കി, തന്നെ പ്രൊട്ടക്ട് ചെയ്യേണ്ട ഭർത്താവ്.. അതൊന്നും തരാതെ അയാൾക്ക്‌ എന്നിൽ നിന്നും സമാദാനം വേണമത്രേ. അതും എന്റെ ജീവിതം തകർത്തിട്ടുള്ള സമാദാനം.. കൊടുക്കാം ഞാൻ സമാദാനം..” അവൾ സ്വയം പിറു പിറുത്തു.

അടുത്ത ദിവസം രാവിലെ എല്ലാ ന്യൂസിലും ഒരു വാർത്ത വന്നു “ഓസ്ട്രേലിയയിൽ ഭർത്താവിനെ കൊന്നു തല വെട്ടി ഫ്രിഡ്ജിൽ സൂക്ഷിച്ചു വെച്ച മലയാളി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.”

മറു വശത്തു ഓസ്ട്രേലിയൻ പോലീസ് ആഭയെ പോലീസ് കാറിലിട്ടു വിലങ്ങുമായി കൊണ്ട് പോകുമ്പോൾ കരഞ്ഞു ഇടുങ്ങിയ കണ്ണുകളുമായി സമനില തെറ്റിയ അവൾ സ്വയം പറയുന്നുണ്ടായിരുന്നു “പ്രണയം ഒരാളിൽ തുടങ്ങി ഒരാളിൽ തന്നെ അവസാനിക്കേണ്ട ഒന്നാണ്. അയാൾക്ക്‌ പ്രണയമില്ല. അയാൾക്ക്‌ വേണ്ടത് സമാദാനം അല്ലേ. അത്‌ ഞാൻ ഇന്നലെ രാത്രി അയാൾക്കു കൊടുത്തു. ഇനി അയാൾ സമാദാനത്തോടെ എന്നന്നേക്കുമായി ഉറങ്ങിക്കോളും…!!””

#അവസാനിച്ചു#

രചന : Rivin Lal

Categories
Uncategorized

. സോറി… ഞാൻ ചെയ്തത് തെറ്റായിപോയി… നിങ്ങളെപ്പോലുള്ള ആളുകളാണ് ഞങ്ങളുടെ ഷോപ്പിനെ ഈ നിലയിലേക്ക് എത്തിച്ചത്.. ഞാനത് ഓർക്കണമായിരുന്നു… ഭാമ റെസ്റ്റെടുക്കൂ ഇന്ന് ഉച്ചക്ക് വീട്ടിലേക് പൊക്കൊളു… നാളെ വന്നാൽ മതി…പിന്നെ ഇത് ഞാൻ ലീവ് ആക്കി എടുക്കുന്നില്ലാട്ടോ…

രചന : Rinila Abhilash

, “.. ഇന്നും ലേറ്റ് ആയിട്ടാണല്ലോ വന്നത്… കഴിഞ്ഞ ദിവസവും ഇങ്ങനെ തന്നെ… ഇത് ചന്ത അല്ല കറക്റ്റ് ടൈമിൽ എത്തുമെന്നുണ്ടെങ്കിൽ മാത്രം നാളെ വന്നാൽ മതി… ഓരോന്നിറങ്ങിക്കോളും മനുഷ്യനെ മിനക്കെടുത്താൻ”… രാജീവ്‌ നായർ… പ്രമുഖ ടെസ്റ്റിലെ ഷോപ്പിലെ മാനേജർ ആണ്

ഉത്തരമൊന്നും പറയാതെ നിൽക്കുന്നത് ഭാമയും… രണ്ടു ദിവസമായി ലേറ്റ് ആയിട്ടാണ് വന്നത് .. അതിനുള്ള കാരണം പോലും കേൾക്കാൻ മാസുകാണിക്കാത്ത മേലുദ്യോഗസ്ഥർ… ഭാമ കണ്ണ് തുടച്ച് സാരീ സെക്ഷനിലേക്ക് കയറി…

കല്യാണ ഡ്രസ്സ്‌ എടുക്കാനായി രാവിലെ തന്നെ എത്തിയ ഒരു പാർട്ടി അവളെ കാത്തു അവിടെ ഇരിപ്പുണ്ടായിരുന്നു…അവരുടെ കയ്യിലെ ഒരുവയസ്സുകാരി കുഞ്ഞിനെ കണ്ടപ്പോൾ ഭാമക്ക് തന്റെ മകനെ ഓർമ വന്നു…

ഒരാഴ്ച ആയി രാത്രി ചൂട് കാരണം മോൻ ഒട്ടും ഉറങ്ങുന്നില്ല മുഴുവൻ സമയവും പാല് കുടി തന്നെ രാവിലെ എഴുന്നേൽക്കാൻ പോലും പറ്റുന്നില്ല.. പ്രഷർ വല്ലാതെ കുറഞ്ഞിരിക്കുന്നു…. രാവിലെ കുറെയേറെ ഛർദിച്ചു… ജോലിക്ക് വരാതിരുന്നാൽ വീട്ടിലെ പല കാര്യങ്ങളും നടക്കില്ല… രമേശ്‌ ഓട്ടോ ഓടിച്ചു കിട്ടുന്ന പണം അനിയത്തിയുടെ കല്യാണ കടം വീട്ടാനെ തികയുന്നുള്ളു… വീട്ടിലെ സാധനങ്ങൾ വാങ്ങാനും, കറന്റ്‌ ബില്ല്, വാട്ടർ ബില്ല്,ഗ്യാസ്, ഹോസ്പിറ്റൽ ചിലവ് എല്ലാം കൂടെ നടത്തണമെങ്കിൽ തന്റെ ഈ ജോലി അത്യാവശ്യമാണ്…

അവൾ ഓരോ സാരിയും എടുത്ത് മണവാട്ടിക്കും കൂടെവന്നവർക്കുള്ളത് അവർക്കും കാണിച്ചു കൊടുത്തു കൊണ്ടിരുന്നു…

“സാധാരണ കുട്ടി വളരെ എനെർജിറ്റിക് ആയിട്ടാണല്ലോ കാണാറുള്ളത്…..നല്ല സെലെക്ഷൻ ഒട്ടും മടികാണിക്കാതെ എടുത്തു കാണിച്ചു തരുന്ന ആളായതുകൊണ്ടാണ് തന്നെ തന്നെ ഞാൻ വെയിറ്റ് ചെയ്തത്…” ഗായത്രി പറഞ്ഞു

“… ആഹ്.. ചേച്ചി… ഇപ്പോളും മനസ്സുകൊണ്ട് അങ്ങനെ ചെയ്യണമെന്നുതന്നെയാണ് പക്ഷെ ശരീരം സമ്മതിക്കുന്നില്ല…

“.. എന്തുപറ്റി കൊറോണ എങ്ങാനും വന്നിരുന്നോ?

“അതല്ല ചേച്ചീ… മോനിപ്പോ രണ്ടു വയസ്സാവാറായി… പാല് കുടി നിർത്തിയിട്ടില്ല രാത്രി ഇപ്പോളത്തെ ചൂട് കാരണം മോൻ ഒട്ടും ഉറങ്ങുന്നില്ല… പാലുകുടി തന്നെ… രാവിലെ എണീക്കാൻ പോലും പറ്റുന്നില്ല ക്ഷീണം കൊണ്ട്…. ഇവിടെ നിന്നും 7 കഴിഞ്ഞല്ലേ തിരിച്ചു പോകുന്നത്… അവിടെ എത്തി വീട്ടിലെ ജോലികളും മറ്റും കഴിയുമ്പോളേക്കും രാത്രി ഏറെ വൈകും.. അമ്മ സഹായത്തിനു മടിയുള്ള ആളല്ല പക്ഷെ മോനെ നോക്കുക എന്നുള്ളത് വളരെ പ്രയാസമാണ്.. അവനെയും വച്ചു അമ്മക്ക് ഒരു ജോലിയും ചെയ്‌യൻ പറ്റില്ല… ഞാൻ ചെന്നിട്ട് വേണം രാത്രിയിലേക്കുള്ള ഭക്ഷണവും മറ്റും തയ്യാറാക്കാനും എല്ലാം…. രാവിലത്തെ കഥ പിന്നെ ചേച്ചിയോട് പറയണ്ടല്ലോ……. ഭാമ പറയുന്നത് കേട്ടു ഗായത്രിക്ക് വല്ലാത്ത സഹതാപം തോന്നി…..

പുതിയ കളക്ഷൻ ..ഓരോ ആളുകളുടെയും നിറത്തിനും വണ്ണത്തിനും ചേർന്ന സാരികൾ സെലക്ട് ചെയ്തു കൊടുക്കാൻ ഉള്ള ഭാമയുടെ മിടുക്ക് ഗായത്രിക്ക് നന്നായി അറിയാം…വരുന്ന ആളുകളുടെ ബഡ്ജറ്റ് അനുസരിച്ചു നല്ല കളക്ഷൻ കാണിച്ചുകൊടുക്കാനും അവൾ മിടുക്കിയാണ്…. കടയിൽ എത്തുന്നവരെ സന്തോഷത്തോടെ പറഞ്ഞയക്കാൻ അവളെപ്പോളും ശ്രമിക്കാറുണ്ട്…

ഏകദേശം ഉച്ചയായപ്പോളാണ് അത് സംഭവിച്ചത്… മുകളിലെ റാക്കിൽ നിന്നും സാരി എടുക്കാൻ കയറിയ ഭാമക്ക് തല കറങ്ങുന്നത് പ്പോലെ തോന്നിയത്… എന്തെങ്കിലും ചെയ്യുന്നതിന്റെ മുന്നേ അവൾ താഴേക്ക് വീണു…

ബോധം വന്നപ്പോൾ അവൾക്ക് മുന്നിൽ ദേഷ്യത്തോടെ നിൽക്കുന്ന മാനേജർ….

“…തനിക്ക് വല്ല അസുഖവുമുണ്ടായിരുന്നെങ്കിൽ ലീവ് എടുത്തു കൂടായിരുന്നോ..മാനേജർ ആണ്…

“ആൾക്കാരുടെ ഇടയിൽ ഇങ്ങനെ….. ശേ…

അയാൾ പലതും പറയുന്നുണ്ടായിരുന്നു പക്ഷെ ഇതൊന്നും ശ്രദ്ധിക്കാതെ കൂട്ടുകാരി മീര അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു…

ഗായത്രി ആകെ ഒരു ഷോക്കിലായിരുന്നു…

മാനേജരുടെ പെരുമാറ്റം അവൾക്ക് ഒട്ടും ഇഷ്ടമായില്ല….അവൾ അയാൾക്കരികിലേക്ക് ചെന്ന് പറഞ്ഞു…. “എസ്ക്യൂസ്‌ മി… സർ

“എന്താ മാഡം… താങ്കൾക്കുണ്ടായ തടസ്സത്തിനു ഞാൻസോറി പറയാം… വേറെ ഒരു സെയിൽസ് ഗേൾ നെ ഏർപ്പാടാക്കിത്തരാം… മാഡം.. പ്ലീസ്…

“താങ്കൾക്ക് ഇത്രയും ഭവ്യത അറിയാമായിരുന്നോ… ഇപ്പോളത്തെ കാലാവസ്ഥയെ പറ്റി ആലോചിക്കുകയായിരുന്നു… എന്തൊരു ചൂട് അല്ലേ …

“അതെ മാഡം… ബട്ട്‌ ഇവിടെ ac ഉള്ളതുകൊണ്ട് പ്രശ്നമില്ല…

“.. ശരിയാ…ac ഇല്ലെങ്കിൽ എങ്ങനെ കഴിയുമല്ലേ…?..

“.. അതെ മാഡം ഒരു മണിക്കൂർ പോലും നിക്കാൻ കഴിയില്ല…

“… അതെ അല്ലേ… വീട്ടിൽ ac ഉണ്ടാകുമല്ലേ???

അതെന്തു ചോദ്യമാണ് മാഡം.. Ac ഇല്ലാതെ എങ്ങനെ കിടന്നുറങ്ങും മാഡം…. മാനേജരുടെ ചിരിച്ചുള്ള മറുപടി കേട്ട ശേഷം ഗായത്രി അയാളോട് പറഞ്ഞു ,… സർ… ഇവിടെയുള്ള സാധാരണക്കാരായ ജോലിക്കാരുടെ വീട്ടിലെല്ലാം ac ഉണ്ടാവണമെന്നില്ലല്ലോ സർ…. ഞാൻ പറയുന്ന കാര്യങ്ങൾ സർ ശ്രദ്ധിച്ചു കേൾക്കണം… ഇവിടെ ഇപ്പോൾ തല കറങ്ങി വീണ കുട്ടിയില്ലേ.. ആ കുട്ടിയെ എനിക്ക് ഇവിടെ വന്നു കണ്ട പരിചയമുണ്ട്…..ആ കുട്ടി കാരണമാണ് പലപ്പോളും ഈ ഷോപ്പ് തന്നെ ഞാൻ ഷോപ്പിങ് നടത്താൻ സെലക്ട്‌ ചെയ്യുന്നതും…. സർ ആ കുട്ടിയോട് എന്താണ് അസുഖമെന്നോ വൈകി വന്നതിന്റെ കാരണമോ അന്വേഷിച്ചോ… ഉണ്ടാവില്ല… അല്ലേ…

ആ കുട്ടിക്ക് 2 വയസ്സു തികയാത്ത ഒരു കുഞ്ഞുണ്ട്.. എന്നുവച്ചാൽ പാലുകുടിക്കുന്ന കുട്ടി… കഴിഞ്ഞ ഒരാഴ്ചയായി നല്ല ചൂട് കാരണം കുട്ടി ഉറങ്ങുന്നില്ല… അതുകൊണ്ട് അമ്മക്ക് ഉറങ്ങാൻ കഴിയുമോ…ac ഒന്നും ഉള്ള വീടല്ല അവർക്ക്… നിത്യചെലവ് കൂട്ടി മുട്ടിക്കാൻ പെടാപ്പാട് പെടുന്ന ഒരു പാവം വീട്ടമ്മ… അവരുടെ സാഹചര്യം എങ്കിലും സർ മനസ്സിലാക്കണം…. എന്നെപോലെ ഒരുപാട് പേര് ഈ കടയിലെത്തുന്നത് ഇവരെപോലുള്ള മടുപ്പിക്കാതെ ഇഷ്ടപ്പെടുന്ന ഡ്രസ്സ്‌ എടുത്തു തരുന്ന ഇവരെപോലുള്ള ആളുകളാണ്…. കുറച്ചു കരുണ അവരുടെ മേൽ കാണിക്കണം.. അറ്റ്ലീസ്റ്റ് വരുന്ന കസ്റ്റമർ ടെ മുന്നിലിട്ട് അവരെ വഴക്കുപറയാതിരിക്കുക…ആ കുട്ടി ok ആയിട്ട് ഞാൻ ബാക്കി ഡ്രസ്സ്‌ എടുക്കാം… ഡ്രസ്സ്‌ പാക്ക് ചെയ്തോളു ഞങ്ങൾ നാളെ വരാം…

ഗായത്രി അതും പറഞ്ഞു തിരിഞ്ഞു നടന്നു… മാനേജർ ഭാമയെ വിളിപ്പിച്ചു… “… സോറി… ഞാൻ ചെയ്തത് തെറ്റായിപോയി… നിങ്ങളെപ്പോലുള്ള ആളുകളാണ് ഞങ്ങളുടെ ഷോപ്പിനെ ഈ നിലയിലേക്ക് എത്തിച്ചത്.. ഞാനത് ഓർക്കണമായിരുന്നു… ഭാമ റെസ്റ്റെടുക്കൂ ഇന്ന് ഉച്ചക്ക് വീട്ടിലേക് പൊക്കൊളു… നാളെ വന്നാൽ മതി…പിന്നെ ഇത് ഞാൻ ലീവ് ആക്കി എടുക്കുന്നില്ലാട്ടോ… മാനേജരുടെ മുഖത്തെ പെട്ടെന്നുള്ള മാറ്റം അവളെ അമ്പരപ്പിച്ചു..

പിറ്റേ ദിവസം രാവിലെ കൂടിയ മീറ്റിംഗിൽ ചിലകാര്യങ്ങൾ ഉറപ്പിച്ചു . മുലയൂട്ടുന്ന അമ്മമാർക്ക്‌ ഉച്ചക്ക് ഒരു മണിക്കൂർ റെസ്റ്റ് അവർക്ക് വൈകിട്ടു 5.30-6.00 ആവുമ്പോളേക്കും പോകാം..തുടങ്ങി ജീവനക്കാർക്ക് പ്രയോജനം നൽകുന്ന പത്തോളം നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു…

അന്ന് ഗായത്രി ബാക്കി പർചെയ്സ് ചെയ്യാനെത്തിയപ്പോൾ മാനേജർ അവരെ നേരിട്ട് വന്നു കണ്ടു… “ഒരുപാട് നന്ദി ഉണ്ട് മാഡം…എല്ലാ കാഴ്ചകളും എന്റെ കണ്ണിൽ നിന്നും മാത്രം കണ്ട് ശീലിച്ചത് കൊണ്ടാണ്… മറ്റുള്ളവരുടെ പ്രശ്നത്തിലേക്ക് ഞാൻ തിരിഞ്ഞിരുന്നില്ല…. ഇപ്പോ എനിക്കത് മനസ്സിലാകുന്നു…

ഒരു നല്ല ചിരിയോടെ മാനേജർ അയാളുടെ കേബിനിലേക്ക് നടന്നു… ഒരു സ്ഥാപനത്തിന്റെ ഉയർച്ചയ്ക്കു വേണ്ടി രാപ്പകൽ കഷ്ടപ്പെടുന്ന ജോലിക്കാരുടെ സന്തോഷവും കച്ചവടത്തിന് പ്രധാനം തന്നെ

ആണ് അല്ലേ….

രചന : Rinila Abhilash

Categories
Uncategorized

എല്ലാം കണ്ടും കേട്ടും അറിഞ്ഞും അസ്വദിച്ചും ന്റെ കൂട്ടുകാർ യാത്ര പറഞ്ഞിറങ്ങുമ്പോൾ …. ഓരോരുത്തരുടെയും മുഖത്തു സന്തോഷവും അതിലേറെ സങ്കടവും നിറഞ്ഞു നിന്നിരുന്നു…

രചന : .ധനു

‘എടാ നിന്റെ വീട്ടിലേക്ക് ഞങ്ങളും വന്നോട്ടെ…!

“എന്റെ വീട്ടിലേക്കോ…

അതെ നിന്റെ വീട്ടിലേക്ക് തന്നെ…!

എന്റെ വീടൊക്കെ നിങ്ങൾക്ക് ഇഷ്ടാവോ…

നിയല്ലേ പറഞ്ഞത് നിന്റെ വീട് സ്വർഗ്ഗമാണെന്നു ആ സ്വർഗത്തിലേക്ക് ഞങ്ങളും ഒന്ന് വന്നോട്ടെ…

എന്നിട്ട് പറയാം സ്വർഗം ഇഷ്ടമാവോ ഇല്ലയോ എന്ന്…

കൂട്ടുകാരൊക്കെ ടൗണിൽ പഠിച്ചു വളർന്നവരാണ് എന്റെ നാടും വീടുമൊക്കെ ഇഷ്ടാവോ എന്തോ…

എന്തായാലും അവരെ ന്റെ സ്വർഗത്തിലേക്ക് കൊണ്ടുപോവാൻ ഞാൻ തീരുമാനിച്ചു…

അങ്ങനെ എന്റെ സ്വർഗം കാണാൻ ആരൊക്കെ ഉണ്ടെന്ന ചോദ്യത്തിന്

കൂടെ ഉണ്ടായിരുന്ന പത്തുപേരും ഞാനുണ്ട് എന്നായിരുന്നു മറുപടി പറഞ്ഞത്…

എന്തായാലും അമ്മയ്ക്ക് നല്ലൊരു പണി ആയെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്…

അമ്മയെ വിളിച്ചു വരുന്ന കാര്യമൊക്കെ പറഞ്ഞ് ഫോൺ വെക്കാൻ നേരം അമ്മയുടെ ഒരു ചോദ്യം…

അരി വെള്ളത്തിലിട്ട് കോഴിനെയും കറി ഉണ്ടാക്കി വെക്കാട്ടാ എന്ന്…

ലീവ് കിട്ടുമ്പോ വീട്ടിൽ വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞാ അപ്പോ ‘അമ്മ കോഴിനെ കൊല്ലും…

അതിപ്പോ നാട്ടിൽ മൊത്തം പാട്ടാണ് ഈ അമ്മയുടെ ഒരുകാര്യം…

ഇനി കൂട്ടുകാരും കൂടെ അറിഞ്ഞാൽ അടിപൊളിയാകും..

എന്തായാലും ഒരു തീരുമാനം ആവും കളിയാക്കി കൊല്ലാൻ…

അങ്ങനെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരെയും കൂട്ടി നേരെ പാലക്കാട് എന്റെ സ്വർഗത്തിലേക്ക് വണ്ടി കയറി….

കുന്നും മലയും പാടവും അരുവിയും കരിമ്പനയും നെൽ പാടങ്ങളും നിറഞ്ഞു നിൽക്കുന്ന ന്റെ പാലക്കാടിലേക്ക്…

ഇനി നാട്ടിൽ എത്തിയിട്ട് ബാക്കി വിശേഷം പറയാം ..അങ്ങനെ നീണ്ട യാത്രയ്ക്ക് ശേഷം…

എന്റെ നാട്ടിലേക്ക് ന്റെ ഗ്രാമത്തിലേക്ക് ഞാനും ന്റെ കൂട്ടുകാരും കാലുകുത്തി…

വീട്ടിലേക്ക് നടക്കുന്ന വഴിയ്ക്ക് ഞാൻ എല്ലാ കൂട്ടുകാരോടും ഉറക്കെ പറഞ്ഞു…

എന്റെ പേര് കേട്ട് ആരും ഞെട്ടരുത്…

അതുകേട്ട് കൂട്ടത്തിൽ ഒരുത്തി ചോദിച്ചു അതെന്താടാ നിനക്ക് വല്ല ഗുണ്ടാ പേരും ഉണ്ടോ ഇവിടെ…

ഞാൻ അവളോട് കുറച്ചു മാസ്സ് ആയിത്തന്നെ പറഞ്ഞു…

ബാംഗ്ലൂരിൽ ഞാൻ ധനു ആണെങ്കിൽ പാലക്കാട് എനിക്കൊരുപാട് പേരുകളുണ്ട് അതൊക്കെ കേട്ടാൽ നിങ്ങളൊക്കെ ഞെട്ടും..

അതുപറഞ്ഞു ദേ തിരിഞ്ഞുള്ളൂ .ഡാ കുഞ്ചു നി വരുന്ന വഴിയാണാ എന്നും ചോദിച്ചു അപ്പുവെട്ടൻ..

അതുകേട്ട് എല്ലാരും വീണു വീണു ചിരിക്കുന്നുണ്ടായിരുന്നു…

ന്റെ മാസ് ഡയലോഗിന് പറ്റിയ പേര്..

വീട്ടിൽ എത്തുമ്പോഴേക്കും കുഞ്ചു ,മൊട്ട ,ഉണ്ണി,,,തങ്കോ.. പൊന്നോ. കോയി….അങ്ങനെ ഒരുപാട് ഒരുപാട്..

ന്റെ മാസ്സ് പേരുകളൊക്കെ കേട്ട് മതിയാവോളം ന്റെ കൂട്ടുകാരൊക്കെ ചിരിച്ച് പാട വരമ്പത്തിലൂടെ വീട്ടിലേക്ക് നടന്നുകൊണ്ടിരുന്നു…

എല്ലാരും നല്ല സന്തോഷത്തിലാണ് പച്ചപ്പും നല്ല ഫ്രഷ് കാറ്റും ഒക്കെ കൊണ്ട്…

അല്ലെങ്കിലും നാട്ടും പുറവും അവിടെത്തെ അന്തരീക്ഷവും അടിപൊളിയല്ലേ…

പിന്നെ ഞങ്ങളുടെ നാട്ടിൽ ലോകത്തുള്ള എല്ലാ ന്യൂസും അറിയുന്നൊരു വലിയ ചാനൽ ഉണ്ട്…

വേലു ഏട്ടന്റെ ചായക്കട…

ഞാനിപ്പോ നാട്ടിൽ വന്നതുവരെ അവിടെ ന്യൂസ് ആയിട്ടുണ്ടാകും…

അങ്ങനെ നടന്ന് നടന്ന് ന്റെ സ്വർഗത്തിന് മുന്നിലെത്തിയപ്പോ എല്ലാരും ഒരു നിമിഷം എന്റെ മുഖത്തേക്ക് നന്നായൊന്ന് നോക്കി9 നുള്ളും…

ഇവർക്ക് വട്ടായോ ന്റെ വീട് കണ്ടു ഇത്ര അത്ഭുതപ്പെടാൻ എന്താ ഉള്ളത്..

എനിക്കൊന്നും മനസ്സിലായില്ല എല്ലാരും ഓടി കേറി തിണ്ണയിൽ ഇരിക്കുന്നു…

കുറച്ചെണ്ണം പ്ലാവിൽ കെട്ടിയ ഊഞ്ഞാലിൽ പോയി എന്തോ വലിയ സംഭവം കണ്ടപോലെ ആടുന്നു…

പാർക്കിലൊക്കെ പോയി ഊഞ്ഞാലാടുന്നവരാ നല്ല പുളിമുട്ടി വെട്ടി അതിൽ കയറും ഇട്ടുവെച്ച ഊഞ്ഞാൽ കണ്ട് ..

ആടലോട് ആടൽ…

മുറ്റത്തു ഒച്ചയും ബഹളവും കേട്ട് ‘അമ്മ പുറത്തേക്ക് ഓടി വന്നു…

മുഖത്ത് ചിരിയും കൈയിൽ കരണ്ടിയും ആഹാ ‘അമ്മ എല്ലാവരെയും അകത്തേക്ക് കയറാൻ ഇരിക്കാൻ പറഞ്ഞു…

എന്നിട്ട് എന്നോട് ഒരു ഡയലോഗും അടിച്ചു..ഡാ ചെക്കാ കുട്ടികൾക്ക് കുടിക്കാൻ ഇളനീർ ഇട്ടിട്ടു വാ എന്ന്…

ന്റെ അമ്മേ എന്നുംപറഞ്ഞ് ..പ്ലാവിൽ ചാരിവെച്ച തോട്ടിയും എടുത്ത് പാടത്തേക്ക് നടന്നു…

കൂടെ അവന്മാരും അവളുമാരും..തെങ്ങിൽ കേറാൻ അറിയാത്തതുകൊണ്ടു ഉയരം കുറഞ്ഞ തെങ്ങിൽ തോട്ടി ഇട്ട് ഇളനീരിടും…

അങ്ങനെ എല്ലാരുകൂടെ ചിരിച്ചും കളിച്ചും കൊലയും തൂക്കി വീട്ടിലേക്ക് നടന്നു…

ടൗണിലൊക്കെ ഇങ്ങനെയുള്ള അനുഭവം കിട്ടോ അറിയില്ലാ…

എന്റെ സ്വർഗത്തിലേക്ക് വന്ന എല്ലാരും ഹാപ്പി…

പലർക്കും ഇതൊക്കെ പുതിയ അനുഭവമായിരുന്നു…

അങ്ങനെ നടന്ന് നടന്ന് വീട്ടിൽ എത്തി ഇളനീരൊക്കെ കുടിച്ചു എല്ലാരും കുളിക്കാനുള്ള പുറപ്പാടിലേക്ക് ഒരുങ്ങി നിൽക്കാണ്…

ആരും ബാത്ത്റൂം ഉപയോഗിക്കരുതെന്ന് പറഞ്ഞ് ചെക്കന്മാരെ എല്ലാതിനേം പിടിച്ചു കുളത്തിലേക്ക് മുക്കൻ കൊണ്ടുപോയി…

ചങ്കത്തികളെ ‘അമ്മ പിടിച്ചു ചൂടുവെള്ളത്തിൽ മുക്കാമെന്നു പറയുന്നുണ്ടായിരുന്നു…

എണ്ണ തേക്കാത്ത തലയിൽ ഒരു കുപ്പി എണ്ണ തേപ്പിച്ചു പ്രതിഷേധം നടത്താനാണ് അമ്മയുടെ പ്ലാൻ…

എന്തൊക്കെയോ ഈ

അങ്ങനെ നീരാട്ടും ആറാട്ടും ഒക്കെ കഴിഞ്ഞ് രാത്രി ആയപ്പോ ഫുഡ് കഴിക്കാൻ എല്ലാരും കൂടെ അടുക്കളയിൽ വട്ടത്തിൽ ഇരുന്നു..

കഥയൊക്കെ പറഞ്ഞ്…

ഇങ്ങനെ ഇരിക്കുന്ന ഒരു സന്തോഷം വേറെ തന്നെയല്ലേ…

വാ തോരാതെ സംസാരിച്ചും ചിരിച്ചും കളിച്ചും ന്റെ കുഞ്ഞു വീട്ടിൽ …

ഒരുപാട് സ്ഥലം ഒന്നും ഇല്ലെങ്കിലും എല്ലാർക്കും നിരത്തി ‘അമ്മ പായ ഇട്ടു ….

അതിലേക്ക് ചാടി വീണ് സ്ഥലം പിടിച്ചു

ഓടിന്റെ മേലോട്ട് നോക്കി ദാസന്റേയും വിജയന്റേയും കഥ പറഞ്ഞു കിടക്കുന്ന…

ന്റെ പ്രിയപ്പെട്ടവരെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നിയിരുന്നു…

ന്റെ സ്വർഗം ന്റെ വീടുത്തന്നെയാണ്…

സമാധാനം എവിടെയുണ്ടോ അവിടെയാണ് സ്വർഗം…

എല്ലാം കണ്ടും കേട്ടും അറിഞ്ഞും അസ്വദിച്ചും ന്റെ കൂട്ടുകാർ യാത്ര പറഞ്ഞിറങ്ങുമ്പോൾ ….

ഓരോരുത്തരുടെയും മുഖത്തു സന്തോഷവും അതിലേറെ സങ്കടവും നിറഞ്ഞു നിന്നിരുന്നു…

ഒരിക്കൽകൂടി ന്റെ സ്വർഗത്തിലേക്ക് സ്വാഗതം പറഞ്ഞുകൊണ്ട് ഞാനവരോട് യാത്ര പറഞ്ഞു…

രചന : .ധനു

Categories
Uncategorized

വളോർത്തു ഗോപേട്ടന്റെ ആ സുഹൃത്ത് അദ്ദേഹത്തോട് പറഞ്ഞ കാര്യം, ചുമ്മാതെ കുടിയൊക്കെ നിർത്തി വീട്ടിലുണ്ടായിരുന്ന ആളെ താനിവിടെ കൊണ്ട് വന്നതിനാൽ അപ്പൻ മോശമാക്കി. താനാണ് അതിനു സൗകര്യം ഉണ്ടാക്കിയതെന്നോർത്തപ്പോൾ അവൾ പിന്നെ കൂടുതൽ ബഹളം വെച്ചില്ല.

രചന : വിജയ് സത്യ

ഗോപന്റെ വിവാഹം നിശ്ചയിച്ചഅവസരം

” അവൾ വീട്ടിൽ വന്നാൽ പിന്നെ വെച്ചടി വെച്ചടി കയറ്റം തന്നെയല്ലേ.. ?”

ഗോപൻ തന്റെ ഗ്രാമത്തിലെ ഉത്സവ പറമ്പിലെ കിളിശാസ്ത്ര സുഹൃത്തിനോട് പരിസരത്തുള്ള ആൾക്കാർ കേൾക്കാതെ ചെവിയിൽ ചോദിച്ചു.

” പിന്നല്ലാണ്ട് ! നിങ്ങളുടെ ഒരു പ്രവർത്തിക്കും അവൾ എതിരല്ല മാത്രമല്ല സപ്പോർട്ട് ചെയ്യുകയും ചെയ്യും.. !”

ആ കിളി സുഹൃത്ത് ഗോപന് ഉറപ്പു നൽകി.

സന്തോഷം കൂടിയപ്പോൾ ഗോപൻ വീണ്ടും പോക്കറ്റിൽ കൈ ഇട്ടു ഒരു നൂറിന്റെ നോട്ടു കൂടി സുഹൃത്തിന്റെ കൈയിൽ പിടിപ്പിച്ചു….

സുഹൃത്ത് സന്തോഷത്തോടെ അത് വാങ്ങി ഗോപനെ ഒന്നുകൂടി അനുഗ്രഹിച്ചു. “ക്ലാ ക്ലാ ക്ലാ ക്ലീ ക്ലീ ക്കൂ… ”

“ഇതെന്താ ”

“കിളിയുടെ അനുഗ്രഹം..”

“ഹാവൂ ആശ്വാസമായി !”

ഗോപൻ വേഗം വീട്ടിലേക്ക് മടങ്ങി.

തകൃതിയിൽ ഗോപന്റെ വിവാഹം കഴിഞ്ഞു.

ആദ്യരാത്രിയിൽ ഗോപൻ തന്റെ പ്രവചന സുഹൃത്ത് ഭാര്യയെ കുറിച്ച് പറഞ്ഞ മഹിമകൾ എല്ലാം ഗോപൻ ഭാര്യയെ പറഞ്ഞു കേൾപ്പിച്ചു.

അതൊക്കെ കേട്ട് അന്തം വിട്ട ഭാര്യ ഗോപേട്ടനെ തനിക്ക് കിട്ടിയ വരദാനമാണെന്നും പറഞ്ഞു ആ രാത്രി ആഘോഷിച്ചു.

സ്വതവേ മദ്യപാനിയായിരുന്നു ഗോപൻ.

വിവാഹ മാർക്കെറ്റിൽ പിടിച്ചു നില്ക്കാൻ തത്കാലം മദ്യം നിര്ത്തിയെന്ന ഒരു ന്യൂസ് നാട്ടുകാർക്കിടയിൽ ഉണ്ടാക്കിയതാണ്…!

കാരണം ഇപ്പോൾ പെൺകുട്ടികളെ വിവാഹത്തിനായി കിട്ടാനില്ല..!

നല്ല പൈമ്പാൽ സ്വഭാവമുള്ള ആൺകുട്ടികൾ തന്നെ പെമ്പിള്ളാരുടെ അമ്മമാരുടെയും അച്ചന്മാരുടെയും മുന്നിൽ നല്ല പിള്ള ചമഞ്ഞു നടന്നിട്ടു പോലും നാട്ടിൽ പെണ്ണ് കിട്ടാത്ത കാലം.

അതുകൊണ്ടു ഗോപൻ ഒരു അഡ്വാൻസ്ഡ് ഫോർമുല പ്രയോഗിച്ചെന്നേയുള്ളൂ.

അതിൽ വിജയിച്ചപ്പോൾ ഗോപന് പെണ്ണ് റെഡി.

പക്ഷെ എത്ര നാൾ അടക്കി വെക്കും.

ഗോപന് കുടിക്കാൻ മുട്ടി നിൽക്കെ ഒരു ദിവസം ഭാര്യവീട്ടിൽ വിരുന്നിനു പോകേണ്ടി വന്നു.

ചമഞ്ഞൊരുങ്ങി രണ്ടുപേരും അവളുടെ വീട്ടിൽ എത്തി.

ഭക്ഷണത്തിനു ശേഷം അമ്മായിയപ്പൻ മരുമകൻ ഗോപനെ മുകളിലുള്ള റൂമിലേക്ക് കൊണ്ടുപോയി രണ്ടു പെഗ്ഗ് കൊടുത്തു.

ഗോപൻ സുഹൃത്തിനെ ഓർത്തു എല്ലാത്തിനും അവൾ തന്നെ അവസരം ഉണ്ടാക്കിത്തരും…

ശരിയാണ് അവളുടെ കൃപയാണ്..! ഇന്നിവിടെ വന്നില്ലായിരുന്നെങ്കിൽ ഒരുതുള്ളി തൊണ്ടതൊടാൻ കിട്ടില്ലായിരുന്നു..!

ഒരാഗ്രഹവും നടക്കാതിരിക്കില്ല…

പിന്നെയും അമ്മായിയപ്പൻ ഒഴിച്ച് കൊടുത്തു. നല്ല സ്നേഹമുള്ള അമ്മായിയപ്പൻ.

” ആർക്കും കിട്ടില്ല ഇങ്ങനെ ഒരു അമ്മായിഅപ്പനെ..”

ഗോപൻ അതും പറഞ്ഞു സ്നേഹം മൂത്ത് അമ്മായിയപ്പന്റെ കവിളിൽ ഉമ്മകൊടുത്തു

അതും കണ്ടു കയറി വന്ന മകൾക്ക് അല്ലെങ്കിൽ ഗോപന്റെ ഭാര്യയ്ക്ക് സംഗതി പിടികിട്ടി.

അവൾ രൂക്ഷമായി ഗോപനെ നോക്കി, പിന്നെ അപ്പനെയും.

” ഇല്ലെടി മോളെ ഒരു പെഗ്ഗ്.. അത്രേ കൊടുത്തുള്ളൂ ?…അല്ലെ… മരുമകനെ…? ”

അപ്പൻ ദയനീയമായി ഗോപനെ നോക്കി ചോയ്ച്ചു.

“അല്ല പിന്നെ.. വെഴും ഒരു പെഗ്ഗ്.. മാസ്ത്രം.. സത്യം..!”

അവളോർത്തു ഗോപേട്ടന്റെ ആ സുഹൃത്ത് അദ്ദേഹത്തോട് പറഞ്ഞ കാര്യം, ചുമ്മാതെ കുടിയൊക്കെ നിർത്തി വീട്ടിലുണ്ടായിരുന്ന ആളെ താനിവിടെ കൊണ്ട് വന്നതിനാൽ അപ്പൻ മോശമാക്കി. താനാണ് അതിനു സൗകര്യം ഉണ്ടാക്കിയതെന്നോർത്തപ്പോൾ അവൾ പിന്നെ കൂടുതൽ ബഹളം വെച്ചില്ല.

വീട്ടിൽ മടങ്ങിയതിനു ശേഷവും പിന്നീടങ്ങോട്ട് ഗോപൻ വെള്ളമടി തുടർന്നു. അവൾ ആണല്ലോ ബ്രേക്ക് ആക്കി വെച്ചത്… അതുപിന്നെ ഗംഭീരമായി തുടർന്ന് പോവാതിരിക്കുമോ…?

അങ്ങനെയിരിക്കെ ഗോപൻ ഒരു ദിവസം കുടിച്ചു ഗട്ടറിൽ വീണു കാലൊടിഞ്ഞു കിടപ്പായി.

ഭാര്യക്ക് സന്തോഷമായി.

ഇനി കുടിക്കാനായി പോകാൻ കഴിയില്ലല്ലോ.

ഗോപനും വീട്ടിലിരുന്നു മടുത്തു.

ഒടിഞ്ഞ കാല് വെച്ച് എവിടെയും പോകാൻ വയ്യ.

ഭർത്താവിനെ ശുശ്രുഷിച്ചു കഴിയവേ ഭാര്യ ഗോപനെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു.

ഇനി വീട്ടീന്ന് ഇറങ്ങിയാൽ മദ്യം വാങ്ങുകയോ കുടിച്ചു വരികയോ ചെയ്യില്ല. എന്ന് ഭാര്യയുടെ ദുഃഖം കണ്ടു ഗോപൻ സത്യം പാലിക്കാൻ ഉറച്ചു.

കാല് സുഖമായി ജോലിക്ക് പോകാൻ തുടങ്ങി.

ഒരു ദിവസം ഭാര്യ പത്രമെടുത്തു നോക്കിയപ്പോൾ ഒരു ചെറിയ നോട്ടീസ് എന്നും കാണുക പതിവാണ്.

വല്ല കടയുടെയും ആകാം. അതിനാൽ ശ്രദ്ധിക്കേണ്ടെന്നു തോന്നി.

പെട്ടെന്ന് എന്തോ വാക്ക് കണ്ണിലുടക്കി.

“നിങ്ങൾ മദ്യപാനി ആണോ, ഞങ്ങൾ നിങളെ സഹായിക്കാം. ”

അതെ ഗോപേട്ടൻ കുടിച്ചു കുടിച്ചു ദേഹമൊക്കെ വല്ലാണ്ടായതാണ്. അങ്ങെനെ ഉള്ളവർക്ക് ആരോഗ്യം വെക്കാനുള്ള വല്ല മരുന്നുകളായിരിക്കും.

ഗോപേട്ടന് കൊടുക്കാം.

” ദേ മനുഷ്യ ഈ നമ്പരിലേക്ക് ഒന്ന് വിളിക്കൂ നോക്കൂ…”

“വേണ്ടടി എനിക്കിനി മരുന്നിന്റെയൊന്നും ആവശ്യം ഇല്ല.. ”

ഗോപൻ പറഞ്ഞു.

” ദേഹമൊക്കെ വല്ലാണ്ടായിട്ടുണ്ട്. ഒന്ന് വിളിക്ക്.. പ്ളീസ് ”

ഭാര്യ കുറെ നിർബന്ധിച്ചപ്പോൾ ഗോപൻ വിളിച്ചു

“ഹലോ.. ”

” ഹലോ.. ഏട്ടാ ഞങ്ങൾ….മറ്റേ കുപ്പിടെ… ആൾക്കാരാണ്.. വീട്ടിലെത്തിക്കാം സ്ഥലം പറയൂ.. ”

ഗോപന് ലഡ്ഡുപൊട്ടി.

തന്റെ പ്രവചനക്കാരൻ സുഹൃത്ത് ആളു ഭയങ്കരം !!

അവൾ കാരണം എല്ലാം കിട്ടും…!

“അത് ഒരു ഫുൾ.. തെക്കേപാടത്തു റോഡിൽ ആദ്യത്തെ വളവിൽ ഉള്ള വൈറ്റ് കളർ ഒറ്റനില വീട്. ”

“ഓക്കേ ചേട്ടാ ”

. ❤❤

ലൈക്കു.. കമന്റ്… ചെയ്യണേ

രചന : വിജയ് സത്യ