Categories
Uncategorized

യാത്ര പറഞ്ഞ് തിരിച്ചു പോകുമ്പോൾ എൻറെ ഉമ്മ അവളെ പിടിച്ചുനിർത്തി…

രചന: Musthafa Muhammed

അയൽ വീട്ടിലെ വാടകക്കാരിയായിരുന്നു എന്റെ ബാല്യകാലസഖി സ്കൂളിലേക്കും ഓത്തു പള്ളിയിലേക്കും ഞങ്ങൾ കൈകോർത്ത് പിടിച്ചു പോയിരുന്ന കാലം

ആറ്റിൽ പോയി കുളിക്കുവാനും കളിക്കുവാനും എന്നും എപ്പോഴും അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു.

അവധി ദിവസങ്ങളിൽ ഞങ്ങൾ കളിക്കാൻ ഒത്തുകൂടുന്നത് എൻറെ വീടിൻറെ വടക്ക് ഭാഗത്ത് നിൽക്കുന്ന മൂവാണ്ടൻ മാവിന്റെ ചുവട്ടിലായിരുന്നു

.ഓത്തു പള്ളിവിട്ടു കഴിഞ്ഞാൽ ഞാൻ അവൾ വരുന്നതും കാത്ത് ആ മാവിൻചുവട്ടിൽ ഇരിക്കും. കിത്താബും മുഖമക്കനയും അഴിച്ചുവച്ച് കൈയിൽ കടുംചുവപ്പും പച്ചയും നീലയും കലർന്ന കുപ്പിവളകളും കിലുക്കി അവൾ ആ മാഞ്ചുവട്ടിലേക്ക് ഓടിവരും.

അണ്ണാറക്കണ്ണനും കാക്കക്കറുമ്പിയും കൊത്തിയിട്ട് തരുന്നമാമ്പഴവും പിന്നെ അവൾ എനിക്കായി കരുതിയ വറുത്ത പുളിങ്കുരുവും പൂമര കുരുവും പങ്കുവെച്ചു

മാവിൻ കൊമ്പത്ത് ഊഞ്ഞാൽ കെട്ടിയാടിയും പഴയ ചാക്കും പച്ചില തൂപ്പും കൊണ്ട് കളിവീട് കെട്ടിയും ചിരട്ടയിൽ കഞ്ഞി വെച്ചും, വിളമ്പിയും അവൾ ഉമ്മയും ഞാൻ ബാപ്പയും ഒക്കെയായി കളിച്ചിരുന്ന കാലം.

ഞങ്ങളുടെ ബാല്യകാല ദാമ്പത്യത്തിൽ പിറക്കാതെ കിട്ടിയ ഒരു മകളുണ്ടായിരുന്നു ഉത്സവപ്പറമ്പിൽ നിന്നും എപ്പോഴോ വാപ്പച്ചി വാങ്ങിത്തന്ന മിന്നുന്ന നീലക്കണ്ണുകൾ ചിമ്മി തുറക്കുന്ന ഒരു പാവക്കുട്ടി അതിനെ കണ്ട നാൾ മുതൽ എന്നോടൊപ്പം കൂടിയതാണ് എൻറെ ബാല്യകാലസഖി

അതിനെ അവൾ താഴത്തും തലയിലും വെക്കാതെയാണ് കൊണ്ടുനടക്കുന്നത് ഒരു ഉമ്മയുടെ പക്വതയോടെ അവൾ അതിനെ ചിരിപരിചരിക്കുകയും കൊഞ്ചിക്കുകയും, ലാളിക്കുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു

ചിലപ്പോഴെല്ലാം അതിന് വിശക്കുന്നു കുട്ടികരയുന്നു എന്നെല്ലാം പറഞ്ഞ് ഉമ്മൂമാന്റെ കണ്ണിൽ ഒറ്റിക്കുന്ന ഒഴിഞ്ഞതുള്ളിമരുന്ന് കുപ്പിയിൽ പാൽ നിറച്ച് അവൾഅതിനെ കൊടുക്കുമായിരുന്നു

അങ്ങനെ തിരക്കേടില്ലാതെ ഞങ്ങളുടെ ബാല്യകാല ദാമ്പത്യം മുന്നോട്ട് പോകുമ്പോൾ അന്നൊരു ദിവസം അവൾ ഊഞ്ഞാലാടി കൊണ്ടിരിക്കുമ്പോൾ ഉച്ചയൂണിന് ഉമ്മ എന്നെ വിളിച്ചു ഉമ്മാൻറെ ഒന്നും രണ്ടും മൂന്നും വിളിക്ക് ചെവികൊടുക്കാതെ ഇരുന്നപ്പോൾ

ഉമ്മാന്റെ ഭാവം മാറി “മര്യാദയ്ക്ക് ആ വെയിലത്തുനിന്നും രണ്ടും വന്ന്ചോറ് തിന്നോ” ഇല്ലെങ്കിൽ എൻറെ കയ്യിൽ നിന്നും രണ്ടും നല്ല തല്ലു വാങ്ങും?

ഉമ്മയുടെ ശബ്ദഗാംഭീര്യം കേട്ട് പേടിച്ചതുകൊ ണ്ടോ എന്തോ! അവളാടികൊണ്ടിരുന്ന ഊഞ്ഞാലിൽനിന്നും മൂക്കും കുത്തി താഴെവീണു

അവിടെ നിന്നും എഴുന്നേറ്റു അവൾഎന്റെ മുഖത്തേക്ക് നോക്കി ദേഹത്തും ഉടുപ്പിലും മണ്ണും പൊടിയും പറ്റിപ്പിടിച്ചിരിക്കുന്നു ഞാൻ മെല്ലെ അതെല്ലാം തട്ടി തുടച്ചുകൊടുത്തു

കൈയ്യിലെ കുപ്പിവളകൾ പൊട്ടി കൈത്തണ്ടയിൽ അല്പം ചോര പൊടിഞ്ഞിരിക്കുന്നു പിന്നെ അവൾ ഉടുത്തിരുന്ന ഉടുപ്പിലും ചോരത്തുള്ളികൾ വീണു ചുമന്നിരുന്നു

അവൾ ചോരകണ്ട് നിലവിളിക്കാൻ തുടങ്ങി അപ്പോൾ ഞാൻ അവളെ വട്ടം കെട്ടിപ്പിടിച്ചു അവളുടെ വായ മെല്ലെ പൊത്തി കാതിൽ മെല്ലെ പറഞ്ഞു സാരല്ല്യാ “കരയണ്ട കരഞ്ഞാൽ ഉമ്മ എന്നെ വഴക്കുപറയും

അവളുടെ കരച്ചിൽ കേട്ടാൽ വിളിച്ചിട്ടും വിളിച്ചിട്ടും ചെല്ലാതിരുന്നതിനാലും ഉമ്മ തന്റെ കലിപ്പ് എന്നോട് തീർക്കും അത് ഉറപ്പാണ് അതൊഴിവാക്കാൻ വേണ്ടി മാത്രം കാര്യം പറഞ്ഞപ്പോൾ അവൾക്ക് കാര്യം പിടികിട്ടി കരച്ചിൽ നിറുത്തി. അങ്ങനെ അന്നത്തെ കളികളെല്ലാം ഞങ്ങൾ മതിയാക്കി

പിറ്റേദിവസം ഓത്തുപള്ളിയിൽ ഉസ്താദ് ഹാജർ വിളിക്കുമ്പോൾ അവൾ ഉണ്ടായിരുന്നില്ല പള്ളിയിലേക്ക് പോകുമ്പോൾ ഞാൻ അവളുടെ ഉമ്മയോട് ചോദിച്ചു അവൾ ഓതാൻവരുന്നില്ലേ ?എന്ന്

ഇല്ല ? ഇനി അവൾ ഓത്തിന് വരുന്നില്ല !! എന്നായിരുന്നു അവരുടെ മറുപടി

ദിവസങ്ങൾ കഴിഞ്ഞു പോയി

അവളെ പള്ളിയിലേക്കും എന്റെ വീട്ടിലേക്കും കണ്ടില്ല എന്റെ മനസ്സ് വല്ലാതെ മന്ത്രിച്ചു ഞാൻ അവളെ കെട്ടിപ്പിടിച്ചത് അവൾക്കിഷ്ടമില്ലാത്തത് കൊണ്ടാണോ അവൾ വീട്ടിൽ വരാത്തത് എൻറെ ആശങ്കയും ഹൃദയമിടിപ്പും കൂടി കൂടി വന്നു ഞാൻ തെറ്റുകാരനാണോ എന്റെമനസ്സാക്ഷി ആദ്യമായി എന്നെ ചോദ്യം ചെയ്ത നിമിഷങ്ങൾ.

അങ്ങനെയിരിക്കെ ഉമ്മ കടയിൽ നിന്നും കൺമഷിയും പൗഡറും വാസനസോപ്പും, വളയും, മാലയുമെല്ലാം വാങ്ങി വച്ചിരിക്കുന്നു

അതുകണ്ട ഞാൻ ഉമ്മയോട് ചോദിച്ചു ഇതെല്ലാം ആർക്കു കൊടുക്കാനാണുമ്മാ ? അത് അവളുടെ കല്യാണത്തിന് ഉള്ളതാണ് ഉമ്മ പറഞ്ഞു

ഞാൻ:കല്ല്യാണമോ? ആരുടെ കല്യാണം!

തുളക്കാൽ നിക്കാതെ ! നീ നിന്റെ പണി നോക്ക് അല്ല പിന്നെ എന്തൊക്കെ അറിയണം നിനക്ക് ഇനി പഴയ പോലെ ആ പെണ്ണിന്റെ കൂടെ ഓടാനും ചാടാനും ഒന്നും നിക്കണ്ട …..ങ്ഹാ…! ഉമ്മ വിഷയം മാറ്റി

ആലോചിച്ചിട്ട് എനിക്ക് ഒരുപിടിയും കിട്ടിയില്ല ഇത്ര ചെറുപ്രായത്തിലെ കല്ല്യാണമോ? അതും ഒറ്റ ദിവസം കൊണ്ട്

പിറ്റേദിവസം ഉമ്മ അണിഞ്ഞൊരുങ്ങി അവളുടെ വീട്ടിലേക്ക് പോകുമ്പോൾ ഞാൻ കൂടി വരട്ടേ!എന്നു ചോദിച്ചു

“അയ്യേ!! ഉമ്മ എന്നെ കളിയാക്കി ഇത് പെൺകുട്ടികളുടെ കല്യാണമാണ് ഇതിന് ആൺകുട്ടികളാരും വരില്ല ”

പിന്നെ നിർബന്ധം പിടിച്ചപ്പോൾ എന്നെയും കൊണ്ട് പോയി

അവളുടെ വീട്ടിൽ എത്തിയപ്പോൾ അവിടെ എല്ലായിടത്തും പെൺകുട്ടികൾ മാത്രം വരുന്നവരെല്ലാവരും മധുരപലഹാരങ്ങളും സമ്മാനപ്പൊതികളും അവൾക്ക് നൽകുന്നു അവളുടെ വീട്ടിൽ തീർത്തും ഞാൻ ഒറ്റപ്പെട്ടു പോയി

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ അവരുടെ വീടിൻറെ പിൻഭാഗത്തേക്ക് ചെന്നു അവിടെ ഇരുമ്പൻ പുളി മരത്തിന്റെ ചുവട്ടിലിട്ടബഞ്ചിൽ ഇരിക്കുന്ന അവളെ ആരൊക്കെയോ ചേർന്ന് തലയിൽ കാച്ചിയ എണ്ണയും ദേഹത്ത് മഞ്ഞളും പുരട്ടി കൊടുക്കുന്നു

ആ കാഴ്ച കണ്ടു നിൽക്കുമ്പോൾ ആരോ എന്നോട് വിളിച്ചു പറഞ്ഞു പെൺകുട്ടികൾ കുളിക്കുന്നത് നിനക്ക് എന്താ കാര്യം? അപ്പുറത്തേക്ക് ….പോ!!

ആറ്റിലും പുഴയിലുമെല്ലാം ഉമ്മ തുണിയലക്കാൻ പോകുമ്പോൾ ഞങ്ങളും കൂടെ പോകും ഞങ്ങളുടെ കുളിയും നീരാട്ടും പുഴയിൽ ഒരുമിച്ചായിരുന്നു ഇന്ന് അവളെരാജകുമാരിയെ പോലെ ചുറ്റും തോഴിമാർ നിന്ന് കുളിപ്പിക്കുന്നു ഞാൻ കാണാൻ പാടില്ല പോലും കൂടുതൽ ആലോചിക്കാതെ ഞാൻ തിരിച്ചു നടന്നു.

ഏഴുദിവസത്തെ കാർമേഘങ്ങൾ മറ നീക്കി പുറത്തു വന്ന സൂര്യകിരണങ്ങൾ ഏൽക്കാൻ അവൾ പുറത്തിറങ്ങി

അവൾക്ക് കിട്ടിയ മധുരപലഹാരങ്ങളിൽ നിന്നും ഒരു പങ്കുമായി അവൾ ഉമ്മയോടൊത്ത് ഞങ്ങ ളുടെ വീട്ടിൽ വന്നു ചുവന്നു തുടുത്ത കവിളുകളും നക്ഷത്രങ്ങളെ പോലെ തിളങ്ങുന്ന കണ്ണുകളും കൈകളിൽ നിറയെ മൈലാഞ്ചിമൊഞ്ചും പുത്തനു ടുപ്പു മെല്ലാമായി അവൾ ഒരു മാലാഖ കുട്ടി ആയിരിക്കുന്നു.

എന്നെ കണ്ടപ്പോൾ അവൾ മേഘങ്ങൾക്കിടയിൽ ഒളിക്കുന്ന ചന്ദ്രികയെ പോലെ അവളുടെ ഉമ്മയുടെ പിന്നിലേക്ക് മാറി നിന്നു

അവളുടെ ഉമ്മ എന്റെ ഉമ്മയോട് സംസാരിക്കുന്ന കൂട്ടത്തിൽ പറഞ്ഞു ഞങ്ങൾ ഇവിടെ നിന്നും പോവുകയാണ് ഇവിടെ വീട്ടുക്കാർ വാടക കൂടുതൽ ചോദിക്കുന്നു അത്രയും കൊടുക്കാൻ ഞങ്ങൾക്കാവില്ല അതുകൊണ്ട് ചെറിയ ഒരു വീട് കണ്ടു വച്ചിട്ടുണ്ട് നാളെ ഞങ്ങൾ അങ്ങോട്ടു പോകും

അത്രയും പറഞ്ഞു കേട്ടപ്പോൾ ഞാൻ അവിടെനിന്നും മാവിൻചുവട്ടിലേക്ക് ഓടി

അവർ യാത്ര പറഞ്ഞ് തിരിച്ചു പോകുമ്പോൾ എൻറെ ഉമ്മ അവളെ പിടിച്ചുനിർത്തി അവളുടെ അമ്പിളി പോലത്തെമുഖം കൈക്കുമ്പിളിൽ എടുത്തു പറഞ്ഞു ഇനി പഴയ പോലെ ചെക്കൻമാരുടെ കൂടെ കളിച്ചു നടക്കരുത് നീ ഇപ്പോൾ വലിയ കുട്ടിയായി ട്ടോ !!

അവൾ തലയാട്ടി സമ്മതിച്ചു ഉമ്മ അവളുടെ ചുവന്ന കവിളിൽ ഒരു മുത്തം കൊടുത്തു

അവർ തിരിച്ചു പോകാൻ നേരം അവളുടെ ഉമ്മ ചോദിച്ചു എവിടെനിന്റെ കൂട്ടുകാരൻ കണ്ടില്ലല്ലോ? പോയി അവനോട് യാത്ര പറഞ്ഞിട്ട് വാ !!

അതു കേട്ടസന്തോഷത്തിൽ അവൾ ആ മാഞ്ചുവട്ടിലേക്ക് ഓടി വന്നു അവൾ നാടുവിട്ടു പോവുകയാണെന്ന് അറിഞ്ഞപ്പോൾ എൻറെ ഹൃദയമിടിപ്പ് വർദ്ധിച്ചു എനിക്ക് തേങ്ങലടക്കാൻ കഴിഞ്ഞില്ല ഞാൻ ആ മുവ്വാണ്ടൻമുത്തശ്ശിയെ ചേർത്ത് പിടിച്ചു കരഞ്ഞു

അപ്പോൾ അവൾ വന്ന് എൻറെ പുറത്ത് കൈവച്ചു ഞാൻ തിരിഞ്ഞുനോക്കി

അവൾ പറഞ്ഞു :ഞങ്ങൾ നാളെ പോവുകയാണ്

ഞാൻ: ങ്ഹും! ഉമ്മ പറയുന്നത് കേട്ടു

ഞാൻ ചോദിച്ചു : ഇനി വരില്ലേ? ഒരിക്കലും വരില്ലേ? അവൾ :അറിയില്ല

പിന്നെ പരസ്പരം ഒന്നും മിണ്ടിയില്ല കളി വീടിൻറെ മുറ്റത്ത് തൂവാലയിൽ പൊതിഞ്ഞു അവൾ ഉറക്കി കിടത്തിയിരുന്ന നീലക്കണ്ണുള്ള പാവക്കുട്ടിയെ ഞാൻ ചെന്നെടുത്തു അതിനെ ഒന്നു ചുംബിച്ചു അത് ഞാൻ അവൾക്കുനേരെ നീട്ടി എൻറെ സമ്മാനമായി ഞാൻ അവൾക്കു നൽകി

അവൾ അതു വാങ്ങി തുവ്വാല അഴിച്ചെടുത്ത് പതിയെ താഴെയിരുന്ന് അവളുടെ കയ്യിൽ നിന്നും പൊട്ടിവീണ വളപ്പൊട്ടുകൾ മെല്ലെപെറുക്കിയെടുത്ത് തുവ്വാലയിൽ വെച്ച് പൊതിഞ്ഞ് എനിക്കു തന്നു

“അപ്പോഴേക്കും അവളുടെ ഉമ്മ അവളെ വിളിച്ചു ഹസ്സീ……നീ അവിടെ എന്തെടുക്കാ” പോകാറായി വേഗം വന്നേ!! വിളിക്കുത്തരം നൽകി അവൾ തിരിഞ്ഞുനടന്നു .

പിറ്റേ ദിവസം ഓത്തുപള്ളി വിട്ടപ്പോഴും ഞാൻ ആ മാഞ്ചോട്ടിൽ എത്തി പൊട്ടിവീണ ഊഞ്ഞാലിനെയും നോക്കി മാവിനെ ചാരിനിന്നു ഇനി വരില്ലെന്നറിഞ്ഞിട്ടും ഞാൻ അവൾക്ക് വേണ്ടി കാത്തിരുന്നു അവൾ മാത്രം വന്നില്ല വേർപെട്ടുപോയ കളിത്തോഴിയോട് ഞങ്ങൾക്ക് നഷ്ടപ്പെട്ട ബാല്യകാലത്തെ ഓർത്ത് ഞാൻ മാവിൻ ചുവട്ടിലേക്ക് ഓടി കാത്തിരിക്കാൻ ആരും ഇല്ലാത്തതുകൊണ്ട് കഥകളുടെ ലോകത്തേക്ക് തിരിഞ്ഞു

കളിവീടും കളിയൂഞ്ഞാലുമൊന്നുമില്ലെങ്കിലും മാറിമറയുന്ന ഋതുക്കൾ സാക്ഷിയായി അണ്ണാറക്കണ്ണനും കാക്കക്കറുമ്പിക്കും കൂട്ടായി ഞങ്ങളുടെ ബാല്യകാല സ്മരണകൾ ഉറങ്ങുന്ന ആ മാമ്പഴം മുത്തശ്ശി പ്രണയത്തിന്റെ മധുരകനികൾപൊഴിച്ച് സ്വാന്ത്വനത്തിന്റെ തണൽ വിരിച്ച് ഇപ്പോഴും അവിടെയുണ്ട്.

രചന: Musthafa Muhammed

Categories
Uncategorized

തോറ്റു പോകുന്നത് അവരല്ല…നല്ല മാറ്റങ്ങൾ ആഗ്രഹിക്കുന്ന സമൂഹം ആണെന്ന് മാത്രം.

രചന: Akhilesh Reshja

“എനിക്ക് ഡിവോഴ്‌സ് വേണം”

“നീ ഓൺലൈൻ വഴി നോക്ക് ക്വാറന്റൈൻ അല്ലേ പുറത്തു പോകാൻ പറ്റില്ലല്ലോ ”

“എന്ത്?”

“നിനക്കെന്തോ വേണം എന്ന് പറഞ്ഞില്ലേ… നീ ഓൺലൈൻ വഴി വാങ്ങിച്ചോ…ഞാൻ സെലക്ട്‌ ചെയ്താൽ നിനക്കിഷ്‌ട്ടപ്പെടില്ല പിന്നെ അതിന്റെ പേരിൽ വഴക്കാവും ”

“ഞാൻ ഡിവോഴ്സ് വേണമെന്ന പറഞ്ഞത്.”

“ഓ അത്രേള്ളു ”

“നിങ്ങൾക്ക് എന്താ അത് കേട്ടിട്ട് ഒരു കുലുക്കവും ഇല്ലാത്തത്?…”

“ഹോ…അത് നല്ല കാര്യം അല്ലേ…അതിനിത്ര കുലുങ്ങാൻ എന്തിരിക്കുന്നു…അല്ല എന്തിനാണാവോ ഇപ്പൊ ഒരു ഡിവോഴ്‌സ്…വേറെ ആരെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടോ കെട്ടാൻ?”

“ഹും… മിസ്റ്റർ ഭർത്താവെ നിങ്ങള് ഈ ലോകത്ത് ഒന്നും അല്ലേ…നിങ്ങള് കാരണമാ ഞാൻ ഇങ്ങനെ ഒന്നും ആകാതെ ഇരിക്കണേ…നിങ്ങൾ ആ ടീവി ഒന്ന് വെച്ച് നോക്കിയേ…എന്തോരം സീരിയലുകളാ…അതിൽ എല്ലാത്തിലും നായികയെ നായകൻ ഉപേക്ഷിച്ചു പോകുന്നു അതിന് ശേഷം നായികയ്ക്ക് വെച്ചടി വെച്ചടി കയറ്റമാ…സീരിയലുകൾ മാത്രമോ വാട്ട്‌സ്ആപ്പും ഫേസ്ബുക്കും നോക്കിയേ എന്തോരം പോസ്റ്റ്‌ കാണാം… എനിക്കും അങ്ങനെ ഒന്ന് തിളങ്ങണം. തോറ്റു പോയിടത്തു നിന്നും വിജയിച്ചു കാണിക്കണം എനിക്ക്.”

“ഹാ ബെസ്റ്റ്…ഞാൻ നിന്നെ പിരിഞ്ഞാൽ ഉടനെ നീ തോറ്റു പോകും അല്ലേ…”

“അത് അങ്ങനെയല്ല… ”

“മണ്ണാങ്കട്ട…തോറ്റു പോകും പോലും ജീവിതത്തിൽ എന്തെങ്കിലും ഒരു തിരിച്ചറിവ് ഉണ്ടായി ഉചിതമായ തീരുമാനം എടുക്കുന്നത് എങ്ങനെയാടി മണ്ടി തോൽവി ആകുന്നത്…

നിനക്കിതൊക്കെ എവിടുന്നു കിട്ടുന്നു?”

“ഞാൻ ഒരു ഫേസ് ബുക്ക്‌ പോസ്റ്റിൽ കണ്ടതാ…ഒരു കമന്റ് ആയിരുന്നു…തോറ്റു പോയവരുടെ ജീവിതത്തിന് വല്ലാത്തൊരു തിളക്കം ആണെന്ന്.”

“തോന്നി…എന്നും ഓരോ മണ്ടത്തരങ്ങൾ കൊണ്ടു വന്നോളും. ജീവനായി സ്നേഹിക്കുന്നവരെ മനസ്സിലാക്കാൻ കഴിയാത്തവർ മാത്രമേ അത്തരത്തിൽ തോറ്റു പോയെന്ന് പറയാൻ പറ്റുകയുള്ളു…നേരെ തിരിച്ചാണെങ്കിൽ അത് ഒരിക്കലും തോൽവിയല്ല… മേലാൽ ഇത്തരം പൊട്ടത്തരം കൊണ്ട് വന്നേക്കരുത് കേട്ടോ ഭാര്യേ…”

‘”വന്നാൽ…?”

” ‘അവളുടെ കുറവുകളെ പ്രണയിക്കുന്ന രാജകുമാരനെന്ന് ‘ ക്യാപ്ഷൻ ഇട്ട് എന്റെ ഫോട്ടോ നാട്ടുകാർ സ്റ്റാറ്റസ് ഇടും ”

ഭാര്യയ്ക്ക് രണ്ടു നിമിഷത്തെ ആലോചനയ്ക്ക് ശേഷം മാത്രമാണ് ഭർത്താവിന്റെ വാക്കുകളിലെ പൊരുൾ മനസ്സിലായത്.

ജീവിതത്തിലെ ചില അവസ്ഥകളെ കാവ്യാത്മകമായി പറയുമ്പോൾ പരോക്ഷമായി വിരൽ ചൂണ്ടുന്നത് ചില നൂനതകളിലേക്കാണെന്ന് അവൾ ഓർത്തു.

🍁🍁 🍁🍁

(നിങ്ങൾ നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീയാണോ എങ്കിൽ നിങ്ങൾ തോറ്റു.വെറും തോൽവിയല്ല ഭൂലോക തോൽവി തന്നെ. നിങ്ങളുടെ ചിരി ഇനിമുതൽ തോറ്റു പോയവളുടെ പുഞ്ചിരിയാണ്. നിങ്ങളുടെ ചുവടു വെയ്പ്പുകൾ തോറ്റു പോയവളുടെ ഉയർത്തെഴുന്നേൽപ്പാണ്. നിങ്ങളുടെ സന്തോഷങ്ങൾ ഇനി മറ്റുള്ളവരുടെ മുൻപിൽ സങ്കടങ്ങൾക്ക് മേലേ അണിഞ്ഞ മുഖം മൂടിയാണ്…

എന്തെല്ലാം വിശേഷണങ്ങൾ ആണെല്ലേ… ജീവിതത്തിൽ ഒരിക്കലും ഒരിക്കലും ഒരുമിച്ചു സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കാൻ കഴിയില്ലെന്ന ബോധ്യത്തോടെ വിവാഹമെന്ന ഉടമ്പടി അവസാനിപ്പിക്കുമ്പോൾ അതിൽ പെണ്ണ് മാത്രം എങ്ങനെ തോറ്റു പോകുന്നവൾ ആകുന്നു? പേരിനു പുറകിൽ പുരുഷന്റെ നാമം ഇല്ലായെങ്കിൽ, അവൾ തോറ്റു പോകുന്നവൾ ആകുന്നതെങ്ങനെ?

പേരിനെകിലും ഒരാൺ തുണ ഉള്ളവർ മാത്രമാണോ ജീവിതത്തിൽ പൂർണ്ണസന്തോഷവതികൾ ആയിട്ടുള്ളത്(ഭർത്താവ് കൂടെയുള്ളവർ എല്ലാവരും സന്തോഷമായിട്ടാണോ ജീവിക്കുന്നത്?) അതുമല്ലെങ്കിൽ സ്ത്രീയുടെ സന്തോഷങ്ങളും വിജയങ്ങളും ഭർത്താവിനെ ചുറ്റിപ്പറ്റി മാത്രമാണോ? (കൂടെ ചേർത്തു നിർത്തി ഞാനില്ലേ കൂടെയെന്ന് ചോദിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അത് സന്തോഷം തന്നെയാണ്.)

സമൂഹത്തിൽ പ്രമുഖർ ആയവരോ സാധാരണക്കാരോ ആകട്ടെ ആർക്കും ആരുടേയും സഹതാപതരംഗങ്ങൾ ആവശ്യമേയില്ല. വിവാഹമോചിതയായ ഒരു സ്ത്രീയുടെ വിജയങ്ങൾക്ക് സമൂഹം വലിയ പരിഗണന കൊടുക്കാറുണ്ട്.നല്ലത് തന്നെ… ഭർത്താവ് കൂടെ ഉണ്ടോ ഇല്ലയോ എന്ന് നോക്കാതെ അവരുടെ വ്യക്തിത്വത്തെ മാത്രം ബഹുമാനിക്കുക,പരിഗണിക്കുക.

ഒരിക്കലും ജീവിതപങ്കാളി ഒപ്പമുണ്ടോ വേ ർപിരിഞ്ഞു പോയോ എന്ന വസ്തുത മാത്രം കണക്കിലെടുത്തുകൊണ്ട് അവരുടെ ചെയ്തികളെ വിലയിരുത്തതിരിക്കുക.

പ്രശംസിക്കുകയാണെന്ന മട്ടിൽ എന്തിന് അവരിൽ തെറ്റായ ചിന്തകൾക്ക് തിരി കൊളുത്തണം?

ചിലർ ഫേസ്ബുക്കിൽ അവരുടെ സന്തോഷനിമിഷങ്ങളെ പങ്കുവെയ്ക്കുമ്പോൾ താഴെ ഒരുപാട് കമന്റ്സ് കാണാറുണ്ട്…പോസറ്റീവ് ആയതും നെഗറ്റീവ് ആയതും ചിലത് പോസറ്റീവ് ആണെന്ന് തോന്നിപ്പിക്കും വിധം പക്ഷേ നിറയെ നെഗറ്റിവിറ്റി.അത്തരം കുറേ അഭിപ്രായങ്ങൾ വായിച്ചു മടുത്തു.

കറുത്ത ഒരാളെ വെളുത്ത ഒരാൾ വിവാഹം ചെയ്ത ഫോട്ടോ കണ്ടാൽ അപ്പോൾ അവിടെ വരുന്ന ചില അഭിപ്രായങ്ങൾ ഉണ്ട്…’കറുപ്പാണെങ്കിലും നല്ല ഭംഗിയാണെന്ന്’…ആ പറച്ചിലിൽ തന്നെ ഇല്ലേ കറുപ്പ് മോശം ആണെന്നുള്ള തെറ്റായ ധ്വനി!

അങ്ങനെ നിറം നോക്കാതെ വിവാഹം കഴിച്ചാൽ നല്ല മനസ്സിനുടമയെന്ന് ചിലർ പറയും. എന്തോ ത്യാ ഗം ചെയ്യുന്നുവെന്ന തോന്നൽ ഉണ്ടാക്കാൻ അത്തരം ഒരു കമന്റ് മതിയാകും.അങ്ങനെ എത്രയെണ്ണം… നമ്മൾ നമുക്ക് കുറവെന്ന് തോന്നുന്നവയിലേക്ക് മാത്രം നോക്കി കൊണ്ട് അവരെ എത്ര തന്നെ അഭിനന്ദിച്ചാലും അത് വലിയ തോൽവി ആയിരിക്കും.

തോറ്റു പോകുന്നത് അവരല്ല…നല്ല മാറ്റങ്ങൾ ആഗ്രഹിക്കുന്ന സമൂഹം ആണെന്ന് മാത്രം.

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: Akhilesh Reshja

Categories
Uncategorized

ഒരു ദിവസം വന്ന വിവാഹാലോചനയ്ക്ക് സമ്മതമെന്നു പറഞ്ഞ് അവൾ…

രചന: വൈദേഹി വൈഗ (ജാനകി )

ഇരുപൂക്കൾ…

“നാശം….. നീ ആരുടേലും തലേലായി ഇവിടുന്നൊന്ന് പോയാലേ എനിക്ക് സ്വസ്ഥത എന്നൊരു സാധനം കിട്ടൂ……”

എല്ലാവരുടെയും മുന്നിൽ വച്ച് അനഘ അങ്ങനെ പറഞ്ഞപ്പോൾ അഞ്ജനയുടെ ഹൃദയം ചുട്ടുപൊള്ളുകയായിരുന്നു, വേദനയിലോ അപമാനത്തിലോ എന്തെന്നറിയില്ല, കോപം തികട്ടി വന്നതും അനഘയുടെ മുഖത്ത് അഞ്ജന ആഞ്ഞടിച്ചു.

“നാവടക്കെടി അസത്തെ…. ഇനിയൊരക്ഷരം മിണ്ടിയാൽ നിന്റെ നാവ് ഞാൻ പിഴുതെടുക്കും…..”

നിസാരമായൊരു കാര്യത്തിൽ തുടങ്ങിയ വാക്കുതർക്കം ഇത്രത്തോളം എത്തുമെന്ന് അവിടെ കൂടിയിരുന്ന ആരും കരുതിയിട്ടുണ്ടായിരുന്നില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി അഞ്ജനയുടെ പിറന്നാളാഘോഷിക്കുകയായിരുന്നു. നാവിലലിയും മധുരമൂറും നിമിഷങ്ങൾക്കിടയിലാണ് കയ്പ്പ് കലർന്ന സംഭവങ്ങൾ അരങ്ങേറിയത്, അതിന്റെ ആഘാതത്തിലായിരുന്നു എല്ലാവരും.

“നീ…. നീയെന്നെ തല്ലിയല്ലേ….. ”

അടികൊണ്ടു ചുവന്ന കവിളിൽ കൈചേർത്ത് അനഘ പൊട്ടിത്തെറിച്ചു, അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു….

അവളുടെ കണ്ണുനീർ കണ്ടതും അഞ്ജുവിന്റെ ഹൃദയത്തിൽ ചോര പൊടിഞ്ഞപോൽ നീറ്റലായിരുന്നു, ഇന്നേവരെ ഒന്ന് നുള്ളിനോവിച്ചിട്ടില്ല തന്റെ അനിയത്തിയെ… തല്ലണമെന്ന് കരുതിയതല്ല. ദേഷ്യം സഹിക്കവയ്യാതെ പറ്റിപ്പോയതാണ്.

“അനൂ… ഞാൻ….”

അവൾ പറയാനാഞ്ഞതും അനഘ കരഞ്ഞുകൊണ്ട് മുറിയിലേക്കോടിയിരുന്നു, ഒരു നിമിഷം കൊണ്ട് സന്തോഷം നിറഞ്ഞുതുളുമ്പിയ ആ വീട് മരണവീട് പോലെ മൂകമായി. പതിയെ അഞ്ജനയും അവളുടെ റൂമിലേക്ക് ഉൾവലിഞ്ഞു.

പുറത്ത് ഭക്ഷണം വിളമ്പുന്നതിന്റെയും കഴിക്കുന്നതിന്റെയും ശബ്ദകോലാഹലങ്ങൾ കേട്ടിരുന്നെങ്കിലും മുറിവിട്ടിറങ്ങാൻ അവൾക്ക് തോന്നിയില്ല, വെളിച്ചം അരോചകമെന്ന് തോന്നി ലൈറ്റ് കെടുത്തി വെറും നിലത്തിരുന്നു, കണ്ണടച്ചാൽ കാണുന്നത് അനുവിന്റെ കരയുന്ന മുഖമാണ്. അഞ്ജനക്ക് സ്വയം വെറുപ്പുതോന്നി.

ഇടക്കെപ്പോഴോ അച്ഛൻ ഊണുകഴിക്കാൻ വന്നു വിളിച്ചെങ്കിലും വിശപ്പില്ലെന്നു പറഞ്ഞ് മടക്കിയയച്ചു, മനസ്സ് നീറിപ്പുകയുമ്പോൾ എന്ത് വിശപ്പ് എന്ത് ദാഹം…..

രാത്രിയേറെ കഴിഞ്ഞു, ആളൊഴിഞ്ഞ പൂരപ്പറമ്പുപോലെ ശാന്തമായി അന്തരീക്ഷം. മനസ്സിനൊരു സമാധാനവുമില്ലാഞ്ഞിട്ടാണ് രാത്രിയേറെ വൈകിയെന്നറിയാമായിരുന്നിട്ടും അനഘയുടെ മുറിയിലേക്ക് നടന്നു, ക്ഷമ ചോദിക്കാം, വേണമെങ്കിൽ കാലുപിടിക്കാം…. തെറ്റ് തന്റെ ഭാഗത്തുമുണ്ടല്ലോ….

പക്ഷെ അനഘയുടെ തേങ്ങൽ അവളെ തടഞ്ഞു, വാതിലിന് സമീപം നിന്നു പോയി അഞ്ജു, ഉള്ളിലേക്ക് കടന്ന് അനുവിനെ ആശ്വസിപ്പിക്കാൻ അവളുടെ ഉള്ളം വിങ്ങി.

“അവളുണ്ടെങ്കിൽ ഞാൻ ഈ വീട്ടിൽ നിക്കില്ലച്ഛാ, എന്നെ ഏതെങ്കിലും ഹോസ്റ്റലിൽ ആക്കിയേക്ക്… ഇല്ലെങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോക്കോളാം….”

അച്ഛനോടുള്ള അവളുടെ അപേക്ഷ കേട്ട് അഞ്ജുവിന്റെ ഹൃദയം തകർന്നു, തറയിൽ വീണു ചിതറിയ കണ്ണാടിത്തുണ്ടുകളിൽ വീണു പിടഞ്ഞ ചോരയിറ്റുന്ന ഹൃദയവുമായി അവൾ ദിവസങ്ങളോളം തന്റെ മുറിയിൽ ഇരുളിൽ ഏകയായി കഴിച്ചുകൂട്ടി. ഒടുവിൽ പെട്ടെന്നൊരു ദിവസം വന്ന വിവാഹാലോചനയ്ക്ക് സമ്മതമെന്നു പറഞ്ഞ് അവൾ എല്ലാരേയും അമ്പരപ്പിച്ചു,

കല്യാണ ഒരുക്കങ്ങളൊക്കെ പെട്ടെന്നായിരുന്നു, വിവാഹനിശ്ചയവും തിയതി കുറിക്കലും കല്യാണപ്പുടവയെടുക്കലും ആഭരണം വാങ്ങലും ഒക്കെ ദിവസങ്ങൾക്കുള്ളിൽ നടന്നു, ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളേയുള്ളൂ കല്യാണത്തിന്…

കല്യാണനാൾ അടുക്കുംതോറും അനുവിന്റെ സ്വസ്ഥത നഷ്ടപ്പെടാൻ തുടങ്ങിയിരുന്നു, വിലപ്പെട്ടതെന്തോ നഷ്ടമാകുന്നു എന്ന തോന്നൽ അവളെ ചെവിയിൽ ഉറുമ്പ് കടന്നാലെന്ന പോലെ അനുനിമിഷം അസ്വസ്ഥമാക്കിക്കൊണ്ടേയിരുന്നു….

വിവാഹത്തിനായി ആ വീടൊരുങ്ങിയപ്പോഴും രണ്ട് ആത്മാക്കൾ ഒരേ കൂരക്കീഴിൽ രണ്ടുമുറികളിൽ ഉറക്കമില്ലാത്ത പലരാത്രികളെയും കടന്നുപോയ്ക്കൊണ്ടിരുന്നു.

തനിക്കെന്താണിത്രയും അസ്വസ്ഥത, തന്റെ ഹൃദയം എന്തിനാണ് ഇങ്ങനെ വി-ങ്ങിപ്പൊട്ടുന്നതെന്ന് അനുവിന് എത്ര ചിന്തിച്ചിട്ടും മനസിലായില്ല, തന്റെ പ്രധാന എതിരാളി വീടുവിട്ടു പോവുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്, എന്താണെന്ന് ഒരെത്തും പിടിയും കിട്ടാതെ അനു ഉറക്കമില്ലാതലഞ്ഞു,

കല്യാണത്തലേന്ന്, ബന്ധുക്കളും അടുത്ത അയൽവാസികളുമൊക്കെയായി വീട് ഇരുളിലും ഉണർന്നിരുന്നു.തീരെ സഹിക്കവയ്യാതെ അനു അഞ്ജുവിന്റെ മുറിയിലേക്ക് നടന്നു, പക്ഷെ മുറിക്ക് മുന്നിലെത്തിയതും അവൾ ഒന്ന് നിന്നു,

വേണ്ടാ, നാളെയവൾ പടിയിറങ്ങുകയല്ലേ, ഇത്രയും ദിവസങ്ങളിൽ ഇല്ലാത്തതൊന്നും കുറച്ചു മണിക്കൂറുകൾക്ക് വേണ്ടി വേണമെന്നില്ല….

പറയാനുണ്ടായിരുന്നതൊക്കെ മനസ്സിൽ തന്നെ കുഴിച്ചു മൂടി അവൾ തിരികെ തന്റെ തിരക്കുകളിലേക്കൂളിയിട്ടു.

കല്യാണം കഴിഞ്ഞു, ചെക്കൻ വീട്ടുകാർ പെണ്ണിനെ കൂട്ടി പോകാനിറങ്ങുമ്പോൾ നിയന്ത്രണം വിട്ടുകരയുന്ന ചേച്ചിയെയും അച്ഛനെയും നോക്കി നിർവികാരതയോടെ നിക്കുമ്പോൾ അനു ഓർത്തു, അമ്മയുണ്ടായിരുന്നെങ്കിൽ……

അമ്മയുണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷങ്ങൾ ഇതായിരുന്നേനെ…

അനുവിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു, അതാരും കാണാതെ മറച്ചുപിടിക്കാനോ കൂടെപ്പിറപ്പ് തന്നിൽ നിന്നകലുന്നത് കണ്ടുനിൽക്കാനുള്ള ത്രാണിയില്ലാത്തതുകൊണ്ടോ… പിന്നെയൊരു നിമിഷം പോലും അനു അവിടെ നിന്നില്ല.

അഞ്ജു ഇല്ലാത്ത വീട്ടിൽ അവൾക്ക് ഭ്രാന്ത്‌ പിടിക്കുംപോലെ തോന്നി, പണ്ട് എവിടെ തിരിഞ്ഞാലും പൂച്ചയെ പോലെ വീടിന്റെ ഏതെങ്കിലുമൊരു കോണിൽ ചേച്ചിയുണ്ടാകുമായിരുന്നു, അന്നാ ധൈര്യത്തിൽ ഒന്ന് മിണ്ടുക കൂടിയുണ്ടായിരുന്നില്ല.

പക്ഷെ ഇന്ന്….. അവൾ ഇല്ലാത്ത വീട് നരകമാണെന്ന് അനു തിരിച്ചറിയുകയായിരുന്നു. വിശപ്പും സ്ഥലകാലബോധവുമില്ലാതെ ഭ്രാന്ത് പിടിച്ചാലെന്ന പോലെ മാറി അവൾ.

മറുവീട് കാണലിന് ആദ്യം പുറപ്പെട്ടിറങ്ങിയത് അനു ആയിരുന്നു, എങ്ങനെയെങ്കിലും ചേച്ചിയെ ഒന്ന് കണ്ടാൽ മതിയെന്നായിരുന്നു അവളുടെ ചിന്ത മുഴുവൻ…..

വണ്ടിയിൽ നിന്നിറങ്ങി അക്ഷരാർഥത്തിൽ ഓടുകയായിരുന്നു, ഓടിപ്പോയി അഞ്ജുവിനെ കെട്ടിപ്പിടിച്ചു പരിസരബോധം പോലുമില്ലാതെ പൊട്ടിക്കരഞ്ഞു അവൾ, അഞ്ജുവിന്റെ അവസ്ഥയും വേറിട്ടതായിരുന്നില്ല…..

നമ്മളിൽ പലരും അഞ്ജുവിനെയും അനുവിനെയും പോലെയാണ്, അരികിൽ ഉണ്ടായിരിക്കുമ്പോൾ വിലയുണ്ടാവില്ല. അവർ വിലമതിക്കാനാവാത്തതായിരുന്നു എന്ന് തിരിച്ചറിയുന്നത് അവർ അത്രമേൽ നമ്മിൽ നിന്നകലുമ്പോളായിരിക്കും….

ഒരുപക്ഷെ ആ തിരിച്ചറിവ് വരുമ്പോഴേക്കും അവർ അടുക്കാനാകാത്ത വിധം ഒരുപാട് അകലെയുമായിരിക്കാം…..

ബന്ധങ്ങൾ സ്പടികത്തുണ്ട് പോലെയാണ്, പൊട്ടിത്തകരാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യവും…..

രചന: വൈദേഹി വൈഗ (ജാനകി )

Categories
Uncategorized

അവനു വളരെ സന്തോഷമായി. എല്ലാവർക്കും നന്ദി അറിയിച്ചു അവൻ…

രചന :വിജയ് സത്യ

വിവേകിനെ ഭാര്യ അപർണ എത്ര പാവമാണ്.

അവളെ വിവാഹം കഴിക്കുമ്പോൾ വിവേകിന് ചെറിയ ഒരു പ്രൈവറ്റ് കമ്പനിയിൽ ആയിരുന്നു ജോലി.. തുച്ഛമായ ശമ്പളം ഒരുപാട് അധ്വാനം..

ഇന്ന് വിവേകിനെ ഒരു നഗരത്തിലെ പ്രമുഖ കമ്പനിയിൽ ഇന്റർവ്യൂന് വിളിച്ചിട്ടുണ്ട്..

അങ്ങനെ അവൾ രാവിലെ തന്നെ ഭർത്താവിനെ ഒരുക്കി ഇറക്കി..

ബട്ടൺസ് ഇടാനും ടൈ കെട്ടാനും സൂഷു ലെയർ സ് കെട്ടാനും ഒക്കെ അവളൊരു നഴ്സറി കുഞ്ഞിനെ ഒരുക്കുന്നത് പോലെ സഹായിച്ചു..

ഇന്റർവ്യൂന് ചെന്നു വൈറ്റിംഗ് ബെഞ്ചിൽ ഇരിക്കുമ്പോൾ അപർണ കൃത്യ സമയം ചോദിച്ചു മനസ്സിലാക്കി പ്രാർത്ഥിക്കുകയായിരുന്നു..

അടുത്തത് വിവേകിന് ഊഴമായി.. അകത്തു ചെന്നപ്പോൾ അവൻ ഞെട്ടി പോയി..

കോളേജിൽ പഠിക്കുമ്പോൾ തന്നെ തേച്ചിട്ട് പോയ കാമുകി മിയയാണ് ഇന്റർവ്യൂ ബോർഡിന്റെ തലപ്പത്തു ഇരിക്കുന്നത്..

വിവേകിനെ കണ്ട മിയയും ഒന്ന് ഞെട്ടി… പക്ഷേ അവൾ അത് പുറത്തു കാണിച്ചില്ല. പകരം ആ മുഖത്ത് പുഞ്ചിരി വിടർന്നു..

അതുകണ്ടപ്പോൾ വിവകിനും ആശ്വാസമായി. ഇറങ്ങി പോകണോ എന്ന് ആലോചിച്ചതാണ്.. പഴയ ലോട്ക്കു പ്രേമത്തിനൊയൊക്കെ ഇപ്പോഴും തലയിലേറ്റി നടക്കുന്നത് ശരിയല്ലല്ലോ.. അവൻ അവർക്കു മുമ്പിൽ ഇരുന്നു തന്റെ കോളിഫിക്കേഷൻ സർട്ടിഫിക്കറ്റും പരിചയസമ്പത്ത് തെളിയിക്കുന്ന രേഖകളും നൽകി..

ആ കമ്പനിയിലെ ജോലിക്ക് വിവേകിന്റെ ആ ക്വാളിഫിക്കേഷൻ വളരെ ആപ്റ്റ് ആയിരുന്നു.. അങ്ങനെ അവന് അവിടെ ജോലി കിട്ടി.

തിങ്കളാഴ്ച തൊട്ട് ജോയിൻ ചെയ്യാൻ കമ്പനി പറഞ്ഞു.. അവനു വളരെ സന്തോഷമായി. എല്ലാവർക്കും നന്ദി അറിയിച്ചു അവൻ അവിടെ നിന്ന് പുറത്തിറങ്ങി.. വിവേക് വീട്ടിലെത്തി ജോലി കിട്ടിയ കാര്യം അറിയിച്ചു.. അപർണയ്ക്ക് തന്നെ പ്രാർത്ഥന ദൈവം കേട്ടതായി തോന്നി.. അവളും ഏറെ സന്തോഷിച്ചു..

തുടർന്ന് വിവേക് പുതിയ കമ്പനിയിലേക്ക് ജോലിക്ക് പോയി തുടങ്ങി..

പഴയ കാമുകി കാമുക സാന്നിധ്യം ഇരുവർക്കും ജോലിസ്ഥലത്ത് പുത്തനുണർവ് നൽകി..

മാനേജിങ് ഡയറക്ടറായ മിയ വിവാഹം കഴിഞ്ഞ് ഭർത്താവുമായി ഉടക്കി പിരിഞ്ഞ് ഡൈവോഴ്സ് ആയി നിൽക്കുകയാണ്..

ജോലിസ്ഥലത്തുനിന്നും വിവേക് നോട് സംസാരിക്കുന്നത് കൂടാതെ വീട്ടിൽ എത്തിയപ്പോഴും ഫോണിലൂടെയും കൊഞ്ചിക്കുഴഞ്ഞ് മിയ ദിവസങ്ങൾ തള്ളി നീക്കാൻ തുടങ്ങി.. അപർണയ്ക്ക് അറിയില്ലായിരുന്നു എം ഡി.മിയ വിവേകിന്റെ പഴയ കൂട്ടുകാരി ആണെന്ന്. നിരന്തരം ഫോൺ വിളിയും ചാറ്റിങ്ങും മറ്റും ആയപ്പോൾ ഒരുദിവസം അപർണ വിവേകിന്വ വന്ന മിയയുടെ വാട്സ്ആപ്പ് കോൾ അറ്റൻഡ് ചെയ്യേണ്ടിവന്നു.. വിവേക് ബാത്റൂമിൽ കുളിക്കുകയായിരുന്നു.

അപർണയുടെ ശബ്ദം കേട്ട് മിയ പെട്ടെന്ന് കോൾ കട്ട് ചെയ്തു.. ഇത് അപർണ യിൽ സംശയം കൂടുതൽ വളർത്തി… ഇപ്പം ടിവിയിൽ കാണിക്കുന്ന മൊത്തം സീരിയലും ഇങ്ങനെയുള്ളതാണ്.. പാവപ്പെട്ട വീട്ടമ്മമ്മാരുയുടെ ഭർത്താവിന് തട്ടിയെടുക്കുന്ന മുതലാളിച്ചിമാർ

ആ വാട്സ്ആപ്പ് നമ്പറിൽ അവൾ തിരിച്ചു വിളിച്ചു.. മിയ കോൾ എടുത്തു..

“മാഡം എന്തിനാ എപ്പോഴും ഇങ്ങനെ വിളിക്കുന്നത്…..?”

എന്ന് ചോദിച്ചു തുടങ്ങിയ അപർണ്ണ.. പതിയെ പതിയെ കത്തിക്കയറി ഒടുവിൽ ഭരണിപ്പാട്ട് പാടി മിയയുടെ ചെവി പൊട്ടിച്ചാണ് ഫോൺ വച്ചത്..

പൂര തെറിയും ഭരണിപ്പാട്ടും കേട്ട് മിയ അടങ്ങിയിരിക്കുമോ,? അവള് തന്റെ സ്റ്റാഫിന്റെ ഭാര്യ ആണെന്നൊന്നും ചിന്തിക്കാതെ സൈബർ സെല്ലിൽ കേസുകൊടുത്തു. പത്തു ലക്ഷം രൂപ എന്ന വലിയൊരു ഡിസ്പ്യൂട്ട് എമൗണ്ട് മാന നഷ്ടപരിഹാരം വെച്ചുകൊണ്ട്..

മിയ തനിക്കെതിരെ കേസ് കൊടുത്ത കാര്യം അപർണ അറിഞ്ഞില്ല..

എംഡിയും തന്റെ ഭാര്യയും ഫോണിലൂടെ അതുമിതും പറഞ്ഞു കലഹിച്ച കാര്യം വിവേകും അറിഞ്ഞില്ല..

ഇതൊന്നുമറിയാതെ അവൻ രാവിലെ ജോലിക്ക് പോയി..

വിവേകിന് കണ്ടു മിയാ പ്രത്യേകിച്ച് ഒന്നും പറയാൻ പോയില്ല….

ഈ സമയം മിയയുടെ വക്കിൽ മീയയെ ഫോണിൽ വിളിച്ചു..

“മാഡം ചെറിയ പ്രശ്നമുണ്ട്…”

“എന്താണ് വക്കീൽ സാർ പറഞ്ഞോളൂ.. “.

” ആ സ്ത്രീ ഫോൺ കൺസർവേഷനിലൂടെ പറഞ്ഞ തെറി വെച്ചു നമ്മൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടല്ലോ.. അതുമായി മുന്നോട്ടു പോയാൽ നമുക്ക് ചില പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്”

“എന്തു പ്രശ്നം?”

” നമ്മൾ നൽകിയ കേസിനെക്കുറിച്ച് സൈബർസെല്ലിലെ ഉദ്യോഗസ്ഥൻ ആഴത്തിൽ പഠിച്ചപ്പോൾ ആ സ്ത്രീ, അവരങ്ങനെ പ്രകോപിപ്പിക്കാൻ ഉണ്ടായ കാരണം എന്താണെന്ന് മനസ്സിലായി..മാഡം നിരന്തരം അവരുടെ ഭർത്താവിന് ഫോണിലൂടെ വിളിക്കുന്നതും ചാറ്റുന്നതും അവർ കണ്ടെത്തി. അതിന്റെ ഭാഗമായാണ് അവർ അങ്ങനെ പറഞ്ഞെതെന്ന് തെളിഞ്ഞു.. നമ്മൾ കേസുമായി മുന്നോട്ടു പോവുകയാണെങ്കിൽ ആ സ്ത്രീ മാഡത്തിന് എതിരെ ഒരു കൗണ്ടർ ഫയൽ ചെയ്താൽ പ്രശ്നം കൂടുതൽ വഷളാകും. കൂടാതെ വേറെയും ചില പ്രശ്നങ്ങൾ ഉണ്ട്..”

അതും പറഞ്ഞ് വാക്കിൽ ഒരു വഷളൻ ചിരി ചിരിച്ചു.. മിയയ്ക്ക് ഒന്നും പിടികിട്ടിയില്ല. വക്കീൽ എന്തിനായിരിക്കും ചിരിച്ചത്..

“മാഡം അത് ഫോണിലൂടെ പറയാൻ പറ്റില്ല അത് ഞാൻ നേരിട്ട് വന്നിട്ട് പറയാം”

“ശരി ഞാൻ ഓഫീസിൽ ഉണ്ട് വേഗം വന്നോളൂ ”

വക്കീൽ അൽപ്പസമയത്തിനുള്ളിൽ അദ്ദേഹത്തിന്റെ വാഹനത്തിൽ ആ കമ്പനി ഓഫീസിലേക്ക് എത്തി…

“എന്താണത്? വക്കിൽ സാർ വേറെയും പ്രശ്നങ്ങൾ..?

“സൈബർ സെൽ ഉദ്യോഗസ്ഥൻ എന്റെ ഫ്രണ്ട് ആണ്.. അവൻ അന്വേഷിച്ചതിൽ നിന്നും മനസ്സിലായ ഞെ-ട്ടിക്കുന്ന ഒരു കാര്യമുണ്ട്.. മേഡത്തിനു പല ഉത്തരേന്ത്യൻ ഗെയ്സുമായി ചില യൂറോപ്യൻ ബോയ്സുമായി ഫോണിലൂടെ തന്നെ അരുതാത്ത ബന്ധം പുലർത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

“സോ…. വാട്ട്…?”

അത് പിന്നെ പല വീഡിയോ കോളുകളും നേക്കഡ് ആണ്.. അന്യോനം എറോട്ടിക് പിക്ചേഴ്സ് കൈമാറിയതും കണ്ടെത്തിയിട്ടുണ്ട്.. അതും ഈ കഴിഞ്ഞ ചുരുങ്ങിയ ദിവസങ്ങൾക്കു മുമ്പ്… ”

“ഇതൊക്കെ പേഴ്സണൽ മാറ്റല്ലേ.. ഇതിലൊക്കെ അന്വേഷണ ഉദ്യോഗസ്ഥനോ കോടതിക്ക് എന്താണ് കാര്യം…? ”

“ഉണ്ട് മാഡം ഉണ്ട് കാര്യം..കോൾ ഡീറ്റെയിൽസ് മറ്റുകാര്യങ്ങൾ കോടതിയെ സമർപ്പിക്കുമ്പോൾ ഇതൊക്കെ കോടതിയുടെ ശ്രദ്ധയിൽ പെട്ടാൽ.. മാഡത്തിനെ കാലിബറിറ്റി, ഇമേജ് ഡീസൻസി, പ്രിൻസിപ്പൽ, സ്റ്റാറ്റസ് എന്തിനേറെ കരിയറിനെ ബിസിനസിനെ വരെ അത് ബാധിച്ചെന്നു വരും.. കൂടുതൽ നമ്മൾ നാറുകയേയുള്ളൂ.. ഇതുവരെ തോൽക്കാതെ എന്റെ വക്കീൽ പ്രൊഫഷനിലും അതിന്റെ ഇഫെക്റ്റ് ഉണ്ടാവും..അതുകൊണ്ട് മേഡം എത്രയും പെട്ടെന്നു തീരുമാനിക്കുക.. ഇതുമായി മുന്നോട്ടുപോകണമോ എന്നു…”

അത് കേട്ട് മിയ ശരിക്കും വെട്ടിലായി…

” കാര്യങ്ങൾ അങ്ങനെയെങ്കിൽ വേണ്ട..ആ പരാതി കമ്പ്ലീറ്റ് ക്യാൻസൽ ചെയ്തേക്കാം”

“അതാണ് നല്ലത് മാഡം..താങ്ക്യൂ മാഡം..”

പരാതി പിൻവലിച്ച മിയ പിന്നെ ആ കുടുംബത്തിനെ ഉപ-ദ്ര-വിച്ചില്ല.

വിവേകിനോടും ഓഫീസിലും പിന്നെ മാന്യമായി മാത്രമേ പെരുമാറിയിട്ടുള്ളു. ആ സംഭവത്തോട് കൂടി വ്യക്തിജീവിതത്തിലും ഇനിയുള്ള കാലം പരിശുദ്ധി നിലനിർത്താൻ അവൾ ശ്രമിച്ചു..

രചന :വിജയ് സത്യ

Categories
Uncategorized

നന്മ നിറഞ്ഞവൻ….

രചന: AD 22

” അമ്മേ… ദേ അച്ഛൻ വന്നു..!”

തന്റെ മകൻ ഭാര്യയോട് വിളിച്ചു പറയുന്നത് കേട്ട് കൊണ്ടാണ് ടാക്സിയിൽ നിന്നും രമേശൻ ഇറങ്ങിയത്…

“അച്ഛാ….” എന്ന് നീട്ടി വിളിച്ചു കൊണ്ട് വീടിനുള്ളിൽ നിന്നും രമേശന്റെ ഇളയ മകൾ ഓടി വന്നു….

” അച്ചേടെ പൊന്നേ ” രമേശ്‌ ദിയയെ വാരിയെടുത്തു ഉമ്മ വെച്ചു.

” സർ… ലഗ്ഗെജ് ”

” ഉള്ളിലേക്ക് വെച്ചേക്കു. ” ടാക്സിക്കാരാണ് ക്യാഷ് കൊടുത്തു പറഞ്ഞു വിട്ട ശേഷം രമേശൻ മകളെയും എടുത്ത് വീടിനുള്ളിലേക്ക് പോയി..

” യാത്രയൊക്കെ എങ്ങനെ ഉണ്ടായിരുന്നു ഏട്ടാ? ”

” യാത്രയൊക്കെ ഉഷാറായിരുന്നു, പിന്നെ ഫ്ലൈറ്റ് ഡീലേ ആയിരുന്നു ഉച്ചക്ക് എത്തീണ്ടതാ… സന്ധ്യ ആയി . ഇനി രണ്ട് മാസം..അത് കഴിഞ്ഞാൽ വീണ്ടും ഗൾഫിലേക്ക്..”

ഒന്ന് നെടുവീർപ്പിട്ടതിന് ശേഷം രമേശൻ തുടർന്നു…

” അതൊക്കെ പോട്ടെ.. അവരാരും ഞാൻ വരുന്നത് അറിഞ്ഞില്ലേ സുജേ… ആരെയും കാണാനില്ല.. അല്ലെങ്കിൽ ഇവിടെ ഉണ്ടാകേണ്ടതല്ലേ?”

രമേശൻ ഭാര്യ സുജാതയോട് ചോദിച്ചു

“അവരാരും ഇങ്ങോട്ട് വരാറില്ല ഇപ്പൊ…അമ്മയുടെ മരണശേഷം ആകെ വരുന്നത് ഏട്ടൻ വരുന്ന ദിവസമാണ്.. ..”

“ഹ്മ്മ്… ശരി നീ ഫുഡ്‌ എടുത്ത് വെക്ക്.. ഞാൻ ഫ്രഷായിട്ട് വരാം “… ഇത്രയും പറഞ്ഞു രമേശൻ സുജയുടെ മൂക്കിൻ തുമ്പിലൊന്ന് തട്ടി ഫ്രഷ്‌ ആകാൻ പോയി.. തണുത്ത വെള്ളത്തിൽ കുളിച്ചപ്പോൾ വല്ലാത്തൊരു ഉന്മേഷം വന്നു നിറയുന്നതായി രമേശനു തോന്നി. ഭക്ഷണം കഴിച്ച ശേഷം രമേശനും ഭാര്യയും മക്കളും കൂടെ സംസാരിക്കാനിരുന്നു…

” അഭി … നിന്റെ റിസൾട്ട്‌ വന്നില്ലേ?? ഇനി എന്താ പ്ലാൻ? ” രമേശൻ തന്റെ മൂത്തമകനായ അഭിജിത്തിനോട് ചോദിച്ചു.

” ഞാൻ ഡിഗ്രിക്ക് ചേരാമെന്ന് വിചാരിക്കുന്നുണ്ട് അച്ഛാ…”

” ഓക്കേ.. നീ നിന്റെ താല്പര്യത്തിനനുസരിച്ചു പടിക്ക് ”

” അച്ഛാ… ഞാൻ 3 ആം ക്ലാസ്സിലെത്തി അച്ഛാ.. ” ദിയ വളരെ കാര്യത്തിൽ പറഞ്ഞു..

“അച്ചേടെ വാവ 3ഇലെത്തിയോ ” രമേശൻ തന്റെ മക്കളുമൊത് ഒരുപാട് സമയം സംസാരിച്ചു….

” അച്ഛാ…. ദിയ മോൾക് ഒന്നും കൊണ്ടുവന്നില്ലേ? ”

” പിന്നെ… എന്റെ പൊന്നിന് ടോയ്‌സും ചോക്ലേറ്റ്സും എല്ലാമുണ്ട്… വാ അച്ഛ എടുത്തു തരാം.. ” രമേശനും ഭാര്യയും മക്കളും കൂടെ പെട്ടികളൊക്കെ പൊളിക്കാൻ തുടങ്ങി.. മക്കൾക്കു സാധങ്ങൾ എടുത്ത് കൊടുക്കുന്നതിനിടയിൽ ഒരു പൊതിയെടുത്തു രമേശൻ സുജക്ക് നേരെ നീട്ടി..

” സുജേ… ഇത് മാറ്റി വെക്ക് ”

” ഇതാർക്ക ഏട്ട? ”

” അത് കുഞ്ഞുട്ടിക്ക് ആണ്.. ”

“ഏത് കുഞ്ഞുട്ടിക്ക്..?”

” ഹൈദറിന്റെ മകൻ ” സുജാത ഒന്നിരുത്തി മൂളി… അപ്പോളേക്കും മക്കൾ അവർക്ക് ഇടയിലേക്ക് വന്നു ഓരോന്ന് ചോദിച്ചു.. ആ രാത്രി അങ്ങനെ കടന്നു പോയി… *** പിറ്റേന്ന് രാവിലെ ഭക്ഷമൊക്കെ കഴിച്ചു രമേശൻ പൊതിയുമായി പുറത്തേക്ക് പോരാനിറങ്ങി..

” ഏട്ടനെങ്ങോട്ടാ? ”

” ഞാൻ കുഞ്ഞുട്ടിയെ കാണാനിറങ്ങിയതാ ”

” ഏട്ട… ആ പൊതിയിലെന്താ? ഇന്നലെ ഞാൻ ചോദിക്കാനിരുന്നതാ ”

” അതൊരു മൊബൈൽ ആണ് ”

” എത്ര വിലയുടെ? ”

” അതെന്തിനാ നോക്കുന്നെ? ”

” പറ.. ”

“പത്തിരുപതിനായിരം വരും ”

“ഇരുപതിനായിരം രൂപയോ ?” അവൾ വിശ്വാസം വരാതെ ചോദിച്ചു..

” അതെ, അതിനിപ്പോ എന്താ ഇത്ര വാ പൊളിക്കാൻ ഉള്ളെ?”..

“കാര്യം അവൻ ഏട്ടന്റെ സുഹൃത്തിന്റെ മകനാണ്… അയാളിപ്പോ മരണപെട്ടു… എന്ന് വെച്ച് ഇങ്ങനെ ഒക്കെ വാങ്ങി കൊടുക്കുന്നത് കുറച്ചു കൂടുതലാണ്… ”

” എടീ…. നീ ഇവിടെ ഇരിക്ക്… ഞാൻ ഈ ചെയ്യുന്നതൊക്കെ എന്തുകൊണ്ടാണെന്ന് ഞാൻ പറയാം. “രമേശൻ ഭാര്യയെ സോഫയിൽ ഇരുത്തി അഭിമുഖമായി ഇരുന്നു….

“സുജേ… നിനക്കറിയുമോ.. ഞങ്ങളുടെ ഒരു കൂട്ട് കുടുംബം ആയിരുന്നു… എന്റെ അച്ഛൻ സാദാരണ ഒരു ക്രോക്കറി തൊഴിലാളിയും… അന്ന് തറവാട്ടിൽ മുത്തച്ചനും മുത്തശ്ശിയും അച്ഛന്റെ പെങ്ങന്മാരും അവരുടെ കുട്ടികളും ചെറിയച്ഛനും മക്കളുo പിന്നെ ഞാനും അച്ഛനും അമ്മയും എന്റെ അനിയനും രണ്ട് പെങ്ങന്മാരും ഞാനും ഒന്നിച്ചാണ് താമസിച്ചിരുന്നത്.. കുട്ടികളിൽ ഏറ്റവും വലുത് ഞാനായിരുന്നു. ഞങ്ങളുടെ അയൽവാസി ആയിരുന്നു ഹൈദറും കുടുംബവും.ഹൈദറിന്റെ ഉപ്പ അന്ന് ഗൾഫിലായിരുന്നു. ഒരിക്കൽ അവന്റെ ഉപ്പ ഗൾഫിൽ നിന്നും വന്നപ്പോൾ ഒരുപാട് സാധനങ്ങൾ കൊണ്ട് വന്നു വാച്ച് ആയിട്ടും മിട്ടായി ആയിട്ടും… . എന്റെ വീട്ടിലെ എല്ലാവർക്കും അന്ന് എന്തെങ്കിലും ഒരു സാധനമെങ്കിലും കിട്ടി. പക്ഷെ.. എനിക്ക് ഒരു മിട്ടായി പോലും കിട്ടിയില്ല.. അന്ന് ഞാനും ഹൈദറും 5ആം ക്ലാസ്സിലാണ്.അന്ന് ഒരുപാട് സങ്കടത്തോടെ അമ്മയോട് എനിക്ക് എന്താ ഹൈദർക്ക ഒന്നും താരഞ്ഞെന്ന് ചോദിച്ചപ്പോൾ എന്റെ അമ്മ പറഞ്ഞത് നീ വല്യ കുട്ടി ആയത് കൊണ്ടാകുമെന്നാണ്… ഇത് കേട്ടിട്ടാണ് ഹൈദർ എന്റെ വീട്ടിലേക്ക് വന്നത്… പിന്നീട് എന്ത് സാധനങ്ങൾ വീട്ടില് കൊണ്ട് വന്നാലും എല്ലാർക്കും കൊടുത്ത ശേഷം മാത്രമേ എനിക്ക് കിട്ടുള്ളു… മുത്തശ്ശി പറയും എപ്പോളും നീ വല്യ കുട്ടിയല്ലേ… അവരെടുത്തോട്ട്ടെന്ന്…. പറയുമ്പോൾ വളരെ നിസ്സാര കാര്യമാണ് അത്.. പക്ഷെ അന്ന് അത് എന്റെ മനസ്സിൽ എത്രത്തോളം വിഷമമുണ്ടാക്കിയിരുന്നു എന്നത് എനിക്ക് മാത്രേ അറിയൂ…

എന്റെ ഹൈദർ… അവന്ക് അവന്റെ വീട്ടില് നിന്നും കിട്ടുന്ന ചോക്ലേറ്റും മുട്ടായിയും വാച്ചും ഓക്കെ എനിക്കും പങ്കുവെക്കുമായിരുന്നു… ഒരു സാദാരണക്കാരനായ എന്റെ അച്ഛന് അതൊന്നും വാങ്ങി തരാനുള്ള ആവാതില്ലാത്തതിൽ ഞാനും അതൊക്കെ വാങ്ങി..പിന്നീട് ഞങ്ങൾ വീടുമാറിയെങ്കിലും ഞങ്ങളുടെ സൗഹൃദം വളർന്നു…എന്നെ ഗൾഫിലേക്ക് കൊണ്ട് പോയതും എനിക്ക് ഒരു ജോലി ശരിയാക്കി തന്നതും… ഓക്കെ ഹൈദരാണ്……

അവനും കൊറേ സമ്പാദിച്ചു… അതെല്ലാം അവന്റെ അനിയന്മാരെയും അളിയനെയും ഏല്പിച്ചു… അവനുണ്ടാക്കിയ വീട് അവന്റെ ഭാര്യ ആയിഷയുടെ പേരിൽ എഴുതി വച്ചത് കൊണ്ട് മാത്രം അവന്റെ മരണശേഷം ആ വീട്ടിൽ നിന്നും അവളെയും മോനെയും അവർക്ക് ഇറക്കി വിടാൻ കഴിഞ്ഞില്ല… ബാക്കി എല്ലാo അവരെടുത്തു…. നിനക്ക് അറിയുമോ സുജേ… കുഞ്ഞുട്ടി നമ്മുടെ അഭിയുടെ കൂടെയാണ് പഠിച്ചത്… നമ്മുടെ മകനിവിടെ ഡിഗ്രിക്ക് പഠിക്കാൻ നിൽകുമ്പോൾ അവനവിടെ ഹോട്ടൽ ജോലി ചെയ്ത് ഉമ്മയെ നോക്കുകയാണ്… അവന്റെ മുന്നിൽ നമ്മുടെ മോൻ ഫോണും കൊണ്ട് നടക്കുമ്പോൾ.. ന്റെ ഉപ്പ ഉണ്ടായിരുന്നെങ്കിൽ എനിക്കും കിട്ടുമായിരുന്നുന്നു ചിന്തിച്ചു ആ മനസ്സ് വേദനിക്കില്ലേ….? നമ്മുടെ മക്കളെ പോലെ തന്നെയാണ് എനിക്കവനും…. അത് കൊണ്ട് നീ എതിര് പറയരുത്.. ” രമേശ്‌ പറഞ്ഞു നിർത്തിയതും സുജയുടെ കണ്ണുകൾ നിറഞ്ഞു…

ഒരു നിമിഷം അവൾ അവളെയും തന്റെ മക്കളെയും ആയിഷയുടെയും കുഞ്ഞുട്ടിയുടെയും സ്ഥാനത് കണ്ടു.. വേഗം റൂമിലേക്ക് കയറിയ അവൾ തിരികെ വരുമ്പോൾ ഒരു വലിയ കവറും കൊണ്ടുവന്നു രമേശിന് നേരെ നീട്ടി… രമേശ്‌ അത് തുറന്ന് നോക്കി താൻ കൊണ്ടുവന്ന ചോക്ലേറ്റുകളും പെർഫ്യൂമ്സും ഉണ്ടായിരുന്നു ആ കവറിൽ … രമേശിനെ നോക്കി സുജ ചിരിച്ചു… രമേശത് വാങ്ങി വാത്സല്യത്തോടെ സുജയുടെ തലയിൽ തഴുകി…

കുഞ്ഞുട്ടിയെ അവൻ ജോലിക്ക് പോകുന്ന ഹോട്ടലിൽ പോയി രമേശ്‌ കണ്ടു… കയ്യിൽ കരുതിയ സാധനങ്ങൾ കൊടുക്കുമ്പോൾ അവൻ ആശ്ചര്യത്തോടെ രമേശിനെ നോക്കി…

” വാങ്ങിക്കോ… നിനക്ക് വേണ്ടി വാങ്ങിയതാ… പിന്നെ… നീ തുടർന്ന് പഠിക്കണം.. അതിന്റെ കാര്യങ്ങളൊക്കെ അഭിയുടെ കൂടെ ചെയ്… എന്ത് കാര്യത്തിനും ഞാൻ ഉണ്ടാകും “”

” അങ്കിൾ ” കുഞ്ഞുട്ടിയുടെ കണ്ണുകൾ നിറഞ്ഞു.. ഒരുവേള അവനവന്റെ ഉപ്പയെ ഓർത്തുപോയിരിക്കാം…അവന്റെ സ്വരമിടറി….

രമേശ്‌ ഒരു പുഞ്ചിരിയോടെ തിരിച്ചു നടന്നു…….

ശുഭം

രചന: AD 22

Categories
Uncategorized

കമല എങ്ങാനും അത് അടുക്കളയിലേക്ക് മാറ്റിയേക്കുമോ എന്ന ചിന്തയിലാണ് കാലുകൾ അടുക്കളയിലേക്ക് കുതിച്ചത്. അടുക്കളയിൽ നിൽക്കുന്ന ജാനിയെ കണ്ടതും തെല്ലൊരമ്പരപ്പായി. ഇവൾ എന്താ ഇവിടെ ചെയ്യുന്നത്!!

— രചന: അശ്വതി അനുരാജ്

പ്രയാണം

മെയിൻ റോഡിൽനിന്നും സ്കൂട്ടർ വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞതേയുള്ളു മുന്നേപോയ മിനിലോറിയുടെ വികൃതിയെന്നോണം റോഡിലെ പൊടിപടലങ്ങൾ മുന്നോട്ടുള്ള വഴിയെ ഒരൽപ്പനേരത്തേക്ക് കണ്ണിൽനിന്നും മറച്ചുപിടിച്ചു. പൊടിയോന്നടങ്ങിയതും വഴി വീണ്ടും മുന്നിൽ വ്യക്തമായി. തന്റെയും കുടുംബത്തിന്റെയും മുന്നോട്ടുള്ള ജീവിതം കൂടി ഇതുപോലെ മറനീക്കി ഒന്നുവ്യക്തമായെങ്കിലെന്നു ആ ചുരുങ്ങിയ നിമിഷത്തിനിടയിലും ജീവൻ ആശിച്ചു.

വഴിയോരത്തു പരിചിതരുടെയും അയൽപക്കകാരുടെയും പരിഹാസവും പുച്ഛവും നിറഞ്ഞ സംസാരവും നോട്ടവുമൊക്കെ വണ്ടിയൊടിക്കുന്നതിനിടയിലും അയാൾ അറിയുന്നുണ്ടായിരുന്നു. പണം തിരിച്ചുനൽകാനുള്ളവർ വീട്ടിൽവന്നു ബഹളം വയ്ക്കുക പതിവായതിൽപ്പിന്നെ ഇത്തരം നോട്ടങ്ങളും അടക്കിപിടിച്ച വാർത്തമാനങ്ങളുമൊക്കെ തന്നെ കാണുമ്പോൾ പതിവായിരിക്കുന്നു. അപമാനഭാരം കാരണം തല കുനിഞ്ഞുപോകുന്നു.

വീടെത്തി വണ്ടിയൊതുക്കി ഇറങ്ങിയപ്പോൾതന്നെ കണ്ടു, ഉമ്മറത്ത് ആധിയോടെ തന്നെയും പ്രതീക്ഷിച്ചു നിൽക്കുന്ന ഭാര്യ കമലയെ “ജീവേട്ട എന്തായി പണം ശരിയായോ?”

പ്രതീക്ഷ നിറഞ്ഞ അവളുടെ ചോദ്യത്തിന് നിരാശയോടെ തലയാട്ടി മറുപടി കൊടുത്തു. തന്റെ കൈത്തണ്ടയിലമർന്ന വിരലുകളുടെ മുറുക്കത്തിൽനിന്ന് മനസിലാക്കാം അവളുടെ മനസ്സിലെ സംഘർഷം.

“നീ വിഷമിക്കണ്ട കമല, എല്ലാത്തിനും ഞാനൊരുപരിഹാരം കണ്ടെത്തിയിട്ടുണ്ട്. മക്കളെന്തിയെ….?”മുഖത്ത് വരാത്ത പുഞ്ചിരി കഷ്ടപ്പെട്ട് വരുത്തി ചോദിച്ചപ്പോഴേക്കും നാവും തൊണ്ടയും വല്ലാതെ കിഴയ്ക്കുന്നുണ്ടായിരുന്നു.

ഉമ്മറത്തെ ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടായിരിക്കണം മക്കൾ രണ്ടുപേരും അരികിലേക്ക് ഓടിയെത്തിയത് ജാനുവും പാറുവും, പതിവുപോലെ മിഠായിക്കുവേണ്ടി ഇളയവൾ പാറു എന്റെ ബാഗിൽ കൈയിട്ടു പരതാൻ തുടങ്ങിയതും ശക്തിയോടെ കുഞ്ഞിന്റെ കൈ തട്ടിമറ്റി ബാഗിനെ നെഞ്ചോട് അടക്കിപിടിച്ചു.മിഠായി കിട്ടാത്തതിന്റെ പരിഭവമാണോ കൈയിലെ വേദനയാണോ കാരണമെന്നറിയില്ല കണ്ണൊക്കെ നിറച്ചു കരയാൻ തുടങ്ങുന്നുണ്ട് പാറു.ബാഗിൽ നിന്നും ഒരു മിഠായിയെടുത്ത് അവളുടെ കൈയിലേക്ക് വച്ച് കവിളത്തൊരു ഉമ്മകൂടി കൊടുത്തപ്പോൾ ആ ആറുവയസ്സുകാരിയുടെ പരിഭവമെങ്ങോട്ടോ പറന്നുപോയി.എന്നും കുട്ടിയായിരുന്നാൽ മതിയായിരുന്നെന്ന് ഈ ഒരു നിമിഷം തോന്നി പോകുന്നു, ഉത്തരവാദിത്തങ്ങളില്ലാതെ, വിഷമങ്ങൾ അറിയാതെ ഒരു അപ്പുപ്പൻതാടിപോലെ പാറിപ്പറന്നു രസിക്കുന്നകാലം. കുട്ടിയായിരിക്കുമ്പോൾ ആരായിതീരണമെന്ന് എന്നോട് ചോദിച്ചാൽ വലിയ അഭിമാനത്തോടെ ഞാൻ പറയുമായിരുന്നു “എനിക്ക്‌ വലിയ വീട്ടിലെ സണ്ണി സായിപ്പിനെപ്പോലെ വലിയ പണക്കാരൻ ആവണമെന്ന്”.ആക്കാലത്തു ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന പാണക്കാരനായിരുന്നു വലിയവീട്ടിൽ സണ്ണി. വിദേശത്തിലെ ബിസിനെസ്സും ആഡംബരത്തോട് കൂടിയ അയാളുടെയും കുടുംബത്തിന്റെയും ജീവിതം കണ്ട് നാട്ടുകാർ അയാൾക്ക്‌ നൽകിയ പേരായിരുന്നു സണ്ണി സായിപ്പ്.സായിപ്പിന്റെ മണിമാളികയ്ക്കുമുന്നിലൂടെ പോകുമ്പോഴെല്ലാം എന്റെ ജീവിതവും ഇതുപോലെയായിരിക്കണമെന്ന് മനസിനെ പറഞ്ഞ് ചട്ടംകെട്ടുമായിരുന്നു അന്ന്.ഒടുവിൽ വർഷങ്ങൾക്കുശേഷം കൂട്ടുകച്ചവടത്തിൽ സർവ്വസ്വത്തും നഷ്ട്ടപെട്ട സായിപ്പ് കടംകയറി പാപ്പരായി.പ്രതാപകാലത്തു ആരാധനയോടെ അദ്ദേഹത്തെ നോക്കിയിരുന്ന പലരും ഒളിഞ്ഞും തെളിഞ്ഞും പുച്ഛിക്കാനും പാപ്പര് സായിപ്പെന്നു വിളിച്ച് കളിയാക്കുകയും ചെയ്തിരുന്നു.’അപമാനഭാരത്താൽ വലിയവീട്ടിലെ സണ്ണി സായിപ്പ് ഫാനിൽ കെട്ടിയ ഒരുമുഴം കയറിൽ ജീവിതമവസാനിപ്പിച്ചെന്ന വാർത്തക്ക് അന്നത്തെ ചോരത്തിളപ്പുള്ള പതിനെട്ടുകാരനായ ഞാൻ വലിയ പ്രാധാന്യമൊന്നും കൊടുത്തില്ലന്ന് മാത്രമല്ല കുട്ടിക്കാലത്തെ ആരാധനാപാത്രമായിരുന്നു അയാളെന്നുപോലും വിസ്മരിച്ചുപോയി. പതിനെട്ടുകാരൻ ഇന്ന് ചോരത്തിളപ്പില്ലാത്ത നാല്പത്തിഎട്ടുകാരനായിരിക്കുന്നു. സണ്ണിസായിപ്പിന്റെ മുഖം ഒരിക്കൽക്കൂടി മനസ്സിൽ തെളിഞ്ഞപ്പോൾ ശ്വാസം വിലങ്ങുന്നതുപോലെ.

“അച്ഛാ….” മൂത്തവൾ ജാനിയുടെ വിളിയാണ് ഓർമകളിൽനിന്ന് തിരികെ കൊണ്ടുവന്നത്, നോക്കിയപ്പോൾ അവളുടെ പങ്ക് മിഠായിക്കുവേണ്ടി കൈനീട്ടിപിടിച്ചു നിൽക്കുന്നുണ്ട്. മുഖത്ത് എപ്പോഴും പുഞ്ചിരി യാണ് അവൾക് പതിനഞ്ച് വയസിൽ കവിഞ്ഞ പക്വത ജാനിക്കുണ്ടെന്നു പലപ്പോഴും തനിക്ക് തോന്നിയിട്ടുണ്ട്. അവൾക്കുള്ള പങ്ക് മിഠായിയും നൽകി മുറിയിലേക്ക് നടക്കാൻ തിരിഞ്ഞപ്പോഴായിരുന്നു ജാനിയുടെ ചോദ്യം വന്നത്,

“അച്ഛൻ ഓക്കേ അല്ലെ…? എന്തെങ്കിലും വിഷമമുണ്ടോ?” “അച്ഛനു പ്രശ്നമൊന്നുമില്ല മോളെ.. നീ പോയിരുന്ന് പഠിക്കാൻ നോക്ക് ” ഇത്രയും പറഞ്ഞൊപ്പിക്കാൻ നോക്കുമ്പോഴും ശബ്ദം ഇടറാതിരിക്കാൻ ശ്രദ്ധിച്ചു പരാജയപ്പെട്ടുപോയി അയാൾ. സ്റ്റെപ്പുകൾ കയറി മുകളിലെ നിലയിലെത്തിയപ്പോഴേക്കും ജീവൻ വല്ലാതെ കിതച്ചുപോയിരുന്നു. ക്ഷീണം തോന്നുന്നുണ്ട് പക്ഷേ വരാൻപോകുന്ന നിർണായക നിമിഷങ്ങൾ ക്ഷീണമെന്ന വികാരത്തെ അപരിചിതനെപ്പോലെ കാണാൻ മനസ്സിനെ പഠിപ്പിക്കുന്നു. നെഞ്ചോട് അടക്കിപിടിച്ചിരുന്ന ബാഗിൽനിന്ന് വിഷക്കുപ്പി പുറത്തെടുക്കുമ്പോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു. പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും സ്വർണത്തേരിലായിരുന്നു ജീവിതയാത്ര ആരംഭിച്ചത്. പ്രതീക്ഷിച്ചപോലെ ജീവിതം എളുപ്പമല്ലന്ന് ചുരുങ്ങിയകാലം കൊണ്ടുതന്നെ മനസ്സിലായി. സ്വന്തമായി വരുമാനം കണ്ടെത്തിയത് തന്നെ വലിയൊരു കടമ്പായായിരുന്നു. അനേകം PSC പരീക്ഷകൾ എഴുതി ഒടുവിലൊരു ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ കയറിപ്പറ്റി. പേരിനുവലിയ തറവാട്ടുകാരനായിന്നുന്നെങ്കിലും കാര്യത്തിലതൊന്നുമില്ലായിരുന്നു.സർക്കാർ ജോലിയുള്ളതുകൊണ്ട് പെണ്ണുകിട്ടാൻ മാത്രം വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. കമലയുടെ കടന്നുവരവ് ജീവിതത്തിന് കൂടുതൽ നിറങ്ങൾ ചാലിച്ചു ആൺകുഞ്ഞിനെ മോഹിച്ച എനിക്ക് രണ്ടുപ്രാവിശ്യവും പെൺകുഞ്ഞിങ്ങളെ കിട്ടിയപ്പോൾ പരിഭവം തോന്നാതിരുന്നില്ല. കമല അപ്പോഴും സന്തോഷവതിയായിരുന്നു. കുഞ്ഞുങ്ങളുടെ കൊഞ്ചലിലും കളികളിലും ആദ്യം തോന്നിയ പരിഭവം മാ ഞ്ഞുപോയെങ്കിലും

“ജീവന് രണ്ടു പെണ്മക്കളല്ലേ…? ഒരു പിയൂണിന്റെ വരുമാനംകൊണ്ട് നിങ്ങൾ എങ്ങനെ കഴിഞ്ഞുപോകുന്നു?…. ” തന്റെ പെണ്മക്കളെയോർത്തു തന്നെക്കാൾ ആധിപ്പിടിക്കുന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും ഇത്തരം ചോദ്യങ്ങൾ ജീവന് രണ്ടു പെണ്മക്കളല്ലേ…? ഒരു പിയൂണിന്റെ വരുമാനംകൊണ്ട് നിങ്ങൾ എങ്ങനെ കഴിഞ്ഞുപോകുന്നു?…. ” തന്റെ പെണ്മക്കളെയോർത്തു തന്നെക്കാൾ ആധിപ്പിടിക്കുന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും ഇത്തരം ചോദ്യങ്ങൾ അവരുടെ അച്ഛനായ എന്നിലെ ഭയത്തെയും സമ്മർദ്ദവും നാൾക്ക് നാൾ കൂട്ടിയതേയുള്ളു.

മുടക്കുന്ന തുകയെല്ലാം ഇരട്ടിയാക്കി തിരികെ നൽകാം….. പങ്കാളിയായി നീ കൂടെനിന്നാൽമതിയെന്ന അടുത്ത കൂട്ടുകാരന്റെ ഉറപ്പിലായിരുന്നു കാരണവന്മാർ തന്ന സ്വത്തും കമലയുടെ സ്വർണവുമെല്ലാം വിറ്റും പോരാത്തതിന് ബാക്കിതുക കടം വാങ്ങിയും കൂട്ടുകച്ചവടത്തിൽ പങ്കുചേർന്നത്. മക്കളുടെ സുരക്ഷിതമായ ഭാവിയും ഒപ്പം തന്നെ സമ്പന്നനായി ജീവിക്കണമെന്ന മോഹം കൂടിയായിരുന്നു ഈ സാഹസത്തിനുപിന്നിൽ.തനിക് ജോലിയുള്ളതിനാൽ കമലയുടെ പേരിലായിരുന്നു ബിസിനസ്‌ രേഖകളെല്ലാം. തുടക്കം മുതൽതന്നെ കാര്യമായ നേട്ടങ്ങളൊന്നും തനിക് ബിസിനസ്സിൽ നേടാനായില്ല. ഇതിനിടയിൽ കച്ചവടതന്ത്രങ്ങളറിയാത്ത തന്നെ പലരും നല്ലരീതിയിൽ മുതലാക്കി.അൽപ്പസ്വല്പം കിട്ടിയ ലാഭവുമായി കൂട്ടുകാരന്റെ നാടുവിടൽക്കൂടി ആയപ്പോൾ എല്ലാം പൂർത്തിയായി. കടവും കടത്തിൽമേൽ കടവുമായി ഞാൻ നട്ടം തിരിയുന്നു. പണം തിരികെ ചോദിച്ച് കടംവാങ്ങിയവർ വീട്ടിൽ വന്നു ബഹളം വച്ചുതുടങ്ങിയപ്പോൾ നാട്ടുകാരും വിവരങ്ങൾ അറിഞ്ഞു തുടങ്ങി. ഇനി പറയാൻ മുന്നിൽ അവധികളില്ല.

ഇപ്പോൾ താമസിക്കുന്ന ഈ വീടുവിറ്റാൽ അത്യാവിശം കടം വീടുവാനുള്ള പണം തികയുമായിരിക്കും പക്ഷേ കേറിക്കിടക്കാൻ മറ്റൊരിടമില്ലാതെ കമലയെയും കുട്ടികളെയും കൊണ്ട് അലയേണ്ടിവരുന്ന അവസ്ഥ ചിന്തിക്കാൻകൂടിവയ്യ. എല്ലാത്തിലും മേൽ തറവാട്ടു മഹിമയും പെരുമയും വിട്ട് അപമാനിതനായി നിരത്തിലേക് ഇറങ്ങേണ്ട അവസ്ഥ മരണത്തെക്കാൾ ഭീകരമാണ്. എന്തോ അനക്കം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ കമലയാണ്. എന്റെ മുഖത്തേക്കും കൈലിരിക്കുന്ന വിഷക്കുപ്പിയിലേക്കും പകച്ചുനോക്കുന്നുണ്ട് പാവം.

“അപ്പൊ എല്ലാം തീരുമാനിച്ചു അല്ലെ… ജീവേട്ട…? ഇതാണോ നിങ്ങൾ കണ്ടെത്തിയ നമ്മുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം…..?”കരഞ്ഞുകൊണ്ട് ചോദിക്കുന്ന അവളെ സമാധാനിപ്പിക്കാൻ വാക്കുകൾ ഇല്ല എനിക്ക്. തന്റെ അവസ്ഥയിൽ ഏറ്റവും കൂടുതൽ നീറുന്നത് ഇവൾക്കാണ്. വര്ഷങ്ങളായി ജീവന്റെ തീരുമാനങ്ങൾ ആയിരുന്നു കമലയുടേതും, അല്ലെങ്കിൽ അയാൾ അങ്ങനെ ആക്കിത്തീർത്തു. പെട്ടന്ന് ധനികനാകാനുള്ള തന്റെ മോഹങ്ങളെ അവൾ ആദ്യംമുതലേ എതിർത്തിരുന്നു. മക്കളുടെ സുന്ദരവും സുരക്ഷിതവുമായ ഭാവിയെപ്പറ്റിയും അവർക്കു ലഭിക്കാൻപോകുന്ന ജീവിത സൗകര്യങ്ങളെപ്പറ്റിയുമൊക്കെ വാചാലനായി കമലയുടെ വായമൂടികെട്ടുകയായിരുന്നു പലപ്പോഴും. “പോകുമ്പോൾ എല്ലാർക്കും ഒരുമിച്ചുപോകാം ജീവേട്ട… ആരും ആരെയും എവിടെയും തനിച്ചാക്കേണ്ട. ജീവിക്കാൻ ഇനിയും കൊതിയുണ്ട് നിങ്ങളും നമ്മുടെ മക്കളും….. ഒരുപാട് സ്വപ്നം കണ്ടതാ….. പക്ഷേ……”കരച്ചിൽ ചീളുകൾ അവളുടെ വാക്കുകളെ വിഴുങ്ങിക്കൊണ്ടിരുന്നു. “പോവാം എല്ലാർക്കും ഒരുമിച്ചുതന്നെ പോകാം “എല്ലാം തീരുമാനിച്ചുറപ്പിച്ചപോലെ മറുപടിപറയുമ്പോൾ അവളുടെയും എന്റെയും കണ്ണുകൾ ഒരുപോലെ പെയ്യുകയായിരുന്നു.

രാത്രി എല്ലാവരും ഒരുമിച്ചിരുന്നു അത്താഴം കഴിക്കുന്നത്‌ പതിവുള്ളതാണ്. സ്കൂളിലെ വിശേഷങ്ങളും തമാശകളുമായി ഭക്ഷണം കഴിച്ചുകഴിയുമ്പോഴേക്കും നാലുപേരുടെയും വയറും മനസും ഒരുപോലെ നിറയുമായിരുന്നു. പക്ഷേ ദിവസങ്ങളായി പേരിനൊരു ചടങ്ങുമാത്രമായി അത്താഴം കഴിക്കുപ്പോഴുള്ള ഈ കൂടിച്ചേരൽ. അച്ഛനും അമ്മയും വേറെലോകത്താണ് പലപ്പോഴും, കളികളില്ല ചിരിയില്ല.. ആകെമൊത്തം ഒരു വല്ലായ്മ…

അത്താഴം കഴിക്കാനായി ടേബിളിൽ ഇരുന്നപ്പോൾ ജാനി ഓർക്കുകയായിരുന്നു വീട്ടിലെ മാറിവരുന്ന സാഹചര്യങ്ങളെ. വീട്ടിലെന്തൊക്കയോ നല്ലതല്ലാത്ത സംഭവങ്ങൾ നടക്കുന്നുണ്ടെന്നു മനസ്സിലാകുന്നുണ്ട് പക്ഷേ ഒന്നും വിശദമായി അറിയാൻ കഴിയുന്നില്ല, അല്ലെങ്കിലും അച്ഛനും അമ്മയും സങ്കടങ്ങൾ ഞങ്ങളോട് മറച്ചുവയ്ക്കുകയാണ് പതിവ്. ഒരുപാട് നാളുകൾക്കുശേഷം അച്ഛൻ ഞങ്ങൾക്ക് ചോറ് വാരിത്തന്നു.

” ഇന്ന് നമുക്കെല്ലാവർക്കും ഒരുമിച്ച് ഉറങ്ങാം “അമ്മയുടെ അടഞ്ഞ സ്വരം ജാനിയുടെ മനസിലെ സംശയങ്ങൾക്ക് ബലം കൂട്ടി. മനസ് വല്ലാത്ത സംഘർഷത്തിൽ തന്നെ. ഉറങ്ങാൻ കിടന്നപ്പോൾ അച്ഛന്റെയും അമ്മയുടെയും കൈകൾ മക്കളെ അടക്കിപിടിച്ചു . ഇടയ്ക്കിടെ കമലയുടെ തേങ്ങലുകൾ നിശബ്‍ദതയേ ഭേധിച്ചുകൊണ്ടിരുന്നു.പാറു ഒഴികെ ബാക്കി മൂന്നുപേർക്കും ആ രാത്രിയിൽ ഉറങ്ങാൻ സാധിച്ചില്ല. ഇടക്കെപ്പോഴോ മയങ്ങിപ്പോയതായിരുന്നു ജീവൻ, ഉറക്കത്തിൽ അയാൾ പുഞ്ചിരി തൂക്കിനിൽക്കുന്ന കമലയെ കണ്ടു, വെള്ളിക്കോലിസിട്ടു ഓടികളിക്കുന്ന ജാനിയെയും പാറുവിനെയും കണ്ടു, ഒടുവിൽ ഫാനിലെ ഒരുമുഴം കയറിൽ തൂങ്ങിയടുന്ന സണ്ണിസായിപ്പിനെയും കണ്ടു. തൂക്കുകയറിൽ തൂങ്ങിയാടുന്ന സായിപ്പിന്റെ കണ്ണുകൾ തന്റെ നേർക്ക് തുറിച്ചിരിക്കുന്നു. ജീവന് ശ്വാസം വിലങ്ങി. ശരീരത്തിന് ഭാരം നഷ്ടപെടുന്നതുപോലെ, കൈകാലുകൾ ആരോ കെട്ടിയിട്ടതുപോലെ ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥ. അലറിവിളിക്കാൻ തോന്നി…..കഴിയുന്നില്ല. ഞെട്ടി കണ്ണുകൾ തുറക്കുമ്പോൾ ശ്വാസം കിട്ടാതെ പിടയുകയായിരുന്നു അയാൾ. എല്ലാം സ്വപ്നമാണെന്ന് മനസിലാക്കാൻ കുറച്ചു നിമിഷങ്ങൾക്കൂടി വേണ്ടി വന്നു ജീവന്. ചുറ്റും ഒന്ന് നോക്കിയപ്പോൾ കണ്ടു തന്നെ നോക്കിക്കിടക്കുന്ന ജാനിയെ. “എന്താ അച്ഛാ…. ഉറക്കം വരുന്നില്ലേ?” ആദ്യചോദ്യം അവളുടേതായിരുന്നു “ഇല്ലമോളെ…”

“എനിക്കും ഉറക്കം വരുന്നില്ലഛാ… എന്നാ നമുക്ക് പഠിക്കാൻ പോയാലോ… ഞാൻ പഠിക്കുമ്പോൾ അച്ഛനെനിക്ക് കൂട്ടിരിക്കുമോ?” “മ്മ്മ്മ് ”

സമയം പുലർച്ചെ നാലു മണിയായിരിക്കുന്നു ജാനിയെയുംകൂട്ടി അവളുടെ മുറിയിലേക്ക് പോയപ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് സ്വപ്നത്തിൽ കണ്ട സണ്ണി സായിപ്പിന്റെ തുറിച്ച കണ്ണുകളായിരുന്നു. “അച്ഛാ ഇതു വായിച്ചു നോക്ക്… ഞാൻ മലയാളം ടീച്ചർ പറഞ്ഞിട്ട് എഴുതിയതാ…വായിച്ചുനോക്കിയിട്ട് കൊള്ളാമോന്ന് പറ ” തനിക്കുനേരേ അവൾ നീട്ടിയ ബുക്കിൽ അലസമായി കണ്ണുകളോടിച്ചപ്പോൾ അറിയാതെ അവചില വാക്കുകളിൽ കുടുങ്ങിപ്പോയി.’ജീവിതം ‘എന്ന വിഷയത്തിൽ ചെറു കുറിപ്പാണ്.

‘മനുഷ്യൻ എത്ര ഭാഗ്യമുള്ളവനാണ്. മറ്റുള്ള ജന്തുക്കൾ ഭൂമിയിൽ ജനിച്ച് ജീവിച്ച് ഭൂമിയിൽ അവരുടേതായ ഒന്നും തന്നെ അവശേഷിപ്പിക്കാതെ ജീവൻ വെടിയുന്നു. പക്ഷേ മനുഷ്യനോ അവനു സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല. അവൻ ബുദ്ധികൊണ്ട് ലോകത്തെ മുഴുവൻ നിയന്ത്രിക്കുന്നു, തൂലികകൾ കൊണ്ട് വിപ്ലവം സൃഷ്ടിക്കുന്നു, തന്റെ ജീവിതലക്ഷ്യങ്ങൾ മനസ്സിലാക്കി എടുക്കുന്നവർ അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുമ്പോൾ ചിലർ തന്റെ ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയാതെ പാതിവഴിയിൽ എല്ലാം അവസാനിപ്പിക്കുന്നു. അവൻ അറിയുന്നില്ലായിരിക്കാം ജീവിതം എത്ര വിശാലമാണെന്നും അത്രതന്നെ നിഗൂഢമാണെന്നും. മനുഷ്യന് വികാരങ്ങൾ എത്രയൊക്കെ ഉണ്ടെങ്കിലും ഒടുവിൽ സന്തോഷം എല്ലാത്തിനെയും പിന്നിലാക്കിയിരിക്കും’.

ഒരു പതിനഞ്ച് വയസ്സുകാരിയുടെ വാക്കുകൾ. മനസ്സ് ആ വരികൾക്കിടയിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചു. ഇനി ഇത് തന്റെ അവസ്ഥ മനസ്സിലാക്കി അവൾ എഴുതിയതായിരിക്കുമോ? ഒരു വേള ചിന്തിക്കാതിരുന്നില്ല. ബുക്കിൽ നിന്നും തലയുയർത്തി അവളെ നോക്കിയപ്പോൾ പുസ്തക വായനയ്ക്കിടയിലും ഒളികണ്ണിട്ട് തന്നെ ശ്രദ്ധിക്കുന്നുണ്ട് അവൾ.

” സന്തോഷത്തിന്റെ ഒരു വാതിൽ അടയുമ്പോൾ എപ്പോഴും മറ്റൊരു വാതിൽ നമുക്കായി തുറക്കപ്പെടും. അടഞ്ഞ വാതിൽ തന്നെ നോക്കിനിൽക്കുന്നതുകൊണ്ടാണ് നമുക്കായി തുറക്കപ്പെട്ട വാതിൽ നാം കാണാതെ പോകുന്നത്”. വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിൽ നിന്നും ഹെലൻ കെല്ലറുടെ വാക്കുകൾ തനിക്ക് കേൾക്കാൻ എന്നോണം ഉച്ചത്തിൽ ഉച്ചത്തിൽ വായിക്കുന്നുണ്ട് അവൾ. പറയാതെ തന്നെ മനസ്സിലാക്കിയിരിക്കുന്നു അവളെല്ലാം. ഒരു ദീർഘനിശ്വാസം എടുത്തു കൊണ്ട് ജാനിയുടെ തലയിൽ തഴുകുമ്പോൾ വാത്സല്യം മനസ്സിനെ കീഴ്പെടുത്തിയിരുന്നു. നീർത്തിളക്കമുള്ള ജാനിയുടെ കണ്ണുകൾ ഒരു കടലായി അയാൾക്ക് തോന്നി. അവളുടെ സ്വപ്നങ്ങളും സങ്കല്പങ്ങളും പ്രതീക്ഷകളും നിറഞ്ഞ ഒരു കടൽ. ആ കടലിൽ താൻ അലിഞ്ഞില്ലാതാകുന്നതുപോലെ….

ദുരഭിമാനം ഒരിക്കലും തന്റെ മക്കളുടെ സ്വപ്നങ്ങളേക്കാൾ വലുതല്ല. ഇപ്പോൾ ഞാൻ ജീവിതത്തിൽ പരാജയപ്പെട്ടിരിക്കുന്നു. പക്ഷേ ഈ അവസ്ഥയും സ്ഥിരം അല്ല. എല്ലാ വികാരങ്ങൾക്കും ഒടുവിൽ സന്തോഷം ആധിപത്യം നേടുക തന്നെ ചെയ്യും. ജീവിക്കണം ഇനിയും എന്റെ മക്കൾക്കും കമലയ്ക്കും വേണ്ടി……

ഉറച്ച തീരുമാനത്തോടെ മുറിയിലെത്തി തലേന്ന് വാങ്ങിവച്ച വിഷക്കുപ്പി തിരയുകയായിരുന്നു അയാൾ.. കാണുന്നില്ല എങ്ങുമത്.!! ഒത്തിരി നേരം തിരഞ്ഞിട്ടും കിട്ടാതെ വന്നപ്പോൾ ജീവൻ വല്ലാതെ പരിഭ്രാന്തനായി. എത്രയും പെട്ടെന്ന് അത് വീട്ടിൽ നിന്ന് ഒഴിവാക്കണം അത് മാത്രമായിരുന്നു അപ്പോൾ ഉണ്ടായിരുന്ന ഏക ചിന്ത. അല്പം മുമ്പ് ജാനിയോടൊപ്പം ചിലവഴിച്ച നിമിഷങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇന്ന് പ്രഭാതത്തിൽ അവസാനിച്ചേനെ എല്ലാം…..

കമല എങ്ങാനും അത് അടുക്കളയിലേക്ക് മാറ്റിയേക്കുമോ എന്ന ചിന്തയിലാണ് കാലുകൾ അടുക്കളയിലേക്ക് കുതിച്ചത്. അടുക്കളയിൽ നിൽക്കുന്ന ജാനിയെ കണ്ടതും തെല്ലൊരമ്പരപ്പായി. ഇവൾ എന്താ ഇവിടെ ചെയ്യുന്നത്!!

പക്ഷേ അവളുടെ മുഖത്ത് നിറഞ്ഞുനിന്നത് ആത്മവിശ്വാസം ആയിരുന്നു. എന്റെ മുഖത്തേക്ക് തന്നെ മിഴികൾ ഊന്നി അവളാ വിഷക്കുപ്പി അടുക്കള വാതിൽ വഴി പുറത്തേക്ക് വലിച്ചെറിഞ്ഞു. അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി ഞാൻ എന്റെ ചുണ്ടിലേക്കും പകർത്തിയെടുത്തു. ഈ നിമിഷം ഞാൻ അഭിമാനിക്കുന്നു എന്റെ പെൺമക്കളുടെ അച്ഛൻ ആയതിൽ.

അന്നത്തെ പുലരിക്ക് പതിവിലും ഭംഗി തോന്നി ജീവന്. ഇനി പുതിയൊരുയാത്രയിലേക്കാണ്.. വീട് വിറ്റ് കടം തീർക്കണം…. പരാജിതൻ എന്ന ദുരഭിമാനത്തേക്കാൾ വലുതാണ് തനിക്ക് തന്റെ മക്കൾ… കുഞ്ഞിക്കിളികളെയും കൊണ്ട് ചേക്കേറാൻ പുതിയൊരു ചില്ല കണ്ടുപിടിക്കണം….. ആർഭാടങ്ങളും ആഡംബരങ്ങളും ഇല്ലാത്ത ജീവിതത്തിലേക്ക്…

ലൈക്ക് കമന്റ് ചെയ്യണേ…

ശുഭം

— രചന: അശ്വതി അനുരാജ്

Categories
Uncategorized

“””ആാാ ശബ്‌ദം”””

രചന :ശാരിക എസ് ഇരിഞ്ഞാലക്കുട

ഇതിപ്പോ എന്ത് ചെയ്യാൻ ഇരുന്നാലും ആ ശബ്ദമാണ്, നമുക്ക് ചില ശബ്ദങ്ങളൊക്കെ വെറും ആരോചകമാണ്, ഉദാഹരണത്തിന് ഈ ചീനിച്ചട്ടിയിൽ തവി ഉരയുന്ന ശബ്ദം പോലെ. ഇത് അത് പോലെയാണ് ആാാ ശബ്ദം… ഞാൻ എന്നും കേൾക്കുമായിരുന്നു ആ ശബ്‌ദം. എനിക്കാണെങ്കിൽ ആ ശബ്‌ദം ഇഷ്ടമല്ലായിരുന്നു.

വൈകുന്നേരം ഒരു 6 മണി ആയാൽ ആ ശബ്‌ദം കേൾക്കാം.

വൈകും നേരമായപ്പോൾ കുളികഴിഞ്ഞു ഈറൻ ചാർത്തി, വിളക്ക് വെച്ച് നാമം ചൊല്ലുമ്പോൾ ദാ തുടങ്ങി ആാാ ശബ്ദമാണ്… ഒരു തരത്തിൽ മനസ്സ് ഏകാഗ്രത വരുത്തി ആഗ്രഹങ്ങൾ എല്ലാം പറഞ്ഞു പ്രാർത്ഥിച്ചു, എന്നിട്ടും ആാാ ശബ്ദം ചെവിയിലേക്ക് കേറി വരുന്നുണ്ട്…

വൈകുന്നേരം മോളെ ഇരുത്തി രണ്ടക്ഷരം പറഞ്ഞു കൊടുത്തു പഠിപ്പിക്കാം എന്നു വിചാരിച്ചപോൾ അവൾ പറയുന്നതിനേക്കാൾ മുകളിൽ ആണ് ആാാ ശബ്ദം. മോളെ പഠിപ്പിക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല ആ ശബ്ദം.

അടുക്കളയിൽ ജോലി ചെയ്യുമ്പോൾ, പാത്രം താഴെ വീണാൽ കേൾക്കുന്നതിനെക്കാൾ മുകളിലാണ് ആ ശബ്ദം. മര്യാദയ്ക്ക് ഒരു ജോലി പോലും ചെയ്യാൻ മേലാത്ത അവസ്‌ഥ… രാത്രി ജോലി എല്ലാം തീർത്ത് കേട്ട്യോനും കൊച്ചിനും അത്താഴം വിളമ്പി നൽകി, ആ ശബ്ദം കേൾക്കുന്നത്തിന്റെ കലിപ്പ് മുഴുവൻ എന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാം. അങ്ങനെ എന്റെ വൈകുന്നേരം ആയാൽ ഊണിലും ഉറക്കത്തിലും എന്നെ വിടാതെ പിന്തുടരുന്ന ആ ശബ്‌ദം ഇത് എന്തോന്ന് ആണോ…

ആ ശബ്‌ദം കേൾക്കുമ്പോൾ എന്റെ തലയിൽ എന്തോ ഒരു പിരി പിരിപ്പാണ്. അത് ഞാൻ മുഖത്ത്, അല്ലെങ്കിൽ മുൻപിൽ കാണുന്നവരോട് പ്രകടിപ്പിക്കുയും ചെയ്യും… കേട്ട്യോൻ ഇത് കണ്ട് വിചാരിച്ചിരിക്കുന്നത് എനിക്ക് എന്തോ വേറെ കലിപ്പ് ആണ് എന്നാണ്.

പണിയെല്ലാം തീർത്ത് റൂമിലേക്ക് ചെന്നു, പെട്ടന്ന് പുറകിൽ നിന്നും രണ്ടു കൈ ചേർന്ന് വയറിൽ ചേർത്ത് പിടിച്ചു…

“എന്തോന്ന് നീ മുഖവും വീർപ്പിച്ചു നടക്കുന്നെ, നിന്റെ പിണക്കം ഒക്കെ മാറ്റാനുള്ള മരുന്ന് എന്റെ കൈയ്യിൽ ഉണ്ട്…”

അതിയാനെ പിടിച്ചു ഒരു തള്ള് കൊടുത്തു…

“എന്തൊരു ശബ്ദമാണ് മനുഷ്യന് ചെവി കേൾക്കാൻ പാടില്ല, ഒന്നും ചെയ്യാൻ പറ്റുന്നില്ല, വൈകുന്നേരം ആയാൽ പിന്നെ ആ ശബ്ദമാണ്…”

അതിനു ഞാൻ ആ ശബ്ദം ഇപോ ഉണ്ടാക്കി ഇല്ലല്ലോ എന്ന മട്ടിൽ കേട്ട്യോൻ എന്നെ നോക്കുന്നുണ്ട് പാവം…

ഞാൻ രണ്ടും കല്പിച്ചു ആ ശബ്ദത്തിന്റെ ഉടമയെ കണ്ടെത്താൻ തീരുമാനിച്ചു ഞാൻ കിടന്ന് ഉറങ്ങി.

അങ്ങനെ ഞാൻ ആ ശബ്ദത്തിന്റെ ഉടമയെ വെളുക്കും മുന്നേ തപ്പി ഇറങ്ങി, അധികം താമസിയാതെ ആ ശബ്ദത്തിനു ഉടമയെ ഞാൻ തിരിച്ചു അറിഞ്ഞു… പതുങ്ങി കിടക്കുകയാണ് ആൾ, അത് ആരാണ് എന്നല്ലേ, ഞങ്ങളുടെ ചെടിച്ചട്ടിയുടെ ഇടയിൽ ഇരിക്കുന്ന ഒരു “”ചീവീട് “” ആള് ചെറുതാണെങ്കിലും ശബ്‌ദം ഭയകരമാണ്. ഞാൻ ആലോചിച്ചു ഇത്രെയും ചെറിയ ശരീരത്തിൽ നിന്നാണോ ഇത്രയും വലിയ ശബ്‌ദം. വെറുതെ അല്ല എന്റെ കെട്ടിയോൻ ഞാൻ ഒച്ച വെയ്ക്കുമ്പോൾ പറയുന്നത് നീ ചീവിടിനെ പോല്ലേ ശബ്‌ദം ഉണ്ടാക്കല്ലേ എന്ന്.

ഞാൻ അപ്പോൾ തന്നെ ഒരു കല്ല് കൊണ്ട് അതിനെ അങ്ങു തീർത്തു കളഞ്ഞു, ഇനിയും വേറെ വരുമായിരിക്കും എന്നാലും ഇപ്പോൾ ചെറിയ സന്തോഷം. ഹോ എന്തല്ലേ ഞാൻ…

(ഒരു ജീവിയെ എങ്കിലും കൊല്ലാത്തവരായിട്ട് ആരുണ്ട് ല്ലേ )

എന്റെ ആദ്യത്തെ കഥ

Categories
Uncategorized

മറക്കാൻ ആകാത്ത നിമിഷങ്ങളിലൂടെ ഞങ്ങൾ യാത്ര ചെയ്യുകയാണ്.അന്നും ഇന്നും എന്നും

രചന : Manu Reghu

“ദേ മനുഷ്യാ… ഒന്നെണീക്കുന്നുണ്ടോ ??… നേരം ഒത്തിരിയായി.”

കണ്ണ് തുറന്നു നോക്കിയപ്പോൾ പെണ്ണുമ്പിള്ള അലമാരയിൽ എന്തോ തിരയുന്നു. കസവു സാരിയൊക്കെ ഉടുത്തു അമ്പലത്തിൽ പോകാനുള്ള ഒരുക്കമാണ്. മോള് ഉണർന്നിട്ടില്ല. അവൾ എന്നെ കെട്ടിപ്പിടിച്ചു നല്ല ഉറക്കം. ഞാൻ അവളെ ഉണർത്താതെ പതിയെ എഴുന്നേറ്റു ഇരുന്നു.

“ഇന്നെന്താ നല്ല ചൂടിലാണന്ന് തോന്നുന്നല്ലോ. ഒരു ചായ തരാൻ വിരോധം ഉണ്ടോ. ”

” ചായ അടുക്കളയിൽ ഇരിപ്പുണ്ട്. വേണേൽ പോയി എടുത്തു കുടിച്ചോ. ”

നല്ല ദേഷ്യത്തിൽ ആണെന്ന് മനസ്സിലായി. കാരണം വേറെ ഒന്നും അല്ല. ഇന്നലെ ചങ്ങാതിയുടെ മകളുടെ പിറന്നാൾ ആഘോഷം കൂടാൻ പോയി. ഇന്ന് ഞായറാഴ്ച ആയതുകൊണ്ടും അവന്മാർ എല്ലാരും ഒത്തിരി നിർബന്ധം പറഞ്ഞതുകൊണ്ടും രണ്ടു പെഗ് കഴിച്ചു. അതിന്റെ ദേഷ്യം ആണ്.

എന്തായാലും ചായ കൊണ്ട് തന്നു. ലക്ഷ്മി ദേവി ചായയുമായി വന്നപോലെ. കൈയിൽ തരാതെ മേശപ്പുറത്തു വെച്ചിട്ട് “ജീവേട്ടാ ഞാൻ അമ്പലത്തിൽ പോകുകയാണെന്നും” പറഞ്ഞു പോയി. ചിലനേരത്തു ഇങ്ങനെയാ. ലക്ഷ്മി ദേവിയുടെ സൗന്ദര്യവും ഭദ്രകാളിയുടെ സ്വഭാവവും..

ഏഴു വർഷങ്ങൾക്കു മുൻപ് ഇതോപോലെ കസവു സാരിയും ഉടുത്തു നിന്നപ്പോഴാ ഈ മൊതലിനെ ഞാൻ ആദ്യമായി കാണുന്നത്. ഞാൻ നാട്ടിൽ ചെറിയ കോൺട്രാക്ട് ജോലികളും മറ്റുമായി നടക്കുന്ന സമയം. കവലയിൽ ഷീബ ചേച്ചിയുടെ തയ്യൽ കടയുടെ മുന്നിലൂടെ ബൈക്കിൽ പോകുകയായിരുന്നു. സാധാരണ ആ വഴി പോകുമ്പോൾ ആ കടയിൽ ഒന്ന് നോക്കുന്നത് പതിവാണ്. വീട്ടിലെ തയ്യൽ ജോലികളൊക്ക ചേച്ചിയാ ചെയ്യുന്നേ. അങ്ങനെ പരിചയം ഉള്ളതുകൊണ്ട് ഒരു പരിചയം പുതുക്കലിന്റെ ഭാഗമായി ഒരു പുഞ്ചിരി ചേച്ചിക്ക് പതിവുള്ളതാ.

അന്ന് വൃശ്ചികം ഒന്നാം തിയതി. വല്ലപ്പോഴും ഉള്ള ക്ഷേത്രദർശനം കഴിഞ്ഞു ഞാൻ ജോലിക്ക് പോകുകയായിരുന്നു. ചേച്ചിയുടെ പതിവ് ചിരി കൊടുക്കാൻ അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയതാ. സെറ്റ് സാരിയും ഉടുത്തു കുങ്കുമ കുറിയും ഇട്ടു കൺമഷി വരച്ചു അങ്ങനെ നിൽക്കുന്നു നമ്മുടെ നായിക. ” എന്റെ സാറെ” പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റിയില്ല. എന്തിനു എതിരെ വന്ന ഓട്ടോ പോലും. ദാ കിടക്കുന്നു ഓടയിൽ. അതും കൃത്യം അവളുടെ മുന്നിൽ. അമ്മയുടെ പ്രാർത്ഥന കൊണ്ടാകും വലിയ കേടൊന്നും പറ്റിയില്ല.

‘എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നെ” വീട്ടിൽ പറഞ്ഞിട്ടാണോ ഇറങ്ങിയത്, തുടങ്ങിയ സ്ഥിരം ഡയലോഗ് ഒത്തിരി കേട്ടു. ചമ്മി നാറി എന്നു പറഞ്ഞാൽ മതിയല്ലോ. എല്ലാരും കൂടി പിടിച്ചു എണീപ്പിച്ചു. ഷീബ ചേച്ചിയുടെ കടത്തിണ്ണയിൽ പിടിച്ചിരുത്തി. തിരക്കുള്ളവർ ഒക്കെ പോയി. വേറെ ജോലിക്ക് ഒന്നും പോകാത്തവർ തൊട്ടും തലോടിയും ഒക്കെ ഇരുന്നു.

എനിക്കു കുടിക്കുവാൻ വെള്ളം വേണം എന്നു പറഞ്ഞപ്പോൾ ആരോ ഒരു കുപ്പി എന്റെ നേർക്കു നീട്ടി. ഏലക്ക ഇട്ടു തിളപ്പിച്ച ഇളം ചൂടുവെള്ളം ആയിരിന്നു. നല്ല ആശ്വാസം തോന്നി. കുപ്പി തിരികെ കൊടുത്തപ്പോൾ ആണ് ഞാൻ അതിന്റെ ഉടമയെ കണ്ടതും. നമ്മുടെ നായിക. അവളുടെ മുഖത്തു ഒരു കള്ളച്ചിരി ഉണ്ടായിരുന്നു. ” നീ ചിരിച്ചോടി…. ഒരിക്കൽ എനിക്കു വേണ്ടി നീ വെള്ളം ചൂടാക്കും ” എന്ന് എന്റെ മനസ്സ് മന്ത്രിച്ചു. ആ മന്ത്രണം ഒരു കള്ളച്ചിരിയായി എന്റെ മുഖത്തും പ്രതിഫലിച്ചു.

അപ്പോഴേക്കും ഷീബച്ചേച്ചി കടയിൽ എത്തിയിരുന്നു. എന്നെ കണ്ടതും അങ്ങോട്ട്‌ വന്നു. കാര്യങ്ങൾ ഒക്കെ ചോദിച്ചു. കുഴപ്പമില്ല എന്നു പറഞ്ഞപ്പോൾ ചേച്ചി കടയിലേക്ക് പോയി. പിന്നാലെ അവളും പോയി. അപ്പോഴാണ് അവൾ ചേച്ചിയുടെ പുതിയ ശിഷ്യയാണെന്ന് മനസ്സിലായത്. കുറച്ച് സമയം കഴിഞ്ഞു ഞാൻ ജോലിക്കും പോയി.

അന്നുമുതൽ അതിലെ പോകുമ്പോൾ ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി. ആശാത്തി മുടിഞ്ഞ തയ്യലാണ്‌ എപ്പോ നോക്കിയാലും. വല്ലതും അറിഞ്ഞിട്ടാണോ എന്തോ. കരഞ്ഞു കരഞ്ഞു വണ്ടിയുടെ ഹോൺ പോയത് മിച്ചം. കുറെ ശ്രമിച്ചിട്ടും അവൾ ശ്രദ്ധിക്കുന്നില്ല എന്നു മനസ്സിലായപ്പോൾ നിരാശ തോന്നി.

നമുക്കിതൊന്നും പറഞ്ഞിട്ടില്ലായിരിക്കും എന്ന് ചിന്തിച്ചു നടക്കുന്ന സമയത്താണ് ഒരേയൊരു പെങ്ങൾ, എന്റെ കുഞ്ഞുപെങ്ങൾ ( സംഗീത )കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ പുതിയ ചുരിദാർ വേണം എന്നു പറഞ്ഞു പിന്നാലെ നടക്കാൻ തുടങ്ങി. അവളെയും കൊണ്ട് പോയി ഒരെണ്ണം വാങ്ങി കൊടുത്തു. വൈകിട്ട് വീട്ടിൽ ചെന്നപ്പോൾ വല്ലാത്ത സ്നേഹം. മുറിയിൽ കയറിയപ്പോൾ രണ്ടുമൂന്നു ഷർട്ടും രണ്ടു പാന്റും അലക്കി ഇസ്തിരി ഇട്ടു വെച്ചിരിക്കുന്നു. മുറിയൊക്കെ വൃത്തിയാക്കി ഇട്ടിരിക്കുന്നു. ചായയും റെഡി. ചുരിദാർ വാങ്ങികൊടുത്തതിന്റെ നന്ദിയായിരിക്കും എന്നു കരുതിയ എനിക്കു തെറ്റി.

വില്ലത്തികൾ എല്ലാരും കൂടി ഒരേ പോലുള്ള പാവാടയും ഹാഫ് സാരിയും ഇടാനുള്ള പ്ലാൻ ആയിരുന്നു. അത് വാങ്ങിക്കൊടുക്കാൻ ഉള്ള പാലം ഇട്ടതാ. പെങ്ങളായിട്ട് ഒന്നല്ലേ ഉള്ളൂ. അതുകൊണ്ട് വാങ്ങിക്കൊടുക്കാതിരിക്കാനും മനസ്സ് വരില്ല. പിറ്റേന്ന് വീണ്ടും കടയിൽ കൊണ്ടുപോയി എല്ലാം വാങ്ങി. ബ്ലൗസ് തയ്പ്പിക്കണം. അതിനു ഷീബ ചേച്ചിയുടെ കടയിൽ കൊണ്ട് നിർത്തി. നമ്മുടെ നായിക എന്തോ തയ്ക്കുന്നു. ചേച്ചി അനിയത്തിയേയും കൂട്ടി അളവെടുക്കാൻ അകത്തേക്ക് പോയി.

“അല്ല. ഇതാരാ. ഇപ്പോൾ ഇവിടുത്തെ ഓടയിൽ ഒന്നും കാണാറില്ലല്ലോ. പെൺപിള്ളേരെ വായിനോക്കുന്ന ഏർപ്പാടൊക്കെ നിർത്തിയോ. ”

” ആ കുറച്ചു നാളത്തേക്ക് നിർത്തി വെച്ചിരിക്കുവാ. വായിനോക്കിയതിൽ ഒരു പെണ്ണിനെ മനസ്സിന് വല്ലാതെ ഇഷ്ടപ്പെട്ടു. അവളുടെ നിലപാട് എന്താണെന്നു അറിഞ്ഞിട്ടു തുടരാം എന്നു കരുതുന്നു.”

“ആരാണാവോ ആ ഭാഗ്യദോഷി. ”

“അതൊക്കെ ഉണ്ട്. സമയമാകുമ്പോൾ അറിയും. എന്താ കുട്ടിയുടെ പേര്.”

“എന്റെ പേര് ജനനി. ഇഷ്ടമുള്ളവർ ജെനി എന്നു വിളിക്കും. ”

( ചേട്ടൻ എന്നെ അങ്ങനെ വിളിച്ചാൽ മതി എന്ന് അവളുടെ കണ്ണുകൾ എന്നോട് പറഞ്ഞു. )

“ജനനി. നല്ല പേരാണല്ലോ. ഞാൻ സജീവ്. ഇവിടെ അടുത്തു തന്നെയാ താമസം. ”

“എനിക്കറിയാം. ഷീബേച്ചി പറഞ്ഞിരുന്നു.”

അങ്ങനെ ഓരോന്നു സംസാരിച്ചു നിന്നപ്പോൾ അളവെടുക്കുവാൻ പോയവർ തിരികെ വന്നു. ഞാൻ അനിയത്തിയേയും കൊണ്ട് പോയി. രണ്ടു ദിവസം കഴിഞ്ഞു അത് വേടിക്കാൻ വീണ്ടും ചെന്നു. അതിമനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ടവൾ അതെടുത്തു തന്നു. അതോടുകൂടി ഞാൻ ഫ്ലാറ്റ്. കെട്ടുന്നെങ്കിൽ ഇവളെ തന്നെ. അതിനു ഇനി എന്തു ബുദ്ധിമുട്ട് ഉണ്ടേലും..

പിന്നെ ഷീബ ചേച്ചിക്ക് നൽകാറുള്ള പുഞ്ചിരി ഞാൻ ജെനിക്കു കൈമാറി. പതിയെ പതിയെ ഞങ്ങൾ അടുത്തുകൊണ്ടിരുന്നു ഫോൺ വിളികൾ ആയി. അവസാനം പ്രണയത്തിലും. മൂന്നു വർഷത്തോളം ഞങ്ങൾ പ്രണയത്തിന്റെ കൊടുമുടിയിൽ പാറിനടന്നു. വർഷങ്ങൾ എത്ര വേഗമാണ് കടന്നു പോയത്.

ഒരു ദിവസം ഷീബേച്ചി എന്നെ വഴിയിൽ തടഞ്ഞു നിർത്തി. ഞാനും ജനനിയും തമ്മിൽ എന്താണെന്നു ചോദിച്ചു. ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി. പക്ഷേ ചേച്ചി എല്ലാം അറിഞ്ഞിരുന്നു. അവൾ എല്ലാം പറഞ്ഞിരുന്നു. ചേച്ചി എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ നോക്കി. കാരണം അവളുടെ വീട്ടുകാർ ആയിരുന്നു.

ചേട്ടൻ ഭൂലോക പോക്കിരി ആയിരുന്നു. അമ്മ പണ്ടെങ്ങോ മരിച്ചു. അച്ഛൻ ഉള്ളതും ഇല്ലാത്തതും കണക്കാ. അവളുടെ അപ്പച്ചിയുടെ മോനു വേണ്ടി കല്യാണമുറപ്പിച്ചു. അതും ഒരു തല്ലുകൊള്ളിയാ. വെറും ഒരു വൃത്തികെട്ടവൻ. പിന്നെ സദാസമയവും കള്ളുകുടി. അവളുടെ മുറച്ചെറുക്കൻ ഏതോ ഒരു സ്ത്രീയുമായി ബന്ധം ഉണ്ടയിരുന്നു. അതിൽ നിന്നും പിന്മാറ്റാൻ വേണ്ടിയാണു ഈ കല്യാണം.

ഷീബേച്ചിയുടെ വാക്കുകൾ എന്റെ മനസ്സിൽ ആഴത്തിൽ ഉള്ള മുറിവുകൾ ഉണ്ടാക്കി. കേട്ടതൊന്നും വിശ്വസിക്കാൻ പറ്റിയില്ല. ചിന്തിച്ചു നിന്ന എന്നോട് ചേച്ചി വീണ്ടും പറഞ്ഞു.

“സജി നിനക്കു ചേർന്ന തരക്കാർ അല്ലേടാ. അവൾ നല്ല കുട്ടിയാ. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും നല്ല കുട്ടി. അടക്കവും ഒതുക്കവും ഒക്കെ ഉണ്ട്. പക്ഷേ വീട്ടുകാർ ശരിയാകില്ല. നിന്റെ കുടുംബത്തിന്റെ രീതികളുമായി ഒത്തുപോകില്ല. അമ്മയും അനിയത്തിയും ഒന്നും സമ്മതിക്കില്ല. നീ അത് മറന്നേക്കൂ. നമുക്ക് അത് ശരിയാകില്ലെടാ മോനെ. ”

“ചേച്ചി ഞങ്ങൾ അത്രക്കു സ്നേഹിച്ചു പോയി. ഇനി എല്ലാം… ”

“മറക്കണം. അവളോട്‌ ഞാൻ എല്ലാം പറഞ്ഞു മനസിലാക്കാം. അവൾ അത് മനസ്സിലാക്കും. മാത്രമല്ല ഇപ്പോൾ അവളുടെ കല്യാണവും ഉറപ്പിച്ചു. ”

ഒരു പെങ്ങളുടെ സ്ഥാനത്തു നിന്നു ചേച്ചിയത് പറഞ്ഞപ്പോൾ ആകെ അസ്വസ്ഥമായി ഞാൻ എന്തുചെയ്യണം എന്നറിയാതെ മിഴിച്ചു നിന്നു. അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ചില കാര്യങ്ങൾ ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. പിറ്റേന്ന് രാവിലെ ഞാൻ ജനനി വരുന്ന വഴിയിൽ കാത്തിരുന്നു. എന്നെ കണ്ടതും അവളുടെ മുഖം വാടി. ചേച്ചി അവളോട്‌ എന്തൊക്കെയോ സംസാരിച്ചു എന്നെനിക്കു മനസ്സിലായി. എന്നെ കണ്ടതും അവൾ ഒഴിഞ്ഞു മാറി പോകാൻ തുടങ്ങി. ഞാൻ അവളെ തടഞ്ഞു നിർത്തി.

“ജെനി . നിന്നെ കാണാനാ ഞാൻ ഇവിടെ കാത്തു നിന്നത്. ”

“എന്തിനു. ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല. ജീവേട്ടൻ ഇനി എന്നെ കാണാൻ വരരുത്. ”

അവളുടെ ആ മറുപടി എന്നെ തളർത്തി.

“നീ എന്താ ഇങ്ങനെ പറയുന്നത്. നിനക്ക് എന്താ പറ്റിയത്. ചേച്ചി ഇന്നലെ നിന്നെ കുറിച്ച് എല്ലാം എന്നോട് പറഞ്ഞു. കേട്ടതൊക്ക സത്യമാണോ. നിന്റെ കല്യാണം ഉറപ്പിച്ചോ. നിന്റെ സമ്മതം ഉണ്ടായിരുന്നോ.”

“ഉണ്ടന്ന് കൂട്ടിക്കോളൂ. എനിക്കു കൂടുതലൊന്നും പറയാൻ ഇല്ല. ഞാൻ പോകുന്നു. ”

കണ്ണുകളിൽ ഇരുട്ട് കയറിയ പോലെ. ഞാൻ അവളെ തന്നെ നോക്കി നിൽക്കേ അവൾ നടന്നു പോയി. പിന്നാലെ ചെന്നു അവളുടെ കയ്യിൽ പിടിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. വീണ്ടും കൈ തട്ടി മാറ്റി അവൾ നടന്നു പോയി.

ആരൊക്കെയോ വരുന്നുണ്ടായിരുന്നു. നാട്ടിൽ അല്പം നിലയും വിലയും ഉള്ളതുകൊണ്ട് പിന്നെ അവളെ തടഞ്ഞില്ല. പിന്നെ സംസാരിക്കാം എന്നുകരുതി ഞാൻ വണ്ടിയുമായി പോന്നു.

ജോലി കഴിഞ്ഞു അല്പം ഇരുട്ടിയാണ് ഞാൻ ഇറങ്ങിയത്. വീട്ടിലേക്കു എത്തുന്നതിനു മുൻപ് ഒരാൾ വന്നെന്റെ വണ്ടി തടഞ്ഞു. ആരാണെന്നു എനിക്കു മനസിലായില്ല. പിന്നാലെ രണ്ടുമൂന്നു പേരും വന്നു. സംഗതി അത്ര പന്തിയല്ല എന്നു തോന്നി ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി. ജെനിയുടെ ആങ്ങള ആണോന്നു എനിക്കു സംശയം ഉണ്ടായിരുന്നു. അവർ കുടിച്ചിരുന്നു എന്നു മനസ്സിലായി.

“എന്റെ പെങ്ങളുമായി നിനക്കെന്താ ബന്ധം. നീ എന്തിനാ അവളെ ശല്യം ചെയുന്നത്. ”

“എനിക്ക് മനസ്സിലായില്ല. നിങ്ങൾ ആരാണെന്നു പറയൂ. എന്നിട്ടാകാം ബാക്കി.”

“നീ കൂടുതൽ ഒന്നും പറയണ്ട. മേലാൽ എന്റെ പെങ്ങളുടെ പിന്നാലെ നടന്നാൽ കൊന്നുകളയും. ”

“ഏയ്‌. നിനക്ക് ചുമ്മാ കൊന്നിട്ട് പോകാനല്ലല്ലോ എന്റെ അച്ഛനും അമ്മയും എന്നെ വളർത്തിയത്. ”

സംസാരിച്ചു വഷളായി. അങ്ങോട്ടും ഇങ്ങോട്ടും തല്ലി. അവർ നാലുപേര് കൂടി ചേർന്നിട്ടും എന്നെ കീഴടക്കാൻ ആയില്ല. പക്ഷെ അവളുടെ മുറച്ചെറുക്കൻ ആണെന്ന് തോന്നുന്നു, ഒരു തടിക്കഷണം എടുത്തു തലക്കടിച്ചു. അതോടെ ഞാൻ വീണു. ബോധം മറയുന്നതു വരെ അവർ എന്നെ തറയിൽ ഇട്ടു ചവിട്ടി.

കണ്ണ് തുറന്നപ്പോൾ ഞാൻ ആശുപത്രിയിൽ ആണ്. അമ്മയും ഷീബേച്ചിയും അനിയത്തിയും എന്റെ കൂട്ടുകാരും ഉണ്ട്. അമ്മയും അനിയത്തിയും കരഞ്ഞു തളർന്നിരുന്നു. ഞാൻ ചേച്ചിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ചേച്ചിയും സങ്കടത്തിൽ ആയിരുന്നു. ആരും ഒന്നും മിണ്ടുന്നില്ല. പിന്നെ ഞാൻ തന്നെ ഓരോന്ന് സംസാരിച്ചു തുടങ്ങി.

തലയിൽ നല്ല ഒരു മുറിവുണ്ട്. ദേഹമാസകലം നല്ലവേദന. ഭാഗ്യത്തിന് എല്ലൊന്നും ഒടിഞ്ഞില്ല. അത്യാവശ്യം അധ്വാനം ഉള്ളതുകൊണ്ടാകും. എല്ലിനോക്കെ നല്ല ഉറപ്പായിരുന്നു. വൈകുന്നേരം ആയപ്പോൾ അമ്മയും ഷീബേച്ചിയും വീട്ടിലേക്കു പോയി. ഒത്തിരി നിർബന്ധിച്ചിട്ടും അനിയത്തി പോകാൻ കൂട്ടാക്കിയില്ല. ഞങ്ങൾ അത്രക്ക് കൂട്ടായിരുന്നു. എന്റെ ദേഹത്ത് ഒരു മൊട്ടുസൂചി കൊള്ളുന്നതും അവൾക്കു സഹിക്കില്ല. എനിക്കും അങ്ങനെ ആയിരുന്നു.

എന്റെ കൂട്ടുകാരും ഉണ്ടായിരുന്നു. അമ്മ പോയി എന്നുറപ്പായപ്പോൾ അവൾ പതിയെ എന്നോട് ചോദിച്ചു.

” ഏട്ടാ, സത്യം പറയണം. ജനനിയുടെ ആങ്ങളയാണോ ഇതു ചെയ്തത്. ”

“അറിയില്ല മോളെ . ആരാണെന്നു എനിക്കറിയില്ല. ”

“കള്ളം പറയണ്ട ഏട്ടാ. ഷീബേച്ചി എന്നോട് എല്ലാം പറഞ്ഞു ”

“അമ്മ അറിഞ്ഞോ മോളെ. ”

“ഇല്ല ഏട്ടാ. ഞാൻ പറയണ്ട എന്ന് പറഞ്ഞു”

“സാരമില്ല മോളെ. അവൾ ഒരു പാവമാ. അവൾ ഇതൊന്നും അറിഞ്ഞിട്ടുണ്ടാകില്ല.”

രണ്ടുതുള്ളി കണ്ണുനീർ എന്റെ കണ്ണിൽ നിന്നും ഇറ്റുവീണു . അങ്ങനെ ആകരുതേ എന്നായിരുന്നു എന്റെയും പ്രാർത്ഥന. കാരണം എനിക്കു അവളെ അത്ര ഇഷ്ടമായിരുന്നു. ഇഷ്ടമുള്ളവർ ഉണ്ടാക്കുന്ന മുറിവുകൾക്കു ആഴം കൂടും എന്നാരോ പറഞ്ഞത് ഓർത്തു.

കൂട്ടുകാരൊക്കെ നല്ല ദേഷ്യത്തിൽ ആയിരുന്നു. കൂട്ടുകാർ എന്നു പറഞ്ഞാൽ കോൺക്രീറ്റ് പണിക്കാരൻ മുതൽ SI സെലെക്ഷൻ കിട്ടിയവൻ വരെ ഉണ്ട്. അവന്മാരെ തിരിച്ചു തല്ലണം എന്നു പറഞ്ഞു ബഹളം. ഞാൻ അവരെ തടുത്തു. എല്ലാം വിട്ടേക്കാം എന്നു പറഞ്ഞു. അല്ലെങ്കിലും തല്ലുംപിടിയും ഒക്കെ ആവിശ്യത്തിന് മാത്രമല്ലെ പാടുള്ളു.

പിറ്റേന്ന് രാവിലെ ഉറക്കം ഉണർന്നപ്പോൾ ആരും ഇല്ല. ഒന്ന് ഫ്രഷ് ആയി പുറത്തു ഇറങ്ങി നടന്നു. കാല് വേദന ഉണ്ടായിരുന്നു. അതുകൊണ്ട് അധികം നടന്നില്ല. റൂമിൽ വന്നു കിടന്നു. സംഗീതയെ ഫോണിൽ വിളിച്ചു. ഇതാ എത്തി ഏട്ടാ എന്നവൾ പറഞ്ഞു. ഫ്ലാസ്കിൽ ചായ ഉണ്ടായിരുന്നു അതെടുത്തു കുടിച്ചു. വീണ്ടും കിടന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ അനിയത്തി വന്നു.

“നീ ഇതെവിടെ പോയതാ. അമ്മ വന്നോ. എവിടേലും പോകുമ്പോൾ പറയണ്ടേ. അവന്മാരൊക്കെ എപ്പോഴാ പോയത്. ”

“ഞാൻ ഒന്ന് വീട് വരെ പോയതാ. അമ്മ ഉച്ചക്കെ വരുള്ളൂ. ”

ആരെയും കാണാത്തതു കൊണ്ടു ഞാൻ ആകെ ബോറടിച്ചു.

“ഏട്ടാ ജെനി വിളിച്ചിരുന്നോ. ”

പെട്ടന്നുള്ള അവളുടെ ചോദ്യം എന്നെ ധർമസങ്കടത്തിലാക്കി. ഉത്തരം പറയാനാകാതെ പരുങ്ങി.

‘അവൾ ഇനി വിളിക്കില്ല മോളെ. അവളുടെ കല്യാണം ഉറപ്പിച്ചു. അതുകൊണ്ട് ഇനി അവൾ വിളിക്കുമെന്ന് തോന്നുന്നില്ല.”

കണ്ണുകൾ നിറയാൻ തുടങ്ങിയപ്പോൾ ഞാൻ തിരിഞ്ഞു കിടന്നു.

“അവളെ എനിക്കു ഒത്തിരി ഇഷ്ടമായിരുന്നു. അവളെ മറ്റൊരാൾ സ്വന്തമാക്കുന്നത് കണ്ടു വേദനിക്കാനാകും എന്റെ വിധി. മോളെ നീ ഇതൊന്നും അമ്മയോട് പറയണ്ട. അമ്മക്ക് സങ്കടം ആകും. ”

“ഞാൻ ഒന്നും പറയുന്നില്ല. പക്ഷെ ഇനി എന്താ ചെയ്ക. ”

“എന്ത്‌ ചെയ്യാൻ. അവൾ പോട്ടെ. അവൾക്കു ഇഷ്ടം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ. ”

“ഏട്ടന് സങ്കടം ഇല്ലേ. ”

” കുറച്ച് സങ്കടം ഉണ്ട്. അതൊക്കെ പതുക്കെ മാറിക്കോളും. എന്നാലും അവൾ എന്നെ മറന്നല്ലോ. ”

പിന്നെയും ഞാൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു. കുറച്ചു നേരം ഞാൻ ഒന്നും മിണ്ടാതെ കിടന്നു. അവൾ എന്റെ ബെഡിൽ ഇരുന്നു.

എന്റെ കവിളിൽ തുള്ളി കണ്ണുനീർ ഇറ്റു വീണു. അവൾ കരയുന്നത് പോലെ എനിക്കു തോന്നി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് സംഗീതയെ ആയിരുന്നില്ല. അത് ജെനി ആയിരുന്നു. എന്റെ മുഖം കണ്ടതും അവൾ പൊട്ടിക്കരഞ്ഞു. എന്താണ് സംഭവിക്കുവന്നതെന്നു എനിക്കു മനസ്സിലായില്ല. അവളുടെ മുഖത്ത് അടികൊണ്ട പാടുകൾ ഉണ്ടായിരുന്നു.

“ജീവേട്ടാ..”

“ജെനി…. ഇനി എനിക്കു അങ്ങനെ വിളിക്കാമോ. നീ എങ്ങനെ ഇവിടെ ??? ”

“ജീവേട്ടാ.. എന്റെ ചേട്ടൻ ദുഷ്ടനാ. അവൻ ഇതു ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. അതാ ഞാൻ അന്ന് അങ്ങനെയൊക്കെ സംസാരിച്ചത്. ജീവേട്ടന് എന്തെങ്കിലും പറ്റിയാൽ എനിക്കു സഹിക്കാൻ കഴിയില്ല. അത് കൊണ്ടു മാത്രം എനിക്കിഷ്ടമില്ലാത്ത ഈ കല്യാണത്തിന് ഞാൻ സമ്മതിച്ചത്. ”

“പക്ഷേ ഇപ്പോഴും തോറ്റത് ഞാൻ അല്ലെ? നീ മറ്റൊരുത്തന്റെ സ്വന്തമാകുന്നത് കാണാൻ എനിക്കെങ്ങനെ കഴിയും. ”

“ഇല്ല ജീവേട്ടാ. മറ്റൊരാൾ എന്റെ കഴുത്തിൽ താലി ചാർത്തുന്നു എങ്കിൽ അതെന്റെ ശവത്തിൽ ആയിരിക്കും. അവന്റെ ഭാര്യയായി ജീവിക്കുന്നതിലും ഭേദം മരണം ആണ്. ”

“നിനക്കെന്താ ഭ്രാന്ത് ആയോ. നിന്റെ സമ്മതം ഇല്ലതെ ഒരുത്തനും നിന്റെ കഴുത്തിൽ താലി കേട്ടില്ല. ഒരുത്തനും നിന്നെ വിട്ടുകൊടുക്കില്ല. ഞാനാ പറയുന്നത്.”

അവളുടെ കണ്ണുകളിൽ പേടി ഉണ്ടായിരുന്നു. അവളുടെ ചേട്ടനെ കുറിച്ചാണ് എന്നെനിക്കു ഉറപ്പായിരുന്നു. അവളെ സമാധാനിപ്പിച്ചു വിട്ടു. അതിന്റെ പേരിൽ ഒത്തിരി തല്ലു കൊണ്ടു പാവം. എല്ലാം സഹിച്ചു എനിക്കുവേണ്ടി. എന്നോട് എല്ലാം ഷീബേച്ചി പറയുന്നുണ്ടായിരുന്നു.

ആശുപത്രിയിൽ നിന്നിറങ്ങി ആദ്യം പോയി കണ്ടത് അവളുടെ ചേട്ടനെയും മുറച്ചെറുക്കനെയും ആയിരുന്നു. കണ്ടു എന്നു പറഞ്ഞാൽ പോരാ. രണ്ടെണ്ണം പൊട്ടിച്ചു. ഇനി അവളുടെ ഇഷ്ടമില്ലതെ കല്യാണത്തിന് ഒരുങ്ങിയാൽ കാലും കയ്യും തല്ലി ഒടിക്കും എന്നു പറഞ്ഞു. ചോദിച്ചാൽ ചങ്ക് പറിച്ചു തരുന്ന കൂട്ടുകാർ ആയിരുന്നു എന്റെ ബലം. എന്തായാലും സംഭവം ഏറ്റു. മുറച്ചെറുക്കൻ പിന്നെ അവളെ കാണാൻ പോലും ചെന്നിട്ടില്ല. ചേട്ടന് ചില എതിർപ്പുക്കൾ ഉണ്ടായിരുന്നു. എന്നാലും നേരിട്ട് ഒരാക്രമണം ഉണ്ടായില്ല.

വർഷങ്ങൾ വീണ്ടും കടന്നു പോയി. അനിയത്തിയുടെ കല്യാണം ഉറപ്പിച്ചു. വരൻ പോലീസ് ആണ്. മറ്റാരുമല്ല എന്റെ ചങ്ങാതി തന്നെ. അവനു അവളെ ഇഷ്ടമായിരുന്നു. പോസ്റ്റിങ്ങ്‌ കിട്ടാൻ കാത്തു നിന്നതാ. ജോലി കിട്ടിയ ശേഷം അവന്റെ അമ്മ നേരിട്ട് വന്നു പെണ്ണുചോദിച്ചപ്പോൾ വലിയ സന്തോഷം തോന്നി. കുഞ്ഞു പെങ്ങളുടെ മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടി. ഇതിനു നാണമൊക്കെ വരുമോ. എന്തായാലും അതങ്ങു ഉറപ്പിച്ചു. നല്ലരീതിയിൽ നടത്തി.

അധികം താമസിയാതെ ജെനിയെ സ്വന്തമാക്കി. അവളുടെ അമ്മയുടെ സ്ഥാനത്തു ഷീബേച്ചി ആയിരുന്നു. അമ്പലത്തിൽ വെച്ചു താലി കെട്ടി പുറത്തിറങ്ങുമ്പോൾ ചേച്ചിയുടെ കണ്ണുകളിൽ രണ്ടുതുള്ളി കണ്ണുനീർ വന്നിരുന്നു. അമ്മമാർ അങ്ങനെ ആണല്ലോ.

ഗേറ്റ് തുറന്ന ശബ്ദം കേട്ടപ്പോൾ ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു. ജെനി തിരിച്ചു വന്നതാണ്. വന്നിട്ടും ദേഷ്യം മാറിയില്ല. പിന്നാലെ കുറെ നടന്നിട്ടും ഒരു രക്ഷയും ഇല്ല. അവസാനം സഹികെട്ടു ഞാൻ അവളെ പൊക്കിയെടുത്തു കട്ടിലിൽ കൊണ്ടിട്ടു. മുറിയുടെ വാതിൽ അടച്ചു. അലമാര തുറന്നു ഒരു കുഞ്ഞു പൊതിയെടുത്തു. അതിൽ ഒരുജോഡി സ്വർണ്ണ പാദസരം ആയിരുന്നു. ഒത്തിരി നാoളത്തേ അവളുടെ മോഹം. എന്റെ വിവാഹ വാർഷിക സമ്മാനം. ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികം ആണ്.

ഇതിനു വേണ്ടിയാ ആശാത്തി ഇത്രയും ഷോ കാണിച്ചത്. അവൾ കരുതിയത് ഞാൻ മറന്നു എന്നാണ്. ഞാൻ ആരാ മോൻ. അതങ്ങോട്ട് കിട്ടിയപ്പോൾ അവളുടെ സന്തോഷം കാണേണ്ടത് തന്നെയാ. എന്റെ കവിളിൽ മൃദുവായി കടിച്ചു . ഞാൻ അവളെ പൊക്കിയെടുത്തു ഒന്ന് വട്ടം ചുറ്റി. അവൾ എന്റെ നെറ്റിയിൽ ഒരു ചുടു ചുംബനം തന്നു. അവളുടെ സമ്മാനം.

മറക്കാൻ ആകാത്ത നിമിഷങ്ങളിലൂടെ ഞങ്ങൾ യാത്ര ചെയ്യുകയാണ്. ” അന്നും ഇന്നും എന്നും……….. ”

രചന : Manu Reghu

Categories
Uncategorized

സാരി ആരെങ്കിലും എന്നെ ഉടുപ്പിച്ചോ… ട്ടാ എന്ന മട്ടിൽ നിന്നു,സഹായികളെ കൊണ്ടു സാരി ഉടുപ്പിച്ചിരുന്ന ഞാൻ പെട്ടു പോയത് കല്യാണം കഴിഞ്ഞപ്പോ

രചന :ബിന്ദു ജോസഫ്‌

ആശിച്ചു മോഹിച്ചു സാരിയുടുക്കാൻ കിട്ടിയ അവസരമാണ്.പൊളിഞ്ഞു പാളിയത്.

കുഞ്ഞുനാൾ മുതലുള്ള സംശയമായിരുന്നു എന്ന് അമ്മയെ പോലെ വലുതാകും.മുടി നീട്ടി വളർത്താനാകും. മുട്ടിനൊപ്പമുള്ള ഉടുപ്പുകളിൽ നിന്ന് മോചനം വേണം എന്നാലേ സാരിയുടുക്കാൻ പറ്റുള്ളൂ.തോർത്തോ ഷാളോ കൊണ്ടു സാരി ചുറ്റിയാണ് ആഗ്രഹം തീർക്കാറുള്ളത്. മേരി ടീച്ചറിന്റെയും കൊച്ചെൽസി ടീച്ചറിന്റെയും സാരിയുടെ മിനുപ്പ് പരിശോധിക്കാറുണ്ട്. സിബി ടീച്ചർ അറിയാതെ,സാരി ത്തുമ്പിൽ രണ്ടു വിരൽ കൊണ്ടു തെന്നിച്ചു നോക്കുന്നത് പതിവാണ്.
എന്ത് രസമാണ്.ടീച്ചർ പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഒന്നുമറിയാത്ത ഭാവത്തിൽ ഞാനിരുന്നു.

സ്കൂളിൽ,കളങ്കമില്ലാത്ത പ്രായത്തിൽ മഠത്തിൽ ചേർന്നു കന്യാസ്ത്രീയാകാൻ താല്പര്യമുള്ളവർ കൈപൊക്കുവാൻ പറഞ്ഞപ്പോഴൊക്കെ ഉറച്ച തീരുമാനം എടുത്തു, ഞാൻ കൈ പൊക്കാതെ നിന്നു.പ്രിൻസി പോളും ജൂലി തോമസും ഡയാന എം കെ യും കൈപൊക്കി കൊണ്ടു എന്നെ അത്ഭുത ജീവിയെ പോലെ നോക്കി.അവരുടെ പുച്ഛഭാവം കണ്ടില്ലെന്നു നടിച്ചു.എനിക്ക് സാരി ഉടുക്കണം മുടിയും നീട്ടി വളർത്തണം. മുടി മൊട്ടയടിച്ചു ഉടുപ്പുമിട്ടു നടക്കാൻ എനിക്കിഷ്ടമില്ലന്ന് ഞാനവരോട് തുറന്നു പറഞ്ഞത്‌ റബ്ബർ തോട്ടത്തിൽ സിസ്റ്റർ സൺ‌ഡേ ക്ലാസ്സ്‌ എടുക്കുമ്പോഴാണ്.ഉണ്ണിമഠത്തിൽ സാരിയുടുക്കുന്ന സിസ്റ്റേഴ്സ് ആണെന്നും അവിടെ പോയാൽ മതിയെന്നും അവർ നിർദ്ദേശം തന്നെങ്കിലും വെള്ളിമാലയിട്ട് കമ്മലില്ലാത്ത കാതുമായി നടക്കാൻ തീരെ താല്പര്യം തോന്നിയില്ല.

ഞാഞ്ഞൂൽ കെട്ടുപിണഞ്ഞു കിടക്കും പോലെയുള്ള തേനീച്ചക്കൂടു പോലുള്ള മുടി രാവിലെ ചീകി റിബ്ബൺ കൊണ്ടു വൃത്തിയാക്കികെട്ടും. അത് അഴിക്കാൻ അനുവാദമില്ല.പിന്നി മടക്കി കെട്ടിവെക്കുന്ന ഹെയർ സ്റ്റൈൽ സാരിയുടുക്കുന്ന സ്ത്രീകൾ കെട്ടുന്ന രീതിയല്ല.ചെറിയ പ്ലാസ്റ്റിക് പാവകളെ കുളിപ്പിച്ചൊരുക്കി ഒക്കത്തു വെച്ചു പള്ളിയിലേക്ക് പോകുന്നേരം സാരി തുമ്പു തലയിൽ ഒഴുകി കിടക്കാൻ മുടിയും അഴിച്ചിടണം.

ഒരു ചേച്ചി ഉണ്ടായിരുന്നെങ്കിൽ എന്ന് അൽമാർത്ഥമായി ആഗ്രഹിച്ചു പോയത് കോളേജ് പഠനകാലത്താണ്.ഓണം,കേരള പിറവി,കോളേജ് ദിനം ഇങ്ങനെ സാരി ഉടുക്കാൻ കിട്ടുന്ന അവസരങ്ങളെല്ലാം കൂട്ടുകാർ സാരിയുടുത്തു സുന്ദരിമാരായി വരും.സാരി മാത്രമല്ല നല്ല ഡിസൈനിലുള്ള മാലയും വളയും കമ്മലുമൊക്കെ അണിഞ്ഞാകും വരവ്. ചേച്ചിമാർ ഉള്ളവർക്ക് ഒന്നിനും പഞ്ഞമില്ലല്ലോ.വേണമെങ്കിൽ സാരി, അമ്മേടെ ഒപ്പിക്കാം പക്ഷെ ബ്ലൗസ് അത് ഫാഷൻ പോരാ.അങ്ങനെ ഓരോ അവസരങ്ങളിൽ സാരി മോഹം വഴുതി പോകും.സാരിയും ചുരിദാറും എന്നുമിടാമെന്നും,തല്ക്കാലം വല്ല പട്ടുപാവാടയോ സ്‌കർട്ടും ടോപ്പുമോ ഇട്ടു പോകാൻ അമ്മ നിർദേശിക്കും.
അനുസരിക്കാതെ നിവൃത്തിയില്ല.

എന്തിനും മോന്ത കുത്തി വീർപ്പിച്ചു കാര്യങ്ങൾ സാധിച്ചിരുന്ന ഞാൻ ഇവിടെ തോറ്റു തൊപ്പിയിട്ടു
സാരിയുടെ ആർഭാടമില്ലാതെ ക്ലാസ്സിലെത്തിയ എത്തിയ എന്നോട് കാരണമന്വേഷിച്ച ആ സുന്ദരിക്കുട്ടിയുടെ പേര് ഓർമ്മയില്ല.സങ്കടം പറഞ്ഞപ്പോൾ ആ കുട്ടി പറയാ,അവൾക്കും ചേച്ചിയില്ല.
അവളുടുത്ത സാരിയും ബ്ലൗസും അയല്പക്കത്തെ ചേച്ചീടെ ആണെന്ന്.അതിൽ നിന്നു ആവേശമുൾക്കൊണ്ടാണ്
സാരിയുടുക്കാൻ ഒരവസരം കാത്തിരുന്നത്.

അലമാരിയിൽ രണ്ടു പുത്തൻ സാരിയുണ്ട് മെറൂൺ കളറിൽ പച്ച ബോർഡർ ഉള്ള പ്രിന്റഡ് സിൽക്, പിന്നെ ചെങ്കല്ല് കളറിൽ ഓറഞ്ച് ബോർഡർ ഉള്ളതും.രണ്ടിനും ബ്ലൗസ് വേണം.

അന്നത്തെ ഫാഷൻ കൈമുട്ടിനു താഴെ ഇറക്കമുള്ള ബ്ലൗസ് ആണ്.തല പുകഞ്ഞാലോചിച്ചപ്പോഴാണ് അയല്പക്കത്തെ കൊച്ചപ്പൻ ഷീബയ്ക്ക് ഓറഞ്ച് കളർ ബ്ലൗസ് ഉള്ളതോർമ്മ വന്നത്.കൊച്ചപ്പൻ സിബി സഹപാഠി ആയിരുന്നു.എനിക്കറിയാവുന്ന പട്ടി, തെണ്ടി എന്ന രണ്ടു ചീത്ത വാക്കുകൾക്ക് പുറമെ പുതിയ രണ്ടു തെറികൾ സ്കൂളിലേക്കുള്ള യാത്രയിൽ അവനാണ് എന്നെ പഠിപ്പിച്ചത്.ബ്ലൗസ് കടം വാങ്ങി സൈഡ് അടിച്ചു പരുവത്തിനാക്കി.
ഒരു ഡസൻ സേഫ്റ്റി പിൻ അവിടേം ഇവിടേം കുത്തി സാരി ചുറ്റിയിറങ്ങിയപ്പോൾ തനിച്ചായി പോയി.

പേപ്പർ പോലെ പട പടാന്ന് ഇരിക്കണ സാരിയെ കൈകാര്യം ചെയ്യാൻ ഇച്ചിരി പാടുപെടുമെന്നറിഞ്ഞത് വഴിയിൽ എത്തി കഴിഞ്ഞിട്ട്. നടക്കാൻ വേഗത തീരെ ഇല്ലാതെ വഴിയിൽ ഇഴഞ്ഞു നടന്നപ്പോ ഇടക്ക് തട്ടി വീഴണ്ടതായിരുന്നു.ഒരു വിധത്തിൽ മാളിയേക്കൽക്കാരുടെ കേറ്റം കയറുന്നതിനിടയിൽ എവിടെയോ കേറി ഒരു ചവിട്ട് കൊടുത്തതു.എന്തോ എവിടെയോ തകരാർ സംഭവിച്ചുവെന്ന്പിടികിട്ടി .
നടക്കുമ്പോൾ നിലത്തിഴയുന്നത് ഞൊറിവുകൾ ആണോ അതോ ഉള്ളിലുള്ള സാരിത്തുമ്പോ.
നടക്കുമ്പോ പിന്നെയും പിന്നെയും ചവിട്ടു കൊള്ളുന്നു.

സംശയം തീർത്തിട്ട് നടക്കാമെന്നോർത്തു നിന്നപ്പോഴാണ് ഇടി വെട്ടിയവനെ പാമ്പ് കടിച്ചതുപോലെ തൊട്ടു പുറകിൽ പുരുഷപ്രജകൾ. കമ്പനിയിലെ ഷിഫ്റ്റ്‌ കഴിഞ്ഞിറങ്ങിയ അഞ്ചാറെണ്ണം.നാലാം മൈൽ നിന്നു ഷോർട്ട് കട്ട്‌ കേറി വന്നവരാണ്.യുവകോമളന്മാർ പോയിട്ടാകാമെന്നോർത്താൽ
ബസ് പോകും. അവരാണെങ്കിൽ മുന്നോട്ടു കേറി നടക്കാനും തയ്യാറല്ല. പുറകിൽ നടന്നു ഓരോ ഡയലോഗ് വെച്ചു കാച്ചുന്നുണ്ട്.

പൊതുവെ വിയർപ്പിന്റെ അസുഖമുള്ള ഞാൻ സാരി അഴിയുമോ എന്നോർത്തു കൂടുതൽ വിയർത്തു. എവിടെങ്കിലും കാണുന്നുണ്ടോ?.ഒരിടത്തു നേരെയാക്കുമ്പോ വേറെ ഒരിടത്തു ഊർന്നുപോകുന്നു.എല്ലാം കൂടി വാരി പിടിച്ചു ഓടാൻ തോന്നി.പുല്ല്….ഈ പണിക്കു പോകണ്ടാരുന്നു.ഇതിപ്പോ മനുഷ്യന്റെ സ്വാതന്ത്ര്യം മുഴുവൻ മോഷ്ടിച്ചു കൊണ്ടോയത് മിച്ചം.അവന്മാരാണെങ്കിൽ വാരാവുന്നതിന്റെ പരമാവധി വാരുന്നുണ്ട്.ആവശ്യം വരുമ്പോൾ ഒരുത്തനും വഴിയിൽ കാണില്ല.അല്ലാത്തപ്പോ അയല്പക്കത്തെ ജുവാക്കൾ ആരെങ്കിലുമൊക്കെ വഴിയിൽ കാണും.
അതൊരു ധൈര്യം തന്നെ.

ഒരുവിധം GTN ബസ് സ്റ്റോപ്പിൽ എത്തി.റോഡ് ക്രോസ്സ് ചെയ്തു… ദേ അവന്മാർ എന്റെ അടുത്തു തന്നെ വന്നു നിൽക്കുന്നു.സാധാരണ പുരുഷന്മാർ എല്ലാരും ബസ് വരുമ്പോൾ മാത്രം സ്റ്റോപ്പിലേക്ക് കടന്നു നിൽക്കാറുള്ളു.
ഡയലോഗ് അടിച്ചു ചിരിച്ചു മറിയുന്നു. ദയനീയ അവസ്ഥ നന്നായി ചൂഷണം ചെയ്യുന്നുണ്ട്.

ദൈവമേ… ബസിൽ എങ്ങനെ കേറും. സാരിയിൽ ചവിട്ടി താഴെ വീഴുമോ?. സാരി പൊക്കി പിടിക്കാതെ എങ്ങനെ കേറും?അന്നേരം ബസിൽ ഏതു കൈ പിടിക്കും?പൈസ താഴെ പോകുമോ?.ആകുലതകളുടെ വലിയ ചുമടുമായി നിൽക്കുമ്പോൾ ബസ് വന്നു.കർത്താവിനെ കൂട്ടുപിടിച്ചു ബസിൽ കയറി.

ജുവകോമളന്മാർ എന്റെ പുറകെ മുന്നിൽ തന്നെ കേറി.കണ്ടക്ടർ വന്നപ്പോൾ ആകെ ഗുലുമാൽ അയാൾ ST അടിക്കാൻ സമ്മതിക്കൂല്ല. ഞാൻ വിദ്യാർഥിനി ആണെടോ… മാഷെന്നു പറഞ്ഞപ്പോ, മര്യാദക്ക് ഫുൾ ടിക്കറ്റ് എടുക്കാൻ പറഞ്ഞു മീശപിരിക്കുന്നു.കണ്ണുരുട്ടുന്നു.
പൈസ ഉണ്ട് എങ്ങനെ ബാഗിൽ തപ്പി എടുക്കാനാണ്. പിടി വിട്ടാൽ വീഴ്ച കാണാൻ അശേഷം ഭംഗിയുണ്ടാകില്ലെന്നു
നന്നായറിയാം.

ആലുവ പഴയ സ്റ്റാൻഡ് എത്തും വരെ ആ പൂവാലന്മാർ എന്നെ കമന്റടിച്ചു.ബസ് ഇറങ്ങി എങ്ങനെ നടന്നെത്തിയെന്ന് ഓർമ്മയില്ല. ഇത്രേം പ്രശ്നങ്ങൾക്കിടയിലും എന്നെ കമന്റടിച്ച പുരു ഷന്മാരുടെ മുഖം ഓർത്തു വെച്ചിരുന്നു. ക്ലാസ്സിലെ ആരൊക്കെയോ സഹായിച്ചു സാരി അഴിച്ചു രണ്ടാമത് ഉടുക്കാൻ.

ഇടവക പള്ളിയിൽ പെരുന്നാളിന് പള്ളിമുറ്റത്തു ദേ… നിൽക്കുന്നു ആ വീരന്മാരിൽ ഒരാൾ.കൈയോടെ പിടികൂടി.നാട്ടുകാരൻ ഷാൽബി ആയിരുന്നു ആ സംഘത്തിന്റെ നേതാവ്.നാലാം മൈൽകാരൻ ആയതു കൊണ്ടു ആളെ തിരിച്ചറിയാതെ പോയതാണ്.പിന്നെ ക്ഷമിച്ചു വെറുതെ വിട്ടു.

അന്നത്തെ തമാശ ബുദ്ധിമുട്ടിച്ചെങ്കിലും, പിന്നീട് ഞങ്ങൾ നല്ല സൗഹൃദത്തിലായി.ആ നല്ല കൂട്ടുകെട്ട് ഇന്നും തുടരുന്നു. കല്യാണം വിളിക്കാനായി ഹരി,ജോസേട്ടനെ കൂട്ടി വീട്ടിൽ വന്നു.കിടുക്കാച്ചി ഡയലോഗ് അടിക്കാൻ മിടുക്കൻ ആണ് ജോസേട്ടൻ.ആ കമ്പനി നിർത്തി പലരും പലജോലികളായി പലയിടങ്ങളിൽ.ഹരി ഇടക്ക് വിളിക്കാറുണ്ട്.ജോസേട്ടൻ അങ്കമാലിയിൽ ബിസിനസ്‌കാരൻ.കഴിഞ്ഞ ഫെബ്രുവരി മാസം കോട്ടയത്ത്‌ മെഡിക്കൽ കോളേജിൽ ഒരുഇന്റർവ്യൂവിനു പങ്കെടുക്കാൻ ഹരി വന്നിരുന്നു.ആ തിരക്കിനിടയിലും ഹരിയും ഭാര്യയും വീട്ടിൽ വന്നിട്ടാണ് തിരിച്ചു പോയത്.

ആരെങ്കിലും എന്നെ ഉടുപ്പിച്ചോ… ട്ടാ എന്ന മട്ടിൽ നിന്നു,സഹായികളെ കൊണ്ടു സാരി ഉടുപ്പിച്ചിരുന്ന ഞാൻ പെട്ടു പോയത് കല്യാണം കഴിഞ്ഞപ്പോ . സാരിയുടുപ്പിക്കുന്ന ചേച്ചിമാർ ഞൊറിവെടുക്കാതെ കൈയിൽ സാരി തന്ന നേരം.പട്ടിക്കു മുഴുവൻ തേങ്ങ കിട്ടിയപോലെ മന്ത്രകോടി ഞൊറിവെടുക്കാൻ ഇടത്തോട്ടോ വലത്തോട്ടോ എന്ന് സംശയിച്ചു നിന്ന കല്യാണദിനത്തിൽ എങ്ങനെയോ ഒപ്പിച്ചുടുത്തു.പയ്യെ തിന്നാൽ പനയും തിന്നാല്ലോ. മെല്ലെ ഞാനും പഠിച്ചെടുത്തു സാരി ഉടുക്കാനും തട്ടി വീഴാതെ നടക്കാനും.

എങ്ങോട്ടെങ്കിലും പോകാനിറങ്ങുമ്പോൾ സാരി വേണ്ടാ…. സമയം പോകും ന്നു കെട്ട്യോൻ കമന്റിടുന്നത് പതിവാണ്.
അപ്പോഴൊക്കെ കാലുപിടിച്ചിട്ടാണേലും അല്ലറ ചില്ലറ കൈകൂലി കൊടുത്തിട്ടായാലും
സഹായത്തിനു പുത്രന്മാർ വരും.

ഞൊറിവുകൾ പിടിച്ചു സെറ്റ് ആക്കി തരാറുണ്ട്.

രചന :ബിന്ദു ജോസഫ്‌

Categories
Uncategorized

ഫോൺ കാരണം ആണല്ലോ നീയിങ്ങനെ അശ്രദ്ധമായി നടക്കുന്നത്.. ഇതിനി എന്റെ കയ്യിൽ ഇരിക്കട്ടെ .

രചന :Rosily joseph

“ന്റെ നന്ദിനീ, നീയിങ്ങനെ ഒന്നും കഴിക്കാതെ ഇരുന്നാൽ എങ്ങനെയാ…? അമ്മേനെ വിഷമിപ്പിക്കല്ലേ.. പൈസ ഇല്ലാത്ത കൊണ്ടല്ലേ.. ലോക്ക് ഡൌൺ തുടങ്ങിയേ പിന്നെ അതിയാന് പണിയൊന്നും ഇല്ലാന്ന് നിനക്കറിഞ്ഞൂടെ..”

മാലതിയുടെ സ്നേഹത്തോടെയുള്ള തലോടലും, ആ സംസാരത്തിൽ ഉള്ള സങ്കടവുമൊക്കെ കണ്ടിട്ടാവണം, നന്ദിനിപ്പയ്യ് തലയൊന്നിളക്കി

“അമ്മയോട് നിനക്ക് ഇഷ്ടമില്ലാച്ചാ, നീയിതു കുടിക്കണ്ട..”

“ന്താ ന്റെ മാലത്യേ, പയ്യിനോട് ഒരു രഹസ്യം പറച്ചില്..?”

“ഏയ് ഒന്നൂല്ല്യാ സുമേ, ഞാനവൾക്ക് കുടിക്കാനിത്തിരി കാടിവെള്ളം കൊടുക്കുവായിരുന്നു..”

“മാലതീ, ഞാൻ തന്ന ബ്ലൗസ് തയ്ച്ചായിരുന്നോ..?”

“ആ….. തയ്ച്ചു വച്ചിട്ടുണ്ടല്ലോ..?”

“ആണോ, പിന്നെ മാലതീ, പൈസ ഞാൻ പിന്നെ തരാട്ടോ … ചേട്ടന് പണിയൊന്നും ഇല്ല, ലോക്ക് ഡൌൺ അല്ലെ..”

“ഓ അത് സാരമില്ല, പിന്നെയെപ്പോഴേലും തന്നാൽ മതി.. ഞാൻ, ബ്ലൗസ് എടുത്തു കൊണ്ട് വരാം..” മാലതി ചിരിച്ചു കൊണ്ടകത്തേയ്ക്ക് പോയി

സുമ പോയി കഴിഞ്ഞതും, ഭർത്താവ് രമേശൻ വാതിൽക്കൽ വന്നു നിന്ന് മാലതിയെ നോക്കി.

“അയാളിന്നലെ കൂടി എന്തോ പണിക്ക് പോയി വരുന്നത് ഞാൻ കണ്ടതാണ്..”

“അത് വീട്ടിലെ ചിലവിനു എടുത്തു കാണും… നമ്മളെ പോലെ തന്നല്ലേ അവരും..”

“ഉം, അതേയതെ നീയിങ്ങനെ മനുഷ്യപ്പറ്റ് കാണിച്ചോണ്ട് ഇരുന്നോ… ഇവിടെ, ആരും ഒന്നും വെറുതെ കൊണ്ടുതരില്ല..”

അവൾ, മറുപടിക്ക് പകരം ഒന്ന് പുഞ്ചിരിച്ചു..

ഉച്ചക്ക് എന്ത് കറി വയ്ക്കും എന്നോർത്ത് അടുക്കളയിൽ കഞ്ഞിക്കലം തടയിട്ട് നോക്കിയപ്പോളാണ് ഭർത്താവിന്റെ അമ്മ പറഞ്ഞത്..

“ഫ്രിഡ്ജിൽ തൈരിരുപ്പില്ലേ, അതെടുത്തു മോരാക്ക്.. പൈസയൊന്നും ഇരിപ്പില്ല അല്ലിയോടി ഇച്ചിരി പൊകയില വായിലിട്ട് ചവക്കാഞ്ഞിട്ട് ഒരു സുഖോമില്ല.. വല്ലോചാതി ഈ ലോക്ക് ഡൌൺ അങ്ങ് കഴിഞ്ഞാൽ മതിയായിരുന്നു..

“ജീരകം കാണുന്നില്ലല്ലോ അമ്മേ..”

“അതവിടെ എവിടെയെങ്കിലും കാണും.. നീ നല്ലോണം നോക്ക്..”

അലമാരയുടെ താഴത്തെ തട്ടിൽ മറിഞ്ഞു കിടക്കുന്ന ജീരകഡപ്പ അവളുടെ ശ്രദ്ധയിൽ പെട്ടു. കുറച്ചു നാളായി ജീരകം ഉപയോഗിച്ചുള്ള കറിയൊന്നും വയ്ക്കാത്ത കൊണ്ട് ഡപ്പ നിറയെ പൊടിയും ചുക്കിലിയുമായിരുന്നു.. അതെല്ലാം തുടച്ചു മാറ്റി തുറന്നു നോക്കിയപ്പോളാണ് നൂറിന്റെ രണ്ട് നോട്ടുകൾ ശ്രദ്ധയിൽ പെട്ടത്..

“ന്റെ കൃഷ്ണാ…. പാല് വിറ്റ് കിട്ടിയ കാശ് ഇതിൽ വെച്ചത് ഞാനങ്ങട് മറന്നേ പോയി. ന്തായാലും ന്റെ നന്ദിനികുട്ടീടെ ഭാഗ്യം..”

അവൾ, ആ കാശുമായി മകനെ സമീപിച്ചു.. അവൻ ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യുകയായിരുന്നു..

“മോനേ ഗോപി..”

“നീ ഓൺലൈൻ ക്‌ളാസിൽ ആണോ.. പഠിപ്പ് കഴിഞ്ഞു ആ കടയിൽ ഒന്ന് പോയേച്ചും വരണേ..

“ന്താമ്മേ വാങ്ങണ്ടേ ക്ലാസ് കഴിഞ്ഞൂ.. ഞാൻ പോയിട്ടു വരാം..? അവൾ, വാങ്ങേണ്ട സാധനങ്ങളുടെ കുറിപ്പടി അവനെ ഏല്പിച്ചു

“പൈസ ഉണ്ടെങ്കിൽ എനിക്കുള്ള വെറ്റേടെയും പൊകലയുടെയും കാര്യം കൂടി അവനോടൊന്ന് പറഞ്ഞേരെ.. ..” അടുക്കളയിൽ നിന്ന് വരുന്ന അമ്മായിയമ്മയുടെ നേർത്ത സ്വരം..

അവൾ അവന്റെ കയ്യിൽ നിന്നാ കുറിപ്പടി വാങ്ങി അത്ര അത്യാവശ്യം അല്ലാത്ത ഒരു കൂട്ടം വെട്ടി

നേരത്തെ പൊകലയുടെ കാര്യം എഴുതിയതാണ് എന്നാലും ചിലപ്പോൾ പൈസ തികഞ്ഞില്ലങ്കിലോ.. അവൾ മനസ്സിൽ ഓർത്തു ..

“മാലതീ.. ”

മുൻവശത്ത് ആരുടെയോ വിളി കേട്ടവൾ ചെയ്തു കൊണ്ടിരുന്ന ജോലി പാതിയിൽ നിർത്തി..

“സുമയോ എന്താ സുമേ ബ്ലൗസ് കറക്ട്ടല്ലേ..?” കയ്യിലെ വാഴക്ക കറ തുടച് മാറ്റുന്നതിനിടയിൽ അവൾ തന്റെ സംശയം പ്രകടിപ്പിച്ചു

“ബ്ലൗസ് ഒക്കെ കറക്ട്ടാ.. ഞാനിപ്പോ ഒരു കൂട്ടം പറയാനാ വന്നേ..”

“എന്താ സുമേ..”

“അത് ഗോപി എവിടെ പോയതാ..?”

“അവൻ കടയിൽ പോയതാ.. എന്താ സുമേ..?”

“ഞാനീ പറയുന്നത് കേട്ട് നീ ടെൻഷൻ ആവുകയൊന്നും വേണ്ട..”

“എന്താ സുമേ നീ കാര്യം പറ..”

“അത് ആ രമേശേട്ടാ.. ഗോപിമോനേ വഴിക്ക് വെച്ച് പോലീസ് പിടിച്ചെന്ന് പറയുന്നുണ്ടായിരുന്നു.. ചേട്ടന്റെ കൂട്ടുകാരാരോ പറഞ്ഞത.. കേട്ടത് സത്യാവാൻ വഴിയില്ല.. എന്തായാലും ചേട്ടൻ പോയിട്ടുണ്ട് അവിടെക്ക്..”

“എന്റെ ഭഗവാനെ എന്റെ കുഞ്ഞു.. അവനെ എന്തിനു..? അവൻ ഒരു കുറ്റവും ചെയ്തിട്ടില്ലല്ലോ.. അവൾ രമേശനേ നോക്കി

“നിങ്ങളൊന്നു പോയിട്ട് വാ അവനെന്താ പറ്റിയെന്ന് അറിയില്ലല്ലോ..?”

“വേവലാതിപെടുകയൊന്നും വേണ്ട മാലതി അവൻ ഇപ്പൊ ഇങ്ങു വരും ശ്രീഏട്ടനല്ലേ അവിടെക്ക് പോയേക്കുന്നെ..”

“കാര്യം എന്താന്ന് വല്ലോം നിനക്കറിയോ..?

“അത് മാസ്ക് എന്തോ വച്ചില്ലെന്ന് പറഞ്ഞ അവര് അവനെ തടഞ്ഞത്..”

“അതിന് ഇവിടുന്നു പോകുമ്പോ മാസ്ക് ഉണ്ടായിരുന്നല്ലോ..?”

“അതിപ്പോ പിള്ളേരല്ലേ ഒഴിഞ്ഞ സ്ഥലം എത്തിയപ്പോൾ അതൊന്നു അയച്ചു വച്ചിട്ടുണ്ടാവും..”

“ആകെ ഉണ്ടായിരുന്ന പൈസയും നുള്ളിപെറുക്കി കൊടുത്തു കടയിൽ പറഞ്ഞു വിട്ടതാ.. ഇവനിത്..!!” ഉള്ളിലെ അമർഷം അവൾ കടിച്ചമർത്തി

“ആ ദേ വന്നൂല്ലോ..”

വാങ്ങിയ സാധനങ്ങളുമായി നട കയറി വരുന്ന ശ്രീജിത്തിനെയും പിന്നിൽ മുഖം ഒളിപ്പിച്ചു വരുന്ന ഗോപിയെയും കണ്ട് മാലതിക്ക് നല്ല ദേഷ്യം തോന്നി

“അവര് ഇവന്റെ കയ്യിൽ നിന്ന് ഫൈൻ ഈടാക്കാൻ ഒരുങ്ങിയതാ കൃത്യസമയത്തു ഞാൻ ചെന്ന് കാല് പിടിച്ചത് കൊണ്ട് ഫൈനിൽ നിന്ന് രക്ഷപെട്ടു.. പക്ഷേ നല്ലൊരു ഉപദേശം കിട്ടീട്ടുണ്ട് അല്യോടാ..”

ശ്രീജിത്ത് അവന്റെ മുഖത്തെ ദയനീയത കണ്ട് പുഞ്ചിരിച്ചു

“മാലതി നീ അവനെ വഴക്കൊന്നും പറയണ്ട കുട്ടികൾ അല്ലെ..”

“നീയങ്ങോട്ട് മാറ് സുമേ..”

അവൾ കയ്യിൽ കിട്ടിയ ഒരു വടി കഷ്ണവുമായി അവനെ തല്ലാൻ അടുത്തു

“ഞാൻ കേട്ടതൊക്കെ ശരിയാണോടാ..”

“മാലതി വേണ്ട അവനിങ് വന്നില്ലേ ഒന്നും സംഭവിച്ചില്ലല്ലോ..”

ഇതിലിപ്പോ എന്താ ഇത്ര പറയാൻ എന്ന രമേശേട്ടന്റെ ഒഴിഞ്ഞു മാറ്റം കണ്ട് മാലതിക്ക് അതിശയം തോന്നി

“എന്റെ രമേശേട്ടാ അറിവില്ലായ്മ കൊണ്ടാണെങ്കിൽ പോട്ടേന്ന് വയ്ക്കാം ഇതിപ്പോ വയസ് പത്തൊൻപ്പതായി..

ഞാൻ പറയുമ്പോ എല്ലാർക്കും കുറ്റവാ പോലീസ് പിടിച്ചു ഫൈനും അടച്ചു അതല്ലെങ്കിൽ ലോക്കപ്പിൽ ഇട്ട് രണ്ടടിയും കൊടുത്തിരുന്നെങ്കിലോ..?”

ഇത്രയും നാള് ലോക്ക്ഡൗണും കൊറോണയും മൂലമാ ബാക്കിയുള്ളോൻറെ സമാധാനം പോയത് ഇപ്പൊ..

ഉള്ളിലുള്ള അമർഷം തീരാതെ അവൾ മകന്റെ കയ്യിലിരുന്ന സ്മാർട്ട്‌ ഫോൺ പിടിച്ചു വാങ്ങി..

ഈ ഫോൺ കാരണം ആണല്ലോ നീയിങ്ങനെ അശ്രദ്ധമായി നടക്കുന്നത്.. ഇതിനി എന്റെ കയ്യിൽ ഇരിക്കട്ടെ . ക്ലാസ്സ്‌ ഉള്ളപ്പോൾ മാത്രമെ നിനക്കിനി ഇത് കിട്ടു.. നിന്നെ ഒരു പാഠം പഠിപ്പിക്കാൻ പറ്റുമോയെന്ന് ഞാനൊന്ന് നോക്കട്ടെ..” അതും പറഞ്ഞു മാലതി തന്റെ അടുക്കളകാര്യങ്ങളിലേയ്ക്ക് കടന്നു

ഇതിലൊന്നും ഇടപെടാൻ തനിക്ക് വയ്യേ എന്ന ഭാവത്തിൽ രമേശന്റെ പോക്കും കൂടി ആയതോടെ ഗോപി ഇനി എന്ത് ചെയ്യും എന്ന ഭാവത്തിൽ ആ കട്ടിളപടിയിൽ തളർന്നിരുന്നു..

രചന :Rosily joseph