രചന: Santhosh Appukuttan
“നാടടച്ചു വിളിച്ച് വിവാഹം നമ്മൾക്ക് പിന്നെ നടത്താം – പ്പോ ന്റെ കുട്ടീ ഈ വിളക്കും പിടിച്ച് കയറ്”
ഏഴു തിരിയിട്ട ആ നിലവിളക്കിലേക്കും, ഐശ്വര്യം നിറഞ്ഞ ആ അമ്മയുടെ മുഖത്തേക്കും അവൾ മാറി മാറി നോക്കി.
തൊട്ടടുത്ത് പുഞ്ചിരിച്ചു നിൽക്കുന്ന അരുൺ സമ്മതത്തോടെ തലയാട്ടി.
എന്റീശോയേ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോയെന്ന് മന്ത്രിച്ചു കൊണ്ട്, ആനി ആ വലിയ വീടിനെ മൊത്തമൊന്നു നോക്കി.
പുറത്ത് അതുവരെ ചാറികൊണ്ടിരുന്ന മഴ പൊടുന്നനെ പേമാരിയായി മാറിയത് അവളറിഞ്ഞു.
മഴയെ നോക്കി അരുൺ പുഞ്ചിരിക്കുന്നത് കണ്ട് അവളൊന്നും മനസ്സിലാകാതെ നിന്നു.
ശക്തിയോടെ വരുന്ന കാറ്റ്, തിരിദീപത്തെ തൊട്ടുലക്കുനത് കണ്ട ആനിയുടെ ‘കൈ അറിയാതെ നിലവിളക്കിനു നേരെ നീണ്ടു.
പുഞ്ചിരിയോടെ ലക്ഷ്മിയമ്മ-നിലവിളക്ക് അവളുടെ കൈയിൽ കൊടുത്തു.
മഴയൊരു നിമിഷം നിലച്ചതു പോലെ!
വീശി കൊണ്ടിരുന്ന കാറ്റും എങ്ങോ പോയ് മറഞ്ഞു.
നിറഞ്ഞു കത്തുന്ന നിലവിളക്കിന്റെ ശോഭയിൽ ആനിയുടെ മുഖം തിളങ്ങി.
” ഇനി കുട്ടിയാണ് ഈ വീടിന്റെ നാഥ ”
വിളക്കും കൊണ്ട് വീടിനകത്തേക്ക് നടന്ന ആനി ലക്ഷ്മിയമ്മയുടെ വാക്ക് കേട്ടപ്പോൾ, വിറച്ചുകൊണ്ട് ഗ്രാനൈറ്റ് ഫ്ലോറിലേക്ക് വീഴാൻ പോയി.
അരുണിന്റെ കൈത്തലം പൊടുന്നനെ അവളുടെ അരക്കെട്ടിൽ പതിഞ്ഞപ്പോൾ, അവൾക്ക് ഇക്കിളി കൂടി.
നിലവിളക്കും പിടിച്ച് ഇക്കിളിയിൽ തെന്നി തെറിക്കുന്ന ആനിയെ കണ്ടപ്പോൾ, ലക്ഷ്മിയമ്മയ്ക്ക് ചിരി പൊട്ടി.
“മോൻ വിട്ടോ- ആനിക്കുട്ടി വീഴില്ല ”
അരുൺ അവളുടെ അരക്കെട്ടിൽ നിന്ന് കൈയ്യെടുത്തപ്പോൾ, നന്ദിസൂചകമായി അവൾ അവനെ നോക്കി ചിരിച്ചു.
പുതുമഴ പെയ്യുന്ന പോലെയുള്ള ആ ചിരി അവൻ കണ്ണിമയ്ക്കാതെ നോക്കി നിന്നു.
ഓശാന പെരുന്നാളിന്, കുരുത്തോലയും പിടിച്ച് നഗരം പ്രദക്ഷിണം ചെയ്യുമ്പോൾ, അന്ന് ആനി യിൽ കണ്ട അതേ പുഞ്ചിരി.
“മോൾ മുകളിലേക്ക് പൊയ്ക്കോ! ഞാൻ ഇവന്റെ അച്ഛന് ഒന്നു ഫോൺ ചെയ്യട്ടെ!”
“അല്ല അമ്മേ – ആനിയ്ക്ക് ഉടുക്കാൻ ഡ്രസ്സ് എടുക്കണം ഞങ്ങൾ ടൗണിലേക്ക് പോയിട്ട് ഒരു മണിക്കൂറിനുള്ളിൽ വരാം ”
” എന്നാൽ മക്കൾ പൊയ് വാ ”
അമ്മയുടെ സമ്മതം കിട്ടിയപ്പോൾ ആനിയെയും പിടിച്ചു അരുൺ പുറത്തേക്കിറങ്ങി.
ബൈക്കിനു പകരം ഈ പ്രാവശ്യം അരുൺ കാർ ആണ് എടുത്തത്.
ആ വലിയ വീടിന്റെ ഗേറ്റും കടന്ന് കാർ പുറത്തേക്ക് കുതിക്കുമ്പോഴും, ആനി ഏതോ സ്വപ്ന ലോകത്തായിരുന്നു.
ഇന്ന് രാവിലെ തുടങ്ങിയ സംഭവങ്ങൾ അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു.
കള്ളവാറ്റ്ക്കാരനായ ആന്റണിക്ക് തന്നെ വിവാഹം കഴിച്ചു കൊടുക്കാൻ അപ്പൻ സമ്മതം ചോദിച്ചപ്പോൾ, പറ്റില്ലെന്നു പറഞ്ഞു.
അതോടെ ഒന്നും രണ്ടും പറഞ്ഞ് വാക്ക് മൂത്ത് വക്കാണമായപ്പോൾ, വീട്ടിൽ നിന്നിറങ്ങിയതാണ്.
അപ്പനെ പറഞ്ഞിട്ടു കാര്യമില്ല: തന്റെ ഇളയതുങ്ങൾ രണ്ടും തന്നേക്കാൾ പൊക്കം വെച്ചിരിക്കുന്നു.
ലേഡീസ് സ്റ്റോറിൽ ജോലി ചെയ്യുന്ന തന്റെ ശംബളം കൊണ്ട്, വീട്ടിലെ ചിലവ് നടക്കില്ലായെന്ന് മനസ്സിലായപ്പോൾ, രണ്ടാമത്തെവൾ റീജ ലോണെടുത്ത് ഒരു തയ്യൽ മെഷിൻ വാങ്ങിച്ചിട്ടു.
താഴെയുള്ളവൾ, മറിയയ്ക്ക് അണിഞ്ഞൊരുങ്ങി തീർന്നിട്ട് കോളേജിലേക്ക് പോകാൻ തന്നെ സമയം കിട്ടുന്നില്ല.
അത് അങ്ങിനെയൊരു സുന്ദരി കോത!
” എന്താഡോ ചിരിക്കുന്നത്?”
അരുൺ ആരോടാണ് ചോദിക്കുന്നതെന്ന് ഓർത്ത് ആനി കണ്ണ് തുറന്നപ്പോൾ, തന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന അരുണിനെയാണ് കണ്ടത് .
“താൻ എന്തോ ഓർത്ത് ചിരിച്ചപ്പോൾ, എവിടെയോ കണ്ടു മറന്ന ഏതോ ഒരു സുന്ദരിപോലെ – ആ വലിയ പിടയ്ക്കുന്ന കണ്ണുകൾ, നീണ്ട മൂക്ക് ”
പൊടുന്നനെ ആകാശ ചെരുവിൽ ഇടിവെട്ടി.
കാർമേഘങ്ങളിൽ കാറ്റൂതി.
തുള്ളിക്കൊരു കുടമായ് മഴ, മണ്ണിലേക്ക് പെയ്തിറങ്ങി.
മഴനൂലുകൾ ആനിയുടെ വെളുത്ത മുഖത്ത് കെട്ടുപിണഞ്ഞു.
അവൾ വിൻഡോ ഗ്ലാസ്സ് ഉയർത്താൻ ശ്രമിച്ചതും, അരുൺ തടഞ്ഞു.
” വേണ്ട ആനി -മഴയ്ക്ക് നിന്നോടുള്ള പ്രണയം കൊണ്ടാണ്, നിന്റെ മുഖത്ത് തുള്ളികളായ് വീഴുന്നത്!”
അവളുടെ വിറയ്ക്കുന്ന ചെഞ്ചുണ്ടിൽ അവൻ പതിയെ വിരലോടിച്ചു.
മുന്നിൽ നീണ്ടു കിടക്കുന്ന വാഹന നിരകളിലായിരുന്നു ആനിയുടെ മിഴികൾ:
അപ്പനും അനിയത്തിമാരും തന്നെ കാണാതെ വിഷമിക്കുന്നുണ്ടാവുമോ?
അതോ താൻ കൂട്ടുക്കാരി ഷേർളിയുടെ വീട്ടിൽ പോയിട്ടുണ്ടാവുമെന്ന് ഓർത്ത് ആശ്വസിക്കുമോ?
ഓരോന്ന് ഓർത്തപ്പോൾ ആനിയുടെ ചങ്ക് നീറി.
ആൻറണി ഇപ്പോൾ അപ്പനുള്ള കുപ്പിയും, താറാവും ആയി വന്നിട്ടുണ്ടാകും.
താറാവ് കറിയുണ്ടാക്കാൻ അനിയത്തിമാർ വല്ലാതെ കഷ്ടപ്പെടും!
ഇതുവരെ താൻ അവരെ അടുക്കളയിൽ കയറ്റിയിട്ടില്ല.
കുടിച്ചു കഴിഞ്ഞാൽ പിന്നെ അപ്പച്ചനു ബോധമുണ്ടാവില്ല.
കറി കിട്ടിയില്ലായെന്നും പറഞ്ഞ് ആൻറണിയുടെ മുന്നിൽ വെച്ച് അനിയത്തിമാരെ ചീത്ത പറയും.
കണ്ണീരൊലിപ്പിച്ചു നിൽക്കുന്ന അനിയത്തിമാരുടെ രൂപം മനസ്സിലുയർന്നപ്പോൾ ആനിയുടെ കണ്ണ് നിറഞ്ഞു.
തന്റെ കവിളിൽ അരുണിന്റെ സ്പർശനമേറ്റപ്പോൾ ,ആനി ചിന്തകളിൽ നിന്നുണർന്നു.
” ഇനി ഈ ഭംഗിയുള്ള മിഴികൾ നനയരുത്. ഒരുപാട് കരഞ്ഞതല്ലേ ആനീ? ”
ആർദ്രമായ അരുണിന്റെ വാക്ക് കേട്ടപ്പോൾ, അമ്പരപ്പോടെ അവൾ അയാളെ നോക്കി.
” ഞാൻ കരയുന്നത് അരുൺ മുൻപ് കണ്ടിട്ടുണ്ടോ?”
ആനിയുടെ ചോദ്യം കേട്ടപ്പോൾ, അരുൺ പതിയെ തലകുലുക്കി.
” ഞാൻ എന്നും ശ്രദ്ധിക്കാറുണ്ട് ആനിയെ! അപ്പോഴൊക്കെ കരഞ്ഞ് കൺമഷി കലങ്ങിയ കണ്ണു കളായിരുന്നു ആനിയുടെത്.i
അതൊരു പുതിയ അറിവായിരുന്നില്ല ആനിയ്ക്ക്.
തന്നെ കടന്നു പോകുന്ന ബൈക്കിലിരുന്നു തന്നെ തിരിഞ്ഞു നോക്കുന്നത് കാണുമ്പോൾ ….
ലേഡീസ് സ്റ്റോറിൽ വന്ന് കുന്നോളം സാധനങ്ങൾ വാങ്ങിക്കുമ്പോൾ തരുന്ന പുഞ്ചിരിയിൽ ….
നേരം വൈകിയ സമയത്ത് ബസ് സ്റ്റോപ്പിൽ ഒറ്റപ്പെടുമ്പോൾ, ഓരത്തായി ഓരോ സിഗററ്റുകളും പുകച്ചു തള്ളിക്കൊണ്ട് നിൽക്കുന്നത്, തനിക്ക് വേണ്ടിയാണെന്ന തിരിച്ചറിവിൽ….
അവൻ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായി!
അത് ഹൃദയം കൊണ്ടാണെന്നും, മനസ്സുകൊണ്ടാണെന്നും തിരിച്ചറിഞ്ഞില്ല
പെൺക്കുട്ടികളുടെ മനസ്സ് കീഴടക്കാൻ പതിനെട്ടടവും കാണിക്കുനവരിൽ ഒരുവനായിട്ടേ കണക്കുകൂട്ടിയുള്ളൂ.
ഒരിക്കൽ പ്രേമാഭ്യർത്ഥന നടത്തിയപ്പോൾ താൻ നിരസിച്ചതുമാണ്.
ഇന്ന് അപ്പനോടും, ആന്റണിയോടുമുള്ള വാശിയ്ക്ക് വീട് വിട്ടിറങ്ങുമ്പോൾ, ലക്ഷ്യം ഷേർളിയുടെ വീടായിരുന്നു.
കരഞ്ഞു കൊണ്ടു നടന്നിരുന്ന തന്റെ മുൻവശത്ത് നിന്ന് അരുണിന്റെ ബൈക്ക് വരുന്നത് കണ്ടപ്പോൾ കൈ കാണിച്ചു നിർത്തി .
” നിനക്ക് എന്നോട് പ്രേമമാണെങ്കിൽ എവിടേക്കെങ്കിലും കൊണ്ടു പോ”
പറഞ്ഞു തീർന്നതും, ബൈക്കിന്റെ പിറകിൽ കയറിയിരുന്നു.
അരുൺ മറുത്തൊന്നും പറയാതെ ബൈക്ക് ഓടിച്ചു പോയപ്പോഴും, നേരെ വീട്ടിലേക്ക് കൊണ്ടു പോകുമെന്നറിഞ്ഞില്ല.
എന്നെ കണ്ടതും ദാ ഓടി വരണ് തിരിയിട്ടു കത്തിച്ച നിലവിളക്കുമായി ഐശ്വര്യം മനുഷ്യരൂപം പൂണ്ട അമ്മ.
ദിപ്പോ സ്വപ്നമൊന്നും അല്ലല്ലോ എന്റീശോയേ….
സ്വപ്നമല്ല…
ആണെങ്കിൽ തങ്ങളുടെ കാറിപ്പോൾ സ്വരാജ് റൗണ്ടിലേക്കെത്തില്ലായിരുന്നു.
വടക്കുംനാഥന്റെ, മുന്നിലുള്ള ചെറിയഗണപതി ക്ഷേത്രത്തിനുള്ളിൽ വിളക്കുതെളിഞ്ഞു നിൽക്കുന്നത് കാണില്ലായിരുന്നു.
ഇനി ആ അമ്മയ്ക്കും, മകനും വല്ല ബുദ്ധിക്ക് സ്ഥിരതയില്ലായ്മ ?
ആനി അരുണിനെ പാളി നോക്കി.
“നമ്മക്കൊരു തണുത്ത നാരങ്ങ വെള്ളം കാച്ചിയാലോ?”
അരുണിന്റെ ചോദ്യം കേട്ടതും ആനി പതിയെ തലയാട്ടി.
ഈ കോരിച്ചൊരിയുന്ന മഴയത്ത് തണുത്ത നാരങ്ങ വെള്ളം ?അസ്സല്!
വെറുതെയെല്ല പുറത്തു പെയ്യുന്ന മഴ, മുഴുവൻ തന്റെ മുഖത്ത് കൊള്ളിപ്പിച്ചിരുന്നത്!
“മഴയും, പ്രണയവും ഭ്രാന്താണെങ്കിൽ, ആ ഭ്രാന്ത് എനിക്ക് ഇത്തിരി കൂടുതലാണ് ആനീ ”
തന്റെ മനസ്സ് വായിച്ചറിഞ്ഞതുപോലെ അരുൺ അത് പറഞ്ഞപ്പോൾ ആനി ശരിക്കും പകച്ചു.
റൗണ്ടിലുള്ള പാർക്കിങ്ങ് ഏരിയയിലേക്ക് കാർ കുത്തി കയറ്റി, എതിർവശത്തു കണ്ട വസ്ത്രവ്യാപാരശാലയിലേക്ക് ആനിയുടെ കൈയും പിടിച്ച് നടക്കുമ്പോൾ, അവർ ശരിക്കും നനഞ്ഞൊട്ടിയിരുന്നു.
മഴവെള്ളത്തിൽ ആരെങ്കിലും അരുണിന് കൈവിഷം കൊടുത്തിട്ടുണ്ടാകുമോയെന്ന് സന്ദേഹിച്ചു കൊണ്ട്, അവൾ അവന്റെ കൈയ്യും പിടിച്ച്, വസ്ത്രാലയത്തിന്റെ അകത്തേക്കു കടന്നു.
“ഹായ് അരുൺ ” മാനേജർ എന്നു തോന്നിക്കുന്ന ഒരാൾ, കൈയിൽ ഒരു ടർക്കിയുമായി അവനരികിലേക്ക് വന്നു.
ആ ടർക്കി വാങ്ങി സ്വന്തം തലതുവർത്താതെ, ആനിയുടെ തലതുവർത്തിയപ്പോൾ, മാനേജർ അന്തം വിട്ടുനിന്നു
കൂടെ സെയിൽസ്ഗേൾസും.
ആനിയുടെ വിടർന്ന മിഴികളിൽ സന്തോഷാശ്രു പൊടിഞ്ഞു.
“ഋഷ്യശൃംഗന്റെ തപസ്സ് മുടങ്ങിയോ?”
മാനേജർ ചിരിയോടെ അത് ചോദിച്ചപ്പോൾ, അരുൺ ലജ്ജയോടെ ആനിയെ നോക്കി കണ്ണിറുക്കി.
” വിവാഹമൊന്നും വേണ്ടായെന്നു പറഞ്ഞു നടന്ന കക്ഷിയാ. ദെങ്ങിനെ വീണു?”
മാനേജർ വിടാൻ ഭാവമില്ലെന്നു കണ്ട അരുൺ, ആനിയെയും പിടിച്ച് മുകൾനിലയിലെ ലേഡീസ് ഐറ്റംസിലേക്ക് നടന്നു.
“അളവും മറ്റും എനിക്ക് അറിയില്ലട്ടാ ”
അരുൺ കാതിൽ പതിയെ മന്ത്രിച്ചപ്പോൾ, ആനിയുടെ മുഖം ലജ്ജയിൽ ചുവന്നു.
അവളുടെ കൂർത്ത നഖം അവന്റെ കൈത്തണ്ടയിൽ പതിയെ കുത്തിയിറങ്ങി.
ഇന്നർ വെയറിന്റെ കാര്യം ആനിയെ ഏൽപ്പിച്ചിട്ട് ചുരിദാർ, സാരീസ് എന്നിവ അരുൺ സെലക്ട് ചെയ്തു തുടങ്ങി.
നാലു കൈകളിൽ പിടിച്ച കവറുകളിലായി വസ്ത്രങ്ങൾ കുത്തിനിറച്ച് അവർ, അവിടെ നിന്ന് പുറത്ത് കടന്നു.
മഴ തകർത്തു പെയ്യുകയായിരുന്നു പുറത്ത്.
കവറുകളെല്ലാം മാറോട് ചേർത്തു, വണ്ടി പാർക്ക് ചെയ്തിടത്തേക്ക് അവർ ഓടി.
മഴയിൽ കുതിർന്ന റൗണ്ടിലൂടെ, നിരനിരയായി പോകുന്ന വാഹനങ്ങൾക്കിടയിലൂടെ അവരുടെ കാറും പതിയെയുരുണ്ടു.
“അവിടെ വെച്ചാണ് ഞാനാദ്യമായി ആനിയെ കാണുന്നത്?”
റോഡിന്റെ സൈഡിലേക്ക് കൈ ചൂണ്ടി അവൻ പറയുമ്പോൾ, ആ കണ്ണുകളിലെ തിളക്കം ആനി കണ്ടു.
” അന്നും ഇതുപോലെ കാലം തെറ്റി വന്ന ഒരു മഴ വന്നിരുന്നു. മഴ തുള്ളി വീണു ചിതറുന്ന വെള്ള നിറത്തിലുള്ള കുടയ്ക്കു താഴെ, കുരുത്തോലയും പിടിച്ചു നടക്കുന്ന ആനിയുടെ രൂപം ഇപ്പോഴും മായാതെ മനസ്സിലുണ്ട്”
ഡ്രൈവിങ്ങ് ചെയ്യുന്ന അരുണിനെ സാകൂതം നോക്കിയിരുന്നു ആനി.
” അന്ന് പിന്നിൽ നടക്കുന്ന പെണ്ണിനോട് എന്തോ പറയാൻ നീ തിരിഞ്ഞപ്പോൾ, അന്നാദ്യമായി നിന്റെ വിടർന്ന മിഴികളിൽ എന്നെ കണ്ടു ഞാൻ °
പിന്നിടുള്ള ദിവസങ്ങൾ, കാന്തസ്പർശത്തിന്റെ മിഴിയുള്ള പെണ്ണിനെയും തേടി നടക്കലായിരുന്നു എന്റെ ജോലി…
ദിവസങ്ങളിലെ അലച്ചിലിനൊടുവിൽ ആണ് നീ ജോലി ചെയ്യുന്ന ലേഡീസ് സ്റ്റോർ കണ്ടെത്തിയത്!
ഫ്രണ്ട് ഗ്ലാസ്സിൽ നീങ്ങുന്ന വൈപ്പറിനെയും ശ്രദ്ധിച്ചിരുന്ന ആനിയുടെ കൈ പതിയെ അവന്റെ തോളിൽ വിശ്രമിച്ചു.
ജീവിതം സ്വർഗ്ഗത്തിലൂടെ ഒഴുകി നീങ്ങുന്ന ഒരു ഫീൽ അവൾ അനുഭവിക്കുകയായിരുന്നു.
അരുണിന്റെ വീട്ടിലെത്തിയപ്പോഴെക്കും, അമ്മ ഓടി വന്ന് മൊബൈൽ ആനിയുടെ കൈയ്യിൽ കൊടുത്തു.
“അരുണിന്റെ അച്ഛനാണ്. ദുബായിൽ നിന്ന് ”
വിറയലോടെ അവൾ മൊബൈൽ ചെവിയോരം ചേർത്തു.
അവൾ മൂളുന്നതും, മുരളുന്നതും, കണ്ണിണകൾ ചിമ്മുന്നതും, ഇടക്കൊരു നാണത്തിൽ കുതിർന്ന പുഞ്ചിരി ആ ചുണ്ടിൽ തെളിയുന്നതും നോക്കി കുസൃതിയോടെ അരുൺ നിന്നു.
അവൾ പതിയെ ലക്ഷ്മിയുടെ അടുത്തേക്ക് നടന്നു മൊബൈൽ കൊടുത്തു.
” അച്ഛൻ പറഞ്ഞത് ഇന്നു തന്നെ റജിസ്ട്രർ മാര്യേജ് ചെയ്യണമെന്നാണ്.വിവാഹം അച്ചൻ വന്നിട്ട് അടിപൊളിയായി നടത്താമെന്ന് ”
ആനിയെ ചേർത്തു നിർത്തി തലമുടിയിൽ തഴുകി ലക്ഷ്മി
“അമ്മാ റജിസ്ട്രർ ആഫീസിലേക്ക് പോകുമ്പോൾ, അപ്പനും അനിയത്തിമാരും വേണം”
നനഞ്ഞ കണ്ണുകളോടെ ആനിയത് പറഞ്ഞപ്പോൾ, ആ മൂർദ്ധാവിൽ ഉമ്മ വെച്ചു ലക്ഷ്മി.
” ഞങ്ങൾ ഇവിടെയുണ്ട് മോളെ ”
അപ്പന്റെ സ്വരം കേട്ടപ്പോൾ അമ്പരപ്പോടെ നോക്കിയ അവൾ, പുതുവസ്ത്രത്തിൽ നിൽക്കുന്ന അപ്പനെയും, അനിയത്തിമാരെയും കണ്ട് ലക്ഷ്മിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
” ന്റെ മോൾ അടുക്കളയിലേക്ക് വാ, അമ്മ കുറച്ച് കാര്യങ്ങൾ പഠിപ്പിച്ചു തരാം”
ആനിയുടെ തോളിൽ കൈയിട്ടുക്കൊണ്ട് ലക്ഷ്മി അവളെ കിച്ചണിലേക്ക് ആനയിക്കുമ്പോൾ, ആനിയുടെ അപ്പന്റെ കണ്ണ് നിറഞ്ഞു.
അയാൾ ഒരു നിമിഷം ആനിയുടെ അമ്മയെ ഓർത്തു പോയി.
” മോൾ സന്തോഷത്തോടെ അല്ലേ അരുണിന്റെ ഒപ്പം പോന്നത്?”
കിച്ചണിലെത്തിയതും, പൊടുന്നനെ ലക്ഷ്മി ചിരിയോടെ ചോദിച്ച പ്പോൾ ആനി നാണത്തോടെ തലയാട്ടി.
ലക്ഷ്മി ഒരു ഗ്ലാസ്സ് മുന്തിരി ജ്യൂസ് ആനിക്ക് കൊടുത്തു.
” അവൻ ഒരു പ്രത്യേകതരം ടൈപ്പാണ് മോളെ – ഈ നാട് വിട്ട് ഒരിടത്തും പോകാൻ ഇഷ്ടമില്ലാത്തവൻ.എൻജിനീയറിങ്ങ് കോഴ്സ് പൂർത്തിയാക്കാതെ, സിനിമാ ലോകത്തേക്ക് കടന്നു.അവിടെ പച്ചപിടിച്ചോ അതും ഇല്ല”
ഒരിറക്ക് ജ്യൂസ് കുടിച്ച് ആനി അമ്മയെ തന്നെ നോക്കി നിന്നു.
“പിന്നെ കതകടച്ചിരുന്ന് എഴുത്തും, വായനയും തന്നെ! ഞങ്ങളൊഴിച്ച് ആരും അവന്റെ മുറിയിലേക്ക് കടക്കുന്നത് അവനിഷ്ടമില്ല, ഒരിക്കൽ എന്റെ ആങ്ങളയുടെ മോൾ റൂമിൽ കടന്നെന്നും പറഞ്ഞ് അവൻ ഉണ്ടാക്കിയ പുകിൽ വളരെ വലുതായിരുന്നു. അതിൽ പിന്നെ അവൾ ഇങ്ങോട്ടേക്ക് വന്നിട്ടില്ല” ‘
അന്തിച്ച് കുന്തം പോലെ നിൽക്കുന്ന ആനിയെ അടുത്ത് കണ്ട കസേരയിലിരുത്തി ലക്ഷ്മി,
” പക്ഷേ മോളെ അവന് ജീവനാണ്. ആദ്യമായി മോളെ കണ്ട ദിവസം അവൻ വല്ലാത്ത സന്തോഷത്തിലായിരുന്നു. എനിക്കുള്ള പെണ്ണിനെ ഞാൻ കണ്ടെത്തി അമ്മേ എന്നു പറഞ്ഞ് ,അടുക്കളയിൽ വന്ന് ഒരുപാട് സഹായിച്ചു എന്നെ ”
“വിവാഹത്തിന് അമ്പിനും വില്ലിനും അടുക്കാത്തവൻ അത് പറഞ്ഞപ്പോൾ, ഞങ്ങൾ സന്തോഷിച്ചു.
“ഞാൻ നിർബന്ധിച്ചിട്ടാണ് മോളോട് ഒരിക്കൽ അവൻ സ്നേഹം തുറന്ന് പറഞ്ഞത്. പക്ഷേ മോൾ നിഷേധിച്ചപ്പോൾ അവന് വല്ലാത്ത വിഷമമായി ”
കണ്ണിലെന്തോ കരട് വീണതുപോലെ തോന്നി ആനിയ്ക്ക്.
അവൾ എഴുന്നേറ്റ് ചെന്ന് വാഷ് ബെയ്സിൽ മുഖം കഴുകി .
കണ്ണാടിയിലെ പ്രതിബിംബത്തിൽ, തന്റെ വിടർന്ന മിഴികളിലിരുന്നു അരുൺ പുഞ്ചിരിക്കുന്നതു പോലെ!
പലവട്ടം അവൾ കുട്ടികളെ പോലെ കണ്ണടക്കുകയും, തുറക്കുകയും ചെയ്തു.
“ഇവിടെ നിന്ന് കഥകളി കാണിക്കാതെ പുറത്തേക്ക് വാ!റജിസ്റ്റർ ആഫീസിൽ പോകേണ്ട നമ്മൾക്ക്?”
പിന്നിൽ നിന്ന് പറഞ്ഞതും കവിളിലൊരു ചുണ്ടമർന്നതും കോരിത്തരിപ്പോടെ അറിഞ്ഞു ആനി.
അരുണിന്റെ കൈയ്യും പിടിച്ച് പുറത്തക്ക് നടക്കുമ്പോൾ, ആനിയുടെ കവിൾ വല്ലാതെ ചുവന്നിരുന്നു.
റജിസ്ട്രർ ആഫീസിലെ നടപടിക്രമങ്ങളും കഴിഞ്ഞ് വീട്ടിലെത്തുമ്പോഴും, മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു..
കൂട്ടുക്കാർക്ക് ട്രീറ്റ് ചെയ്തിട്ട് പെട്ടെന്ന് വരാമെന്ന് ആനിയോട് പറഞ്ഞ് അരുൺ കാറുമെടുത്ത് പുറത്തേക്ക് പോയി.
മുകൾ നിലയിലെ വിശാലമായ ബെഡ് റൂമിലേക്ക് കയറി ചെല്ലുമ്പോൾ, ആനി ഒന്നു വിറച്ചു.
എത്ര നീറ്റായി സൂക്ഷിച്ചിരിക്കുന്നു!
ആർക്കും പ്രവേശനമില്ലാത്തയിടത്തേക്ക് റാണിയായി താൻ!
അതോർത്തപ്പോൾ അവളിലൂടെ ഒരു കോരിത്തരിപ്പ് കടന്നു പോയി!
വെള്ളവിരിയുള്ള ആ വലിയ ബെഡ്ഡിൽ അവൾ മലർന്നുകിടന്നു.
അപ്പോഴാണവൾ,ടേബിളിൽ, ബെഡ് ലാംപിന്റെ അരികിൽ നീല ബൈൻഡുള്ള ഡയറി കണ്ടത്!
ടേബിൾഫാനിന്റെ കാറ്റ് കൊണ്ട് ഡയറിയുടെ താളുകൾ മറിയുന്നുണ്ടായിരുന്നു.
അവൾ ആ ഡയറിയിലേക്ക് സൂക്ഷിച്ചു നോക്കി.
ദിവസവും,തിയ്യതിയും മാസവും, വർഷവും എല്ലാം കറുത്ത ചായം കൊണ്ട് മറച്ച ആ ഡയറി അവൾക്ക് കൗതുകമായി തോന്നി,
അവൾ ടേബിൾഫാൻ ഓഫ് ചെയ്തു.
പറന്നു കൊണ്ടിരുന്ന ഡയറിയിലെ ഇതളുകൾ നിശ്ചലമായി.
തുറന്നിരിക്കുന്ന ഭാഗത്തേക്ക് അവൾ കണ്ണോടിച്ചു.
“ഇന്നന്റെ ജീവിതത്തിലെ ഒരു പ്രത്യേക ദിവസമാണ് . ഇന്നാണ് ഞാൻ തേടി നടന്നിരുന്ന എന്റെ ക്ലാരയെ ഞാൻ കണ്ടത്.
ഈ കണ്ടുമുട്ടലിനെ ഒരു ദിവസത്തിലോ, തിയ്യതിയിലോ, മാസത്തിലോ, വർഷത്തിലോ ഉൾപ്പെടുത്താൻ കഴിയില്ല!
കാരണം എന്നിൽ പ്രണയിക്കണമെന്ന വികാരം മൊട്ടിട്ടക്കാലം മുതൽ മനസ്സിൽ കുറിച്ച ചിത്രമാണ് ക്ലാരയുടേത് !
അത് എപ്പോഴാണെന്ന് എനിക്ക് ഓർമ്മയില്ല.
ഞാൻ പ്രണയിക്കുന്ന പെണ്ണിനെ ക്ലാരയെന്ന് വിളിക്കണമെന്നും, അവളെ മരണത്തിലല്ലാതെ വേർപിരിയില്ലെന്നും എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു ഞാൻ.
മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ച ക്ലാരയുടെ പ്രണയം ആകാം!
എല്ലാം അറിഞ്ഞിട്ടും തിരിച്ചു നടന്ന ജയകൃഷ്ണന്റെ നിസ്സംഗതയാകാം!
അതെന്തായാലും, വേനൽമഴ പെയ്തൊരു ദിവസം, ഒരു വെളുത്ത കുടക്കീഴിനു താഴെ വിടർന്ന കണ്ണുകളുള്ള എന്റെ ക്ലാരയെ കണ്ടെത്തി ഞാൻ!
കുരുത്തോലയും കൈയിൽ പിടിച്ച് അവൾ എന്റെ ഹൃദയത്തിലേക്ക് കയറി വരുമ്പോഴും ഒരു നിമിത്തമെന്നോണം വേനൽമഴ നിറഞ്ഞു പെയ്യുന്നുണ്ടായിരുന്നു ”
പൊടുന്നനെ ഭൂമിയെ കുലുക്കിക്കൊണ്ട് ഇടിവെട്ടി!
പുറത്ത് ഏതോ വൻമരങ്ങൾ നിലംപതിക്കുന്ന ശബ്ദം.
ആനി ഡയറി മടക്കി വെച്ച് നിറഞ്ഞു വന്ന മിഴികൾ തുടച്ച് ബാൽക്കണിയിലേക്ക് നടന്നു.
പുറത്ത് മഴ അതിന്റെ രൗദ്രഭാവം പൂണ്ടു തുടങ്ങിയിരുന്നു.
വീശിയടിക്കുന്ന കാറ്റിന്റെ ശക്തിയാൽ, വൃക്ഷ ശിഖരങ്ങൾ മഴവില്ല് പോലെ വളയുന്നു.
വൃക്ഷലതാദികളെ നനച്ചു കൊണ്ട് പെയ്തിറങ്ങുന്ന മഴയെ നോക്കി അവൾ പുഞ്ചിരിച്ചു.
അവളുടെ മുഖത്ത് മഴത്തുള്ളികൾ പാറി വീണു കൊണ്ടിരുന്നു.
പിന്നിൽ നിന്ന് പൂണ്ടടക്കം പിടിച്ച അരുണിന്റെ ശ്വാസത്തിലെ ചൂട് അവൾ തിരിച്ചറിഞ്ഞു.
വിറയ്ക്കുന്ന ചുണ്ടുകളോടെ അവൾ തിരിഞ്ഞതും, ആ ചുണ്ടിനെ കോർത്തെടുത്തു അരുൺ.
കൺമഷി പടർന്ന ആ വലിയ മിഴികൾ പാതിയടയുമ്പോൾ അവൾ പതിയെ മന്ത്രിക്കുന്നുണ്ടായിരുന്നു.
“ഈ ക്ലാര, അരുണിനെ ഉപേക്ഷിച്ച് ഒരിയ്ക്കലും പോകില്ല – മരണത്തിൽ പോലും ”
നെഞ്ചോടമർത്തിപ്പിടിച്ച ആനിയുടെ കൂർത്ത നഖങ്ങൾ, അരുണിന്റെ ശരീരത്തിൽ പോറൽ വീഴ്ത്തിക്കൊണ്ടിരുന്നു.
അവരെ നനച്ചുക്കൊണ്ട് അപ്പോഴും മഴ ശക്തിയോടെ പെയ്യുകയായിരുന്നു.
രചന: Santhosh Appukuttan