Categories
Uncategorized

സ്നേഹമഴ ” ഇന്ന് വിവാഹത്തിന്റെ മുപ്പത്തിയഞ്ചാം വാർഷികമായിരുന്നു, എന്റെയും ലതികയുടെയും, എനിക്കവൾ ലത ആണ്.”

✍️മഹാലക്ഷ്മി മനോജ്

ഇന്ന് വിവാഹത്തിന്റെ മുപ്പത്തിയഞ്ചാം വാർഷികമായിരുന്നു, എന്റെയും ലതികയുടെയും, എനിക്കവൾ ലത ആണ്.

ഞാനും ലതയും തമ്മിൽ കഷ്ടിച്ച് മൂന്ന് വയസ്സിന്റെ വ്യത്യാസമാണുള്ളത്, അവൾക്ക് പതിനേഴും എനിക്ക് ഇരുപതും വയസുള്ളപ്പോഴായിരുന്നു ഞങ്ങളുടെ വിവാഹം.

എന്റെ അച്ഛൻ സർക്കാർ സർവീസിൽ ഉന്നതപദവിയിൽ ഇരിക്കവേയാണ് മരണപ്പെട്ടത്, ആശ്രിതനുള്ള യോഗ്യതക്കനുസരിച്ചുള്ള ജോലി പതിനെട്ടു വയസ്സ് കഴിഞ്ഞയുടനെ തന്നെ എനിക്ക് ലഭിക്കുകയും ചെയ്തു, പിന്നീട് ഡിപ്പാർട്മെന്റൽ ടെസ്റ്റുകളും അല്ലാത്ത ടെസ്റ്റുകളുമൊക്കെ പലതെഴുതി അച്ഛനിരുന്നിരുന്നതിനേക്കാൾ ഉയർന്ന പദവിയിലുമെത്തി, വളരെ ചുരുങ്ങിയ കാലം കൊണ്ട്.

ഒരേയൊരു മകനായത് കൊണ്ടും, നല്ലൊരു ജോലിയുള്ളത് കൊണ്ടും, വീട്ടിൽ മറ്റു പ്രാരാബ്ധങ്ങൾ ഒന്നുമില്ലാതിരുന്നത് കൊണ്ടും അമ്മ എനിക്ക് വേണ്ടി വളരെ നേരത്തെ കല്യാണമാലോചിച്ചു. ആദ്യം കണ്ട പെണ്ണിനെ തന്നെ നിശ്ചയിക്കുകയും ചെയ്തു, എന്റെ ലതയെ.

ഒരു ശൈശവവിവാഹം തന്നെയായിരുന്നു ഞങ്ങളുടേത്. ഈ കാലത്തായിരുന്നു അത് നടന്നിരുന്നതെങ്കിൽ എന്തെല്ലാം പുലിവാലും പൊല്ലാപ്പുമായിരുന്നേനെ എന്നാലോചിച്ചു ഞങ്ങൾ കുറേ ചിരിച്ചിട്ടുണ്ട്.

മഹേന്ദ്രൻ വെഡ്സ് ലതിക എന്നച്ചടിച്ച കല്യാണകാർഡ് ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇംഗ്ലീഷിൽ അച്ചടിച്ച കല്യാണകാർഡുകൾ ആ കാലത്ത് വളരെ വിരളമായിരുന്നു. പുറമേ മാത്രമേ അതിന്റെ നിറം മങ്ങിയുള്ളു, ഞങ്ങളുടെ മനസ്സുകളിൽ അതിന്നും പുതിയത് പോലെയാണ്, കണ്ണടച്ചു മുഖത്തോട് ചേർത്ത് പിടിച്ചാൽ ആദ്യമായി ആ കാർഡ് കൈയിൽ കിട്ടിയപ്പോഴുണ്ടായിരുന്ന മണവും അനുഭവിക്കാൻ കഴിയും.

കുട്ടിത്തം വിട്ടുമാറാത്ത പ്രായത്തിൽ കല്യാണം കഴിച്ചത് കൊണ്ടാകാം ഭർത്താവ്-ഭാര്യ എന്നതിലുപരി ഏറ്റവുമടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. എന്റെ എന്ത് കാര്യവും അവളറിയാതെയോ അവളുടേത് ഞാനറിയാതെയോ കടന്ന് പോയിട്ടേയില്ല. നമ്മുടേത്-നമുക്ക് എന്നല്ലാതെ എന്റെ-എന്റേത് എന്നൊരു വാക്ക് വീട്ടിൽ കേട്ടിട്ടേയില്ല.

ഞങ്ങളുടെ ഒരു കാര്യത്തിലും അമ്മ ഇടപെട്ടതേയില്ല, “നിങ്ങളുടെ ജീവിതം, നിങ്ങള് ജീവിക്കൂ മക്കളെ, എനിക്കതിൽ ഒരു കാര്യവുമില്ല, ജീവിതയാത്രയിൽ ഇടക്കൊന്നു തിരിഞ്ഞു നോക്കിയാൽ മതി അമ്മ നിങ്ങളുടെ പുറകെയുണ്ടോ എന്ന്,” ഇത്‌ മാത്രം പറയുമായിരുന്നു അമ്മ. അത്കൊണ്ട് തന്നെ അമ്മയെ ഞാൻ സ്നേഹിച്ചതിനേക്കാൾ ഭംഗിയായി അവൾ സ്നേഹിച്ചു, പരിചരിച്ചു. അവളുടെ കളങ്കമില്ലാത്ത സ്നേഹത്താൽ മനം നിറഞ്ഞു തന്നെയാണ് അമ്മ കണ്ണുകൾ അടച്ചത്.

പതിനേഴാം വയസ്സിൽ എന്റെയും അമ്മയുടെയും ഹൃദയത്തിലേക്കും, വീട്ടിലേക്കും ഒരുപോലെ വലത്കാൽ വെച്ച് കയറി വന്ന ലതയെ ഞാൻ തുടർന്നു പഠിക്കാൻ അയച്ചു, എം എക്കാരിയാക്കി, ജോലിക്ക് പോകാൻ അവൾക്ക് താല്പര്യമില്ലാതിരുന്നത് കൊണ്ട് മാത്രം അതിനു ശ്രമിച്ചില്ല. ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും, എടിഎം കാർഡ് ഉപയോഗിക്കാനും, ഓൺലൈൻ ബാങ്കിംഗ് വന്നപ്പോൾ അതും, ഡ്രൈവിംഗ് എന്ന് വേണ്ട എന്നെക്കൊണ്ടാവുന്നതെല്ലാം ഞാൻ അവളെ പഠിപ്പിച്ചു. ഒരു വീട് എങ്ങനെ സൂക്ഷിക്കണമെന്നും, പലവിധ പാചകരീതികളും, എങ്ങനെ മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറണമെന്നും, എങ്ങനെ അപ്പുറത്ത് നിൽക്കുന്നയാൾക്ക് മുഷിയാത്ത രീതിയിൽ സംസാരിക്കണമെന്നും, എങ്ങനെ ബന്ധങ്ങൾ നിലനിർത്തണമെന്നുമുള്ള അമൂല്യങ്ങളിൽ അമൂല്യങ്ങളായ ജീവിതപാഠങ്ങൾ അവൾ എന്നെയും പഠിപ്പിച്ചു.

ഞങ്ങളുടെ മകനോടും മകളോടും പഠിച്ചു വലിയ നിലയിലെത്തണം, ഉയർന്ന ജോലിയും ഒരുപാട് പൈസയും സമ്പാദിക്കണം എന്ന് അവൾ ഒരിക്കലും ഉപദേശിച്ചില്ല, മറിച്ച് ഹൃദയവിശാലത ഉള്ളവരായിത്തീരേണം, സഹായമനസ്കതയുള്ളവരാവേണം, ദൈവവിചാരം വേണം പക്ഷെ കർമ്മം ചെയ്യാതെ ഈശ്വരനെ വിളിക്കരുത്, അന്യന്റെ സങ്കടത്തിൽ കൂട്ടാവേണം, ഇതെല്ലാം ഉണ്ടെങ്കിൽ ബാക്കി സമ്പാദ്യങ്ങളെല്ലാം താനേ വന്നുചേരും എന്ന് മാത്രം പറഞ്ഞു, പഠിപ്പിച്ചു. അവർ ഞങ്ങൾ കരുതിയതിലും സഹാനുഭൂതിയുള്ളവരായി, ഉത്തരവാദിത്വമുള്ളവരായി വളർന്നു, ജീവിക്കുന്നു.

ഞങ്ങൾ ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്, വിദേശവും സ്വദേശവും, ഇന്ത്യ മുഴുവനും കണ്ടു. ചിറാപുഞ്ചിയാണ് അവളുടെ ഇഷ്ടസ്ഥലം, കാരണം അവിടത്തെ മഴ, മഴയെന്നാൽ അവൾക്ക് ജീവനാണ്, അവൾക്ക് ജീവനായതെന്തും എനിക്കുമത്രമേൽ പ്രിയം. ഇത്രയും കാലത്തിനിടയ്ക്ക് ഞങ്ങളൊരുമിച്ചു കൊണ്ട മഴയുടെ കണക്കെടുക്കാൻ നോക്കിയാൽ ഈ യുഗം മതിയാകാതെ വരും.

മുപ്പത്തിനാലാമത്തെ വിവാഹവാർഷികം ചെറിയ രീതിയിൽ ആഘോഷിച്ചാൽ മതി, കൂട്ടത്തിൽ അഗതിമന്ദിരത്തിലെ കുട്ടികൾക്ക് സമ്മാനവും, ഭക്ഷണവും കൊടുക്കണമെന്ന് അവൾ പറഞ്ഞപ്പോൾ ഞാനും നിറമനസ്സോടെ സമ്മതിച്ചു, അവിടെയുള്ള രണ്ട് കുട്ടികളുടെ പഠനത്തിനുള്ള ചിലവും വഹിക്കാമെന്നറിയിച്ചു. മുപ്പത്തിയഞ്ചാം വിവാഹവാർഷികം ആഘോഷമാക്കണമെന്ന് മക്കൾ പറഞ്ഞപ്പോഴെല്ലാം അവൾ ചിരിച്ചുകൊണ്ടിരുന്നു.

ആ ചിരി ഇന്നോർക്കുമ്പോൾ തോന്നിപ്പോകുന്നു അവൾക്കറിയാമായിരുന്നു അടുത്ത വാർഷികം ആഘോഷിക്കാൻ അവൾ കാണില്ല എന്ന്, ഞാൻ ഒറ്റക്കാകുമെന്ന്, ഇനിയുള്ള കാലം അവളുടെ ഓർമ്മകളിൽ ഞാൻ ജീവിക്കണമെന്ന്. ഒരുമിച്ചുറങ്ങാൻ കിടന്ന ആറ് മാസങ്ങൾക്കു മുൻപേയുള്ള രാത്രി പുലർന്നതറിഞ്ഞത് ഞാൻ മാത്രം, അവൾ അറിഞ്ഞില്ല, ഉണർന്നില്ല.

ഞാനില്ലാതാകുന്ന കാലത്ത് അവൾക്ക് ജീവിക്കാൻ പ്രയാസമേതുമുണ്ടാകാതിരിക്കാൻ വേണ്ടിയതെല്ലാം ഈ കാലങ്ങളിൽ ഞാൻ ചെയ്തു വെച്ച് കൊണ്ടിരുന്നു, ഒരു കുടുംബം എങ്ങനെ നടത്തിക്കൊണ്ട് പോകണമെന്ന് അവൾ എന്നെയും പഠിപ്പിച്ചുവെങ്കിലും അവളില്ലാതായാലുള്ള ശൂന്യതയും ഇരുട്ടും ഞാൻ എങ്ങനെ നികത്തണമെന്ന് അവൾ പറഞ്ഞില്ല, ആ ശൂന്യതയിലും ഇരുട്ടിലും ഞാനുഴറിക്കൊണ്ടേയിരിക്കുന്നു.

“ഞാൻ മരിക്കുമ്പോൾ മഴയായി വരും, മഹിയേട്ടൻ ആ മഴയത്രയും നിന്ന് കൊള്ളണം,” അങ്ങനെ പറയുമ്പോൾ മാത്രം ഞാനവൾക്ക് ചെറിയ അടി കൊടുക്കുമായിരുന്നു, കാരണം ഞാനായിരിക്കും ആദ്യം പോകുന്നത് അവളല്ല എന്ന് ഞാൻ വൃഥാ ധരിച്ചിരുന്നു, എന്റെ മനസ്സ് വായിച്ചത് പോലെ അവൾ പറയുമായിരുന്നു, “വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടേണ്ട മഹിയേട്ടാ, ഞാൻ സുമംഗലിയായെ മരിക്കുകയുള്ളു”.

വിവാഹസാരിയുടുപ്പിച്ചു അവൾക്കുള്ള ചിതയൊരുക്കുമ്പോൾ ഞാനവളോട് പറഞ്ഞു, “ലതേ നീ മിടുക്കിയാണ്, എത്ര കൃത്യമായി നീ മനസിലാക്കി നീ തന്നെ ആദ്യം പോകുമെന്ന്? ഇത്രയും കാലം കൊണ്ട് നീ എനിക്ക് തന്ന മധുരമുള്ള ഓർമ്മകൾ മാത്രം മതി മുന്നോട്ടുള്ള കാലം എനിക്ക് ജീവിക്കാൻ, എന്നിരുന്നാലും എന്നെയും കൂട്ടമായിരുന്നില്ലേ?, നീ വിളിച്ചാൽ, അത് എവിടേക്കാണെങ്കിലും ഞാൻ വരാതിരുന്നിട്ടുണ്ടോ?”.

അവൾ പോയതിന് ശേഷം പെയ്ത മഴയെല്ലാം ഞാൻ നനഞ്ഞു, അവളിൽ അലിഞ്ഞു, അതായിരുന്നു എന്റെ ഏക സന്തോഷം. ഈ മുപ്പത്തിയഞ്ചാം വിവാഹവാർഷിക വേളയിൽ അവൾക്ക് വരാതിരിക്കാനാകുമോ?, ഇന്ന് പെയ്തതും പെയ്തു കൊണ്ടിരിക്കുന്നതുമായ മഴ മുഴുവനും ഞാൻ നനഞ്ഞു, നനഞ്ഞുകൊണ്ടിരിക്കുന്നു, പണ്ടും അവളുടെ ഇഷ്ടത്തിനുമപ്പുറം എന്നൊന്ന് എനിക്കില്ലായിരുന്നുവല്ലോ, ഇന്നും അങ്ങനെ തന്നെ.

മരണം എന്നെന്നേക്കുമുള്ള വേർപിരിയലല്ല മറിച്ചു കൂടിച്ചേരലാണ് എന്ന് ഞാൻ കരുതുന്നു.

✍️മഹാലക്ഷ്മി മനോജ്

Leave a Reply

Your email address will not be published. Required fields are marked *