സുന്ദരിപ്പെണ്ണേ!!” ആ വിളി ശാരികയെ കോൾമയിർ കൊള്ളിച്ചു.

Uncategorized

✍️✍️..മിനി സുകുമാർ..🕊️**********

“ഏട്ടാ!..” “ഹ്മ്മ്” ” ഏട്ടോ!..” “എന്താടീ? ” “ഈ എണ്ണക്കറുപ്പള്ള എന്നെ എങ്ങനെയാ ഇത്രയും സുന്ദരനായ ഏട്ടനിഷ്ടപ്പെട്ടത്?”

അവൻ്റെ നെഞ്ചിലേക്ക് ഒന്നുകൂടെ ചേർന്നു കിടന്നവൾ ചോദിച്ചു.

“നിൻ്റെ തൊലിക്ക് മാത്രമേ എണ്ണക്കറുപ്പുള്ളെടീ! ഈ മനസ്സ് മുഴുവൻ തൂവെള്ളയാണ്. അതു മനസ്സിലാക്കിക്കഴിഞ്ഞാണ് ഞാൻ നിന്നെ കെട്ടിയത്. മിണ്ടാതെ കിടന്നുറങ്ങാൻ നോക്ക്!”

അവളെ ചേർത്തണച്ചു കൊണ്ട് അവൻ മൊഴിഞ്ഞു “ഹ്മ്മ്! ” ഉറക്കച്ചടവിൽ അവൾ മൂളി.

ഇത് ശാരിക..എണ്ണക്കറുപ്പെന്ന് പറഞ്ഞ് കളിയാക്കി ഏവരും അകറ്റി നിറുത്തിയവൾ. അവളുടെ പ്രിയപ്പെട്ടവനൊഴിച്ച്..

പുറത്തു രാത്രിമഴ കനക്കുന്നു. ആ മഴയുടെ സ്നിഗ്ദ സംഗീതം കേട്ട് അവൾ പതിയെ നിദ്രയിലേക്ക് വീണു.

രാവിലെ ശാരിക മുറ്റമടിക്കുന്ന ശബ്ദം കേട്ടാണ് പ്രകാശൻ ഉറക്കമുണർന്നത്. അവൻ ജനലിലൂടെ അവളെ നോക്കി. നിതംബം കവിഞ്ഞു കിടക്കുന്ന ചുരുണ്ടിരുണ്ട മുടിയിഴകൾ. കരിം കൂവള നയനങ്ങൾ. നീളൻ മൂക്ക്. നുണക്കുഴി വിരിയുന്ന കവിളുകൾ. “എൻ്റെ പെണ്ണേ! നിന്നെ പ്പോലെയൊരഴക് മറ്റാർക്കാണെടീ” അവൻ ആത്മഗതം ചെയ്തു.

അവൾ ആദ്യരാത്രിയിൽ പറഞ്ഞ അവളുടെ കഴിഞ്ഞ കാലങ്ങൾ അവനോർത്തു. ജനിച്ചു വീണ മുതൽ അവൾക്ക് കിട്ടിയ ഓമനപ്പേര്. “കാക്ക ക്കറുമ്പി.” വെളുത്ത ദമ്പതികൾക്ക് കറുത്ത കുഞ്ഞ്. കണ്ടവർ കണ്ടവർ അതു പറഞ്ഞു. സ്ക്കൂളിലും, എല്ലാവരും തന്നെ അകറ്റി നിറുത്തി. അവളുടെ അമ്മ പ്രസവത്തിൽ തന്നെ അവളെ വിട്ടകന്ന് പോയിരുന്നു. അമ്മയില്ലാത്ത കുഞ്ഞിനെ നോക്കാൻ വേണ്ടി അച്ഛൻ മറ്റൊരു വിവാഹം ചെയ്തു. ചെറിയമ്മ ആ വീട്ടിൽ വന്നതോടെ അവളുടെ ദുരിതവും തുടങ്ങി. അഞ്ചു വയസ്സു മുതൽ ആ വീട്ടിലെ സകലമാന ജോലിയും അവളെക്കൊണ്ട് ഒരു ദാക്ഷിണ്യവുമില്ലാതെ ചെയ്യിപ്പിച്ചിരുന്നു അവർ. ജോലിത്തിരക്കുള്ള അച്ഛനും അവളെ ശ്രദ്ധിക്കാൻ പറ്റാതായി. വലുതായിട്ടും അവൾ ആരോടും ഒരു പരാതിയും പറയാതെ എല്ലാം ചെയ്തു പോന്നു. ആർക്കെന്തു സഹായം വേണമെങ്കിലും എപ്പോഴും ചെയ്തു കൊടുക്കും. സ്വന്തം ജീവൻ പണയം വെച്ചും. എന്നിട്ടും അവളെ ഇഷ്ടപ്പെടാതിരിക്കാൻ ആ നിറം കാരണമായി ചിലർക്ക്.

“ദാ ഏട്ടാ ചായ! എന്താ രാവിലെ നിന്ന് സ്വപ്നം കാണുവാണോ? ”

അവളുടെ ചോദ്യമാണ് അവനെ ചിന്തയിൽ നിന്നുണർത്തിയത്. “ഇവൾ എപ്പൊ മുറ്റമടി കഴിഞ്ഞു വീടിനകത്ത് കയറി?” താനൊന്നും അറിഞ്ഞില്ലല്ലോ. ചായക്കപ്പ് ചുണ്ടോടടുപ്പിച്ച് അവൻ അവളെ ഒരു കൈ കൊണ്ട് ചേർത്തുപിടിച്ചു. അവളാ സ്നേഹത്തിൽ മതി മറന്നു നിന്നു.

ഞാനൊന്നു കവല വരെ നടന്നിട്ടു വരാം. ചായക്കപ്പ് അവളെ ഏൽപ്പിച്ച് പ്രകാശൻ പറഞ്ഞു. പ്രഭാത സവാരി അവൻ്റെ ദിനചര്യകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. പട്ടാളത്തിൽ ഉണ്ടായിരുന്നപ്പോൾ ഉള്ള ചിട്ടകൾ .അതിപ്പോഴും തുടരുന്നു. അച്ഛന് വയ്യാതായ കാരണം, പെട്ടെന്ന് തന്നെ പട്ടാളത്തിൽ നിന്നും വിരമിച്ചു മടങ്ങേണ്ടി വന്നു. നാട്ടിൽ കൃഷി കാര്യങ്ങളിലേക്ക് പതിയെ ശ്രദ്ധ തിരിച്ചു. അച്ഛൻ തീരെ കിടപ്പിലാണ്. വയസ്സേറിയിട്ടും കല്യാണമൊന്നും നടക്കാതെ പട്ടാളത്തിൽ നിന്ന് തിരികെയെത്തിയാണ് മുപ്പത്തേഴാം വയസ്സിൽ ഒരു കല്ല്യാണത്തെ ക്കുറിച്ച് ആലോചിക്കുന്നത്. ആയിടയ്ക്കാണ് ശാരികയുടെ ആലോചന വരുന്നത്. അവൾക്കും മുപ്പത്തിരണ്ടു വയസ്സായിരുന്നു. അവൾക്ക് ഒരുപാട് ആലോചന വന്നുവെങ്കിലും നിറത്തിൻ്റെ കാര്യം പറഞ്ഞ് എല്ലാം മുടങ്ങി പ്പോയ്ക്കൊണ്ടിരുന്നു. പോരാത്തതിന് ചെറിയമ്മയുടെ കുറ്റപ്പെടുത്തലും.

നടന്നു നടന്ന് സൊസൈറ്റി എത്തിയതറിഞ്ഞില്ല. കൃഷിയാവശ്യത്തിന് കുറച്ചു രാസവളം ഏൽപ്പിച്ചു കഴിഞ്ഞു അയാൾ തിരികെ നടന്നു തുടങ്ങി.

“;അല്ലാ ! ആരാ ഇത് പ്രകാശേട്ടനോ? അച്ഛനിപ്പൊ എങ്ങനെണ്ട് പ്രകാശേട്ടാ?”

വഴിയിൽ മീൻകാരൻ സെയ്തലവി കുശലം ചോദിച്ചു.

“;കിടപ്പു തന്നെയാടാ! അച്ഛനൂടെ ഇല്ലാത്തോണ്ട് കൃഷികാര്യങ്ങൾ ഒക്കെ മുഴുവൻ നമ്മുടെ തലയിലാ ഇപ്പൊ. സൊസൈറ്റിയിൽ കുറച്ചു വളം ഏൽപ്പിക്കാൻ വന്നതാ? അവൻ.ചിരിച്ചു കൊണ്ട് പറഞ്ഞു.

“നല്ല പെടക്കണ കരിമീൻ ഉണ്ട്. കുറച്ചെടുക്കട്ടെ?” “ഹ്മ്മ്. എടുത്തോ” അവൻ വീട്ടിലേക്ക് നടന്നു.

അടുക്കളയിൽ അമ്മയും,ശാരികയും പൊരിഞ്ഞ ജോലിയിൽ ആയിരുന്നു. പകലന്തിയോളം ഒരു മടുപ്പും, പരാതിയുമില്ലാതെ ജോലി ചെയ്യും അവൾ. തൻ്റെ വീട്ടിൽ വന്ന ശേഷമാണ് അവൾക്ക് കുറച്ചു കരുതലും സ്നേഹവും കിട്ടുന്നത്. അവളുടെ വീട്ടിൽ എന്നുമവളൊരു അധികപ്പറ്റായിരുന്നു.

“കാക്കക്കറുമ്പിയുടെ തലവെട്ടം കണ്ട അന്നേ പെറ്റ തള്ള പോയി. എല്ലാം ഈയൊരുത്തിയുടെ ജാതകദോഷം കൊണ്ടാണ് ” എന്നൊരു അപഖ്യാതിയും. വരുന്ന ആലോചനയൊക്കെ ചെറിയമ്മ തന്നെ മുടക്കി ക്കൊണ്ടിരുന്നു. അവൾ വിവാഹം ചെയതു പോയാൽ വീട്ടുജോലിക്ക് ആളില്ലാതാവുമല്ലൊ. പാവം എല്ലാം നിശ്ശബ്ദം സഹിച്ച് ആ വീടിൻ്റെ അടുക്കളയിൽ ഒരു കരിവിളക്കായവൾ ഒതുങ്ങിക്കൂടി. വിവാഹാലോചനയുമായി താൻ ചെന്നപ്പോൾ കണ്ഠമിടറിക്കൊണ്ടാണ് അവൾ തന്നോടെല്ലാം പറഞ്ഞത്. അതും തൻ്റെ നിർബന്ധത്താൽ ആണ് ആ പാവം വായ തുറന്നത്. അങ്ങനെ അവൾ തൻ്റെ പ്രാണസഖിയായി.

ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. ഞാറ്റുവേലപ്പാട്ടിൻ്റെയും, മണ്ടകൻ കൊയ്ത്തിൻ്റെയും, കാലമായി. നിറപുത്തരി ആഘോഷമായെത്തി. ആ സമയം മറ്റൊരു സന്തോഷ വാർത്ത കൂടെ ആ വീട്ടിൽ അലയടിച്ചു.

രാത്രി ഭക്ഷണം കഴിഞ്ഞ് കിടക്കാൻ പോയപ്പോഴാണ് ശാരിക തൻ്റെ ചെവിയിൽ ആ വാർത്ത പറഞ്ഞത്. താനൊരു അച്ഛനാവാൻ പോകുന്നു. അത് കേട്ടവൻ കോൾമയിർ കൊണ്ടു. തൻ്റെതെന്ന് പറയാൻ മാത്രം ഒരവകാശി വരാൻ പോകുന്നു. തൻ്റെയും, ശാരികയുടെ പ്രണയസാക്ഷാത്ക്കാരം. അവളോട്‌ ഒത്തിരി സ്നേഹം തോന്നിയ നിമിഷം. ആർദ്രതയോടെ ആ നെറ്റിയിലൊരു മുത്തം നൽകി. അവൾ പുഞ്ചിരിച്ചു കൊണ്ട് ആ നെഞ്ചിൽ ചേർന്നു.

ഓരോ നാൾ കഴിയുന്തോറും തൻ്റെ പെണ്ണിന് അഴക് കൂടുന്നതവനറിഞ്ഞു. മുഖമെല്ലാം തിളങ്ങി, കവിളുകളിൽ തുടുപ്പു പടർന്ന് അങ്ങനെ അങ്ങനെ. അവൻ അവളുടെ അണിവയറിൽ കൈ ചേർത്തു. തൻ്റെ ജീവൻ്റെ ഒരംശം അവിടെ തുടിക്കുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വാത്സല്യം അവനിൽ നിറഞ്ഞു വന്നു. എത്രയൊക്കെ ക്ഷീണിതയാണെങ്കിലും എല്ലാ ജോലിയും അവളോടി നടന്നു ചെയ്തു കൊണ്ടിരുന്നു. അമ്മ അവളോടൊന്നും ചെയ്യേണ്ടെന്നു പറഞ്ഞാലും കേൾക്കില്ല. പുഞ്ചിരിച്ചു കൊണ്ട് അമ്മയെ ഒരിടത്തിരുത്തും. അവൾ തന്നോട് എപ്പോഴും പറയാറുണ്ട്. ജന്മം തന്ന അമ്മയെ കണ്ടിട്ടില്ല. എനിക്കെൻ്റെമ്മ ഏട്ടൻ്റെ അമ്മയാണ് ന്ന്. അതു കേൾക്കുമ്പോൾ തനിക്കും നിവൃതിയാണ്. അങ്ങനെ പ്രസവ സമയമെത്തിച്ചേർന്നു. ഡോക്ടർ പറഞ്ഞതനുസരിച്ച് നേരത്തെ തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി. അവളുടെ ടെൻഷൻ കുഞ്ഞ് അവളെ പ്പോലെ കറുത്തു പോകുമോ എന്നാണ്. ചെറിയമ്മ അവൾക്ക് ചാർത്തിക്കൊടുത്ത ആ വിളിപ്പേര് തൻ്റെ കുഞ്ഞും അനുഭവിക്കേണ്ടി വരുമോ? ആ അപകർഷതാ ബോധത്താൽ, തന്നെ പ്പോലെ തൻ്റെ കുഞ്ഞിൻ്റെ മനവും താളം തെറ്റുമോ? ഈ വിധ ചിന്തകൾ അവളെ വേട്ടയാടിക്കൊണ്ടിരുന്നു. അതു കേൾക്കുമ്പോൾ അവനു ചൊറിഞ്ഞു കയറും.

“നിൻ്റെ രക്ഷിതാക്കളല്ല നമ്മൾ. നിൻ്റെ ചെറിയമ്മ ഈ പരിസരത്തെങ്ങാനും വന്നാൽ മുറ്റമടിക്കുന്ന ചൂലെടുത്ത് ഞാനാട്ടും. എൻ്റെ കുഞ്ഞിനെ വേദനിപ്പിക്കുന്നവർക്കുള്ള ഡോസ് കൊടുക്കാൻ എനിക്കറിയാം. ഇങ്ങനെയൊന്നും ചിന്തിക്കാതെ നല്ലതെന്തെങ്കിലും ഓർത്തു കിടക്ക് ഈ സമയം!”

അവൾ അവൻ്റെ മടിയിൽ തലവെച്ച് മിഴികളടച്ചു കിടന്നു.

അങ്ങനെ ആ സമയം വന്നണഞ്ഞു. വേദനയെടുത്ത അവളെ ലേബർ റൂമിലേക്ക് മാറ്റി. ഒരു മണിക്കൂറിനകം ഒരോമനക്കുഞ്ഞു പിറന്നു. കറുപ്പാണേലും തിളങ്ങുന്ന കണ്ണുള്ള ,ചുരുണ്ടിരുണ്ട മുടിയുള്ള ഒരു മാലാഖക്കുട്ടി. പ്രകാശൻ്റേയും, അമ്മയുടെയും മുഖം സന്തോഷം കൊണ്ട് താമരപ്പൂ പോലെ വിടർന്നിട്ടുണ്ടായിരുന്നു. പ്രകാശൻ കുഞ്ഞിനെ മുത്തം കൊണ്ട് പൊതിഞ്ഞു. ചെവിയിൽ ചുണ്ടുചേർത്ത് വിളിച്ചു. “സുന്ദരിപ്പെണ്ണേ!!” ആ വിളി ശാരികയെ കോൾമയിർ കൊള്ളിച്ചു. “എൻ്റെ കുഞ്ഞ്!! എൻ്റെ സർവ്വസ്വം!!” തനിക്ക് നിഷേധിക്കപ്പെട്ട സ്നേഹവും, പരിലാളനയും, കരുതലും വേണ്ടുവോളം നൽകിക്കൊണ്ട് ഒരു രാജകുമാരിയെ അവളെ ഞങ്ങൾ വളർത്തും. അവൾ കുഞ്ഞിൻ്റെ കുഞ്ഞുകണ്ണിലേക്ക് വാത്സല്യത്തോടെ നോക്കി ആത്മനിവൃതിയോടെ നെഞ്ചോടു ചേർത്തു. മയങ്ങുന്ന കുഞ്ഞിൻ്റെ ഇളംചുണ്ടുകളിൽ ഒരു ചെറുപുഞ്ചിരി ഒരു നിമിഷം മിന്നിമറഞ്ഞു. ✍️✍️..മിനി സുകുമാർ..🕊️

Leave a Reply

Your email address will not be published. Required fields are marked *