Categories
Uncategorized

സീതാലക്ഷ്മി സേതുരാമന് ചായ കൊണ്ടുവന്നു ടീപ്പോയിൽ വെച്ചു. അപ്പോഴാണ് പ്രേമവല്ലിയുടെ ഭ൪ത്താവ് കൃഷ്ണദാസ് കയറിവന്നത്.

✍ ഭാഗ്യലക്ഷ്മി. കെ. സി.

ഡീ രമ്യേ… വലിയമ്മാവൻ വന്നിരിക്കുന്നൂ.. അച്ഛനോട് തൊടിയിൽനിന്ന് ഇങ്ങട് കേറിവരാൻ പറയൂ..

വിശ്വംഭരനുണ്ടോ ഇവിടെ?

സേതുരാമൻ സഹോദരി സീതാലക്ഷ്മി നീക്കിയിട്ടുകൊടുത്ത കസേരയിൽ ഉപവിഷ്ടനായിക്കൊണ്ടു ചോദിച്ചു.

ഉണ്ടേട്ടാ.. വൈകുന്നേരം പുഴുക്ക് വെക്കാൻ ചേമ്പ് കിളക്കാനിറങ്ങിയതാ..

അപ്പോ രാധാമണിയും സുഗുണനുമെവിടെപ്പോയി?

അവരിപ്പോ ക്ഷേത്രത്തിലേക്കെന്നും പറഞ്ഞ് ഇറങ്ങിയതേയുള്ളൂ..

പിള്ളേരും കൂടെപ്പോയിക്കാണും ല്ലേ..?

ഉവ്വ്..

സീതാലക്ഷ്മി വേഗംതന്നെ ഏട്ടന് ചായവെക്കാൻ അടുക്കളയിലേക്കോടി.

ഏട്ടന് ഇപ്പോൾ എന്താ കൊടുക്ക്വ.. കടയിൽ പോയിവരാന്ന് പറഞ്ഞിറങ്ങിയ കൃഷ്ണദാസിനെയും കാണുന്നില്ല..

സീതാലക്ഷ്മി വേവലാതിയോടെ അടുക്കളജനാലയിലൂടെ റോഡിലേക്ക് നോക്കി.

തൊടിയിൽനിന്ന് കയറിവന്ന വിശ്വംഭരൻ സേതുരാമനെക്കണ്ട് വണങ്ങി.

ഏട്ടൻ വരുന്നവിവരം അറിഞ്ഞില്ല..

അതിനെന്താ വിശ്വാ.. എനിക്ക് ഇവിടെ എപ്പോൾ വേണമെങ്കിലും വരാല്ലോ… അച്ഛൻ മരിക്കുമ്പോൾ എല്ലാം വ്യക്തമായി എഴുതിവെച്ചിരുന്നു. എന്റെ ഉത്തരവാദിത്തങ്ങളുൾപ്പെടെ..

അതൊക്കെ നമുക്കെല്ലാം അറിയുന്നതല്ലേ.. ഏട്ടനെപ്പോഴും ഇതോ൪മ്മിപ്പിക്കേണ്ട കാര്യൊന്നൂല്ല..

വിശ്വംഭരൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അയാൾ മുറ്റത്തെ പൈപ്പിൻചോട്ടിൽനിന്നും കാലും കൈയ്യും മുഖവും കഴുകാൻ തുടങ്ങി. അപ്പോഴാണ് പ്രേമവല്ലി സ്കൂൾ വിട്ട് കയറിവന്നത്.

ഏട്ടനെപ്പോഴാ വന്നത്?

ദാ.. വന്നേയുള്ളൂ… നീ റിട്ടയറാകാനായില്ലേ?

ഉവ്വേട്ടാ.. വരുന്ന മാർച്ചിൽ..

കുട്യോളൊക്കെ വിളിക്കാറില്ലേ..

ഉണ്ട്.. ഇന്നലേം കൂടി വിളിച്ചു..

സീതാലക്ഷ്മി സേതുരാമന് ചായ കൊണ്ടുവന്നു ടീപ്പോയിൽ വെച്ചു. അപ്പോഴാണ് പ്രേമവല്ലിയുടെ ഭ൪ത്താവ് കൃഷ്ണദാസ് കയറിവന്നത്. കൈയിലുണ്ടായിരുന്ന സാധനങ്ങളൊക്കെ സീതാലക്ഷ്മിയും പ്രേമവല്ലിയും കൂടി വാങ്ങി അടുക്കളയിലേക്ക് പോയി. ബാക്കിയുള്ളവ൪ പൂമുഖത്ത് കൂടിയിരുന്ന് വ൪ത്തമാനം പറയാനും തുടങ്ങി.

സീതാലക്ഷ്മി രണ്ട് പഴമെടുത്ത് പുഴുങ്ങാൻ അടുപ്പിൽ വെച്ചു.

ഏട്ടൻ ഇന്നിനി തിരിച്ചുപോവില്ലായിരിക്കും അല്ലേ?

പ്രേമവല്ലി ചോദിച്ചു.

ഇത് പതിവുള്ളതല്ലേ പ്രേമേ.. ഏട്ടന് മാസാമാസം വന്ന് തറവാട്ടിലെ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞ് കുഞ്ഞാപ്പുവിന്റെ കടേല് കൊടുക്കാനുള്ള കാശും കൊടുത്തുതീ൪ത്ത് പോകാനുള്ള ഉത്തരവാദിത്തം അച്ഛൻ മരിക്കുന്നതിന്നും മുന്നേ എഴുതിവെച്ചിട്ടുള്ളതാ..

അതെനിക്കുമറിയാല്ലോ.. പിള്ളേ൪ക്ക് പഠിക്കാനുള്ളതും മാസാമാസം ഏട്ടൻ കൃത്യമായി ഇവിടെ എത്തിക്കുന്നതുകൊണ്ട് അതിനൊന്നും ഒരു ബുദ്ധിമുട്ടുണ്ടായില്ല.. എന്റെ മക്കൾ സൌദിയിലും ഡൽഹിയിലും ജോലി ചെയ്യുന്നത് അവരുടെ പഠിപ്പിന് ഏട്ടൻ കാണിച്ച ശുഷ്കാന്തി കൊണ്ടാ…

അതുകൊണ്ടല്ലേ നീ ടീച്ചറായി ജോലിചെയ്ത്കിട്ടണ ശമ്പളംമുഴുവൻ ചിലവാക്കാതെ നിനക്ക് കുറച്ച് മിച്ചം വെക്കാനായത്.. നിന്റെ മോളുടെ കല്യാണത്തിന് കഴുത്തിൽ നിറച്ച് പൊന്നും കൊടുത്തല്ലേ പറഞ്ഞയച്ചത്.. പോരാത്തേന് രണ്ടേക്ക൪ പറമ്പിൽനിന്നുള്ള ആദായോം..

രാധാമണി വരറായില്ലേ? അവളുടെ പിള്ളേ൪ക്ക് പരീക്ഷയല്ലേ..

സേതുരാമൻ അകത്തളത്തിലേക്ക് കടന്നുവന്നുകൊണ്ട് ചോദിച്ചു.

ദാ.. വരണുണ്ട്.. അവരും നന്നായി പഠിക്കുന്നതുകൊണ്ട് രാധയ്ക്ക് അങ്ങനെയൊരു വേവലാതിയേയില്ല..

പ്രേമവല്ലി പഴം പുഴുങ്ങിയത് എടുത്ത് പ്ലേറ്റിലാക്കി ഏട്ടന്റെ മുന്നിൽ വെച്ചുകൊടുത്തു. ഡൈനിങ് ടേബിളിനരികിൽ കസേര വലിച്ചിട്ട് അനിയത്തിമാരോട് ഓരോ വ൪ത്തമാനം പറഞ്ഞിരിക്കുന്നത് സേതുരാമന് വലിയ ഇഷ്ടമാണ്. അവ൪ക്കും.

കാലങ്ങളായി തുടരുന്ന ശീലം. അച്ഛൻ മരിക്കുമ്പോൾ മൂന്ന് അനുജത്തിമാരുടേയും കല്യാണം കഴിഞ്ഞിരുന്നു. ഭാഗംവെച്ച് അവ൪ക്കുള്ളതൊക്കെ കൊടുക്കുകയും ചെയ്തതാണ്. വീട് മൂന്നുപേ൪ക്കും താമസിക്കാനായി പൊതുവായി വെക്കുകയാണ് ചെയ്തത്.

പക്ഷേ….

അച്ഛൻ സേതുരാമന് കൊടുത്തത് അദ്ദേഹത്തിന്റെ ബാങ്ക് ബാലൻസാണ്. ആ വലിയ തുക കണ്ട് പരിഭ്രമിച്ചുപോയി സേതുരാമൻ അന്ന്. പിന്നെ സമയമെടുത്ത് ആലോചിച്ച് ഒരു ഉപായമുണ്ടാക്കി. അതിൽപ്പകുതി എടുത്ത് ഒരു വീടും പുരയിടവും വാങ്ങി. ബാക്കിപ്പകുതി തന്റെ കാലശേഷം മൂന്ന് അനുജത്തിമാ൪ക്കും തന്റെ ഭാര്യക്കും സമമായി ലഭിക്കാവുന്ന വിധത്തിൽ ബാങ്കിൽ നിക്ഷേപിച്ചു. അതിന്റെ പലിശ മാത്രമെടുത്ത് തറവാട്ടിലെ കുറച്ച് ചിലവുകളും ചെയ്തുകൊടുത്തു.

തറവാട്ടിൽ ആരൊക്കെ താമസിക്കുന്നുവോ അവരുടെ ആഹാരത്തിന്റെയും കുട്ടികളുടെ പഠനത്തിന്റെയും ചിലവുകൾ തന്നെ നോക്കാനായി അച്ഛൻ ഏൽപ്പിച്ചിട്ടുണ്ട് എന്നൊരു കള്ളവും പറഞ്ഞു. അതുകൊണ്ട് ആരും വീട് വിട്ടുപോയില്ല. ഒത്തൊരുമയോടെ തറവാട്ടിൽത്തന്നെ കഴിഞ്ഞു. വീടിന്റെ അറ്റകുറ്റപ്പണികൾ താമസിക്കുന്നവ൪ തന്നെ ചെയ്തോളണമെന്നാണ് അച്ഛൻ നിഷ്ക൪ഷിച്ചത് എന്നും പറഞ്ഞു. സേതുരാമൻ മാസാമാസം ഒന്നോ രണ്ടോ ദിവസം തറവാട്ടിൽ വന്ന് താമസിക്കും. അവരുടെ കളിയും ചിരിയും കണ്ട് മനസ്സ് നിറയ്ക്കും.

രാധാമണിയും പിള്ളേരും വന്നതോടെ പാട്ടും ഡാൻസും വർത്തമാനവും പൊടിപൊടിച്ചു. കൂട്ടത്തിൽ ഇളയവളായതുകൊണ്ട് അവളോടൊരു വാത്സല്യം എല്ലാവർക്കുമുണ്ട്. രമ്യയും മാധവും നിത്യയും അമ്മാവനോട് കോളേജിലെ വിശേഷങ്ങളൊക്കെ പറയാൻ മത്സരിച്ചു.

തറവാട്ടിൽ അന്തിയുറങ്ങുന്നത് സേതുരാമന് വലിയ സന്തോഷമുള്ള കാര്യമാണ്.. അച്ഛനും അമ്മയുമൊത്തുള്ള ബാല്യകാല ഓർമ്മകൾ ഒന്നൊന്നായി മനസ്സിൽ തിക്കിത്തിരക്കി വരും. ആനന്ദഭരിതമായി ആ രാത്രി കടന്നുപോയി.

അടുത്തദിവസം പതിവുപോലെ സേതുരാമൻ പോകാനിറങ്ങി. കുട്ടികളുടെ ഫീസും മറ്റും അനുജത്തിമാരെ ഏൽപ്പിച്ചു. വഴിയിൽ കുഞ്ഞാപ്പുവിന്റെ പലചരക്ക്കടയിലും കയറി.

അപ്പ്വേട്ടാ.. കാശെത്രയായി?

പണമെണ്ണിക്കൊടുക്കുമ്പോൾ സേതുരാമനോടായി കുഞ്ഞാപ്പു നരച്ച താടി തടവിക്കൊണ്ട് പറഞ്ഞു:

നിന്റെ അച്ഛൻ പറഞ്ഞു എന്നുംപറഞ്ഞ് നീയീ കാണിക്കുന്ന നന്മ ആരുമറിയാതെപോകുന്നല്ലോ കുഞ്ഞേ…

സേതുരാമൻ ചുണ്ടിൽ വിരൽചേ൪ത്ത് പറഞ്ഞു:

ആരോടും പറയരുത്.. അപ്പ്വേട്ടൻ മാത്രം അറിഞ്ഞാൽമതി. അവരെന്നും ഒന്നായി കഴിയുന്നതുകാണാനൊരു കൊതി.. അതുകൊണ്ട് പറഞ്ഞുനോക്കിയതാ.. വേറെ വീടുവെച്ച് പോയാൽ അവരവരുടെ മുഴുവൻ ‌ചിലവുകളും അവരവര് തന്നെ നോക്കേണ്ടിവരുമെന്ന് മനസ്സിലായപ്പോ തമ്മിൽഭേദം ഇതാണെന്ന് അവ൪ മനസ്സിലാക്കി. ഐക്യത്തോടെ‌ കഴിയുകയും ചെയ്തു.

എന്നാൽ നീയറിയാത്ത ഒരു കഥ കൂടിയുണ്ട്..

അതെന്താ?

നിങ്ങളുടെ ഏട്ടൻ മരിച്ചുപോയാൽ അതിനുശേഷം ആ പണമൊക്കെ അടുത്തുള്ള അമ്പലത്തിനോ ഏതോ അനാഥാലയത്തിനോ ആണ് കിട്ടാൻ പോകുന്നത് എന്ന് ഞാനുമൊരിക്കൽ കള്ളം പറഞ്ഞിട്ടുണ്ട് അവരോട്…

അതെന്തിനാ..?

തങ്ങളുടെ ഏട്ടൻ ദീ൪ഘായുസ്സായി ഇരിക്കാൻ അവ൪ നിത്യം പ്രാ൪ത്ഥിക്കാൻ വേണ്ടിത്തന്നെ…

കുഞ്ഞാപ്പു അതും പറഞ്ഞ് ചിരിച്ചു. സേതുരാമനും ഒപ്പം ചിരിച്ചു.

✍ ഭാഗ്യലക്ഷ്മി. കെ. സി.

Leave a Reply

Your email address will not be published. Required fields are marked *