Categories
Uncategorized

സാറൊരു നല്ല പെ-ണ്ണിനെ കണ്ടിട്ടുണ്ടോ…

രചന: ജിഷ്ണു രമേശൻ

“സാറൊരു നല്ല പെ-ണ്ണിനെ കണ്ടിട്ടുണ്ടോ..! ഒരു പെ-ണ്ണിൻ്റെ രു-ചിയ-റിഞ്ഞിട്ടുണ്ടോ..! അഴകുള്ള സാരിയണി-ഞ്ഞ പെ-ണ്ണിനെ അടുത്തറി-ഞ്ഞിട്ടുണ്ടോ..? അര മണി-ക്കൂർ കഴിഞ്ഞ് ഒരു-ത്തിയെ ഞങ്ങൾ റൂമി-ലേക്ക് അയക്കാം..”

അത് കേട്ട് അയാള് അവരെയൊന്ന് നോക്കി…

ടൗണില് ഒരു കെട്ടിട സമുച്ചയം അല്ലലില്ലാതെ പണിതുയർത്താൻ മുതലാളിമാരെ സഹായിച്ചതിനൊരു പ്രത്യുപകാരം എന്ന നിലയിൽ ഏർപ്പാടാക്കിയതാണ് പെ-ണ്ണിനെ…

അവര് അയാൾക്കൊരു രണ്ടായിരം രൂപ കൊടുത്തിട്ട് പറഞ്ഞു, “ഇതില് ആയിരം വരുന്ന പെ-ണ്ണിന് കൊടുത്തേക്ക്… ആയിരം സാറിൻ്റെ സന്തോഷത്തിന് ഇരിക്കട്ടെ…!”

അവര് പോയതിനു പിന്നാലെ അയാള് ലോ-ഡ്ജ് മു-റിയുടെ വാതില് ചാരി… അല്പം കഴിഞ്ഞ് കുപ്പി വളകൾ അണിഞ്ഞ ഒരു കൈ വാതിലിൻ്റെ മടക്കിൽ പിടുത്തമിട്ടു…

“കയറി വരൂ…”

ആ പെണ്ണ് മുഖത്ത് ചിരി മിനുക്കികൊണ്ട് കയറി വന്നു… അയാള് സ്വല്പം മദ്യപിച്ചിരുന്നു…

ജനാലയിൽ നിന്നും ഷർട്ട് എടുത്തിട്ട് കൊണ്ട് അയാള് അവളോടായി പറഞ്ഞു, “നീ പോയി കുളിക്കൂ… എന്നിട്ട് ഈ മേശയൊക്കെ കഴിയുമെങ്കിൽ വൃത്തിയാക്കൂ… ഞാനിപ്പോ വരാം…;”

ഒന്ന് കുളിച്ചതാണെങ്കിലും അയാളിലെ സൗമ്യമായ വാക്കുകളെ ആ പെണ്ണ് സ്വീകരിച്ചു… കുളി കഴിഞ്ഞ് മേശ വൃത്തിയാക്കി അവളവിടെ ഇരുന്നു… വെറുതെ അങ്ങനെ ഇരുന്നു…

സമയം വൈകാതെ അയാള് തിരികെ വന്നു… അയാളുടെ കയ്യിലുള്ള വലിയ പൊതി മേശയിൽ വെച്ചു… ഒരു കോഴി മുഴുവനായി പൊരിച്ചത് അവളുടെ മുന്നിലേക്ക് എടുത്ത് വെച്ചു… കൂടെ ആവി പറക്കുന്ന ദോശയും…

“കഴിച്ചിട്ട് രുചി എങ്ങനെയുണ്ടെന്ന് പറയൂ…!”

കൗതുകത്തോടെ അവളത് രുചിച്ചു…ഒന്ന് ചിരിച്ചിട്ട് അവള് പറഞ്ഞു, ‘അസാധ്യ സ്വാദ്… വാടിയ മല്ലിയില വിതറിയ വറവു കോഴി ഞാൻ ആദ്യമായി കഴിക്കുകയാണ്..’

“പെ-ണ്ണിൻ്റെ മാംസം രുചിക്കാനായി നൽകിയ കാശ് കൊണ്ട് വാങ്ങിയതാണിത്… ഞാനൊരു മാന്യനൊന്നുമല്ല… വിവാഹം കഴിച്ചിട്ടില്ല… പക്ഷേ പെണ്ണിനെ അനുഭവിക്കാൻ കാശ് സ്വരുക്കൂട്ടിയിട്ടില്ല… എന്നെ സംബന്ധിച്ച് നിൻ്റെ കൂടെ ഈ രുചിയുള്ള ഭക്ഷണം കഴിക്കുമ്പോ കിട്ടുന്ന അനുഭൂതി നിൻ്റെ ശരീരത്തിൽ നിന്നെനിക്ക് കിട്ടില്ല…”

ആ പെണ്ണ് അയാളെ ഒന്ന് നോക്കി… ചെറു അമ്പരപ്പോടെ വെറുതെ നോക്കി…

‘ഇതുണ്ടാക്കിയ കൈ പുണ്യം ചെയ്തതാണ്…’

ആ പെണ്ണ് അപ്രകാരം മൊഴിഞ്ഞത് കേട്ട് അയാള് അവളെ ലോഡ്ജിൻ്റെ ഇടുങ്ങിയ ബാൽക്കണിയിലേക്ക് കൊണ്ടുപോയി…

അവിടെ താഴെ വഴിയരികിൽ ഒരു തട്ടുകടയിലെ സ്വല്പം പ്രായം ചെന്നൊരു സ്ത്രീയെ ചൂണ്ടി കാണിച്ചു കൊണ്ട് അയാള് പറഞ്ഞു,

“ദാ അവരുടെ കടയിൽ നിന്ന് എല്ലാ ദിവസവും ഒരു ചായയെങ്കിലും എൻ്റെ പതിവാണ്… ഒരാണിനെ സംബന്ധിച്ച് ഒരു പെണ്ണിൽ നിന്ന് കിട്ടാവുന്ന “രുചി” അവളുടെ ശരീരമോ സ്പർശമോ അല്ല… അവളുടെ കൈകൊണ്ട് ഉണ്ടാക്കുന്ന ആഹാരത്തിൻ്റെ “രുചി”യാണ്…

ഈ വറവു കോഴി അവിടുന്ന് വാങ്ങിയതാണ്… ആ സ്ത്രീയെ എനിക്ക് വർഷങ്ങളായി അറിയാം… ഒരു ചെറിയ വീട്ടിൽ സുഖമില്ലാത്ത അവരുടെ ഭർത്താവിനെയും കുടുംബവും ഈ തട്ടുകടയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് നോക്കുന്നു…

എനിക്കിഷ്ടമാണ് അവരെ… ബഹുമാനമാണ്… ഇടം പല്ല് കൊഴിഞ്ഞ അവരുടെ ചിരി മനോഹരമാണ്…”

ബാൽക്കണിയിൽ നിന്ന് അയാളും അവളും അകത്തേക്ക് കടന്നു…

“അത് മുഴുവനും കഴിക്കൂ… ഇല്ലെങ്കിൽ ഞാനൊരു പൊതിയാക്കി തരാം… വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോളൂ…”

സുന്ദരമായ ഒരു ചെറു ചിരിയോടെ അവള് തലയാട്ടി…

മുറി പൂട്ടി അവര് ലോഡ്ജിൻ്റെ പടികളിറങ്ങിയപ്പോ അയാള് കയ്യിലുള്ള ആയിരം രൂപ അവൾക്ക് നേരെ നീട്ടി…

‘വേണ്ട സാറേ… മുൻപ് പലപ്പോഴും എൻ്റെ ശരീരം തേടി വന്നവർ വല്യ തത്വം പറഞ്ഞ് പണിയെടുക്കാത്ത കാശ് എനിക്ക് നേരെ നീട്ടിയിട്ടുണ്ട്…’

“ഞാനാർക്കും ഒരു രൂപ പോലും കൊടുക്കുന്ന ആളല്ല…കൈക്കൂലി തന്നതാണ് ഇതെനിക്ക്… ഇത് എൻ്റെ കാശല്ല, നിനക്ക് തരാനായി അവരെന്നെ ഏൽപ്പിച്ചതാണ്… ഞാൻ നിന്നെ പറ്റി ചോദിച്ചില്ല, വീട്ടുകാരെ കുറിച്ച് ചോദിച്ചില്ല…അതൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല എനിക്ക്… നിനക്കിത് വാങ്ങാം..!”

അവളാ കാശ് വാങ്ങി… റോഡിലെത്തി അയാള് സ്കൂട്ടർ സ്റ്റാർട്ടാക്കി…എന്നിട്ട് അവളോടായി ചോദിച്ചു,

“നിന്നെ വീട്ടിലാക്കണോ…! അതോ ബസില് പോകുമോ…?”

‘ ഞാൻ ബസില് പൊയ്ക്കൊളാം…’

അതിനു മറുപടി മൂളാതെ, ചിരിക്കാതെ, മുഖഭാവമില്ലാതെ അയാള് സ്കൂട്ടർ ഓടിച്ചു പോയി…

അവളുടെ എന്നത്തേയും പോലെ ഒരു രാത്രി അവിടെ അവസാനിച്ചു… പക്ഷേ ചിന്തകൾ അവസാനിച്ചില്ല… ആ പെണ്ണ് വഴിയരികിലെ തട്ടുകടയിലെ സ്ത്രീയെ നോക്കി… സ്ഥലപ്പേരു വിളിച്ച് പറഞ്ഞു കൊണ്ട് ഒരു ബസ് വന്നു നിന്നു…

വീട്ടിലേക്കുള്ള യാത്രയിൽ അവള് ലോഡ്ജിൽ വെച്ച് അയാള് പറഞ്ഞതോർമിച്ചു…

“ഒരു ചെറിയ വീട്ടിൽ സുഖമില്ലാത്ത അവരുടെ ഭർത്താവിനെയും കുടുംബവും ഈ തട്ടുകടയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് നോക്കുന്നു… എനിക്കിഷ്ടമാണ് അവരെ… ബഹുമാനമാണ്… ഇടം പല്ല് കൊഴിഞ്ഞ അവരുടെ ചിരി മനോഹരമാണ്…”

ആ പെണ്ണ് ചിന്തിച്ചു…വെറുതെ അങ്ങനെ ചിന്തിച്ചു… പുറത്തെ തണുത്ത കാറ്റടിച്ച് അവള് മയങ്ങി…മയക്കത്തിലും ആ പെണ്ണ് അയാളുടെ വാക്കുകൾ ചികഞ്ഞു…

“എനിക്കിഷ്ടമാണ് അവരെ…ബഹുമാനമാണ്.. ഇടം പല്ല് കൊഴിഞ്ഞ അവരുടെ ചിരി മനോഹരമാണ്…”

രചന: ജിഷ്ണു രമേശൻ

Leave a Reply

Your email address will not be published. Required fields are marked *