Categories
Uncategorized

സാരി ആരെങ്കിലും എന്നെ ഉടുപ്പിച്ചോ… ട്ടാ എന്ന മട്ടിൽ നിന്നു,സഹായികളെ കൊണ്ടു സാരി ഉടുപ്പിച്ചിരുന്ന ഞാൻ പെട്ടു പോയത് കല്യാണം കഴിഞ്ഞപ്പോ

രചന :ബിന്ദു ജോസഫ്‌

ആശിച്ചു മോഹിച്ചു സാരിയുടുക്കാൻ കിട്ടിയ അവസരമാണ്.പൊളിഞ്ഞു പാളിയത്.

കുഞ്ഞുനാൾ മുതലുള്ള സംശയമായിരുന്നു എന്ന് അമ്മയെ പോലെ വലുതാകും.മുടി നീട്ടി വളർത്താനാകും. മുട്ടിനൊപ്പമുള്ള ഉടുപ്പുകളിൽ നിന്ന് മോചനം വേണം എന്നാലേ സാരിയുടുക്കാൻ പറ്റുള്ളൂ.തോർത്തോ ഷാളോ കൊണ്ടു സാരി ചുറ്റിയാണ് ആഗ്രഹം തീർക്കാറുള്ളത്. മേരി ടീച്ചറിന്റെയും കൊച്ചെൽസി ടീച്ചറിന്റെയും സാരിയുടെ മിനുപ്പ് പരിശോധിക്കാറുണ്ട്. സിബി ടീച്ചർ അറിയാതെ,സാരി ത്തുമ്പിൽ രണ്ടു വിരൽ കൊണ്ടു തെന്നിച്ചു നോക്കുന്നത് പതിവാണ്.
എന്ത് രസമാണ്.ടീച്ചർ പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഒന്നുമറിയാത്ത ഭാവത്തിൽ ഞാനിരുന്നു.

സ്കൂളിൽ,കളങ്കമില്ലാത്ത പ്രായത്തിൽ മഠത്തിൽ ചേർന്നു കന്യാസ്ത്രീയാകാൻ താല്പര്യമുള്ളവർ കൈപൊക്കുവാൻ പറഞ്ഞപ്പോഴൊക്കെ ഉറച്ച തീരുമാനം എടുത്തു, ഞാൻ കൈ പൊക്കാതെ നിന്നു.പ്രിൻസി പോളും ജൂലി തോമസും ഡയാന എം കെ യും കൈപൊക്കി കൊണ്ടു എന്നെ അത്ഭുത ജീവിയെ പോലെ നോക്കി.അവരുടെ പുച്ഛഭാവം കണ്ടില്ലെന്നു നടിച്ചു.എനിക്ക് സാരി ഉടുക്കണം മുടിയും നീട്ടി വളർത്തണം. മുടി മൊട്ടയടിച്ചു ഉടുപ്പുമിട്ടു നടക്കാൻ എനിക്കിഷ്ടമില്ലന്ന് ഞാനവരോട് തുറന്നു പറഞ്ഞത്‌ റബ്ബർ തോട്ടത്തിൽ സിസ്റ്റർ സൺ‌ഡേ ക്ലാസ്സ്‌ എടുക്കുമ്പോഴാണ്.ഉണ്ണിമഠത്തിൽ സാരിയുടുക്കുന്ന സിസ്റ്റേഴ്സ് ആണെന്നും അവിടെ പോയാൽ മതിയെന്നും അവർ നിർദ്ദേശം തന്നെങ്കിലും വെള്ളിമാലയിട്ട് കമ്മലില്ലാത്ത കാതുമായി നടക്കാൻ തീരെ താല്പര്യം തോന്നിയില്ല.

ഞാഞ്ഞൂൽ കെട്ടുപിണഞ്ഞു കിടക്കും പോലെയുള്ള തേനീച്ചക്കൂടു പോലുള്ള മുടി രാവിലെ ചീകി റിബ്ബൺ കൊണ്ടു വൃത്തിയാക്കികെട്ടും. അത് അഴിക്കാൻ അനുവാദമില്ല.പിന്നി മടക്കി കെട്ടിവെക്കുന്ന ഹെയർ സ്റ്റൈൽ സാരിയുടുക്കുന്ന സ്ത്രീകൾ കെട്ടുന്ന രീതിയല്ല.ചെറിയ പ്ലാസ്റ്റിക് പാവകളെ കുളിപ്പിച്ചൊരുക്കി ഒക്കത്തു വെച്ചു പള്ളിയിലേക്ക് പോകുന്നേരം സാരി തുമ്പു തലയിൽ ഒഴുകി കിടക്കാൻ മുടിയും അഴിച്ചിടണം.

ഒരു ചേച്ചി ഉണ്ടായിരുന്നെങ്കിൽ എന്ന് അൽമാർത്ഥമായി ആഗ്രഹിച്ചു പോയത് കോളേജ് പഠനകാലത്താണ്.ഓണം,കേരള പിറവി,കോളേജ് ദിനം ഇങ്ങനെ സാരി ഉടുക്കാൻ കിട്ടുന്ന അവസരങ്ങളെല്ലാം കൂട്ടുകാർ സാരിയുടുത്തു സുന്ദരിമാരായി വരും.സാരി മാത്രമല്ല നല്ല ഡിസൈനിലുള്ള മാലയും വളയും കമ്മലുമൊക്കെ അണിഞ്ഞാകും വരവ്. ചേച്ചിമാർ ഉള്ളവർക്ക് ഒന്നിനും പഞ്ഞമില്ലല്ലോ.വേണമെങ്കിൽ സാരി, അമ്മേടെ ഒപ്പിക്കാം പക്ഷെ ബ്ലൗസ് അത് ഫാഷൻ പോരാ.അങ്ങനെ ഓരോ അവസരങ്ങളിൽ സാരി മോഹം വഴുതി പോകും.സാരിയും ചുരിദാറും എന്നുമിടാമെന്നും,തല്ക്കാലം വല്ല പട്ടുപാവാടയോ സ്‌കർട്ടും ടോപ്പുമോ ഇട്ടു പോകാൻ അമ്മ നിർദേശിക്കും.
അനുസരിക്കാതെ നിവൃത്തിയില്ല.

എന്തിനും മോന്ത കുത്തി വീർപ്പിച്ചു കാര്യങ്ങൾ സാധിച്ചിരുന്ന ഞാൻ ഇവിടെ തോറ്റു തൊപ്പിയിട്ടു
സാരിയുടെ ആർഭാടമില്ലാതെ ക്ലാസ്സിലെത്തിയ എത്തിയ എന്നോട് കാരണമന്വേഷിച്ച ആ സുന്ദരിക്കുട്ടിയുടെ പേര് ഓർമ്മയില്ല.സങ്കടം പറഞ്ഞപ്പോൾ ആ കുട്ടി പറയാ,അവൾക്കും ചേച്ചിയില്ല.
അവളുടുത്ത സാരിയും ബ്ലൗസും അയല്പക്കത്തെ ചേച്ചീടെ ആണെന്ന്.അതിൽ നിന്നു ആവേശമുൾക്കൊണ്ടാണ്
സാരിയുടുക്കാൻ ഒരവസരം കാത്തിരുന്നത്.

അലമാരിയിൽ രണ്ടു പുത്തൻ സാരിയുണ്ട് മെറൂൺ കളറിൽ പച്ച ബോർഡർ ഉള്ള പ്രിന്റഡ് സിൽക്, പിന്നെ ചെങ്കല്ല് കളറിൽ ഓറഞ്ച് ബോർഡർ ഉള്ളതും.രണ്ടിനും ബ്ലൗസ് വേണം.

അന്നത്തെ ഫാഷൻ കൈമുട്ടിനു താഴെ ഇറക്കമുള്ള ബ്ലൗസ് ആണ്.തല പുകഞ്ഞാലോചിച്ചപ്പോഴാണ് അയല്പക്കത്തെ കൊച്ചപ്പൻ ഷീബയ്ക്ക് ഓറഞ്ച് കളർ ബ്ലൗസ് ഉള്ളതോർമ്മ വന്നത്.കൊച്ചപ്പൻ സിബി സഹപാഠി ആയിരുന്നു.എനിക്കറിയാവുന്ന പട്ടി, തെണ്ടി എന്ന രണ്ടു ചീത്ത വാക്കുകൾക്ക് പുറമെ പുതിയ രണ്ടു തെറികൾ സ്കൂളിലേക്കുള്ള യാത്രയിൽ അവനാണ് എന്നെ പഠിപ്പിച്ചത്.ബ്ലൗസ് കടം വാങ്ങി സൈഡ് അടിച്ചു പരുവത്തിനാക്കി.
ഒരു ഡസൻ സേഫ്റ്റി പിൻ അവിടേം ഇവിടേം കുത്തി സാരി ചുറ്റിയിറങ്ങിയപ്പോൾ തനിച്ചായി പോയി.

പേപ്പർ പോലെ പട പടാന്ന് ഇരിക്കണ സാരിയെ കൈകാര്യം ചെയ്യാൻ ഇച്ചിരി പാടുപെടുമെന്നറിഞ്ഞത് വഴിയിൽ എത്തി കഴിഞ്ഞിട്ട്. നടക്കാൻ വേഗത തീരെ ഇല്ലാതെ വഴിയിൽ ഇഴഞ്ഞു നടന്നപ്പോ ഇടക്ക് തട്ടി വീഴണ്ടതായിരുന്നു.ഒരു വിധത്തിൽ മാളിയേക്കൽക്കാരുടെ കേറ്റം കയറുന്നതിനിടയിൽ എവിടെയോ കേറി ഒരു ചവിട്ട് കൊടുത്തതു.എന്തോ എവിടെയോ തകരാർ സംഭവിച്ചുവെന്ന്പിടികിട്ടി .
നടക്കുമ്പോൾ നിലത്തിഴയുന്നത് ഞൊറിവുകൾ ആണോ അതോ ഉള്ളിലുള്ള സാരിത്തുമ്പോ.
നടക്കുമ്പോ പിന്നെയും പിന്നെയും ചവിട്ടു കൊള്ളുന്നു.

സംശയം തീർത്തിട്ട് നടക്കാമെന്നോർത്തു നിന്നപ്പോഴാണ് ഇടി വെട്ടിയവനെ പാമ്പ് കടിച്ചതുപോലെ തൊട്ടു പുറകിൽ പുരുഷപ്രജകൾ. കമ്പനിയിലെ ഷിഫ്റ്റ്‌ കഴിഞ്ഞിറങ്ങിയ അഞ്ചാറെണ്ണം.നാലാം മൈൽ നിന്നു ഷോർട്ട് കട്ട്‌ കേറി വന്നവരാണ്.യുവകോമളന്മാർ പോയിട്ടാകാമെന്നോർത്താൽ
ബസ് പോകും. അവരാണെങ്കിൽ മുന്നോട്ടു കേറി നടക്കാനും തയ്യാറല്ല. പുറകിൽ നടന്നു ഓരോ ഡയലോഗ് വെച്ചു കാച്ചുന്നുണ്ട്.

പൊതുവെ വിയർപ്പിന്റെ അസുഖമുള്ള ഞാൻ സാരി അഴിയുമോ എന്നോർത്തു കൂടുതൽ വിയർത്തു. എവിടെങ്കിലും കാണുന്നുണ്ടോ?.ഒരിടത്തു നേരെയാക്കുമ്പോ വേറെ ഒരിടത്തു ഊർന്നുപോകുന്നു.എല്ലാം കൂടി വാരി പിടിച്ചു ഓടാൻ തോന്നി.പുല്ല്….ഈ പണിക്കു പോകണ്ടാരുന്നു.ഇതിപ്പോ മനുഷ്യന്റെ സ്വാതന്ത്ര്യം മുഴുവൻ മോഷ്ടിച്ചു കൊണ്ടോയത് മിച്ചം.അവന്മാരാണെങ്കിൽ വാരാവുന്നതിന്റെ പരമാവധി വാരുന്നുണ്ട്.ആവശ്യം വരുമ്പോൾ ഒരുത്തനും വഴിയിൽ കാണില്ല.അല്ലാത്തപ്പോ അയല്പക്കത്തെ ജുവാക്കൾ ആരെങ്കിലുമൊക്കെ വഴിയിൽ കാണും.
അതൊരു ധൈര്യം തന്നെ.

ഒരുവിധം GTN ബസ് സ്റ്റോപ്പിൽ എത്തി.റോഡ് ക്രോസ്സ് ചെയ്തു… ദേ അവന്മാർ എന്റെ അടുത്തു തന്നെ വന്നു നിൽക്കുന്നു.സാധാരണ പുരുഷന്മാർ എല്ലാരും ബസ് വരുമ്പോൾ മാത്രം സ്റ്റോപ്പിലേക്ക് കടന്നു നിൽക്കാറുള്ളു.
ഡയലോഗ് അടിച്ചു ചിരിച്ചു മറിയുന്നു. ദയനീയ അവസ്ഥ നന്നായി ചൂഷണം ചെയ്യുന്നുണ്ട്.

ദൈവമേ… ബസിൽ എങ്ങനെ കേറും. സാരിയിൽ ചവിട്ടി താഴെ വീഴുമോ?. സാരി പൊക്കി പിടിക്കാതെ എങ്ങനെ കേറും?അന്നേരം ബസിൽ ഏതു കൈ പിടിക്കും?പൈസ താഴെ പോകുമോ?.ആകുലതകളുടെ വലിയ ചുമടുമായി നിൽക്കുമ്പോൾ ബസ് വന്നു.കർത്താവിനെ കൂട്ടുപിടിച്ചു ബസിൽ കയറി.

ജുവകോമളന്മാർ എന്റെ പുറകെ മുന്നിൽ തന്നെ കേറി.കണ്ടക്ടർ വന്നപ്പോൾ ആകെ ഗുലുമാൽ അയാൾ ST അടിക്കാൻ സമ്മതിക്കൂല്ല. ഞാൻ വിദ്യാർഥിനി ആണെടോ… മാഷെന്നു പറഞ്ഞപ്പോ, മര്യാദക്ക് ഫുൾ ടിക്കറ്റ് എടുക്കാൻ പറഞ്ഞു മീശപിരിക്കുന്നു.കണ്ണുരുട്ടുന്നു.
പൈസ ഉണ്ട് എങ്ങനെ ബാഗിൽ തപ്പി എടുക്കാനാണ്. പിടി വിട്ടാൽ വീഴ്ച കാണാൻ അശേഷം ഭംഗിയുണ്ടാകില്ലെന്നു
നന്നായറിയാം.

ആലുവ പഴയ സ്റ്റാൻഡ് എത്തും വരെ ആ പൂവാലന്മാർ എന്നെ കമന്റടിച്ചു.ബസ് ഇറങ്ങി എങ്ങനെ നടന്നെത്തിയെന്ന് ഓർമ്മയില്ല. ഇത്രേം പ്രശ്നങ്ങൾക്കിടയിലും എന്നെ കമന്റടിച്ച പുരു ഷന്മാരുടെ മുഖം ഓർത്തു വെച്ചിരുന്നു. ക്ലാസ്സിലെ ആരൊക്കെയോ സഹായിച്ചു സാരി അഴിച്ചു രണ്ടാമത് ഉടുക്കാൻ.

ഇടവക പള്ളിയിൽ പെരുന്നാളിന് പള്ളിമുറ്റത്തു ദേ… നിൽക്കുന്നു ആ വീരന്മാരിൽ ഒരാൾ.കൈയോടെ പിടികൂടി.നാട്ടുകാരൻ ഷാൽബി ആയിരുന്നു ആ സംഘത്തിന്റെ നേതാവ്.നാലാം മൈൽകാരൻ ആയതു കൊണ്ടു ആളെ തിരിച്ചറിയാതെ പോയതാണ്.പിന്നെ ക്ഷമിച്ചു വെറുതെ വിട്ടു.

അന്നത്തെ തമാശ ബുദ്ധിമുട്ടിച്ചെങ്കിലും, പിന്നീട് ഞങ്ങൾ നല്ല സൗഹൃദത്തിലായി.ആ നല്ല കൂട്ടുകെട്ട് ഇന്നും തുടരുന്നു. കല്യാണം വിളിക്കാനായി ഹരി,ജോസേട്ടനെ കൂട്ടി വീട്ടിൽ വന്നു.കിടുക്കാച്ചി ഡയലോഗ് അടിക്കാൻ മിടുക്കൻ ആണ് ജോസേട്ടൻ.ആ കമ്പനി നിർത്തി പലരും പലജോലികളായി പലയിടങ്ങളിൽ.ഹരി ഇടക്ക് വിളിക്കാറുണ്ട്.ജോസേട്ടൻ അങ്കമാലിയിൽ ബിസിനസ്‌കാരൻ.കഴിഞ്ഞ ഫെബ്രുവരി മാസം കോട്ടയത്ത്‌ മെഡിക്കൽ കോളേജിൽ ഒരുഇന്റർവ്യൂവിനു പങ്കെടുക്കാൻ ഹരി വന്നിരുന്നു.ആ തിരക്കിനിടയിലും ഹരിയും ഭാര്യയും വീട്ടിൽ വന്നിട്ടാണ് തിരിച്ചു പോയത്.

ആരെങ്കിലും എന്നെ ഉടുപ്പിച്ചോ… ട്ടാ എന്ന മട്ടിൽ നിന്നു,സഹായികളെ കൊണ്ടു സാരി ഉടുപ്പിച്ചിരുന്ന ഞാൻ പെട്ടു പോയത് കല്യാണം കഴിഞ്ഞപ്പോ . സാരിയുടുപ്പിക്കുന്ന ചേച്ചിമാർ ഞൊറിവെടുക്കാതെ കൈയിൽ സാരി തന്ന നേരം.പട്ടിക്കു മുഴുവൻ തേങ്ങ കിട്ടിയപോലെ മന്ത്രകോടി ഞൊറിവെടുക്കാൻ ഇടത്തോട്ടോ വലത്തോട്ടോ എന്ന് സംശയിച്ചു നിന്ന കല്യാണദിനത്തിൽ എങ്ങനെയോ ഒപ്പിച്ചുടുത്തു.പയ്യെ തിന്നാൽ പനയും തിന്നാല്ലോ. മെല്ലെ ഞാനും പഠിച്ചെടുത്തു സാരി ഉടുക്കാനും തട്ടി വീഴാതെ നടക്കാനും.

എങ്ങോട്ടെങ്കിലും പോകാനിറങ്ങുമ്പോൾ സാരി വേണ്ടാ…. സമയം പോകും ന്നു കെട്ട്യോൻ കമന്റിടുന്നത് പതിവാണ്.
അപ്പോഴൊക്കെ കാലുപിടിച്ചിട്ടാണേലും അല്ലറ ചില്ലറ കൈകൂലി കൊടുത്തിട്ടായാലും
സഹായത്തിനു പുത്രന്മാർ വരും.

ഞൊറിവുകൾ പിടിച്ചു സെറ്റ് ആക്കി തരാറുണ്ട്.

രചന :ബിന്ദു ജോസഫ്‌

Leave a Reply

Your email address will not be published. Required fields are marked *