❤ജ്യോതി ഷാജു 📝
കല്യാണം കഴിഞ്ഞ് മോൻ ഉണ്ടായതിനുശേഷം മുടങ്ങിപ്പോയ ഡിഗ്രി പഠനം പുനരാരംഭിച്ചു. സാധാരണ വിവാഹത്തിന് മുൻപായി പെണ്ണുകാണൽ സമയത്ത് ഔപചാരിരികമായുള്ള അന്വേഷണങ്ങളും ഉറപ്പുകളും മാത്രമാണ് ഒരു പെൺകുട്ടിയ്ക്ക് തുടർപഠനം എന്ന കടമ്പ. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ചെന്നു പെട്ടത് ഒരു സിംഹത്തിന്റെ മടയിൽതന്നെയായിരുന്നു..
അന്നൊക്കെ പിഎസ്‌സി അപ്ലിക്കേഷൻ അയക്കുന്നത് പോസ്റ്റൽ ആയിരുന്നു.പെങ്ങളുടെ ഭർത്താവ് എല്ലാ പിഎസ് സി നോട്ടിഫിക്കേഷൻ വരുമ്പോഴും ഫോം വാങ്ങി കൊണ്ട് വരും, പൂരിപ്പിച്ച് അയക്കാൻ. അന്നൊക്കെ പി എസ് സി എന്താന്നോ അതിൻറെ ഗുണം എന്തെന്നൊ അറിയാൻ ഉള്ള വകതിരിവ്ഉണ്ടായിരുന്നില്ല.
“അളിയൻ വാങ്ങിക്കൊണ്ടു വന്നത് അല്ലേ എന്തായാലും പൂരിപ്പിച്ച് അയക്കാം “….എന്ന് കരുതി അയക്കും . ഞാൻ മാത്രമല്ല ട്ടൊ…ചേട്ടൻറെ താഴെയുള്ള പെങ്ങളും ഉണ്ടാവും അയക്കാൻ.
അന്ന് ഇന്നത്തെപോലെ തൃശ്ശൂർ ക്കാർക്ക് കാസർഗോട്ടെക്കൊ , കാസർഗോഡ് ഉള്ളവർക്ക് തിരുവനന്തപുരത്തെക്കൊ ഒന്നും അല്ലായിരുന്നു, അവരവരുടെെ സ്ഥലത്ത് തന്നെ പി എസ് സി പരീക്ഷ കേന്ദ്രം കിട്ടുമായിരുന്നു..
എന്തിനു പറയാൻ ചുമ്മ പോയി പരീക്ഷ എഴുതും വരുന്ന വഴി ചേട്ടൻ ബിരിയാണി വാങ്ങിത്തരും അതാണ് ആകേയുള്ള എൻജോയ്മെന്റ്..
പരീക്ഷ ഹാളിൽ കറക്കി കുത്തി…കറക്കി… കുത്തി അര മണിക്കൂർ കൊണ്ട് നമ്മുടെ പരിപാടി അവസാനിപ്പിച്ചു ചെറിയ ഒരു ഉറക്കം അല്ലെങ്കിൽ ഇൻവിജിലേറ്റർ നെ വരക്കാൻ ഉള്ള ശ്രമം ഒക്കെ നടത്തി ലാസ്റ്റ് ബെല്ലിനു വേണ്ടി കാത്തിരിക്കും.. പറയാൻ മറന്നു പോയി എന്നും എന്റെ പാഷൻ വരയാണ്… കൂടെ കുറച്ച് ഡയറി എഴുത്തു ഉണ്ടെങ്കിലും മനസ്സിൽ തോന്നുന്നത് അപ്പോൾ തന്ന് വരയ്ക്കണം എന്നാണ്. നടക്കാതെ പോയ പല ആഗ്രഹങ്ങളും സന്തതി പരമ്പരകൾ നിലനിർത്തി പോകുന്നുണ്ട് എന്നതാണ് വലിയൊരു ആശ്വാസം. എല്ലാത്തിലുമുപരി പരീക്ഷകഴിഞ്ഞു പോകുന്ന വഴിയിൽ കയറുന്ന പാർക്കുകളും ബീച്ചുകളും റെസ്റ്റോറന്റുകളും തന്നെയാണ് മനസ്സിൽ മുഴുവൻ… അതിൽ പ്രധാനം എക്സാം കഴിഞ്ഞാൽ കിട്ടുന്ന ബിരിയാണി ഓർത്തു അങ്ങനെ നിർവൃതി അടിച്ചു ഇരിക്കും…
എല്ലാവരും എന്നെ പോലെ അല്ലാട്ടോ….ക്വസ്റ്റ്യൻ പേപ്പർ ശ്രദ്ധയോടെ വായിക്കുന്നു ആലോചിക്കുന്നു….കുത്തി കുറിക്കുന്നു….ഞാൻ ആലോചിക്കും ഇതിനു മാത്രം എന്താ അതിനുള്ളിൽ ഉള്ളത്….
ഡിഗ്രി പഠനം അവസാനിച്ചപ്പോൾ മൂത്ത നാത്തൂൻ എന്നെചാലക്കുടിയിലെ ഒരു psc കോച്ചിംഗ് സെന്ററിൽ കൊണ്ട് പോയി ചേർത്തു .. ചേച്ചി ആസമയത് പോലീസ് കോൺസ്റ്റബിൾ ആയി ചാലക്കുടി സ്റ്റേഷനിൽ ജോലി ചെയ്യുന്നുണ്ട് . ഇപ്പോ ഗവണ്മെന്റ് സർവീസിൽ കേറാം എന്ന വമ്പിച്ച ആഗ്രഹത്തോടെ “ഇതൊക്കെ എന്ത് ..’.വളരെ സിമ്പിൾ.. എന്ന മനോഭാവത്തോടെ എല്ലാ ഞായറാഴ്ചയും ഉച്ചക്ക് ഒന്നരക്ക് ക്ലാസിൽ കേറി ഇരിക്കും.. ഉച്ച സമയം അല്ലേ പകുതി ഉറക്കത്തിൽ ആവും ക്ലാസ് കേൾക്കുന്നത്.. ആരൊക്കെയോ വരുന്നു..പോകുന്നു എന്തൊക്കെയോ പറയുന്നു….എനിയ്ക്ക് ഒരു വകയും മനസിലായില്ല..
പത്താം ക്ലാസ്സിൽ കഷ്ടി പുഷ്ടിആയാണ് ഹിസ്റ്ററി യിൽ ജയിച്ചു പോന്നത്…ആ എനിയ്ക്ക് സിന്ധു നദീതട സംസ്‍കാരവും അശോകന്റെ ഭരണവും ഒന്നും തലേൽ കേറിയില്ല….ഏകദേശം ആറു മാസത്തോളം ഞാൻ ക്ലാസ്സിൽ പോയി…പരീക്ഷകൾ എഴുതുന്നു..കറക്കി കുത്തുന്നു..ബിരിയാണി കഴിക്കുന്നു….അങ്ങനെ അങ്ങനെ കാലം കടന്നു പോയി…ഒരു ലിസ്റ്റിന്റെയും ഏഴയലത്ത് പോലും ഞാൻ എത്തിയില്ല…
അതിനിടയിൽ പീ ജീ ചെയ്തു…ഇരിക്കട്ടെ ഒരു വാല്…. ഇനിയും പഠിപ്പിക്കാൻ ചേട്ടൻ തയ്യാറായി…. ഇനിയും പഠിച്ചാൽ എനിയ്ക്ക് വട്ട് പിടിക്കുമെന്ന് വിചാരിച് എന്തെലും ജോലിയ്ക്ക് പോവാമെന്ന് കരുതി… സ്നേഹനിധി ആയ പോലീസ് നാത്തൂൻ ചാലക്കുടിയിൽ ടാക്സ് വർക്കുകൾ ചെയ്യുന്ന ആളുടെ അടുത്ത് കൊണ്ട് വിട്ടു… പ്രസിദ്ധമായ ധ്യാന കേന്ദ്രത്തിന്റെ കണക്കും ഇദ്ദേഹം ആണ് നോക്കി കൊണ്ടിരുന്നത്..എന്നൊട് അവിടുത്തെ കണക്ക് എഴുതാൻ പഠിച്ചോ എന്നും.. ഞാനവിടെ ഒരു മൂന്നു മാസം വിശ്വാസികൾക്കു കത്തെഴുതി…എഴുതി എഴുതി കയ്യുടെ പണി തീർന്നു എന്നല്ലാതെ ഒരു കണക്കും പഠിച്ചില്ല….. പിന്നെ രണ്ട് മൂന്നു സ്ഥലങ്ങളിൽ ജോലി ചെയ്തു …ഒരു മുപ്പത്തഞ്ചു വയസ്സ് ആയിക്കാണും…ആ സമയത്ത് ആണ് വീണ്ടും psc പഠിക്കാൻ സീരിയസ് ആയി ആഗ്രഹം പൊട്ടിമുളയ്ക്കുന്നത്…
ആങ്ങളയുടെ ഭാര്യ കോച്ചിംഗ് നു പോണുണ്ടായിരുന്നു ..അവൾ എന്നൊട് പറഞ്ഞു “നാത്തൂനെ ഒരു കോച്ചിംഗ് സെന്റർ ഉണ്ട് അവിടെ പോയി പഠിച്ചാൽ ജോലി ഉറപ്പാ..”.
“ഈ പ്രായത്തിൽ ഇനി പഠിയ്ക്കാനോ എയ് ഞാനൊന്നുമില്ല …” പക്ഷെ അവൾ വിടാൻ ഭാവം ഇല്ല…അങ്ങനെ ഉള്ള ജോലി നിലനിർത്തികൊണ്ട് ഞായറാഴ്ച ക്ലാസ്സുകളിൽ പോയിതുടങ്ങി… പോയി തുടങ്ങിയപ്പോ അല്ലേ മനസ്സിലായെ ലാലേട്ടൻ പറയുന്ന പോലെ സിംഹത്തിന്റെ മടയിൽ ആണ് ഞാൻ എത്തി പെട്ടത് എന്നു..ആദ്യ ദിവസം പരിചയപ്പെടലിന്റെ ആയിരുന്നു…വല്ല്യ പഠിപ്പുകാരി, പേരിന്റെ അറ്റത് ഒരു എം കോം വാലും ഒക്കെ പറഞ്ഞപ്പോ മാഷിന്റെ മുഖത്ത് ഒരു ചിരി….ഇപ്പൊഴെങ്കിലും ബോധം വന്നല്ലൊ.,….ഇനിയും വൈകിയിട്ടില്ല..മാഷിന്റെ ഭാര്യക്ക് ഞങ്ങളുടെ പ്രിയപെട്ട ടീച്ചർക്ക് വെറും മൂന്നു മാസം പഠിക്കേണ്ടി വന്നുള്ളൂ ജോലി കിട്ടി…അതെല്ലാം ക്കെ കേട്ടപ്പോ ഒരു ഒന്നൊന്നര മോട്ടിവേഷൻ ആയിരുന്നു… ഏതായാലും പിന്നീട് അങ്ങൊട്ട് തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് ആയിരുന്നു….പഠിക്കാതെ നിവൃത്തി ഇല്ല…അടി ,വഴക്ക്, ഇമ്പോസിഷൻ, തലയിൽ പാത്രം ചുമക്കൽ, റെയിൽവേ സ്റ്റേഷൻ പരിസരത്തു ട്രെയിൻ പോണ പോലെ വരി വരി ആയി പോവുക…സ്റ്റെപ്സ് മുട്ടുകുത്തി കയറൽ എന്നിങ്ങനെ പോകുന്നു മാഷിന്റെ കലാപരിപാടികൾ…
എന്തൊക്കെ ചെയ്താലും മാഷ് ഞങ്ങൾക്ക് പ്രിയപെട്ടവൻ ആയിരുന്നു…ഒരു ദേഷ്യമോ വിഷമമോ മനസ്സിൽ ഇത് വരെ തോന്നിയിട്ടില്ല…
ഒരു കൊല്ലം ഞായറാഴ്ച ബാച്ച് മാത്രം പോയി….പോര പഠിപ്പ് ഒന്നുകൂടി വിപുലീകരിക്കേണ്ടി ഇരിക്കുന്നു എന്നു കരുതി ഉള്ള ജോലി വേണ്ടെന്നു വെച്ചു റഗുലർ ക്ലാസ്സിനു ചേർന്നു…
ബാക്കി ടീച്ചേർസ് എക്സാം എടുത്താൽ പേപ്പർ തരാൻ വരുന്നത് മാഷ് ആണ്…നല്ല മുട്ടൻ ചൂരൽ കൊണ്ട്….50 മാർക് ന്റെ പേപ്പർ ആണെങ്കിൽ ഏറ്റവും ടോപ് മാർക് ന്റെ താഴെ ഉള്ള മൂന്നാമത്തെ ആൾക് തൊട്ട് അടിയാണ്…എന്നെ ഒക്കെ അടിക്കാൻ വരുമ്പോൾ മാഷ് ആദ്യം ഒന്നു തൊട്ട് തൊഴും..കാരണം മൂത്തവരെ തല്ലാൻ പാടില്ലല്ലോ….എന്നിട്ട് ഒരു ആത്മഗതം “എന്താടോ വാര്യരെ താൻ നന്നാവാത്തെ”…. ഏകദേശം ഒന്നര കൊല്ലം ഈ കലാപരിപാടികൾ ആയിട്ട് നടന്നു…മാഷ് ഞങ്ങളുടെ കൺകണ്ട ദൈവം ആയി…ഒരു ഗുരുനാഥൻ എങ്ങനെ ആയിരിക്കണംഎന്നതിന്റെ ഉത്തമ ഉദാഹരണം ആയിരുന്നു ഞങ്ങളുടെ മാഷ്…..മാഷ് മാത്രം ആല്ലാട്ടോ…ടീച്ചറും…..
അങ്ങനെ അത്ഭുതം എന്നു പറയട്ടെ വീടിനടുത്തു തന്നെ എക്സാം സെന്റർ കിട്ടി..പത്തു മിനിറ്റ് മതി യാത്ര…സാരീ ഒക്കെ ഉടുത്ത് അത്യാവശ്യം ഗെറ്റപ്പിൽ തന്നെ പരീക്ഷക്ക് പോയി.,..അടുത്തായത് കൊണ്ട് അഞ്ചു മിനിറ്റ് മുൻപാണ് ഹാളിലേയ്ക്ക് കയറിച്ചെന്നത്…എല്ലാവരും ലാസ്റ്റ് അഞ്ചു മിനിട്ട് കൊണ്ട് ഒരു റാങ്ക് ഫയൽ മൊത്തം വിഴുങ്ങാം എന്ന രീതിയിൽ തല കുത്തി നിന്നു വായിക്കാ…എല്ലാവരെയും നോക്കി “ഹിതൊക്കെ എന്ത് …നമ്മൾ ഇതെത്ര കണ്ടിരിക്കുന്നു “എന്ന രീതിയിൽ വല്ല്യ ഗെറ്റപ്പിൽ ഹാളിലേക്ക് കേറിയതും എല്ലാവരും എന്നെ കണ്ട് എഴുന്നെറ്റ് നിന്നതും ഒരുമിച്ചായിരുന്നു…ഞാനാകെ ബ്ലിങ്ങസ്യ ആയി…പിന്നീടല്ലേ കാര്യം മനസിലായത് …എന്നെ കണ്ട് ഇൻവിജിലേറ്റർ ആണെന്ന് തെറ്റിദ്ധരിച്ചാണ് അവർ ഈ പ്രക്രിയ ചെയ്തത്…. അവർ തെറ്റിധരിച്ചതിനു കാരണം ഉണ്ട് സാരീക്കു പുറമെ ഒരു കണ്ണടയും ഫിറ്റ് ചെയ്തിരുന്നു കണ്ണു കാണില്ല എന്നു പാവം ഉദ്യോഗാർത്ഥികൾക്ക് അറിയില്ലല്ലൊ…. എന്താ പറയാ ഈ വയസാം കാലത്ത് പഠിക്കാൻ പോയാൽഇങ്ങനെയൊക്കെ ഉണ്ടാവും…..
ജോലി കിട്ടുന്നതും കിട്ടാതെ ഇരിക്കുന്നതും ഒകെ ഒരു ഭാഗ്യപരീക്ഷണം ആണ്…എന്നാലും പൊരുതി തോറ്റു എന്നു തന്നെ പറയാം….മാഷിന്റെ ശിക്ഷണത്തിൽ ഒരുപാട് പേർക്ക് ജോലി കിട്ടി….”ഭാഗ്യം”… അത് എല്ലവർക്കും ഓരോരോ തരത്തിൽ ആയിരിക്കമല്ലോ…അല്ലേ..?
എന്തൊക്കെ ആയാലും പി എസ്സ് സി പഠിച്ചത്കൊണ്ട് അത്യാവശ്യം ലോക വിവരം ഉണ്ടായി….. പിന്നെ നമ്മുടെ പ്രിയപ്പെട്ട നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാനും കളിയാക്കാനും ഒരു വിഷയം കൂടി ഞാൻ കാരണം ഉണ്ടായി…😂😂
❤ജ്യോതി ഷാജു 📝