Categories
Uncategorized

സത്യം പറഞ്ഞാലുണ്ടല്ലോ അവളുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞുപോയി…

രചന: Adam John

പ്രണയവും അതീന്ന് ലാഭ വിഹിതവായി കിട്ടിയ തേപ്പുവൊക്കെ ആയി അത്യാവശ്യം എക്സ്പീരിയൻസൊക്കെ നേടിക്കഴിഞ്ഞപ്പോ ഇനിയൊരു കല്യാണവേ വേണ്ടെന്ന് കരുതി നടക്കുന്ന കാലത്താണ് വീട്ടുകാര് കല്യാണത്തിനായി നിർബന്ധിക്കാൻ തുടങ്ങുന്നേ. ചിലപ്പോ തോന്നാറുണ്ട് സന്തോഷത്തോടെ നടക്കുന്നോരെ കാണുമ്പോ വീട്ടുകാർക്കും നാട്ടുകാർക്കും എന്നാ ചൊറിച്ചിലാന്ന്.

പറയാൻ കാര്യവുണ്ട്. ചുമ്മാ ആർക്കും ശല്യവില്ലാതെ നടക്കുവാന്നേലും ചില അമ്മാവന്മാരുടെ ചോദ്യവുണ്ട്. കല്യാണവൊന്നും ആയില്ലേ ചെറുക്കാന്ന്. കാര്യം ഞാൻ വേണ്ടെന്ന് വെച്ചതാന്നേലും അവരുടെ കാഴ്ചപ്പാടിൽ എനിക്ക് പെണ്ണ് കിട്ടാത്തോണ്ടാ കല്യാണം നടക്കാത്തെന്നാ പറയാ. ഇവിടെ വീട്ടിലുള്ള അമ്മാവന്മാരെ കൊണ്ട് തന്നെ നിൽക്കക്കള്ളിയില്ലെന്നേ. അപ്പോഴാ നാട്ടിലുള്ളത് വേറെയും.

അതീന്നൊക്കെ രക്ഷപ്പെടാൻ വേണ്ടി വീട്ടിലിരിക്കാവെന്ന് വെച്ചാലോ അപ്പോ തന്നെ വല്യമ്മച്ചിയുടെ എൻട്രിയായി. കാര്യം വല്യമ്മച്ചി സംസാരിക്കുമ്പോ നല്ല സ്ട്രോങ്ങാണ്. എന്നാലും എന്തേലും കാര്യ സാധ്യത്തിനാണ് വരുന്നതെൽ ആ അഭിനയം ഒന്ന് കാണേണ്ടതാ. ഫൈവ് സ്റ്റാർ ചോക്ലേറ്റ് പരസ്യത്തിലെ മുത്തശ്ശി ഇല്ലായോ. അതുക്കൂട്ട് ഒരു വരവാണ്.

എന്നിട്ട് ശബ്ദവൊക്കെ താഴ്ത്തി എന്റെ കണ്ണടയുന്നതിന് മുമ്പേലും നിന്റെ കല്യാണം നടന്ന് കാണാൻ ആഗ്രഹവുണ്ടെന്ന് പറഞ്ഞു കേക്കുമ്പൊ സത്യം പറയാലോ ജനിച്ചു വീണ കുഞ്ഞു പോലും എഴുന്നേറ്റ് ചെന്ന് കല്യാണം കഴിച്ചു പോവും. അത്രക്ക് എക്സ്പ്രെഷൻ ഇട്ടോണ്ടല്ലായോ പറയാ. അത് കേക്കേണ്ട താമസവേ ഉള്ളൂ. കാറ്റ് വീശുമ്പോ നാട്ട് മാങ്ങ വീഴത്തില്ലായോ. അന്നേരം പിള്ളേരെല്ലാം കൂടിയൊരു വരവുണ്ട്. അതുക്കൂട്ട് വീട്ടുകാര് ഒക്കെക്കൂടെ വന്നൊണ്ട് വല്യമ്മച്ചിടെ ഒപ്പം കൂടും. ഒള്ളത് പറയാലോ കല്യാണവും കഴിഞ്ഞ് കൊച്ചിനിപ്പോ വയസ്സഞ്ചായി. ഇപ്പഴും വല്യമ്മച്ചി ഉറങ്ങാൻ വേണ്ടിയല്ലാതെ കണ്ണടച്ചിട്ടില്ല.

വന്ന് കേറിയ പെണ്ണിനോട് ബാഹുബലി സിനിമയുടെ കഥ പറഞ്ഞു കൊടുക്കുന്ന ഫീലോടെയാണ് അമ്മായി പൊടിപ്പും തൊങ്ങലും ചേർത്തോണ്ട് എന്റെ പൂർവ കഥകൾ പറഞ്ഞു കൊടുത്തെ. അതോടെ എന്റെ ദുരന്തം പൂർണമായിന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. ഇടക്കിടെ അതിന്റെ പേരും പറഞ്ഞോണ്ട് എനിക്കിട്ട് കുത്താൻ കിട്ടുന്ന ഒരവസരങ്ങളും ദൈവം സഹായിച്ച് എന്റെ ഭാര്യ പാഴാക്കാറുമില്ല.

പ്രണയത്തിലാരിക്കുമ്പോ തേച്ചു പോവുന്ന പെൺകുട്ടികളിൽ പലർക്കും തിരിച്ചറിവുണ്ടാവുന്നത് കല്യാണത്തിന് ശേഷവാരിക്കും. ആദ്യ കാമുകൻ തന്നെ മതിയാരുന്നു. അവന്റെ സ്നേഹവാരുന്നു വലുതെന്നൊക്കെയുള്ള തോന്നൽ ശക്തമാവുമ്പൊ ഒരിത്തിരി ആശ്വാസത്തിന് പഴയ ആളോടൊന്ന് മിണ്ടാൻ തോന്നുന്നതൊക്കെ സ്വഭാവികം.

ആൺകുട്ടികളാന്നേൽ ശുദ്ധ മനസ്സല്ലായോ. പഴയതൊക്കെ മറന്നോണ്ട് അവരെ സ്വീകരിക്കും. വിഷമങ്ങളൊക്കെ കേക്കുമ്പോ ആശ്വസിപ്പിക്കുന്ന മോട്ടിവേറ്ററാവും. ഒക്കെ വിധിയാണെന്ന് ഓർത്ത് സമാധാനിക്കാൻ ഉപദേശിക്കുന്ന ഫിലോസഫറാവും. ഇത്രേം കൃത്യവായി പറയാൻ കാരണം തേച്ചിട്ട് പോയ പഴയ കാമുകിമാരിൽ ഒരുവൾ എന്റടുത്തും വന്നാരുന്നു. അവൾക്ക് മോട്ടിവേഷൻ കൊടുക്കാൻ വേണ്ടി മാത്രവായി ഞാൻ യൂട്യൂബിൽ കേട്ട ക്‌ളാസുകൾക്ക് കണക്കില്ല. നിനക്കിത്രേവൊക്കെ അറിവുണ്ടാരുന്നോടാ ന്നുള്ള മട്ടിൽ അവൾ ഇമോജി ഇടുമ്പോ ഞാൻ മധുര പ്രതികാരത്തോടെ ഊരിച്ചിരിക്കുവെങ്കിലും അതൊന്നും പുറമെ കാണിക്കാതെ ഇതൊക്കെ എന്ത് ന്നുള്ള മട്ടിൽ റിപ്ലൈ കൊടുക്കുവാ പതിവ്.

ഭർത്താവിനെ തേടിയെത്തിയ കാമുകിക്ക് ഭർത്താവിനെ കെട്ടിച്ചു കൊടുത്ത ഭാര്യയുടെ വാർത്ത വൈറലായി കണ്ടപ്പോ അതിന്റെ ലിങ്ക് കിടക്കാൻ നേരം ഞാൻ കാമുകിക്ക് അയച്ചു കൊടുത്താരുന്നു. ചുമ്മാ ഒരു രസം. അവളുടെ റിപ്ലൈ കാണാത്തോണ്ട് നെറ്റ് ഓഫ് ചെയ്ത് കിടന്നതാ. ക്ഷീണം കൊണ്ടാന്നോ എന്തോ അറിയാതെ കണ്ണടഞ്ഞു പോയി.

ഭാര്യ പുറത്താരോടോ സംസാരിക്കുന്ന കേട്ടോണ്ടാ കണ്ണ് തുറന്നെ. ആരാന്നാവോ ഈ നേരത്ത്. കണ്ണും തിരുമ്മിക്കൊണ്ട് ചെന്ന് നോക്കിയപ്പോ ഈശോയെ ദേ നിക്കുന്നു പഴയ കാമുകി. രണ്ടും കല്പിച്ചുള്ള വരവാന്ന് തോന്നണു. വല്യൊരു ബാഗോക്കെ തോളേൽ ഇരിപ്പുണ്ട്. ഞാൻ അന്തം വിട്ടോണ്ട് അവളേം ഭാര്യയേം മാറി മാറി നോക്കുമ്പോ ഭാര്യ ചിരിച്ചോണ്ട് പറയാ ഇതെന്നാ നോട്ടവാ ഇച്ചായ. അവളുടെ കൈ പിടിച്ചോണ്ട് അകത്തോട്ട് കയറ്റെന്ന്.

സത്യം പറഞ്ഞാലുണ്ടല്ലോ അവളുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞുപോയി. അന്നേരം ഇ-റ്റി വീഴുന്ന കണ്ണുനീര് സാരിത്തുമ്പിനാൽ ഒപ്പിയെടുത്തോണ്ട് ഭാര്യ പറയുവാ ഇച്ചായന്റെ സന്തോഷവല്ലേ എന്റേം സന്തോഷവെന്ന്. ഈ പെണ്ണെന്നെ പിന്നേം കരയിക്കുവാന്നല്ലോ ഈശോയെ. ഒടുക്കം അവളുടെ കൈ പിടിച്ചോണ്ട് അകത്തോട്ട് നടക്കുമ്പോ ഭാര്യ പറയുവാ ഞാൻ പാലെടുത്തോണ്ട് വരാം നിങ്ങൾ മുറിയിലോട്ട് ചെല്ലെന്ന്. സ്നേഹിച്ചങ്ങട് കൊല്ലുവാന്നേ.

മുറിയിലെത്തിയതും എനിക്ക് ക്ഷമ നശിച്ചാരുന്നു. അതിപ്പോ ആരായാലും നശിച്ചോവും. മനസ്സ് നിറഞ്ഞു നിക്കുവല്ലായോ. അതിന്റെ ആവേശത്തിലാന്നോ ആക്രാന്തത്തിലാന്നൊ എന്നറിയത്തില്ല. ഞാനവളെ ഇ-റുകെ പിടിച്ചോണ്ട് അഞ്ചാറു-മ്മകൾ കൊടുത്തത് ദേ ഇപ്പഴും ഈ ചുണ്ടിൽ തങ്ങി നിപ്പുണ്ട്.

നിങ്ങക്കെന്താ മനുഷ്യാ കാമഭ്രാന്താന്നൊന്നും ചോദിച്ചോണ്ടവളെന്നെ തള്ളി മാറ്റിയപ്പഴാ ഞാൻ കണ്ണ് തുറന്നേ. നോക്കുമ്പോ ദേ ഭാര്യ അരികെ കിടക്കുന്നു. ശ്ശൊ അപ്പോ കണ്ടതൊക്കെ സ്വപ്നവാരുന്നോ.

എന്താന്നേലും കണ്ട കാര്യങ്ങളൊക്കെ അവളോട് പറഞ്ഞേക്കാവെന്ന് വെച്ചു. എന്നേലും പൂർവ കാമുകി അന്വേഷിച്ചു വരുവാന്നേൽ അതേ പറ്റി ഒരു ധാരണ ഉണ്ടാവൂല്ലോ. എന്നെ നന്നായറിയാവുന്നതോണ്ടാവും ഒക്കെ കേട്ട് കഴിഞ്ഞപ്പോ എല്ലാ ഭാര്യമാരേം പോലെ അവള് ചിരവയെടുത്തില്ല. കിണറ്റിൽ ചാടാൻ പോയീല്ല. ബാഗും എടുത്തോണ്ട് വീട്ടീന്നിറങ്ങിയില്ല. പകരം യാതൊരു ഭാവമാറ്റവും കൂടാതെ എന്റെ മുഖത്തോട്ട് നോക്കിക്കൊണ്ട് പറയുവാ. അഥവാ അങ്ങനെ വരുവാണേൽ തന്നെ ഞാനാ കൊച്ചിനെ പറഞ്ഞു മനസിലാക്കി തിരികെ വിടത്തെ ഒള്ളൂന്ന്. അറിഞ്ഞോണ്ടൊരു ക്രൂരതക്ക് കൂട്ട് നിക്കാൻ അവൾക്കാവത്തില്ലെന്നും.

ഈശോയെ ഇതിലും ഭേദം ചിരവ കൊണ്ട് തലക്കടിക്കുന്നതാരുന്നു.

രചന: Adam John

Leave a Reply

Your email address will not be published. Required fields are marked *