✍️ബുഷ്‌റ ജമാൽ
ഷോപ്പിൽ നിന്നും റൂമിലേക്ക് വരുമ്പോൾ ഷെമീർ ഓർത്തു.. നാളെ ഈ നേരത്തൊക്കെ താൻ നാട്ടിൽ ആവും.. നാട്ടിൽ നിന്ന് വന്നിട്ട് രണ്ടു വർഷം കഴിഞ്ഞു..
കഴിഞ്ഞ പ്രാവശ്യം രണ്ടു മാസത്തെ ലീവിന് നാട്ടിൽ പോയപ്പോ കല്യാണവും കഴിച്ചു വന്നതാണ്..
കല്യാണം കഴിഞ്ഞു ആകെ ഒന്നര മാസമാണ് ഓൾടെ കൂടെ നിന്നത്..
മധുവിധുവിന്റെ മധുരം മാറും മുൻപ് ഓളെയും തനിച്ചാക്കി പോന്നതാണ്..
ഇവിടെ വന്നതിനു ശേഷമാണ് ഓൾക്ക് വിശേഷം ഉണ്ടെന്ന് അറിയുന്നത്…
അപ്പൊ ഉണ്ടായ സന്തോഷം.. ഒന്ന് കാണാൻ വല്ലാതെ കൊതിച്ചു പോയി..
ന്റെ പെണ്ണ്.. ഓളെ പേര് ജസ്‌ന ന്നാണ്..എല്ലാരും ജെസ്സി എന്ന് വിളിക്കും..
കല്യാണ കാര്യം നോക്കുമ്പോ ഉമ്മാടും പെങ്ങന്മാരോടും ഒരു കാര്യം മാത്രമെ താൻ പറഞ്ഞിരുന്നുള്ളു…
എനിക്ക് കുട്ടി വല്യ മൊഞ്ചോന്നും വേണമെന്നില്ല..
എന്നാ എല്ലാരോടും നല്ല രീതിയിൽ പെരുമാറുന്ന സ്നേഹമുള്ള ഒരു കുട്ടി ആവണം എന്നുണ്ട്.. എന്നാണ്..
അങ്ങനെ പെങ്ങളെ വീടിനടുത്തുള്ള ഒരു വീട്ടിൽ നിന്നാണ് ഓൾടെ കാര്യം വന്നത്…
ഫോട്ടോ അയച്ചു തന്നപ്പോ തന്നെ തനിക്ക് ഇഷ്ടം ആയി..
അത്യാവശ്യം മൊഞ്ചുള്ള ഒരു കുട്ടി തന്നെ ആയിരുന്നു..
പെങ്ങളെ വീട്ടുകാർക്ക് അറിയാവുന്ന കുടുംബം ആയത് കൊണ്ടു തന്നെ അന്വേഷിക്കാൻ ഒന്നുമുണ്ടായിരുന്നില്ല.. .. അങ്ങനെ നാട്ടിൽ പോയി പെട്ടെന്ന് തന്നെ കല്യാണവും കഴിഞ്ഞു.. താൻ ആഗ്രഹിച്ച പോലെ തന്നെ നല്ല സ്വഭാവത്തിന് ഉടമയായവൾ..
തന്റെ മാതാ പിതാക്കളെ പൊന്ന് പോലെയാണവൾ നോക്കുന്നത്. തിരിച്ചു അവരും അങ്ങനെ തന്നെ…
മരുമോൾ അല്ല മോൾ തന്നെയാണ് അവർക്ക് അവൾ..
ആഹ്..ഞാൻ എന്നെ പറ്റി നിങ്ങളോട് പറഞ്ഞില്ലല്ലോ… എന്റെ പേര് ഷെമീർ..
ഉപ്പയും ഉമ്മയും രണ്ടു പെങ്ങന്മാരും ഉൾപ്പെട്ടതാണ് എന്റെ കുടുംബം..
ഉപ്പാക്ക് മീൻ കച്ചോടം ആയിരുന്നു.. പൊതുവേ ശ്വാസംമുട്ടൽ ഉള്ള ആളാണ് ഉപ്പ..
പ്രായം കൂടി വരും തോറും ശ്വാസംമുട്ടലും കൂടിവന്നു..
വല്ല്യ രീതിയിൽ അല്ലെങ്കിലും മൂത്ത പെങ്ങളെ ഉപ്പ തന്നെ കല്യാണം കഴിപ്പിച്ചയച്ചു..
ഓളെ കെട്ടിയത് ഒരു ഡ്രൈവറാണ്.. അവർക്ക് രണ്ടു മക്കൾ. ഒരാണും ഒരു പെണ്ണും..അവർ കിട്ടുന്നത് കൊണ്ട് സുഖമായി ജീവിക്കുന്നു..
ഉപ്പാടെ അസുഖം കൂടുതലായി ഉപ്പാക്ക് പിന്നെ ജോലിക്കൊന്നും പോവാൻ പറ്റാതായി..
അങ്ങനെയാണ് പ്ലസ് ടു കഴിഞ്ഞപ്പോ താൻ ചെറിയ ജോലിക്കൊക്കെ പോയി തുടങ്ങുന്നത്..
ആദ്യം അടുത്തുള്ള ഉസ്മാൻക്കാടെ കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കുന്ന ജോലിക്ക് കയറി..
ഒരു വർഷം അവിടെ നിന്നു. പതിയെ ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് കിട്ടിയപ്പോ ഉപ്പാടെ പഴയ കൂട്ടുകാരനും ആ പ്രദേശത്തെ ഗൾഫ്കാരനുമായ ബീരാൻക്ക ഉപ്പാട് പറഞ്ഞു..
ഓന്ക്ക് ലൈസൻസ് ഒക്കെ കിട്ടീലെ.. ഞാനൊരു വണ്ടി എടുക്കുന്നുണ്ട്. ഓനത് ഓടിക്കട്ടെ.. ന്റെ വീട്ടില് ഏതായാലും ഒരാൻകുട്ടി ഇല്ലല്ലോ..
കുടുംബത്തുള്ളോർക്ക് പുറത്തേക്കും ആശുപത്രിയിലും ഒക്കെ പോവാൻ ഒരു കൂട്ടും ആയല്ലോ എന്ന്..ബീരാൻകാക്ക് മൂന്നു പെൺകുട്ടികൾ ആണ്..
അങ്ങനെ അവിടെ രണ്ടു വർഷം…അതിനിടയിൽ ആൺകുട്ടികൾ ഇല്ലാത്ത ബീരാൻക്കാടെ ഭാര്യ ആയിസുത്താക്ക് തന്നോടുള്ള സ്നേഹം കാരണം ബീരാൻക്കാട് പറഞ്ഞു സലാലയിലുള്ള അവരുടെ തന്നെ ഗ്രോസറിയിലേക്ക് തനിക്കൊരു വിസ ഒപ്പിച്ചു തന്നു..
ഇവിടെ വന്നതിന് ശേഷം വല്യ ശമ്പളമൊന്നുമില്ലെങ്കിലും തനിക്ക് പെങ്ങളെ കെട്ടിച്ചയക്കാനും.. ഓല മേഞ്ഞ വീട് മാറ്റി ഓട് വീട് ആക്കാനും പറ്റി..
എല്ലാം കഴിഞ്ഞു ഒന്ന് നടു നിവർത്തുമ്പോഴേക്കും തനിക്കും പത്തിരുപത്തിയേഴു വയസ് ആയിരുന്നു..
പിന്നെ വീട്ടിൽ നിന്നും വിളിക്കുമ്പോഴെല്ലാം കല്യാണകാര്യം ആവും ഉപ്പക്കും ഉമ്മക്കും പറയാൻ ഉണ്ടാവുക..
നിന്റെ കല്യാണം കഴിഞ്ഞു നിന്റെ കുട്ടികളേം കൊഞ്ചിച്ചിട്ട് വേണം ഞങ്ങൾക്ക് രണ്ടാൾക്കും കണ്ണടക്കാൻ എന്ന് എപ്പോഴും പറയും..
ന്നാ പിന്നെ ഇനി അധികം വെക്കാതെ കെട്ടി കളയാമെന്ന് താനും വിചാരിച്ചു..
എന്താ മോനെ.. ഇയ്യ് ഇബടെ ഒന്നും അല്ലെ..
റഹീമിക്കയുടെ ചോദ്യം കേട്ടപ്പോഴാണ് റൂമിൽ എത്തിയത് അറിഞ്ഞത്..
ഹേയ്.. ഒന്നുമില്ലിക്കാ.. ഞാൻ ഓരോന്ന് അങ്ങനെ ഓർത്തു പോയി..
ആഹ്.. ഇയ്യ് നാളെ എപ്പളാ ഇറങ്ങണത്.. പത്തു മണിക്കല്ലേ ഫ്ലൈറ്റ്..
ആ ഇക്കാ.. നേരത്തെ ഇറങ്ങണം..
ഇന്നലെ തന്നെ റൂമിലുള്ളവരൊക്കെ കൂടി പെട്ടിയൊക്കെ കെട്ടി വെച്ചിരുന്നു..അത് കൊണ്ട് ഇനി ആ പണിയില്ല ..
ന്നാ ഭക്ഷണം കഴിഞ്ഞു കെടുക്കാൻ നോക്കിക്കോ.. നേരത്തെ എണീക്കേണ്ടതല്ലേ.. അപ്പുറത്തെ കട്ടിലിൽ കിടന്നു മനാഫ് പറഞ്ഞു…
പെട്ടെന്ന് തന്നെ ഒരു കുബൂസും എടുത്തു കടല കറിയും കൂട്ടി കഴിച്ചു..
ഒന്ന് കൂടി കൊണ്ടു പോവാൻ ഉള്ള സാധനങ്ങൾ എല്ലാം ഓക്കേ അല്ലെ എന്ന് നോക്കി..
ടിക്കറ്റും പാസ്പോർട്ടും എടുത്തു ഹാൻഡ്ബാഗിൽ വെച്ചു… എല്ലാം റെഡി ആണ് ..
ഇനി നാട്ടിലേക്കൊന്നു എത്തികിട്ടിയ മതി… ഓൾടെ കൂടെ നിന്ന് കൊതിതീരാതെ പോന്ന താണ്.. ഫോൺ വിളിക്കുമ്പോ എന്നും പരിഭവം പറച്ചിലാണ് പെണ്ണിന്..
അതിലും വിഷമമാണ് മോനെ കാണാതെ….
വീഡിയോ കോളിലൂടെയും വീഡിയോകളിലൂടെയുമൊക്കെയാണ് അവന്റ കളി ചിരികൾ താൻ കണ്ടിട്ടുള്ളത്..
തന്റെ പൊന്നു മോൻ.. അവൻ ഉണ്ടായതിൽ പിന്നെ ഉപ്പയും ഉമ്മയും ഭയങ്കര സന്തോഷത്തിലാണ്..
എപ്പോ വിളിച്ചാലും മോന്റെ കാര്യം പറയാനേ അവർക്ക് നേരമുള്ളു..
ഓരോന്നോർത്തു കിടന്നു എപ്പോഴോ ഉറങ്ങിപോയി..
അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്…
ഫോൺ എടുത്തു നോക്കുമ്പോൾ ബാങ്കു വിളിക്കാൻ ആയിരിക്കുന്നു..
പെട്ടെന്ന് തന്നെ പോയി വുളു എടുത്തു വന്നു..
കുറച്ചുനേരം ഖുർആൻ ഓതി.. അപ്പോഴേക്കും ബാങ്ക് വിളിച്ചു..
നിസ്കാരം കഴിഞ്ഞു ഒരു സുലൈമാനി ഉണ്ടാക്കി കുടിച്ചു..
റൂമിലുള്ള ഓരോരുത്തരായി എണീറ്റ് വന്നു..നിസ്കാരമൊക്കെ കഴിഞ്ഞു വന്ന അവരോട് കുറച്ചു നേരം സംസാരിച്ചിരുന്നു..
മൊബൈൽ എടുത്തു നോക്കിയപ്പോൾ ജസ്നയുടെ വാട്സാപ്പ് മെസ്സേജ് വന്നു കിടക്കുന്നുണ്ട്. ..
ഫോണെടുത്തു വീട്ടിലേക്കൊന്നു വിളിച്ചു..
ആരൊക്കെയാണ് എയർപോർട്ടിലേക്ക് വരുന്നതെന്ന് ചോദിച്ചു…
ഉപ്പാക്ക് വണ്ടിയിൽ ഇരിക്കാൻ ബുദ്ധിമുട്ട് ആയതുകൊണ്ട് ഉപ്പ വരുന്നില്ലെന്ന് പറഞ്ഞു…
അളിയന്റെ വണ്ടിയിൽ ഉമ്മയും ജെസ്സിയും പെങ്ങളുടെ മക്കളും കൂടി ആണ് വരുന്നത്..
അവരോട് കുറച്ചു നേരം സംസാരിച്ചു ഫോൺ വെച്ചു…
ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കൃത്യസമയത്ത് തന്നെ സലിം വണ്ടിയുമായി വന്നു.. കൂട്ടുകാരനാണ് സലീം.
മനസ്സു തുടി കൊട്ടുകയാണ്… നാട്ടിലേക്ക് എത്തിച്ചേരാൻ ഇനി മണിക്കൂറുകൾ മാത്രമൊള്ളൂ..
എയർപോർട്ടിൽ എത്തി ലഗേജ് ഒക്കെ ഇട്ട് ബോഡിങ് പാസും കിട്ടി ഫ്ലൈറ്റിനു വേണ്ടിയുള്ള കാത്തിരിപ്പ്….
നാട്ടിൽ ഫ്ലൈറ്റ് ഇറങ്ങി പുറത്ത് ഇറങ്ങിയതും കണ്ടു.. തന്നെ കാത്തു നിൽക്കുന്ന തന്റെ കുടുംബത്തെ…
ജെസ്സി തന്നെ തന്നെ കണ്ണ് വെട്ടാതെ നോക്കി നിൽക്കുന്നുണ്ട്.. അവളുടെ ഒക്കത്ത് തന്റെ പൊന്നു മോൻ…
അവളുടെ നേരെ ഒരു പുഞ്ചിരി എറിഞ്ഞു മോനെ എടുത്ത് വാരിപ്പുണർന്നു..
പെണ്ണിന് ചെറിയ ഒരു കുശുമ്പ് വന്നെന്നു തോന്നി..
ഉമ്മ വന്നു കെട്ടിപിടിച്ചു ഉമ്മ തന്നു. അളിയനോടും കുട്ടികളോടും കുശലം പറഞ്ഞു….
അവൾക്ക് നേരെ ഒരു കള്ള ചിരിയുമെറിഞ്ഞു വണ്ടിയിൽ കയറി..
കയറുന്നതിനിടയിൽ ഓൾടെ കൈവിരലിൽ പതുക്കെ ഒന്ന് മുത്തം വെച്ചു..
ഉമ്മയോ മറ്റുള്ളവരോ കണ്ടോ എന്ന ബേജാറാണ് പെണ്ണിന്റെ മുഖത്ത്..
പരിജയമില്ലാത്ത ആളായത് കൊണ്ടു തന്നെ മോൻ തന്റെ അടുത്ത് അധികം ഇരുന്നില്ല…
ഓളുടെ അടുത്തേക്ക് തന്നെ ചാടി വീണു.. കൊഞ്ചിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ തന്നെ നോക്കുന്നുണ്ട്… ഇവനാരെടാ എന്ന ഭാവത്തിൽ..
നാട്ടുവർത്താനങ്ങളും കളിചിരിയും സംസാരവുമെല്ലാമായി പോവുന്നതിനിടയിലാണത് സംഭവിച്ചത്..
എതിരെ നിയന്ത്രണംവിട്ടു വന്ന ഒരു ലോറി തങ്ങളുടെ വണ്ടിയെ ഇടിച്ചു..
വണ്ടി ലോറിയുടെ അടിയിൽ പെട്ടു ഞെരിഞ്ഞമർന്നു..
മോൻ. എന്റെ മോൻ.. റബ്ബേ.. ന്റെ മോനെ കണ്ട് കൊതി തീർന്നിട്ടില്ലല്ലോ അള്ളാഹ്..
ന്റെ ഉമ്മ.. ഭാര്യ.. യാ റബ്ബേ… ഉറക്കെ നിലവിളിച്ചു കൊണ്ടു ഞെട്ടി ഉണർന്നു..
എന്താ മോനെ എന്ത് പറ്റി… റഹീമിക്കയുടെ ചോദ്യമാണ് താൻ കണ്ടത് സ്വപ്നമായിരുന്നെന്ന തിരിച്ചറിവിലേക്ക് തന്നെ എത്തിച്ചത്..
ഹേയ്. ഒന്നുമില്ല ഇക്കാ.. ഒരു സ്വപ്നം കണ്ടു.. അതാ..
താൻ ആകെ വിയർത്തു കുളിചിരിക്കുന്നു… ന്നാലും അതൊരു വല്ലാത്ത സ്വപ്നം തന്നെ ആയിരുന്നു..
യാ.. റബ്ബേ.. ഇയ്യ് കാക്കണേ.. ഒരാപത്തും വരുത്താതെ നാട്ടിലെത്തിക്കണേ..
പിന്നെ ഉറക്കം വന്നില്ല.. നാട്ടിലെത്തുന്നത് വരെ ടെൻഷൻ ആയിരുന്നു..
എയർ പോർട്ടിൽ തന്നെ കാത്ത് എല്ലാരും ഉണ്ടായിരുന്നു..പൊന്നു മോനെ വാരിയെടുത്തു ഉമ്മ കൊണ്ടു മൂടി..
മനസ്സ് മുഴുവൻ സ്വപ്നത്തിൽ കണ്ട കാര്യം ആയിരുന്നു..
അത് കൊണ്ടു തന്നെ ആ ടെൻഷനിൽ ആയിരുന്നു താൻ..
എയർപോർട്ടിൽ നിന്നും പോവുമ്പോ മഴ ചാറുന്നുണ്ടായിരുന്നു….അളിയനോട് പറഞ്ഞു…
. സൂക്ഷിച്ചു വണ്ടി ഓടിക്കണേ അളിയാ.പതുക്കെ പോയാ മതി…
എന്താ മോനെ എന്ത് പറ്റി..
ഹേയ് ഒന്നൂല്ല മ്മാ.. നാട്ടിലെ റോഡല്ലേ. ഭയങ്കര തിരക്ക് ആണ്..
താൻ കണ്ട സ്വപ്നം തന്റെ തന്നെ മനസ്സിലിരിക്കട്ടെ ..
വീട്ടിലെത്തിയപ്പോഴാണ് സമാധാനമായത്..
പെങ്ങന്മാർ രണ്ടു പേരും ചെല്ലുമ്പോഴേക്കും എല്ലാം റെഡിയാക്കി വെച്ചിയുണ്ടായിരുന്നു.. ഉപ്പയുമായി നാട്ടുകാര്യങ്ങൾ സംസാരിച്ചിരുന്നു..
കുറച്ചു നേരം മോനെയെടുത്തു കൊഞ്ചിച്ചു കൊണ്ടിരുന്നു..മോൻ പെട്ടെന്ന് തന്നെ ഉറങ്ങി…
ഇടയ്ക്കിടെ ജെസിയെ നോക്കി കണ്ണിറുക്കി.. നാണം കൊണ്ട് ആകെ ചുവന്നു തുടുത്തിട്ടുണ്ട് പെണ്ണ്…
എല്ലാരും കൂടിയിരുന്നു ഭക്ഷണം കഴിച്ചു…. അതിനിടയിൽ ഇടം കണ്ണിട്ട് ഓളെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു…അവൾ തിരിച്ചു തന്നെ കണ്ണുരുട്ടി കാണിച്ചു…
ആദ്യത്തേതിലും മൊഞ്ചു കൂടിയിട്ടുണ്ട് പെണ്ണിന്..
കുറച്ചു നേരം എല്ലാവരുമായി സംസാരിച്ചിരുന്നു.. എല്ലാരും കിടക്കാനുള്ള തയ്യാറെടുപ്പിലാണ്..
ജെസ്സി തനിക്കു പിടി തരാതെ നാത്തൂൻമാരുമായി സംസാരിച്ചു നിൽക്കുകയാണ്..
എന്നാ നീ പോയി കിടന്നോ.. പെങ്ങൾ പറയുന്നത് കേൾക്കുന്നുണ്ട്…
എന്നിട്ടും ആള് വരുന്ന ലക്ഷണമൊന്നും കാണുന്നില്ല..
ജെസ്സി.. എനിക്ക് കുറച്ചു വെള്ളം വേണം..
വെള്ളവുമായി വന്ന അവളെ വാരിയെടുത്തു നെഞ്ചോടു ചേർത്തു…എത്ര നാളത്തെ കാത്തിരിപ്പാണെന്നോ പെണ്ണെ..
അതു പറഞ്ഞപ്പോ ഒരു പൂച്ച കുഞ്ഞിനെപോലെ അവൾ തന്നോട് ചേർന്നു നെഞ്ചിൽ മുഖം പൂഴ്ത്തി നിന്നു..
പിന്നെ അവർ രണ്ടു പേരും അവരുടെതായ ലോകത്തിലേക്ക്…. പുറത്തപ്പോൾ മഴ തകർത്തു പെയ്യാൻ തുടങ്ങിയിരുന്നു…
സ്നേഹത്തോടെ
✍️ബുഷ്‌റ ജമാൽ