രചന : – ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ
ശ്രീ നമുക്ക് പിരിയാം…
ഇനിയും ജന്മങ്ങൾ ഉണ്ടല്ലോ. അതിലേതെങ്കിലും ജന്മത്തിൽ ഒന്ന് ചേരാം..
സ്നേഹിച്ചു മതിയായില്ലെടോ…
ഒരു നിമിഷംകൂടി നിന്നുപോയെങ്കിൽ..
മുറുകെപിടിച്ച കൈ വേർപെടുത്തി തിരിഞ്ഞു നടന്നത് എന്റെ ജീവിതമായിരുന്നു.
ട്രെയിൻ പുറപ്പെടാനുള്ള സിഗ്നൽ കിട്ടി..
പോവും മുൻപ് ഒന്നുടെ പറഞ്ഞു അവൾ. ശ്രീ എഴുത്തിടുവോ എനിക്ക്. എന്റെ പിറന്നാളിന് എങ്കിലും. മറുപടിയൊന്നും ഉണ്ടാകില്ല ചിലപ്പോൾ.. എന്നാലും എഴുതണം. ഇങ്ങനൊരാളുണ്ടെന്നു എനിക്ക് സമാദാനിക്കാലോ… എത്ര വർഷം കഴിഞ്ഞാലും എന്നെ ഓർക്കുന്നുണ്ടെന്നു ഓർത്തു സന്തോഷിക്കാലോ.
നിറഞ്ഞൊഴുകാൻ ശ്രമിക്കുന്നത് തടയാൻ ചുണ്ടുകൾ കടിച്ചുപിടിച്ചിരുന്നു അവൾ..
ട്രെയിൻ നീങ്ങി തുടങ്ങി അവളും ആ ഒഴുക്കിൽ.. അകന്നകന്നു പോയി..
കണ്ണുനീർ വന്നു നിറഞ്ഞ കണ്ണുകൾ മനസ്സിലപ്പോഴും മായാതെ നില്കുന്നുണ്ടായിരുന്നു.
സ്നേഹം. അതിങ്ങനെയൊക്കെയാണോ? എന്ന് തോന്നിപോയി.
അകമേ വന്ന കരച്ചിൽ പുറത്തു വരാതിരിക്കാൻ പുറമെ ചിരിക്കാൻ ശ്രമിച്ചുകൊണ്ടാണ് തിരിച്ചു നടന്നത്.
അച്ഛൻ. വാക്ക്കൊടുത്തുപോയത്രേ. മറുത്തുപറയാൻ എന്തു കൊണ്ടു പറ്റുന്നില്ല.. ഇഷ്ടമില്ലാത്തൊരുളുടെ കൂടെ ജീവിതം ഹോമിക്കുന്നതിനേക്കാൾ വലുതാണോ ഒരു വാക്ക് എന്ന് പോലും എനിക്ക് ആ നിമിഷം തോന്നിപോയി..
റൂമിലെത്തി അവൾ തന്ന ഇൻവിറ്റേഷൻ കാർഡ്. തുറന്നു നോക്കിയത്. തന്റെ പേരിനൊപ്പം ഉണ്ടാകേണ്ട പേര് മറ്റൊരാളുടെ കൂടെ ചേർത്തു വായിച്ചപ്പോൾ ഹൃദയത്തിൽ ചോര പൊടിയുന്നുണ്ടായിരുന്നു.
ഒരു ട്രെയിൻ യാത്രയിലാണ് കണ്ടുമുട്ടിയത്.. എപ്പോഴും ഏതെങ്കിലും പുസ്തകങ്ങൾ കയ്യിലുണ്ടാകും.. ചുറ്റുപാടുകളുള്ള കാഴ്ചകളിൽ നിന്നു ഞാൻ വരികളിലൂടെ സഞ്ചരിക്കും.. അതാണ് പ്രകൃതം.
ഇടയിലെപ്പോഴോ കണ്ണു വേദനിക്കുമ്പോൾ.. കണ്ണട ഊരി ഒന്ന് തുടയ്ക്കും.. അപ്പോഴായിരിക്കും ചുറ്റുമുള്ളവരെ ശ്രദ്ധിക്കുക. മുഖാമുഖം കണ്ടാൽ ഒന്ന് ചിരിക്കും.. ആരേലും എന്തേലും ചോദിക്കാണെങ്കിൽ ഒന്നോ രണ്ടോ വാക്കിൽ ഒതുക്കും.
കണ്ണുവേദനിച്ചപ്പോൾ കണ്ണട ഊരി കയ്യിലുള്ള കർച്ചീഫ് കൊണ്ടു കണ്ണട തുടച്ചു നേരെ വെച്ചപ്പോഴാണ്.. ഒരു വിളി.
ഓയ് മാഷേ.. ഞാൻ നോക്കിയപ്പോൾ ഒരു പെൺകുട്ടിയാണ് മുടി കളർ ചെയ്തു.. ബ്ലാക്ക് ടി ഷർട്ടും ഒരു ജീൻസും ധരിച്ച ഒരു പെൺകുട്ടി..
അവൾ കയ്യിലിരുന്ന പുസ്തകം എനിക്ക് കാണിച്ചു തന്നു. എന്നെ വരച്ചിരിക്കുന്നു അതിൽ ചെക്ക് ഷർട്ടും. കണ്ണടയും കയ്യിലിരിക്കുന്ന പുസ്തകവും വരെയുണ്ട്. ഒരു പരിചയവും ഇല്ലാത്ത ഒരാൾ വന്നു നമ്മുടെ ചിത്രം കാണിച്ചു തന്നപ്പോൾ ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു..
അതും വളരെ അച്ചടക്കത്തോടെയുള്ള ഒരു വര.
അടുത്തുള്ള സീറ്റിൽ ഇരിക്കുന്നവരും കൈയടിച്ചു… അവളുടെ മുഖത്തും ഒരു ചിരി വന്നു..
എവിടേക്കാണ്…?
മൂകാംബിക.
ഞാനും അങ്ങോട്ടാണെന്നു അറിഞ്ഞപ്പോൾ അയാളും ഹാപ്പി. ഒരു കമ്പനി ഇല്ലാതിരിക്കായിരുന്നു മാഷേ.. ഇപ്പോ സെറ്റ്.
എന്തൊക്കെയോ അവൾ സംസാരിച്ചു കൊണ്ടിരുന്നു.. വീടിനെ പറ്റി.. നാടിനെ പറ്റി.
ഇഫൽ ടവർ കാണാൻ പോകണം എന്നുള്ളത് വലിയൊരു ആഗ്രഹമാണെന്ന്. ഞാൻ പോയിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ പിന്നെ അതിനെ കുറിച്ചായി..
കുറച്ചുസമയം കൊണ്ടു ഭാവിയും ഭൂതവുംഎല്ലാം അവൾ എന്നോട് പറഞ്ഞു കഴിഞ്ഞോ എന്നെനിക്കു തോന്നി.
ചിലരങ്ങനെയാണ് നമ്മള് പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തിലേക്കങ്ങിനെ ഇടിച്ചുകയറി വരും . നമ്മുടെ സ്വപങ്ങളിലേക്ക് അവരും കൂടും.
കാണാതെ മിണ്ടാതെ ഇരിക്കാൻ പറ്റാത്തൊരു അവസ്ഥയിലേക്ക് കൊണ്ടുചെന്നിടും അതിനെയാണത്രെ പ്രണയമെന്നു വിളിക്കുന്നത്.
മൂകാംബികയും.. കുടജാദ്രിയും എല്ലാം മുൻപ് വന്നതിനേക്കാൾ ഒരുപാടു മനോഹരമായി തോന്നി.
മനസിനു പറ്റിയ ഒരു കൂട്ടുണ്ടെങ്കിൽ ഏത് യാത്രയും മനോഹരമാണ്.
തിരിച്ചുപോരാൻ നേരം അവൾ എനിക്കായി എന്റെ ചിത്രം ബുക്കിൽ നിന്നു അടർത്തി തന്നു.
എന്റെ ഓർമ്മക്ക്.എന്ന് പറഞ്ഞു
എനിക്കൊന്നുമില്ല? എന്നവൾ തിരിച്ചും ചോദിച്ചിരുന്നു.
അവളുടെ കയ്യിൽ നിന്നു ആ പുസ്തകം വാങ്ങി ഞാനെഴുതി..
മനസ്സിൽ വന്നത് ഇതായിരുന്നു. ഞാനതു പകർത്തി.
മറ്റുള്ളവരുടെ മനസുതുറന്നുള്ള ഒരു ചിരി കാണാൻ ആഗ്രഹിക്കുന്നവർ ഈ ലോകത്തുള്ളപ്പോൾ ഈ ലോകം ഒരുപാട് സുന്ദരമാണ് മാഷേ… തന്നെപോലെ..
ആ യാത്ര കഴിഞ്ഞു പിരിയുമ്പോൾ പ്രിയപെട്ടതെന്തോ കളഞ്ഞുപോയൊരു ഫീലായിരുന്നു..
കണ്ണുകളിൽ നനവ് പടരുന്നത് വേർപാടിന്റെ നോവുകൊണ്ടായിരിക്കും.ലേ?
പലപ്പോഴും സംസാരത്തിടയിൽ ചോദിക്കാറുണ്ട് എന്നാ ടോ.. എന്റെ വീട്ടിലേക്കു വരുന്നേ..
അപ്പോൾ അവൾ പറയും.. പാടം കടന്നു ചെല്ലുമ്പോൾ ഏഴു പടികൾ കയറിയാൽ ഒരു പടിപ്പുര..
പടിപ്പുര കടന്നുചെല്ലുമ്പോൾ മുറ്റത്തു തുളസി തറയുള്ള വലതുഭാഗത്തു കയ്യാല പുരയുള്ള പഴയൊരു തറവാട്. മുറ്റത്തു ഒരു ഭാഗത്തു നെല്ല് ഉണക്കാൻ ഇട്ടിട്ടുണ്ടാകും.. തെച്ചിയും മന്ദാരവും പൂത്തു നില്കുന്നുണ്ടാകും.
ഉമ്മറത്തു മാഷ്ടെ അച്ഛൻ ഇരിക്കിണ്ടാകും.. അതു കഴിഞ്ഞു ചെന്നാൽ അകത്തെ നടുമുറ്റത്തു ഒരു മുല്ലതറ അതെപ്പോഴും പൂക്കാറില്ലേ മാഷേ..
സെറ്റ്മുണ്ട് ചുറ്റിയ അമ്മയെ കാണണമെങ്കിൽ അടുക്കളയുടെ ഭാഗത്തേക്ക് പോവേണ്ടി വരുമല്ലേ..?
ചിലപ്പോൾ അച്ഛക്ക് ഇഷ്ടമുള്ള പാവക്ക കൊണ്ടാട്ടം ഉണ്ടാകുകയാവും.. അല്ലേൽ പെണ്ണ് കെട്ടാൻ പറഞ്ഞിട്ടു കേൾക്കാതെ നടക്കുന്ന മാഷേ വഴക്കു പറയിണ്ടാകും.
കുളപ്പുരയുടെ ഓട് പൊട്ടിയത് മാറ്റാൻ മോഹനൻ ആശാരി ഇന്നും വന്നുണ്ടാവില്ല..
ഗോവണി കയറിയാൽ വടക്കു ഭാഗത്തെ പാടത്തേക്ക് ജനാലയുള്ള മുറിയിൽ മാഷ് ഇരിക്കുന്നുണ്ടാകും. എഴുതായിരിക്കും അല്ലെങ്കിൽ.. നെഞ്ചിൽ ഏതേലും പുസ്‌തകം വെച്ചു കിടന്നുറങ്ങുന്നുണ്ടാകും
ഇതൊക്കെയല്ലേ മാഷ്ടെ വീട്. പറഞ്ഞു പറഞ്ഞു ഇതുവരെ നേരിട്ടു കാണാത്ത അവിടെ എനിക്ക് കാണാപാഠം ആണ് എന്റെ മാഷേ…
മറുത്തൊന്നും പറയാതെ ഞാൻ എല്ലാം കേട്ടിരിക്കും..
എത്ര പറഞ്ഞാലും തീരാത്തവിശേഷങ്ങളാണ്. എന്നാലും പറയും മാഷെനിക്കു കത്ത് അയക്കോ?
ഈ സംസാരിച്ചതിലപ്പുറം എന്തു വിശേഷമാണ് തനിക്കു ഞാൻ എഴുതാ?
അതൊക്കെ ഉണ്ടായിക്കോളും എനിക്ക് ആ വരികളിലൂടെ ജീവിക്കണം മാഷേ അതിനു വല്ലാത്തൊരു ഫീൽ ആണ്.
ശരിയാണ്. എഴുത്തിലൂടെ മനസുതുറക്കുന്നപോലെ വേറൊന്നുകൊണ്ടും എനിക്ക് പറ്റാറില്ലെന്നു.
ഇതെല്ലാം കഴിഞ്ഞുപോയതാണ്. നര കേറി തുടങ്ങിയമുടിയും താടിയും.. പിന്നിട്ട വഴികളാണ് നഷ്ടപെട്ട ജീവിതവുമാണ്.
അടുത്ത ദിവസം അവളുടെ പിറന്നാൾ ആണ്. ഒരു പരിചയവുമില്ലാത്ത ആളുകളെ ഒരു വരകൊണ്ടു സന്തോഷിപ്പിക്കുന്നവളുടെ ജന്മദിനം.
വർഷത്തിൽ ജന്മദിനത്തിന് ഒരു എഴുത്തു. അതു ഞാനവൾക്ക് കൊടുത്തവാക്കാണ്..
തുറന്നിട്ട ജനാലയുടെ അടുത്തിരുന്നു പാടത്തു നിന്നടിക്കുന്ന കാറ്റുകൊണ്ട്.. നഷ്ടപ്പെട്ടു പോയവർക്ക് വേണ്ടി എഴുതി..
എഴുതിയെഴുതി.. കണ്ണുനീർ വീണു മഷിപടർന്നപ്പോൾ… വാക്കുകൾ നിലച്ചു..
######
ഗോവിന്ദൻ മാഷ്ടെ മോൾക്ക് ഈ വർഷവും കത്തുണ്ടല്ലോ.
വിവാഹത്തിന്റെ തലേന്ന് ജീവൻ കളഞ്ഞതാണ്.. ആ കുട്ടി. വർഷമിത്രകഴിഞ്ഞിട്ടും.. മറക്കാതെ.. ഇങ്ങനെയും പ്രണയമുണ്ടോ.. പോസ്റ്റ്‌മാൻ ഗോപുവേട്ടൻ ആത്മഗതം പോലെ പറഞ്ഞു ആ കത്ത് പൂട്ടികിടന്ന വീടിന്റെ ഉമ്മറത്തു വെച്ചു. അടുത്ത അഡ്രസ്സു ലക്ഷ്യമാക്കി നടന്നു.
#######
അത്രയും പ്രിയപ്പെട്ടത് വേർപെട്ട് പോകുമ്പോൾ. മനസിന്റെ താളം തെറ്റിയേക്കാം… ചിലരതിനെ ഭ്രാന്ത് എന്ന് പേരിട്ടു വിളിച്ചേക്കാം. ഞാനതിനെ പ്രണയമെന്നു വിളിച്ചോട്ടെ?..
സ്നേഹപൂർവ്വം
രചന : – ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ