Categories
Uncategorized

ശാലുവിന്റെ മനസിലും ആദ്യം ആ ചിന്ത ആയിരുന്നു…

രചന: Treesa George

ശാലു നീ ശെരിക്കും ആലോചിട്ട് തന്നെ ആണോ ഈ തീരുമാനം എടുക്കുന്നത്. ഒന്നൂടി ചിന്തിച്ചിട്ട് പോരേ. ഒരു അവസരം കൂടി കൊടുത്തൂടെ അവന്.

ഇല്ല ചേച്ചി. ഇനി ഒന്നും ആലോചിക്കാൻ ഇല്ല. ഇത് എന്റെ ജീവിതം ആണ്. അത്‌ ഞാൻ അല്ലാതെ ആരും വന്നു ജീവിച്ചു തീർക്കില്ല.

അവൾക്ക് പഠിച്ചു ഒരു ജോലി ഉള്ളതിന്റെ അഹങ്കാരം ആണ്. ഇതാണ് ആണ് പണ്ട് ഉള്ളവർ പറയുന്നത് ജോലി ഉള്ള പെണ്ണുങ്ങളെ കെട്ടാൻ കൊള്ളിലാന്ന്.

അമ്മയുടെ വക ആയിരുന്നു ആ ഡയലോഗ്.

എന്നെ ആരും പഠിപ്പിച്ചത് അല്ലല്ലോ. നിങ്ങൾ എന്നെ 18 വയസിൽ കെട്ടിച്ചു വിട്ടു ബാധ്യത തീർത്തത് അല്ലേ. ഞാൻ അല്ലേ കുട്ടികൾക്ക് ട്യൂഷൻ എടുത്തും തുണി തയ്ച്ചു കൊടുത്തു പണം ഉണ്ടാക്കി പഠിച്ചത്. അതിനു അനിയേട്ടന്റെ അടുത്ത് നിന്നും എത്ര ചീത്ത കേട്ടിരിക്കുന്നു. വീട്ടിലെ പണി മുഴുവൻ തീർത്തു പഠിക്കാൻ ഇരുന്നാലും കെട്ടിലമ്മ അകത്തു കുത്തിയിരിക്കുന്നു എന്ന് അനിയേട്ടന്റെ അമ്മയുടെ വായിൽ നിന്നും എത്ര ചീത്ത കേട്ടിരിക്കുന്നു. അത്‌ എല്ലാം സഹിച്ചു പഠിച്ചു ജോലി മേടിച്ച എനിക്കു ഇച്ചിരി അഹങ്കാരം ആവാം.

നിനക്ക് ഒരു പെണ്ണ് കൊച്ചു ആണ് വളർന്നു വരുന്നത്. അവൾക്ക് ഒരു അച്ഛന്റെ സാന്നിധ്യം വേണം. അല്ലേൽ നാളെ ഒരു നല്ല കുടുംബത്തു നിന്നും കല്യാണം നടക്കില്ല. വിപ്ലവം ഒക്കെ പറയാനും കേൾക്കാനും കൊള്ളാം. പക്ഷെ തന്ത കൂടെ ഇല്ലാത്ത കൊച്ചിന്റെ കല്യാണം നടക്കാൻ പാടാ.

അല്ലേലും നീ എന്ത് കണ്ടിട്ടാ കിടന്നു തുള്ളുന്നത്.ഞങ്ങളെ കണ്ടിട്ട് ആണേൽ അത്‌ വേണ്ട. നീ ഇവിടെ നിന്നാൽ നിന്റെ അങ്ങളക്ക് നല്ലൊരു കല്യാണ ആലോചന വരുമോ.

അല്ലേലും ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കാൻ ഒന്നും വരില്ല.

നീ അങ്ങനെ പറഞ്ഞു ഒഴിഞ്ഞാൽ എങ്ങനെയാ. ആണുങ്ങൾ ആയാൽ പെണ്ണുങ്ങളെ തല്ലി എന്ന് ഒക്കെ വരും. നീ എന്തേലും തെറ്റ് ചെയ്തു കാണും. അല്ലാതെ അവൻ തല്ലില്ല.

ഈ തല്ല് ഞാൻ ഏട്ടൻ തെറ്റ് ചെയ്യുമ്പോൾ കൊടുത്താൽ നിങ്ങൾ ഇങ്ങനെ തന്നെ പറയുമോ?

കുടുംബം നോക്കുന്നത് ആണുങ്ങൾ ആവുമ്പോൾ അതിനുള്ള അവകാശം അവർക്ക് ഉണ്ട്.

അത്‌ എങ്ങനെയാ അമ്മേ ആണുങ്ങൾ മാത്രം കുടുംബം നോക്കുന്നവർ ആകുന്നത്. ഞാൻ അവിടെ ഉണ്ടാക്കുന്ന ഭക്ഷണവും കുട്ടികളെ നോക്കുന്നതും ഒന്നും ജോലികളിൽ പെടില്ലേ.

അത്‌ നിന്റെ കടമ ആണ് ശാലു.

അപ്പോൾ ആണുങ്ങൾ ചെയുന്നത് ഓദാര്യം ആണോ.

നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല. നീ എന്താണ് എന്ന് വെച്ചാൽ ചെയ്യു. ഏതായാലും ഇവിടെ നിക്കാൻ പറ്റില്ല. ഞാനും ഈ സ്റ്റേജ് ഒക്കെ കടന്ന് വന്നതാ. ഇപ്പോഴത്തെ പെണ്ണുങ്ങളുടെ ഒക്കെ അഹങ്കാരം. ഒന്ന് പറഞ്ഞു രണ്ടാമത്തെതിന് ഡിവോഴ്സ്. എന്റെ ഒക്കെ കാലത്തെ പെണ്ണുങ്ങൾ കുഞ്ഞുങ്ങൾക്ക് വേണ്ടി എന്ത് സഹിക്കുമായിരുന്നു. ഇപ്പോൾ ഉള്ളവളുമാർക്ക് സ്വന്തം കാര്യം മാത്രം ആണല്ലോ വലുത്.

പഴയ കാലത്ത് പെണ്ണുങ്ങൾക്ക് സ്വന്തം കാലിൽ നിക്കാൻ ജോലി ഇല്ലായിരുന്നു. അത്‌ കൊണ്ട് തന്നെ എത്ര ആട്ടും തുപ്പും ഏറ്റ് കെട്ടിയോനും അവന്റെ വീട്ടുകാരും പറയുന്നത് കേട്ട് സഹിച്ചു നിക്കാനേ കഴിയുമായിരുന്നുള്ളു. ഇപ്പോൾ അങ്ങനെ അല്ല. പെണ്ണുങ്ങൾ അങ്ങനെ പഠിച്ചു സ്വന്തം കാലിൽ നിന്നാൽ ആണുങ്ങൾ രണ്ടും മൂന്നും കെട്ടിയാൽ സഹിച്ചു നിൽക്കാതെ ഇട്ടിട്ടു പോകും എന്നുള്ള പേടി ഉള്ള കൊണ്ട് ആണ്, പെണ്ണ് കുട്ടികളുടെ വിവാഹപ്രായം 18 യിൽ നിന്ന് 21 യിലോട്ട് മറ്റുമ്പോൾ ആളുകൾ അതിനെ എതിർക്കുന്നത്.

നിന്നോട് അതെ പറ്റി ആരേലും ചോദിച്ചോ ശാലു.

എനിക്ക് പറയാതെ ഇരിക്കാൻ വയ്യ അമ്മേ.പണ്ട് ഞാൻ അനിയേട്ടന്റെ സ്വഭാവത്തെ പറ്റി പറയുമ്പോൾ നിങ്ങൾ പറയുമായിരുന്നു ഒരു കുഞ്ഞു ആയാൽ എല്ലാം ശെരി ആകുമെന്ന്. ഇപ്പോൾ ആ കുഞ്ഞിനെ വെച്ച് വില പേശുന്നു. എനിക്ക് ഇനിയും വയ്യ.

പിന്നീട് ആരും ഒന്നും പറഞ്ഞില്ല. ആരും അവളുടെ കൂടെ നിന്നില്ല. അല്ലേലും മിക്ക വീടുകളിലും അങ്ങനെ ആണല്ലേ. പെണ്ണ് മക്കൾ ഭർത്താവിന്റെ വീട്ടിലെ പീഡനങ്ങൾ പറഞ്ഞാൽ സഹിച്ചു നിൽക്കാൻ പറയും.അവൾ ആൽമഹത്യാ ചെയ്താൽ അവൾ എന്റെ ചങ്ക് ആയിരുന്നു എന്ന് പറഞ്ഞു അപ്പോൾ ചാടി വീഴും. ശാലുവിന്റെ മനസിലും ആദ്യം ആ ചിന്ത ആയിരുന്നു . പിന്നെ ആലോചിച്ചപ്പോൾ താൻ അങ്ങനെ ചെയ്താൽ നഷ്ടം തനിക്ക് മാത്രം. തന്നെ വേദനിപ്പിച്ചവൻ അതും കഴിഞ്ഞു അടുത്ത കല്യാണവും കഴിച്ചു സുഖം ആയി ജീവിക്കും.

അത്‌ കൊണ്ട് തന്നെ അവൾ ജീവിച്ചു കാണിക്കാൻ തീരുമാനിച്ചു. മറ്റുള്ളവരുടെ സ്വാർത്ഥതക്ക് വേണ്ടി കളയാൻ ഉള്ളതല്ല തന്റെ ഈ ജന്മം.

അവൾ തന്റെ കുഞ്ഞിനെയും കൂട്ടി പുതിയ ഒരു ജന്മത്തിലോട്ട് അത്മവിശ്വാസത്തോടെ കാലു എടുത്തു വെച്ചു. മറ്റുള്ളവരുടെ വാക്ക്കളെ ഒരു ചെവിയിൽ കൂടി കേട്ട് മറ്റൊരു ചെവിയിൽ കൂടി വിടാൻ അവൾ അപ്പോഴേക്കും പഠിച്ചിരുന്നു………

രചന: Treesa George

Leave a Reply

Your email address will not be published. Required fields are marked *