Categories
Uncategorized

വർഷ അതിനെയെല്ലാം ഒരു ചിരിയിലേക്ക് ഒതുക്കും…

രചന: മഹാദേവൻ

“നിന്നെ കെട്ടിയ അന്ന് മുതൽ തുടങ്ങിയതാ ന്റെ കഷ്ടകാലം. കാലെടുത്ത വെച്ച അന്ന് വീണ് കിടപ്പിലായതാ ആ തള്ള . ഒന്ന് അനങ്ങാൻ പോലും കഴിയാതെ. ദേ, ഇപ്പോൾ ഉള്ള ജോലിയും പോയി. അല്ലേലും എന്നെ പറഞ്ഞാൽ മതി. അത്യാവശ്യം സ്വത്തും ഇച്ചിരി തൊലിവെളുപ്പും കണ്ടപ്പോൾ ഏതോ നേരത്ത് തോന്നിയ മണ്ടത്തരം. വേലിൽ കിടന്ന പാമ്പിനെ കോത്താഴത്തു വെച്ച അവസ്ഥയായി ”

നിർത്താതെയുള്ള അവന്റെ ശ കാരം ഇപ്പോൾ പതിവാണ്. കേട്ട് തഴമ്പിച്ച പല്ലവിയായത്കൊണ്ട് ഇപ്പോൾ കണ്ണുകൾ നിരയാറുപോലും ഇല്ല. പലപ്പോഴും എല്ലാം ഇട്ടെറിഞ്ഞു പോകണമെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ, പരസഹായമില്ലാതെ ഒന്ന് അനങ്ങാൻ പോലും കഴിയാത്ത അമ്മയെ അങ്ങനെ ഇട്ടെറിഞ്ഞു പോകാനുള്ള മടി. അതുകൊണ്ട് മാത്രമാണ് എല്ലാം സഹിച്ചു പിന്നേയും…..

” മോളിങ്ങു പോര്.. കെട്ടിച്ചവിട്ടെന്നു കരുതി അവന്റെ അടിമയായി വിറ്റതൊന്നുമല്ല നിന്നെ. നിന്നെ ഇത്രേം കാലം വളർത്തിയത് അവന്റെ ആട്ടും തുപ്പും കേട്ട് നിൽക്കാനല്ല. അതുകൊണ്ട് മതി അവിടുത്തെ പൊറുതി ” എന്ന് അച്ഛൻ പലപ്പോഴും പറയാറുണ്ടെങ്കിലും വർഷ അതിനെയെല്ലാം ഒരു ചിരിയിലേക്ക് ഒതുക്കും.

” അയാളെ ഓർത്തിട്ടൊന്നുമല്ല അച്ഛാ… പക്ഷേ, ഞാൻ ഇവിടെ കേറി വന്ന ദിവസം വിശ്വാസമോ അവിശ്വാസമോ എന്തോ ആവട്ടെ, ഒരമ്മ വീണത് എന്റെ മുന്നിലാണ്. അന്ന് മുതൽ ഒരേ കിടപ്പ് കിടക്കുന്ന ആ അമ്മയെ അങ്ങനെ ഇട്ടെറിഞ്ഞുപോന്നാൽ…. പുറകെ സ്നേഹം കാണിക്കുന്ന മകൻ ആ മുറിക്ക് മുന്നിലെത്തുമ്പോൾ മൂക്ക് പൊത്തുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ആ മനുഷ്യന്റെ മുന്നിൽ അങ്ങനെ ആ അമ്മയെ ഇട്ടേച്ചു പോന്നാൽ ചിലപ്പോൾ… ”

അവളെ മനസ്സിലാക്കുംപ്പോലെ ആ അച്ഛൻ മൗനം പാലിക്കുമ്പോൾ അവൾ വീട്ടിലെ വിശേഷങ്ങളിലേക്ക് വിഷയങ്ങളെ അകറ്റി നിർത്തും.

വർഷയോടുള്ള വെറുപ്പ് രാത്രി മൂക്കറ്റം കുടിച്ച് വന്നു വീട്ടിൽ തീർക്കുമ്പോൾ അവൾ ആ അമ്മയുടെ മുറിയിൽ കഥകടച്ചിരിക്കും.

” മോളെ, ഈ അമ്മയെ നോക്കണ്ട, മോള് പൊക്കോ. നീയെങ്കിലും നീ നരകത്തിൽ നിന്ന് രക്ഷപ്പെടൂ ” എന്ന് നിറകണ്ണുകളോടെ പറയുന്ന അമ്മയെ അവൾ സഹതാപത്തോടെ നോക്കും. തന്റെ കാലെടുത്തു വെച്ച ദുശ്ശകുനം ആണെന്ന് കെട്യോൻ പറയുമ്പോൾ ” അതിപ്പോ മോള് കേറിവന്നാലും ഇല്ലേലും എന്റെ വിധി ഇങ്ങനെ ഒക്കെ തന്നെ ആവും, മറ്റുള്ളവർക്ക് പറയാനും കുത്താനും മോളുടെ വരവ് ഒരു കാരണമായെന്ന് മാത്രം. അതൊന്നും ഓർത്ത് മോള് വിഷമിക്കണ്ട. ” എന്ന് പറഞ്ഞാശ്വസിപ്പിക്കാൻ ആ അമ്മ മാത്രം ഉണ്ടായിരുന്നു.

പുറത്തെ ബഹളം കഴിയുമ്പോൾ അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങും. പിന്നെ അമ്മയ്ക്കുള്ള കഞ്ഞിയുമായി വീണ്ടും ആ മുറിയിൽ കേറി വാതിലടയ്ക്കും.

” മോളെ, കേറി വന്ന അന്ന് മുതൽ ഒരു ദിവസം പോലും മനസ്സമാധാനം കിട്ടാത്ത ഈ വീട്ടിൽ എങ്ങനാ മോളെ നിനക്കെന്നെ ങ്ങനെ ഒക്കെ… ”

ആ അമ്മ നിറകണ്ണുകളോടെ ചോതികുമ്പോൾ അവൾ പതിയെ കഞ്ഞി കോരി അമ്മയുടെ വായിലേക്ക് വെച്ചുകൊടുക്കും.

” അതിപ്പോന്റെ അമ്മയാണെങ്കിലും ഞാൻ നോക്കണ്ടേ. അതുപോലെ തന്നെ ആണ് എനിക്ക് അമ്മയും. എത്രയൊക്കെ വേർതിരിച്ചാലും അമ്മ എന്ന വാക്കിന് ഒരർത്ഥമല്ലേ ഉളളൂ അമ്മേ.. ”

അവളുടെ പുഞ്ചിരിയോടെ ഉള്ള വാക്കുകൾ ആ അമ്മയുടെ കണ്ണുകൾക്ക് അത്ഭുതമായിരുന്നു.

ദിവസങ്ങൾ ഓരോന്നും ഇഴഞ്ഞു നീങ്ങി. അവളുടെ അവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ലാതെ.

അന്ന് രാവിലെ കുളിച്ചൊരുങ്ങി പുറത്തേക്ക് ഇറങ്ങാൻ നേരം അവളോടായി അയാൾ പറയുന്നുണ്ടായിരുന്നു “ദേ, നിന്റ ഇവിടുത്തെ പൊറുതി മതിയാക്കിക്കോ. ആ തള്ളയെ നോക്കാൻ ഞാൻ ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ട്. നിന്റ സേവനം ഇനി ആവശ്യമില്ല. അതുകൊണ്ട് ശകുനംകെട്ട നീ ഇന്നിറങ്ങിക്കോണം ഈ വീട്ടിൽ നിന്ന്. വൈകീട്ട് അമ്മയെ നോക്കാൻ ഒരാളുമായി ഞാൻ വരും. അപ്പൊ നിന്നെ ഇവിടെ കണ്ടേക്കരുത്. കേട്ടോടി മറ്റവളെ “. അയാളുടെ വാശിയോടെ ഉള്ള സംസാരം കേട്ട് അവൾ പുഞ്ചിരിയോടെ തലയാട്ടി. പിന്നെ അമ്മയ്ക്കുള്ള കഞ്ഞി എടുക്കാൻ അകത്തേക്ക് പോയി.

“മോളെ എന്താ അവൻ പറഞ്ഞേ ” എന്ന് ചോദിച്ച അമ്മയോട് ” എന്നെ ഇവിടുത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന് പറഞ്ഞതാ അമ്മേ ” എന്നവൾ ചിരിയോടെ മറുപടി നൽകി. അതുകേട്ട് ആ അമ്മയുടെ ചുണ്ടിലും ഒരു വരണ്ട പുഞ്ചിരി തെളിഞ്ഞുനിൽപ്പുണ്ടായിരുന്നു.

വൈകീട്ട് ഒരു പെണ്ണുമായി ഓട്ടോയിൽ വന്നിറങ്ങുമ്പോൾ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു വർഷ. അവളെ കണ്ടതും അയാളിൽ ദേഷ്യം ഇരച്ചുകയറി ” നിന്നോടല്ലെടി പട്ടിച്ചി ഇറങ്ങി പോവാൻ പറഞ്ഞത് ” എന്ന് അവൾക്ക് നേരേ ആക്രോശിച്ച അയാൾക്ക് മുന്നിൽ പുഞ്ചിരിയോടെ അവൾ നിൽക്കുമ്പോൾ അവൾ കഴുത്തിൽ കെട്ടിയ താലി ഒന്ന് പുറത്തേക്ക് ഇട്ടു.

” ദേ, ഇത് കണ്ടോ, നിങ്ങൾക്ക് ചിലപ്പോൾ ഇത് കണ്ട ഓർമ്മ ഉണ്ടാകില്ല. കെട്ടിയ അന്ന് കണ്ടതല്ലേ. പക്ഷേ, ഇത് നിങ്ങൾ കെട്ടിയതാണെന്ന കാര്യത്തിൽ സംശയം ഒന്നും ഇല്ലാലോ. അപ്പോൾ ഭാര്യയ്ക്ക് മുന്നിലേക്ക് മറ്റൊരുവളെ കൂട്ടി വരുന്നത് എന്തായാലും ഒരു ഭാര്യയ്ക്കും സഹിക്കില്ല. അതുകൊണ്ട് ഇവളോടായി പറയാണ്, ഇയാളുടെ പഞ്ചാരവാക്കും കേട്ട് ഇറങ്ങിയതാണ് മോളെങ്കിൽ ദേ, ആ വന്ന വണ്ടിയിൽ തന്നെ തിരിച്ചു പൊക്കോണം. അല്ലെങ്കിൽ ഒരു ഭാര്യയുടെ ശരിയായ മുഖം മോള് കാണേണ്ടി വരും കേട്ടല്ലോ. അതുകൊണ്ട് വേഗം വന്ന വണ്ടിയിൽ തന്നെ വിട്ടോ ”

അത് പറയുമ്പോൾ വർഷയുടെ മുഖം കനത്തിരുന്നു. എന്തിനും തയ്യാറായുള്ള അവളുടെ നിൽപ്പ് ആദ്യമവനെയും ഒന്ന് അമ്പരപ്പിച്ചെങ്കിലും പെട്ടന്ന് തന്നെ അവന്റെ മുഖഭാവം മാറി.

” അത് പറയാൻ നീ ആരാടി ചൂലേ? ഇത് എനിക്ക് അവകാശപ്പെട്ട വീടാ. ഇവിടെ എന്ത് ചെയ്യണം, ആരൊക്കെ നിൽക്കണം എന്നൊക്ക ഞാൻ തീരുമാനിച്ചോളാ. മുടിപ്പിക്കാൻ കേറി വന്നവളു ഭരിക്കാൻ നിൽക്കണ്ട, ഇറങ്ങിപ്പോടി ശവമേ ”

അയാൾ ദേഷ്യത്തോടെ അവളുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് വലിച്ചതും അവൾ കൈ നിവർത്തി അയാളുടെ മുഖത്തടിച്ചതും ഒരുമിച്ചായിരുന്നു. പെട്ടന്നുള്ള അടിയുടെ ആഘാതത്തിൽ വേച്ചു വീഴാൻ പോയ അയാൾക്ക് നേരേ അവൾ ഭദ്രകാളിയെ പോലെ നിന്നു.

” പെണ്ണാണെന് കരുതി പത്തിമടക്കി ഇരിക്കും എന്ന് കരുതിയോ താൻ? ആവശ്യമില്ലാതെ എന്റെ ദേഹത്തെങ്ങാനും തൊട്ടാൽ താലി കെട്ടിയ കൈ ആണെന്നൊന്നും ഞാൻ നോക്കില്ല. പിന്നെ എന്റെ ആണ് എന്റെ ആണെന്നും പറഞ്ഞ് നെഗളിക്കുന്ന ഈ വീടും സ്വത്തും ഇപ്പോൾ എന്റെ പേരിലാണ്. അത് തനിക്ക് അറിയോ. ”

അതും പറഞ്ഞവൾ കയ്യിൽ കരുതിയ ഒരു പേപ്പർ അയാൾക്ക് മുന്നിലേക്ക് ഇട്ടുകൊടുത്തു.

“ഇയാളുടെ സ്വഭാവകൊണം കൊണ്ട് അകത്തു കിടക്കുന്ന ആ അമ്മ ഇതെനിക്ക് ഇഷ്ട്ടദാനമായി എഴുതിവെച്ചത് ഇയാളെ അറിയിക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ തന്നെ പാതിരാത്രി തെറി വിളിക്കാൻ മാത്രമായി കേറിവരുന്ന തന്നോട് ഇതൊന്നും പറയേണ്ടെന്ന് ആ അമ്മയും പറഞ്ഞിരുന്നു. ഈ സ്വത്തെനിക്ക് വേണ്ട. പക്ഷേ, ആ അമ്മയെ എനിക്ക് വേണം. അവരുടെ കാലശേഷം വരെയെങ്കിലും എനിക്കിവിടെ നിന്നെ പറ്റൂ. അതുകൊണ്ട് ഇനി ഞാൻ തീരുമാനിച്ചോളാ ഇവിടെ ആരൊക്കെ വേണം എന്നത്. കേട്ടല്ലോ. അപ്പൊ പറഞ്ഞ് വന്നത് ഈ കെട്ടിയൊരുക്കി കൊണ്ടുവന്നവളെ യെവിടെയാച്ചാ കൊണ്ടാക്കി വരുന്നുണ്ടേൽ വാ. എനിക്ക് വാതിൽ അടയ്ക്കണം. ”

അതും പറഞ്ഞുകൊണ്ടവൾ ഉള്ളിലേക്ക് നടക്കുമ്പോൾ അവൾ മുന്നിലേക്ക് ഇട്ട മുദ്രപത്രത്തിന്റെ കോപ്പിയിലേക്ക് നോക്കി അനക്കമറ്റ്‌ നിൽക്കുകയായിരുന്നു അയാൾ.

അതുവരെ ഉണ്ടായിരുന്ന ഭാവം വെടിഞ്ഞ് അമ്മയ്ക്കുള്ള കഞ്ഞിയുമായി റൂമിലെത്തുമ്പോൾ എല്ലാം കേട്ട് കിടക്കുകയായിരുന്നു ആ അമ്മ.

” നീ ഇതൊക്കെ എന്തിനാണെന്ന് ചോദിച്ചില്ലേ. ഇപ്പോൾ മനസിലായോ എന്തിനായിരുന്നു എന്ന്. എന്നെങ്കിലും അവൻ നിന്നെ പുറത്താക്കുമെന്ന് ഈ അമ്മയ്ക്ക് അറിയാമായിരുന്നു. ചിലപ്പോൾ ഈ എന്നെ കൊല്ലാനും……. ഞാൻ മരിച്ചാലും സാരമില്ല. പക്ഷേ, ഈ വീട്ടിൽ വന്നത് മുതൽ നീ കരഞ്ഞുതീർത്ത കണ്ണുനീരിന് ഒരു ഉത്തരം വേണം. അതാണ് ഇപ്പോൾ സംഭവിച്ചത്. എന്റെ തീരുമാനം തെറ്റാണെന്ന് തോന്നാത്തിടത്തോളം അവന്റെ തെറ്റുകൾ മനസ്സിലാക്കാൻ അവന് സമയമുണ്ട്. ജീവിക്കാനും. ”

അമ്മയുടെ വാക്കുകൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് വർഷ അമ്മയ്ക്ക് കഞ്ഞി കോരി കൊടുക്കുമ്പോൾ കരഞ്ഞുകണ്ട അമ്മയുടെ കണ്ണുകൾക്ക് എന്നുമില്ലാത്തൊരു തിളക്കം ഉണ്ടായിരുന്നു.

” എത്രയൊക്കെ വേർതിരിച്ചാലും അമ്മ എന്ന വാക്കിന് ഒരർത്ഥമല്ലേ ഉളളൂ അമ്മേ.. ” എന്ന അവളുടെ വാക്കിലെ ആ അമ്മയാവാൻ കഴിഞ്ഞതിൽ !!!

കമന്റ്, ലൈക്കും ചെയ്യണേ……

രചന: മഹാദേവൻ

Leave a Reply

Your email address will not be published. Required fields are marked *