©️ ശിവൻ മണ്ണയം @Sivan mannayam
വിവാഹമോചനം അനുവദിച്ചു കൊണ്ടുള്ള വിധി പ്രസ്താവന കേട്ട ആ നിമിഷം അവൾ അവനെ നോക്കി. അവൻ തല കുമ്പിട്ട് നിൽക്കുകയായിരുന്നു, ശ്രദ്ധിച്ചതേയില്ല. പതിയെ കണ്ണുനീർ നിറഞ്ഞ് കാഴ്ചകൾ മങ്ങിപ്പോയി. കണ്ണ് തുടച്ച് നോക്കിയപ്പോൾ അവനെ കണ്ടില്ല. കണ്ണുകൾ വെപ്രാളത്തോടെ ചുറ്റും തിരഞ്ഞു. ഇല്ല … അവൻ നഷ്ടപ്പെട്ടിരിക്കുന്നു ..
വീട്ടിലെത്തിയ ശേഷവും അവളുടെ മനസിൽ അവനായിരുന്നു .അവന്റെ ശ്രദ്ധ, സ്നേഹം, ശത്രുവിനെപ്പോലും മയക്കുന്ന പുഞ്ചിരി, പതിഞ്ഞ സംസാരം… എല്ലാം….
പ്രണയം കീഴടക്കുന്ന വേളകളിൽ അവൻ വേറൊരാളാകും, തമാശകൾ, പരിരംഭണങ്ങൾ, ചുടുചുംബനങ്ങൾ …
സൗമ്യനായ പുരുഷനിൽ നിന്ന് ഊർജ്ജസ്വലനായ കാമുകനിലേക്കുള്ള പരകായപ്രവേശം. ഒന്നും നിഷേധിച്ചിട്ടില്ല, വാരിക്കോരി തന്നിട്ടേയുള്ളൂ.
വിനേഷ്… അതാണന്റെ പേര്.തന്റെ അധ്യാപകനായിരുന്നു. താൻ പഠിച്ച കോളേജിലെ ഗസ്റ്റ് ലക്ചറർ . സൗമ്യമായ ആ പെരുമാറ്റമാണ് അവനിലേക്ക് ആകർഷിച്ചത്.ഒരുപാട് പെൺകുട്ടികൾ മത്സരിച്ചു; തനിക്ക് കിട്ടി. അതിന്റെയൊരു അഹങ്കാരം തനിക്കെന്നും ഉണ്ടായിരുന്നു. ഫ്രണ്ട്സിന്റ അസൂയ കലർന്ന കമന്റുകൾ തന്നെ എന്നും കോരിത്തരിപ്പിച്ചിരുന്നു. ചില കൂട്ടുകാരികൾ ‘എങ്ങനെ വളച്ചെടുത്തെടീമിടുക്കീ ‘ എന്നൊക്കെ ചോദിക്കുമ്പോൾ താൻ വിനേഷിനെ അമർത്തി ആലിംഗനം ചെയ്യുമായിരുന്നു, ഒരിക്കലും നഷ്ടപ്പെടല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്. പക്ഷേ…
എന്താണ് വിനേഷിന് പറ്റിയത്? എന്തിനാണവൻ തന്നെ ഉപേക്ഷിച്ചത്? അറിയില്ല…!
വിവാഹം കഴിഞ്ഞ് 6 വർഷം കഴിഞ്ഞിട്ടും തങ്ങൾക്ക് കുട്ടികളുണ്ടായിരുന്നില്ല. വിനേഷിനായിരുന്നു കുഴപ്പം. അതിലവൻ അസ്വസ്ഥനായിരുന്നു.പതിയെ മദ്യപാനം തുടങ്ങി. ഒരു ദിവസം അവൻ പറഞ്ഞു: നീ വേറെ വിവാഹം കഴിക്കു കാത്തൂ… ഞാൻ…. ഞാൻ വിത്തില്ലാത്ത മരമാണ് .. കുലാന്തകനാണ്…
അതു കേട്ട് താൻ തകർന്നു പോയി. അവനോട് പറഞ്ഞു: വിനേഷ് .. ഞാൻ നിന്റെ മകളാണ് നീയെന്റെ മകനും … അത്രേം മതി നമുക്ക്.. നീ ഓരോന്നോർത്ത് വിഷമിക്കാതെ..
അമിത മദ്യപാനം മൂലമാകണം അവന്റെ മൃദുസ്വഭാവം പതിയെ പതിയെ ഭീകരമായി തുടങ്ങി. എന്നും വഴക്ക് ചീത്തവിളി.. സംശയരോഗം.. വീട്ടിൽ നിന്ന് ഇറങ്ങി പോക്ക് .. തന്റെ പ്രിയൻ തനിക്ക് അപരിചിതനായി തുടങ്ങുകയായിരുന്നു.
പിന്നെ വല്ലപ്പോഴുമായി അവന്റെ വീട്ടിലേക്കുള്ള വരവ്, വരുന്നതോ കുടിച്ച് ലക്ക് കെട്ടും. വന്നാൽ വഴക്കു തുടങ്ങും. ഒന്ന് രണ്ട് പ്രാവശ്യം, ഇറങ്ങി നിന്റെ വീട്ടിലേക്ക് പോടി എന്നാക്രോശിച്ച് തന്നെ വീടിന് പുറത്താക്കി കതകടച്ചു. കൊടും തണുപ്പത്ത് രാത്രി പുലരുവോളം താൻ തന്റെ പഴയ വിനേഷിനെ തിരികെ തരാൻ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. പക്ഷേ ദൈവം പ്രാർത്ഥന കേട്ടില്ല, അവൻ അകന്നകന്ന് പൊയ്ക്കൊണ്ടിരുന്നു…
എന്നിട്ടും സകലതും ക്ഷമിച്ച് താനവിടെ പിടിച്ച് നിന്നു.ആത്മഹത്യ പാപമാണെന്നറിയാം അതുകൊണ്ട് അത് ചെയ്തില്ല.
പക്ഷേ, വിനേഷും ഒരു പെൺകുട്ടിയും തമ്മിലുള്ള ചിത്രങ്ങൾ തപാലിൽ ആരോ അയച്ചു തന്നപ്പോൾ… സഹിക്കാൻ പറ്റിയില്ല.തനിക്ക് മാത്രം സ്വന്തമായവൻ വേറൊരു പെൺകുട്ടിയോടൊപ്പം….
അന്നാ വീട് വിട്ടിറങ്ങിയതാണ്. തിരികെ വിളിക്കാൻ, പിണക്കം മാറ്റാൻ വരുമെന്ന് കരുതി. എല്ലാം ക്ഷമിക്കാൻ തയ്യാറായിരുന്നു, ഒന്ന് കാണാൻ മനസ് തുടിച്ചു. പക്ഷേ വന്നില്ല…. കാത്തൂ എന്നുള്ള ആ വിളിക്കായി എത്രനാൾ കാത്തിരുന്നു…
ഇപ്പാൾ ഇതാ വിവാഹമോചനവും കഴിഞ്ഞിരിക്കുന്നു. ഇനിയവൻ തന്റെ ആരുമല്ല.
ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞുപോയി. അവൻ മാത്രം മനസിൽ തഴച്ച് തളിർത്തു കൊണ്ടിരുന്നു.എങ്ങനെ മറക്കാനാണ്? അവൻ തന്നെ മറന്നിട്ടുണ്ടാകും.മറക്കട്ടെ .. ആ പെൺകുട്ടിയോടൊപ്പം സുഖമായി ജീവിക്കട്ടെ. അവൾക്കാണാ ഭാഗ്യം ലഭിച്ചിരിക്കുന്നത്.
അച്ഛൻ തനിക്ക് വിവാഹാലോചനകൾ തുടങ്ങി. വേറൊരു വിവാഹ ജീവിതത്തെ കുറിച്ച് തനിക്ക് സങ്കല്പിക്കാനേ ആകുമായിരുനില്ല .പക്ഷേ അച്ഛനെ അനുസരിച്ചാണ് ശീലം. എതിർക്കാൻ പഠിച്ചിട്ടില്ല.
വിവാഹം നിശ്ചയിക്കപ്പെട്ടു. ഉള്ള് വെന്തുരുകി. പക്ഷേ എന്തു ചെയ്യാൻ…
രണ്ടാം വിവാഹ ദിവസം, അന്നാണ് താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞത്. കരഞ്ഞുകൊണ്ടിരിക്കേ ഒരാൾ ഒരു കത്തു കൊണ്ട് വന്ന് തന്നു. അത് വിനേഷിന്റെ കത്തായിരുന്നു. വെപ്രാളത്തോടെ അത് പൊട്ടിച്ച് വായിച്ചു.അതിലിങ്ങനെ എഴുതിയിരുന്നു:
എന്റെ എല്ലാമെല്ലായ കാത്തൂ,
എനിക്ക് ഞാനല്ല, നീയാണ് പ്രധാനം. നിനക്കൊരു കുഞ്ഞിനെ തരാൻ എനിക്കാകില്ല. അതെന്റെ കുഴപ്പമാണ്. നിന്നെ എന്നിൽ നിന്ന് സ്വതന്ത്രമാക്കാൻ ഞാൻ ഒരു പാട് പരിശ്രമിച്ചു.മദ്യപിച്ചു ബഹളമുണ്ടാക്കി. തല്ലി, അപവാദം പറഞ്ഞു വീടിന് പുറത്താക്കി.. പക്ഷേ നിനക്കെനോടുള്ള സ്നേഹത്തെ ഇല്ലാതാക്കാൻ അതിനൊന്നും കഴിഞ്ഞില്ല. ഒടുവിൽ ഒരു പെൺകുട്ടിയോടൊപ്പമുള്ള ചിത്രങ്ങൾ എടുത്ത് ഞാനാണ് നിനക്കയച്ചു തന്നത്. നീയെന്നെ വെറുക്കാൻ വേണ്ടി.
നീ വിവാഹിതയായി കുട്ടികളോടൊപ്പം സുഖമായി ജീവിക്കൂ. നീ വിവാഹിതയാകുന്ന നിമിഷമായിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തം.
NB : ഞാൻ നിന്നെ ചതിച്ചിട്ടില്ല കാത്തൂ…. സ്നേഹിച്ചിട്ടേയുള്ളൂ.
കത്തു വായിച്ച പൊട്ടിക്കരഞ്ഞുപോയി. ആൾക്കാരെ വകഞ്ഞു മാറ്റി പുറത്തേക്ക് ഓടി.പിൻവിളികൾ ശ്രദ്ധിച്ചതേയില്ല.
വിനേഷിന്റ വീട്, തന്റെ വീട്.. അതിന് മുന്നിൽ ഓട്ടോയിറങ്ങി അകത്തേക്ക് ഓടി.മുറിയിൽ വിനേഷ് കിടപ്പുണ്ടായിരുന്നു. താടിയും മുടിയും വളർന്ന് വികൃതമായ രൂപം. വെളുത്ത് സുന്ദരമായ മുഖം കറുത്ത് കരുവാളിച്ചിരുന്നു..
വിനേഷ് … ഒരു നിലവിളിയോടെ അവന്റെ നെഞ്ചിലേക്ക് വീണു.വിവാഹ വേഷത്തിൽ തന്നെ കണ്ട അവൻ അമ്പരന്നു.
വിനേഷ്.. കുട്ടികളെയുണ്ടാക്കാൻ വേണ്ടിയല്ല നിന്നോടൊപ്പം ഞാൻ വന്നത്.. നിന്നെ എനിക്കിഷ്ടപ്പെട്ടു… നിന്നെ ഞാനാഗ്രഹിച്ചു .. നീ എൻ്റെ സ്വന്തമായി …. തലമുറകളെ സൃഷ്ടിക്കലല്ല പുരുഷൻ്റെ ധർമ്മം ,സ്ത്രീയെ സംരക്ഷിക്കലാണ്.. അതിൽ നീ എന്നും ശ്രദ്ധിച്ചു. എന്നെ നീ പൊന്നു പോലെ നോക്കി. എനിക്ക് കുട്ടികൾ വേണ്ട നീ മതി .. നീ മതി .. ” പൊട്ടിക്കരഞ്ഞുകൊണ്ട് അവനോട് പറഞ്ഞു.
അല്പസമയത്തെ ചിന്തക്ക് ശേഷം അവന്റെ കൈകൾ അവളെ ചുറ്റിവരിഞ്ഞു. എന്നിട്ടവൻ പറഞ്ഞു: വിവാഹം എന്താണെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്, ഒപ്പം നിന്റെ സ്നേഹത്തിന്റെ ആഴവും.
ഉം… ഒരു പുഞ്ചിരിയോടെ അവൾ മൂളി.
©️ ശിവൻ മണ്ണയം @Sivan mannayam