Categories
Uncategorized

വിശ്വേട്ടൻ ആകെ മാറിപ്പോയി ഇപ്പോൾ എന്നോട് ഒന്ന് മിണ്ടാൻ തന്നെ ഇഷ്ടമില്ല . അതെങ്ങനാ

✍️ അനിൽ ഇരിട്ടി .

വിശ്വേട്ടൻ ആകെ മാറിപ്പോയി ഇപ്പോൾ എന്നോട് ഒന്ന് മിണ്ടാൻ തന്നെ ഇഷ്ടമില്ല . അതെങ്ങനാ ഓഫീസിൽ കുറേ അവളുമ്മാരുണ്ടല്ലോ കൊഞ്ചിക്കുഴയാൻ . എന്നേക്കാൾ സുന്ദരിമാരുംകാണും അവിടെ . പിന്നെ ഞാൻ വേണ്ടല്ലോ . രണ്ട് മക്കൾ ആയിക്കഴിഞ്ഞപ്പോൾ എന്നോടുള്ള താൽപ്പര്യം കുറഞ്ഞു . കുറച്ച് വർഷമായി എല്ലാം മനസ്സിലാവണുണ്ട് എനിക്ക് . നിങ്ങളോടുള്ള ഒടുക്കത്തെ പ്രണയം കാരണമാ ഞാൻ ഡിഗ്രിക്ക് തോൽക്കാൻ കാരണം . അല്ലേൽ ഞാനും ഇന്ന് സർക്കാരാപ്പീസിൽ ജോലിയിൽ ഇരിക്കേണ്ടവൾ ആയിരുന്നു . എന്റെ വിധി അല്ലാതെന്താ . ഈ അടുക്കളയും വീടിനകവും കെട്ടിയിട്ടുള്ള ഈ ജീവിതവും മടുത്തു . നിങ്ങൾക്കൊരു വേലക്കാരിയായിരുന്നു വേണ്ടതെങ്കിൽ എന്തിനാ കണ്ണും കാലും കാട്ടി എന്നെ പ്രണയിച്ച് കല്ല്യാണം കഴിച്ചത് . കാർന്നോൻമ്മാരെ ധിക്കരിച്ച് നിങ്ങൾക്കൊപ്പം ഇറങ്ങി പോന്നതിനുള്ള ശിക്ഷയാ . അനുഭവിക്കുകതന്നെ . ഇറങ്ങിപ്പോകാൻ വേറൊരിടമുണ്ടായിരുന്നേൽ ഞാൻ പണ്ടേ പോയേനെ . ബാത്തുറൂമിൽ നിന്നും ഞാൻ കുളി കഴിഞ്ഞ് തല തുവർത്തി ഇറങ്ങി വരുമ്പോൾ കേൾക്കുന്ന പരിവേതനങ്ങൾ ആണ് . പതിവാണ് ഈയിടയായി ചിലപ്പോൾ സഹികെടും . പക്ഷെ ഇന്ന് ഒന്നും തിരിച്ചു പറയാൻ തോന്നിയില്ല .

പറയാൻ നിന്നാ ഇന്ന് രാത്രിയും നാളെ ഓഫീസിലേയ്ക്ക് പോകുന്ന നേരം വരേയും മുഖം വീർപ്പിക്കലും കണ്ണീർ വാർക്കലും കാണേണ്ടിവരും . ചിലപ്പോഴൊക്കെ ഒന്നും കഴിക്കാതെയാവും രാത്രിക്കത്തെ കിടപ്പ് . പണ്ട് വല്ല്യച്ഛന്റെ മോൻ രവിയേട്ടൻ പറഞ്ഞത് എത്ര നേരാണ് . പ്രണയ വിവാഹം മിക്കതും ഫെയിലാണെന്ന് . പ്രണയത്തിന്റെ തീഷ്ണതയിൽ അതൊന്നും ഉൾക്കൊള്ളാനോ ചെവി കൊടുക്കാനോ സമയം കളയാനില്ലാരുന്നു . അന്ന് ഊണിലും ഉറക്കത്തിലും ഇവളേക്കുറിച്ചും പ്രണയത്തെക്കുറിച്ചും മാത്രമേ ചിന്തയുണ്ടായിരുന്നുള്ളു . അന്നത്തെ പകലുകൾ സ്വപ്ന ലോകത്തേപ്പോലായിരുന്നു . ഞങ്ങൾ ചിറകുമുളച്ച് വാനിൽ പറന്നുനടക്കുന്ന അനുഭൂതി . നക്ഷത്രങ്ങളേപ്പോൽ തിളങ്ങുന്ന ഇവളുടെ കണ്ണിൽ നോക്കിയിരുന്ന് എത്രയെത്ര കഥകൾ പറഞ്ഞിരുന്നു . എത്രയോ സ്വപ്നങ്ങൾ കണ്ടിരുന്നിട്ടുണ്ട് . ഐസ്ക്രീം നുണഞ്ഞ് മണിക്കുറുകൾ പരസ്പ്പരം നോക്കി ഇരുന്നിട്ടുണ്ട് .

അന്നൊക്കെ ഇവളുടെ നിഴലുകൾക്ക് പോലും ഒരു വസന്തകാലത്തെ പൂക്കളുടെ ഗന്ധമായിരുന്നു . സത്യത്തിൽ ഇവളുടെ കണ്ണുകളിലെ ആ തിളക്കം ഇപ്പോൾ ഒണ്ടോ എന്നു പോലും നോക്കാറില്ല . പരസ്പ്പരം കണ്ട് മടുത്തതാണോ എന്നറിയില്ല . മനപ്പൂർവ്വം ഒഴിവാക്കുന്നതുമല്ല . എല്ലാവരിലും ജീവിതം ഇങ്ങനെയൊക്കെ തന്നെയായിരിക്കും . പുറം ലോക കാഴ്ചക്കാർക്ക് ഞങ്ങൾ ഇന്നും മാതൃകാദമ്പതികൾ ആണ് . വീടിനുള്ളിലെ ഞങ്ങൾക്കിടയിലുള്ള ഈ പിറുപിറുക്കലുകൾ ആരോടും പറയാൻ പോയില്ല . പറഞ്ഞിട്ടും കാര്യമില്ല സ്വയം ഇഷ്ടപ്പെട്ട് കെട്ടിയതല്ലെ . അവരും പറയും എന്തു വന്നാലും സ്വയം അനുഭവിച്ചോ എന്ന് . അല്ല പറയാൻ മാത്രം ഞങ്ങൾക്കിടയിൽ ഒരു പൊട്ടിത്തെറി ഒന്നും നടന്നിട്ടില്ല താനും . മന:സിന്റെ ഈഗോ ആയിരിക്കും എനിക്ക് .

ഈ വക കാര്യങ്ങൾ കൂട്ടുകാർക്കിടയിൽ പങ്കു വെയ്ക്കാൻ മടിക്കുന്നത് . വല്യ ഓഫീസറാന്നുള്ള ഭാവം എന്നേയും എന്റെ ചിന്തകളേയും ഭരിക്കാൻ തുടങ്ങിയോ . പലതവണ ഞാൻ എന്നെതന്നെ വിശകലനം ചെയ്തു നോക്കി . പക്ഷെ ആ ഭാവം ഓഫീസിൽ മാത്രമേ ഇത്തിരിയെങ്കിലും ഒള്ളതായി തോന്നിയിട്ടുള്ളു . ഇവളുടെ മുമ്പിൽ ഞാൻ എന്നും ആ പഴയ വിശ്വൻ തന്നെ . യഥാർത്ഥത്തിൽ പ്രണയ കാല ജീവിതവും യഥാർത്ഥ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്തതു പോലെ . അവൻ പറഞ്ഞത് എത്ര സത്യമായിരുന്നു . പരസ്പ്പരം ഇരുപത്തിനാല് മണിക്കൂറും ജീവിതകാലംവരെയും അടുത്തിരിക്കുമ്പോൾ ഈ പ്രണയവും ആകാംക്ഷയും തീരുമെന്നും അവിടെ മുതൽ നിങ്ങളുടെ ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൽ തല പൊക്കാൻ തുടങ്ങുമെന്നും .

സത്യത്തിൽ അവന്റെ വാക്കുകൾ അറം പറ്റിയതു പോലായി . പണ്ട് പ്രണയത്തിന്റെ തീച്ചൂളയിൽ കനലുകൾ ആളിക്കത്തുമ്പോൾ അവൾ രാജകുമാരിയും ഞാൻ രാജകുമാരനുമായിരുന്നു . അന്നൊക്കെ മോളേ എന്നല്ലാതെ വിളിച്ചിരുന്നില്ല . പ്രണയത്തിന്റെ തീഷ്ണതയ്ക്കനുസരിച്ച് ചക്കരേ പൊന്നെ മുത്തേന്നും പരസ്പ്പരം വിളിച്ച് ഭാരമില്ലാത്ത അപ്പൂപ്പൻ താടി പോലെ പാറി പറന്ന് ജീവിച്ചിട്ടുണ്ട് . യഥാർത്ഥത്തിൽ വിവാഹത്തിന് മുമ്പേ ഞങ്ങൾ പ്രണയം പങ്കിട്ടു തീർത്തു . ഇവളെ പ്രണയിക്കാനായി വേറൊരു മുഖം മാറ്റി വെച്ചില്ല പുതുതായി തൃപ്തിപ്പെടുത്താൻ കുളിരു കോരുന്ന ഒരു പഞ്ചാരവാക്കു പോലും . എടി സുമിത്രെ എന്ന് വിളിക്കുമ്പോഴേ ഇവളുടെ മുഖം മാറും . വെളുത്തു തുടുത്ത മുഖം ചുവന്ന് ഒന്നുകൂടെ തുടുക്കും . പല രാത്രികളിലും എന്റെ ചെവിയിൽ അടക്കം പറയും മക്കൾ കേൾക്കാതെ . വിശ്വേട്ടൻ പണ്ടൊക്കെ എന്നെ മോളേ എന്നല്ലാതെ വിളിച്ചിട്ടില്ല ഇപ്പോ വിളിക്കുന്നത് എടി പോടി എന്നൊക്കെയാ .

ചങ്ക് പൊട്ടുന്നുണ്ട് കെട്ടോ വിശ്വേട്ടാ ങ്ങടെ ഈ വിളി കേൾക്കുമ്പോൾ . അളുടെ മുടിയിഴയിൽ പതിയെ തലോടി ഒരു ചുംബനം കൊടുക്കുന്നതോടെ പലപ്പോഴും പരിഭവം തീരാറാ പതിവ് . കുറച്ചായി ഇവൾ അതിൽ തൃപ്തിവരാതെ മുഖം വീർപ്പിച്ച് തിരിഞ്ഞ് കിടക്കും . നിങ്ങളൊരു ചുംബനം തന്ന് എന്നെ പറ്റിക്കുവാ ഇപ്പോ നിങ്ങൾക്ക് എന്നെ ഒട്ടും ഇഷ്ടമല്ലാ എനിക്ക് മനസ്സിലാവണുണ്ട് ഞാനത്ര മണ്ടിയൊന്നും അല്ലാട്ടോ എന്ന് പറഞ്ഞ് . കെട്ടിപിടിക്കാൻ കൈകൾ വെക്കുമ്പോഴേ കൈ തട്ടി മാറ്റും ങ്ങള് എന്നെ തൊടേണ്ടാന്നും പറഞ്ഞ് . പതിയെ തേങ്ങലടിക്കുന്നതും കേൾക്കാം . സത്യമാണ് ഇവളുടെ പരാതിക്ക് കുറച്ചൊക്കെ സത്യമില്ലാതില്ല . ഒരു സിനിമയ്ക്ക് പോയിട്ടുതന്നെ വർഷം ഒന്ന് കഴിഞ്ഞെന്നാ തോന്നുന്നേ . ഈ അടുക്കള മുറിയിൽ ഇവളുടെ മനസ്സിൽ സംശയത്തിന്റെ കറുത്ത പുക പടർന്നില്ലെങ്കിലേ അതിശയമുള്ളു . പണ്ടൊക്കെ അവൾ വരാതിരുന്നിട്ടും ഞാനായിരുന്നല്ലോ സിനിമയ്ക്ക് കൂട്ടിപ്പോയിരുന്നത് . ഞങ്ങളുടെ ഇടയിൽ ജീവിത പരിണാമം വന്നതു പോലെ മാറ്റങ്ങൾ പതിയെ വന്നു ചേർന്നു കൊണ്ടിരുന്നു .

എന്നാലും ഇവളോടുള്ള ഇഷ്ടം കൂടി വന്നിട്ടേയുള്ളു . ജോലിയുടെ ടെൻഷനിൽ ജീവിതത്തിന്റെ പല നിമിഷങ്ങളും മറന്നു പോകും . കണക്കുകൾ കൂട്ടിക്കൂട്ടി ജീവിതത്തിന്റെ കണക്കുകൂട്ടൽ എവിടേയോ ഞാൻ അറിയാതെ തെറ്റുന്നുണ്ടായിരുന്നു . ഇവൾക്കായ് ഇത്തിരി സമയം മാറ്റിവെയ്ക്കണമെന്ന് ഓരോ പിണക്കത്തിലും മനസ്സിൽ കുറിച്ചിടുന്നതാ . പക്ഷെ ഈ തിരക്കു പിടിച്ച ജീവിത പാച്ചിലിൽ ഇവളോടായ് പറയാൻ കരുതിവെച്ച വാക്കുകൾ വരെ മറന്നു പോകുന്നു . പലപ്പോഴും ഞാൻ ആത്മ പരിശോധന നടത്തിയിട്ടുണ്ട് ഞാൻ ഇവളിൽ നിന്നും അകന്നിട്ടുണ്ടോ എന്ന് . ഇല്ലാ എന്നാണ് മനസ്സ് എനിക്ക് തന്ന ഉത്തരം .

സത്യമാണ് മോളേയെന്ന് വിളിക്കാറില്ല പൊന്നേയെന്നും . പണ്ട് വല്യച്ഛന്റെ മോൻ പറഞ്ഞതു പോലെ എന്നും അരുകിൽ ചൂടും ചൂരും അനുഭവിച്ചും അറിഞ്ഞും നിങ്ങൾ ഒരുമിച്ച് ജീവിക്കുമ്പോൾ മോളേയെന്ന വാക്കുകൾ നീ മറക്കും പക്ഷെ നിന്റെ വായിൽ നിന്നും കേട്ടു മതിമറന്നുനിന്ന ആ പ്രണയവാക്കുകൾ അവൾ മറക്കില്ല നീ എന്നാണോ ആ വാക്കുകൾ മറക്കാൻ തുടങ്ങുന്നത് അന്ന് തീരും നിങ്ങളുടെ ദാമ്പത്ത്യത്തിന്റെ ഊഷ്മളത . നിങ്ങൾ വിവാഹത്തിനു മുമ്പേ രണ്ട് ജന്മം അനുഭവിക്കേണ്ട സ്നേഹവും പ്രണയവും കുറച്ചു വർഷങ്ങൾ കൊണ്ട് പറഞ്ഞും അനുഭവിച്ചും തീർത്തു . വിവാഹ ശേഷം പങ്കിടാൻ ശരിരവും കുറച്ച് ദൈന്യംദിന കാര്യങ്ങളുമേ കാണു .

സത്യമാണ് ഇന്ന് എല്ലാം വന്നുഭവിച്ചുകൊണ്ടിരിക്കുന്നു . അവന് എന്തോ പ്രവചനശക്തി ഒള്ളതു പോലെ തോന്നാറുണ്ട് പല അവസരത്തിലും . ചായ സ്റ്റൗവ്വിൽ തിളച്ചുമറിയുന്നതു കാണാം . ഞാൻ പുറകിൽ നിൽക്കുന്നത് അവൾക്ക് കാണാൻ കഴിഞ്ഞില്ല . പതിയെ ചെന്ന് പുറകിലൂടെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു ചുംബനം കൊടുത്തു . ആദ്യം അവൾ അമ്പരന്നു പോയതു പോലെ തിരിഞ്ഞുനോക്കി . കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു . ആ പ്രണയകാലത്തെ അനുഭൂതിയോടെ ചെവിയിൽ മന്ത്രിച്ചു മോളെയെന്ന് .

✍️ അനിൽ ഇരിട്ടി .

Leave a Reply

Your email address will not be published. Required fields are marked *