Categories
Uncategorized

“പോയി വരാം”… എന്ന് പറഞ്ഞു അവിടെ നിന്ന് യാത്ര പറഞ്ഞു

രചന: ഷാനവാസ് ജലാൽ

വിവാഹം കഴിഞ്ഞു അവളോടൊപ്പമുള്ള ആദ്യ യാത്ര എങ്ങോട്ടെന്ന് ചിന്തിച്ചപ്പോഴെ മനസ്സിൽ ഓടിയെത്തിയത്‌ അരുണിന്റെ മുഖമായിരുന്നു.

യാത്ര പറഞ്ഞു വിട്ടിൽ നിന്നും ഇറങ്ങി പകുതി ദൂരം കഴിഞ്ഞപ്പോഴാണു അവൾ ആരാണു അരുണെന്ന് എന്നോട്‌ ചോദിച്ചത്‌. അവൻ എന്റെ എല്ലാമാണെന്ന് പറഞ്ഞ്‌ അവസാനിപ്പിച്ചത്‌ അൽപ്പം കുശുമ്പോടെയാണ്‌ അവൾ കേട്ടതെങ്കിലും അവനെക്കുറിച്ചു പറയാൻ അവൾ നിർബന്ധിച്ചത്‌ കൊണ്ടാണു ഞാൻ അത്‌ പറഞ്ഞു തുടങ്ങിയത്‌.

കുഞ്ഞുനാളിൽ എന്റെയും അവന്റെയും വിട്ടുകാർ അയൽവാസികളായതു‌ കൊണ്ട്‌ തന്നെ എന്റെ കളിക്കൂട്ടുകാരായിരുന്നു അവനും അവനെക്കാൾ നാലു വയസ്സ് മൂത്ത അവന്റെ ചേച്ചിയും. സാമ്പത്തികമായി അൽപ്പം പുറകിലോട്ട്‌ ആയത്‌ കൊണ്ടാകണം; ഞാൻ ടൈയ്യും കോട്ടുമിട്ട്‌ സ്കുൾ ബസിൽ സി. ബി.എസ്. സി‌ ക്ക്‌ ചേർന്നപ്പോൾ അവനും ചേച്ചിയും പഠിച്ചിരുന്നത്‌‌ ഗവൺമന്റ്‌ സ്കൂളിലായിരുന്നു. എപ്പോഴും കണ്ടും കളിച്ചും കൊണ്ടുമിരുന്ന ഞങ്ങൾക്കിടയിൽ ആ സ്കുൾ സമയം ഉണ്ടാക്കിയ അകലം വളെരെ വലുതായിരുന്നു …!!

എന്റെ പഠിത്തത്തിന്റെ ഗ്രാഫ്‌ താഴോട്ട്‌ പോകുന്നത്‌ കണ്ടിട്ട്‌ പൈസയെങ്കിലും ലാഭമാകുമല്ലോന്ന് അച്ഛൻ കരുതിയിട്ടാകണം എട്ടാം തരം മുതൽ അവനോടോപ്പം ഞാനും പോയി തുടങ്ങിയിരുന്നു ഗവൺമെന്റ്‌ സ്ക്കൂളിൽ . പഠിക്കാൻ മിടുക്കാനായിരുന്ന അരുൺ തന്നെയായിരുന്നു സ്കൂളിലെ ലീഡർ എന്നത്‌ ആരെയും സംസാരിച്ചു തോൽപ്പിക്കാനുള്ള അവന്റെ കഴിവിനോരു അംഗികാരം തന്നെയായിരുന്നു…!!

കോളെജ്‌ ലൈഫിലായിരുന്നു സത്യത്തിൽ ജിവിതത്തിൽ അവനെ മാറ്റിമാറിച്ച സംഭവങ്ങൾ ഉണ്ടായത്‌. ഞാൻ സാധാരണ രീതിയിൽ ക്ലാസ്‌ കട്ട്‌ ചെയ്യലും മരം ചുറ്റി പ്രേമവുമായി വിലസുമ്പോൾ അവൻ ലൈബ്രറിയിലും അവൻ തിരഞ്ഞെടുത്ത പാർട്ടി പ്രവർത്തനങ്ങളുമായി മുന്നോട്ട്‌ പോകുന്നുണ്ടായിരുന്നു. പ്രസംഗിക്കാൻ അസാമന്യ കഴിവുണ്ടായിരുന്നത്‌ കൊണ്ട്‌ കോളേജ്‌ ചെയർമാൻ പോസ്റ്റിലെക്ക്‌ അവൻ മൽസരിക്കുമ്പോഴും എനിക്കുറപ്പായിരുന്നു അവൻ വിജയിക്കുമെന്ന്. കാരണം ആരൊടും കള്ളം പറയാത്ത, എല്ലാവരോടും ചിരിച്ച്‌ മാത്രം സംസാരിക്കുന്ന, ഏത്‌ പ്രേശ്‌നത്തിലും മുന്നിൽ നിൽക്കുന്ന അവൻ വിജയിച്ചില്ലെങ്കിൽ പിന്നെ ആരു ജയിക്കാനാണെന്ന് എതിരാളികൾ പോലും സമ്മതിച്ചു തരുമായിരുന്നു …!! നീ ഒരു മന്ത്രിയായിട്ട്‌ വേണം കൂടെനിന്ന് അഴിമതി നടത്താനെന്ന എന്റെ സംസാരത്തെ ചിരിച്ചു കൊണ്ട്‌ അവൻ തള്ളുമെങ്കിലും; “വലിയ ആഗ്രഹങ്ങൾ ഒന്നുമില്ലളിയ…നാടിനു പറ്റുന്ന നന്മ ചെയ്യണം …

പെങ്ങളുടെ കല്ല്യാണം..;പിന്നെ എന്റെ അച്ഛനേയും അമ്മയേയും പൊന്ന് പോലെ നോക്കണം…; ഇതൊക്കെയെ ഉള്ളളിയാ ജിവിതത്തിലെ ആഗ്രഹങ്ങൾ…” എന്ന് പറഞ്ഞു അവൻ നടന്ന് നിങ്ങുമ്പോഴും സത്യത്തിൽ അവൻ എന്റെ കൂട്ടുകാരനായതിൽ കുറച്ച്‌ അഹങ്കാരം എനികും ഉണ്ടായിരുന്നു …!!

“എന്നിട്ട്‌ ഇപ്പോൾ എന്തായി നിങ്ങളുടെ കൂട്ടുകാരൻ…ഒരു പഞ്ചായത്ത്‌ മെമ്പറെങ്കിലും ആയൊ…?” എന്നുള്ള അവളുടെ ചോദ്യത്തിന് “നീ കരുതുന്നതിലും അപ്പുറം ഒരു നാടിന്റെ തന്നെ ആവേശമായി അവൻ മാറിയെന്ന്…” പറഞ്ഞു ഞാൻ കൈചുണ്ടിയ രക്‌തസാക്ഷി മണ്ഡപത്തിലെക്ക്‌ അവൾ നോക്കിയപ്പോഴെക്കും എന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു..!!

അവന്റെ വീടെത്തും വരെ അവൾ ഒന്നും മിണ്ടിയിരുന്നില്ല പിന്നിട്‌. അപ്രതീക്ഷതമായി ഞങ്ങളെ കണ്ടുകൊണ്ടാകാണം അവന്റെ അമ്മ മുറ്റത്തെക്ക്‌ ഓടിയിറങ്ങി വന്നു;ഞങ്ങളെ സ്വികരിച്ചു അകത്തെക്ക്‌ കൊണ്ട്‌ പോയി. പൊട്ടി പൊളിഞ്ഞ അകത്തളം കണ്ട്‌ അവൾ എന്നെ നോക്കുന്നത്‌ കണ്ടിട്ട്അച്ഛ‌നാണ്‌ മറുപടി പറഞ്ഞത്‌ ..

“വാടകവീടാണു മോളെ….വാടക സമയത്ത്‌ മാത്രം ചേവി കേൾക്കുന്ന മുതലാളിയാ വീടിന്റെത്‌. ഇതൊന്ന് നേരെയാക്കാൻ പറഞ്ഞാൽ അയാൾക്ക്‌ ചെവി കേൾക്കൂലാ….മോളുടെ കല്ല്യാണം കഴിഞ്ഞു കുറച്ചു ബാധ്യത ആയപ്പോൾ വിറ്റതാ അവിടെയുള്ള വിട്‌…….പിന്നെ ആർക്കാ വീടും വസ്തുവുമൊക്ക…?എല്ലാം നോക്കേണ്ടവൻ നേരത്തെ തന്നെ അങ്ങ്‌ പോയില്ലെന്….?” എന്ന് പറഞ്ഞ്‌ അച്ഛൻ ഭിത്തിയിൽ തൂക്കിയിരിയ്ക്കുന്ന അവന്റെ പടത്തിലേക്ക്‌‌ മുഖം ഉയ‌ർത്തിയപ്പോഴെക്കും അമ്മ കടുപ്പം കുറഞ്ഞ രണ്ട്‌ ഗ്ലാസ്‌ കട്ടൻ ചായയുമായി ഞങ്ങളുടെ മുന്നിലെക്ക്‌ എത്തിയിരുന്നു..!!

അവളുടെ മുടിയിൽ തലോടി അവളോട്‌ വിശേഷങ്ങൾ ചോദിച്ചു നിന്ന അമ്മയുടെ കണ്ണു നിറയുന്നത്‌ കണ്ടിട്ടാ ഞാൻ പോയി ചേർത്ത്‌ പിടിച്ചത്‌….”അമ്മയുടെ മോൻ തന്നെയല്ലെ ഞാനും…..അപ്പോൾ ഇവളും അമ്മയുടെ മരുമോളാ….അതല്ലെ എങ്ങും പോകാതെ ഞാൻ ഇങ്ങ്‌ ഓടി വന്നത്‌” എന്ന് പറഞ്ഞപ്പോഴേക്കും പാവം ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞ്‌ ഒഴുകിയിരുന്നു…!!

“പോയി വരാം”… എന്ന് പറഞ്ഞു അവിടെ നിന്ന് യാത്ര പറഞ്ഞു വണ്ടിയിൽ കയറിയപ്പോഴെക്കും അവൾ ചോദിച്ചിരുന്ന് എങ്ങനെയാ അവൻ മരിച്ചതെന്ന്…

ഇലക്ഷൻ സമയത്ത്‌ തോൽവി മുന്നിൽ കണ്ട പാർട്ടിക്ക്‌ എതിരാളികളെ ചെറുക്കാൻ ഒരു രക്തസാക്ഷിയെ വേണമെന്ന് പറഞ്ഞപ്പോൾ നറുക്ക്‌ വീണത്‌ അരുണിനായിരുന്നുവെന്ന് മനസ്സിലാക്കിയപ്പോഴേക്കും ഒരുപാട്‌ വൈകിപ്പോയിരുന്നു…!! കൊല്ലാൻ പറഞ്ഞവൻ മന്ത്രിയുമായി…. പാവം പിടിച്ച കുറച്ച്‌ എതിർപ്പാർട്ടിയിലെ അത്താഴപ്പട്ടിണിക്കാരന്റെ മക്കൾ ജയിലിലുമായെന്ന് എനിക്ക്‌ അവളോട്‌ പറയാൻ കഴിഞ്ഞില്ല.

എന്ത്‌ കൊണ്ട ചേട്ടൻ പെട്ടെന്ന് പാർട്ടി വിട്ടതെന്ന ചോദ്യത്തിനു മാത്രം എനിക്ക്‌ മറുപടിയുണ്ടായിരുന്നു…. “കുഞ്ഞു നാളിൽ എനിക്ക്‌ കരുത്തായ കരങ്ങൾക്ക്‌ എനിക്ക്‌ തണലാകണെമെന്നത്‌ കൊണ്ട്‌ മാത്രമെന്ന്…”!!!!!!!

രചന: ഷാനവാസ് ജലാൽ

Leave a Reply

Your email address will not be published. Required fields are marked *