Categories
Uncategorized

വിവാഹം കഴിക്കാൻ സമ്മതമാണെന്ന് ശ്രീരാഗ് അറിച്ചിട്ട് അവരെന്താ പറഞ്ഞത്…”ചേച്ചിയുടെ ഈ വാടക വീട്ടിലെ പൊറുതി എന്നവസാനിക്കും? സ്വന്തമായൊരു വീട് ചേച്ചിക്കെന്നുണ്ടാവും?”

രചന: Saji Mananthavady

വർണ്ണചിത്രം.

“ചേച്ചിയുടെ ഈ വാടക വീട്ടിലെ പൊറുതി എന്നവസാനിക്കും? സ്വന്തമായൊരു വീട് ചേച്ചിക്കെന്നുണ്ടാവും?”

അനിയത്തി രേണുവിന്റെ ചോദ്യമാണ് ചിത്രയെ സ്വപ്നങ്ങളിൽ നിന്ന് ഉണർത്തിയത്. ശരിയാണ് കുറെ കാലമായി താൻ ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും മൂന്ന് മുറിയും അടുക്കളയുമുള്ള ഒരു വീട് .സ്വന്തമായൊരു വീട്. അല്ലെങ്കിൽ തന്നെ ആരാണ് സ്വന്തമായൊരു വീടിനെ കുറിച്ച് ചിന്തിക്കാത്തത് ? കുബേരനായ അംബാനിക്ക് “ആന്റ്ലിയ “യെ കുറിച്ച് ചിന്തിക്കാമെങ്കിൽ വാടക വീട്ടിൽ താമസിക്കുന്ന തനിക്കും ഒരു വീടിനെ പറ്റി സ്വപ്നം കാണുന്നതിൽ എന്താണ് തെറ്റ്? അടുത്ത കാലത്താണ് ഒരു ബെഡ് റൂമും കിച്ചനും മാത്രമുള്ള വാടക വീട്ടിലെ താമസം ഇത്രമാത്രം അരോചകമായി മാറിയത്. അതിന് കാരണം മൂത്ത മകൾ പ്രവീണയായിരുന്നു. അവൾ ഏഴാം ക്ലാസിലെത്തിയിരിക്കുന്നു. മകൻ പ്രവീൺ നാലിലും . പന്ത്രണ്ട് വയസായ ഒരു പെൺകുട്ടിയെ അത് മകളാണെങ്കിലും അവൾ കിടന്നുറങ്ങുന്ന മുറിയിൽ അച്ഛനും അമ്മയും അനുജനും കിടന്നുറങ്ങുന്നത് ഒരു അസ്വസ്ഥയുളവാക്കുന്നുണ്ടെന്ന് ചിത്രക്ക് തോന്നി. അവൾ സ്വകാര്യതയിഷ്ടപ്പെടുന്നുണ്ട് .അല്ലെങ്കിൽ തങ്ങൾ അവളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുയാണെന്ന് പലപ്പോഴും തോന്നാറുമുണ്ട്.

“ശരിയാണ് മോളെ ചേച്ചിയുടെ ഏറ്റവും സ്വപ്നം സ്വന്തമായി ഒരു വീടെന്നതാണ്. പ്രവീണ വലുതായി വരികയല്ലേ ? ഒരു പരിചയവുമില്ലാത്ത ബംഗാളിയും അണ്ണാച്ചികളും താമസിക്കുന്ന ക്വാർട്ടേഴ്സിൽ താമസിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. കടയിൽ തയ്ക്കുന്ന സമയത്ത് എനിക്ക് അവളെ കുറിച്ച് വലിയ ആധിയാണ്. ചിലപ്പോൾ തല പൊട്ടിപ്പോകുന്ന തലവേദന വരാറുണ്ട്. കാരണവും എനിക്കറിയാം മോള് തനിച്ചാണ്. അടച്ചുറപ്പില്ലാത്ത വീട്ടിൽ എന്തുറപ്പിൽ ഞാൻ തയ്ക്കാൻ പോകും ? നീ പറ ?”

“എനിക്ക് ചേച്ചിയെ സഹായിക്കണമെന്നുണ്ട്. പക്ഷെ ഏട്ടനെയും അമ്മാവനെയും ധിക്കരിക്കാൻ പറ്റുമോ? അവരെപ്പോഴും പറയുന്ന ഒരു വാക്യമുണ്ട് , ” പുകഞ്ഞ കൊള്ളി പുറത്ത് ”

” ശരിയാണ് ചൊവ്വ ദോഷക്കാരിയായ ഞാൻ അവിടെ വേലക്കാരിയായി കഴിഞ്ഞിരുന്നെങ്കിൽ ഏട്ടനും അമ്മാവനും ഇഷ്ടമായേനെ , അല്ലെ രേണു ? ചോവ്വ ദോഷക്കാരിയാണെന്നറിഞ്ഞിട്ടും വിവാഹം കഴിക്കാൻ സമ്മതമാണെന്ന് ശ്രീരാഗ് അറിച്ചിട്ട് അവരെന്താ പറഞ്ഞത് , അവന് പണമില്ലെന്ന് പിന്നെ വിദ്യാഭ്യാസമില്ല പോലും . പിന്നെ വെറും ഒരു ഓട്ടോക്കാരന് കെട്ടിച്ചു കൊടുക്കാൻ അവിടെ പെണ്ണില്ല പോലും !ഇത് കേട്ടാൽ തോന്നും ഞാൻ വലിയ പഠിപ്പും പത്രാസുമുള്ളവളാണെന്ന് .ഇതൊന്നുമില്ലെന്ന് മാത്രമല്ല , പോരാത്തതിന് ചോവ്വ ദോഷവും . അവർ വേളിക്ക് സമ്മതിക്കില്ലാന്ന് തോന്നിയപ്പോഴല്ലെ ഞാൻ ശ്രീരാഗിന്റെ കൂടെ ഒളിച്ച് ഓടിയത്. അവനെങ്ങാനും ജാതിയിൽ താണവനായിരുന്നെങ്കിൽ എന്താകുമായിരുന്നു ? ഒരു ദുരഭിമാനക്കൊല കൂടി കേരളം കണ്ടെനെ. ” ” അക്കാര്യത്തിൽ മാത്രം അവർക്ക് എതിർപ്പില്ല. എന്നാലും ചേച്ചിക്ക് ഒരു ചില്ലിക്കാശ് പോലും അവർ തരുമെന്ന് എനിക്ക് തോന്നുന്നില്ല ”

“അല്ലെങ്കിലും ഞാനതൊക്കെ എപ്പഴെമറന്നു. കുടുംബശ്രീയിൽ നിന്ന് ഒരു ലോണെടുക്കാമെന്ന വിചാരിക്കുന്നുണ്ട്. പിന്നെ കുറച്ച് പണം ഞാനും ശ്രീരാഗും ബാങ്കിലിട്ടിട്ടുണ്ട്. ആദ്യം മൂന്നോ നാലോ സെന്റ് സ്ഥലം വാങ്ങണം. പിന്നെ ഒരു വീട് . സ്വപ്നം കാണാൻ പണം മുടക്കില്ലല്ലോ അല്ലെ മോളെ ?”

” ചേച്ചി ഞാൻ പോകട്ടെ താമസിച്ച് ചെന്നാൽ യേട്ടന് കലിയിളകും ”

“നീ പോയ്ക്കോ ഞാൻ കാരണം നീയും നശിച്ചൂന്ന് പറയിപ്പിക്കണ്ട .”

“ശരി ചേച്ചി ” അപ്പോഴാണ് ചിത്രയുടെ കൂടെ തയ്ക്കുന്ന ലീലേച്ചിയുടെ ഫോൺ വന്നത്.

“ഹലോ ചിത്ര ഞാൻ ലീലേച്ചിയാ . ഇന്നെന്താ കടയിൽ വരാതിരുന്നെ ? പിന്നെ ഞാനിപ്പം വിളിച്ചത് നീ വീടുവെക്കാൻ സ്ഥലം അന്വേഷിക്കുക്കുകയാണെന്ന് പറഞ്ഞില്ലേ ? നീയെന്റെ വീട്ടിൽ വന്നിട്ടില്ലേ ? ഞങ്ങളുടെ മൂന്ന് സെന്റ് സ്ഥലം വിൽക്കാൻ പോകുകയാ, മൂത്ത മകൾ ജാനകിക്ക് ഒരാലോചന വന്നിട്ടുണ്ട്. ചെറുക്കൻ പട്ടാളത്തിലാ . അവന് ലീവ് കുറവാ ന്നാ പറഞ്ഞത്. പത്ത് കിട്ടിയാ കൊടുക്കാന്ന് കെട്ടിയോൻ പറഞ്ഞു. നിനക്ക് താല്പര്യമില്ലെങ്കിൽ മാത്രമെ ഞങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുകയുള്ളു. ശ്രീരാഗിനോട് ചോദിച്ച് നാളെ തന്നെ മറുപടി പറയണം . ഇപ്പോ സെന്റിന് നാല് ലക്ഷമുണ്ടെന്നാ ആളു പറയുന്നെ .പിന്നെ നീയാവുമ്പോ ബ്രോക്കർ കാശ് കൊടുക്കണ്ടല്ലോ. ”

“അത് ശരിയാ ചേച്ചി ഞാനും അത് തന്നെയാ ചിന്തിക്കുന്നത്. ശ്രീരാഗിന് എതിരഭിപ്രായമുണ്ടെന്ന് തോന്നുന്നില്ല. ഞാനിപ്പൊ ശ്രീരാഗിനെ വിളിച്ചു നോക്കട്ടെ . പറ്റിയാ ഞങ്ങൾ ഇപ്പോ തന്നെ സ്ഥലം കാണാൻ വരാം.”

ചിത്ര ഉടനെ ശ്രീരാഗിനെ വിളിച്ചു. അയാൾക്കും സമ്മതമായി. അവർ രണ്ടുപേരും കൂടി അവരുടെ ഓട്ടോയിൽ പോയി സ്ഥലം കണ്ടു. മെയിൻ റോഡിന്റെ അരികിലുള്ള വെള്ളത്തിന് പഞ്ഞമില്ലാത്ത നിരപ്പായ ഭൂമി അവർക്കിഷ്ടമായി.

“ബാങ്കിൽ കിടക്കുന്ന പണമെടുത്ത് കൊടുക്കണോ ?” ശ്രീരാഗ് ചോദിച്ചു.

” അതവിടെ കിടക്കട്ടെ എന്റെ മാലയും വളകളും കമ്മലും വിറ്റാൽ പത്ത് പതിനൊന്ന് ലക്ഷം കിട്ടും നാളെ നമുക്കത് വിൽക്കാം. അവർ അതിന്റെ പേപ്പറോക്കെ ശരിയാക്കി വെക്കട്ടെ നാളെ ഒരു പതിനായിരം അഡ്വാൻസ് കൊടുക്കാം” ശ്രീരാഗ് എന്തു പറയുന്നു ? ”

” ഈ കാര്യത്തിൽ നീ പറയുന്നതാ വേദവാക്യം. ”

അവർ ആ സ്ഥലം വാങ്ങിച്ചു. പിന്നീട് അവളുടെ ചിന്ത എങ്ങിനെ ആ മൂന്ന് സെന്റിൽ വീടു വെക്കും എന്നത് മാത്രമായി. ചെറിയ വീടുകളുടെ പ്ലാനുകളെ കുറിച്ച് അന്വേഷണം തുടങ്ങി. യു റ്റുബിലും ഫെയിസ് ബുക്കിലും ഗൂഗിളിലും പ്ലാനുകൾക്കായി തിരയാൻ തുടങ്ങി. ഒരു PhD വേണ്ട കാര്യങ്ങൾ വീടു നിർമ്മാണവുമായി പഠിച്ചു. അവസാനം മൂന്ന് സെന്റിൽ ഒതുങ്ങുന്ന മൂന്ന് നില വീടിന്റെ പ്ലാനുമായി ചിത്ര തന്റെ പരിചയക്കാരനായ ആർക്കിട്ടെക്റ്റിനെ കണ്ടപ്പോൾ അയാൾ ആശ്ചര്യത്തോടെ ചോദിച്ചു ” ഈ പ്ലാൻ ആരാ വരച്ചത് ?”

” ഞാനാ വരച്ചത് ?”

” ചിത്ര സിവിൽ കഴിഞ്ഞ താണോ ?”

” ഏയ്, ഇല്ല മാഷെ ”

” സത്യം പറയട്ടെ ഇത്ര മനോഹരമായ ഒരിഞ്ച് സ്ഥലം പോലും വെയ്സ്റ്റാക്കാത്ത ഒരു പ്ലാൻ ഞാനാദ്യമായിട്ടാ കാണുന്നത്. കൺഗ്രാറ്റ്സ് . ഒരു കാര്യം കൂടി പറയാം ഈ പ്ലാനിൽ എനിക്ക് വലിയ റോളില്ലാത്തതിനാൽ എന്റെ ഫീസിന്റെ നാലിലൊന്ന് തന്നാ മതി . Ok ?”

അവരുടെ സ്വപ്ന ഭവനത്തിന്റെ പണി തുടങ്ങി. ഓട്ടോക്കാർ ആ വീടാനാവശ്യമായ സിമന്റ് സ്പോൺസർ ചെയ്തു. വീട് നിർമ്മാണത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ചിത്ര അവിടെയുണ്ടായിരുന്നു. മൂന്ന് നിലയുള്ള ആ വീടിന്റെ മുകളിൽ കയറി നിന്ന് അത് നനക്കുന്നത് പോലും ചിത്രയായിരുന്നു. ശ്രീരാഗിന്റെ പാന്റ്സും ഷർട്ടും ധരിച്ച് അവൾ പണിക്കാരുടെ സൂപ്പർവൈസറായി അവർക്ക് നിർദ്ദേശങ്ങൾ നൽകി. ഓരോ ജാലകങ്ങളും ചിത്രപ്പണിയോടുകൂടിയ വയായിരുന്നു. വീട് പണി പൂർത്തിയാവുന്നതിന് മുമ്പ് തന്നെ ആ വീട് വൈറലായി മാറിയിരുന്നു. പലരും ആ വീട് പൊലൊരു വീട് പണിയണമെന്ന് ആഗ്രഹിച്ച് ചിത്രയെ സമീപ്പിക്കാൻ തുടങ്ങി.

ഒരിക്കൽ പ്രവീണ ചോദിച്ചു ” അമ്മേ നമ്മുടെ വീട്ടിലെന്താ പൂജാമുറിയില്ലാത്തത് ?”

” ഈശ്വരൻ എല്ലായിടത്തുമില്ലെ മോളെ? ദൈവം തൂണിലും തുരുമ്പിലുമുണ്ട്. അങ്ങിനെയുള്ള ഈശ്വരനെ ഒരു കൊച്ചു മുറിയിലാക്കണോ ? ഈശ്വരൻ നമ്മുടെ ഹൃദയത്തിലുണ്ടെങ്കിൽ വീട്ടിലുമുണ്ട്. അതു പോരെ മോളെ?”

“അമ്മ പറഞ്ഞതാ ശരി. ”

വെറും ആറ് മാസം കൊണ്ട് വീട് പണി പൂർത്തിയായി. ഹൗസ് വാമിങ്ങിന് ചിത്രയുടെ വീട്ടുക്കാരെയും ക്ഷണിച്ചിരുന്നു. ചിത്രയുടെ വീട് വളരെ പ്രശസ്തമായതുകൊണ്ട് ചിത്രയുടെ കുടുംബത്തിലേ എല്ലാവരും പങ്കെടുത്തു. വലിയൊരു തുക ഏട്ടൻ ഓഫർ ചെയ്തതെങ്കിലും അവൾ സന്തോഷത്തോടെ നിരസിക്കുകയാണ് ചെയ്തത്..

ഗ്യഹപ്രവേശന ദിവസം ചിത്ര ” ശ്രീരാഗം ” എന്ന പേര് കൊത്തിയ നെയിം പ്ലേയ്റ്റാണ് തൂക്കിയത് പക്ഷെ അതിന് ചില നിമിഷങ്ങളുടെ ആയുസെ ഉണ്ടായിരുന്നുള്ളു. അച്ഛനും മക്കളും പുതിയൊരു നെയിം പ്ലേറ്റ് തൂക്കി . “വർണ്ണചിത്രം ” എന്നായിരുന്നു ആ പേര് .

ചിത്രക്ക് യോജിച്ച തൊഴിൽ ഒരു ബിൽഡറുടെതാണെന്ന് മനസ്സിലാക്കിയത് ചിത്രയുടെ വീടിന്റെ പ്ലാൻ കണ്ട എഞ്ചിനീയർ അരവിന്ദായിരുന്നു. അതോടെ “ശ്രീചിത്ര കൺസ്ട്രക്ഷൻ കമ്പനി ” യുടെ ഉടമയായി ചിത്ര മാറി. ചെറിയ വീടുകൾ വളരെ ചിലവു കുറഞ്ഞ നിരക്കിൽ മനോഹരമായി നിർമ്മിക്കുകയെന്നതായിരുന്നു ചിത്രയുടെ ലക്ഷ്യം. അതിൽ അവൾ വിജയിക്കുകയും ചെയ്തു.

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: Saji Mananthavady

Leave a Reply

Your email address will not be published. Required fields are marked *