രചന : ജയ്മോൻ ദേവസ്യ തലയോലപ്പറമ്പ്
“താലി അഴിക്കുമോളേ..” വല്യമ്മ അധികാരത്തോടെ മിനിയുടെ ചെവിയിൽ ഉപദേശിച്ചു. “താലി ഇന്നുതന്നെ ദേവൻ്റെ ഭണ്ഡാരത്തിലിടണം. അവൻ പോയില്ലേ.?, ഇനി ഇതാണ് നാട്ടുനടപ്പ്.. ” നാട്ടുനടപ്പു പറഞ്ഞു കൊണ്ട് വല്യമ്മ തന്നെ, മിനിയുടെ കഴുത്തിൽ നിന്നും മാല ഊരി. അവിടെയവിടെ നിറം മങ്ങി ക്ലാവ് പിടിച്ച മാലയിൽ നിന്ന് മാറ്റിയ താലി, മിനിയുടെ കൈയ്യിലേക്ക് വച്ചു കൊടുത്തു.
മിനി, വലതു കൈയ്യിൽ താലി അമർത്തി പിടിച്ചു. അവളുടെ കൈ വിറക്കുന്നുണ്ട്. ഒന്നുമറിയാതെ കുട്ടികൾ അകത്തു കിടക്കുന്നു. അവർക്ക് ഇതു വരെ സംഭവത്തിൻ്റെ ഗൗരവം മനസ്സിലായിട്ടില്ല.
എന്തോ വലിയൊരു കാര്യം ചെയ്തു തീർത്തത് പോലെ വല്യമ്മ ഇരുന്നിടത്തു നിന്നെഴുന്നേറ്റു..
എത്ര പെട്ടെന്നാണ് ജീവിതം കീഴ്‌മേൽ മറിയുന്നത്. ഇടക്കുണ്ടായ പനിയും ചുമയും ജീവിതത്തെ ഈ വിധത്തിൽ കീഴ്മേൽ മറിക്കുന്നതായിരിക്കുമെന്ന് സ്വപ്നത്തിൽ പോലും ഓർത്തിരുന്നില്ല. അടുത്തുള്ള സർക്കാർ ആശുപത്രിയിൽ തുടങ്ങിയ യാത്ര, കാൻസർ സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിലെത്തി. അവിടുത്തെ ചികിത്സയും ഫലിച്ചില്ല. ശ്വാസകോശ കാൻസർ അതിൻ്റെ അവസാന ഘട്ടത്തിലെത്തിയിരുന്നു. അപ്രതീക്ഷിത അതിഥി ആളെയും കൊണ്ടങ്ങ് പോയി. കഷ്ടതകളിൽ സഹായിക്കുവാൻ കാര്യമായി ആരുമുണ്ടായിരുന്നില്ല. സാബുവിൻ്റെ സുഹൃത്തുക്കളിൽ ചിലർ സഹായിച്ചു. സാബുവിനും കാര്യമായ ബന്ധുക്കളില്ല. വകയിൽ സ്വന്തമെന്നു പറയാനുള്ളത് ഈ വല്യമ്മയാണ്.. മിനിയാവട്ടെ, ബന്ധുബലത്തിൽ തികച്ചും ശൂന്യയാണ്.
മിനി കയ്യിലിരിക്കുന്ന താലിയിലേക്ക് തന്നെ ദൃഷ്ടി ഊന്നി ഇരിക്കുകയാണ്. ഈ താലി അണിയിക്കുവാൻ സാബു അനുഭവിച്ച കഷ്ടതകൾ മിനിയുടെ മനസ്സിലേക്ക് ഓടിമറഞ്ഞു.
ആ വലിയ വീടിൻ്റെ ഉമ്മറത്തേക്ക് വലിച്ചു നീക്കി നിറുത്തി, കിഴക്കിനെ സാക്ഷിനിർത്തി ചരടിൽ കോർത്ത താലി കഴുത്തിലണിയിക്കുമ്പോൾ, അവളാ വീട്ടിൽ വേലക്കു നിൽക്കുകയായിരുന്നു. സാബു ആ വീട്ടിലെ ഡ്രൈവറും. വല്ലപ്പോഴും കണ്ടുള്ള പരിചയം, വളരെ പെട്ടെന്ന് അടുപ്പമായി മാറി. വീട്ടിലുള്ള കാർന്നോരുടെ ശൃംഗാരശല്യവും തൊട്ടുതടോലലും അറിഞ്ഞെത്തിയ സാബുവിൻ്റെ കയ്യിൽ ചുരുട്ടി വച്ച ചരടും അതിൽ കോർത്ത താലിയും ഉണ്ടായിരുന്നു. അത്രയും നാൾ കാർ ഷെഡ്ഡിനടുത്ത് ഭവ്യതയോടെ മാത്രം നിന്നിരുന്ന അയാൾ അധികാരത്തോടെ അന്നാ വീടിൻ്റെ ഉള്ളിലേക്ക് കടന്നു ചെന്നു. അടുക്കളയിൽ മുഷിഞ്ഞ വേഷത്തിൽ നിന്നിരുന്ന മിനിയെ അതേ വേഷത്തിൽ തന്നെ വലിച്ചു ഉമ്മറത്തെത്തിച്ചു. ആ വീടിൻ്റെ ഉമ്മറപ്പടി കല്ല്യാണമണ്ഡപമായി മാറി. താലിചാർത്തിയ സമയം ഏറ്റവും നല്ല മുഹൂർത്തവുമായി. ആണത്തത്താേടെ അവിടെ നിന്നിറങ്ങി. അന്നത്തെ ആ താലിയാണ് കൈയ്യിൽ.
പിന്നീട് ജീവിക്കുവാൻ വേണ്ടിയുള്ള ഓട്ടപ്പാച്ചിലായിരുന്നു. പല ജോലികൾ ചെയ്തു. അവസാനം പഴയ ഒരു ഓട്ടോറിക്ഷയുടെ മുതലാളിയായി, വാടക വീട്ടിൽ ജീവിതം ആരംഭിച്ചു വരവെയാണ് മാറാവ്യാധിയായി അടുത്ത ദുരിതം വന്നെത്തിയത്.
ഉണ്ടായിരുന്നതെല്ലാം ചികിത്സയ്ക്കായി വിറ്റപ്പോഴും താലി മാത്രം കഴുത്തിൽ കിടന്നു.
മിനി പതുക്കെ വീടിനകത്തേക്ക് കയറി. കുട്ടികൾ ഇതുവരെ എഴുന്നേറ്റിട്ടില്ല.
വല്യമ്മ പോകാൻ ഒരുങ്ങുന്നു. “ആഗ്രഹമുണ്ടായിട്ടല്ല മോളെ, വീട്ടിലെ കാര്യങ്ങൾ അറിയാല്ലോ…” ഉപശാന്തി പറഞ്ഞു കൊണ്ട് അവർ ഇറങ്ങി.
മിനി കുട്ടികളുടെ അടുത്തിരുന്നു. എത്ര സമയം ഇരുന്നെന്നറിഞ്ഞില്ല. ഇനിയുള്ള ജീവിതം എങ്ങിനെ.? അതവൾക്കറിയില്ലായിരുന്നു. ഏറെ വൈകി എഴുന്നേറ്റു. കുട്ടികൾ ഇപ്പോഴും മയങ്ങി കിടക്കുക തന്നെയാണ്. വിശപ്പുണ്ടായിരിക്കും. ആഹാരം കഴിച്ചിട്ട് സമയം കുറച്ച് അതിക്രമിച്ചിരിക്കുന്നു. മിനി ഒരുങ്ങി.. താലി കയ്യിലെടുത്ത് ഭഗവാൻ്റെ ഭണ്ഡാരം ലക്ഷ്യമാക്കി നടന്നു.. ഭണ്ഡാരം അകലെ നിന്നേ കാണാം. ഭണ്ഡാരത്തിൻ്റെ മുന്നിലെത്തി. ചെരുപ്പഴിച്ചിട്ട് ഭണ്ഡാരത്തിൻ്റെ മുന്നിൽ നിന്ന് തൊഴുതു. വലതുകൈ പതുക്കെ ഭണ്ഡാരത്തിലേക്ക് നീണ്ടു. അതിൽ പിടിച്ച് വണങ്ങി. താലി ഇരുന്ന കൈ ചുരുട്ടിപ്പിടിച്ചു കൊണ്ട് അവിടെ നിന്ന് വീണ്ടും മുന്നോട്ട് നടന്നു. സ്വന്തം മക്കളുടെ വിശപ്പിനോളം വരില്ല, ഭഗവാൻ്റെ പേരിലുള്ള നാട്ടുനടപ്പ്. ഭഗവാൻ പൊറുക്കും. സ്വർണ്ണക്കടയിലെത്തി. താലി വിറ്റു..
വിറ്റു കിട്ടിയ പണത്തിന് മനുഷ്യരുടെ വിശപ്പ് മാറ്റാനുള്ള സാധനങ്ങളും വാങ്ങി തിരികെ വീട്ടിലേക്ക് നടന്നു.. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ധ്യാനവും അർച്ചനയും, അവിടെ തുടങ്ങുകയായിരുന്നു ..
രചന : ജയ്മോൻ ദേവസ്യ തലയോലപ്പറമ്പ്