രചന : – ഉണ്ണിക്കുട്ടൻ
വാഷ് ബേസിനിൽ കൈ കഴുകുമ്പോഴാണ് അവളുടെ കയ്യിലെ ചുവന്നു തുടുത്ത പാടുകൾ അവൻ ശ്രദ്ധിക്കുന്നത്.. അവൻ കണ്ടെന്നു മനസ്സിലാക്കിയ ഉടൻ തന്നെ കൈകൾ പിറകിലേക്ക് ഒളിപ്പിച്ചു… ഓടി വന്ന് പിറകിലേക്ക് മാറ്റിയ ഇരു കൈകളും തന്റെ കൈവെള്ളയി ലേക്ക് ചേർത്തു പിടിച്ചു… പറ… നന്ദൂട്ടി .. എങ്ങനെയാ ഇത്.. അതോ… ഇന്നലെയും … അവൻ പകുതിയിൽ നിർത്തി… ബെൽറ്റു കൊണ്ടു അടിച്ച പാടുകളായിരുന്നു അത് … അവന് ഉറപ്പായിരുന്നു… കൈകളിൽ ഇത്രയും പാട് ഉണ്ടെങ്കിൽ ശരീരത്തിലും ഉണ്ടാവും..
തളർന്നു നിലത്ത് ഇരുന്നു പോയി അവൻ… മുട്ടുകാലിൽ മുഖം അമർത്തി കരയുന്ന അവന്റെ മുഖം അവൾ പതുക്കെ രണ്ടു കൈകൾ കൊണ്ടു ഉയർത്തി. നന്ദൂ , എന്നെ ഒന്നു വിട്ടു പൊക്കുടെ നിനക്ക് … തേങ്ങലിനിടയിൽ അവൻ്റെ ശബ്ദ ശകലങ്ങൾ പുറത്തേക്കു വന്നു… അങ്ങനെ വിട്ടു പോകാനാണോ ഞാൻ അഭിയേട്ടനെ ഇത്രേം സ്നേഹിച്ചെ… ഡോക്ടർ എന്താ പറഞ്ഞേന്നു ഓർമയില്ലേ… ഞാൻ ഒപ്പമുണ്ടായാൽ മാത്രമേ അഭിയേട്ടൻ്റെ ഈ രോഗം പൂർണമായും മാറൂ ന്ന് … എന്തൊക്കെ സഹിക്കേണ്ടി വന്നാലും അഭിയേട്ടനെ വിട്ടു പോകുന്ന ഒരു കാര്യം മാത്രം പറയരുത്…
ഡോക്ടർ പറഞ്ഞിരുന്നു റൂമിൽ സ്കെയിൽ മുതൽ ഒരു ആയുധങ്ങളും വക്കരുത് എന്ന് . പക്ഷേ താൻ ബെൽറ്റ് റൂമിൽ ഊരി വച്ചത് ഞാൻ കണ്ടില്ലായിരുന്നു . ചിരിച്ചു കൊണ്ടാണ് നന്ദന അത് പറഞ്ഞത് എങ്കിലും ഒരായിരം കാരമുള്ളുകൾ ശരീരത്തിൽ കുത്തിയിറങ്ങുന്നതായി അഭിക്ക് തോന്നി…
ലക്ഷങ്ങളിൽ ഒരാൾക്കു സംഭവിക്കാവുന്ന ഡോക്ടർമാരുടെ ഭാഷയിൽ മാനോസ്ട്രോവ് എന്ന അപൂർവ രോഗം ആണ് അഭിക്ക് … ഉറക്കത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ പെട്ടെന്ന് ഉണരും.. പിന്നെ ഒരു സാഡിസ്റ്റിൻ്റെ ഭാവമാറ്റം ആണ്… കൂടെ കിടക്കുന്ന നന്ദനയെ തല്ലിചതക്കും… ചിലപ്പോൾ ഇതിന് മിനുട്ടുകളുടെ ആയുസ്സേ ഉണ്ടായിരിക്കുകയുള്ളൂ… ചിലപ്പോൾ മണിക്കൂർ വരെ നീണ്ടു നിന്നേക്കാം.. പിന്നെ ക്ഷീണിച്ചു കിടന്നു ഉറങ്ങും.. ഉറക്കമെണീറ്റു കഴിഞ്ഞാൽ പിന്നെ സംഭവിച്ചത് ഒന്നും ഓർമ കാണില്ല…മുൻപൊക്കെ 2-3 മാസം കൂടുമ്പോൾ ആണ് ഇങ്ങനെ ഉണ്ടായിരുന്നത്.. ഈയിടെ ആയി മാസത്തിൽ ഒന്നോ രണ്ടോ തവണയായി മാറിയിരിക്കുന്നു… അതാണ് നന്ദനയുടെ ആധി കൂട്ടുന്നതും. ആ സമയത്ത് അഭിയുടെ ചുവന്ന കണ്ണുകളിലേക്കു നോക്കാൻ തന്നെ ഭയമാണ്..അടുത്ത ആഴ്ചയിൽ വിദേശത്തു നിന്നും വരുന്ന രണ്ടു ഡോക്ടർമാരുടെ കീഴിൽ പത്തു ദിവസത്തെ ഒരു ട്രീറ്റ്മെൻ്റ് ഉണ്ട്… അതിൽ ആണ് പ്രതീക്ഷ മുഴുവനും…
കോളേജിൽ അഭിയുടെ ജൂനിയർ ആയിരുന്നു നന്ദന .. അഭി കോളേജിൽ ഒരു താരം തന്നെയായിരുന്നു… ഏതെങ്കിലും ഒരു കഴിവു വെച്ച് കോളേജിൽ ഷൈൻ ചെയ്യുന്ന ചെത്തു പയ്യൻമാരിൽ നിന്നും തികച്ചും വ്യത്യസ്ഥൻ…. പാർട്ടി യുടെ പ്രകടനത്തിൽ ഏറ്റവും പിറകിൽ പുള്ളി ഉണ്ടാകും… പക്ഷേ മുന്നിൽ നിന്നു വിളിക്കുന്ന എല്ലാ മുദ്രാവാക്യങ്ങളും അഭി എഴുതി കൊടുത്തതാവും… അവൻ പ്രസംഗിക്കുമ്പോൾ മറ്റു പാർട്ടിക്കാർ കൂടി കേട്ടു നിൽക്കും… ഒരു ഇൻറർസോൺ മത്സരങ്ങളുടെ സമയത്താണ് അഭി നന്ദനയെ ആദ്യമായി കാണുന്നത്.. ഒരു പാടു കോളേജുകൾ പങ്കെടുത്ത ഇൻറർസോണിൽ ആതിഥ്യം വഹിച്ചിരുന്ന കോളേജിൻ്റെ പ്രധാന കോർഡിനേറ്റർ ആയിരുന്നു അഭി… കോളേജിൻ്റെ പ്രധാന കവാടങ്ങളിലും വലിയ തൂണുകളി ലും അവൻ മനോഹരമായി ചിത്രങ്ങൾ വരച്ചിട്ടുണ്ടായിരുന്നു… ഒരു പ്രധാന ദിനപത്രത്തിൽ അവനെ കുറിച്ചു വന്ന ഒരു വാർത്ത അവനെ കോളേജിലെ ഓരോ പുൽത്തരിക്കു പോലും പ്രിയപ്പെട്ടവനാക്കി… കോളേജിൻ്റെ ഓരോ ചലനത്തിനും ഒരു അഭി ടച്ച് ഉണ്ടെന്നായിരുന്നു ആ വാർത്ത .
ദേശീയ തലത്തിൽ കഥാരചനക്ക് സമ്മാനം നേടിയ നന്ദനക്ക് കോളേജിൽ ഒരു സ്വീകരണം ഉണ്ടായി… കോളേജിൻ്റെ ഉപഹാരം ഏതെങ്കിലും വിദ്യാർത്ഥി തന്നെ നൽകണം എന്ന് പ്രിൻസിപ്പാൾ … ആർക്കു വേണമെങ്കിലും സ്റ്റേജിലേക്കു വരാം എന്ന് … ഞാൻ ഞാൻ എന്നു പറഞ്ഞ് പലരും സ്റ്റേജിനടുത്തേക്ക് ഓടിക്കയറി… അപ്പോഴാണ് വൈസ് പ്രിൻസിപ്പാൾ അനൗൻസ് ചെയ്തത്.. അഭി വരട്ടെ… ഇതിനും വേണ്ടേ ഒരു അഭിടച്ച് …
ഇതായിരുന്നു ആദ്യ കൂടിക്കാഴ്ച… പിന്നെ ഇടക്കിടക്ക് കാണാൻ തുടങ്ങി… സംസാരിക്കാൻ തുടങ്ങി… പെട്ടെന്നാണ് ഒരു ദിവസം അഭി പ്രണയം തുറന്നു പറഞ്ഞത്.. മറുപടിയായി അവന്റെ നോട്ട് ബുക്കിൽ ഇങ്ങനെ എഴുതി… sorry…
നിൻ്റെ വിരലുകൾ നുണ പറയുന്നു. ഞാൻ നിൻ്റെ കണ്ണുകളോടാണ് സംസാരിക്കുന്നത്…പിന്നെ അവൾക്കു പിടിച്ചു നിൽക്കാൻ അയില്ല …
മൂന്ന് വർഷങ്ങൾക്കു ശേഷം ആയിരുന്നു വിവാഹം.. വിവാഹത്തിന് ശേഷവും അവർ പ്രണയിച്ചു കൊണ്ടേ ഇരുന്നു … ആരെയും മോഹിപ്പിക്കുന്ന ഇണ കുരുവികളായി മുന്നോട്ടു പോകുമ്പോഴാണ് രോഗലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയത്… പെട്ടെന്നു തന്നെ മികച്ച ഡോക്ടർമാരെ കാണിച്ചതിനാൽ വലിയ പ്രശ്നങ്ങൾ ഉണ്ടായില്ല..
അത്താഴം കഴിഞ്ഞു ബെഡ്റൂമിൽ കയറിയ അഭി ശാന്തനായിരുന്നു… അനുസരണയുള്ള കുട്ടിയെപ്പോലെ അവൻ കൈകൾ നീട്ടി.. കെട്ടിയിട്ടോ… രാവിലെ അഴിച്ചാൽ മതി… തന്നെ തഴുകി ഉറക്കേണ്ട കൈകൾ കെട്ടിയിടുന്ന കാര്യം ആലോചിച്ചപ്പോൾ അവൾ തേങ്ങിപ്പോയി .. അഭീ നീ ദേഷ്യപ്പെടില്ലെങ്കിൽ ഞാൻ ഒരു കഥ പറയാം… പറഞ്ഞോ .. പറഞ്ഞോ… നിൻ്റെ കഥ കേട്ടിട്ട് കുറേ ദിവസം ആയി… പണ്ട് എന്റെ വീട്ടിൽ ജോലിക്കു വന്നിരുന്ന ഒരു ഭാര്യയും ഭർത്താവും ഉണ്ടായിരുന്നു.. ഇവർ രണ്ടു പേരും നല്ല ഒരുമയും സ്നേഹവും ഒക്കെ ആയിരുന്നു… പക്ഷേ ഭർത്താവ് എന്നും രാത്രി കള്ളു കുടിച്ചു ചെന്നു ഭാര്യയെ തല്ലും… തല്ലു കിട്ടുന്നത് ഭാര്യക്ക് ഒരു ശീലവും ആയി… ഒരു ദിവസം ഇയാൾ കുടി കഴിഞ്ഞ് രാത്രി എത്താൻ വൈകി.. പാതി ഉറങ്ങിയ കണ്ണുകളോടെ വാതിൽ തുറന്ന ഭാര്യ കാണുന്നത് കെട്ടിയോൻ നാലു കാലില്‍ നിന്ന് എന്തൊക്കെയോ വീരവാദം പറയുന്നതാണ്.. വീട്ടിൽ കയറി ഉറങ്ങാനൊട്ടു കൂട്ടാക്കുന്നില്ലതാനും. സഹികെട്ട ഭാര്യ പറഞ്ഞു. നിങ്ങൾ തല്ലുന്നുണ്ടെങ്കിൽ തല്ല്… എനിക്ക് പോയി കിടന്നു ഉറങ്ങണം ..രണ്ടു പേരും ചിരിച്ചെങ്കിലും മനസ്സു അസ്വസ്‌തമായിരുന്നു ..ഒരാഴ്ച കൂടി കഴിഞ്ഞാൽ ട്രീറ്റ്മെൻറ് തുടങ്ങും… അവൾ തന്റെ ചുരിദാറിൻ്റെ ഷാൾ കൊണ്ട് അവൻ്റെ കൈ കട്ടിലിനിനോട് ചേർത്ത് കെട്ടി…
ട്രീറ്റ്മെൻറിൻ്റെ അവസാന ദിവസം അഭി വളരെ ആഹ്ളാദവാനായിരുന്നു… ഇനി ഒരിക്കലും തിരിച്ചു വരാത്ത വിധം രോഗത്തെ പറിച്ചു കളഞ്ഞിരിക്കുന്നു എന്ന് ഡോക്ടർമാർ ഉറപ്പു പറഞ്ഞു. എത്രയും പെട്ടെന്ന് നന്ദനയുടെ അടുത്തെത്താൻ അവൻ്റെ മനസ്സ് പിടഞ്ഞു. തനിക്കു വേണ്ടി ഇത്രയും ത്യാഗം സഹിച്ച അവൾക്ക് എന്താണ് നൽകുക എന്നതായിരുന്നു അവൻ്റെ മനസ്സിൽ… പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്.. നന്ദന തലകറങ്ങി വീണു . അഡ്മിറ്റാണ് എന്നായിരുന്നു മറുതലക്കൽ നിന്നും കേട്ടത്… അവൻ്റെ സപ്ത നാഡികളും തളർന്നു… ഒരു വശത്ത് താൻ രക്ഷപ്പെട്ടപ്പോഴേക്കും അവൾ … താൻ അവളെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ട്… അതിൻ്റെ ഫലമാണ് ഇത് എന്ന് ഉറപ്പ് … ഓടിക്കിതച്ച് ഹോസ്പ്പിറ്റലിൽ എത്തിയപ്പോൾ അവൾ മയങ്ങുകയായിരുന്നു… അവൻ്റെ മുഖവും പരിഭ്രാന്തിയുമെല്ലാം കണ്ടപ്പോൾ ഡോക്ടർ ഒന്നു ചിരിച്ചു… പേടിക്കാൻ ഒന്നും ഇല്ല… നിനക്കു തല്ലാൻ ഒരാൾ കൂടി വരുന്നുണ്ടെന്ന് … സന്തോഷം കൊണ്ട് അവൻ ഇത്രയും പറഞ്ഞു… തല്ലുന്ന രോഗം ഡോക്ടർമാർ പിഴുതു കളഞ്ഞു….. ഇനി ജീവിത കാലം മുഴുവൻ തലോടാൻ ഉള്ളതാണ്.. മയങ്ങിക്കിടക്കുന്ന അവളുടെ നെറ്റിയിൽ അവൻ പതുക്കെ തലോടി…
രചന : – ഉണ്ണിക്കുട്ടൻ