രചന : – അനാമിക.
ഇന്നെന്റെ ആദ്യരാത്രി ആണ്. ഞാൻ ഒരുപാട് ആഗ്രഹിച്ച ആളെ തന്നെ എന്റെ ഗുരുവായൂരപ്പൻ എനിക്ക് സ്വന്തമാക്കി തന്ന ദിവസം. പക്ഷേ സ്വപ്നം നെയ്തപ്പോൾ കണ്ട സന്തോഷവും കളിയും ചിരിയും ഇന്ന് എവിടെയും കാണാൻ ഇല്ലെന്ന് മാത്രം. ഈ വീടിന്റെ ഓരോ മുക്കിലും മൂലയിലും ദുഃഖം തളം കെട്ടി നിൽക്കുന്നത് പോലെ.. ആകെയൊരു വീർപ്പുമുട്ടൽ. ഓരോ സെക്കന്റിനും ഒരു യുഗത്തിന്റെ ദൈർഘ്യo പോലെ.. നെഞ്ചിടിപ്പ് കൂടി കൂടി വരുന്നു. താലി കെട്ടിയവന് എന്നെ ഇഷ്ടമാണോ എന്ന് പോലും അറിയില്ല. പക്ഷേ ഒന്ന് മാത്രം അറിയാം എനിക്ക് അവനെ പ്രാണനായിരുന്നു.
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അയല്പക്കത്തെ പുതിയ വീട്ടിലേക്ക് സ്ഥിരതാമസത്തിന് എത്തിയ മൂന്നoഗ കുടുംബത്തിലെ പാട്ടുകാരനായ ഏക മകനോട് തോന്നിയ ഒരു ആരാധന മെല്ലെ മെല്ലെ പ്രണയമായി പരിണമിക്കുകയായിരുന്നു.ആദ്യം ഒരു കൗമാരക്കാരിക്ക് തോന്നിയ അഭിനിവേശം മാത്രമായിട്ടാണ് തോന്നിയത്.. പിന്നെ എപ്പോഴോ അസ്ഥിയ്ക്ക് പിടിച്ച പ്രണയമായി അത് മാറി കഴിഞ്ഞിരുന്നു.
രാവിലെ അപ്പുറത്തെ വീട്ടിൽ നിന്നും ജനലിലൂടെ ഒഴുകി വരുന്ന പാട്ടുകൾക്ക് കാതോർത്തിരിക്കുന്നത് പതിവ് ശീലമായി.. ആ പാട്ടിൽ ലയിച്ചു ദിവാ സ്വപ്‌നങ്ങൾ നെയ്തു കൂട്ടി ഞാൻ എന്റെ പ്രണയസാഗരത്തിൽ നീന്തി തുടിച്ചു.
അമ്മയുടെ കൂടെ വല്ലപ്പോഴും ആ വീട്ടിലേക്ക് പോവും. ചിലപ്പോൾ അവനെ നേരിട്ട് കണ്ടാൽ എന്നായി മാത്രം.അപ്പോൾ അമ്മയെ നോക്കി മാത്രം ഗൗരവം കലർന്ന ഒരു ചിരി പാസ്സാക്കി കൊടുക്കും. അമ്മ എന്തേലും ചോയ്ച്ചാൽ അതിന് അളന്നു തിട്ടപ്പെടുത്തി മറുപടി കൊടുക്കും.. അടുത്തൊരാൾ നിൽക്കുന്നുണ്ടെന്നു ഭാവിക്കുകയേ ഇല്ല. ഇനീപ്പോ ശരിക്കും എന്നെ കാണാത്തത് കൊണ്ടാണോ.
ഒരു ദിവസം രണ്ടും കല്പിച്ചു ഞാൻ ചോദിച്ചു ഏട്ടൻ എന്താ എന്നോടൊന്നും മിണ്ടാത്തെ. എന്റെ അപ്രതീക്ഷിതമായ ചോദ്യം കേട്ട് ആൾ ആകെ അമ്പരന്നു എന്ന് തോന്നി . മറുപടി പറഞ്ഞത് ഏട്ടന്റെ അമ്മയാണ്.. അവൻ ഒറ്റ മോനായി വളർന്നതല്ലേ.. ആരോടും കൂട്ട് കൂടി ശീലമില്ല. പിന്നെ രണ്ടു വീട്ടുകാരും ഞങ്ങടെ കല്യാണത്തോടെ ഞങ്ങളെ ഒഴിവാക്കിയതല്ലേ.. കുടുംബങ്ങളുടെ ഇടയിൽ ജീവിച്ചു വളരാനുള്ള ഭാഗ്യവും എന്റെ കുട്ടിയ്ക്ക് കിട്ടിയില്ല. എന്നാൽ ഒരു കൂടപ്പിറപ്പിനെയെങ്കിലും എന്റെ കുട്ടിക്ക് കൊടുക്കാലോ എന്ന് വിചാരിച്ചു ഇനി കയറി ഇറങ്ങാത്ത ആശുപത്രികൾ ഇല്ല. ഞങ്ങടെ കാലം കഴിഞ്ഞാൽ അവൻ ഒറ്റക്കായി പോവുമല്ലോ എന്നോർക്കുമ്പോഴാ ഒരു ദണ്ണം.ആ അമ്മ അതും പറഞ്ഞു കണ്ണീർ തൂകി.
അതിനെന്താ ഞങ്ങളൊക്കെ ഇല്ലേ അടുത്ത്. എന്ത് ആവശ്യം ഉണ്ടെങ്കിലും ഈ വേലിടെ അവിടെ നിന്ന് വിളിച്ചാൽ പോരെ. ഓടി എത്തൂലെ ഞങ്ങൾ.
എന്റെ അമ്മ ആശ്വസിപ്പിക്കാൻ എന്ന പോലെ പറഞ്ഞു.എന്നിട്ട് അവനെ നോക്കി പറഞ്ഞു
വിഷ്ണു ഇടയ്ക്കൊക്കെ അവിടം വരെയൊക്കെ വായോ. നയനയുടെ ഏട്ടനൊക്കെ ഉള്ളതല്ലേ. അവന്റെയൊപ്പം നടന്ന് പുതിയ നാട്ടിൽ കുറച്ചു കൂട്ടുകാരെയൊക്കെ ഉണ്ടാക്ക് നീ
അന്ന് രാത്രിയിൽ അമ്മ എന്റെ ഏട്ടനോട് പറയുന്നത് കേട്ടു
എടാ അരുണേ.. നീ കവലയിൽ പോകുമ്പോൾ അപ്പുറത്തെ വിഷ്ണുവിനെയും കൂടെ കൂട്ട്.. ആ ചെക്കന് ആരെയും പരിചയമില്ലാത്തോണ്ട് വീട്ടിൽ തന്നെ ഇരിപ്പാ.
നല്ലൊരു ഏട്ടനെ എന്തിനാ അമ്മേ അരുണേട്ടന്റെ കയ്യിൽ കൊടുത്ത് നാശമാക്കാൻ നോക്കുന്നെ
ഇടയിൽ ഞാൻ ഒരു കൌണ്ടർ പറഞ്ഞെങ്കിലും ആരും അത് കേട്ട ഭാവം നടിച്ചില്ല
പിന്നെയുള്ള ദിവസങ്ങളിൽ ഇടയ്ക്കൊക്കെ ഏട്ടന്റെ കൂടെ വിഷ്ണുവേട്ടനും വീട്ടിൽ വരുന്നത് കാണാം. ആദ്യമൊക്കെ എന്നെ ഗൗനിച്ചില്ലെങ്കിലും പിന്നീടെപ്പോഴോ കാണുമ്പോൾ ഒരു ചിരി തരാൻ തുടങ്ങിയിരുന്നു. ആ ചിരി മാത്രം മതിയായിരുന്നു എന്നിലെ പ്രണയിനിക്ക് സന്തോഷിക്കാൻ. എന്തെക്കൊയോ വെട്ടിപിടിച്ചു കീഴടക്കിയ ഭാവമായിരുന്നു എനിക്ക്.. വീട്ടിൽ വരുമ്പോൾ ചില ദിവസങ്ങളിൽ എല്ലാവരും നിർബന്ധിക്കുമ്പോൾ മാത്രം ഏട്ടൻ പാടും. അത്രയും അടുത്തിരുന്ന് പാട്ടു കേൾക്കാൻ പറ്റിയ നിർവൃതിയിൽ ഞാനതിൽ ലയിച്ചിരിക്കും . അങ്ങനെ ഓരോ വർഷങ്ങൾ കൊഴിയും തോറും ആരും അറിയാതെ എന്നിൽ ഞാൻ നട്ടു വളർത്തിയ എന്റെ പ്രണയവും വളർന്നു വളർന്ന് ഒരു വടവൃക്ഷമായി മാറിയിരുന്നു.
പ്ലസ്ടു കഴിഞ്ഞ് ബി ടെക് ന് ചേർന്നപ്പോൾ എനിക്ക് ഹോസ്റ്റലിൽ നിൽക്കേണ്ടി വന്നു. വീട് വിട്ടു നിൽക്കുക എന്നത് എനിക്ക് വളരെ പ്രയാസം ആയിരുന്നു. കൂട്ടത്തിൽ വിഷ്ണുവേട്ടനെ കാണാൻ പറ്റില്ലല്ലോ എന്ന സങ്കടവും. വിഷ്ണുവേട്ടൻ അപ്പോഴേക്കും എം കോം കഴിഞ്ഞ് ടൗണിൽ ഉള്ള ഒരു കടയിൽ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറിയിരുന്നു. ഇപ്പോൾ നേരിട്ട് കാണുന്നതൊക്കെ വിരളമാണ്. എന്നാലും വിഷ്ണുവേട്ടന്റെ ബൈക്ക് ന്റെ ഹോണടി കേട്ടാൽ ഞാൻ മുകളിലുള്ള എന്റെ മുറിയുടെ ജനലിന്റെ അടുത്തേക്ക് ഓടി ചെല്ലും. അതിലൂടെ നോക്കിയാൽ അവരുടെ മുറ്റവും വരാന്തയും എല്ലാം നേരെ കാണാം. ഏട്ടൻ ബൈക്ക് നിർത്തുന്നതും മൂളിപ്പാട്ടും പാടി സിറ്റ്ഔട്ടിൽ കയറുന്നതുo കാളിങ് ബെൽ അടിക്കുന്നതും എല്ലാം എനിക്ക് ശരിയ്ക്കും കാണാം. എന്റെ മുറിയുടെ നേർക്കു തന്നെ ആണ് ഏട്ടന്റെ മുറിയും. അഞ്ചു മിനിട്ടുള്ളിൽ മുകളിലെ ഏട്ടന്റെ മുറിയിൽ ലൈറ്റ് തെളിയുന്നതും നോക്കി ഞാൻ കാത്തിരിക്കും.. പിന്നെ ഇടയ്ക്കിടെ അങ്ങോട്ട് നോക്കൽ തന്നെ ആണ് പണി.. ലൈറ്റ് ഓഫ് ആകുന്നതും ഓൺ ആക്കുന്നതുമൊക്കെ നോക്കി അങ്ങനെ ഇരിക്കും.. വല്ലപ്പോഴും മാത്രമേ ആ ജനലുകൾ തുറക്കുന്നത് കണ്ടിട്ടുള്ളൂ.. എന്തെങ്കിലും പുറത്തേക്ക് ഇട്ട് നിമിഷ നേരം കൊണ്ട് അത് അടയ്ക്കുകയും ചെയ്യും.. എന്നാലുണ്ടല്ലോ ഇപ്പുറത്തെ വീട്ടിൽ സുന്ദരിയായ പെൺകുട്ടി ജനലിന്റെ അവിടെ ഒന്നും അറിയാതെ പോലെ ഇരിക്കുന്നത് ഒരേ ഒരു തവണയെങ്കിലും നോക്കിക്കൂടെ ഈ മനുഷ്യന്.
എന്നും രാത്രിയിൽ ഗുരുവായൂരപ്പനോട് ഉള്ളുരുകി പ്രാർത്ഥിച്ചു കിടക്കും, അപ്പുറത്തെ വീട്ടിലെ ആളെ എനിക്ക് തന്നെ തന്നേക്കണേ എന്ന്.. രാവിലെ എന്നും എണീക്കുന്നത് വിഷ്ണുവേട്ടന്റെ പാട്ട് കേട്ടാണ്.. അപ്പോൾ മാത്രം ഒരു ജനൽ പാതി തുറന്നിട്ടുണ്ടാവും.. ഏട്ടന്റെ പാട്ടും കേട്ട് ഒന്നൂടെ മൂടി പുതച്ചു കിടക്കുമ്പോൾ ഉണ്ടാകുന്ന സുഖം…. അതൊന്ന് വേറെതന്നെയാ
ഹോസ്റ്റലിൽ പോയാൽ ഏറ്റവും മിസ്സ് ആവുന്നത് വിഷ്ണുവേട്ടന്റെ പാട്ട് കേട്ട് ഉണരുന്ന പ്രഭാതം തന്നെ ആയിരിക്കും. ഹോസ്റ്റലിൽ പോകുന്നതിന്റെ തലേ ദിവസം ആണ് അച്ഛൻ ഒരു മൊബൈൽ ഫോൺ കയ്യിൽ തന്നത്. എല്ലാവർക്കും ഞാൻ പോകുന്നതിൽ സങ്കടം ഉണ്ട്.. എങ്കിലും ചില സങ്കടങ്ങൾ നല്ലതിനാണല്ലോ.
പിറ്റേന്ന് നേരത്തെ തന്നെ റെഡി ആയി.. പോവാൻ നേരം അമ്മയാണ് പറഞ്ഞത് അപ്പുറത്ത് പോയി യാത്ര പറഞ്ഞിട്ട് വായോ എന്ന്. സത്യം പറഞ്ഞാൽ എനിക്ക് പോവാൻ താത്പര്യം ഇല്ലായിരുന്നു. വിഷ്ണുവേട്ടനോട് യാത്രചോദിക്കുമ്പോൾ ഞാൻ കരഞ്ഞു പോകുമോ എന്നായിരുന്നു എന്റെ പേടി. പോകുന്ന മുന്നേ ഏട്ടനോട് എന്റെ ഇഷ്ടം പറയണം എന്നൊക്കെ ഞാൻ നേരത്തെ പ്ലാൻ ചെയ്തിരുന്നു. പക്ഷേ വിഷ്ണു വേട്ടനെ ദൂരെ കാണുമ്പോൾ തന്നെ ഞാൻ വിയർത്തു കുളിക്കുമായിരുന്നു. നേരിട്ട് എന്റെ പ്രണയം തുറന്ന് പറയുവാനുള്ള ധൈര്യം എനിക്കില്ല എന്നെനിക്ക് ബോധ്യപ്പെട്ടു.. അതുപോലെ വിഷ്ണുവേട്ടൻ ഇതുവരെ ആയും എന്നോട് ഒരടുപ്പം ഉള്ളത് പോലെ കാണിച്ചിട്ടും ഇല്ല. എന്തായാലും എന്റെ ഗുരുവായൂരപ്പൻ എല്ലാം കാണുന്നുണ്ടല്ലോ, എന്റെ മനസ് അറിയുന്നുണ്ടല്ലോ എന്നതായിരുന്നു വലിയൊരാശ്വാസം
യാത്ര പറയാൻ ആയി അവിടേക്ക് ചെന്നപ്പോൾ ഏട്ടന്റെ അച്ഛൻ മുറ്റത്ത് തന്നെ നിൽപ്പുണ്ട്. അവർക്കൊക്കെ എന്നോട് വല്യ സ്നേഹമാണ്..
ആഹാ.. കാന്താരിക്കുട്ടി റെഡി ആയോ പോവാൻ..
ശബ്ദം കേട്ട് അമ്മയും പുറത്തേക്ക് വന്നു.
എന്റെ കയ്യിൽ തടവി കൊണ്ട് അമ്മ പറഞ്ഞു നീ പോയാൽ 2 വീടുകളാ നിശബ്ദമാവാൻ പോണേ.. എന്തായാലും പഠിച്ചു മിടുക്കി കുട്ടി ആയി വാട്ടോ.
ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി കൊടുത്തു.
എന്നാൽ ഞാൻ പോയി വരട്ടെ. എന്തോ പെട്ടെന്ന് രണ്ടു പേരുടെയും കാൽ പിടിച്ചു അനുഗ്രഹം വാങ്ങിക്കണമെന്ന് തോന്നി. എന്റെ പ്രവൃത്തി രണ്ടു പേരിലും ഒരുപോലെ ആനന്ദാശ്രുക്കൾ പൊഴിച്ചു. അതു കണ്ടിട്ടാണ് വിഷ്ണുവേട്ടൻ പുറത്തേക്ക് വന്നത്. ഏട്ടനെ കണ്ടതും വാക്കുകൾ ഒന്നും പുറത്തേക്കു വരാതെ ഞാനാകെ വീർപ്പുമുട്ടി
ഇറങ്ങാൻ ആയോ?
വിഷ്ണുവേട്ടൻ ചോദിച്ചു
ഞാൻ തലയാട്ടുക മാത്രം ചെയ്തു. ഞാൻ വേഗം തിരിഞ്ഞു നടന്നു അനുസരണക്കേട് കാട്ടുന്ന കണ്ണുകളെ ശാസിച്ചു നിർത്തി. അല്ലെങ്കിൽ എന്തിന് കരഞ്ഞു എന്ന് ആരെങ്കിലും ചോദിച്ചാൽ മറുപടി പറയാൻ എനിക്കും അറിയില്ലായിരുന്നു.
അച്ഛനും അമ്മയും ഏട്ടനും ഹോസ്‌റ്റലിൽ കൊണ്ടാക്കാൻ കൂടെ വന്നു. അവർ പോയതും തികട്ടി വന്ന കരച്ചിൽ ബാത്‌റൂമിൽ കയറി കരഞ്ഞു തീർത്തപ്പോൾ ഒരാശ്വാസം..
റൂoമേറ്റുമായി പെട്ടെന്ന് കൂട്ടായി.. എങ്കിലുംഎന്നും രാവിലെ എണീക്കുമ്പോൾ വല്ലാത്തൊരു മിസ്സിംഗ് ആയിരുന്നു.അത് വിഷ്ണുവേട്ടന്റെ പാട്ട് തന്നെ ആണെന്ന് എനിക്കറിയാമായിരുന്നു.
ഒരാഴ്ച കഴിഞ്ഞപ്പോൾ ആണ് രാവിലെ വാട്ട്സ്ആപ്പിൽ ഒരു മെസ്സേജ് വന്ന ശബ്ദം കേട്ടത്. എണീക്കാൻ മടിച്ചു അങ്ങനെ കിടക്കുകയായിരുന്നു. നോക്കിയപ്പോൾ സേവ് ചെയ്യാത്ത നമ്പർ. ഡിപി കാണിക്കുന്നില്ല.. വോയിസ് മെസ്സേജ് ആണ്.. പ്ലേ ചെയ്തതും വിഷ്ണുവേട്ടന്റെ പാട്ട് അവിടെയാകെ ഒഴുകി… പിന്നാലെ ഒരു ടെക്സ്റ്റ് മെസ്സേജും വന്നു.
എന്റെ പാട്ടിന്റെ ആരാധികക്കായ് സമർപ്പിക്കുന്നു.
സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു പോയി. എന്ത് മറുപടി കൊടുക്കണം എന്നറിയാതെ ഞാൻ വീർപ്പുമുട്ടി.. ഐ ലവ് യു വിഷ്ണുവേട്ടാ എന്ന് അയക്കാൻ മനസ് വെമ്പൽ കൊണ്ടു. പക്ഷെ ടൈപ്പ് ചെയ്യാൻ സാധിക്കുന്നില്ല. വിഷ്ണുവേട്ടന്റെ മനസ്സിൽ അങ്ങനെ ഒരിഷ്ടം ഇല്ലെങ്കിലോ… വേണ്ടാ.. എന്റെ ഇഷ്ടം അറിയിക്കാനുള്ള സമയമായിട്ടില്ല. താങ്ക്യൂ എന്ന് മാത്രം ടൈപ്പ് ചെയ്ത് അയച്ചു.
ഇടയ്ക്കിടെ വിഷ്ണുവേട്ടന്റെ പാട്ട് എന്റെ ഫോണിലേക്ക് വന്നു കൊണ്ടിരുന്നു. ഒരു താങ്ക്സ് ൽ ഞാൻ മറുപടി കൊടുക്കും. അതിനപ്പുറത്തേക്ക് ഒരു സംസാരം രണ്ടു പേരിലും ഉണ്ടായീല. നിനക്കവിടെ സുഖമാണോ എന്നെങ്കിലും വിഷ്ണുവേട്ടന് ചോദിക്കാമല്ലോ. അങ്ങനെ സ്വയം പരിഭവിച്ചു കണ്ണീർവാഴ്ത്തി രാത്രിയിൽ ഉറങ്ങി പോവുക എന്നും ഒരു പതിവായി.
ഒരു മാസം കഴിഞ്ഞാണ് 2 ദിവസത്തെ ലീവിന് വീട്ടിൽ എത്തിയത്.എത്തിയപ്പോഴേ വിഷ്ണുവേട്ടനെ കാണാൻ വെമ്പൽ കൊള്ളുകയായിരുന്നു. ഏട്ടന്റെ വീട്ടിലേക്ക് ചെല്ലാൻ ഒരു മടി. എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോൾ ആണ് പുറത്തു നിന്നും അരുണേട്ടനോട് സംസാരിക്കുന്ന വിഷ്ണുവേട്ടന്റെ ശബ്ദം കേട്ടത്. സന്തോഷം കൊണ്ട് അറിയാതെ ഞാൻ തുള്ളിച്ചാടി പോയി. പക്ഷേ പുറത്തേക്ക് ഇറങ്ങി ചെന്ന് കാണാൻ എന്നിലെ പ്രണയിനിക്ക് ഒരു ചമ്മൽ. ഞാൻ ജനലിലൂടെ മറഞ്ഞു നോക്കി. എന്നാലും എന്നെ ഒന്ന് ചോദിക്കുന്ന പോലും ഇല്ലല്ലോ.. ദുഷ്ടൻ.
ആ രണ്ടു ദിവസം ഞാൻ വീട്ടിൽ ഉണ്ടായിട്ടും വിഷ്ണുവേട്ടൻ പിന്നെ ഈ വഴിക്കൊന്നും വന്നതേയില്ല. തിങ്കളാഴ്ച രാവിലെ ഹോസ്റ്റലിൽ പോവാൻ നേരം വേഗം ഞാൻ വിഷ്ണുവേട്ടന്റെ വീട്ടിലേക്ക് ഓടി.3 പേരും പുറത്തു തന്നെയുണ്ട്.
ഇറങ്ങാൻ ആയോ കുട്ട്യേ… അമ്മ ചോദിച്ചു.
ഇതെന്താപ്പോ യാത്ര പറയാൻ മാത്രേ ഇങ്ങോട്ട് വരാൻ പാടുള്ളു എന്നുണ്ടോ?
ചോദ്യകർത്താവിന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടി.. വിഷ്ണുവേട്ടൻ ആണ്.
എന്തൊക്കെയോ തിരിച്ചു പറയണം എന്നുണ്ട്.. ഈ രണ്ടു ദിവസം എന്നെ തിരിഞ്ഞു നോക്കാത്തതിന്റെ സങ്കടം മനസ്സിലേക്ക് തികട്ടി വന്നു.എല്ലാരേയും നോക്കി ചിരിച്ചെന്നു വരുത്തി ഒന്നും പറയാതെ ഞാൻ വീട്ടിലേക്ക് ഓടി.വീട്ടിൽ എത്തുമ്പോഴേക്കും കണ്ണുകൾ രണ്ടും നിറഞ്ഞു ഒഴുകുകയായിരുന്നു.
അമ്മ വേവലാതിയോടെ അടുത്തേക്ക് ഓടി വന്നു.
എന്തേ എന്താപ്പോ കരയാൻ മാത്രം ണ്ടായേ
തേങ്ങലുകൾക്കിടയിൽ ഞാൻ പറഞ്ഞു ഒപ്പിച്ചു.. എനിക്ക് പോണ്ടമ്മാ.. നിങ്ങളാരും ഇല്ലാതെ എനിക്കവിടെ നിൽക്കാൻ പറ്റണില്ല.
അത് കേട്ടതും അമ്മയും കൂടെ കരയാൻ തുടങ്ങി.
അച്ഛനും ഏട്ടനും എങ്ങനെയൊക്കെയോ ഞങ്ങളെ ആശ്വസിപ്പിച്ചു എന്നെ യാത്രയാക്കി..
കാലചക്രങ്ങൾ തിരിഞ്ഞു കൊണ്ടേയിരുന്നു . വിഷുവും ഓണവും തിരുവാതിരയും എല്ലാം മാറി മാറി വന്നു.എന്റെ അവസാനത്തെ സെം എക്സാം കൂടെ കഴിഞ്ഞതോടെ ഹോസ്റ്റൽ ജീവിതത്തിനോട് വിടപറയാൻ സമയമായി . ലാസ്റ്റ് ഡേ കോളേജിലെ സെലിബ്രേഷനോടെ വീട്ടിലേക്ക് എല്ലാവർക്കും മടങ്ങാം. എല്ലാം കെട്ടിപ്പൂട്ടി നാളെ എന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും… പലരും സങ്കടത്തിൽ ആണ്.തന്റെ നല്ല സൗഹൃദങ്ങളെ, കാമുകിയെ, കാമുകനെ, കോളേജ് ലൈഫ്നെ പ്രിയപ്പെട്ട അധ്യാപകരെ അങ്ങനെ എന്തിനെക്കൊയോ എല്ലാവരും മിസ്സ് ചെയ്യുന്നുണ്ട്.. എനിക്കും സങ്കടം ഇല്ലാതില്ല.. പക്ഷേ ആ സങ്കടത്തിന് എല്ലാം മുകളിൽ ആയിരുന്നു വിഷ്ണുവേട്ടനെ ഇനി മുതൽ ദിവസവും കാണാലോ എന്ന സന്തോഷം.. ഇനി ഈ ഇഷ്ടം മനസ്സിൽ ഒളിപ്പിച്ചു വെച്ചിട്ട് കാര്യമില്ല. വീട്ടിൽ എത്തിയാൽ ഉടനെ ധൈര്യം സംഭരിച്ചു പറയുക തന്നെ.. ഫോണിലൂടെ വേണ്ടാ.. നേരിട്ട് തന്നെ പറയണം.. എങ്കിലേ ആൾക്ക് മനസ്സിലാകൂ ഞാൻ എത്രത്തോളം ആളെ സ്നേഹിക്കുന്നുണ്ടെന്ന്. നോ എന്ന് പറയാൻ മാത്രം എന്നിൽ എന്തെങ്കിലും കുറവുകൾ കാണുമോ.. ഏയ്യ് ഉണ്ടാവില്ല.. എല്ലാ പോസിറ്റീവ് ആയി കാണാം. ഗുരുവായൂരപ്പൻ കൈവെടില്ല എന്നൊരു വിശ്വാസമുണ്ടെനിക്ക്.
പിറ്റേ ദിവസം കോളേജിലെ പ്രോഗ്രാമിന് അവതരിപ്പിക്കാൻ ഗ്രൂപ്പ് ഡാൻസിൽ പങ്കെടുത്തത് കൊണ്ട് അതിന്റെ പ്രാക്ടീസ് കാരണം വളരെ വൈകിയാണ് ഹോസ്റ്റലിൽ എത്തിയത്. വന്നപാടെ ബാത്‌റൂമിൽ കയറി കുളിച്ചു ഉറങ്ങാൻ കിടന്നു. റൂം മേറ്റ് ആയ ആരതിയുടെ കൂർക്കം വലി കാരണം ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നു നോക്കി. നോ രക്ഷ.. നിദ്ര ദേവി എന്നെ കാടാക്ഷിക്കുന്നേയില്ല. എങ്കിൽ കുറച്ചു നേരം ഫോൺ നോക്കാം എന്നും വിചാരിച്ചു വാട്സ്ആപ്പ് തുറന്നു നോക്കി. ആരൊക്കെയോ മെസ്സേജ് അയച്ചിട്ടുണ്ട്. കുറച്ചു അടിയിലായി വന്നു കിടക്കുന്ന വിഷ്ണുവേട്ടന്റെ മെസ്സേജിൽ കണ്ണ് ഉടക്കി. വേഗം തുറന്നു നോക്കി. എന്നത്തേയും പോലെ പാട്ട് ആയിരിക്കും എന്നാണ് വിചാരിച്ചത്. നോക്കുമ്പോൾ ഒരു ഫോട്ടോ ആണ്. അതിനിടയിൽ ഒരു വോയിസ് മെസ്സേജും ഫോട്ടോ തുറന്നു നോക്കിയപ്പോൾ ശാലീന സൗന്ദര്യം തുളുമ്പുന്ന നല്ലൊരു പെൺകുട്ടിയുടെ ഫോട്ടോ. എവിടെയും കണ്ട പരിചയം തോന്നുന്നില്ല. ഞാൻ വേഗം വോയിസ് ഓപ്പൺ ചെയ്ത് നോക്കി.
നയന.. എങ്ങനെ ഉണ്ട് ഫോട്ടോയിലെ കുട്ടി.. അഭിപ്രായം അറിയിക്ക് ട്ടോ.. ഞാൻ ഇന്ന് പെണ്ണ് കാണാൻ പോയ കുട്ടിയാ.. എനിക്ക് ഇഷ്ട്ടമായി.. എനിക്ക് അഭിപ്രായം ചോദിക്കാൻ നിങ്ങളൊക്കെ തന്നെ അല്ലേ ഉള്ളൂ…
ബാക്കിയുള്ള ശബ്ദം ഒന്നും എന്റെ ചെവിയിൽ എത്തിയില്ല. ഫോൺ അപ്പോഴേക്കും കയ്യിൽ നിന്നും താഴെ വീണിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ കടന്നു പോയ കുറച്ചു നിമിഷങ്ങൾ. ഹൃദയം പൊട്ടി പിളരുന്നത് പോലെ… ഒരു നിമിഷം എന്തോ ഓർത്ത പോലെ പെട്ടെന്നെഴുന്നേറ്റു ഒരു പേനയും പേപ്പറും എടുത്തു എഴുതി തുടങ്ങി.
അച്ഛനും അമ്മയും ഏട്ടനും എന്നോട് ക്ഷമിക്കണം. വിഷ്ണുവേട്ടൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. വിഷ്ണുവേട്ടൻ വേറൊരാൾക്ക് സ്വന്തമാകുന്നത് ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാൻ ആവുന്നില്ല. ഞാൻ പോകുന്നു.. മാപ്പ്.. മാപ്പ്. മാപ്പ്.
കടലാസ് നാലാക്കി മടക്കി മേശപ്പുറത്തു വെച്ചു.. വലിപ്പിൽ നിന്ന് ഒരു ബ്ലേഡും എടുത്ത് ബാത്‌റൂമിൽ കയറി കുറ്റിയിട്ടു. ഷവർ തുറന്ന് അതിന് കീഴെ നിന്നു മതിവരുവോളം കരഞ്ഞു തീർത്തു.. പിന്നെ ഒരു ഉൾപ്രേരണയാൽ ഇടതു കയ്യിന്റെ ഞരമ്പിൽ തലങ്ങും വിലങ്ങും മുറിച്ചതേ ഓർമ്മയുള്ളൂ…
വലിയൊരു ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റപ്പോൾ എവിടെയാണ് കിടക്കുന്നത് എന്നൊന്നും ആദ്യം മനസ്സിലായീല. അടുത്തിരിക്കുന്ന മാലാഖയെ കണ്ടപ്പോൾ ആണ് ഞാൻ ഹോസ്പിറ്റലിൽ ആണെന്നുo എന്റെ തലേ ദിവസത്തെ പ്രവൃത്തിയും എന്റെ ഓർമയിൽ തിരിച്ചെത്തിയത്.
എന്നെ ആരാണ് ഇന്ന് ഇങ്ങോട്ട് കൊണ്ടു വന്നേ.
ഞാൻ പതിഞ്ഞ സ്വരത്തിൽ അവരോട് ചോദിച്ചു.
ഇന്നോ… കൊച്ചിവിടെ കിടക്കാൻ തുടങ്ങിയിട്ട് ദിവസം 3 ആയി..
അച്ഛൻ…..അമ്മ….. അവരൊക്കെ?
ആഹാ അവരൊക്കെ ഓർമയുണ്ടെങ്കിൽ കൊച്ചീ പണിക്ക് നിൽക്കണമായിരുന്നോ?
മറുപടി നല്കാൻ ആവാതെ ഞാൻ കണ്ണുകൾ അടച്ചു. ഒരു നിമിഷത്തിലെ അവിവേകം.. ഈശ്വരാ എന്താ ഞാൻ ചെയ്തു കൂട്ടിയെ.. ഇത്രയും വളർത്തി വലുതാക്കിയ അവരെ ഞാൻ മറന്നു പോയല്ലോ.. എങ്ങനെ ഞാൻ അവരുടെ മുഖത്തേക്ക് നോക്കും. നനുത്ത കൈകൾ മുഖത്ത് തലോടിയപ്പോൾ ആണ് കണ്ണുകൾ തുറന്നത്. അച്ഛനും അമ്മയും ഏട്ടനും മുന്നിൽ നിൽക്കുന്നു.3 പേരും കരയുകയാണ്.. അവരെ നോക്കാൻ കഴിയാതെ ഞാൻ കണ്ണുകൾ പൂട്ടി കിടന്നു. അമ്മ എന്റെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു. അപ്പോഴേക്കും എന്റെ ഗദ്ഗദം ആ മുറിയിലാകെ പൊട്ടിച്ചിതറിയിരുന്നു.
പിറ്റേ ദിവസം ആണ് എന്നെ റൂമിലേക്ക് മാറ്റിയത്. ആരും എന്നോട് ഒന്നും സംഭവിക്കാത്ത മട്ടിൽ ആണ് സംസാരിക്കുന്നത്. എന്റെ എഴുത്ത് എല്ലാവരും വായിച്ചു കാണും. പക്ഷേ ആരും അതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല. എല്ലാവരോടും മാപ്പ് ചോദിക്കണം എന്നുണ്ട്.. അതിനും എനിക്ക് കഴിയുന്നില്ല. അന്ന് ഉച്ച ആയപ്പോൾ വിഷ്ണുവേട്ടന്റെ അച്ഛനും അമ്മയും എന്നെ കാണാൻ വന്നു. അവരെ നേരിടാൻ ആവാതെ ഞാൻ മുഖം തിരിഞ്ഞു കിടന്നു.. ഈശ്വരാ… ഇങ്ങനെയൊരു സാഹചര്യം ഉണ്ടാവുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. മരണത്തോടെ എല്ലാം അവസാനിക്കും എന്നായിരുന്നല്ലോ എന്റെ ധരാണ. ഇനി വിഷ്ണുവേട്ടനെ എങ്ങനെ ഫേസ് ചെയ്യും. ഒരിക്കൽ പോലും അറിയാതെ പോയ സ്നേഹത്തിന് എല്ലാവരും കൂടെ ആ പാവത്തിനെ കുറ്റവാളി ആക്കിയിട്ടുണ്ടാവും.എന്റെ ഗുരുവായൂരപ്പാ .. എന്നോട് ക്ഷമിക്കാൻ വിഷ്ണുവേട്ടന് കഴിയണേ.
രണ്ടു ദിവസം കഴിഞ്ഞാണ് ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയത് . അമ്മയുടെ അനിയൻ എസ് ഐ ആയതു കൊണ്ട് കേസൊന്നും ആക്കാതെ രക്ഷപെട്ടു. അച്ഛനും അമ്മയും ഏട്ടനും ഞാൻ കാരണം മറ്റുള്ളവർക്ക് മുന്നിൽ തല കുനിക്കേണ്ടി വന്നല്ലോ എന്നോർത്തപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.
വീട്ടിൽ എത്തിയതും എന്റെ മുറിയിലേക്ക് ഓടി ഞാൻ.. ആദ്യം ചെയ്തത് എന്റെ ജനാലകൾ വലിച്ചടച്ചു. വിഷ്ണുവേട്ടനെ ഇനി അഭിമുഖീകരിക്കാൻ വയ്യാ.. എങ്ങോട്ടെങ്കിലും ഒളിച്ചോടാൻ തോന്നി.. കോളേജ് ഉണ്ടായിരുന്നെങ്കിൽ ഹോസ്റ്റലിൽ തന്നെ നിൽക്കാമായിരുന്നു. വീട്ടിൽ ഇങ്ങനെ ഒരു കാര്യം സംഭവിച്ചിട്ടേ ഇല്ല എന്ന പോലെ ആയിരുന്നു കാര്യങ്ങൾ. എല്ലാവരും എന്നോട് പഴയത് പോലെ പെരുമാറി. പക്ഷേ ആ സംഭവം എന്റെ മനസ്സിനെ അടിമുടി തളർത്തി. ഞാൻ അധികനേരവും എന്റെ മുറിയിൽ തന്നെ കഴിച്ചു കൂട്ടി. ആരെങ്കിലും എന്നെ കാണാൻ വന്നാൽ വേഗം മുറിയിൽ കയറി വാതിലടച്ചിരിക്കും.. ജീവിക്കാൻ വേണ്ടി ഒന്നോ രണ്ടോ വറ്റ് കഴിച്ചെന്നു വരുത്തും. അനാവശ്യമായി വരുന്ന കരച്ചിലുകൾ…ഉറക്കമില്ലായ്മ….എന്നിലെ മാറ്റങ്ങൾ അവർക്കൊക്കെ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെന്നു അവരുടെ അടക്കി പിടിച്ച സംസാരങ്ങളിൽ നിന്നും മനസ്സിലാവുന്നുണ്ടായിരുന്നു.പഴയ പോലെ ആവണം എന്നുണ്ട്. പക്ഷേ എനിക്കെന്തോ പറ്റുന്നില്ലായിരുന്നു.
പിറ്റേ ദിവസം എഴുന്നേൽക്കുമ്പോൾ തന്നെ അച്ഛനും അമ്മയും അടുത്തിരിക്കുന്നുണ്ട്. അച്ഛനാണ് സംസാരിച്ചു തുടങ്ങിയത്.
മോളെ..നിന്നോടിത് വരെ ഞങ്ങളാരും ഒന്നും ചോദിച്ചിട്ടില്ല.. എന്റെ കുട്ടി ഇങ്ങനെ വിഷമിച്ചിരിക്കുന്നത് കാണാൻ ഞങ്ങളെ കൊണ്ട് പറ്റുന്നില്ല. നിനക്ക് അവൻ ജീവനായത് കൊണ്ടാണല്ലോ നീ നിന്റെ ജീവൻ തന്നെ കളയാൻ നോക്കിയത്. അതിന് ആരും ഇവിടെ തടസം നിൽക്കുന്നില്ല.. നിന്റെ സന്തോഷം ആണ് ഞങ്ങളുടേതും…അടുത്ത ആഴ്ച തന്നെ നമുക്കത് നടത്താം.ഇനീപ്പോ ജാതകം നോക്കലും നിശ്ചയവും ഒന്നും വേണ്ടാ ഇനിയെങ്കിലും എന്റെ കുട്ടി പഴയത് പോലെ കളിച്ചു ചിരിച്ചു നടക്ക്.. ഞാൻ അച്ഛനെ കെട്ടിപിടിച്ചു കുറേ നേരം കരഞ്ഞു..
വിഷ്ണുവേട്ടന് എന്നെ ഇഷ്ടമാണോ അച്ഛാ……അവസാനം ഞാൻ മെല്ലെ ചോദിച്ചു.
അതൊന്നും അറിയില്യ എന്റെ കുട്ട്യേ.. എന്റെ കുട്ടിയുടെ ജീവിതം ഇല്ലാതാക്കരുതേ എന്ന് അവന്റെ അച്ഛനോടും അമ്മയോടും അച്ഛൻ കരഞ്ഞു പറഞ്ഞു.. അവർ എതിരൊന്നും പറഞ്ഞില്ല്യ.. ഒരാഴ്ചത്തെ ഗ്യാപ് എങ്കിലും വേണം എന്ന് പറഞ്ഞു. വേറൊന്നും ഞാൻ തിരക്കാൻ പോയീല.
അരുണേട്ടൻ വന്ന് എന്നെ പിടിച്ചു വലിച്ചു താഴേക്ക് കൊണ്ടു പോയി.. അടുത്ത ആഴ്ച കല്യാണം നടക്കേണ്ട വീടാ.. എന്തൊക്കെ പണികൾ ചെയ്തു തീർക്കാൻ ഉണ്ട്.. ഇനി റൂമിൽ അടയിരുന്നാൽ നല്ല പെട കിട്ടും കെട്ടോ… എല്ലാവരും നല്ല സന്തോഷത്തിൽ തന്നെ ആണ്.. പക്ഷേ എന്റെ മനസ്സ് വെന്തുരുകാൻ തുടങ്ങി. വിഷ്ണുവേട്ടന് എന്നെ ഇഷ്ട്ടമായി കാണുമോ. അന്ന് ഫോട്ടോയിൽ അയച്ച കുട്ടി നല്ല സുന്ദരി ആയിരുന്നു. ഞാൻ കാരണം ആ കല്യാണം മുടങ്ങിയല്ലോ.. അച്ഛന്റെ നിർബന്ധത്തിന് വഴങ്ങിയാണോ കല്യാണത്തിന് സമ്മതിച്ചിട്ടുണ്ടാവുക.. നൂറുക്കൂട്ടം ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ എന്നെ വീർപ്പു മുട്ടിക്കാൻ തുടങ്ങി. അവസാനം വിഷ്ണുവേട്ടനെ ഫോൺ വിളിക്കാം എന്ന് തന്നെ തീരുമാനിച്ചു. പക്ഷേ റിങ് ചെയ്യുക എന്നല്ലാതെ ഫോൺ അറ്റൻഡ് ചെയ്തില്ല. കല്യാണ തലേ ദിവസം വരേയും ഞാൻ വിളിച്ചു കൊണ്ടേയിരുന്നു. പക്ഷേ എടുത്തില്ല.. ആൾക്ക് എന്നോട് ഇഷ്ടക്കേട് ഉള്ളതോണ്ടല്ലേ ഫോൺ എടുക്കാത്തത്. എനിക്കാകെ സങ്കടമായി.
കല്യാണ പന്തലിലേക്ക് നവവധുവായി കയറുമ്പോൾ മനസ്സാകെ ഘനീഭവിച്ചിരുന്നു. ഇഷ്ടമില്ലാതെ ഒരാളുടെ ജീവിതത്തിലേക്ക് വലിഞ്ഞു കയറുകയാണെന്നൊരു തോന്നൽ. ദൂരെ നിന്നും വിഷ്ണുവേട്ടനെ ഒരു നോക്ക് കണ്ടു. കൂടുതൽ നോക്കി നിൽക്കാൻ കഴിഞ്ഞില്ല. കുറ്റബോധം കൊണ്ട് എന്റെ തല താഴ്ന്നു . പക്കമേളത്തിന്റെ അകമ്പടിയോടെ വിഷ്ണുവേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തിയപ്പോഴും ആ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിഞ്ഞില്ല.. വിഷ്ണുവേട്ടനും എന്നോട് ഒന്നും മിണ്ടിയില്ല.
കല്യാണചെക്കന്റെ തൊട്ടടുത്ത വീട്ടിലേക്ക് കാൽനടയായി നടക്കുമ്പോഴും ഞങ്ങൾക്കിടയിൽ മൗനം തളംകെട്ടിനിന്നു..അവിടുത്തെ റിസപ്ഷനും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയപ്പോൾ മൂന്നാംഗ കുടുംബത്തിലെ പുതിയ അതിഥിയായി ഞാനും അവിടെ അവശേഷിച്ചിരുന്നു. പരിചയമില്ലാത്ത വീടല്ല… എങ്കിലും എവിടെയൊക്കെയോ ഒരു അപരിചിത്വം എന്നെ വേട്ടയാടി കൊണ്ടിരുന്നു. ഏട്ടന്റെ അമ്മ എല്ലാം കാണിച്ചു തന്ന് കൂടെ തന്നെ ഉണ്ട്.. എങ്കിലും പ്രതീക്ഷിക്കുന്ന ആളുടെ അവഗണന സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.
കയ്യിൽ ഒരു പാൽ ഗ്ലാസുമായി അമ്മ എന്നെ റൂമിലേക്ക് പറഞ്ഞയച്ചു.. ഓരോ സെക്കന്റുകൾക്കും വല്ലാത്തൊരു ഭീകരത.. എന്റെ ചെറിയ ബുദ്ധിമോശം ആണ് കാര്യങ്ങൾ ഇവിടെ വരെ എത്തിച്ചത്… മരണം വരെ ജീവിതം പങ്കിടേണ്ട പാതിയുടെ മനസ്സിൽ എന്താണ് എന്ന് പോലും അറിയാതെ.. കണ്ണുനീർ തുള്ളികൾ എന്റെ കവിളിനെ ചുട്ടുപൊള്ളിച്ചു കൊണ്ടേയിരുന്നു.. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വിഷ്ണുവേട്ടൻ റൂമിലേക്ക് വന്നു..ഞാൻ പെട്ടെന്ന് എണീറ്റു നിന്നു.
ആഹാ കെട്ടിലമ്മ ഇതുവരെ ആയും ഉറങ്ങീലെ…
വിഷ്ണുവേട്ടന്റെ പരിഹാസവാക്കുകളിൽ ഞാൻ വെന്തുരുകി.
മാഡം കുറച്ചു നേരം കൂടി വെയിറ്റ് ചെയ്യണേ.. ഞാൻ ഒന്ന് ഫ്രഷ് ആയി വരാം… മേഡത്തിന്റെ ഒരുപാട് കാലത്തെ സ്വപ്നം ആയിരിക്കുമല്ലോ നമ്മുടെ ആദ്യരാത്രി. അതെന്തായാലും കെങ്കേമം ആക്കാം.. ഇല്ലെങ്കിൽ അതിന്റെ പേരിൽ വീണ്ടും ഞരമ്പ് അറുത്താലോ..
വിഷ്ണുവേട്ടൻ ബാത്‌റൂമിൽ കയറുമ്പോഴും തിരിച്ചു വരുമ്പോഴും ഒരു പ്രതിമ പോലെ ഒരേ നിൽപ് നിൽക്കുകയായിരുന്നു ഞാൻ. കണ്ണീർ ഒഴുകി കൊണ്ടിരിക്കുന്ന പ്രതിമ ആയിരുന്നു എന്ന് മാത്രം.
മാഡം ഇരിക്കുന്നില്ലേ.. കാര്യപരിപാടിയിലേക്ക് കിടക്കണ്ടേ നമുക്ക്..
കൂടുതൽ കേട്ടു നിൽക്കാൻ ത്രാണിയില്ലാതെ വിഷ്ണുവേട്ടന്റെ കാലുകളിലേക്ക് ഊർന്നു വീണിരുന്നു ഞാൻ… വിഷ്ണുവേട്ടാ മാപ്പ്.. മാപ്പ്
പൊട്ടിക്കരച്ചിലിനിടയിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ കഴിഞ്ഞില്ല. പെട്ടെന്ന് വിഷ്ണുവേട്ടൻ എന്നെ പിടിച്ചെഴുന്നേൽപ്പിച്ചതും എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞതും പെട്ടെന്നായിരുന്നു…
കുറച്ചു നിമിഷങ്ങൾക്ക് ശേഷം മൂർദ്ധാവിൽ നനുത്ത ഒരുമ്മ നൽകി കൊണ്ട് വിഷ്ണുവേട്ടൻ പറഞ്ഞു
ഇത്രയെങ്കിലും നിന്നെ ഞാൻ സങ്കടപ്പെടുത്തിയില്ലയെങ്കിൽ ആ 3 ദിവസം നിന്റെ ജീവൻ തിരിച്ചു കിട്ടാൻ വേണ്ടി ഐ സി യൂ ക്ക് മുന്നിൽ ചത്ത മനസ്സുമായി നിന്ന എന്റെ കണ്ണുനീരിന് ഒരു വിലയും ഇല്ലാതാവില്ലേ ഡീ..
ഞാൻ അത്ഭുതത്തോടെ വിഷ്ണുവേട്ടനെ തുറിച്ചു നോക്കി..
തുറിച്ചു നോക്കണ്ട ഉണ്ടക്കണ്ണീ… നീ എന്റെ ജീവനാടി . നീ അന്ന് മരിച്ചിരുന്നെങ്കിൽ പിന്നാലെ ഞാനും വന്നിരുന്നു നിന്റടുത്തേക്ക് .. അത്രേ എനിക്ക് നിന്നോട് പറയാൻ ഉള്ളൂ..
ഞാൻ വിശ്വാസം വരാതെ വീണ്ടും ഏട്ടനെ നോക്കി.. എന്നിട്ട് ചോദിച്ചു
അപ്പോൾ പിന്നെ എന്തെ അന്നെനിക് അങ്ങനെ ഒരു ഫോട്ടോ അയച്ചു തന്നത്?
അത്…നിന്റെ വായ കൊണ്ട് തന്നെ എന്നെ ഇഷ്ടമാണെന്നു പറയിപ്പിക്കാൻ.. പക്ഷേ നീ ഇങ്ങനെ ഒരു കടും കൈ ചെയ്യുമെന്ന് ഞാൻ തമാശയ്ക്ക് പോലും ഓർത്തില്ല
ഞാൻ വിഷ്ണുവേട്ടനെ വീണ്ടും കൗതുകത്തോടെ നോക്കിയിരുന്നു..
വിഷ്ണുവേട്ടൻ എന്നെ നെഞ്ചോട് ചേർത്തിരുത്തി.
നീ എന്റെ പ്രാണൻ ആണ് പെണ്ണെ.. നിനക്ക് എന്നോട് ഇഷ്ടം തോന്നുന്നതിന് മുന്നേ എനിക്ക് നിന്നോട് ഇഷ്ട്ടം തോന്നിയിരുന്നു.. എന്നെ കാണിക്കാൻ വേണ്ടി ജനലിന്റെ അവിടെ നിൽക്കുന്നതും എന്റെ ഹോണടി കേൾക്കുമ്പോൾ റൂമിൽ ഓടി വരുന്നതും എന്റെ പാട്ടിനായി രാവിലെ കാതോർത്തിരിക്കുന്നതും ഒക്കെ ഞാൻ തിരിച്ചറിഞ്ഞിരുന്നു.എന്തോ നിന്റെ വായ കൊണ്ടു തന്നെ നിനക്ക് എന്നെ ഇഷ്ടമാണ് എന്ന് കേൾക്കണം എന്നൊരു ആഗ്രഹം. നീ കോഴ്സ് കഴിഞ്ഞ് വരുമ്പോൾ വീണ്ടും ഈ ഒളിച്ചു നാടകം കളിക്കാൻ താത്പര്യം ഇല്ലായിരുന്നു.രണ്ടു വീട്ടിലും അറിയിക്കണം എന്നുണ്ടെങ്കിൽ ആദ്യം നിന്റെ ഇഷ്ടം അറിയണ്ടേ…അതുകൊണ്ടാ അന്ന് വനിത മാസികയിൽ വന്ന ഒരു മോഡലിന്റെ ഫോട്ടോ നിനക്ക് അയച്ചു തന്നത്. എന്റെ കല്യാണം ആണെന്ന് അറിയുമ്പോൾ എങ്കിലും നീ മനസ്സ് തുറക്കുമല്ലോ എന്ന് കരുതി.. പക്ഷേ എന്റെ മോളെ നീ എന്നെ ജീവനോടെ ഇല്ലാതാക്കിയല്ലോ…3 ദിവസം നീ അബോധാവസ്ഥയിൽ കിടക്കുമ്പോൾ ഞാൻ അനുഭവിച്ച നീറ്റൽ.. എല്ലാവരും കുറ്റക്കാരനെ പോലെ എന്നെ നോക്കുമ്പോൾ….. എന്റെ ഈ കുറച്ചു ദിവസത്തെ അവഗണന ഒന്നും അതിന് പകരമാവില്ല കെട്ടോ … എന്നാലും എന്റെ പെണ്ണ് ഇങ്ങനെ നെഞ്ചുപൊട്ടി കരയുന്നത് കാണാനുള്ള കെൽപ് ഈ നെഞ്ചിനില്ലെടീ… ഇതിൽ മുഴുവൻ നിന്നോടുള്ള സ്നേഹം മാത്രമാണ്.മരണം വരെ അതിവിടെ തന്നെ ഉണ്ടാവുകയും ചെയ്യും..
ഒരുപാട് രാത്രികളിൽ കേൾക്കാൻ കൊതിച്ച ആ വാക്കുകകൾ പ്രിയപ്പെട്ടവനിൽ നിന്ന് കേട്ട്, ഒരുപാട് പ്രണയത്തോടെ ആ നെഞ്ചോരം തല ചേർത്തു കിടക്കുമ്പോൾ ഞാനെന്റെ സ്വർഗത്തിൽ അലിയുകയായിരുന്നു.
അവസാനിച്ചു…
രചന : – അനാമിക.