രചന: Prajeesha Jubi
#എന്റെജീവനിൽ..
“ഈ അമ്മയ്ക്കൊന്നുമറീല്ല ഇങ്ങനല്ല ന്റെ പുസ്തകത്തിൽ വരയ്ക്കണേത്.. കുഞ്ഞേച്ചിക്കേ അറിയൂ.. കുഞ്ഞേച്ചിയിതെവിടപ്പോയി ”
സങ്കടത്തോടെയും തെല്ല് പരിഭവം കലർത്തിയുമുള്ള അവന്റെ ചോദ്യ ത്തിന് എന്ത് മറുപടി പറയുമെന്നറിയാതെ സ്വപ്ന കുഴഞ്ഞു .
അവനറിയില്ലൊന്നും കുഞ്ഞാണവൻ. കണ്ണ് നിറയുന്നത് അവൻ കാണാതിരിക്കാൻ സ്വപ്ന പാടുപെട്ടു .
ഒരു വിധം അവനെ ഒരുക്കി സ്കൂളിലേക്കുള്ള ഓട്ടോയിൽ കയറ്റി അയച്ചപ്പോഴേക്കും അവൾ തളർന്നിരുന്നു .
തീരെ വയ്യാ കുറച്ച് നേരം കിടക്കണം .
രാവിലെ മോൻ പോകാനാവുമ്പോഴേക്കും ജോലികളെല്ലാം ഒരു വിധം കഴിഞ്ഞിട്ടുണ്ടാകും .
മനസ്സിൽ നിന്ന് ഒരു സെക്കന്റു പോലും മായാതെ കിടക്കുന്ന മുറിപ്പാട്,
അവൾ ‘ഗോപിക’ .
തങ്ങളുടെ ഗോപി മോൾ ‘ താൻ അങ്ങനെ വിളിക്കുന്നതായിരുന്നു അവൾക്കിഷ്ടം
ഗോപിമോൾക്ക് 16 വയസ്സായപ്പോഴാണ് ഗോകുവിനെ ഗർഭിണിയാകുന്നത് .
ഒരു പാട് വർഷത്തിന് ശേഷo ഗർഭിണിയായത് കൊണ്ടു മാത്രമല്ല ഗോപി മോളെ ഓർത്തും തനിക്ക് തീരെ താൽപര്യമില്ലായിരുന്നു പ്രസവത്തിന് .
അശോകേട്ടനോട് ഈ കാര്യം പറഞ്ഞപ്പോ തന്നെ കേട്ടു നന്നായിട്ട്.
“നീ എന്താ സ്വപ്നേ ഈ പറയുന്നത് ,കുഞ്ഞിനെ കളയാനോ ,
വേണ്ടാതീനം പറയണ്ട,
മോൾക്ക് അതൊന്നും പ്രശ്നമാകില്ല, ഇനി അങ്ങനാണേൽ നമുക്കവളെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാലോ ”
ശരിയായിരുന്നു ആ വാക്കുകൾ.
തന്നേക്കാൾ അശോകേട്ടനേക്കാൾ അവൾക്കായിരുന്നു സന്തോഷം പിന്നെ കാത്തിരിപ്പായിരുന്നു കുഞ്ഞാവയ്ക്കായുള്ള കാത്തിരിപ്പ്
താമസിച്ചുള്ള പ്രസവമായതിനാൽ തന്നെ ഒരു പാട് പ്രശ്നങ്ങളുണ്ടായിരുന്നു ഭാരപ്പെട്ട ജോലികളൊന്നും ചെയ്യാൻ പാടില്ല , അധികം ദേഹമനക്കരുത്
എല്ലാ കാര്യങ്ങളും ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കി ചെയ്തു ഗോപി മോൾ.
മോൾടെ സ്ഥാനത്തു നിന്ന് അമ്മയുടെ സ്ഥാനം കിട്ടിയ പോലായിരുന്നു ഇടയ്ക്കുള്ള ശാസനയടക്കം .
പലപ്പോഴും അശോകേട്ടൻ പറയും
“സ്വപ്നേ, നിന്റമ്മ അവളിലൂടെ വന്ന് ചെയ്യുന്നതായിരിക്കും ഇങ്ങനെല്ലാം ”
ഒരു പാട് കഷ്ടപ്പാടിനിടയിലാണ് അവൾ വളർന്നു വന്നത് .
മറ്റ് കുട്ടികളെപ്പോലെ കളിച്ചു നടക്കാനും നല്ല ഉടുപ്പുകൾ ധരിക്കാനുമൊന്നും അവൾക്കില്ലായിരുന്നു.
അന്നത്തെ സാമ്പത്തിക സാഹചര്യം അങ്ങനെയായിരുന്നു.
പലപ്പോഴും ജോലിയില്ലാതെയും മറ്റും ,
ന്നാലും ഉള്ളത് കൊണ്ട് പൊന്നുപോലെ തന്നെ അവളെ വളർത്തി വലുതാക്കി .
സ്വരുകൂട്ടിവെച്ചുണ്ടാക്കിയ പൈസ കൊണ്ട് സ്ഥലം വാങ്ങി വീട് വെച്ചതും,
പതുക്കെ പതുക്കെയായിരുന്നു വീടിന്റ പണി തീർത്തത് .
അന്നൊക്കെ അഞ്ചാറ് വീട് അപ്പുറത്തു ന്ന് വെള്ളം കൊണ്ടുവരണമായിരുന്നു ഇങ്ങോട്ട് .
എന്റെ കൂടെ തന്നെ യാതോരു മടിയുമില്ലാതെ ,പരാതിയും പരിഭവവുമില്ലാതെ അവളതും ചെയ്യും .
പഠിപ്പിലായാലും മറ്റ് പാഠ്യേതര വിഷയത്തിലായാലും എല്ലാം മിടുക്കിയായിരുന്നു ഗോപി മോൾ .
“ഞാൻ പഠിച്ച് ഒരു ഡോക്‌ടറാകും അപ്പോ നമ്മുടെ കഷ്ടപ്പാടെല്ലാം തീരുമമ്മേ , ന്നിട്ട് നമ്മളെപ്പോലെ കഷ്ടപ്പെടുന്നവരെയെല്ലാം ഞാൻ ഫ്രീയായ് ചികിത്സിക്കും”
അതും പറഞ്ഞുള്ള അവളുടെ ചിരി കാണണം. ——————————————————-
ഗോപീടെ ആഗ്രഹപ്രകാരം തന്നെ കുഞ്ഞനിയനെയാണ് കിട്ടിയതും ,അവനുള്ള പേരു കണ്ടു പിടിച്ചതും അവൾ തന്നെ –
“ഗോകുൽ ”
”ഞാൻ ഗോപിക അപ്പോ ന്റ നിയൻ ഗോകുൽ , അതാ സൂപ്പർ , കിടിലൻ പേരല്ലേ അച്ഛാ ”
എന്തൊരു സന്തോഷമായിരുന്നു അവൾക്ക് .
‘കൂട്ടുകാരു മോളെ കളിയാക്കാറുണ്ടോ ചെറിയ വാവയുണ്ടായതിനെന്ന് ‘ ചോദിച്ചു ഞാനൊരിക്കൽ
” ചിലരു കളിയാക്കാറുണ്ട് , അത് പക്ഷേ അവർക്ക് ന്റ ഗോകുനേപ്പോലെ ഒരു കുഞ്ഞാവയെ കളിപ്പിക്കാനൊന്നും കിട്ടാത്തതിന്റെ അസൂയ കൊണ്ടാ ഞാനതൊന്നും നോക്കാറേയില്ല”
അത് പറഞ്ഞ് പൊട്ടിച്ചിരിക്കാരുന്നു അവൾ, മനസ്സ് തുറന്നുള്ള ചിരി .
അത് കണ്ട് ഇത്തിരി ആശ്വാസം തോന്നിപ്പോയി എനിക്ക്
എം ബി ബി എസ്സ് ചേരുന്ന അന്ന് വരെ ഗോകുലിന്റെ പിന്നീന്ന് മാറിയിട്ടില്ലാരുന്ന് , അവനും കുഞ്ഞേച്ചി മതി എല്ലാത്തിനും .
അടുത്ത വീട്ടിലെ ശാരദേടത്തി പറയാറുണ്ട് ,” അല്ലേലും സ്വപ്ന പെറ്റന്നേള്ളൂ ,ഗോകുന് ഗോപിക തന്നെയാണ് അമ്മ ”
———————————————————
ഓരോ അവധിക്ക് വരുമ്പോഴുo വീട്ടിൽ കയറുന്നതിന് മുമ്പേ തുടങ്ങും വിളി
അമ്മേന്നല്ല
ഗോകുലേ ,ഗോകൂട്ടാ ,ന്ന് . അവളുടെ ജീവനാ അവൻ .
അവസാനത്തെ ലീവ് കഴിഞ്ഞ് പോകുമ്പോ ചെറിയൊരു തലവേദന എന്ന് പറഞ്ഞിരുന്നു.
എല്ലാം ഉള്ളിലൊതുക്കുന്ന പ്രകൃതമായതുകൊണ്ട് തന്നെ ഒന്നും അറിഞ്ഞില്ല ഞങ്ങൾ .
മോളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തൂന്ന് കേട്ടാ ഞങ്ങൾ അങ്ങോട്ടോടിയത് ,
തല ചുറ്റി സ്റ്റെയർകേസ് ന്ന് വീണതാണെന്നും ,അല്ല കൂടെ പഠിക്കുന്ന ഏതോ കുട്ടി തള്ളിയിട്ടതാന്നും എല്ലാം കേട്ടു ,
അറിയില്ല സത്യാവസ്ഥ എന്താണെന്ന് അറിയാവുന്നത് അവൾക്കും ദൈവത്തിനും മാത്രം
അന്വേഷിച്ചില്ല ,അതിനു പിറകേ കേസും കെട്ടുമായ് നടന്നുമില്ല .
“നമുക്ക് നഷ്ടപ്പെട്ടത് വിലമതിക്കാനാവാത്ത നമ്മുടെ പൊന്നുമോളെയാണ് ,ഇനി എന്തു ചെയ്താലും അത് തിരിച്ചു കിട്ടുകയുമില്ല” .
അശോകേട്ടന്റെ തീരുമാനം തന്നെയായിരുന്നു ശരി.
ആശുപത്രി വരാന്തയിൽ ഐ സി യൂ കെയറിന്റെ മുന്നിൽ ജീവച്ഛവമായ് കഴിച്ചു കൂട്ടിയ ദിനരാത്രങ്ങൾ,
പിച്ചവെച്ച് നടന്ന കാലം മുതലിങ്ങോട്ടുള്ള അവളുടെ ഓരോ വളർച്ചയും കൺമുന്നിലൂടെ കടന്ന് പോയി .
രണ്ടാഴ്ച്ച മരണത്തിനും ജീവിതത്തിനും ഇടയിൽ ….
ഗോകുലിനെ പോലും ഓർമ്മയില്ലാരുന്നു എനിക്ക് ,ശരീരത്തിൽ ജീവനുണ്ടെന്നേ ഉണ്ടായിരുന്നുള്ളൂ .
അവനെ ഒന്നും അറിയിച്ചിരുന്നില്ല ,ഇന്നും അവനറിയില്ല ,
വീഴ്ചയിൽ തലയിൽ രക്തം കട്ടപിടിച്ച് അബോധാവസ്ഥയിൽ മരണത്തോട് മല്ലടിക്കുകയാണെന്നറിയാതെ കുഞ്ഞേച്ചിയെ അന്വേഷിച്ച് കരഞ്ഞു തളർന്ന എന്റെ മോൻ …
എന്തിനായിരുന്നു ദൈവമേ ഈവിധം ഒരു ദു:ഖം എനിക്ക് തന്നത് .
‘മോൾക്കും മോനും തമ്മിലുള്ള സ്നേഹം കണ്ട് ദൈവത്തിന് അസൂയ തോന്നിയോ’
ഞങ്ങളുടെ കാലം കഴിഞ്ഞാലും മോന് കൂട്ടായിരിക്കേണ്ടവൾ ,
സന്തോഷത്തോടെ നല്ലൊരുത്തന്റെ കയ്യിൽ പിടിച്ച് നല്ലൊരു കുടുംബത്തിലേക്ക് അവളെ പറഞ്ഞയക്കുന്നത് ഒരു പാട് സ്വപ്നം കണ്ടു ഞങ്ങൾ
എല്ലാം എല്ലാം …..
നെഞ്ചു പൊട്ടിയുരുകുമ്പോഴും ഇന്ന് പിടിച്ചു നിൽക്കുന്നത് മോനെ ഓർത്തു മാത്രമാണ് .
അവനെ വളർത്തി വലുതാക്കണം ഇനി . മോൾ ആഗ്രഹിച്ച ഡോക്ടർ പദവി മോനിലൂടെയെങ്കിലും സഫലമാക്കണം .
താൻ തളർന്നാൽ അശോകേട്ടനും തളരും ,
പാടില്ല
,എന്ത് വേദനയും സഹിച്ച് മോനു വേണ്ടി ജീവിക്കണം .
നാളെ ഒരു വർഷം തികയുകയാണ് അവൾ പോയിട്ട് . എന്റെ ഗോപിക..
പെട്ടന്ന് സ്വപ്ന ഉറക്കത്തിൽ നിന്നും ഞെട്ടി ഉയർന്നു ചുറ്റിനും നോക്കി.. ചുറ്റും ഇരുട്ടായിരുന്നു.. കൈ എത്തിച്ചു സ്വപ്ന വേഗം ലൈറ്റ് ഇട്ടു..
കട്ടിലിൽ ചേച്ചിയേയും കെട്ടിപ്പിടിച്ചു ഉറങ്ങുന്ന ഗോകുനേയും നോക്കി സ്വപ്ന ഒരു നിമിഷം ഇരുന്നു..
“എന്തേ…” ഗോപികയുടെ ചോദ്യം കേട്ട് സ്വപ്ന ഓർമയിൽ നിന്നും ഉണർന്നു…
“ഹേയ്.. ഒന്നൂല്യ.. മോൾടെ ഫ്ലൈറ്റ് എപ്പോളാ നാളേ..”
“വൈകുന്നേരം..” ഗോപിക മറുപടി കൊടുത്തു..
“ന്തേ അമ്മ സ്വപ്നം കണ്ടോ…”
“മ്മ്..” ലൈറ്റ് ഓഫ് ചെയ്തു സ്വപ്ന കണ്ണുകൾ ഇറുക്കിയടച്ചു കൈ കൂപ്പി കൊണ്ട് മെല്ലേ ബെഡിലേക്ക് കിടന്നു..
ശുഭം…
രചന: Prajeesha Jubi