രചന :ജിഷ ഷാജൻ
രാവിലെ കുഞ്ഞുങ്ങളെ സ്കൂളിൽ വിടാനുള്ള തിരക്കിൽ ആയിരുന്നു ജാസ്മിൻ. രണ്ട് കൈ ഉണ്ടായിട്ടും എങ്ങുമെത്താത്ത അവസ്ഥ. ” പടച്ചോനെ ഈ ഓട്ടം നിങ്ങൾ കാണുന്നില്ലേ?” അവർ ഇടയ്ക്കിടെ ദൈവത്തോട് പരാതി പറഞ്ഞുകൊണ്ടേയിരുന്നൂ.
“എന്താണ് ഭാര്യേ തനിക്ക്?” ഭാര്യയെ ദേഷ്യം ഒന്നുകൂടി ശുണ്ഠിപിടിപ്പിക്കാനായി നൗഫൽ അവൾക്കരികിൽ വന്ന് ചോദിച്ചൂ.
“ദേഷ്യമോ?! എനിക്കോ?! അതിനിവിടെ ദേഷ്യപ്പെടാൻ മാത്രം, എന്തെങ്കിലും കാര്യങ്ങൾ ഉണ്ടായിട്ട് വേണ്ടേ? ഞാൻ ജീവിക്കുന്നത് സ്വർഗ്ഗത്തിലാണല്ലോ?” അവൾ പകുതി തമാശയും പകുതി കാര്യവുമായി പറഞ്ഞൂ.
“ഒരു കാര്യവുമില്ലാതെ രാവിലെ തന്നെ ഇരന്നു വാങ്ങേണ്ട അവസ്ഥ. അന്നേ ഉമ്മ പറഞ്ഞതാ ഈ അഹങ്കാരിയെ കെട്ടേണ്ടെന്ന്” നൗഫൽ കളിയായി പറഞ്ഞു.
“പിന്നെന്തിനാ ഇത്ര ബുദ്ധിമുട്ടി, എന്നെ കെട്ടിയേ? അല്ലാരുന്നെങ്കിൽ ഞാനെങ്കിലും രക്ഷപ്പെട്ടു പോയേനെ..” ജാസ്മിൻ കൃത്രിമ ദേഷ്യം കാണിച്ചു
“വീട്ടിൽ നിന്ന് മൂത്തുപോകേണ്ട എന്നുകരുതി”നൗഫൽ തിരിച്ചടിച്ചു
“മൂത്ത് പോകാൻ ഞാനെന്താ മുരിങ്ങാക്കോലോ? എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കേണ്ട” അവൾ കൈയിലിരുന്ന പാത്രം വലിച്ചെറിഞ്ഞുകൊണ് തുടർന്നൂ. “പിന്നെ, പറ്റില്ലങ്കിൽ ദേ.. ഇപ്പോൾ പറഞ്ഞോ. ഈ പ്രായത്തിലും എന്നെ കെട്ടാൻ, നല്ല മൊഞ്ചുള്ള ആണുങ്ങൾ ക്യു നിൽക്കും” അവൾ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നൂ.
“ആഹാ! എന്നാൽ പിന്നെ, അങ്ങനെയാകട്ടേ… എനിക്ക് ആയിരം വട്ടം സമ്മതം. അതല്ല, നീ വേറെ കെട്ടിയാൽ പിന്നെ, ഈ നിൽക്കുന്ന കുരുപ്പുകളെ എന്ത് ചെയ്യും?” കാര്യം മനസിലാകാതെ കണ്ണും മിഴിച്ചു നിൽക്കുന്ന, 5 വയസുകാരായ ഇരട്ടകളെ പൊക്കി കാണിച്ചു കൊണ്ട് നൗഫൽ ചോദിച്ചൂ.
“ഇതുങ്ങളെ ഞാൻ വന്നപ്പോൾ കൂടെ കൊണ്ടുവന്നതൊന്നും അല്ലല്ലോ?! അതുകൊണ്ട് തനിച്ചങ്ങു നോക്കിയാൽ മതി” അവൾ വാശിയോടെ പറഞ്ഞൂ.
“ഉമ്മച്ചി ഞങ്ങളെ വിൽക്കാൻ പോകുവാണോ?!” അതിലൊരെണ്ണം വളരെ സീരിയസ് ആയി ചോദിച്ചൂ. “അച്ചോടാ ഞങ്ങൾ തമാശ പറഞ്ഞതല്ലേ?” അവൾ കുഞ്ഞുങ്ങളെ വാരി പുണർന്നൂ.
ഉമ്മാന്റേം പിള്ളേരുടേയും, സ്നേഹം പ്രകടനങ്ങൾ നോക്കി നിൽക്കുമ്പോഴാണ്, ജാസ്മിന്റെ ഫോൺ നിശബ്ദമായി കരയുന്നത് നൗഫൽ ശ്രദ്ധിക്കുന്നത്. “എടീ.. നമ്മുക്ക് വഴക്ക് കൂടാൻ, സമയം ഇനിയും ഒരുപാടുണ്ട്, നീ ആദ്യം ആ ഫോണെടുത്ത് ആരാന്ന് നോക്ക്, അതെങ്ങിനെയാ…? എപ്പോഴും ഫോൺ സൈലന്റ് ആക്കി ഇട്ടോളും. ചില സമയങ്ങളിൽ, ഒരത്യാവശ്യത്തിനു വിളിച്ചാൽ പോലും, നിന്നെ കിട്ടാറില്ല. കഷ്ടം തന്നെ നിന്റെ കാര്യം” അതും പറഞ്ഞ്, അവൻ കുഞ്ഞുങ്ങളെയും കൂട്ടി പുറത്തേക്ക് നടന്നൂ.
“പടച്ചോനെ ഇതിപ്പോ ആരാ ഈ നേരത്തൊരു ശൈത്താൻ?” ജാസ്മിൻ ഫോൺ എടുക്കുന്നതിനിടയിൽ ആരോടെന്നില്ലാതെ പറഞ്ഞൂ.
“ഡാ…”
മറുതലക്കൽ നിന്നുള്ള ശബ്ദം കേട്ട് ജാസ്മിൻ ഒരു നിമിഷം മൗനം പൂണ്ടൂ. പിന്നീട് ഒരു പൊട്ടിത്തെറിയായിരുന്നൂ. “ഡീ.. ഡാഷ് മോളെ… ഞാൻ വിചാരിച്ചു നീ ചത്തെന്ന്. എവിടെ പോയി കിടക്കുവായിരുന്നു ഇത്രേം ദിവസം?!” ജാസ്മിൻ അവളുടെ അരിശം മാറുന്നതുവരെ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നൂ.. മറുതലക്കൽനിന്നും മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ, ജാസ്മിൻ അൽപ്പനേരം ഒന്നു നിർത്തി. “എടീ. നീ അവിടെ ഉണ്ടോ?!”
“ഉണ്ട്” മിഷേൽ ശാന്തമായി മറുപടി പറഞ്ഞൂ.
“ക്ഷമിക്കെടീ.. ഇത്രയും ദിവസം നിന്നെപ്പറ്റി ഒന്നും അറിയാത്തോണ്ട് മനസ്സ് അത്രയ്ക്ക് വിഷമിച്ചിട്ടുണ്ട്. അതിന്റെ സങ്കടത്തിൽ പറഞ്ഞുപോയതാ. നീ പറ.. ശരിക്കും നിനക്കെന്താ പറ്റിയത്?!”
“ഡാ.., അടുത്ത മാസം എല്ലാം അവസാനിപ്പിച്ചിട്ട്, ഞാൻ നാട്ടിലേക്ക് തിരിച്ചു പോവുകയാണ്” ചോദ്യങ്ങൾ ബാക്കി നിർത്തി മിഷേൽ മറുപടി പറഞ്ഞു.
“അതെന്താ ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം?!” ജാസ്മിൻ ഞെട്ടലോടെ ചോദിച്ചൂ.
“പെട്ടെന്നോ! കൊല്ലം എട്ട് ആയി ഞാനിവിടെ വന്നിട്ട്, ഇളയവന് വയസ്സ് 10 ആയി, ബാക്കി രണ്ടും അതിനു മുകളിൽ, പിന്നെ പോകാതെങ്ങനാ?” മിഷേൽ ചോദിച്ചൂ.
“എന്നാലും… നിനക്ക് ലീവ് എടുത്ത് നാട്ടിൽ പോയി അവരെയൊക്കെ ഒന്ന് കണ്ടിട്ട് തിരിച്ചു വന്നാൽ പോരേ? എല്ലാം അവസാനിപ്പിച്ചു തിരിച്ചു പോകുക എന്നൊക്കെ പറഞ്ഞാൽ?!! അത്… നാട്ടിലെ അവസ്ഥകൾ ഒക്കെ മോശമായി വരുകയല്ലേ? ജാസ്മിൻ ഓർമ്മിപ്പിച്ചൂ.
“ഇനി ആലോചിക്കാൻ ഒന്നുമില്ല. ഞാൻ ഒരുപാട് ആലോചിച്ചിട്ട് എടുത്തൊരു തീരുമാനമാണിത്. കഴിഞ്ഞ കുറേയേറെ വർഷങ്ങളായി, ഞാൻ അവരെ ഇവിടേയ്ക്ക് എത്തിക്കാൻ ശ്രമിക്കുന്നൂ. അപ്പോഴൊക്കെ അജിക്ക് ഒരു തരം ഒഴിഞ്ഞു മാറ്റമാണ്. ഈ കഴിഞ്ഞ മൂന്നുവർഷക്കാലവും, ലീവിന് ചെല്ലാൻ പോലും അവനെന്നെ സമ്മതിച്ചിട്ടില്ല. ഞാൻ വിളിച്ചില്ലേൽ തിരിച്ചു വിളിക്കുക പോലും ഇല്ല. ഇപ്പോൾ ഒരുവർഷമായി അവൻ വിളിച്ചിട്ട്, ചിലപ്പോൾ മക്കളാരെങ്കിലും ഒരു പേരിന് വിളിച്ചാൽ ആയീ…” അവൾ തേങ്ങി. “ഇനി എനിക്ക് സഹിക്കാനാകില്ല..” മനസ്സിന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ട ആ അവസരത്തിൽ, അവൾ വാവിട്ട് കരഞ്ഞൂ. അത്ര നാളും അവൾ മനസ്സിൽ കൊണ്ടു നടന്ന ദുഖങ്ങളുടെ കാർമേഘങ്ങളെല്ലാം, അന്നൊരു തോരാമഴ കണക്കേ പെയ്തിറങ്ങി. കുറെയേറെ നേരം ആ കരച്ചിൽ തുടർന്നൂ.
“ഡാ…, എനിക്ക് രണ്ടുജോഡി പർദ്ദ വാങ്ങി അയച്ചുതരണം. ഒപ്പം നിങ്ങളുടെ നാട്ടിലുള്ള പൂട്ടികിടക്കുന്ന വീട്, ഒരുമാസത്തേക്കു താമസിക്കാനും. പക്ഷെ… ഇതൊന്നും നമ്മളല്ലാതെ, വേറൊരാൾ അറിയരുത്” അവൾ താക്കീത് പോലെ പറഞ്ഞു.
മറു തലക്കൽ, മിഷേൽ ഫോൺ കട്ട് ചെയ്തു പോയിട്ടും, മൊബൈൽ താഴെ വയ്ക്കാൻ പോലും മറന്ന്, വല്ലാത്തൊരു ഞെട്ടലിൽ ജാസ്മിൻ കുറെയേറെ നേരം, അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ നിന്നുപോയീ.
മിഷേലും അജിയും അവർ നൗഫലിന്റെ വീടിന്റെ അടുത്തായിരുന്നു താമസിച്ചിരുന്നത്. എട്ട് വർഷങ്ങൾക്കു മുൻപ് നൗഫൽ ജാസ്മിനെ ആരുമറിയാതെ വിവാഹം കഴിച്ചപ്പോഴും, എന്തിനും ഏതിനും അവർക്ക് കൂട്ടായി നിന്നത്, അജിയുടേയും മിഷേലിന്റേയും കുടുംബമായിരുന്നു. അന്നുമുതൽ മിഷേൽ ആയിരുന്നു ജാസ്മിന്റെ ഏറ്റവും അടുത്ത കൂട്ടുകാരി.
മിഷേലിന്റെ ഭർത്താവ് അജി, ആരും മോഹിച്ചുപോകുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നൂ. എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടവൻ. ബിസിനസ്സിൽ സംഭവിച്ച അപ്രതീക്ഷിതമായ നഷ്ടവും, അതുമൂലമുണ്ടായ വൻ സാമ്പത്തികബാദ്ധ്യതയും, അവരുടെ കുടുംബത്തിലെ സന്തോഷത്തെ തല്ലികെടുത്താൻ തുടങ്ങിയപ്പോഴാണ്, സർവ്വ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തുകൊണ്ട്, തന്റെ കുടുംബത്തിന്റെ സന്തോഷം തിരിച്ചുപിടിക്കാൻ, മിഷേൽ ലൻണ്ടനിലേക്ക് പറന്നത്.
കടബാദ്ധ്യതകൾ തീർത്താൽ, കുടുംബത്തെയും കൂടെ ലണ്ടനിലേക്ക് കൂട്ടാം എന്ന അവളുടെ ആഗ്രഹം, ബാദ്ധ്യതകൾ തീർന്നതിന് ശേഷവും, എന്തുകൊണ്ടോ അജി നീട്ടി വെച്ചൂ.
” എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നൂ അവരുടേത്.. മിഷേൽ ലണ്ടനിൽ പോയതിൽ പിന്നെ എന്തായിരിക്കും അജിക്ക് സംഭവിച്ചിട്ടുണ്ടാകുക?!” ഉത്തരംകിട്ടാത്ത കുറേ ചോദ്യങ്ങൾ ജാസ്മിന്റെ മനസ്സിൽ വന്നും പോയിക്കൊണ്ടുമിരുന്നൂ.
അടുത്ത ദിവസം തന്നെ ജാസ്മിൻ, പർദ്ദ വാങ്ങി മാഞ്ചസ്റ്ററിൽ ഉള്ള അവളുടെ ഫ്ലാറ്റിലേയ്ക്ക് അയച്ചൂ. “ക്രിസ്ത്യാനിയായ അവൾക്കെന്തിനായിക്കും പർദ്ദ?!” ആ പാഴ്‌സൽ അയക്കുമ്പോൾ, ആ സംശയം ജാസ്മിനെ കൂടുതൽ ചിന്തയിൽ ആഴ്ത്തി .
ഒരുമാസത്തിനു ശേഷം കേരളത്തിൽ “””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””
ജാസ്മിന്റെ കേരളത്തിലെ വീട്ടിൽ, ഒരു മുസ്ലിം സ്ത്രീ താമസത്തിനെത്തി, അവർ കൂടുതൽ സമയവും വീടിനുള്ളിൽ തന്നെയായിരുന്നൂ ചിലവഴിച്ചിരുന്നതെങ്കിലും, അവരുടെ മനസ്സും കണ്ണുകളും സദാസമയവും, തൊട്ടടുത്തുള്ള അജിയുടെ വീടിനെ ചുറ്റിപ്പറ്റി സഞ്ചരിച്ചുകൊണ്ടേയിരുന്നൂ.
വീടിന് പുറത്ത് കൊച്ചുങ്ങളെ കാണുന്ന അവസരങ്ങളിലൊക്കെ, തൊട്ടടുത്തു കണ്ടിട്ടും, തന്റെ പോന്നോമനകളെ ഒന്ന് ചുംബിക്കുവാനോ, കെട്ടിപ്പുണരുവാനോ സാധിക്കാത്ത, നിസ്സഹായാവസ്ഥ തീർത്ത വേലികെട്ടിനുള്ളിലിരുന്നുകൊണ്ട് ആ സ്ത്രീ, സ്വന്തം വിധിയെ പഴിച്ചൂ. പലപ്പോഴും അവളിലെ മാതൃസ്നേഹം, ആ കണ്ണുകളിൽ ഉരുൾപ്പൊട്ടലുകൾ തീർത്തൂ.. നെഞ്ചിൽ സങ്കട കൊടുങ്കാറ്റിരമ്പീ.. അവരെ ഒന്ന് ചേർത്ത് പിടിക്കാൻ… കൊതിതീരുംവരെ ഉമ്മവയ്ക്കാൻ… ആ അമ്മ മനസ്സ് വല്ലാതെ വെമ്പൽകൊണ്ടൂ…
കുഞ്ഞുങ്ങൾ സ്കൂളിൽ പോയി കഴിയുമ്പോൾ സ്ഥിരമായി ഒരു സ്ത്രീ ആ വീട്ടിലേക്ക് കയറിപോകുന്നത് മിഷേൽ ശ്രദ്ധിച്ചിരുന്നൂ. സ്കൂൾ കഴിഞ്ഞുവരുന്ന സമയത്ത് കുഞ്ഞുങ്ങളെ വാരിപ്പുണർന്നുകൊണ്ട് അവർ വീട്ടിൽ നിന്നും തിരികെയിറങ്ങുന്നൂ. കുട്ടികളും അവരോട് വളരെ അടുപ്പം കാണിക്കുന്നൂ. അത്രയൊക്കെ കണ്ടപ്പോൾ, അവൾക്കൊരു കാര്യം ഉറപ്പായി. താൻ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് അജി പുതിയൊരു ജീവിതം ആരംഭിച്ചിരിക്കുന്നൂ. അവളാകെ തകർന്നുപോയീ. താൻ ഇനി എന്ത് ചെയ്യും? ഈ സങ്കടങ്ങൾ താൻ ആരോട് പറയും? അവൾ വിങ്ങിപൊട്ടി. ആർക്കും ഒരു ശല്ല്യമാകാതെ, ആരോടുമൊന്നും പറയാതെ, ഇനിയൊരിക്കലുമൊരു തിരിച്ചുവരവില്ലെന്നപോലെ, വന്നിടത്തേക്ക് തന്നെ മടങ്ങിപോയാലോ? എന്നുവരെ, അവൾ ചിന്തിച്ചുപോയീ.
അവളുടെ ദുഃഖങ്ങൾ ആരുടെ അടുത്ത് മറച്ചാലും, ജാസ്മിന്റെ അടുത്ത് മറക്കുവാനാകുമായിരുന്നില്ല. നാട്ടിലെ വിശേഷങ്ങൾ അറിയാൻ മിഷേലിനെ വിളിച്ച ജാസ്മിന്റെ, ചൂഴ്ന്നുള്ള ചോദ്യങ്ങൾക്ക് മുന്നിൽ, അധിക നേരം പിടിച്ചു നിൽക്കാൻ മിഷേലിന് കഴിഞ്ഞില്ല. അവൾ നടന്നതെല്ലാം ജാസ്മിനോട് പറഞ്ഞൂ. അവൾക്കൊരു തുണയെന്നപോലെ അധികം വൈകാതെ ജാസ്മിൻ ഗൾഫിൽ നിന്ന് നാട്ടിലേയ്ക്കെത്തി, തന്റെ കൂട്ടുകാരിയുടെ അവസ്ഥ കണ്ട് തികട്ടി വന്ന ദേഷ്യത്തിൽ, ജാസ്മിൻ അജിയുടെ വീട്ടിലേയ്ക്ക് കുതിച്ചൂ. മിഷേൽ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുപോയി.
കൊടുംകാറ്റ് പോലെ ആ വീട്ടിലേയ്ക്ക് പാഞ്ഞു ചെന്ന ജാസ്മിൻ ആ കാഴ്ചകണ്ട് ഞെട്ടിത്തരിച്ചൂ. അജിയെ തലയിണയിൽ ചാരിയിരുത്തി സ്പൂണിൽ ഭക്ഷണം ചുണ്ടോട്ചേർക്കുന്ന ആ സ്ത്രീ.
“അജിയേട്ടാ….. ” ക്ഷീണിച്ച് എല്ലുന്തിയ അജിയെ കണ്ട് ജാസ്മിൻ ഒരു കരച്ചിലോടെ ഓടിച്ചെന്നൂ. അജി കണ്ണുകൾ ആയാസപ്പെട്ട് തുറന്നൂ. ആ തളർന്ന കണ്ണുകൾ ഒന്ന് വിടർന്നപോലെ തോന്നീ. ആ സ്ത്രീയിൽ നിന്നുതന്നെ ജാസ്മിൻ കാര്യങ്ങളൊക്കെ മനസ്സിലാക്കീ. അവർ ഒരു ഹോം നേഴ്സ് ആണ്. തൊണ്ടയിൽ കാൻസർ ബാധിച്ച അജി മൂന്ന് വർഷമായി ചികിത്സയിൽ ആണ്. പക്ഷെ, ഒരുവർഷമായി അസുഖം വല്ലാതെ കൂടിയപ്പോൾ അവനെ നോക്കാൻ വന്നതായിരുന്നു അവർ. ഇതൊന്നും മിഷേലിനെ അറിയിക്കരുത് എന്ന് മാത്രമായിരുന്നു അജിയുടെ ഒരേയൊരു ആഗ്രഹം. ഇപ്പോൾ അജിക്ക് ക്യാൻസറിൽ നിന്ന് മോചനം കിട്ടി. പക്ഷേ, സംസാരിക്കാൻ മാത്രം കഴിയില്ല അവർ പറഞ്ഞു നിർത്തി.
വാതിലിനു പുറകിൽ മറഞ്ഞു നിന്നുകൊണ്ട് അവരുടെ സംസാരം ശ്രദ്ധിച്ചിരുന്ന മിഷേൽ, ഒരു അലർച്ചയോടെ അവിടേയ്ക്ക് ഓടിയെത്തി “അജിയേട്ടാ…..!!!!” എന്ന വിളിയോടെ അവന്റെ കാലിൽ പിടിച്ച് പൊട്ടിക്കരഞ്ഞൂ. ഉത്തമാനായ പങ്കാളിയെ അവിശ്വസിച്ചതിനു ഹൃദയം പൊട്ടി അവൾ മാപ്പിരന്നൂ.
സംശയങ്ങൾക്കൊണ്ടും, തെറ്റിദ്ധാരണകൾകൊണ്ടും കലുഷിതമായിരുന്ന മിഷേലിന്റെ മനസ്സിപ്പോൾ, പെയ്തൊഴിഞ്ഞ ആകാശം കണക്കേ ശാന്തമായി. അവൾ അജിയുടെ പുണർന്നുകൊണ്ട് അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നുകൊണ്ട് പറഞ്ഞൂ. “ഞാനുണ്ടാകും എന്നും എപ്പോഴും, എന്റെ ഏട്ടനൊപ്പം….”
അവളുടെ തലയിൽ മൃദുവായി വിരലോടിച്ചുകൊണ്ട്, അവനവളെ അശ്വസിപ്പിച്ചു. അന്നേരമവന്റെ ശബ്ദമായ്, കൺകോണുകളിൽനിന്നും ഉരുണ്ടിറങ്ങിയ കണ്ണുനീർ തുള്ളികൾ വീണ് നനഞ്ഞ ആ കിടക്ക പോലും, പുഞ്ചിരി പൊഴിച്ചു കൊണ്ട് അവരെ അനുഗ്രഹിച്ചൂ.
രചന :ജിഷ ഷാജൻ