Categories
Uncategorized

രാവിലെ എട്ടുമണിയോടെ ഗിരിജ, കുടുംബിനിയിൽ നിന്നും ജോലിക്കാരിയിലേക്കുള്ള വേഷപ്പകർച്ച പൂർത്തിയാക്കി. പഴകിയ യൂണിഫോം ധരിച്ച്, അതിലേറെ പുരാതനമായ കയ്യുറകളണിഞ്ഞ് നഗരമാലിന്യങ്ങളുടെ ഇടയിലേക്ക് ഒരുങ്ങിയൊരിറക്കമാണ്. നീണ്ട പതിനഞ്ചുവർഷത്തേ പരിചയമുള്ള ജോലി.

രചന : – രഘു കുന്നുമക്കര പുതുക്കാട്

രാവിലെ എട്ടുമണിയോടെ ഗിരിജ, കുടുംബിനിയിൽ നിന്നും ജോലിക്കാരിയിലേക്കുള്ള വേഷപ്പകർച്ച പൂർത്തിയാക്കി. പഴകിയ യൂണിഫോം ധരിച്ച്, അതിലേറെ പുരാതനമായ കയ്യുറകളണിഞ്ഞ് നഗരമാലിന്യങ്ങളുടെ ഇടയിലേക്ക് ഒരുങ്ങിയൊരിറക്കമാണ്. നീണ്ട പതിനഞ്ചുവർഷത്തേ പരിചയമുള്ള ജോലി. ഗിരിജയടക്കം പത്തോളം പേരുണ്ട്, നഗരത്തേ ശുചിയാക്കാൻ. പലയിടങ്ങളിലായി തൂത്തുകോരുന്ന മാലിന്യം മുനിസിപ്പാലിറ്റിയുടെ വാഹനത്തിൽ ശേഖരിച്ച്, നഗരത്തിലെ മാലിന്യ സംസ്കരണശാലയിലേക്കു കൊണ്ടുപോകും. അതതു സമയങ്ങളിൽ യൂണിഫോമും കയ്യുറകളും ലഭിച്ചില്ലെന്നു വരാം. ശമ്പളം പോലും അനവധി തവണ വൈകിയിട്ടുണ്ട്. എങ്കിലും, ഗിരിജയും സംഘവും ഓരോ പ്രഭാതങ്ങളിലും നഗരത്തിലുണ്ടാകും. സ്വയം അഴുക്കു പറ്റി, നാടിനെ വിശുദ്ധമാക്കാൻ.

നഗരത്തിൻ്റെ പ്രധാനകവാടത്തിലേക്കുള്ള മാർഗമാണ് ഇന്ന് വൃത്തിയാക്കുന്നത്. നീണ്ട തോട്ടികൊണ്ട്, കാനയിലെ മാലിന്യങ്ങളോരോന്നും തടുത്തു കൂട്ടി. അവയെല്ലാം വലിയ കൂമ്പാരങ്ങളായുണ്ടായിരുന്നു. പാതിരാത്രികളിൽ മനുഷ്യർ സ്വന്തം വാഹനങ്ങളിൽ വന്നെത്തി, നഗരത്തിൻ്റെ ഹൃദയത്തിലേക്കു വലിച്ചെറിഞ്ഞ ചവറുകളാണധികവും. സ്വന്തം ഇടങ്ങൾക്കു മാത്രം വിശുദ്ധിയെന്ന ഇടുങ്ങിയ വ്യവസ്ഥിതിയുടെ ദൃഷ്ടാന്തങ്ങളായ മാലിന്യങ്ങൾ.

കാനയിലും ഓരത്തുമായി അറവുമാലിന്യം ചീഞ്ഞഴുകാൻ വെമ്പുന്നതിൻ്റെ അധമഗന്ധം നാസികകളിൽ തുളച്ചുകയറുന്നു. ഏതോ, പ്രമാണിയുടെ വിരുന്നിൻ്റെ തിരുശേഷിപ്പായിക്കണ്ട ഭക്ഷണാവശിഷ്ടങ്ങൾ. അവകൾക്കിടയിലൂടെ പുളച്ചു നീങ്ങുന്ന പെരുച്ചാഴികൾ. കാലം മൂപ്പെത്തിച്ച അവയുടെ പുറംഭാഗത്ത് തോലടർന്ന് വ്രണങ്ങൾ തീർന്നിരിക്കുന്നു. അവയേ ലക്ഷ്യംവച്ച് ഒരു കാവതിക്കാക്ക പറന്നടുക്കുന്നു.

നിരോധിത പുകയില ഉൽപ്പന്നങ്ങളുടേ കാലിക്കവറുകളാലും, സുരപാനശേഷം വലിച്ചെറിയപ്പെട്ട കുപ്പികളാലും നിറകൊണ്ട നഗരത്തിൻ്റെ പാതവക്കുകൾ. സുരതശേഷം, ആരോ ഉപേക്ഷിച്ച ഗർഭനിരോധന ഉറകൾ. അവയിൽ ചിലതുകളുടെ കീഴ്ഭാഗം ചേർത്തുകെട്ടിയിരിക്കുന്നു. ചുളിഞ്ഞു വലിഞ്ഞു നീണ്ട അഗ്രഭാഗത്ത്, കെട്ടിക്കിടക്കുന്ന കൊഴുത്ത തെളിവെള്ളം. നിണം കുടിച്ച സാനിറ്ററി നാപ്കിനുകൾ. തീർത്തും സ്വകാര്യനിമിഷങ്ങളിൽ ഒപ്പമുണ്ടായിരുന്നവയെല്ലാം ഇരുട്ടിൻ്റെ മറവിൽ അങ്ങാടിമധ്യേ വലിച്ചെറിഞ്ഞുപോയ, പകലിലെ പരിഷ്കാരികൾ ഇപ്പോൾ ഉറക്കമുണർന്നിട്ടുണ്ടാകില്ല. ഗിരിജക്കിതെല്ലാം പതിവു കാഴ്ച്ചകൾ പതിവനുഭവങ്ങൾ.

പച്ചക്കറിയവശിഷ്ടങ്ങളുടെ പുളിച്ച ഗന്ധം അവഗണിച്ചുകൊണ്ട് റോഡരികിൽ തോട്ടി നിരക്കുമ്പോഴാണ്, ആ കറുത്ത തുകൽബാഗ് കണ്ണിൽപ്പെട്ടത്. തെല്ലു തടിച്ച ബാഗിൻ്റെ പുതുമ നഷ്ട്ടപ്പെട്ടിരുന്നില്ല. പതിയേ കുനിഞ്ഞെടുത്തു പരിശോധിച്ചപ്പോൾ കണ്ടു, രണ്ടായിരം രൂപയുടെ മൂന്നു കെട്ടുകൾ. ആറു ലക്ഷത്തോളമുണ്ടാകാം. സഹജീവനക്കാർ ഏറെയകലെയാണ്. ഗിരിജ, ബാഗിലെ പണമെടുത്ത് വെറുതേ മണത്തുനോക്കി. ഏതു ദുർഗ്ഗന്ധത്തിൽ നിന്നും വേറിട്ടുനിന്ന, പച്ചനോട്ടുകളുടെ ഗന്ധം.

ഗിരിജ തിരികേ വീട്ടിലെത്തിയപ്പോൾ അന്തിയാകാറായിരുന്നു. നാളെ, മലയാളമാസം ഇടവം ഒന്നാം തിയതിയാണ്. ഈ മാസത്തേ ശമ്പളം ലഭിക്കാൻ, ഇനിയും ഇരുപതു ദിവസത്തോളം കാക്കണം. നാളെ ചോറു വയ്ക്കാൻ ഒരുമണി അരിയില്ല. ലോക്ഡൗൺ കാലം, സോമേട്ടനെ തൊഴിൽരഹിതനാക്കിയിരുന്നു. നാട്ടുപണികളും, കിണർ കുഴിക്കലുമൊക്കെയാണ് ജോലി. പക്ഷേ, ഈ വേനൽ, സകല പ്രതീക്ഷകളും തകർത്തിരിക്കുന്നു. പഴകി നിറംമങ്ങിയ ചുവരുകളുള്ള, കീഴ്പ്പോട്ടിറങ്ങി നിൽക്കുന്ന, ദ്രവിച്ച മേൽക്കൂരയുള്ള വീടിൻ്റെ സിമൻ്റും ചാന്തുമടർന്ന തിണ്ണയിൽ സോമൻ അകലേക്കു കണ്ണും നട്ട്, വെറുതേയിരുന്നു. ഭർത്താവിൻ്റെ നൈരാശ്യം അവൾക്കു മനസ്സിലാകുന്നുണ്ടായിരുന്നു. മോൻ, പാടത്തു കളിക്കാൻ പോയിട്ടുണ്ടാകും. പതിമൂന്നുകാരനു കളിവിളയാട്ടങ്ങളുടെ കാലമാണ്. ഇപ്പോൾ വിയർത്തൊലിച്ചു വരും. കെട്ടിപ്പിടിച്ച്, “അമ്മേ വിശക്കണൂ” ന്ന് പറയും.

“ഞാൻ ആ ചന്ദ്രേട്ടൻ്റെ കടേലോന്നു പോയി നോക്കട്ടേ, നാളേക്ക് ഒരുമണി അരീല്ല്യാ…. ക്ടാവിന് എന്തെങ്കിലും കൊടുക്കേണ്ടേ? ഈ നേരത്ത് കടേല് തിരക്കിൻ്റെ നേരാ.. ആൾക്കാരുടെ മുന്നീ വച്ച്, കടം ചോക്കുമ്പോൾ ചന്ദ്രേട്ടനു വല്ല്യ ഭാവാ.. ഉപ്പു തൊട്ടു കർപ്പൂരം വരേ നമ്മളവിടന്നാ വാങ്ങണ്. ഈ ചിരിച്ചുകളിച്ചു നിക്കണോരൊക്കെ അത്യാവശ്യ സാധനങ്ങളേ ഇവടന്നു വാങ്ങൊള്ളോ, ബാക്ക്യൊക്കെ അങ്ങാടീന്നാ, എന്നാലും, അയാൾക്ക് നമ്മളോടാ പുച്ഛം. ഈ സന്ധ്യക്ക് ഞാൻ തന്നെ പോണ്ടേ? നിങ്ങള് പോവ്വോ, അഭിമാന്യല്ലേ…”

സോമൻ അതിനു മറുപടി പറഞ്ഞില്ല. മിഴികൾ വിദൂരതയിലർപ്പിച്ച് ആ ധ്യാനം തുടർന്നു. ഗിരിജ, സഞ്ചിയുമെടുത്ത് ചന്ദ്രൻ്റെ കടയിലേക്കു നടന്നു. വിചാരിച്ച പോലെ തന്നേ, നല്ല തിരക്ക്… വിളക്കു വെക്കണ നേരത്ത് കടം വാങ്ങാൻ ചെന്നാൽ ഇയാള് വല്ലതും പറയുമോ ആവോ. പീടികയിലേക്കിറങ്ങുന്ന കരിങ്കൽപ്പടികളിൽ സ്ഥലത്തേ കരക്കമ്പിക്കാർ നിരന്നിരിപ്പുണ്ടായിരുന്നു. ചിലരുടെ ചുണ്ടുകളിൽ സിഗരറ്റെരിയുന്നുണ്ട്. അവർ, ഗിരിജയേ ആപാദചൂഡം വീക്ഷിച്ചു. ചിലരുടെ മിഴികൾ അവളുടെ മുഖത്തെത്താതെ മാറിൽത്തന്നെ വിശ്രമിച്ചു.

ഊഴമെത്തിയപ്പോൾ, അവശ്യസാധനങ്ങളുടെ ലിസ്റ്റ് കൊടുത്തു. എല്ലാം ഇത്തിരിയോളമേ എഴുതിയിരുന്നുള്ളു. സാധനങ്ങളെടുത്ത് ബിൽ കൂട്ടി, ചന്ദ്രൻ തുക പറഞ്ഞു.

“ചന്ദ്രേട്ടാ, ഇന്ന് പൈസ കിട്ടിയിട്ടില്ല. നാളെ ആരുടെ കയ്യീന്നെങ്കിലും വാങ്ങിത്തരാം. സോമേട്ടന് പണിയില്ലാത്ത കാരണാ ഇങ്ങനൊരു ക്ലേശം വന്നേ. ഒന്നു സഹകരിക്കണം.”

ചന്ദ്രൻ തെല്ലുനേരം ഒന്നും മിണ്ടിയില്ല. പിന്നേ, സാധനങ്ങളെല്ലാം തിരികേ എടുത്തിടത്തു കൊണ്ടു വച്ചു. കരിങ്കൽപ്പടവുകളിലേ കാഴ്ച്ചക്കാരിൽ പരിഹാസരസം നിറഞ്ഞു. അവർക്കു മുന്നിൽ, ചന്ദ്രൻ അഹങ്കാരത്തിൻ്റെ വന്മലയായി.

“കാശുണ്ടങ്ങേ വേടിച്ചാ മതീട്ടാ, എനിക്കിതൊന്നും വെറുതേ കിട്ടണതല്ല. മുനിസിപ്പാലിറ്റീന്ന് കുന്തിരിക്ക്യാണോ കിട്ടണ്? അതെങ്ങനേ, ശമ്പളം കിട്ടുമ്പോ ടൗണീന്നു സാധനം വാങ്ങും. ഇവടന്നു കടോം, നടപ്പില്ല, കാശ് ണ്ടങ്ങേ വന്നാ മതീ..”

ഗിരിജ, സഞ്ചി മടക്കി തിരികേ നടന്നു. പോകും വഴി, ചന്ദ്രനോട് ഇത്രയും പറഞ്ഞു.

“ഞങ്ങൾ ഇവിടേ നിന്നേ ഇന്നേവരേ സാധനങ്ങൾ വാങ്ങീട്ടുള്ളൂ. ഞങ്ങളുടെ തെറ്റ്, ലോക്ഡൗൺ കാലത്ത് മറ്റൊരിടത്തു നിന്നും ഞങ്ങൾക്ക് പറ്റു കിട്ടുകയില്ല. എന്നാലും, ഇതിത്തിരി കടന്ന കയ്യായിപ്പോയി ചന്ദ്രേട്ടാ”

ഗിരിജ തിരികേ നടന്നു. കൽപ്പടിയിലിരുന്നവർ അവളുടെ നിറഞ്ഞ പിന്നഴകിൻ്റെ ചന്തമാസ്വദിച്ച് സിഗരറ്റാഞ്ഞു വലിച്ചു. അവരുടെ സമക്ഷം, ഒരു വിജുഗീഷുവിനേപ്പോലെ കടക്കാരൻ ചന്ദ്രൻ നിന്നു.

രാവു വെളുത്തു. പീടികക്കാരൻ ചന്ദ്രൻ അതിരാവിലെയുണർന്നു നടക്കാൻ പോകും. പോകും മുൻപേ, ഉമ്മറത്തിരുന്നു പത്രമൊന്നു മറിച്ചു നോക്കും. ഇടവം തുടങ്ങുമ്പോഴെ നേർത്ത മഴച്ചാറ്റലുണ്ടായിരിക്കുന്നു. പത്രത്താളുകൾ ശീതം നുകർന്നു കുഴഞ്ഞിരിക്കുന്നു. അവധാനതയോടെ മുൻപേജു വാർത്തകൾ വായിച്ച്, നാട്ടുവിശേഷങ്ങളുടെ രണ്ടാം പേജിലേക്കു കടന്നു. അതിൽ, ഗിരിജയുടെ വലിയ ചിത്രമുണ്ടായിരുന്നു. ആശ്ചര്യത്തോടെ, ചന്ദ്രൻ ആ വാർത്തകളിലേക്കു മിഴിയോടിച്ചു.

ആറുലക്ഷം രൂപാ കൈവശം വന്നിട്ടും ചഞ്ചലമാകാത്ത മനസ്സുള്ള പ്രാരാബ്ധക്കാരിയുടെ വാർത്തക്കൊടുവിൽ, പണത്തിൻ്റെ ഉടമസ്ഥർ നീട്ടിയ പാരിതോഷികം നിരസിച്ച ഗിരിജയുടെ നന്മകളുടെ തിളക്കങ്ങൾ അക്ഷരരൂപത്തിൽ വേറിട്ടുനിന്നു.

പോലീസ് സ്റ്റേഷനിൽ വച്ച് ഉടമസ്ഥനു പണം കൈമാറിയ വാർത്ത, ചന്ദ്രൻ ഒരുപാടാവർത്തി വായിച്ചു. തെല്ലിട ചിന്തിച്ചു നിന്നു. വീടിനോടു ചേർന്നുതന്നെയാണ് പിടിക. കടയിൽ നിന്നും ഒരു സഞ്ചിയെടുത്ത്, ഗിരിജ തലേന്നു വാങ്ങിയ പലവ്യഞ്ജനങ്ങൾ ഒരു സഞ്ചിയിലാക്കി. എന്നിട്ട്, ചന്ദ്രൻ കുന്നിറങ്ങി താഴോട്ടു നടന്നു. ഗിരിജയുടെ വീട്ടിലേക്ക്. ആ കാഴ്ച്ച നൽകിയ അത്ഭുതം അടക്കാനാകാതെ ചന്ദ്രൻ്റെ ഭാര്യയും മോളും, ആ പോക്കും നോക്കി നിന്നു.

മഴനൂലുകൾ നേർത്തു പെയ്തുകൊണ്ടേയിരുന്നു. ഗ്രാമം ഉറക്കമുണർന്നു. വിശുദ്ധിയുടെ പ്രകാശം വിടർത്തി, പുതിയ പകലിനേ എതിരേൽക്കാനായി. ചുവന്ന സൂര്യൻ മഴക്കു മാറ്റുകൂട്ടി. മഴ നേർത്തടങ്ങി, വെയിലൊളി ചിതറി.

രചന : – രഘു കുന്നുമക്കര പുതുക്കാട്

Leave a Reply

Your email address will not be published. Required fields are marked *