രചന : – -അർജുൻ വിജയ്
യാദൃശ്ചികമായി ആ ഒരാളെ കണ്ട് മുട്ടണേ എന്നാഗ്രഹിച്ചു കൊണ്ടെത്ര യാത്ര ചെയ്തവരാണ് നമ്മൾ… അങ്ങനെ കാത്തിരുന്നു കാണുന്ന രണ്ട് പേർക്കിടയിൽ എന്തൊക്കെയാവും എന്നാലോചിച്ചെഴുതിയതാണ്…😊
ഗൗതമിനെ മീറ്റ് ചെയ്യാനായി കോഫി ഷോപ്പിലേക്ക് നടന്നു പോവുകയാണ് അഞ്ജു. കാലുകൾക്ക് കനം കൂടുന്നത് പോലെ. രണ്ട് വർഷം മുൻപ് കോടതിയിൽ വച്ച് മുഖത്ത് നോക്കാതെ ഇറങ്ങിയതാണ്. ഇനിയൊരു കൂടിക്കാഴ്ച്ചയുണ്ടാവുമെന്ന് ഒരിക്കലും കരുതിയതല്ല. രണ്ട് വർഷം കൊണ്ട് ഒരാൾക്ക് എന്ത് മാത്രം മാറ്റം വരും, അഞ്ജു മനസ്സിൽ ഓർത്തു. മുടിയും താടിയുമൊക്കെ നീട്ടി വളർത്തി കാണുമോ? ആണുങ്ങൾ അങ്ങനെയാണല്ലോ വിഷമം തീർക്കുന്നത്…അതിനു വിഷമം ഉണ്ടായാലല്ലേ. ഒരു പക്ഷെ അയാൾ മുൻപത്തെക്കാളേറെ സന്തോഷവാനായിരിക്കും.
ബാഗിൽ നിന്നും ഫോൺ എടുത്തു വാട്സ്ആപ്പ് നോക്കിയപ്പോൾ കൂട്ടുകാരന്റെ വക ഓൾ ദി ബെസ്റ്റ് മെസ്സേജ് വന്നിട്ടുണ്ട്. എങ്ങനെയാടോ ഗൗതമിനോട് ഒന്ന് സംസാരിച്ചു തുടങ്ങുക എന്ന് ടൈപ്പ് ചെയ്തു, പിന്നെ വേണ്ടെന്നു വച്ച് ബാക്സ്പേസ് അടിച്ചു. അങ്ങനെ എത്രയെത്ര ഇമോഷൻസ് ആരുമറിയാതെ വിഴുങ്ങിയിട്ടുള്ളയാളാണ് നമ്മുടെ ബാക്സ്പേസ് ബട്ടൺ.
കോഫീ ഷോപ്പിന് മുന്നിലെത്തിയ അഞ്ചു ഫോൺ ബാഗിനകത്തേക്ക് വച്ചു. ഒരു ദീർഘശ്വാസം എടുത്ത് ഷോപ്പിനുള്ളിലേക്ക് കടന്നു. ദൂരെ ഗൗതം തിരിഞ്ഞ് ഇരിക്കുന്നത് അവൾ കണ്ടു, ഗൗതമിനെ ലക്ഷ്യം വച്ചു നടന്നു. അവൾ അടുത്തെത്തുന്നതിനു തൊട്ട് മുൻപ് ഗൗതം തിരിഞ്ഞ് നോക്കി. ഇരുവരും പരസ്പരം നോക്കുന്നു. പുറമെ, ഗൗതമിനു ഒട്ടും ടെൻഷൻ ഇല്ലാത്തതായി തോന്നി. ഉള്ളിൽ ടെൻഷൻ ഉണ്ടാവും, കാരണം ഇപ്പോ അഞ്ജുവിന്റെ മുഖത്തും ഒട്ടും ടെൻഷൻ ഉള്ളതായി കാണുന്നില്ല. രണ്ട് വർഷം! 2 വർഷം മുൻപ് എല്ലാം പറഞ്ഞവസാനിപ്പിച്ചു ഡിവോഴ്സ് ചെയ്ത് പോയ 2 പേർ വീണ്ടും കണ്ട് മുട്ടുന്നു. അഞ്ചു കസേരയിൽ ഇരുന്നു. രണ്ട് പേർക്കുമിടയിൽ അപ്പോഴും നിശബ്ദത തളം കെട്ടി നിന്നു. വൈറ്റെർ വന്നു, എന്താണ് വേണ്ടതെന്നു ചോദിച്ചിട്ടും രണ്ട് പേരും മിണ്ടിയില്ല. മെനു മേശപ്പുറത്തു വച്ച് വൈറ്റെർ പോയിക്കഴിഞ്ഞിട്ടും അവർക്കിടയിൽ മൗനം തുടർന്നു.
ഒടുവിൽ അഞ്ചു തന്നെ ധൈര്യം സംഭരിച്ചു സംസാരം തുടങ്ങി
“ഹൈ”
“ഹൈ”
“സുഖാണോ?” തന്റെ രോഗികളോട് പോലും ഇതിൽ കൂടുതൽ ആത്മാർത്ഥതയോടെ സുഖാണോ എന്ന് ചോദിക്കാറുള്ളയാളാണ് അഞ്ജു
“സുഖാണ്” ഫോർമാലിറ്റി ഒട്ടും കുറയാതെ ഗൗതം മറുപടി പറഞ്ഞു
“എപ്പോ എത്തി”
“ഫ്ലൈറ്റ് വൺ ഹൗർ ലേറ്റ് ആയി, കൊൽക്കത്തയിൽ നല്ല മഴയായിരുന്നു”
“മമ് ” ഞാൻ മിണ്ടി തുടങ്ങി, ഇനി ഗൗതം ആണ് ചോദിക്കേണ്ടത് എന്ന മട്ടിൽ അഞ്ജു മമ് ഇൽ മറുപടി ഒതുക്കി
ഗൗതം എന്തോ പറയാൻ തുടങ്ങി നിർത്തി.
“പറഞ്ഞോളൂ” അഞ്ജു കേൾക്കാനൊരുങ്ങി
“ഒന്നുല്ല…ഹൗ ഈസ് ലൈഫ് ഗോയിങ്?”
“കുഴപ്പമില്ല” അഞ്ജു തന്റെ വിരലുകൾ ഒരു പ്രത്യേക തരത്തിൽ അമർത്തിക്കൊണ്ട് പറഞ്ഞു
“എവിടെയെങ്കിലും വച്ച്…യാദ്ര്ശ്ചികമായി…വല്ല മോളിലോ, ബസ് സ്റ്റാൻഡിലോ, കൂട്ടുകാരുടെ കല്യാണത്തിനോ ഒക്കെ…എന്നേലും നമ്മൾ വീണ്ടും കണ്ട് മുട്ടുന്നത് ഞാൻ ഇമേജിൻ ചെയ്യാറുണ്ട്” ഗൗതം ചിരിച്ചു കൊണ്ട് പറയുന്നു
“രണ്ട് തവണ കോളേജ് ഗെറ്റ് ടുഗദറിന് പോയപ്പഴും , ഇതേ പോലെ കണ്ട് മുട്ടുമെന്ന് ഞാനും പ്രതീക്ഷിച്ചിരുന്നു. പിന്നെ കണ്ടില്ലല്ലോ…നാട് വിട്ടില്ലേ…”
“5 വർഷം പ്രണയിച്ച്, വീട്ടുകാരേം പിണക്കി, നസ്രാണി പെണ്ണിനെ കല്യാണം കഴിച്ച്,കൊല്ലം ഒന്ന് തികയുന്നേനു മുന്നേ ഡിവോഴ്സ് ആയവന് നാട്ടിൽ ഒരു വിലയും കാണില്ല” ഗൗതം ചിരിക്കാൻ കഷ്ടപ്പെടുന്നത് അഞ്ചു ശ്രദ്ദിച്ചു.
“എവിടെയായിരുന്നു, കഴിഞ്ഞ 2 വർഷം” അഞ്ജു ആകാംക്ഷയോടെ ചോദിച്ചു
“ആദ്യത്തെ കുറച്ചു മാസം ബാംഗ്ലൂരിൽ ഫ്രണ്ട്സിന്റെ ഫ്ലാറ്റിൽ നിന്നു. എന്റെ വെള്ളമടി കൂടുന്നുണ്ടെന്നു സ്വയം തോന്നിയപ്പോ അവർ പറയുന്നതിന് മുന്നേ തന്നെ അവിടെ നിന്ന് ഇറങ്ങി”
“എന്നിട്ട്”
“മുംബൈയിൽ കസിന്റെ കൂടെ പോയി നിന്നു. അവിടൊരു ക്ലിനിക്കിൽ ജോലി ശരിയായി”
“അപ്പൊ, കൊൽക്കത്തയിൽ എങ്ങനെ എത്തി?”
“അവിടെ മുംബയിൽ, ക്ലിനിക്കിൽ വരുന്ന പേഷ്യൻസിനെ ഒക്കെ നോക്കാൻ ഇഷ്ടം പോലെ ഡോക്ടർസ് അവിടെ തന്നെ ഉണ്ടെന്നു മനസിലായപ്പോ, എന്റെ സ്ഥലം ഇതല്ലെന്നു ഒരു തോന്നൽ. പിന്നെ കുറച്ചു കഷ്ടപ്പെട്ട് കൊൽക്കത്തയിൽ ഒരു വില്ലേജിൽ ഡോക്ടർ സാബ് ആയിട്ട് ജോലിക്ക് കേറി”
“വില്ലജ് ഡ്യൂട്ടി ആയിരുന്നോ”
“അതെ, പറയുമ്പോ കൊൽക്കത്തന്നു പറയുന്നെന്നേ ഉള്ളൂ. ഇത് നല്ല ഉള്ളിലാ, കുറേ ഉള്ളിലോട്ടു പോയപ്പോ നല്ല കുറേ മനുഷ്യരേം കാണാൻ പറ്റി”
തന്നെ പോലെയല്ല, ഗൗതം ചെയ്യുന്ന ജോലി ആസ്വദിച്ചാണ് ചെയ്യുന്നതെന്ന് അഞ്ജുവിന് തോന്നി.
“അപ്പൊ വർക്ക് എത്തിക്സ് ഒക്കെ ആയല്ലോ” അഞ്ജു കളിയാക്കി ചോദിച്ചു
“ഏയ് … എത്തിക്സിനെക്കാൾ കൂടുതൽ, എനിക്ക് എപ്പോഴും ബിസി ആയിരിക്കണമായിരുന്നു. അതിനു ആ സ്ഥലം സഹായിച്ചു…” ഒരു നിമിഷം എന്തോ ഓർത്തു കൊണ്ട് ഗൗതം ചോദിച്ചു…”എന്താ തന്റെ കഥ?”
“ഡിവോഴ്സ്ന് ശേഷം ഞാനും കംപ്ലീറ്റ് ഓഫ്‌ലൈൻ ആയി. സോഷ്യൽ മീഡിയസീന്നും…ലൈഫിന്ന് മൊത്തത്തിലും. നീതു മാത്രാണ് ആകെ കൂടെയുണ്ടായത്. അവൾ ഇപ്പോഴും കൂടെയുണ്ട്, ഒരുമിച്ചാണ് താമസിക്കുന്നത്.”
“പഴയ ക്ലിനിക്കിൽ തന്നെയാണോ ഇപ്പോഴും?”
“മാറി… ആ ക്ലിനിക്കിലെ ആൾക്കാരുടെ സഹതാപം സഹിക്കാൻ വയ്യാണ്ട് മറ്റൊരു ക്ലിനിക്കിലേക്ക് മാറേണ്ടി വന്നു. പിന്നെന്താ…അവിടെയും എന്നത്തേയും പോലെ തന്നെ…പനി, ജലദോഷം, തൊണ്ട വേദന…പാരസെറ്റമോൾ സിട്രിസിൻ, അസിത്രോ” അഞ്ജു നെടുവീർപ്പിട്ടു.
“വീട്ടീന്ന് പിന്നെ നല്ല പയ്യന്മാരെയൊന്നും കെട്ടാൻ പറഞ്ഞില്ലേ” കളിയാക്കുന്നത് പോലെയാണ് ചോദിച്ചതെങ്കിലും മറുപടി കേൾക്കാനുള്ള ക്യുരിയോസിറ്റി ഗൗതമിന്റെ മുഖത്ത് കാണാമായിരുന്നു.
“ഏയ്, അവരെന്നെ വിട്ട മട്ടാ. ആയ കാലത്ത് കുറേ ഉപദേശിച്ചു നന്നാക്കാൻ നോക്കിയിട്ട് നന്നാവാത്ത മോള്…ഇനി നന്നാവില്ലെന്നു തോന്നിക്കാണും” വീണ്ടുമൊരു ഫേക്ക് സ്മൈലിൽ അഞ്ജു പറഞ്ഞു
ഓർഡർ എടുക്കാനായി വീണ്ടും വൈറ്റെർ വന്നു.
“2 ചായ, ഒന്ന് കടുപ്പം കൂട്ടി” ഗൗതം ഓർഡർ ചയ്തു
“കടുപ്പം വേണ്ട. അത് നിർത്തി” അഞ്ചു ഗൗതമിനെ നോക്കി പറഞ്ഞു. എന്നിട്ട് വൈറ്റെറോഡ് ഓർഡർ തിരുത്തി “രണ്ട് നോർമൽ ടീ എടുത്തോളൂ ചേട്ടാ”
വീണ്ടും വാക്കുകൾക്ക് ദാരിദ്ര്യം ആയി. രണ്ടു പേരും മുഖത്ത് നോക്കിയും മറ്റെയാൾ ശ്രദ്ദിക്കുമ്പോൾ താഴെ നോക്കിയും ഇരുന്നു.
“അഞ്ചൂ…” താനിത്രയും നേരം കൊതിച്ചിരുന്നത് ആ വിളിക്കായിരുന്നു. അഞ്ജുവിന്റെ കണ്ണുകൾ തിളങ്ങി. രണ്ട് വർഷത്തിന് ശേഷം തനിക്കേറ്റവും പ്രിയപ്പെട്ടയാൾ തന്റെ പേര് വിളിക്കുന്നു. ഇനിയൊരിക്കലും കേൾക്കില്ലെന്നു കരുതിയ വിളി. അഞ്ചു തലയാട്ടി
“ആർ യൂ ഹാപ്പി വിത്ത് ദിസ് ലൈഫ്?”
“യാഹ് …യാഹ് ഐആം ഹാപ്പി” അത് പറയുമ്പോൾ അഞ്ജുവിന്റെ ശബ്ദം ഇടറിയിരുന്നു. വീണ്ടും അഞ്ജുവിന്റെ വിരലുകൾ അമർന്നു.
“ഗ്രേറ്റ്” ഗൗതം നിവർന്നിരുന്നു
“കൊൽക്കത്തയിൽ തനിച്ചാണോ താമസിക്കുന്നെ?” ഈ ചോദ്യം വേണോ വേണ്ടയോ എന്ന് പലതവണ ആലോചിച്ചതാണ് അഞ്ജു. ചോദിക്കാതിരിക്കാൻ തോന്നിക്കാണില്ല
“ഒരു 6 മാസം തനിച്ചായിരുന്നു. ജോലി തപ്പി കുറേ അലഞ്ഞു. അവിടെ വച്ചാണ് ജിയ യെ പരിചയപ്പെടുന്നത്. ഇപ്പൊ ഞങ്ങൾ ഒന്നിച്ചാണ് താമസിക്കുന്നത്”
“ഓ…കൂടെ വർക്ക് ചെയ്യുന്നതാണോ?” അഞ്ജുവിന്റെ മുഖം വിളറി. ചിരി ഫേക്ക് ചെയ്യാൻ പോലും പറ്റാതായി.
“അതെ, സെയിം ലോക്കാലിറ്റി ആണ്. വർക്ക് സ്പെയ്സിൽ വച്ച് തന്നാണ് ഞങ്ങൾ ആദ്യായിട്ട് കാണുന്നത് ”
“മാരീഡ് ആണോ?” ഇനിയിതു മാത്രം എന്തിനു ചോദിക്കാതിരിക്കണം എന്ന് കരുതിക്കാണും
“അതെ”
“ഓഹ്, കോൺഗ്രാട്സ്… അറിഞ്ഞിരുന്നില്ല. ഫ്രണ്ട്‌സ് ആരും…ഇൻസ്റ്റയിലും ഒന്നും കണ്ടില്ല.. ജിയ ഏത് നാട്ടുകാരി ആണ്?” വളരെ കഷ്ടപ്പെട്ടാണെങ്കിലും അഞ്ജു മുഖത്ത് ചിരി നിറച്ചു
അപ്പോഴാണ് ഗൗതം അവളുടെ മുഖത്തെ മാറ്റം ശ്രദ്ധിച്ചത്. ഗൗതം ഉടനെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു. ഗാലറിയിൽ നിന്നും താനും ജിയയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ എടുത്തു അഞ്ജുവിന് കാണിച്ചു “ദേ ഇതാണ് ജിയ”
അഞ്ജു സംശയത്തോടെ നോക്കി
“ഇതാണ് ഞാൻ പറഞ്ഞ ജിയ…ഹിരൺജിയ. ഞങ്ങൾ ജിയ എന്നാ വിളിക്കാറ്. ഉത്തരഖണ്ഡ് കാരനാണ്. കഴിഞ്ഞ മാസം ആണ് പുള്ളിടെ കല്യാണം കഴിഞ്ഞേ”
“ഓ…ഐ തോട്ട്…” ചമ്മിയത് മറയ്ക്കാണെന്നോണം അഞ്ജു ഒരല്പം വെള്ളം കുടിച്ചു
വൈറ്റെർ ചായ കൊണ്ട് വന്നു. രണ്ട് പേരും ചായ കുടിച്ചു കൊണ്ടായി സംസാരം. എന്ത് മാത്രം കാര്യങ്ങൾ ഉണ്ട് പറയാൻ. പണ്ടൊക്കെ ഒരു ദിവസം സംസാരിക്കാതെ പോയാൽ പിറ്റേന്ന് പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര കഥകളാവും രണ്ട് പേർക്കും.
“അപ്പൊ വീട്ടീന്ന് ഇത്ര പ്രഷർ ഉണ്ടായിട്ടും…പിന്നെന്താ കല്യാണം കഴിക്കാത്തെ?”
ഗൗതം മറുപടിയായി ചിരിക്കുക മാത്രമുണ്ടായി
“എന്താ ചിരിക്കുന്നേ” അഞ്ജു വിട്ടില്ല
“നമ്മൾ ഡിവോഴ്സ് ആയതെങ്ങനാണെന്നു താൻ ചിന്തിക്കാറുണ്ടോ” ഗൗതം മറുചോദ്യം ഇട്ടു
“പിന്നെ…ദിവസവും കിടക്കുന്നെന് മുന്നേ അതാലോചിച്ചില്ലേൽ എനിക്ക് ഉറക്കം കിട്ടില്ല”
“എനിക്ക് തോന്നിട്ടുള്ളത്… സ്നേഹിച്ചു നടന്ന കാലത്ത് എനിക്ക് നീ അഞ്ജുവും നിനക്ക് ഞാൻ ഗൗതമും മാത്രമായിരുന്നു. കെട്ടി കഴിഞ്ഞപ്പോ നമ്മൾ വെറും ഭാര്യേം ഭർത്താവും ആയിപ്പോയി.”
“പരസ്പരം ഗ്രാന്ഡഡ് ആയി എടുക്കാൻ തുടങ്ങി. ഒരാൾ മാറ്റയാളെക്കാൾ വലുതാവാൻ നോക്കിയിട്ട് രണ്ടാളും ചെറുതായിപ്പോയി” ഗൗതം നിർത്തിയിടത്തു നിന്നും അഞ്ജു തുടർന്നു.
“ശരിയാ. പ്രേമിക്കാൻ പ്രത്യേകിച്ച് സ്കിൽ ഒന്നും വേണ്ട…പക്ഷെ ഒരുമിച്ച് ജീവിക്കാൻ അത്യാവശ്യം നല്ല സ്കിൽ വേണം”
“MBBS പാസ്സ് ആവാൻ അത്രേം പാടില്ല” രണ്ട് പേരും ചിരിച്ചു
അവസാനത്തെ സിപ് ചായ കുടിച്ചു കഴിഞ്ഞപ്പോ അഞ്ജു ചോദിച്ചു. “ഞാൻ ഒരു കാര്യം ചോദിക്കട്ടെ…”
“ചോദിക്ക്” ഗൗതം തലയാട്ടി
“എന്നെ… മിസ്സ് ചെയ്യാറുണ്ടോ?”
അത്രയും നേരം കൂളായി ഇരുന്ന, ഇമോഷൻസ് അമാനുഷികമായി കണ്ട്രോൾ ചെയ്ത് കൊണ്ടിരുന്ന ഗൗതം ആയിരുന്നില്ല അടുത്ത നിമിഷം ഉണ്ടായത്. ഒരു നിമിഷത്തിനപ്പുറം ഇപ്പോൾ അയാൾക്ക് ചിരിക്കാൻ പറ്റുന്നുണ്ട്. എങ്കിലും കൺഫ്യൂസ്ഡ് ആയ മുഖം വ്യക്തമാണ്…കുറച്ചു സമയം ആലോചിച്ച്…അല്പം ശബ്ദം കുറച്ചു ഗൗതം പറഞ്ഞു “ഇല്ല ”
അഞ്ജുവിന്റെ കണ്ണിൽ ചെറിയൊരു നനവ് പടരുന്നു. പല തവണ കണ്ണ് ചിമ്മിത്തുറന്നപ്പോൾ ആ നനവ് മറയ്ക്കാൻ അവൾക്കായി.
“ഓക്കേ…എന്റെയൊരു സുഹൃത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. ലോകത്ത് എല്ലാത്തിനും എക്സ്പയറി ഡേറ്റ് ഉണ്ട്, സ്നേഹത്തിനു തീർച്ചയായും ഉണ്ടെന്നു.” അഞ്ജു ദൂരെയെവിടെയോ നോക്കി ഓർത്തെടുത്തു
“Yeah. ഹി ഈസ് റൈറ്റ്, ഫോറെവർ ഈസ് എ ലൈ” ഗൗതം അത് ശരി വച്ചു
“എനിക്കത് തെറ്റാണെന്നു പ്രൂവ് ചെയ്യണം” അഞ്ജുവിന്റെ കണ്ണുകളിൽ നിശ്ചയദാർഢ്യം ഉണ്ടായിരുന്നു
“ആഹാ…ഓൾ ദി ബെസ്റ്റ്. അങ്ങനെ ഒരാളെ കിട്ടട്ടെ” ഗൗതം ചിരിച്ചു കൊണ്ട് പറഞ്ഞു
അഞ്ജു നിസ്സംഗതയോടെ ഗൗതമിനെ നോക്കി. ഇടക്ക് ഗൗതം കാണാനായി വാച്ചിൽ നോക്കി.
“കഴിക്കാൻ എന്തേലും പറയണോ?” ഗൗതം ചോദിച്ചു
“വേണ്ട”
“ഞാൻ ഈ ബില്ല് പേ ചെയ്തിട്ടു വരാം”
അഞ്ജു തലയാട്ടി. ഗൗതം എണീറ്റ് ബിൽ കൌണ്ടറിലേക്ക് പോയി. അഞ്ജു അപ്പോഴും എന്തോ ഓർത്തു കൊണ്ടിരിക്കുകയായിരുന്നു. അവൾ ബാഗിൽ നിന്നും മൊബൈൽ എടുക്കുന്നു. ഫോണിൽ കൂട്ടുകാരന്റെ മെസ്സേജ് വന്നു കിടപ്പുണ്ട്. വാട്സ്ആപ്പ് മെസ്സേജ് ആണ്
കൂട്ടുകാരൻ : ഹൗ ഈസ് തിങ്സ് ഗോയിങ്? ഓൾ ഗുഡ്? അഞ്ജു : യാഹ്. ഇറങ്ങാൻ പോവാണ് കൂട്ടുകാരൻ: ആർ യൂ ഓക്കേ? അഞ്ജു :എനിക്ക് അവനോട് ഒരു കാര്യം ചോദിക്കണം എന്നുണ്ട്. പക്ഷെ അത്… എല്ലാം കൂടെ കുളമാവുവോന്നു പേടി കൂട്ടുകാരൻ :ചോദിക്കടോ…ഇതൊക്കെ കേൾക്കാൻ തന്നല്ലേ ആൾ കൊൽക്കത്തെന്ന് വിമാനം കേറി വന്നേ അഞ്ജു: ഐ ഡോണ്ട് ഹാവ് ദി കോൺഫിഡൻസ് കൂട്ടുകാരൻ: ആസ്ക് നൗ, ഓർ റിഗ്രെറ്റ് ലെയ്റ്റർ…വാട്ട് എവെർ ഇറ്റ് ഈസ്
അഞ്ജു ഫോൺ ബാഗിനകത്തേക്ക് വെക്കുന്നു. നഖം കടിക്കുന്നു. അത്രയും നേരമില്ലാത്ത ടെൻഷൻ മുഖത്ത് കാണാം. ദൂരെ ബിൽ കൗണ്ടറിൽ നിൽക്കുന്ന ഗൗതമിനെ നോക്കുന്നു. തന്നെ ഒരിക്കലും മിസ്സ് ചെയ്യാറില്ലെന്നു പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിൽ പ്രതിധ്വനിച്ചു കൊണ്ടേ ഇരുന്നു. ഇനിയും എന്തെങ്കിലും ചോദിച്ചു വീണ്ടും ഗൗതമിന് മുന്നിൽ ചെറുതാവാൻ അവളുടെ ആത്മാഭിമാനം അനുവദിക്കുന്നുണ്ടായിരുന്നില്ല.
പെട്ടെന്ന് ടേബിളിൽ ഇരിക്കുന്ന ഗൗതമിന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്ന് സ്ക്രീൻ തെളിയുന്നു. അഞ്ജു ഒരു നോക്ക് സ്‌ക്രീനിൽ നോക്കി വീണ്ടും മറ്റെന്തോ ആലോചിക്കുന്നു. പെട്ടെന്ന് എന്തോ സംശയത്തോടെ അഞ്ജു ഗൗതമിന്റെ ഫോൺ എടുത്തു. സ്ക്രീൻ ഓൺ ചെയ്യുന്നു. വാൾ പേപ്പറിൽ തന്റെയും ഗൗതമിന്റെയും കോളേജിൽ വച്ചെടുത്ത ഒരു സെൽഫി കിടക്കുന്നത് കാണുന്നു. ഇത്തവണ നേർത്ത നനവായിരുന്നില്ല, ഒരു തുള്ളി കണ്ണുനീർ തന്നെ ആ കണ്ണുകളിൽ നിന്നുമിറ്റി വീണു. അഞ്ജുവിന്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു. പൊടുന്നനെ കണ്ണുകൾ തുടച്ച് ഫോൺ അവിടെ തന്നെ തിരിച്ചു വച്ചു.
ഗൗതം ബിൽ അടച്ചു മടങ്ങി വന്നു.
“ഇറങ്ങാം. ഒന്ന് രണ്ട് സ്ഥലത്ത് കൂടെ പോവാനുണ്ട്” ഗൗതം പറഞ്ഞു
അഞ്ജു ഒന്നും പറയാതെ പുറത്തേക്ക് നടന്നു
“ഗൗതം നാട്ടിൽ എത്ര നാളുണ്ടാവും?”
“3 വീക്സ് ലീവ് ഉണ്ട്.”
“കൊള്ളാം. പോണേനു മുന്നേ നമുക്കൊരു സെൽഫി എടുത്താലോ” അഞ്ജു ഫോൺ കയ്യിലെടുത്തു.
ഗൗതം അവളുടെ അടുത്ത് ചേർന്ന് നിന്നു. അഞ്ജു മുന്നേ ഫോൺ വാൾ പേപ്പറിൽ കണ്ട അതേ പോസ് അനുകരിച്ചു നിന്നു. ഗൗതം പെട്ടെന്ന് അഞ്ജുവിനെ നോക്കി. സെൽഫി ക്ലിക്ക്ഡ്.
അഞ്ജു ഗൗതമിനെ നോക്കി ചിരിച്ചു തിരിഞ്ഞു നടന്നു “ബൈ ടോ ”
“ബൈ” ഗൗതമും പിരിയാൻ ഒരുങ്ങി
“ടോ…ക്യാൻ വീ മീറ്റ് എഗൈൻ” അത്ര കോൺഫിഡൻസോഡ് കൂടിയാണ് അഞ്ജു അത് ചോദിച്ചത്.
“ഷുവർ” ഗൗതം ചിരിച്ചു കൊണ്ട് തിരിഞ്ഞ് നടക്കുന്നു. അവളുടെ കോൺഫിഡൻസിന്റെ പകുതിയെങ്കിലും തനിക്കുണ്ടായിരുന്നെങ്കിൽ എന്നവൻ മനസ്സിൽ ഓർത്തു
അഞ്ജു നടന്നു കൊണ്ട് കൂട്ടുകാരന് മെസ്സേജ് അയച്ചു “താങ്ക് യൂ ഡ്യൂഡ്. ഐ മെയ്ഡ് ഇറ്റ്. പിന്നൊരു ഡൌട്ട് …ഈ കല്യാണം കഴിച്ചു ഡിവോഴ്സ് ആയവർക്ക് പിന്നീട് ലിവിങ് ടുഗെതർ ആയിട്ട് ജീവിക്കാൻ വകുപ്പുണ്ടോ നമ്മുടെ നാട്ടിൽ?”
രചന : – -അർജുൻ വിജയ്