Categories
Uncategorized

യാത്ര പറഞ്ഞ് തിരിച്ചു പോകുമ്പോൾ എൻറെ ഉമ്മ അവളെ പിടിച്ചുനിർത്തി…

രചന: Musthafa Muhammed

അയൽ വീട്ടിലെ വാടകക്കാരിയായിരുന്നു എന്റെ ബാല്യകാലസഖി സ്കൂളിലേക്കും ഓത്തു പള്ളിയിലേക്കും ഞങ്ങൾ കൈകോർത്ത് പിടിച്ചു പോയിരുന്ന കാലം

ആറ്റിൽ പോയി കുളിക്കുവാനും കളിക്കുവാനും എന്നും എപ്പോഴും അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു.

അവധി ദിവസങ്ങളിൽ ഞങ്ങൾ കളിക്കാൻ ഒത്തുകൂടുന്നത് എൻറെ വീടിൻറെ വടക്ക് ഭാഗത്ത് നിൽക്കുന്ന മൂവാണ്ടൻ മാവിന്റെ ചുവട്ടിലായിരുന്നു

.ഓത്തു പള്ളിവിട്ടു കഴിഞ്ഞാൽ ഞാൻ അവൾ വരുന്നതും കാത്ത് ആ മാവിൻചുവട്ടിൽ ഇരിക്കും. കിത്താബും മുഖമക്കനയും അഴിച്ചുവച്ച് കൈയിൽ കടുംചുവപ്പും പച്ചയും നീലയും കലർന്ന കുപ്പിവളകളും കിലുക്കി അവൾ ആ മാഞ്ചുവട്ടിലേക്ക് ഓടിവരും.

അണ്ണാറക്കണ്ണനും കാക്കക്കറുമ്പിയും കൊത്തിയിട്ട് തരുന്നമാമ്പഴവും പിന്നെ അവൾ എനിക്കായി കരുതിയ വറുത്ത പുളിങ്കുരുവും പൂമര കുരുവും പങ്കുവെച്ചു

മാവിൻ കൊമ്പത്ത് ഊഞ്ഞാൽ കെട്ടിയാടിയും പഴയ ചാക്കും പച്ചില തൂപ്പും കൊണ്ട് കളിവീട് കെട്ടിയും ചിരട്ടയിൽ കഞ്ഞി വെച്ചും, വിളമ്പിയും അവൾ ഉമ്മയും ഞാൻ ബാപ്പയും ഒക്കെയായി കളിച്ചിരുന്ന കാലം.

ഞങ്ങളുടെ ബാല്യകാല ദാമ്പത്യത്തിൽ പിറക്കാതെ കിട്ടിയ ഒരു മകളുണ്ടായിരുന്നു ഉത്സവപ്പറമ്പിൽ നിന്നും എപ്പോഴോ വാപ്പച്ചി വാങ്ങിത്തന്ന മിന്നുന്ന നീലക്കണ്ണുകൾ ചിമ്മി തുറക്കുന്ന ഒരു പാവക്കുട്ടി അതിനെ കണ്ട നാൾ മുതൽ എന്നോടൊപ്പം കൂടിയതാണ് എൻറെ ബാല്യകാലസഖി

അതിനെ അവൾ താഴത്തും തലയിലും വെക്കാതെയാണ് കൊണ്ടുനടക്കുന്നത് ഒരു ഉമ്മയുടെ പക്വതയോടെ അവൾ അതിനെ ചിരിപരിചരിക്കുകയും കൊഞ്ചിക്കുകയും, ലാളിക്കുകയുമൊക്കെ ചെയ്തു കൊണ്ടിരുന്നു

ചിലപ്പോഴെല്ലാം അതിന് വിശക്കുന്നു കുട്ടികരയുന്നു എന്നെല്ലാം പറഞ്ഞ് ഉമ്മൂമാന്റെ കണ്ണിൽ ഒറ്റിക്കുന്ന ഒഴിഞ്ഞതുള്ളിമരുന്ന് കുപ്പിയിൽ പാൽ നിറച്ച് അവൾഅതിനെ കൊടുക്കുമായിരുന്നു

അങ്ങനെ തിരക്കേടില്ലാതെ ഞങ്ങളുടെ ബാല്യകാല ദാമ്പത്യം മുന്നോട്ട് പോകുമ്പോൾ അന്നൊരു ദിവസം അവൾ ഊഞ്ഞാലാടി കൊണ്ടിരിക്കുമ്പോൾ ഉച്ചയൂണിന് ഉമ്മ എന്നെ വിളിച്ചു ഉമ്മാൻറെ ഒന്നും രണ്ടും മൂന്നും വിളിക്ക് ചെവികൊടുക്കാതെ ഇരുന്നപ്പോൾ

ഉമ്മാന്റെ ഭാവം മാറി “മര്യാദയ്ക്ക് ആ വെയിലത്തുനിന്നും രണ്ടും വന്ന്ചോറ് തിന്നോ” ഇല്ലെങ്കിൽ എൻറെ കയ്യിൽ നിന്നും രണ്ടും നല്ല തല്ലു വാങ്ങും?

ഉമ്മയുടെ ശബ്ദഗാംഭീര്യം കേട്ട് പേടിച്ചതുകൊ ണ്ടോ എന്തോ! അവളാടികൊണ്ടിരുന്ന ഊഞ്ഞാലിൽനിന്നും മൂക്കും കുത്തി താഴെവീണു

അവിടെ നിന്നും എഴുന്നേറ്റു അവൾഎന്റെ മുഖത്തേക്ക് നോക്കി ദേഹത്തും ഉടുപ്പിലും മണ്ണും പൊടിയും പറ്റിപ്പിടിച്ചിരിക്കുന്നു ഞാൻ മെല്ലെ അതെല്ലാം തട്ടി തുടച്ചുകൊടുത്തു

കൈയ്യിലെ കുപ്പിവളകൾ പൊട്ടി കൈത്തണ്ടയിൽ അല്പം ചോര പൊടിഞ്ഞിരിക്കുന്നു പിന്നെ അവൾ ഉടുത്തിരുന്ന ഉടുപ്പിലും ചോരത്തുള്ളികൾ വീണു ചുമന്നിരുന്നു

അവൾ ചോരകണ്ട് നിലവിളിക്കാൻ തുടങ്ങി അപ്പോൾ ഞാൻ അവളെ വട്ടം കെട്ടിപ്പിടിച്ചു അവളുടെ വായ മെല്ലെ പൊത്തി കാതിൽ മെല്ലെ പറഞ്ഞു സാരല്ല്യാ “കരയണ്ട കരഞ്ഞാൽ ഉമ്മ എന്നെ വഴക്കുപറയും

അവളുടെ കരച്ചിൽ കേട്ടാൽ വിളിച്ചിട്ടും വിളിച്ചിട്ടും ചെല്ലാതിരുന്നതിനാലും ഉമ്മ തന്റെ കലിപ്പ് എന്നോട് തീർക്കും അത് ഉറപ്പാണ് അതൊഴിവാക്കാൻ വേണ്ടി മാത്രം കാര്യം പറഞ്ഞപ്പോൾ അവൾക്ക് കാര്യം പിടികിട്ടി കരച്ചിൽ നിറുത്തി. അങ്ങനെ അന്നത്തെ കളികളെല്ലാം ഞങ്ങൾ മതിയാക്കി

പിറ്റേദിവസം ഓത്തുപള്ളിയിൽ ഉസ്താദ് ഹാജർ വിളിക്കുമ്പോൾ അവൾ ഉണ്ടായിരുന്നില്ല പള്ളിയിലേക്ക് പോകുമ്പോൾ ഞാൻ അവളുടെ ഉമ്മയോട് ചോദിച്ചു അവൾ ഓതാൻവരുന്നില്ലേ ?എന്ന്

ഇല്ല ? ഇനി അവൾ ഓത്തിന് വരുന്നില്ല !! എന്നായിരുന്നു അവരുടെ മറുപടി

ദിവസങ്ങൾ കഴിഞ്ഞു പോയി

അവളെ പള്ളിയിലേക്കും എന്റെ വീട്ടിലേക്കും കണ്ടില്ല എന്റെ മനസ്സ് വല്ലാതെ മന്ത്രിച്ചു ഞാൻ അവളെ കെട്ടിപ്പിടിച്ചത് അവൾക്കിഷ്ടമില്ലാത്തത് കൊണ്ടാണോ അവൾ വീട്ടിൽ വരാത്തത് എൻറെ ആശങ്കയും ഹൃദയമിടിപ്പും കൂടി കൂടി വന്നു ഞാൻ തെറ്റുകാരനാണോ എന്റെമനസ്സാക്ഷി ആദ്യമായി എന്നെ ചോദ്യം ചെയ്ത നിമിഷങ്ങൾ.

അങ്ങനെയിരിക്കെ ഉമ്മ കടയിൽ നിന്നും കൺമഷിയും പൗഡറും വാസനസോപ്പും, വളയും, മാലയുമെല്ലാം വാങ്ങി വച്ചിരിക്കുന്നു

അതുകണ്ട ഞാൻ ഉമ്മയോട് ചോദിച്ചു ഇതെല്ലാം ആർക്കു കൊടുക്കാനാണുമ്മാ ? അത് അവളുടെ കല്യാണത്തിന് ഉള്ളതാണ് ഉമ്മ പറഞ്ഞു

ഞാൻ:കല്ല്യാണമോ? ആരുടെ കല്യാണം!

തുളക്കാൽ നിക്കാതെ ! നീ നിന്റെ പണി നോക്ക് അല്ല പിന്നെ എന്തൊക്കെ അറിയണം നിനക്ക് ഇനി പഴയ പോലെ ആ പെണ്ണിന്റെ കൂടെ ഓടാനും ചാടാനും ഒന്നും നിക്കണ്ട …..ങ്ഹാ…! ഉമ്മ വിഷയം മാറ്റി

ആലോചിച്ചിട്ട് എനിക്ക് ഒരുപിടിയും കിട്ടിയില്ല ഇത്ര ചെറുപ്രായത്തിലെ കല്ല്യാണമോ? അതും ഒറ്റ ദിവസം കൊണ്ട്

പിറ്റേദിവസം ഉമ്മ അണിഞ്ഞൊരുങ്ങി അവളുടെ വീട്ടിലേക്ക് പോകുമ്പോൾ ഞാൻ കൂടി വരട്ടേ!എന്നു ചോദിച്ചു

“അയ്യേ!! ഉമ്മ എന്നെ കളിയാക്കി ഇത് പെൺകുട്ടികളുടെ കല്യാണമാണ് ഇതിന് ആൺകുട്ടികളാരും വരില്ല ”

പിന്നെ നിർബന്ധം പിടിച്ചപ്പോൾ എന്നെയും കൊണ്ട് പോയി

അവളുടെ വീട്ടിൽ എത്തിയപ്പോൾ അവിടെ എല്ലായിടത്തും പെൺകുട്ടികൾ മാത്രം വരുന്നവരെല്ലാവരും മധുരപലഹാരങ്ങളും സമ്മാനപ്പൊതികളും അവൾക്ക് നൽകുന്നു അവളുടെ വീട്ടിൽ തീർത്തും ഞാൻ ഒറ്റപ്പെട്ടു പോയി

കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ അവരുടെ വീടിൻറെ പിൻഭാഗത്തേക്ക് ചെന്നു അവിടെ ഇരുമ്പൻ പുളി മരത്തിന്റെ ചുവട്ടിലിട്ടബഞ്ചിൽ ഇരിക്കുന്ന അവളെ ആരൊക്കെയോ ചേർന്ന് തലയിൽ കാച്ചിയ എണ്ണയും ദേഹത്ത് മഞ്ഞളും പുരട്ടി കൊടുക്കുന്നു

ആ കാഴ്ച കണ്ടു നിൽക്കുമ്പോൾ ആരോ എന്നോട് വിളിച്ചു പറഞ്ഞു പെൺകുട്ടികൾ കുളിക്കുന്നത് നിനക്ക് എന്താ കാര്യം? അപ്പുറത്തേക്ക് ….പോ!!

ആറ്റിലും പുഴയിലുമെല്ലാം ഉമ്മ തുണിയലക്കാൻ പോകുമ്പോൾ ഞങ്ങളും കൂടെ പോകും ഞങ്ങളുടെ കുളിയും നീരാട്ടും പുഴയിൽ ഒരുമിച്ചായിരുന്നു ഇന്ന് അവളെരാജകുമാരിയെ പോലെ ചുറ്റും തോഴിമാർ നിന്ന് കുളിപ്പിക്കുന്നു ഞാൻ കാണാൻ പാടില്ല പോലും കൂടുതൽ ആലോചിക്കാതെ ഞാൻ തിരിച്ചു നടന്നു.

ഏഴുദിവസത്തെ കാർമേഘങ്ങൾ മറ നീക്കി പുറത്തു വന്ന സൂര്യകിരണങ്ങൾ ഏൽക്കാൻ അവൾ പുറത്തിറങ്ങി

അവൾക്ക് കിട്ടിയ മധുരപലഹാരങ്ങളിൽ നിന്നും ഒരു പങ്കുമായി അവൾ ഉമ്മയോടൊത്ത് ഞങ്ങ ളുടെ വീട്ടിൽ വന്നു ചുവന്നു തുടുത്ത കവിളുകളും നക്ഷത്രങ്ങളെ പോലെ തിളങ്ങുന്ന കണ്ണുകളും കൈകളിൽ നിറയെ മൈലാഞ്ചിമൊഞ്ചും പുത്തനു ടുപ്പു മെല്ലാമായി അവൾ ഒരു മാലാഖ കുട്ടി ആയിരിക്കുന്നു.

എന്നെ കണ്ടപ്പോൾ അവൾ മേഘങ്ങൾക്കിടയിൽ ഒളിക്കുന്ന ചന്ദ്രികയെ പോലെ അവളുടെ ഉമ്മയുടെ പിന്നിലേക്ക് മാറി നിന്നു

അവളുടെ ഉമ്മ എന്റെ ഉമ്മയോട് സംസാരിക്കുന്ന കൂട്ടത്തിൽ പറഞ്ഞു ഞങ്ങൾ ഇവിടെ നിന്നും പോവുകയാണ് ഇവിടെ വീട്ടുക്കാർ വാടക കൂടുതൽ ചോദിക്കുന്നു അത്രയും കൊടുക്കാൻ ഞങ്ങൾക്കാവില്ല അതുകൊണ്ട് ചെറിയ ഒരു വീട് കണ്ടു വച്ചിട്ടുണ്ട് നാളെ ഞങ്ങൾ അങ്ങോട്ടു പോകും

അത്രയും പറഞ്ഞു കേട്ടപ്പോൾ ഞാൻ അവിടെനിന്നും മാവിൻചുവട്ടിലേക്ക് ഓടി

അവർ യാത്ര പറഞ്ഞ് തിരിച്ചു പോകുമ്പോൾ എൻറെ ഉമ്മ അവളെ പിടിച്ചുനിർത്തി അവളുടെ അമ്പിളി പോലത്തെമുഖം കൈക്കുമ്പിളിൽ എടുത്തു പറഞ്ഞു ഇനി പഴയ പോലെ ചെക്കൻമാരുടെ കൂടെ കളിച്ചു നടക്കരുത് നീ ഇപ്പോൾ വലിയ കുട്ടിയായി ട്ടോ !!

അവൾ തലയാട്ടി സമ്മതിച്ചു ഉമ്മ അവളുടെ ചുവന്ന കവിളിൽ ഒരു മുത്തം കൊടുത്തു

അവർ തിരിച്ചു പോകാൻ നേരം അവളുടെ ഉമ്മ ചോദിച്ചു എവിടെനിന്റെ കൂട്ടുകാരൻ കണ്ടില്ലല്ലോ? പോയി അവനോട് യാത്ര പറഞ്ഞിട്ട് വാ !!

അതു കേട്ടസന്തോഷത്തിൽ അവൾ ആ മാഞ്ചുവട്ടിലേക്ക് ഓടി വന്നു അവൾ നാടുവിട്ടു പോവുകയാണെന്ന് അറിഞ്ഞപ്പോൾ എൻറെ ഹൃദയമിടിപ്പ് വർദ്ധിച്ചു എനിക്ക് തേങ്ങലടക്കാൻ കഴിഞ്ഞില്ല ഞാൻ ആ മുവ്വാണ്ടൻമുത്തശ്ശിയെ ചേർത്ത് പിടിച്ചു കരഞ്ഞു

അപ്പോൾ അവൾ വന്ന് എൻറെ പുറത്ത് കൈവച്ചു ഞാൻ തിരിഞ്ഞുനോക്കി

അവൾ പറഞ്ഞു :ഞങ്ങൾ നാളെ പോവുകയാണ്

ഞാൻ: ങ്ഹും! ഉമ്മ പറയുന്നത് കേട്ടു

ഞാൻ ചോദിച്ചു : ഇനി വരില്ലേ? ഒരിക്കലും വരില്ലേ? അവൾ :അറിയില്ല

പിന്നെ പരസ്പരം ഒന്നും മിണ്ടിയില്ല കളി വീടിൻറെ മുറ്റത്ത് തൂവാലയിൽ പൊതിഞ്ഞു അവൾ ഉറക്കി കിടത്തിയിരുന്ന നീലക്കണ്ണുള്ള പാവക്കുട്ടിയെ ഞാൻ ചെന്നെടുത്തു അതിനെ ഒന്നു ചുംബിച്ചു അത് ഞാൻ അവൾക്കുനേരെ നീട്ടി എൻറെ സമ്മാനമായി ഞാൻ അവൾക്കു നൽകി

അവൾ അതു വാങ്ങി തുവ്വാല അഴിച്ചെടുത്ത് പതിയെ താഴെയിരുന്ന് അവളുടെ കയ്യിൽ നിന്നും പൊട്ടിവീണ വളപ്പൊട്ടുകൾ മെല്ലെപെറുക്കിയെടുത്ത് തുവ്വാലയിൽ വെച്ച് പൊതിഞ്ഞ് എനിക്കു തന്നു

“അപ്പോഴേക്കും അവളുടെ ഉമ്മ അവളെ വിളിച്ചു ഹസ്സീ……നീ അവിടെ എന്തെടുക്കാ” പോകാറായി വേഗം വന്നേ!! വിളിക്കുത്തരം നൽകി അവൾ തിരിഞ്ഞുനടന്നു .

പിറ്റേ ദിവസം ഓത്തുപള്ളി വിട്ടപ്പോഴും ഞാൻ ആ മാഞ്ചോട്ടിൽ എത്തി പൊട്ടിവീണ ഊഞ്ഞാലിനെയും നോക്കി മാവിനെ ചാരിനിന്നു ഇനി വരില്ലെന്നറിഞ്ഞിട്ടും ഞാൻ അവൾക്ക് വേണ്ടി കാത്തിരുന്നു അവൾ മാത്രം വന്നില്ല വേർപെട്ടുപോയ കളിത്തോഴിയോട് ഞങ്ങൾക്ക് നഷ്ടപ്പെട്ട ബാല്യകാലത്തെ ഓർത്ത് ഞാൻ മാവിൻ ചുവട്ടിലേക്ക് ഓടി കാത്തിരിക്കാൻ ആരും ഇല്ലാത്തതുകൊണ്ട് കഥകളുടെ ലോകത്തേക്ക് തിരിഞ്ഞു

കളിവീടും കളിയൂഞ്ഞാലുമൊന്നുമില്ലെങ്കിലും മാറിമറയുന്ന ഋതുക്കൾ സാക്ഷിയായി അണ്ണാറക്കണ്ണനും കാക്കക്കറുമ്പിക്കും കൂട്ടായി ഞങ്ങളുടെ ബാല്യകാല സ്മരണകൾ ഉറങ്ങുന്ന ആ മാമ്പഴം മുത്തശ്ശി പ്രണയത്തിന്റെ മധുരകനികൾപൊഴിച്ച് സ്വാന്ത്വനത്തിന്റെ തണൽ വിരിച്ച് ഇപ്പോഴും അവിടെയുണ്ട്.

രചന: Musthafa Muhammed

Leave a Reply

Your email address will not be published. Required fields are marked *