Categories
Uncategorized

മോന് കല്യാണം കഴിക്കാനൊക്കെ ഇനിയും ഒരുപാട് കാലമുണ്ട്…

രചന: ഗുൽമോഹർ

” ഹോ, നിങ്ങടെ അമ്മയെ നോക്കി മടുത്തു എനിക്ക്. ഇത്രനാൾ ഇഴഞ്ഞെങ്കിലും ബാത്‌റൂമിൽ പോയി കാര്യം സാധിക്കുമായിരുന്നു. ഇതിപ്പോ ഇന്ന് എല്ലാം കിടക്കപ്പായിൽ തന്നെ. അല്ലെങ്കിലേ തൈലത്തിന്റെയും മൂത്രത്തിന്റെയും ഉളുമ്പ് മണം കാരണം ആ റൂമിലോട്ട് തന്നെ കേറാൻ തോന്നുന്നില്ല. അപ്പൊ ഓക്കാനിക്കാൻ വരും.. ഇതിപ്പോൾ ഒന്നിന്റെ കൂടെ രണ്ടും കൂടി ആയപ്പോൾ നാറിയിട്ട് അങ്ങോട്ട്‌ അടുക്കാൻ കൂടി പറ്റുന്നില്ല… ഈ തള്ളക്ക് എങ്ങനേലും നിരങ്ങി ബാത്‌റൂമിൽ പൊക്കൂടെ, അല്ലെങ്കിൽ ഒന്ന് വിളിച്ചൂടെ.. അതും ചെയ്യില്ല.. അപ്പൊ എന്നെ ബുദ്ധിമുട്ടിക്കാൻ മനപ്പൂർവം ചെയ്യുന്നതല്ലേ ഈ തള്ള ഇതൊക്ക ” ആരതിക്ക് ദേഷ്യം അടങ്ങാത്ത പോലെ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. പക്ഷെ മനുവിന്റെ മുഖത്തു വലിയ ഭാവമാറ്റമൊന്നും കണ്ടില്ല. അവൻ ഒന്നും മിണ്ടാതെ ഒരു തോർത്തുമെടുത്തു അമ്മയുടെ റൂം ലക്ഷ്യമാക്കി നടന്നു, ” നിങ്ങളിത് എങ്ങോട്ടാ മനുഷ്യാ… ആ റൂമിലോട്ട് എങ്ങനെ കേറാനാ… ആ മൂക്കെങ്കിലും ഒന്ന് കെട്ടിയിട്ട് പോ. ” അവളുടെ പുച്ഛവും പരിഹാസവും നിറഞ്ഞ വാക്കുകൾക്കു ചെവി കൊടുക്കാതെ മനു അമ്മയുടെ റൂമിലേക്ക് കയറി വാതിലടച്ചു.

ബെഡ്‌റൂമിൽ പുറത്തു കലിതുള്ളിയിരുന്നു ആരതിയുടെ വാക്കുകൾ കേട്ട് ഒഴുകിയിറങ്ങുന്ന കണ്ണുനീർ പോലും തുടക്കാൻ കഴിയാതെ വിങ്ങിപൊട്ടുന്ന അമ്മയെ കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല മനുവിന്.. ഓരോ തുണിയും ശ്രദ്ധയോടെ മാറ്റി അമ്മയെ തുടച്ചു വൃത്തിയാക്കി കിടത്തുമ്പോൾ അമ്മ ചോദിക്കുന്നുണ്ടായിരുന്നു “നിനക്ക് അറപ്പ് തോന്നുന്നില്ലേ മോനെ.” എന്ന്. അവന്റെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ കണ്ടാവണം അമ്മ ഒന്ന് വിതുമ്പിയതും, ” അമ്മ എന്നും പ്രാര്ഥിക്കാറുണ്ട് മോനെ എത്രയും പെട്ടന്ന് ഈ ജീവനങ്ങോട്ട് എടുക്കാൻ. പക്ഷെ, ദൈവത്തിന് പോലും വേണ്ട. പണ്ട് കാരണവന്മാർ പറയുമായിരുന്നു പൂർവികർ ചെയ്ത പാപം അനുഭവിക്കുന്നത് അവരുടെ മക്കളാണെന്ന്‌.. ആ, എന്റെ പൂർവ്വികർ ഇത്രമാത്രം തെറ്റ് ചെയ്തിട്ടുണ്ടാകുമോ. ഞാൻ ഇങ്ങനെ കിടന്ന് നരകിക്കാൻ ”

അമ്മയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു മനുവിന്. ജീവിത്തിക്കാൾ ഇതിനേക്കാൾ ഏറെ നരകിച്ചാണ് അമ്മ തന്നെ ഇത്രേം വളർത്തി വലുതാക്കിയത് എന്നോർക്കുമ്പോൾ ഇതൊക്ക അതിൽ നിന്നും എത്രയോ ചെറുതാണെന്ന് അവന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. “അമ്മ ഇങ്ങനെ ആവശ്യമില്ലാത്തതൊന്നും ചിന്തിക്കേണ്ട, അമ്മക്ക് ഞാൻ ഇല്ലേ… അവൾ കലി തുള്ളുന്നതും വിളിച്ച് പറയുന്നതും ഒന്നും അമ്മ കേൾക്കണ്ട. അവളുടെ നാക്കിന് ലൈസൻസ് ഇല്ലെന്നു അറിയില്ലേ… പിന്നെ അമ്മ ചോദിച്ചത് പോലെ എനിക്കിത് അറപ്പ് അല്ല അമ്മേ, എന്റെ ഉത്തരവാദിത്വം ആണ്.. ന്റെ അമ്മ എനിക്ക് വേണ്ടി കഷ്ട്ടപ്പെട്ടതിന്റെ ഒരു ഭാഗം പോലും ആകില്ല ഞാൻ ഇവിടെ അമ്മക്ക് വേണ്ടി എന്തൊക്ക ചെയ്താലും.. അതുകൊണ്ട് അമ്മക്ക് പണ്ട് എന്റെ മലവും മൂത്രവും കോരുമ്പോൾ ഇല്ലാത്ത അറപ്പ് എനിക്കിപ്പോ എന്തിനാണ്.. അതുകൊണ്ട് അമ്മ ഇനി എന്ത് ഉണ്ടെങ്കിലും എന്നെ മാത്രം വിളിച്ചാൽ മതി, അവളെ വിളിക്കണ്ട. എന്തിനാ വെറുതെ….. ”

വാക്കുകൾ മുഴുവനാക്കും മുന്നേ വാതിലിൽ ആരതി പ്രത്യക്ഷപെട്ടിരുന്നു , ” ഓ.. ഇപ്പോൾ അമ്മയും മോനും എന്താ സ്നേഹം.. അല്ലേലും എന്നെ ഒന്നിനും വിളിക്കാതിരിക്കുന്നത് തന്നെയാ നല്ലത്. എനിക്ക് മടുത്തു ഈ ഉളുമ്പ് മണവും….. ” അറപ്പ് തോന്നുന്നപോലെ ഉള്ള അവളുടെ സംസാരം മനുവിന് അത്ര രസിച്ചില്ലെങ്കിലും മറുത്തൊന്നും പറയാൻ നിൽക്കാതെ അമ്മയെ പുതപ്പിച്ചു കിടത്തി പുറത്തേക്കിറങ്ങുമ്പോൾ അവളിൽ പുച്ഛം നിറഞ്ഞ ഒരുപാട് ചിരിയുണ്ടായിരുന്നു.

പുറത്തേക്ക് ഇറങ്ങുമ്പോൾ മുത്തശ്ശിയുടെ റൂം ലക്ഷ്യമാക്കി വരുന്ന മകനെ കണ്ടപ്പോൾ മനു ഒന്ന് പുഞ്ചിരിച്ചു, അഞ്ചു വയസ്സേ ഉള്ളുവെങ്കിലും അമ്മൂമ്മയെന്നു വെച്ചാൽ ജീവനാണ് അലനെന്ന് മനുവിനും ആരതിക്കും അറിയാം. പക്ഷെ, ആരതിക്ക് മകൻ ആ റൂമിൽ കേറുന്നത് തന്നെ ഇഷ്ട്ടമല്ലതാനും.

” നീ എങ്ങോട്ടാ മോനെ ഇനി ആ റൂമിലേക്ക്.. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ആവശ്യമില്ലാതെ ആ റൂമിൽ കേറരുത് എന്ന്. ആ റൂമിൽ കേറി ഒന്ന് ശ്വസിച്ചാൽ തന്നെ വല്ല രോഗവും പിടിപെടും.. എന്തിനാ വെറുതെ ഒരു വയ്യാവേലി ” മകനെ തടഞ്ഞുനിർത്തി കൈപിടിച്ച് വലിച്ചു ഹാളിലേക്ക് നടക്കുമ്പോൾ അവൾ അമ്മയുടെ കുറ്റം പറഞ്ഞുകൊണ്ട് ഇരുന്നു.

അവനെ ഹാളിൽ ഇരുത്തി ആരതി അടുക്കളയിലേക്ക് പോകുമ്പോൾ മനു കൈകഴുകി വന്ന് അവനരികിൽ ഇരുന്നിരുന്നു.

“അച്ഛാ എന്റെ കല്യാണം എന്നാ അച്ഛാ… ” പെട്ടന്നുള്ള ചോദ്യമാണെങ്കിലും നിഷ്ക്കളങ്കത നിറഞ്ഞ ആ ചോദ്യത്തിന് മുന്നിൽ അവനൊന്നു പുഞ്ചിരിച്ചു, “മോന് കല്യാണം കഴിക്കാനൊക്കെ ഇനിയും ഒരുപാട് കാലമുണ്ട്.. മോൻ പഠിച്ചു വലിയ ഒരാളായി ജോലിയൊക്കെ വാങ്ങിയിട്ട് വേണം മോന് ഒരു കല്യാണമൊക്കെ കഴിക്കാൻ. എന്തിനാ ഇപ്പോൾ മോൻ അങ്ങനെ ചോദിച്ചേ.. ആരാ ഇതൊക്ക മോനോട് പറഞ്ഞ് തന്നെ ”

അവനെ ചേർത്ത് പിടിച്ച് ചോദിക്കുമ്പോൾ അലൻ അതെ നിഷ്കളങ്കതയോടെ തന്നെ പറഞ്ഞു, ” ആരും പറഞ്ഞുതന്നതല്ല അച്ഛാ.. അച്ഛൻ അമ്മയെ വിവാഹം കഴിച്ചോണ്ടല്ലേ ഇപ്പോൾ അമ്മൂമ്മയെ അമ്മ ഇങ്ങനെ ചീത്ത വിളിക്കുന്നത്.. അപ്പൊ ഞാൻ കല്യാണം കഴിച്ചാൽ ഇതുപോലെ അമ്മയ്ക്കും ചീത്ത കേൾക്കുമല്ലോ. അച്ഛനോ അമ്മയെ വഴക്ക് പറയുന്നില്ല… അതുകൊണ്ട് ഞാൻ കല്യാണം കഴിച്ച് അമ്മക്ക് ഇതുപോലെ വഴക്ക് കേൾക്കുമ്പോൾ അല്ലെ അമ്മൂമ്മ കരയുന്നത് പോലെ അമ്മയും കരയൂ.. അമ്മ കരയുമ്പോൾ അച്ഛന് അന്നെങ്കിലും പറയാലോ ” നീ എന്റെ അമ്മയെ ചെയ്തതിന്റെ ആണ് ഇതൊക്ക എന്ന് ”

അവന്റെ ഓരോ വാക്കും ഞെട്ടലോടെ ആണ് മനു കേട്ടത്.. അഞ്ചു വയസ്സേ ഉള്ളൂ എങ്കിലും അവൻ കാണുന്നതും കേൾക്കുന്നതും മനസ്സിലാക്കുന്നുണ്ട് എന്ന ബോധം മനുവിനെ വല്ലാതെ ഉലച്ചു, ഇപ്പഴേ അവന്റെ മനസ്സിൽ ഇതുപോലെ ഉള്ള ചിന്ത കേറിയാൽ…. “മോനെ അങ്ങനെ ഒന്നും പറയരുത്.. അത് നിന്റെ അമ്മയല്ലേ… അതുകൊണ്ട് ഇതുപോലെ ഒരുപാട് അവസരം ഉണ്ടായാൽ മോൻ മോന്റെ ഭാര്യയെ പറഞ്ഞു മനസ്സിലാക്കണം, എന്നിട്ട് മോന്റെ അമ്മയെ അമ്മയെ പോലെ കാണാൻ പറയണം.. അങ്ങനെ ആണ് നല്ല മക്കൾ ”

മകനെ നല്ല വാക്കുകൾ പറഞ്ഞ് ഉപദേശിക്കാൻ തുടങ്ങിയപ്പോൾ എടുത്തടിച്ചപോലെ ഉള്ള മകന്റെ മറുപടിയിൽ ആടി ഉലഞ്ഞിപോയി മനു, കൂടെ അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്ന ആരതിയും.. “അപ്പൊ അകത്തു കിടക്കുന്നത് അച്ഛന്റെ അമ്മയല്ലേ.. ആ അമ്മയെ ന്റെ അമ്മ സ്വന്തം അമ്മയെ പോലെ കാണണം എന്ന് എന്താ അച്ഛൻ പറഞ്ഞ് മനസ്സിലാക്കാത്തെ? അമ്മയെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയാത്ത അച്ഛൻ അപ്പൊ നല്ല ഒരു മകൻ അല്ലെ…?

———————————————

രചന: ഗുൽമോഹർ

Leave a Reply

Your email address will not be published. Required fields are marked *