രചന: സ്മിത ക്ലെമു
ഇച്ചായാ..
അതെ മെസ്സഞ്ചറിലൊരു മെസ്സേജ് വന്നിട്ടുണ്ട് വായിച്ചു കേൾപ്പിക്കട്ടെ..
ഏത് ഹതഭാഗ്യനാണോ എന്തോ ഇന്നത്തെ താരം.എന്തായാലും നീ വായിക്കൂ എനിക്ക് രക്ഷപ്പെടാൻ ഉള്ള വല്ല അവസരം ഉണ്ടോയെന്ന് നോക്കട്ടെ..
അങ്ങനിപ്പോൾ നിങ്ങളെ ഞാൻ രക്ഷപ്പെടാൻ അനുവദിക്കില്ല എന്റെ ഇച്ചായാ..
ഞാൻ പോകുവാണേൽ നിങ്ങളെയും കൊണ്ടേ പോകൂ..
അല്ലേൽ നിങ്ങളിനി വേറൊരു പെണ്ണിനെ കെട്ടിയാൽ അവളെന്നെ ജീവിതകാലം മുഴുവൻ പ്രാകി കൊണ്ടിരിക്കും.. എനിക്കോ പറ്റി ഇനി വേറൊരു പെണ്ണിന് കൂടിയീ വിധി വരരുത്..
ഞാൻ മെസ്സേജ് വായിക്കാം നിങ്ങളൊന്നു കേൾക്കു മനുഷ്യാ..
പ്രിയപ്പെട്ടവളെ.. “നിങ്ങളുടെ എഴുത്തുകളോടെന്ന പോലെ നിങ്ങളോടും എനിക്ക് അടങ്ങാത്ത പ്രണയമാണ്..നിശബ്ദമായി ഞാൻ നിങ്ങളെ നിഴൽ പോലെ പിന്തുടർന്ന് ഈ ജന്മം മുഴുവൻ പ്രണയിച്ചോട്ടെ.. അത്രയ്ക്ക് ഇഷ്ട്ടമാണ്, പ്രണയമാണ് എനിക്ക് നിങ്ങളോടും നിങ്ങളുടെ വരികളോടും..
വായിച്ചു തീർന്നതും ഇച്ചായൻ ചിരിയോടു ചിരി..
ആൾ പറയുകയാണ് നിന്റെയീ പൊട്ട എഴുത്തുകൾ കണ്ടു പ്രണയം തോന്നാൻ മാത്രം ഇത്ര ദാരിദ്രമുള്ളവൻ ആരാണെന്ന്..
എന്നിലെ എഴുത്തുകാരിക്ക് മുറിവേറ്റ് പിടഞ്ഞു പോയി..ദേ മനുഷ്യാ എന്നെ പറഞ്ഞോ എന്റെ എഴുത്തിനെ പറഞ്ഞാലുണ്ടല്ലോ..
അപ്പോൾ ആൾ പറയുകയാണ്..നീ അയാളുടെ ഐഡി ഏതാണെന്ന് പറയൂ 100 പവനും ഒരു കാറും തരാം അവനു നിന്നെ കെട്ടിച്ചു കൊടുക്കാമെന്നൊരു മെസ്സേജ് അയക്കട്ടെയെന്ന്..
എന്നിട്ടെന്റെ പുന്നാര കെട്ടിയോൻ ചിരിച്ചിട്ട് പറയുകയാണ്..അങ്ങനെ ആണേൽ തന്നെ പിറ്റേന്ന് അയാൾ ഫ്ലൈറ്റ് വിളിച്ചു വരുമെന്ന് എന്നിട്ടെനിക്ക് 500 പവനും രണ്ടു കാറും കൂട്ടത്തിൽ എന്റെ മോന്തക്കിട്ടൊരു അടിയും തന്നു നിന്നെയെനിക്ക് തിരികെ തരുമെന്ന്..എന്നിട്ട് നിങ്ങൾക്ക് ഇങ്ങനെ തന്നെ വേണമെന്ന് പറയുമെന്ന്..
ഞാൻ അത്ര മോശമാണോ മനുഷ്യാ എന്ന് ചോദിച്ചു ഫോണിൽ നിന്നും തലയുയർത്താതെ ആളെ ഒരു തള്ളു കൊടുത്തു..
പ്ലാവിൽ നിന്നും പഴച്ചക്ക വീഴുന്ന പോലത്തെ ശബ്ദം കേട്ട് ഫോണിൽ നിന്നും തലയുയർത്തി നോക്കിയപ്പോൾ ആളെ കാണുന്നില്ല..കട്ടിലിന്റെ അറ്റത്തു കിടന്ന മനുഷ്യൻ നേരെ താഴേക്കു പോയി..
നോക്കിയപ്പോൾ ഫോണിന്റെ ഡിസ്പ്ലേ പൊട്ടിയതും കാണിച്ചു താഴെ നിന്നും എഴുന്നേറ്റ് വരുന്നു..
നീയും നിന്റെ മെസ്സേജും എന്റെ ഫോണിന്റെ ഡിസ്പ്ലേ പൊട്ടി എന്റെ തണ്ടലും ഒടിഞ്ഞുന്നു തോന്നുന്നു..
ചിരിയടക്കാൻ പാടുപ്പെടുന്നതിനിടയിൽ ഞാൻ പറഞ്ഞു, എനിക്ക് കൊടുക്കാൻ വച്ച സ്ത്രീധനത്തിൽ നിന്നും കുറച്ചു കാശെടുത്ത് ഫോണിന്റെ ഡിസ്പ്ലേ മാറ്റിക്കോയെന്ന്..
അല്ല പിന്നെ, നമ്മളോടാണ് കളി.. ലൈക്ക് ചെയ്ത് വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണേ…
രചന: സ്മിത ക്ലെമു