Categories
Uncategorized

മൂന്ന് മാസവും പെണ്ണ് കണ്ട് തീർത്തു, ഇനി പെണ്ണ് കാണുന്നില്ലെന്ന്…

രചന: Shanavas Jalal

. “ടാ നീ വേഗം വീട് വരെ വന്നെന്നുള്ള” ഉമ്മാന്റെ വാക്കുകൾക്ക് എന്തോ പന്തിക്കേട് തോന്നിയത് കൊണ്ടാണ്, ഒരുക്കങ്ങൾക്കായി വാങ്ങിയ സാധനം പകുതിയിൽ വെച്ചിട്ട് വീട്ടിലേക്ക് തിരിച്ചത്.

ഗൾഫിൽ നിന്ന് വന്നിട്ട് ലീവ് തീരാൻ ഇനി ഒരു മാസം കൂടി ഉള്ളു. മൂന്ന് മാസവും പെണ്ണ് കണ്ട് തീർത്തു. ഇനി പെണ്ണ് കാണുന്നില്ലെന്ന് കരുതി ഇരുന്നപ്പോളാണ് റൈഹാനയുടെ ആലോചന വന്നത്. എല്ലാ വീട്ടിലെയും പോലെ ചെക്കൻ നല്ല കറുപ്പാണെന്ന് പറഞ്ഞു ഒഴിയും എന്ന് കരുതി തന്നെയാണ് അങ്ങൊട് ചെന്നതും..

നല്ല ചിരിയോടെ സ്വീകരിച്ച ഓളുടെ ഉപ്പയെ കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു. എങ്കിലും പെണ്ണ് മുന്നിൽ എത്തും വരെയും നെഞ്ചിടിപ്പായിരുന്നു. ഒറ്റക്കുള്ള സംസാരത്തിൽ മിക്കവരും എന്തെങ്കിലും ഒക്കെ പറഞ്ഞു ഒഴിയാറാണ് പതിവെങ്കിലും, ഉപ്പാടെ ഇഷ്ടമാണ് എന്റേതെന്നും പറഞ്ഞു ഒരു ചിരി തന്ന് പോയവാളേ എനിക്ക് വേണ്ടി പടച്ചവൻ സൃഷ്ടിച്ചതാണെന്ന് തോന്നി.

പക്ഷേ മൂന്ന് ദിവസം കഴിഞ്ഞു പെങ്ങന്മാരുമായി വള ഇടാൻ എത്തിയ എന്നെ കണ്ട് അവൾ പരുങ്ങുന്നതും മുഖം തരാതെ മാറുന്നത് പോലെയൊക്കെ എനിക്ക് തോന്നിയെങ്കിലും, പുതിയപ്പെണ്ണിന്റെ നാണമാകുമെന്ന് കരുതി ഞാൻ. പക്ഷേ കല്യാണ തലേന്നുള്ള ഉമ്മാന്റെ ആതിയോടെയുള്ള ഫോൺ വിളിയിൽ എന്തോ അപകടം ഉണ്ട്. പെണ്ണ് കണ്ട് കണ്ട് ആളുകൾക്കിടയിൽ ഒരു പരിഹാസ കതപാത്രമായി മാറിയപ്പോൾ ആണ് കല്യാണം ഉറച്ചത്. അത് ഒന്ന് മാറി വന്നപ്പോഴേക്കും പെണ്ണ് ചതിച്ചോ പടച്ചോനെന്ന് കരുതിയപ്പോഴേക്കും വീട് എത്തിയിരുന്നു.

വീടിന്റെ ഉമ്മറത്തു തന്നെ ഉമ്മയും വാപ്പയും അടുത്ത കുറച്ചു ബന്ധുക്കളും എന്തോ കാര്യമായി ചർച്ച ചെയ്യുന്നത് കണ്ടപ്പോഴേ നെഞ്ച് ഇടിപ്പ് കൂടി. അനിയത്തിയെ കെട്ടിച്ചു തരാമെന്ന് അവർ പറഞ്ഞിട്ടുണ്ടല്ലോ, പിന്നെ എന്തിന നമ്മൾ ടെൻഷൻ ആകുന്നെന്ന് ഉള്ള ആരുടെയോ വാക്ക് കേട്ട് കൊണ്ടാണ് ഞാൻ അവരുടെ അടുക്കലേക്ക് എത്തിയത്.

എന്നെ കണ്ടയുടനെ ഉമ്മ എന്റെ കൈപിടിച്ചു അകത്തേക്ക് നടന്നു. കല്യാണം കഴിഞ്ഞിട്ട് ആയിരുന്നെങ്കിലോ, ഇപ്പോൾ ആയത് കൊണ്ട് നമ്മുക്ക് നഷ്ടമൊന്നുമില്ലല്ലോ എന്ന ഉമ്മാന്റെ വാക്ക് കേട്ട് കണ്ണിൽ ഇരുട്ട് കയറിയെങ്കിലും എന്താണ് ഉമ്മ ഇങ്ങൾ കാര്യം പറയ് എന്ന് ഞാൻ പറഞ്ഞു. മോനെ ഓള് ഉച്ചക്ക് ഒന്ന് തലകറങ്ങി വീണു, ഇപ്പോൾ അരക്ക് താഴോട്ട് ചലനമില്ല, ഹോസ്പിറ്റലിൽ ആണ്. എന്തോ വായിൽ കൊള്ളാത്ത അസുഖമാണെന്ന് മറ്റോ ആണ് ഡോക്റ്റർ പറഞ്ഞത്. നമ്മുടെ കുറ്റം അല്ലല്ലോ. കല്യാണം പറഞ്ഞ സമയത്ത് നടത്താമെന്നാണ് ഓളുടെ വാപ്പ പറഞ്ഞത്. ഒരു അനിയത്തി കൊച്ചുണ്ടല്ലോ എന്ന് പറഞ്ഞു എന്നെ നോക്കി മോന് എതിർപ്പൊന്നും ഇല്ലെല്ലോന്ന് ചോദിച്ചപ്പോൾ അവർ ഏത് ഹോസ്പിറ്റലിൽ ആണെന്ന് ഞാൻ തിരിച്ചു ചോദിച്ചു.

അവർ പറഞ്ഞത് കേട്ട് ഹോസ്പിറ്റലിലേക്ക് തിരിക്കുമ്പോൾ മനസ്സ് നിറയെ കല്യാണം ഉറപ്പിച്ചതിനു ശേഷമുള്ള അവളോട് ഉള്ള ഓരോ ഫോൺ വിളിയും മനസ്സിലേക്ക് ഓടി വന്നത്. എന്തൊക്കെയോ എന്നിൽ നിന്ന് മറക്കുന്നുവെന്ന് തോന്നിയപ്പോൾ അവളോട് ഒരിക്കൽ ചോദിച്ചതാണ്, തനിക്ക് വേറെ ആരെയെങ്കിലും ഇഷ്ടം ആണോന്ന്. മറുപടി കേട്ട് അവൾ ആദ്യം ഒന്ന് പരുങ്ങിയത് പോലെ തോന്നി. എന്നിട്ട് ചെറിയ ഒരു കരച്ചിലോടെ ഇല്ല എനിക്ക് ഇങ്ങളെ ജീവനാണെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തപ്പോൾ ചോദിക്കേണ്ടായിരുന്നു പോലും തോന്നി പോയി.

ഹോസ്പിറ്റലിൽ എത്തി അവൾ കിടന്ന മുറിയിലേക്ക് എത്തിയപ്പോഴേക്കും ഓളുടെ വാപ്പ എന്നെ കണ്ടു ഒന്ന് ഞെട്ടിയിരുന്നു. മോനെ എന്നാ വാപ്പയുടെ വിളിക്ക് മുഖം കൊടുക്കാതെ എനിക്ക് ഇവളോടൊന്ന് ഒറ്റക്ക് സംസാരിക്കണം എന്ന് പറഞ്ഞപ്പോഴേക്കും എന്നെ ഒന്ന് നോക്കിയിട്ട് അവിടെ നിന്നവർ പുറത്തേക്ക് ഇറങ്ങി.

കാട്ടിലിനരികിലേക്ക് അവളോടൊപ്പം ചേർന്ന് ഇരുന്നു. അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോഴേക്കും നിറഞ്ഞു ഒഴുകിയിരുന്നു അവളുടെ കണ്ണുകൾ. എന്തിനാ കരയുന്നെ എന്നെന്റെ ചോദ്യത്തിന് എന്റെ മുഖത്തു നോക്കാതെ ഒരിക്കൽ ഇത് പോലെ ആയതാണ്, അത് പറയാൻ ഞാൻ ഒരുപാട് ശ്രെമിച്ചു. പക്ഷേ വാപ്പയും ഉമ്മയും എന്ന് പറഞ്ഞവൾ മുഖം പൊത്തി പൊട്ടി കരഞ്ഞു. സാരമില്ലെന്ന് പറഞ്ഞു ഞാൻ അവിടെ നിന്ന് എഴുനേറ്റപ്പോഴേക്കും ഓളുടെ വാപ്പ അങ്ങൊട് കയറി വന്നു.

ഒരു ഭാഗ്യമില്ലാത്ത കുഞ്ഞാണ് അവൾ. മോൻ ദേഷ്യം ഒന്നും തോന്നരുത്. അന്ന് ചികിൽസിച്ചു മാറിയെന്നു കരുതിയത് കൊണ്ടാണ് ഞങ്ങൾ ഒന്നും പറയാഞ്ഞതെന്ന് പറഞ്ഞിട്ട് മുഖം കുനിച്ചു നിൽക്കുന്നത് കണ്ടിട്ടാണ് അവിടെ നിന്ന് ഞാൻ പുറത്തേക്ക് ഇറങ്ങാൻ തുണിഞ്ഞത്. മോനൊന്നും പറഞ്ഞില്ല എന്നാ ഉപ്പയുടെ വീണ്ടുമുള്ള വാക്ക് കേട്ട് നാളെ തന്നെ എന്റെ കല്യാണം നടക്കുമല്ലോ പിന്നെന്താ ഞാൻ പറയേണ്ടതെന്ന് ചോദിച്ചപ്പോ ആ വാപ്പയുടെ മുഖത്തു ചെറിയ ഒരു വെളിച്ചം ഞാൻ കണ്ടു.

എങ്കിൽ മോൻ വീട്ടിലേക്ക് ചെല്ല്. നാളെ നേരെ ആഡിറ്റോറിയത്തിൽ വന്നാൽ മതിയെന്ന വാപ്പയുടെ വാക്ക് കേട്ടിട്ട് അതിന് എന്റെ പെണ്ണ് ഇവിടെ കിടക്കുവല്ലേ, കല്യാണം കഴിഞ്ഞാണ് അവളുക്ക് ഇത് വന്നതെങ്കിലോ ഞാൻ തന്നെ നോക്കണ്ടേ. അവളെ വന്ന് കണ്ടപ്പോൾ തൊട്ട് അവൾ എന്റെയാണ്. വലുതായി ഒന്നും വേണ്ട ഒരു താലി അവളുടെ കഴുത്തിൽ കെട്ടാൻ എനിക്ക് ഇത്രയും സ്ഥലം ധാരാളമാണെന്ന് പറഞ്ഞു അവിടെ നിന്ന് ഇറങ്ങുമ്പോൾ ഓളുടെ ഉപ്പ കൈകൾ കൂപ്പി എന്നെ നോക്കി നിന്നിരുന്നു . അപ്പോഴേക്കും പൊട്ടി വന്ന കരച്ചിൽ കൈ കൊണ്ട് അമർത്തി അവൾ എന്നെ നോക്കി ചിരിച്ചപ്പോൾ പൂർണ്ണ ചന്ദ്രന്റെ അഴകയിരുന്നു എന്റെ പെണ്ണിന്റെ മുഖത്ത്…

രചന: Shanavas Jalal

Leave a Reply

Your email address will not be published. Required fields are marked *