Categories
Uncategorized

മുപ്പത്തിനാലു വയസ്സുള്ള ഒരു സ്കൂൾ ടീച്ചറെ മകന് വേണ്ടി ഉറപ്പിക്കുമ്പോൾ…

രചന: ശാലിനി മുരളി

ഓഫ്‌ ലൈൻ വധു

*******

ഒരു മഴക്കാലത്തായിരുന്നു ശ്രീനിവാസൻ സാറിന്റെ കല്യാണം. ക്ഷണിക്കാൻ പോയിടത്തെല്ലാം ആളുകൾ ചിരിച്ചു, പെണ്ണ് തേങ്ങ കൊതിച്ചിയാണെന്നും പറഞ്ഞ്! പക്ഷെ സംഗതി അതൊന്നുമല്ലെന്ന് സാറിന് മാത്രമല്ലേ അറിയൂ. വർഷങ്ങളോളം പെണ്ണ് കണ്ട് നടന്നു ചെരുപ്പ് തേഞ്ഞത് അല്ലാതെ പ്രയോജനം ഒന്നും ഉണ്ടായില്ല. ബോധിക്കാതെ വന്നത് പെണ്ണിനെ മാത്രമായിരുന്നില്ല, അവൾക്ക് ലോകത്തിലെ ഒരു പെണ്ണുങ്ങൾക്കും ഇല്ലാത്ത കഴിവുകളും അയാൾ ആഗ്രഹിക്കുന്ന കുറച്ചു സ്വഭാവ സവിശേഷതകളും കൂടി കൈമുതലായി വേണമായിരുന്നു.

പക്ഷെ കാലം ഒരുപാട് പുരോഗമിച്ചത് അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിക്കുന്നതോ എന്തോ? നിനക്ക് പറ്റിയ പെണ്ണിനെ ഇനിയും പുതിയതായി സൃഷ്ടിച്ചെടുക്കണം. അപ്പോഴേക്കും അടുത്ത ജന്മം ആയിക്കഴിയും. സുഹൃത്തുക്കളും വീട്ടുകാരും ഒരുപോലെ പരിഹസിച്ചു. പക്ഷെ അതൊന്നുമൊരു പ്രശ്നമേ ആയിരുന്നില്ല അയാൾക്ക്.

പ്രായം കടന്ന് പോകുന്നതല്ലല്ലോ കാര്യം. ജീവിതത്തിൽ എന്നും കൂടെയുണ്ടാവേണ്ട പങ്കാളി മനസ്സിന് ഇഷ്ടപ്പെടാത്ത ആളായാൽ പിന്നെ ആ ജീവിതം മുഴുവനും നായ നക്കിയത് പോലെയാകും. ഇതാണ് സാറിന്റെ സിദ്ധാന്തം!

ഒരർത്ഥത്തിൽ ആ തീയറിയാണ് ശരി. പക്ഷെ, അങ്ങനെ എല്ലാം ഒത്തിണങ്ങിയ ഒരാളെ ആർക്കും വിധിച്ചിട്ടില്ല. എന്തെങ്കിലും ഒരു ചെറിയ കുറവില്ലാത്ത ആരുണ്ട് ഈ ഭൂമുഖത്ത്.

ശ്രീനിവാസൻ സാർ ആ ഗ്രാമത്തിലെ ഒരേയൊരു ഗവണ്മെന്റ് സ്കൂളിലെ മലയാളം മാഷ് ആണ്. വയസ്സ് മുപ്പത്തി എട്ട്! കാണാൻ സുന്ദരൻ, സുമുഖൻ, നല്ല കട്ടിമീശ. ഏത് സ്ത്രീവരേണ്യകളും ഒന്ന് നോക്കിപ്പോകും. പക്ഷെ സാർ പക്കാ ഡീസന്റ് ആണ്. ഒപ്പം ജോലി ചെയ്യുന്ന അധ്യാപികമാരെ ഒരകലത്തിൽ നിർത്താൻ മിടുക്കൻ! കുട്ടികൾക്കെല്ലാം മാഷിന്റെ മലയാളം ക്ലാസ്സ്‌ പെരുത്തിഷ്ടമാണ്.

എത്ര സരസവും ലളിതവുമായാണ് സാർ ക്ലാസ്സ്‌ എടുക്കുന്നത്! അച്ഛനും അമ്മയ്ക്കും രണ്ട് മക്കൾ. മകളുടെ വിവാഹം നേരത്തും കാലത്തും നടത്തിയിട്ടും മകന്റെ വിവാഹം ഇതുവരെയും ശരിയാകാത്തതിൽ അവർ വളരെ അധികം വിഷമിച്ചിരുന്നു. എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ… നല്ല സമയത്ത് ഒരു കൂട്ട് കിട്ടിയില്ല. പ്രായം കടന്നു പോകുന്നത് ഓർക്കുമ്പോൾ അച്ഛനും അമ്മയും നെഞ്ചു തടവും.

ഇനിയുമിവൻ ഇങ്ങനെ നിന്ന് പോയാൽ വല്ല കിളവികളെയോ മറ്റോ കണ്ട് പിടിക്കേണ്ടി വരും. മൂത്ത സഹോദരി വീട്ടിൽ വരുമ്പോഴൊക്കെ നീരസം കാട്ടി.

ഒരിക്കൽ അവരുടെ ഒരു ബന്ധുവിന്റെ മകളെ സഹോദരന് വേണ്ടി ആലോചിച്ചു നാണം കെട്ടതിന്റെ ഓർമ്മ ഇതുവരെയും അവരെ വിട്ടു പോയിട്ടില്ല.

പെണ്ണ് എം എ മ്യൂസിക് കഴിഞ്ഞു സംഗീത അധ്യാപിക ആയി ഒരു പ്രൈവറ്റ് സ്കൂളിൽ ജോലി ചെയ്യുന്നു.

ചായയുമായി വന്ന പെണ്ണിനോട് ചാനലുകാർ ഇന്റർവ്യൂ നടത്തുന്നത് പോലെയുള്ള തുടർ ചോദ്യങ്ങൾ കേട്ട് അവിടെ നിന്നവർ പരസ്പരം ഒന്ന് നോക്കി.

“മൊബൈൽ ഉപയോഗിക്കുമോ? ഉവ്വ്. ഫേസ്ബുക്, വാട്സ്ആപ്പ് ഒക്കെയുണ്ടോ? യ്യോ! അതില്ലാത്ത ഒരു ദിവസം പോലും ചിന്തിക്കാൻ വയ്യ. ചോറും കറിയും വെക്കാൻ അറിയാമോ? അതൊക്കെ ഇനിയും പഠിക്കാല്ലോ. വൈകിട്ട് വിളക്ക് കൊളുത്തി നാമം ചൊല്ലുന്ന പതിവുണ്ടോ? ജോലി കഴിഞ്ഞു വരുമ്പോൾ മേല് കഴുകി എവിടെ എങ്കിലും ഒന്ന് കിടന്നാൽ മതിയെന്നെ ഉള്ളൂ. ഈ ചുരിദാർ അല്ലാതെ സാരി ഉടുക്കാറില്ലേ? യ്യോ സാരി എനിക്ക് കംഫോർട്ടബിൾ അല്ല. ചുരിദാറും, ജീൻസും ആണ് എന്റെ ഇഷ്ട വേഷങ്ങൾ. മേക്കപ്പ് ഉപയോഗിക്കുമോ? ഓവർ അല്ലാതെ യൂസ് ചെയ്യും. എന്നാലും ലിപ്സ്റ്റിക് ഇടാതെ പുറത്തിറങ്ങില്ല..” പോരെ പൂരം! വിവാഹ പരീക്ഷയിൽ എട്ടു നിലയിൽ പൊട്ടിപ്പോയ പെണ്ണിനെ നോക്കി ഒന്നും മിണ്ടാതെ അയാൾ ഇറങ്ങി നടന്നു. പെങ്ങളാകട്ടെ, അവന്റെത് ഒരു വല്ലാത്ത പ്രകൃതമാണെന്നും പറഞ്ഞു വല്ല വിധേനയും തടിയൂരി.

“ഇനി നിനക്ക് പെണ്ണ് അന്വേഷിക്കുന്ന ജോലി ഞാൻ ഉപേക്ഷിച്ചു. മനുഷ്യനെ നാണം കെടുത്താനായിട്ട് ഒരു ആങ്ങളയുണ്ടായേക്കുന്നു. ” അന്ന് അവർ വീട്ടിൽ നിന്നിറങ്ങി പോയതാണ്. അമ്മ മുറിച്ചു വെച്ച പറമ്പിലെ ചേനയും ചേമ്പും കപ്പയുമൊന്നും എടുക്കാതെ ഒരൊറ്റ പോക്ക്. പിന്നാലെ വിളിച്ചു കൂവി വയ്യാത്ത കാലും ഞൊണ്ടി അവർ ചവുട്ടിത്തുള്ളി പോകുന്ന മകളുടെ കയ്യിൽ ആ വലിയ സഞ്ചി ഏൽപ്പിച്ചു.

“പോട്ടെടീ, അവന് ചില ഇഷ്ടങ്ങൾ ഉണ്ടായിപ്പോയി, എന്ത് ചെയ്യാനാ.. എവിടേലും കാണും അവനായിട്ട് ഒരുത്തി ” “അമ്മയും മോനും കൂടി നടത്തിക്കോ. മുട്ടേന്നു വിരിയുന്ന കുഞ്ഞുങ്ങളുടെ കയ്യിൽ വരെയിപ്പോ മൈബൈൽ ഫോണുണ്ട്. പിന്നെയാ ജോലിയുള്ള പെങ്കൊച്ചുങ്ങള്. അവൻ മൂത്ത് നരച്ചു പെൻഷനും വാങ്ങിച്ചോണ്ടിരിക്കട്ടെ..ഞാൻ പോകുവാ.” നടന്നകലുന്ന മകളെ നോക്കി നിൽക്കുമ്പോൾ അവരുടെ മനസ്സിലും ചെറിയൊരു നീരസം മകനോട് തോന്നിത്തുടങ്ങിയിരുന്നു. ഇന്നത്തെ കാലത്ത് ഫോണും, നെറ്റുമൊക്കെ ഉപയോഗിക്കാത്തവരെ കണ്ട് കിട്ടാൻ കൂടി പാടാണ്. ഇതങ്ങനെ വിട്ടാൽ പറ്റത്തില്ലല്ലോ. ചെറുക്കന്റെ പ്രായം പോകുന്നതല്ലല്ലോ വിഷയം. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒരു ഗ്ലാസ്‌ വെള്ളം എടുത്തു കൊടുക്കാൻ ആരേലും വേണ്ടേ? എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച ഭാവമായിരുന്നു ആ മുഖത്തപ്പോൾ. അന്നത്തെ ശനിയാഴ്ച ബ്രോക്കർ ശ്രീനിവാസൻ സാറിന്റെ മൊബൈലിലേയ്ക്ക് വിളിച്ചു പറഞ്ഞു.

“ഒരു പെണ്ണ് ഒത്തു വന്നിട്ടുണ്ട്. നാളെ കാണാൻ ചെല്ലാൻ ആണ് പറഞ്ഞിരിക്കുന്നത്.എന്താ സാറിന് സമ്മതമല്ലേ?” “അതിന് എന്റെ ഇഷ്ടങ്ങൾ ഞാൻ പറഞ്ഞിട്ടുള്ളതാണല്ലോ. അങ്ങനെ ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ മാത്രം മതി. അല്ലാതെ വെറുതെ പോയി ചായ കുടിച്ച് പെണ്ണിന്റെ മുഖത്തോട്ട് നോക്കിനിന്നേച്ചും വരാൻ എനിക്ക് താൽപ്പര്യം ഇല്ല.” ” എന്റെ സാറെ, അതൊക്കെയെന്നോട് പ്രത്യേകിച്ച് പറയണോ. സാറ് നാളെ ഒരുങ്ങി എന്റെയൊപ്പമൊന്ന് വന്നാൽ മാത്രം മതി. ”

കൂടുതൽ വിശേഷങ്ങളൊന്നും പറയാതെ അയാൾ ഫോൺ കട്ട് ചെയ്‌തു. ഞായറാഴ്ച രാവിലെ എഴുന്നേറ്റു , കുളിച്ചൊരുങ്ങി പ്രാതലും കഴിഞ്ഞു അയാൾ ബൈക്കെടുത്തു പോകുമ്പോൾ അമ്മ സേതുലക്ഷ്മി കൃഷ്ണന്റെ ഫോട്ടോയ്ക്ക് മുന്നിൽ നിന്ന് കൈ കൂപ്പി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ഒന്ന് മിന്നിച്ചേക്കണേ! അന്ന് പതിവിലും ഏറെ സന്തോഷവാനായിട്ടാണ് ശ്രീനിവാസൻ സാർ തിരിച്ചു വന്നത്. വന്നപാടെ അമ്മയെ ഒന്ന് നീട്ടി വിളിച്ചു. “അമ്മേ.. ആ ജ്യോത്സ്യരെ ഒന്ന് വിളിച്ചു ചോദിച്ചേക്ക് അടുത്ത മാസം പറ്റിയ മുഹൂർത്തം വല്ലതുമുണ്ടോന്ന്? അവർക്ക് ഒത്തിരി നീട്ടി വെക്കാൻ പറ്റില്ലത്രേ..” മൂളിപ്പാട്ടും പാടി മുറിയിലേയ്ക്ക് പോകുന്ന മകനെ കണ്ട് അവരുടെ ഹൃദയം നിറഞ്ഞു കവിഞ്ഞു. എന്റെ കൃഷ്ണാ അങ്ങനെ അത് സംഭവിക്കാൻ പോകുന്നു. കാണാൻ ചൊവ്വൊള്ളൊരു പെണ്ണിനെ വേണം, വയസ്സ് ഇത്തിരി കൂടിയാലും കുഴപ്പമില്ല എന്ന് ബ്രോക്കറെ വിളിച്ചു പറയുമ്പോൾ ഒരു പ്രതീക്ഷയുമില്ലായിരുന്നു. പക്ഷെ, അതിലും പ്രധാനമായിട്ട് മകൻ അറിയാതെ മറ്റൊരു കാര്യം കൂടി പറഞ്ഞേൽപ്പിച്ചിരുന്നു. കാണാൻ ചെല്ലുന്ന പെണ്ണിനോട് ഒരു കാര്യം മാത്രം ഒന്ന് സൂചിപ്പിക്കാൻ. വാട്സ്ആപ്പ്, ഫേസ്ബുക്ക് ഒന്നും ഉപയോഗിക്കില്ല, ചോറും കറിയും വെക്കാൻ അറിയാം, വൈകിട്ട് നാമം ജപിക്കും..അങ്ങനെയൊന്നും അല്ലെങ്കിൽ പോലും സാരമില്ല, അല്ലെങ്കിലും ഇപ്പോഴത്തെ കുട്ടികൾക്കൊക്കെ ഇതിനൊക്കെ എവിടാ നേരം. ബാക്കിയൊക്കെ വരുന്നത് പോലെ വരട്ടെ.. എന്തായാലും ഇതൊന്നും ലോകത്ത് ഇല്ലാത്ത കാര്യങ്ങളല്ലല്ലോ.. പതിയെ പതിയെ അവന്റെ മനസ്സൊക്കെ മാറിക്കോളും. അല്ലെങ്കിൽ മിടുക്കുള്ള പെണ്ണാണെങ്കിൽ മാറ്റിയെടുക്കട്ടെ.. മുപ്പത്തിനാലു വയസ്സുള്ള ഒരു സ്കൂൾ ടീച്ചറെ മകന് വേണ്ടി ഉറപ്പിക്കുമ്പോൾ അവർ മനസ്സ് കൊണ്ട് ദൈവത്തെ വിളിച്ചു. കുറച്ചു കള്ളത്തരം പറഞ്ഞാലെന്താ, നല്ലൊരു കാര്യത്തിന് വേണ്ടിയാണല്ലോ.. മകൻ വലിയ ഉത്സാഹത്തിലായിരുന്നു. കല്യാണക്കുറി അടിക്കാനും, ആളുകളെ ക്ഷണിക്കാനും ഒക്കെ..

മഴക്കാലമാണ്..ഇനിയും നീട്ടി വെച്ചാൽ എന്തെങ്കിലും തടസം ഉണ്ടായാലോ. ഇനി ആ ദിവസങ്ങൾക്കായി കാത്തിരിക്കുക തന്നെ… ഒരുപാട് നാളുകൾക്ക് ശേഷം അവർ മനസ്സമാധാനത്തോടെയാണ് അന്നുറങ്ങാൻ കിടന്നത്.

രചന: ശാലിനി മുരളി

Leave a Reply

Your email address will not be published. Required fields are marked *