Categories
Uncategorized

മുഖത്ത് ഇരുന്ന വലിയ വട്ട കണ്ണട ഒന്നുകൂടി അമർത്തി വെച്ച് പുറത്തേക്ക് നോക്കി.. ചുറ്റും ഇരുട്ട് ആണ്.. ഒന്നും കാണാൻ കഴിയുന്നില്ലെങ്കിലും എല്ലാം ആസ്വദിക്കാൻ കഴിയുന്നുണ്ട്.. മണ്ണിനടിയിൽ ഉറവ പൊട്ടി വെള്ളം കിനിഞ്ഞിറങ്ങുന്ന പോലെ ഹൃദയത്തിനുള്ളിൽ നിന്ന് ഓർമ്മകൾ കിനിഞ്ഞിറങ്ങുന്നു.. ഇളംകാറ്റ് മുഖത്ത് തലോടി കടന്ന് പോയി..

രചന : – നിള നന്ദ

മുഖത്ത് ഇരുന്ന വലിയ വട്ട കണ്ണട ഒന്നുകൂടി അമർത്തി വെച്ച് പുറത്തേക്ക് നോക്കി.. ചുറ്റും ഇരുട്ട് ആണ്.. ഒന്നും കാണാൻ കഴിയുന്നില്ലെങ്കിലും എല്ലാം ആസ്വദിക്കാൻ കഴിയുന്നുണ്ട്.. മണ്ണിനടിയിൽ ഉറവ പൊട്ടി വെള്ളം കിനിഞ്ഞിറങ്ങുന്ന പോലെ ഹൃദയത്തിനുള്ളിൽ നിന്ന് ഓർമ്മകൾ കിനിഞ്ഞിറങ്ങുന്നു.. ഇളംകാറ്റ് മുഖത്ത് തലോടി കടന്ന് പോയി.. കണ്ണുകൾ അടച്ച് സീറ്റിലേക്ക് ചാരി ഇരുന്നു.. യാത്രയുടെ ക്ഷീണം കൊണ്ടാണെന്ന് തോന്നുന്നു ഒന്ന് മയങ്ങി.. ഡ്രൈവർ വിളിച്ചപ്പോൾ ആണ് ഉണർന്നത്.. ക്യാഷ് കൊടുത്ത് പുറത്തേക്ക് ഇറങ്ങി.. ബാഗ് ഒക്കെ എടുത്ത് വയ്ക്കാൻ ഡ്രൈവറും സഹായിച്ചു.. അപ്പോഴേക്കും ഭാസ്കരൻ മാമ ഓടി വന്നിരുന്നു..

” പറഞ്ഞതിലും വൈകിയല്ലോ മോളെ.. ”

രണ്ട് കയ്യിലും ബാഗ് എടുത്ത് ഭാസ്കരൻ മാമ സ്നേഹത്തോടെ നോക്കി..

” നല്ല ബ്ലോക്ക്‌ ഉണ്ടായിരുന്നു മാമേ.. ”

അതേ സ്നേഹത്തോടെ മറുപടി നൽകി.. മുന്നോട്ട് രണ്ടടി വെച്ച് മുഖം ഉയർത്തി നോക്കി.. ആ വലിയ വീട് മുഴുവൻ വെളിച്ചം പരന്നിട്ടുണ്ട്.. ഓർമ്മകൾ വീണ്ടും മനസ്സിൽ അലയടിച്ചു.. മുന്നോട്ട് നടക്കാൻ ആവാതെ കാലുകൾ നിഛലമായി..

” അവിടെ തന്നെ നിൽക്കാണോ കുഞ്ഞേ അകത്തേക്ക് കയറുന്നില്ലേ.. ”

ഭാസ്കരൻ മാമ ബാഗുമായി ഉമ്മറത്തേക്ക് കയറിയിരുന്നു.. മുഖം താഴ്ത്തി കണ്ണുകൾ തുടച്ച് കണ്ണട നേരെ വെച്ച് ഉമ്മറത്തേക്ക് കയറി.. വലിയ വാതിൽ തുറന്ന് ഭാസ്കരൻ മാമ അകത്തേക്ക് കയറിയപ്പോ പുറകെ കയറി.. ചുറ്റും ഒന്ന് കണ്ണോടിച്ചു.. എല്ലായിടവും നല്ല വൃത്തിക്ക് കിടപ്പുണ്ട്..

” എല്ലാ ആഴ്ചയും ഇവിടെ വൃത്തിയാക്കി ഇടാറുണ്ട്.. കുഞ്ഞ് വരുന്നെന്ന് അറിഞ്ഞപ്പോ ഒന്നുകൂടെ വൃത്തിയാക്കി.. ഈ ബാഗ് ഒക്കെ എവിടെയാ വയ്‌ക്കേണ്ടത്.. കുഞ്ഞിന്റെ പഴയ റൂമിൽ തന്നെ മതിയോ.. ഇവിടെ ഇപ്പൊ മറ്റാരും ഇല്ലല്ലോ..”

ഭാസ്കരൻ മാമയുടെ മുഖത്ത് സങ്കടം നിഴലിക്കുന്നത് കണ്ടു..

” ആ റൂമിലേക്ക് തന്നെ വെച്ചോളൂ മാമേ.. യാത്ര കഴിഞ്ഞ് വന്നതല്ലേ ഒന്ന് കുളിക്കണം.. ”

മറുപടി പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല..

“കുഞ്ഞ് കുളിച്ചിട്ട് വന്നോളൂ.. അപ്പോഴേക്കും ഞാൻ കഴിക്കാൻ എടുത്ത് വയ്ക്കാം.. കുഞ്ഞിന് ഇഷ്ട്ടപെട്ടതൊക്കെ പഴയ ഓർമയിൽ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. ”

മൂളിക്കൊണ്ട് റൂമിൽ കയറി വാതിൽ അടച്ചു.. വിശപ്പില്ലെന്ന് പറയാൻ തുടങ്ങിയതാണ്.. ആ മുഖത്തേക്ക് നോക്കി അത് പറയാൻ കഴിഞ്ഞില്ല.. ആ മുഖത്ത് ഇപ്പോഴും പണ്ട് കാണുമ്പോൾ ഉണ്ടായിരുന്ന അതേ വാത്സല്യം ആണ്.. ഇഷ്ടത്തോടെ ഉണ്ടാക്കി വെച്ചത് വേണ്ടെന്ന് പറഞ്ഞാൽ ആ പാവത്തിന് സങ്കടം ആവും..

ബാഗ് എല്ലാം ഒരു സൈഡിൽ ഒതുക്കി വെച്ച് ബെഡിൽ അല്പം നേരം കിടന്നു.. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ ഇങ്ങനെ കിടക്കുന്നത്.. ഈ നാടിനോടും ഈ വീടിനോടും ഈ റൂമിനോടും തോന്നിയിട്ടുള്ള അടുപ്പം ഇതുവരെ മറ്റൊരിടത്തോടും തോന്നിയിട്ടില്ല.. കൂടുതൽ ആലോചിക്കാൻ നിൽക്കാതെ വേഗം എഴുനേറ്റു.. കണ്ണട ഊരി മേശയ്ക്ക് മുകളിലേക്ക് വെച്ചു..

ഫ്രഷ് ആയി താഴെ എത്തിയപ്പോഴേക്കും ഭാസ്കരൻ മാമ കഴിക്കാൻ ഉള്ളതെല്ലാം എടുത്ത് വെച്ചിരുന്നു.. കസേരയിൽ ഇരുന്ന് മേശയിൽ ഇരിക്കുന്ന പാത്രങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചു.. പാവയ്ക്കാ തോരനും വെണ്ടയ്ക്ക മെഴുക്കുപുരട്ടിയും മോര് കറിയും ഒക്കെയായി തനിക്ക് ഇഷ്ട്ടപെട്ടതൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. ഭാസ്കരൻ മാമയ്ക്ക് ഇതെല്ലാം ഇപ്പോഴും ഓർമയുണ്ടോ.. ഓർത്തപ്പോൾ തന്നെ കണ്ണുകൾ നിറഞ്ഞു..

” മാമ കഴിച്ചിരുന്നോ..? ”

” ഇല്ല.. കുഞ്ഞ് വന്നിട്ടാകാമെന്ന് കരുതി.. ”

” എന്നാ ഇരിക്ക് ഒന്നിച്ച് കഴിക്കാം.. ”

” അത് മോളെ.. ”

ശങ്കിച്ച് നിന്ന മാമയുടെ കയ്യിൽ പിടിച്ച് അടുത്തുള്ള കസേരയിൽ ഇരുത്തി.. ഒരു പ്ലേറ്റ് എടുത്ത് വെച്ച് ചോറ് വിളമ്പി കൊടുത്തു.. ഒരു സൈഡിൽ മോര് കറിയും പാവക്ക തോരനും ഇട്ടു..

” കുഞ്ഞിന് ഇപ്പോഴും ആ പഴയ സ്വഭാവം തന്നെയാണ്.. ”

ഭാസ്കരൻ മാമ സ്നേഹത്തോടെ പറയുന്നത് കേട്ടപ്പോൾ മറുപടി പറയാതെ മുഖം തിരിച്ചു.. അല്ല.. ഞാനിപ്പോ പഴയത് പോലെ അല്ല.. രൂപത്തിലും സ്വഭാവത്തിലും ഒരുപാട് മാറി.. പഴയത് പോലെ ആവാൻ ഇനി കഴിയുകയും ഇല്ല..

കൂടുതൽ ഒന്നും ഓർക്കാതെ മെഴുക്കുപുരട്ടി കൂട്ടി അല്പം ചോറ് എടുത്ത് വായിൽ വെച്ചു.. ഓർമയിൽ തങ്ങി നിൽക്കുന്ന ആ പ്രിയപ്പെട്ട സ്വാദ്.. വർഷങ്ങൾക്ക് ശേഷം തിരിച്ചറിയാൻ തെല്ലും പ്രയാസം ഉണ്ടായില്ല..

” ജാനമ്മ ആണോ ഇത് ഉണ്ടാക്കിയത്..? ”

മുഖം തിരിച്ച് ഭാസ്കരൻ മാമയെ നോക്കി.. ആ ചുണ്ടിൽ ഒരു പ്രതേക പുഞ്ചിരി വിടരുന്നത് കാണാൻ കഴിഞ്ഞു.. ജാനമ്മ എന്ന പേര് കേൾക്കുമ്പോൾ പണ്ടും ഭാസ്കരൻ മാമയുടെ ചുണ്ടിൽ ഇതേ പുഞ്ചിരി ഉണ്ടാകാറുണ്ട്..

” അതേ കുഞ്ഞേ.. എന്നോടൊപ്പം ഇവിടെ ഉണ്ടായിരുന്നു.. കുഞ്ഞ് വരാൻ വൈകിയപ്പോ വീട്ടിൽ പോയി.. മരുന്ന് കഴിച്ചാൽ അവൾക്ക് പെട്ടന്ന് ഉറക്കം വരും.. ”

ചുണ്ടിൽ വിടർന്ന പുഞ്ചിരി മായാതെ തന്നെ ഭാസ്കരൻ മാമ മറുപടി പറഞ്ഞു.. ഒന്ന് മൂളിക്കൊണ്ട് വീണ്ടും ഭക്ഷണം കഴിച്ചു.. ഭക്ഷണത്തിന്റെ സ്വാദ് കൊണ്ടാണെന്ന് തോന്നുന്നു ഇത്രയും നേരം ഇല്ലാത്തിരുന്ന വിശപ്പ് പെട്ടന്ന് കടന്ന് വന്നത്.. പതിവിലും കൂടുതൽ കഴിച്ചു.. വയറിനെക്കാൾ നിറഞ്ഞത് മനസ്സ് ആയിരുന്നു..

” ഒരുപാട് ദൂരം യാത്ര ചെയ്ത് വന്നതല്ലേ ക്ഷീണം കാണും.. കുഞ്ഞ് പോയി കിടന്നോളൂ.. ഞാൻ ഇവിടെ എവിടെയെങ്കിലും കിടന്നോളാം..”

” അത് വേണ്ടാ മാമേ.. ജാനമ്മ അവിടെ തനിച്ച് അല്ലേ.. അങ്ങോട്ട് പൊയ്ക്കോളൂ.. ”

” കുഞ്ഞിനെ തനിച്ചാക്കി എങ്ങനെയാ..? ”

ഭാസ്കരൻ മാമയുടെ വാക്കുകളിലെ കരുതൽ ഉള്ളിൽ ഒരു തണുപ്പ് പടർത്തി..

” തനിച്ച് കിടന്ന് എനിക്ക് ശീലം ആണ് മാമേ.. ജാനമ്മയുടെ അടുത്താണ് ഇപ്പൊ മാമ ഉണ്ടാവണ്ടേ.. ”

പിന്നെയും ശങ്കിച്ച് നിന്ന ഭാസ്കരൻ മാമയെ നിർബന്ധിച്ച് പറഞ്ഞ് വിട്ടു.. ഡോർ എല്ലാം ലോക്ക് ചെയ്ത് റൂമിൽ ചെന്ന് കിടന്നു.. നല്ല ക്ഷീണം ഉണ്ടായിരുന്നെങ്കിലും ഉറക്കം വന്നില്ല.. എഴുന്നേറ്റ് താഴെ ഇറങ്ങി മുത്തച്ഛന്റെയും മുത്തശ്ശിയുടെയും റൂമിൽ പോയി.. ഇവിടെ ഇപ്പോഴും അവരുടെ ഹൃദയം നിറഞ്ഞ പുഞ്ചിരികൾ നിറഞ്ഞു നിൽക്കുന്നുണ്ട്.. കളർപ്പില്ലാത്ത അവരുടെ സ്നേഹം ഉണ്ട്..

സൈഡിലെ രണ്ട് ജനൽ പാളികൾ തുറന്നിട്ട് പുറത്തേക്ക് നോക്കി.. നല്ല നിലാവ് ഉണ്ട്.. നിലാവെളിച്ചം മുറിയിൽ പരന്നു.. തണുത്ത കാറ്റ് മേലാകെ കുളിരണിയിച്ചു.. ജനൽ കമ്പിയിൽ വിരൽ കോർത്ത് അനങ്ങാതെ അങ്ങനെ തന്നെ നിന്നു..

മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒറ്റ മകൻ ആയിരുന്നു അച്ഛൻ.. അവരുടെ നിർബന്ധിന് വഴങ്ങി ആണ് താല്പര്യം ഇല്ലെങ്കിലും അച്ഛൻ അമ്മയെ വിവാഹം കഴിച്ചത്.. ഒരു നാട്ടിൻപുറത്തുക്കാരി ആയിരുന്നു അമ്മ.. രണ്ട് വർഷങ്ങൾക്ക് ശേഷം ആണ് അവർക്ക് ഞാൻ ജനിക്കുന്നത്.. പ്രസവത്തോടെ അമ്മ എല്ലാവരെയും വിട്ട് പോയി.. മുലപാലിന്റെ രുചി ഒരിക്കൽ പോലും നുണയാൻ ഭാഗ്യം ഇല്ലാതെ പോയവളാണ് താൻ.. ഓർക്കുമ്പോൾ തന്നെ ഹൃദയത്തിൽ വല്ലാത്തൊരു വിങ്ങൽ ആണ്..

അമ്മ മരിച്ചതിന് നാല് മാസം കഴിഞ്ഞപ്പോൾ അച്ഛൻ കൊൽക്കത്തയിലേക്ക് ജോലിക്ക് പോയി.. മുത്തശ്ശനും മുത്തശ്ശിയും ആയിരുന്നു എന്നെ നോക്കിയത്.. അവരുടെ പൊന്നോമന ആയിരുന്നു താൻ.. വല്ലപ്പോഴും വരുന്ന ഫോൺ കോളുകളും വർഷത്തിൽ ഒരിക്കൽ വരുമ്പോഴുള്ള കൂടിക്കാഴ്ചയും ആയിരുന്നു അച്ഛനും ആയുള്ള ബന്ധം.. എങ്കിലും ഈ വീട്ടിൽ ഓടി കളിച്ചും കുസൃതി കാണിച്ചും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സ്നേഹം അനുഭവിച്ചും സന്തോഷത്തോടെ ആയിരുന്നു ജീവിച്ചത്..

അന്നൊരിക്കൽ പ്ലസ് ടു പഠിക്കുന്ന സമയം.. നല്ല മഴക്കാലം ആയിരുന്നു.. പതിവ് പോലെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പം ഭക്ഷണം കഴിച്ച് കവിളിൽ സ്നേഹത്തോടെ ചുംബനവും കൊടുത്ത് ഉറങ്ങിയത് ആയിരുന്നു താൻ.. പിറ്റേന്ന് രാവിലെ മുത്തശ്ശിയുടെ കരച്ചിൽ കേട്ടാണ് ഉണർന്നത്.. ഓടി ചെന്ന് നോക്കുമ്പോൾ കാണുന്നത് ജീവനില്ലാതെ കിടക്കുന്ന മുത്തശ്ശനെ ആണ്.. എന്റെ നെഞ്ചിൽ ചാരി മുത്തശ്ശി കരയുന്നുണ്ട്.. ഉള്ളിൽ സങ്കടം അണപ്പൊട്ടി ഒഴുകുന്നുണ്ടെങ്കിലും കരയാൻ കഴിഞ്ഞില്ല.. ഒരുതരം മരവിപ്പ് ആയിരുന്നു..

അച്ഛൻ വന്നിട്ടാണ് കർമങ്ങൾ എല്ലാം ചെയ്തത്.. കരഞ്ഞു തളർന്ന മുത്തശ്ശിയെ ചേർത്ത് പിടിച്ച് മാറി നിന്ന് എല്ലാം കണ്ടു.. മുത്തശ്ശിയെ നോക്കുമ്പോൾ എല്ലാം ഹൃദയം കൂടുതൽ വേദനിക്കുകയായിരുന്നു.. അത്രയ്ക്ക് സ്നേഹം ആയിരുന്നു രണ്ടാൾക്കും.. ഒരു രാത്രി പോലും പിരിഞ്ഞിരിക്കാത്തവർ.. ഹൃദയം കൊണ്ടും ആത്മാവ് കൊണ്ടും ഒന്നയവർ ആയിരുന്നു അവർ.. എങ്ങനെ സഹിക്കും.. ഇല്ല.. മുത്തശ്ശിക്ക് ഒരിക്കലും ആ വേദന സഹിക്കാൻ കഴിഞ്ഞില്ല.. അതുകൊണ്ടല്ലേ മുത്തശ്ശൻ മരിച്ച് പതിനാറാം നാൾ മുത്തശ്ശിയും പോയത്..

ജീവിതത്തിൽ ആദ്യം ആയി ഒറ്റപ്പെടൽ അനുഭവിച്ചത് അന്നായിരുന്നു.. അടുത്ത് അച്ഛൻ ഉണ്ടായിരുന്നെങ്കിലും ആരും ഇല്ലാത്തത് പോലെ ആയിരുന്നു.. തനിച്ചാക്കി പോയ അമ്മയെയും മുത്തശ്ശനെയും മുത്തശ്ശിയെയും ഓർത്ത് എത്രയോ കരഞ്ഞിരിക്കുന്നു.. കളിചിരികൾ മാത്രം നിറഞ്ഞു നിന്നിരുന്ന വീട്ടിൽ അടക്കി പിടിച്ച തേങ്ങലുകൾ മാത്രം ആയി.. തനിച്ചായി പോയത് കൊണ്ട് അച്ഛൻ തിരികെ പോയപ്പോൾ അച്ഛന്റെ കൂടെ കൊൽക്കാത്തയിലേക്ക് കൂട്ടി.. പിന്നീട് ഇത്രയും കാലം അവിടെ ആയിരുന്നു..

തണുത്ത കാറ്റിന്റെ ശക്തി കൂടി വന്നു.. കൂടെ തണുപ്പും.. ജനൽ പാളി രണ്ടും അടച്ച് ബെഡിൽ ചെന്ന് കിടന്നു.. ഒരിക്കലും മറക്കാനാവാത്ത ഓർമകളുമായി എപ്പോഴോ ഒന്നുറങ്ങി..

ഡോറിൽ ആരോ മുട്ടുന്ന ശബ്‌ദം കേട്ടാണ് ഉണർന്നത്.. കൈ എത്തിച്ച് മേശയിൽ നിന്ന് കണ്ണട എടുത്ത് വെച്ച് ഉമ്മറത്തെ വാതിൽ തുറന്നു.. ജാനമ്മ ആയിരുന്നു.. കണ്ടപ്പോഴേ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

” കുഞ്ഞ് എഴുന്നേറ്റെ ഉള്ളൂ..? ”

” രാത്രിയിൽ കുറച്ച് താമസിച്ചാ കിടന്നത്.. ”

” മോള് ആകെ ക്ഷീണിച്ചല്ലോ.. ”

കവിളിൽ കൈ ചേർത്ത് ജാനമ്മ സ്നേഹത്തോടെ പറയുന്നത് കേട്ടപ്പോൾ എന്തോ സന്തോഷം തോന്നി..

” കുറെ നാളുകൂടി കാണുന്നതല്ലേ അതിന്റെയാ..”

ചിരിയോടെ മറുപടി പറഞ്ഞു..

” എനിക്ക് ഇങ്ങനെ ചേർത്ത് നിർത്തി പറയാൻ മക്കൾ ആരും ഇല്ലല്ലോ.. ”

ജാനമ്മ സങ്കടത്തോടെ പറയുന്നത് കേട്ടപ്പോൾ എനിക്കും സങ്കടം വന്നിരുന്നു..

” എന്താ ജാനമ്മേ ഇത്.. ഇങ്ങനെ സങ്കടപെട്ടാൽ എനിക്കും സങ്കടം വരുമേ.. ”

തോളിലൂടെ കയ്യിട്ട് ഞാൻ ജാനമ്മയെ ചേർത്ത് പിടിച്ചു.. കണ്ണ് തുടച്ച് ജാനമ്മ എന്നെ നോക്കി തെളിച്ചമില്ലാതെ ഒന്ന് ചിരിച്ചു..

” മോള് വരുന്നത് വരെ കാത്തിരിക്കണം എന്ന് കരുതിയതാ.. ഷുഗറും പ്രഷറും ഒക്കെ ആയി അസുഖങ്ങൾ കുറേ ഉണ്ട്.. മരുന്നൊക്കെ ഉള്ളോണ്ട് നേരത്തെ ഉറങ്ങുന്നതാ പതിവ്.. മോള് വന്നപ്പോ തന്നെ കാണാൻ പറ്റിയില്ല.. ”

” സാരില്ല ജാനമ്മേ.. ഇനി ഞാൻ എവിടെയും പോവുന്നില്ല.. ഇവിടെ തന്നെ കാണും.. ”

” മോള് വാ.. ജാനമ്മ ചായ ഇട്ട് തരാം.. ”

തലയാട്ടികൊണ്ട് ജാനമ്മയുടെ പുറകെ അടുക്കളയിലേക്ക് ചെന്നു.. ജാനമ്മ നാട്ടുവിശേഷം ഒക്കെ പറഞ്ഞ് ചായ ഇടുന്നത് നോക്കി നിന്നു.. അല്പം നേരത്തിനുള്ളിൽ ഇഞ്ചി ചായ ഒരു ഗ്ലാസിലേക്ക് പകർന്ന് ജാനമ്മ എനിക്ക് നേരെ നീട്ടി..

” ഭാസ്കരൻ മാമ എവിടെ.. കണ്ടില്ലല്ലോ..? ”

” രാവിലെ തന്നെ പാടത്തേക്ക് പോയി.. ഇനി രാവിലെ കഞ്ഞി കുടിക്കുന്ന നേരത്തെ വരൂ.. ”

മൂളിക്കൊണ്ട് അടുക്കള വാതിലിലൂടെ പുറത്തേക്ക് ഇറങ്ങി.. അവിടെ നിന്ന് നോക്കിയാൽ കാണാവുന്ന ദൂരത്താണ് ഭാസ്കരൻ മാമയുടെ വീട്.. ചെറുപ്പം മുതലേ കാണുന്നതാണ് അവരെ.. എന്ത് ആവശ്യത്തിനും വിളിപ്പാടകലെ അവർ ഉണ്ടാവുമായിരുന്നു.. വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ല..

ഓരോന്ന് ഓർത്ത് ചായ പെട്ടന്ന് കുടിച്ച് കഴിഞ്ഞു.. അടുക്കളയിൽ കയറി ഗ്ലാസ്‌ കഴുകി വെച്ച് റൂമിലേക്ക് പോയി.. ഫ്രഷ് ആയി തിരികെ എത്തുമ്പോഴേക്കും ജാനമ്മ ദോശയും ചമ്മന്തിയും ഉണ്ടാക്കിയിരുന്നു.. ആസ്വദിച്ചു തന്നെയാണ് കഴിച്ചത്.. സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളുമായി ജാനമ്മ അരികിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു..

” എനിക്ക് പുറത്തൊക്കെ പോണമായിരുന്നു.. കുറേ കാലം ആയില്ലേ.. ജാനമ്മ വരുന്നോ..? ”

” ഞാൻ വരുന്നില്ല മോളെ അധികം ദൂരം ഒന്നും നടക്കാൻ ഒക്കില്ല മുട്ടുവേദന ആണ്.. മോള് പോയിട്ട് വാ..”

ജാനമ്മ എന്റെ കവിളിൽ തലോടി അടുക്കളയിലേക്ക് പോയി.. അല്പം നേരം എന്തോ ഓർത്തിരുന്നതിന് ശേഷം ഞാൻ പുറത്തേക്ക് ഇറങ്ങി..

കാലുകൾ മുന്നോട്ട് പോകുമ്പോൾ മനസ്സ് പിന്നിലേക്ക് ആയിരുന്നു പോയിരുന്നത്.. തഴുകി കടന്ന് പോകുന്ന കാറ്റ് മനസിനെ തലോടി.. പാടത്തിനടുത്ത് എത്തിയപ്പോൾ ഒന്ന് നിന്നു.. നീണ്ടു കിടക്കുന്ന പച്ചപ്പിലേക്ക് കണ്ണുകൾ പാഞ്ഞു.. ജീവിതത്തിൽ കണ്ട മനോഹര കാഴ്ചകളിൽ ഒന്നായിരുന്നു അത്.. ഈ പാടവരമ്പത്ത് കൂടി കാറ്റും കൊണ്ട് എത്ര തവണ നടന്നിരിക്കുന്നു.. ഇനിയും എത്ര നടന്നാലും ഒരിക്കലും മടുക്കുകയും ഇല്ല..

” വൈഷ്ണവി.. ”

പുറകിൽ നിന്ന് ആ വിളി കേട്ടതും കണ്ണുകൾ വിടർന്നു.. ആ വിടർന്ന കണ്ണുകളുമായാണ് തിരിഞ്ഞ് നോക്കിയത്..

” വരുന്നുണ്ടെന്ന് ഭാസ്കരൻ മാമ പറഞ്ഞിരുന്നു.. എപ്പോ എത്തി.. ”

വിനീതേട്ടൻ എന്റെ അരികിലേക്ക് വന്നു..

” ഇന്നലെ രാത്രിയിൽ.. ”

മറുപടി പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്ന് പാടവരമ്പത്തേക്ക് ഇറങ്ങി..

” സുഖമല്ലേ തനിക്ക്.. കൊൽക്കത്ത ലൈഫ് ഒക്കെ എങ്ങനെ ഉണ്ട്..”

വിനീതേട്ടന്റെ ചോദ്യം കേട്ടതും കാലുകൾ ഒരുനിമിഷം നിഛലമായി.. പിന്നെ വീണ്ടും മുന്നോട്ട് നടന്നു.. ഏറ്റവും ഇഷ്ട്ടപെട്ട പാടവരമ്പത്തോടെയുള്ള യാത്ര എന്തോ ആസ്വദിക്കാൻ കഴിഞ്ഞില്ല.. പെട്ടന്ന് നടന്ന് അപ്പുറത്തേക്ക് എത്തി..

” എന്താ ഒന്നും മിണ്ടാത്തത്. ചോദിച്ചത് ഇഷ്ട്ടപെട്ടില്ലേ..? ”

വിനീതേട്ടന്റെ വിരിഞ്ഞ നെറ്റിയിൽ ചുളിവ് വീഴുന്നത് കണ്ടു.. നേട്ടം മാറ്റി മുന്നോട്ട് നടന്നു..

” മുത്തശ്ശന് പുറകെ മുത്തശ്ശിയും പോയപ്പോൾ വല്ലാതെ ഒറ്റപ്പെട്ടത് പോലെ ആയിരുന്നു.. അച്ഛൻ കൂടെ ഉണ്ടായിരുന്നതായിരുന്നു ആകെ ആശ്വാസം.. ആ ആശ്വാസത്തിൽ ആണ് കൂടെ പോയതും.. പക്ഷേ.. ”

കണ്ണുകൾ അപ്പോഴേക്കും നിറഞ്ഞു വന്നു.. കണ്ണട ഒന്നുയർത്തി മീഴിനീർ തുടച്ച് കണ്ണട നേരെ വെച്ചു..

” അവിടെ എത്തിയപ്പോൾ ആണ് അറിയുന്നത് അച്ഛന് മറ്റൊരു ഭാര്യയും മകനും ഉണ്ടെന്ന്.. അറിഞ്ഞപ്പോൾ വല്ലാതെ തകർന്നു പോയി.. പറയാമായിരുന്നു ഒരുവാക്ക്.. ഇവിടുന്ന് കൂടെ കൂട്ടുമ്പോൾ എങ്കിലും.. രണ്ടാമത് ഒരു വിവാഹം കഴിക്കുന്നത് തെറ്റാണെന്ന് ഒരഭിപ്രായം എനിക്കില്ല.. എങ്കിലും പെട്ടന്ന് അറിഞ്ഞപ്പോൾ..”

ഒന്ന് നിർത്തി വിനീതേട്ടന്റെ മുഖത്തേക്ക് നോക്കി.. പെട്ടന്ന് തന്നെ നോട്ടം മാറ്റി..

” എന്നെ അവിടെ നിർത്താൻ പറ്റില്ലെന്ന് ചിറ്റമ്മ ഉറപ്പിച്ച് പറഞ്ഞു.. അച്ഛനും അതിന് വല്ല്യ താല്പര്യം ഇല്ലെന്ന് തോന്നി.. ഒരു ഫ്ലാറ്റിൽ ആക്കി.. കൂട്ടിന് ഒരു സ്ത്രീയും.. അച്ഛന്റെ മോള് ആണെന്ന് ആരോടും പറയെരുതെന്ന് ആയിരുന്നു ചിറ്റമ്മയുടെ ഓർഡർ.. പഠിക്കാൻ പോയപ്പോ ചോദിച്ചവരോട് അനാഥ ആണെന്ന് പറഞ്ഞു.. ഒരു സ്പോൺസറുടെ സഹായത്തിൽ പഠിക്കുവാണെന്ന് പറഞ്ഞു.. കള്ളം ആവർത്തിക്കാൻ മനസ്സ് വരാത്തത് കൊണ്ട് സൗഹൃദങ്ങളിൽ നിന്നൊക്കെ പിൻവാങ്ങി.. പുസ്തകങ്ങളോട് കൂട്ടായി.. ഇടയ്ക്കൊക്കെ അച്ഛൻ കാണാൻ വരുമായിരുന്നു.. പിന്നെ അത് നിന്നു.. മുടങ്ങാതെ അക്കൗണ്ടിൽ കയറുന്ന ക്യാഷ് ആണ് അച്ഛൻ എന്നെ ഓർക്കുന്നുണ്ടെന്ന് മനസിലാക്കി തന്നത്.. എപ്പോഴോ ആ പണം എനിക്കൊരു ബുദ്ധിമുട്ട് ആയി.. ചെറിയ ചെറിയ ജോലികൾ ഒക്കെ ചെയ്ത് എനിക്ക് ആവശ്യം ഉള്ള പണം ഞാൻ തന്നെ കണ്ടെത്തി.. രണ്ട് വർഷം കഴിഞ്ഞപ്പോഴേക്കും കൂടെ നിന്ന സ്ത്രീ പോയിരുന്നു.. പിന്നെ അങ്ങോട്ട് ആ നഗരത്തിന്റെ തിരക്കിൽ ഞാൻ തീർത്തും ഒറ്റപ്പെട്ടു.. ”

സംസാരിച്ച് നടന്ന് കുറേ ദൂരം പിന്നിട്ടിരുന്നു.. എല്ലാം കേട്ടുകൊണ്ട് വിനീതേട്ടൻ കൂടെ ഉണ്ട്.. ആമ്പൽ കുളത്തിലേക്കുള്ള വഴിയില്ലേക്ക് ഇറങ്ങി നടന്നു.. മനസ്സിൽ അപ്പോഴേക്കും ആ ഓർമ്മകൾ തെളിഞ്ഞിരുന്നു.. ചെന്ന് നിന്നതും നിറഞ്ഞ കണ്ണുകളോടെ വിനിതേട്ടനെ നോക്കി..

” ഒരു തുലാവർഷ മഴയിൽ ചുറ്റും ഇടിഞ്ഞു.. പിന്നെ എല്ലാവരും ചേർന്ന് നികത്തി.. ”

വിനീതേട്ടൻ മറ്റെങ്ങോ നോക്കിക്കൊണ്ടാണ് പറഞ്ഞത്.. സങ്കടം കൊണ്ടാവും.. ബാല്യകാലത്തിന്റെ ഒരുപാട് ഓർമ്മകൾ ഉണ്ട് ഇവിടെ.. അന്നൊക്കെ കുളത്തിന്റെ അവസാന പടിയിൽ ചെന്ന് വെള്ളത്തിലേക്ക് കാലിട്ടിരിക്കും.. കുഞ്ഞ് മീനുകൾ വന്ന് കാലിൽ ഇക്കിളി കൂട്ടുമായിരുന്നു.. കൈ നീട്ടി പിടിക്കാൻ പോവുമ്പോൾ ഓടി ഒളിക്കുന്ന മീനുകളെ തോർത്തുകൊണ്ട് പിടിക്കുമായിരുന്നു.. തോർത്തിലെ വെള്ളം വറ്റുമ്പോഴേക്കും അവയെ കുളത്തിലേക്ക് ഇറക്കി വിടും.. കുളത്തിൽ നിറയെ വെളുത്ത ആമ്പൽ പൂക്കൾ ഉണ്ടായിരുന്നു.. വെള്ളത്തിന് മുകളിൽ അതിങ്ങനെ സുന്ദരമായി വിരിഞ്ഞു നിൽക്കും.. കാണാൻ ഇഷ്ട്ടം ആണെങ്കിലും അതൊരിക്കലും പറിക്കാൻ ആഗ്രഹിച്ചിരുന്നില്ല.. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.. വളരണ്ടായിരുന്നു എന്ന് തോന്നിപോകുന്നു..

” മാധു..? ”

പെട്ടന്ന് ഓർമ വന്നപ്പോൾ മുഖം തിരിച്ച് വിനീതേട്ടനെ നോക്കി..

” രണ്ട് വർഷം മുൻപ് കല്യാണം കഴിഞ്ഞു.. ഇപ്പൊ കോട്ടയത്ത്‌ ആണ്.. ”

ഒന്ന് മൂളിക്കൊണ്ട് മുന്നോട്ട് നടന്നു.. എന്റെ അടുത്ത സുഹൃത്ത് ആയിരുന്നു മാധു.. എപ്പോഴും ഒന്നിച്ചായിരുന്നു ഞങ്ങൾ.. ഒന്നിച്ച് ചേർന്ന് എന്തൊക്കെ കുസൃതികൾ ആണ് ഒപ്പിച്ചിരുന്നത്..

” വിനീതേട്ടൻ ഇപ്പോൾ..? ”

” നമ്മുടെ ഇവിടുത്തെ സ്കൂളിൽ മാഷ് ആണ്.. ”

പിന്നെ ഒന്നും ചോദിക്കാൻ ഇല്ലാത്ത പോലെ മുന്നോട്ട് നടന്നു.. കുറച്ച് മാറി ഒരു തോട് ഉണ്ട്.. അതിന്റെ മുകളിലെ പാലത്തിലൂടെ അപ്പുറത്തേക്ക് കടന്നു.. കുറച്ച് നീങ്ങി നടന്നതും കണ്ണുകൾ മുകളിലേക്ക് ഉയർന്നു.. വല്ലാത്തൊരു നിരാശ മനസിനെ പൊതിഞ്ഞു..

” ആ മഴയിലെ കാറ്റിൽ കടപുഴക്കി കുറേ മരങ്ങൾ വീണിരുന്നു.. ആ കൂട്ടത്തിൽ ഇവിടത്തെ കണിക്കൊന്ന മരവും.. ”

എന്റെ മനസ്സ് മനസിലാക്കിയെന്ന പോലെ വിനീതേട്ടൻ പറഞ്ഞു.. നോട്ടം പിൻവലിക്കാതെ മുകളിലേക്ക് തന്നെ നോക്കി.. ആകാശം മുട്ടെ വളർന്നു നിൽക്കുന്ന ആ കണിക്കൊന്ന മരം മനസ്സിൽ തെളിഞ്ഞു വന്നു.. വിഷുവിന് നാളുകൾക്ക് മുന്നേ നിറയെ പൂവിടുമായിരുന്നു.. രാവിലെ മുത്തശ്ശിയോട് പറഞ്ഞ് ഇവിടേക്ക് ഓടി വരുമായിരുന്നു.. കൊഴിഞ്ഞു വീണ കണിക്കൊന്ന പൂവിന്റെ ഇതളുകൾ താഴെ മെത്ത പോലെ കിടപ്പുണ്ടാവും.. മരത്തിന് കീഴെ അല്പം നേരം ഇരിക്കും.. വൈകീട്ട് ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോഴും ഇരിക്കുമായിരുന്നു.. മാധു ആയിരുന്നു കൂട്ടിന് ഉണ്ടാവുന്നത്.. ഒരിക്കൽ കൂടി ആ ബാല്യത്തിലേക്ക് ഒന്ന് തിരികെ പോകാൻ കഴിഞ്ഞെങ്കിൽ..

” അവിടെ അങ്ങനെ ഒക്കെ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ തനിക്ക് ഇങ്ങോട്ട് തിരികെ വരാമായിരുന്നില്ലേ..? ”

വിനീതേട്ടന്റെ ചോദ്യമാണ് ഓർമകളിൽ നിന്ന് ഉണർത്തിയത്.. ഒരുനിമിഷം കഴിഞ്ഞാണ് മറുപടി പറഞ്ഞത്..

” ഈ ലോകത്ത് എനിക്ക് ആകെ ഉള്ളത് അച്ഛൻ മാത്രം അല്ലേ.. ഉപേക്ഷിച്ചു പോരാൻ തോന്നിയില്ല.. അച്ഛന്റെ മനസിന്റെ ഉള്ളിൽ എവിടെയെങ്കിലും എനിക്ക് ഒരു സ്ഥാനം ഉണ്ടാവുമെന്ന് കരുതി.. പക്ഷേ..”

ഒതുക്കി നിർത്താൻ ശ്രെമിച്ചിട്ടും ഉള്ളിൽ നിന്ന് ഒരു തേങ്ങൽ പുറത്തേക്ക് വന്നു.. വിനീതേട്ടന്റെ വിരിഞ്ഞ നെറ്റി പിന്നെയും ചുളിഞ്ഞു വരുന്നത് കണ്ടു..

” രണ്ട് മാസം മുൻപ് അച്ഛന് ഒരു ചെറിയ ആക്‌സിഡന്റ് ഉണ്ടായി.. നാല് ദിവസം കഴിഞ്ഞാണ് ഞാൻ അറിഞ്ഞത് തന്നെ.. പോവാതിരിക്കാൻ കഴിഞ്ഞില്ല.. എന്റെ അച്ഛൻ അല്ലേ.. സാരമായ പരുക്ക് ഇല്ലാത്തത് കൊണ്ട് വീട്ടിലേക്ക് മാറ്റിയിരുന്നു.. ഞാൻ ചെല്ലുമ്പോൾ ചിറ്റമ്മയുടെ ബന്ധുക്കൾ ഉണ്ടായിരുന്നു അവിടെ.. ആർക്കും എന്നെ അറിയില്ലായിരുന്നു.. ആരെന്നുള്ള അവരുടെ ചോദ്യത്തിന് മുന്നിൽ മൗനം പാലിക്കാനേ കഴിഞ്ഞുള്ളൂ.. ചിറ്റമ്മ ആണ് അതിന് മറുപടി പറഞ്ഞത്.. നാട്ടിൽ ഉള്ളതാണെന്നും ആരും ഇല്ലാത്ത അനാഥ ആണെന്നും ഇടയ്ക്ക് എന്തെങ്കിലും സഹായം ചോദിച്ച് വരാറുണ്ടെന്നും.. അച്ഛനെ ഒന്ന് കാണാൻ പോലും സമ്മതിക്കാതെ എന്നെ അവിടെന്ന് ഇറക്കി വിട്ടു.. ”

” വൈഷ്ണവി.. ”

കണ്ണടയ്ക്ക് അടിയിലൂടെ കണ്ണ് തുടച്ച് വിനീതേട്ടനെ നോക്കി ചിരിക്കാൻ ശ്രെമിച്ചു..

” അവിടെന്ന് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു.. അച്ഛന്റെ മനസമാധാനം നശിപ്പിക്കരുതെന്ന് പറയാൻ.. അച്ഛന് അച്ഛന്റെ കുടുംബം ആണ് വലുതെന്ന്.. തിരികെ നാട്ടിലേക്ക് പൊയ്ക്കോളാൻ.. നാട്ടിലുള്ള വീടും സ്വത്തും ഒക്കെ എന്നോട് എടുത്തോളാൻ.. മനസിന്റെ കോണിൽ എവിടെയെങ്കിലും ഒരിത്തിരി സ്നേഹം എന്നോട് ഉണ്ടാവുമെന്ന് കരുതിയ ഞാൻ വെറും വിഡ്ഢി ആയി.. ചേർത്ത് പിടിക്കാൻ ആരെങ്കിലും ഒക്കെ ഉണ്ടാവുന്നതാണ് ഏറ്റവും വലിയ സ്വത്ത്‌ എന്ന് തിരിച്ചറിയാൻ എന്റെ അച്ഛന് കഴിയാതെ പോയി.. പിന്നെ വൈകാതെ ഇങ്ങോട്ട് പോന്നു.. ഇവിടെ ഈ ആമ്പൽകുളവും കണിക്കൊന്നപ്പൂവും ഒക്കെ എന്നെ കാത്തിരിപ്പുണ്ടാവും എന്ന് കരുതി.. പക്ഷേ.. ”

ഒന്ന് നിർത്തി ആ മുഖത്തേക്ക് നോക്കി.. കണ്ണുകൾ ആ തിളങ്ങുന്ന കുഞ്ഞി കണ്ണുകളിൽ ഉടക്കിയതും പെട്ടന്ന് നോട്ടം മാറ്റി.. ഒരു പതിനാറുക്കാരിക്ക് തിളക്കമുള്ള കണ്ണുകളുള്ള ഒരുവനോട് തോന്നിയ പ്രണയം അറിയാതെ പുറത്തേക്ക് വന്നാലോ.. മറ്റാരും അറിയാതെ ഉള്ളിന്റെ ഉള്ളിൽ പൊതിഞ്ഞു പിടിച്ചതാണ്.. ഇനിയൊരിക്കലും മറ്റാരും അത് അറിയേണ്ട..

” എന്നെയാ കുന്നിൻ മുകളിലെ കാവിലേക്ക് ഒന്ന് കൊണ്ട് പോകുമോ വിനീതേട്ടാ..? ”

അല്പം നേരത്തെ മൗനത്തിന് ശേഷം പതിയെ ചോദിച്ചു.. ഒന്ന് മൂളിക്കൊണ്ട് വിനീതേട്ടൻ മുന്നോട്ട് നടന്നു.. പുറകെ താനും.. പണ്ട് മാധുവിനും എനിക്കും അവിടെ പോവാൻ വല്ല്യ ഉൽഹാസം ആയിരുന്നു.. ഞങ്ങളെ തനിച്ച് വിടാൻ മുത്തശ്ശിക്ക് പേടി ആണ്.. കൂട്ടിന് വിനീതേട്ടനെ വിടും.. ആദ്യം നടക്കാ മാധു ആണ്.. പിന്നെ വിനീതേട്ടൻ.. അതിന് പുറകെ ഞാനും.. ആ കാൽപാതങ്ങൾ പിന്തുടർന്ന് നടക്കാൻ ഒത്തിരി ഇഷ്ട്ടം ആയിരുന്നു..

കുന്നിന് മുകളിൽ എത്തിയപ്പോൾ ചുറ്റും ഒന്ന് നോക്കി.. പഴയത് പോലെ തന്നെ.. മാറ്റങ്ങൾ ഒന്നുമില്ല.. ദേവിക്ക് മുന്നിൽ കൈ കൂപ്പി കണ്ണടച്ച് നിന്നു.. പ്രാർത്ഥിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല..

” പോവാം.. ”

” വൈഷ്ണവി.. ”

വിനിതേട്ടനെ കടന്ന് രണ്ടടി വെച്ചതും ഇടത് കയ്യിൽ ഒരു പിടി വീണിരുന്നു.. തിരിഞ്ഞ് നിന്ന് കയ്യിലേക്കും വിനീതേട്ടന്റെ മുഖത്തേക്കും നോക്കി..

” ഒരു പട്ടുപാവാടകാരിയോടുള്ള പ്രണയം മനസ്സിൽ സൂക്ഷിച്ച് ഒരുവൻ ഇവിടെ കാത്തിരിപ്പുണ്ടായിരുന്നു.. ആ പ്രണയം ഈ മനസിലും ഉണ്ടെങ്കിൽ കൂടെ കൂട്ടിക്കോട്ടെ.. ”

മനസ്സ്‌ കണിക്കൊന്നപൂ പോലെ പൂത്ത് വിടർന്നിരുന്നു.. ഒരു തേങ്ങലോടെ ആ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു.. അടക്കി വെച്ചതെല്ലാം ആ നെഞ്ചിൽ അലിയിച്ചു കളയുമ്പോൾ ആ കൈകൾ എന്നെ ചുറ്റിപ്പിടിച്ചിരുന്നു.. തിരികെ കുന്നിറങ്ങുമ്പോൾ ഇടതു കയ്യിലെ വിരലുകൾക്കിടയിലെ വിടവിലൂടെ ആ വിരലുകൾ കോർത്തു പിടിച്ചു.. ആ കാലടികൾ പിൻതുടരാതെ ഒന്നിച്ചു നടന്നു..

🌺🌺🌺🌺🌺🌺🌺

( കുഞ്ഞികഥ ആണ്.. ഇഷ്ട്ടപെട്ടാലും ഇല്ലെങ്കിലും ഒരഭിപ്രായം പറഞ്ഞിട്ട് പോണേ.. 😌)

രചന : – നിള നന്ദ

Leave a Reply

Your email address will not be published. Required fields are marked *