രചന: സിന്ധു ആർ നായർ
മാളു മുത്തേ അഭിയേട്ടൻ പറഞ്ഞതൊക്കെ നിനക്ക് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ.
അഭിജിത്തിന്റെ ചോദ്യകേട്ട ശ്രീലക്ഷ്മി മുഖമുയർത്തി അഭിജിത്തിനെ നോക്കി.
എന്റെ അഭിയേട്ടാ എനിക്ക് മനസ്സിലാകുന്നുണ്ട്. എനിക്ക് അറിയാം ഏട്ടൻ പറയുന്നതൊക്കെ എനിക്ക് വേണ്ടിയാണെന്ന്. മറ്റാരേക്കാളും അഭിയേട്ടൻ എന്നെ സ്നേഹിക്കുന്നുണ്ടെന്നും മനസ്സിലാക്കുന്നുണ്ടെന്നും എനിക്ക് അറിയാം.
അതുകൊണ്ട് ഏട്ടൻ ഒന്നുറപ്പിച്ചോ ഞാൻ കാരണം അഭിയേട്ടൻ വിഷമിക്കാൻ ഇടവരില്ല. ഈ മാളു മുത്ത് അഭിയേട്ടന് തരുന്ന വാക്കാണ്. ഏട്ടൻ പോയി കിടന്നോളു. ഞാൻ കുറച്ച് നേരം കൂടെ വായിച്ചിട്ട് കിടന്നോളാം.
ശ്രീലക്ഷ്മി പറഞ്ഞത് കേട്ട അഭിജിത്ത് അവളുടെ തോളത്തു ഒന്നു സ്നേഹത്തോടെ തട്ടിയിട്ട് തന്റെ റൂമിലേക്ക് പോയി.
അഭിജിത്തിന് അവന്റെ അമ്മ കഴിഞ്ഞാൽ പിന്നെ എല്ലാം ശ്രീലക്ഷ്മി എന്ന മാളു മുത്താണ്.
കുഞ്ഞുനാളിലെ അച്ഛൻ മരിച്ചുപോയ അവൾക്ക് അവളുടെ അമ്മയുടെ രണ്ടാം വിവാഹത്തോടെ അമ്മയും നഷ്ടമായി.
പെൺകുഞ്ഞായതിനാൽ രണ്ടാനനച്ചന്റെ കൂടെ വിടുന്നില്ല എന്നു പറഞ്ഞു അഭിജിത്തിന്റെ അമ്മ കൂടെ കൊണ്ടുവന്നു വളർത്തിയതാണ് ശ്രീലക്ഷ്മിയെന്ന മാളു മുത്തിനെ.
അന്നു മുതൽ അവൾ അവരുടെ മകളായി വളർന്നു. അഭിജിത്തിന് അവൾ ഏറ്റവും പ്രിയമുള്ള കുഞ്ഞി പെങ്ങളായിരുന്നു.
അഭിജിത്തിന്റെ അമ്മ അവളെ തന്റെ മകനെക്കാൾ അധികം സ്നേഹിച്ചു. അഭിജിത്തിന് അതിൽ പരാതിയോ പരിഭവമോ ഇല്ലായിരുന്നു.
അമ്മ എന്തിനെങ്കിലും ആവശ്യത്തിലധികം മാളു മുത്തിനെ വഴക്ക് പറഞ്ഞാൽ അഭിജിത്ത് അമ്മയോട് പിണങ്ങും. അത്രക്കും ഇഷ്ട്ടമാണ് അവന് അവളെ.
രണ്ടു വയസ്സിൽ തങ്ങളുടെ കയ്യിൽ കിട്ടിയ കുഞ്ഞിനെ അവർ പൊന്നു പോലെ നോക്കി വളർത്തി. ഇന്നവൾ പത്താം ക്ലാസ്സിൽ ആണ് പഠിക്കുന്നത്.
ഇപ്പോൾ ഇടക്കിടക്ക് അവളും അമ്മയും കൂടെ വഴക്കിടുന്നത് പതിവായിരിക്കുന്നു. അതാണ് അഭിജിത്തിനെ തളർത്തുന്നത്.
വഴക്കിടുമ്പോൾ മാളു പറയുന്നു എന്നെഎടുത്തുവളർത്തിയോണ്ടല്ലേ അമ്മ എന്നോടിങ്ങനെ എന്ന്.
എന്റെ മകൾ ആയിരുന്നെങ്കിൽ മാളു അങ്ങിനെ പറയുമോ എന്ന് അവന്റെ അമ്മ.
അങ്ങിനെ രണ്ടുപേരുടേം വഴക്ക് പരിഹരിക്കാൻ താൻ ഇടപെടേണ്ടി വരുമ്പഴാണ് അഭിജിത്തിന് സങ്കടം.
അമ്മ വഴക്ക് പറയുമ്പോൾ മാളുവിന് അവളെ ഇഷ്ട്ടം അല്ലാത്തോണ്ടാണ് അമ്മ വഴക്ക് പറയുന്നതെന്ന് അവൾക്ക് തോന്നുന്നതാണ് പ്രശ്നം .
അത് അവൾ അവരുടെ മോൾ അല്ല എന്ന് അറിയാവുന്നതു കൊണ്ടുണ്ടായ പ്രശ്നം ആണ്.
ഞാൻ അമ്മയുടെ സ്വന്തം മോൾ അല്ലാത്തോണ്ടല്ലേ………. എന്നെ ദത്തെടുത്തോണ്ടല്ലേ…….. എന്നോടിങ്ങനെ എന്ന് മാളു മുത്തിന്റെ ആ ചോദ്യം അമ്മയെ വേദനിപ്പിക്കുന്നു..
മാളുമുത്തിനെ നന്നായി പഠിപ്പിച്ചു അവൾക്ക് ജോലി കിട്ടിയിട്ട് വേണം തനിക്ക് വിശ്രമം ഉള്ളൂ എന്ന തീരുമാനത്തിൽ ആണ് അഭിജിത്ത്.
പത്താം ക്ലാസ്സിലെ പഠിപ്പു നിർത്തി അമ്മയ്ക്കും മാളുമുത്തിനുമായി അധ്വാനിക്കാൻ ഇറങ്ങിയവനാണ് അഭിജിത്ത്.
അവൻ ചെയ്യാത്ത ജോലികളില്ല. പിന്നെ ചെറിയ രീതിയിലുള്ള കച്ചവടങ്ങൾ ചെയ്തു അവൻ ജീവിക്കുവാനുള്ള വഴി കണ്ടെത്തി.
ഇന്നു അവന്റെ സ്വപ്നം മൊത്തം ശ്രീലക്ഷ്മിയിലാണ്.
തന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നുവന്നാൽ മാളു മുത്തിനോടുള്ള സ്നേഹം പകുത്തു പോകും എന്നതു അവളെ വേദനിപ്പിക്കും എന്നുള്ളതിനാൽ കല്യാണം എന്ന കാര്യമേ അവൻ വേണ്ടാ പറഞ്ഞു നടക്കുവാണ്.
ഇപ്പോൾ അതൊന്നുമല്ല പ്രശ്നം ശ്രീലക്ഷ്മിയുടെ അമ്മ വന്നിരിക്കുന്നു അവളെ തേടി. അവരും രണ്ടാനച്ഛനും കൂടെ വന്നു അവളെ കണ്ടു സംസാരിച്ചു.
അതുവരെ അമ്മയോട് ദേഷ്യം ആയിരുന്ന അവൾക്ക് ഇപ്പോൾ അമ്മയെ കണ്ടപ്പോൾ അമ്മയുടെ സ്നേഹം അനുഭവിക്കണമെന്ന തോന്നലായി.
തന്റെ അമ്മ തന്നെ ഇവരെക്കാളൊക്കെ സ്നേഹിക്കുമെന്ന തോന്നലുണ്ടായി.
തന്നെ മറന്നു തന്റെ അമ്മ ഇത്രയും കാലം ജീവിച്ചത് അവൾ മറന്നു. തനിക്ക് വേണ്ടി സ്വന്തമായി ജീവിക്കാൻ മറന്ന അഭിജിത്തിനെ അവൾ മറന്നു.
രണ്ടാം വയസ്സുമുതൽ തന്നെ പോറ്റിവളർത്തിയ അമ്മയെക്കാളും അവൾക്ക് തനിക്ക് തിരിച്ചറിവായപ്പോ അവളെ തേടി വന്ന പെറ്റമ്മയായിരുന്നു അവൾക്ക് വലുത്.
അവൾ അവളുടെ അമ്മയുടെ കൂടെ പോകണം പറഞ്ഞു അതായിരുന്നു ഇന്നത്തെ പ്രശ്നം. അഭിജിത്തിനോ അവന്റെ അമ്മക്കോ അതുൾക്കൊള്ളാനായില്ല.
തങ്ങളുടെ ജീവനായി കരുതുന്ന അവളെ ഇനി വിട്ടുകൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. മാളുമുത്തു അത് പറഞ്ഞപ്പോൾ തൊട്ട് അഭിജിത്തിന്റെ അമ്മ കരയാൻ തുടങ്ങിയതാണ്.
അമ്മേ നമുക്ക് അവളെ പിടിച്ചു നിർത്താൻ പറ്റില്ലമ്മേ. അവളുടെ ഇഷ്ട്ടം അതാണെങ്കിൽ അങ്ങിനെ അവൾ പോകട്ടെ. അഭിജിത്ത് അമ്മയെ ആശ്വസിപ്പിച്ചു.
മാളുമുത്തിനോടും സംസാരിച്ചു. മോളേ നിന്റെ ഇഷ്ട്ടം എന്താണോ അതാണ് ഞങ്ങൾ നോക്കുന്നത്. നിനക്ക് പോകണമെങ്കിൽ പോകാം.
പക്ഷേ ഇപ്പഴല്ല നീ പഠിക്കു നന്നായിട്ട് പഠിക്കണം. എന്നിട്ട് ഒരു ജോലി നേടിയെടുക്ക്. സ്വന്തം കാലിൽ നിക്കാറാകുമ്പോൾ നിനക്ക് പോകാം നിന്റെ അമ്മയുടെ കൂടെ.
ഇപ്പോൾ പോയാൽ നിന്റെ ഭാവി എന്താകുമെന്ന് ഞങ്ങൾക്ക് പേടിയുണ്ട്. അതോണ്ടാണല്ലോ കുഞ്ഞിലേ നിന്നെ ഞങ്ങൾ കൊണ്ടുവന്നത്. ആർക്കും ചവിട്ടിത്തേക്കാൻ വിട്ടുകൊടുക്കാൻ പറ്റാത്തോണ്ടാ മോളേ. അത് മോൾ മനസ്സിലാക്കണം.
മോൾക്ക് ജോലിയുണ്ടേൽ ഏട്ടനും പേടിയില്ല. ആരുടെയും സഹായവുമില്ലാതെ മോൾക്ക് ജീവിക്കാം. അതുകൊണ്ട് നീ നന്നായിട്ട് പഠിച്ചു ജോലിവാങ്ങണം.
അതുവരെ മോൾ എന്റെ അമ്മയുടെ മോൾ ആയിരിക്കണം ഈ ഏട്ടന്റെ കുഞ്ഞിപ്പെങ്ങൾ ആയിരിക്കണം. ഇതെന്റെ അപേക്ഷയാണ് മോൾ അനുസരിക്കണം. അത് പറഞ്ഞപ്പഴേക്കും അഭിജിത്ത് കരഞ്ഞു പോയിരുന്നു കൂടെ മാളുമുത്തും.
എന്നോട് ക്ഷമിക്കേട്ടാ ഞാൻ അറിയാതെ പറഞ്ഞതാ. അമ്മയെ കണ്ടപ്പോൾ അമ്മയോട് ഇഷ്ട്ടം കുടിട്ടല്ല ഞാൻ പോണം പറഞ്ഞത്.
അങ്ങിനെ ഞാൻ പറഞ്ഞാലെങ്കിലും ഈ അമ്മ ഒന്നു പേടിക്കുമല്ലോ ഓർത്തിട്ടാ.
അല്ലാതെ നിങ്ങളെ ഇങ്ങനെ സങ്കടപ്പെടുത്താനല്ലാരുന്നു. എനിക്ക് പറ്റുമെന്നു തോന്നുന്നുണ്ടോ അഭിയേട്ടനെയും അമ്മയെയും ഉപേക്ഷിച്ചു പോകാൻ. ഞാൻ വെറുതെ അമ്മയെ പേടിപ്പിക്കാൻ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാ സോറി ഏട്ടാ.
ഹോ നീ വിഷമിപ്പിച്ചല്ലോടി ഞങ്ങളെ കേട്ടോണ്ട് വന്ന അഭിജിത്തിന്റെ അമ്മ പറഞ്ഞു.
ഉം എന്നെ ഇനിം വഴക്കിട്ടാൽ ഞാൻ ഓടിയങ്ങു പോകും പറഞ്ഞേക്കാമെ ശ്രീലക്ഷ്മി പറഞ്ഞത് കേട്ട് ആ അമ്മ കയ്യോങ്ങി അവളുടെ നേരെ മേടിക്കല്ലു കേട്ടോ നീ.
അമ്മയുടെ കപട ദേഷ്യം കണ്ട അഭിജിത്തിനും മാളുമുത്തിനും ചിരി അടക്കാൻ കഴിഞ്ഞില്ല.
ഞാൻ എന്നാൽ കിടക്കാൻ പോവാ പറഞ്ഞു അമ്മ പോയി. അഭിജിത്ത് കുറച്ചുനേരം കൂടെ അവളുടെ അടുത്തു നിന്നു. അവൾ പഠിക്കുന്നത് നോക്കി.
എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നെ. ഞാൻ പറഞ്ഞില്ലേ ഞാൻ വെറുതെ പറഞ്ഞതാണെന്ന്.
മ്മ് മനസ്സിലായി മോൾ തോൽപ്പിക്കരുത് ആരുടെ മുന്നിലും ഈ ഏട്ടനെ. എന്നുവെച്ചാൽ പഠിച്ചു നല്ല നിലയിൽ എത്തി ഞങ്ങൾ വളർത്തിയിട്ട് മോൾക്ക് ദോഷം വന്നെന്നു ഒരാളും പറയാൻ ഇടവരുത്തരുത്.
മ്മ് ഇല്ലന്നേ. മാളുമുത്തു ഏട്ടന് ഉറപ്പു കൊടുത്തു.
അഭിജിത്ത് പോയതും മാളുമുത്തു ഏട്ടനും അമ്മയും പറഞ്ഞതൊക്കെ ഓർത്തു.
തമാശക്കാണെങ്കിലും താൻ അവരെ വിഷമിപ്പിക്കാൻ പാടില്ലായിരുന്നു. എന്നോട് ക്ഷമിക്കണം എന്ന് പറയാനേ പറ്റു അവളോർത്തു.
നന്നായി പഠിക്കണം ഏട്ടൻ പറഞ്ഞത് പോലെ നല്ല ജോലികിട്ടിയിട്ടു കുഞ്ഞിലേ തന്നെ വേണ്ടാ വെച്ചു സ്വന്തം ജീവിതം മാത്രം നോക്കിപോയ അമ്മയുടെ കൂടെ പോകാനല്ല.
തനിക്കായി ജീവിതം മാറ്റിവെച്ച അഭിയേട്ടനും അമ്മയ്ക്കും തണലായി, താങ്ങായി മാറാൻ. അവർക്കായി ജീവിക്കാൻ.
അവരുടെ സ്വപ്നം സാക്ഷാൽക്കരിക്കണം എന്നുള്ളതു മാത്രമായിരുന്നു ആ കുഞ്ഞുമനസ്സിലെ ചിന്ത. ലൈക്ക് കമന്റ് ചെയ്യണേ…
രചന: സിന്ധു ആർ നായർ