Categories
Uncategorized

മഴ അന്നും ഇന്നും ഇനിയെന്നും ഓർമ്മകളുടെ കൂടൊരുക്കിയിട്ടേയുള്ളു.. ചെറുപ്പത്തിന്റെ ഓർമകളിൽ നിറഞ്ഞു നിൽക്കുന്നൊരു മഴ ദിവസമുണ്ട്…

രചന : – അബ്രാമിന്റെ പെണ്ണ്

മഴ അന്നും ഇന്നും ഇനിയെന്നും ഓർമ്മകളുടെ കൂടൊരുക്കിയിട്ടേയുള്ളു.. ചെറുപ്പത്തിന്റെ ഓർമകളിൽ നിറഞ്ഞു നിൽക്കുന്നൊരു മഴ ദിവസമുണ്ട്… ഒരിക്കലും മറക്കാത്ത,, കണ്ണൊന്നടച്ചാൽ മിഴിവോടെ തെളിഞ്ഞു വരുന്നൊരു മഴ ദിവസം…

അമ്മ രാവിലെ കമ്പനിയിൽ ജോലിക്ക് പോകും.. ശനിയാഴ്ച അമ്മയെ സംബന്ധിച്ചിടത്തോളം പേടിയുടെ ദിവസമാണ്.. ആ പേടിയ്ക്ക് കാരണം ഞാനും എനിക്ക് നേരെ മൂത്തവനുമാണ്… ഞങ്ങൾ വീട്ടിലിരിക്കുന്ന ദിവസം പേടിയാണ് പോലും…അണ്ണനെയും ചേച്ചിയെയും കൊണ്ട് ശല്യമില്ലെന്നാണ് നാട്ടുകാരോടൊക്കെ അമ്മ പറഞ്ഞ് വെച്ചേക്കുന്നത്..

ഞങ്ങള് രണ്ടുപേരെയും തോട്ടിൽ തുണി കഴുകിക്കൊണ്ട് നിന്നപ്പോ വെള്ളത്തിൽ കൂടെ ഒഴുകി വന്നൊരു കൊട്ടയിൽ നിന്ന് കിട്ടിയതാണെന്നാണ് പറയുന്നത്.. നല്ലൊരു കൊട്ടയായതു കൊണ്ടായിരുന്നു പോലും അതിനകത്തിരുന്ന ഞങ്ങളെക്കൂടെ അമ്മ എടുത്ത് വീട്ടിൽ കൊണ്ട് പോയതിന്റെ കാരണമെന്നാണ് പറയുന്നത്..

കുരുത്തക്കേടുകൾ ഒന്നും കാണിക്കരുതെന്ന് അമ്മയും,, അമ്മ ധൈര്യമായി പൊയ്ക്കോളാൻ ഞങ്ങളും പറഞ്ഞു..

വീട്ടിലന്ന് ആടിനെ വളർത്തുന്നുണ്ട്.. അമ്മ രാവിലെ ആടിനെ കറന്ന് ചായയിടും.. ചായ അന്നും ഇന്നും എന്റെ ബലഹീനതയാണ്.. അമ്മ പോയതിന്റെ പിറകെ മഴയെ വക വെയ്ക്കാതെ ഞാൻ ആട്ടിൻകൂട്ടിൽ കയറി .. ആടിന്റെ അകിടിൽ പിടിച്ചു താഴോട്ടു വലിക്കുമ്പോ പാല് മേലോട്ട് കേറിപ്പോകും..കുറേനേരത്തെ പരിശ്രമത്തിന് ശേഷം മൊന്തയിലെ വെള്ളം കളഞ്ഞിട്ട് മുറ്റത്തേക്കിറങ്ങി.. പൊന്നാങ്ങള മുറ്റത്തിരുന്ന് റബ്ബർ ചെരുപ്പ് വെട്ടി ബെൻസിന്റെ വീലുണ്ടാക്കുവാണ്..

“ഡാ.. തോട്ടില് ഇഷ്ടം പോലെ മീൻ കെടപ്പോണ്ട്.. കടലീ കെടക്കുന്ന പോലെ ഞരുപിരാന്ന് കിടക്കുവാ.. അതിനൊക്കെ നീന്താൻ പോലും സ്ഥലവില്ല..നമ്മക്ക് പോയി കൊറച്ചു കോരിക്കൊണ്ട് വന്നു വറത്തു തിന്നാടാ…

ഞാനവനെ തോണ്ടി വിളിച്ച്..

“ഞാനെങ്ങും വരുന്നില്ല.. അമ്മച്ചി അറിഞ്ഞാൽ മടലിന് അടി കിട്ടും.. നിനക്ക് അടി കിട്ടി നാണോം മാനോം പോയിക്കിടക്കുവല്ലിയോ.. ഞാൻ വരുന്നില്ല..

ഒറ്റ മറുപടിയിൽ അവനെന്റെ നാണത്തെയും മാനത്തെയും അടിച്ചമർത്തിക്കളഞ്ഞു..

മഴ പെയ്തു വന്ന കലക്ക വെള്ളത്തിൽ പരലും പൊത്തയും മാനത്തുകണ്ണിയും കൂരിയുമൊക്കെ കിടന്നു നീന്തിക്കളിക്കുന്നത് രാവിലെ വയൽ വരമ്പിൽ കിളിച്ചു നിക്കുന്ന കൂണ് പറിക്കാൻ പോയപ്പോ ഞാൻ കണ്ടതാണ്..

തോട്ടിൽ നിന്ന് പിടിക്കുന്ന മീനിനെ കല്ലിൽ വെച്ച് തേച്ചു ചെതുമ്പൽ കളഞ്ഞ് കഴുകിയെടുത്ത് വറ്റൽ മുളകും മഞ്ഞളും ഉപ്പും ചേർത്ത് അമ്മിക്കല്ലിൽ അരച്ച് മീനിന്റെ പുറത്ത് തേച്ച് പിടിപ്പിച്ച് വറുത്തു തിന്നുമ്പോഴുള്ളൊരു രുചിയുണ്ട്.. അതിനോടൊപ്പമോ അതിനും മേലെയോ ഒരു രുചിയും ഇന്നേ വരെ നാവിനെ സ്വാധീനിച്ചിട്ടില്ല..

അവനെ എങ്ങനെയൊക്കെ വിളിച്ചിട്ടും കൂടെ വരുന്നില്ലെന്ന് വാശി പിടിച്ചു നിക്കുവാ.. ഒടുക്കം പിടിയ്ക്കുന്ന മീനിന്റെ മുന്തിയ പങ്ക് അവന് വറുത്തു കൊടുക്കാമെന്ന ഉറപ്പിന്മേൽ അവൻ കൂടെ വരാമെന്നേറ്റു…

വീട്ടിലന്ന് ആകെക്കൂടിയുള്ളത് രണ്ട് തോർത്തുകളാണ്… അച്ഛൻ ജോലിക്ക് കൊണ്ട് പോകുന്ന ചെളിയുടെ നിറമുള്ള കറുത്ത കരയുള്ള ഒരു തോർത്തും ഞങ്ങളെല്ലാരും കുളിച്ചു തോർത്തുന്ന കരിമ്പനടിച്ച വേറൊരു തോർത്തും.. മീൻ കോരാൻ പോകാൻ തുടങ്ങിയപ്പോ കുളിക്കുന്ന കുടുംബ തോർത്ത് കാണുന്നില്ല..

“തോർത്തില്ലാതെ എന്തോ വെച്ചു കോരൂടീ… ഞാനെങ്ങും വരുന്നില്ല..

അവൻ പിന്നേം മൊടക്കം പറയുവാ.. എനിക്കാണെങ്കിൽ മീൻ തിന്നോളാൻ മുട്ടീട്ട് വയ്യ… തോർത്ത്‌ നോക്കി നോക്കി ചെന്നപ്പോളാണ് ചേച്ചിയുടെ വെള്ള ഹാഫ് സാരി കാണുന്നത്..

“നമ്മക്കിത് കൊണ്ട് പോയി മീൻ കോരാടാ.. മീൻ കോരിക്കഴിഞ്ഞ് കഴുവിയിട്ടാൽ മതിയല്ലോ.. ആരും അറിയാനും പോകുന്നില്ല..

എന്റെ ഐഡിയ അവനങ്ങോട്ട് പിടിക്കുന്നില്ല..

“നീ നിന്റെ കാര്യം നോക്ക്.. വെള്ള തുണിക്കാത്ത് ചെളി പറ്റിയാൽ പോകത്തില്ല.. അതുവല്ല,, മഴയത്ത് കഴുവിയിട്ടാൽ അമ്മേം ചേച്ചീമൊക്കെ വരുമ്പളേക്കും ഒണങ്ങത്തില്ലെടീ.. നമ്മക്ക് അടി കിട്ടും…

അവനെപ്പോലൊരു പിന്തിരിപ്പൻ മൂരാച്ചിയെ ഞാൻ വേറെ കണ്ടിട്ടില്ല… വറുത്തു കൊടുക്കാമെന്നേറ്റ മീനിന്റെ അളവ് കൂട്ടി പറഞ്ഞപ്പോ അവൻ മനസ്സില്ലാ മനസോടെ സമ്മയ്ച്ചു.. അമ്മയറിഞ്ഞ് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ഉത്തരവാദിത്തം മൊത്തം ഞാനെറ്റെടുത്തോണമെന്ന വ്യവസ്ഥയിൽ അവനെന്റെ കൂടെ തോട്ടിലേയ്ക്ക് വന്നു.. അടി നമ്മക്ക് പണ്ടേ പുല്ലാണ്…

തോട്ടിൽ ചെല്ലുന്നേനു മുന്നേ മഴ പെയ്തു തുടങ്ങി..പാലത്തിനു താഴെയുള്ള കുഴിയിലേക്കിറങ്ങി ഞങ്ങള് മീൻ കോരിതുടങ്ങി .. അരയൊപ്പം വെള്ളത്തിൽ ഒരു മണിക്കൂറു നിന്ന് കോരിയിട്ടും ഒരൊറ്റ മീൻ പോലും സാരിക്കാത്തോട്ട് കേറുന്നില്ല..

“എന്തിയേടീ കടലീ കെടക്കുന്ന പോലെ മീൻ.. നീയല്ലിയോ പറഞ്ഞേ നീന്താൻ സ്ഥലവില്ലാതെ മീൻ കെടക്കുന്നെന്ന്.. എന്നിട്ട് ഞാനൊന്നും കാണുന്നില്ലല്ലോ.. നൊണ പറഞ്ഞയല്ലിയോടീ നൊണച്ചീ..

അവൻ മീൻ കിട്ടാത്തതിന്റെ കെറുവിൽ നിന്ന് വെറയ്ക്കുവാ..വെള്ളത്തിന്റെ തണുപ്പും മഴയുടെയും കാറ്റിന്റെയും കൂടെയുള്ള തണുപ്പിന്റെ വെറയല് വേറെ..

“രാവിലെ ഞാൻ കണ്ടാരുന്നെടാ.. മഴ പെയ്തപ്പം മീനെല്ലാം കൂടെ പാലത്തിന്റെ കീഴിൽ പോയിക്കാണും.. നമ്മക്ക് അവിടൊന്നു കോരി നോക്കാം.. എന്നിട്ടും കിട്ടീലെങ്കിൽ വീട്ടീ പോവാം..

അവനെന്നെ നോക്കി പല്ല് കടിച്ചു.. കണകൊണാന്ന് ഏതാണ്ടൊക്കെ പറഞ്ഞോണ്ട് പാലത്തിന്റെ അടീലോട്ട് കേറി..കുത്തിയൊലിച്ചു വരുന്ന കലക്ക വെള്ളത്തിൽ രണ്ട് വട്ടം കോരിയിട്ടും ഒരു മാക്രിക്കുഞ്ഞ് പോലും ഹാഫ്‌സാരിയിൽ കേറുന്നില്ല..

“ടീ,, ഒരു പ്രാവശ്യം കൂടെ ഞാൻ കോരും.. എന്നിട്ടും ഒന്നും കിട്ടീലെങ്കി ഞാൻ വീട്ടീ പോവും..

അവനെന്നെ നോക്കിയൊരു ഭീഷണി..സകല ദൈവങ്ങളെയും വിളിച്ചോണ്ട് ഞാനും അവനും കൂടെ സാരി വെള്ളത്തിലേയ്ക്ക് താഴ്ത്തി പാലത്തിന്റെ ഭിത്തിയുടെ അരികിനോട് ചേർത്ത് പൊക്കിയെടുത്തു… ദൈവം ഞങ്ങളുടെ പ്രാർത്ഥന കേട്ടത് പോലെ ഹാഫ് സാരിയിൽ കൊള്ളാത്ത അത്രേം നീളത്തിലൊരു മീൻ.. സന്തോഷം കൊണ്ടെന്റെ ഹൃദയം പൊട്ടിപ്പോകുമെന്ന് തോന്നി.. അവന്റെ മുഖത്ത് പെരുമഴയത്ത് സൂര്യനുദിച്ച അത്ര വെട്ടം..

“നീയിങ്ങു താ ഞാൻ പിടിക്കാം.. നീ പിടിച്ചാൽ മീൻ ചാടിപ്പോവും..

മീൻ ഹാഫ്‌സാരിയിൽ കിടന്നു വെട്ടിപ്പിടയുകയാണ്..അത്രേം നേരം കൊച്ചുപ്രേമന്റെ മുഖഭാവത്തോടെ നിന്നവൻ പെട്ടെന്ന് ജയഭാരതിയെക്കണ്ട ഉമ്മറിനെ പോലെ എന്റെ കയ്യിൽ നിന്നും മീനടങ്ങിയ ഹാഫ്‌സാരി തട്ടിപ്പറിച്ചു കൊണ്ട് തോട്ടിൽ നിന്നും കരയിലേയ്ക്ക് വലിഞ്ഞു കേറി ..

“തലേം വാലും എനിക്ക് വേണം… അത് ഞാൻ തരത്തില്ല.. സാരി ഞാനാ എടുത്തോണ്ട് വന്നത്..

അവന്റെ പൊറകെ പറഞ്ഞോണ്ട് ഞാനും തോട്ടിൽ നിന്ന് കേറി ചെന്ന്..

കരയിൽ കേറിയിട്ട് ഹാഫ്‌സാരി പതുക്കെയങ്ങോട്ട് തൊറന്നതും..

“ഇത് മീനല്ലെടീ,, നീർക്കോലിയാ..

വെപ്രാളത്തോടെ ഉറക്കെ പറഞ്ഞോണ്ട് അവൻ സാരി തറേലോട്ടിട്ട് വാണം കത്തിച്ചു വിട്ട പോലെ തിരിച്ചു വീട്ടിലോട്ടോടി…. സാരിയിൽ കിടന്ന,, നീർക്കോലിയെന്ന് അവൻ പറഞ്ഞ മീൻ പ്രാണവെപ്രാളത്തോടെ തോട്ടിലേയ്‌ക്കെടുത്തു ചാടി.. അതിന്റെ വാലിൽ തൂങ്ങി ഹാഫ്‌സാരിയും തോട്ടിലെ കലക്ക വെള്ളത്തിൽ വീണു.. നീർക്കോലിയോടൊപ്പം മുങ്ങിപ്പൊങ്ങിപ്പോകുന്ന ചേച്ചിയുടെ ഹാഫ്‌സാരി നോക്കി ആ പെരുമഴയത്ത് ഞാൻ സ്തംഭിച്ചു നിന്നു..

അന്ന് കോടതിയ്ക്ക് മുന്നിലെത്തിയ കുറ്റങ്ങൾ രണ്ടായിരുന്നു..

ഒന്ന്….. വീട്ടിലിരുന്ന് വണ്ടിയ്ക്ക് വീലുണ്ടാക്കിക്കൊണ്ടിരുന്ന ചെർക്കനെ പ്രലോഭിപ്പിച്ചു പെരുമഴയത്ത് തോട്ടിൽ കൊണ്ടോയി നീർക്കോലിയെ കാണിച്ചു പേടിപ്പിച്ചു പനി പിടിപ്പിച്ചു..

രണ്ട്… ചേച്ചിയുടെ ആകെക്കൂടെയുണ്ടായിരുന്ന മൂന്ന് ഹാഫ്‌സാരികളിലൊരെണ്ണം നീർക്കോലിയ്ക്ക് ഉടുക്കാൻ കൊടുത്തു..

പ്രതി മുൻപും കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുകയും പിടിയ്ക്കപ്പെടുകയും ചെയ്തിട്ടുള്ളത് കൊണ്ട് ശിക്ഷ അതി കഠിനമായിരുന്നു..പെരുമഴയും ഇടിവെട്ടും പുറത്ത് തകർത്തത് കൊണ്ട് പ്രതിയുടെ ദീനരോദനം അയലോക്കക്കാർ കേൾക്കാതെ തമ്പുരാൻ കാത്ത്..

കൂട്ട് പ്രതിയ്ക്ക് നീർക്കോലിയെ കണ്ട ആഘാതത്തിൽ പനി പിടിച്ചതുകൊണ്ട് അടി കിട്ടാതെ രക്ഷപെട്ടു..

കാലങ്ങൾ പലതും കഴിഞ്ഞെങ്കിലും ഇന്നും എനിക്ക് ഉറപ്പുള്ളൊരു സത്യമുണ്ട്..

ആ പഴകിയവൻ പറഞ്ഞത് പോലെ അത് നീർക്കോലിയൊന്നുമാരുന്നില്ല.. നല്ലൊന്നാന്തരം നെടുമീനാരുന്നു.. ആ നാറി അതിനെയെടുത്ത് വെള്ളത്തിലിട്ടില്ലാരുന്നെങ്കിൽ തലയും വാലും പൊരിച്ച് അന്ന് രാത്രി അത്താഴമുണ്ണാരുന്നു.. അടീം കിട്ടത്തില്ലാരുന്നു..

“ങ്ഹാ,, ഇനി പറഞ്ഞിട്ടെന്താ കാര്യം.. അടിച്ച മിസ് കോളും നീർക്കോലി ഉടുത്ത ഹാഫ്‌സാരിയും ഒരിക്കലും തിരിച്ചു കിട്ടത്തില്ലല്ലോ.

രചന : – അബ്രാമിന്റെ പെണ്ണ്

Leave a Reply

Your email address will not be published. Required fields are marked *