രചന: സജി മാനന്തവാടി
“എന്താ പപ്പാ എന്നെ കെട്ടിക്കാനൊന്നും പപ്പക്ക് ഉദ്ദേശമില്ലേ ? ഞാനിങ്ങനെ കറവ പശുവിനെ പോലെ ജീവിക്കണോ? എനിക്ക് വയസ് മുപ്പത്തിമൂന്നായി യെന്ന് വല്ല വിചാരവും പപ്പക്കുണ്ടോ ? ഞാൻ മറ്റുള്ളവരെ പോലെ ഒളിച്ചോടി വിവാഹം കഴിക്കണമായിരുന്നോ ? മൂക്കിൽ പല്ല് മുളക്കുമ്പോഴായിരിക്കും എന്റെ കല്യാണം അല്ലെ പപ്പാ ?”
ചേച്ചിയുടെ പരിദേവനങ്ങൾ കേട്ട് പപ്പ ഒന്നും മിണ്ടാതെ തല കുമ്പിട്ടിരുന്നു. ചേച്ചി മൂന്ന് തവണ ഗൾഫിൽ നിന്ന് ലീവിന് വന്നിരുന്നു. പക്ഷെ ആ സമയത്തൊന്നും പപ്പ ചേച്ചിയുടെ വിവാഹത്തെ കുറിച്ച് ഒരിക്കൽ പോലും ഞാൻ കേട്ടിട്ടില്ല. ചേച്ചിയുടെ ശമ്പളമാണ് വീട്ടിലെ പ്രധാന വരുമാനം. അത് ഇല്ലാതാവുന്നത് പപ്പയ്ക് വലിയ വിഷമമുള്ള കാര്യമാണ്. അതു മാത്രമല്ല പപ്പ പലപ്പോഴും പറയുന്നത് കേൾക്കാമായിരുന്നു ചേച്ചിയെ BSc Nursing പഠിപ്പിക്കാൻ പപ്പ അഞ്ച് ലക്ഷം മുടക്കിയെന്ന് . അതിന്റെ പത്ത് ഇരട്ടി കിട്ടിയിട്ടുണ്ട്. പിന്നെ തന്റെ മകളെ പഠിപ്പിച്ചതിന് ഒരു അപ്പൻ കണക്ക് പറയുന്നത് ശരിയാണോ ?പപ്പക്കറിയാം ചേച്ചിയുടെ കൂടെ പഠിച്ചിരുന്ന സഫിയയുടെ മകളെ കെട്ടിക്കാനായിയെന്ന്. എന്നിട്ടും സ്വന്തം മകളെ കുറിച്ച് ഒരു ചിന്തയുമില്ലാത്തവനായിരുന്നു എന്റെ പപ്പ. അവസാനം ചേച്ചിയുടെയും അമ്മച്ചിയുടെയും ബന്ധുകളുടെയും നിർബന്ധത്തിന് വഴങ്ങി മാട്രിമോണിയിൽ ഒരു ആഡ് കൊടുക്കാൻ പപ്പ തീരുമാനിച്ചു.
എന്തായാലും രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഒരു ചെറുക്കൻ പെണ്ണുകാണാൻ വന്നു. സുമുഖനും സർവ്വോപരി വിദ്യാഭ്യാസമുള്ളവനും പുരോഗമനവാദിയും . പുള്ളിക്കാരനും ഗൾഫിൽ നഴ്സായി ജോലി ചെയ്യുന്നു. രണ്ട് പേർക്കും ഇഷ്ടമായി. സ്ത്രീധനമൊന്നും ചോദിക്കാത്തതിനാൽ ഞങ്ങൾക്കും പെരുത്തിഷ്ടായി. ചോദിച്ചില്ലെങ്കിലും വെറും കൈയോടെ വിടാൻ പറ്റില്ലല്ലോ. ഇരുപതുപവൻ സ്വർണ്ണം കൊടുക്കാൻ തീരുമാനിച്ചു. ഒന്നു രണ്ട് പോക്കുവരവുകൾക്കൊടുവിൽ കല്യാണത്തിന്റെ ഡെയിറ്റ് തീരുമാനിക്കപ്പെട്ടു. കഴിഞ്ഞ മാസമായിരുന്നു എൻഗേജ്മെന്റ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹം.
വിരുന്നിന് പോകുന്ന ആളുകളുടെ ലിസ്റ്റ് തയ്യാറാക്കിയത് മമ്മിയും പപ്പയും മാമനും കൂടിയായിരുന്നു. ഞങ്ങളുടെ അയൽക്കാരെയും ക്ഷണിച്ചിരുന്നു. വിരുന്നിന് പോകണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന അയൽക്കാരിയായിരുന്നു ഷൈനി. ചേച്ചിയെ പോലെ കെട്ടുപ്രായം കഴിഞ്ഞിട്ടും കെട്ടു നടക്കാത്തതിൽ വിഷമിച്ചിരുന്നയാളാണ് കക്ഷിയും. ചേച്ചിയുടെ വിവാഹമുറപ്പിച്ചു എന്നറിഞ്ഞതിൽ സന്തോഷിക്കാത്ത ഏക വ്യക്തി ഒരു പക്ഷെ ഷൈനി ചേച്ചിയായിരിക്കണം. എങ്കിലും തന്റെ മനോദു:ഖം ഒട്ടും തന്നെ കക്ഷി പ്രകടിപ്പിച്ചിരുന്നില്ല. ഈ സമയത്താണ് വിരുന്നിന് കൊണ്ടുപോകുന്നവരുടെ ലിസ്റ്റിൽ താനില്ലെന്ന് കക്ഷിക്ക് മനസ്സിലാവുന്നത്. അത് അവളുടെ ദേഷ്യം ഇരട്ടിപ്പിച്ചു. കല്യാണത്തിന്റെ തലേ ദിവസം വരെ അവൾ ഓടി നടന്ന് ഒരോ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് എല്ലാവരും അവളെ കണ്ടുപിടിക്കണമെന്ന് പറയുന്നത് കേൾക്കാമായിരുന്നു. തനൊരു പുകയുന്ന അഗ്‌നി പർവ്വതമാന്നെന്ന് അവൾക്ക് മാത്രമെ അറിമായിരുന്നുളളു.
ഞങ്ങൾക്ക് എങ്ങിനെ ഒരു പണി തരണമെന്ന് അവൾ ചിന്തിക്കാൻ തുടങ്ങി. അവൾ പെങ്ങളോട് ചോദിച്ചു,
“കല്യാണ ദിവസം രാവിലെയെന്താ മെനു ?”
“അത് അപ്പവും മട്ടൻ സ്റ്റുവും . വെജിറ്റേറിയന്മാർക്ക് വെജിറ്റബിൾ സ്‌റ്റ്യുവും. നീയെന്താ ചോദിച്ചത് ?”
” ഞാൻ വെറുതെ ചോദിച്ചതാ.”
“ആളുകളുടെ എണ്ണം കൂടിപ്പോയി. അല്ലായിരുന്നെങ്കിൽ നിനക്കും വരാമായിരുന്നു. ”
ചേച്ചിയുടെ മറുപടി അവളെ ഒട്ടും തന്നെ പ്രസാദിപ്പിച്ചില്ല.
“ഓ അതൊന്നും സാരമില്ലെന്നെ . ”
ഷൈനി ചേച്ചി തട്ടി വിട്ടു. ആ രാത്രി അവർ ഒരുപോള കണ്ണടച്ചിട്ടുണ്ടാകില്ല. ഞങ്ങൾക്ക് നല്കേണ്ട എട്ടിന്റെ പണിയെ കുറിച്ച് മാത്രമായിരിക്കണം അവളുടെ ചിന്ത. മട്ടൻ കറിയിൽ കീടനാശിനി ചേർത്ത് ചേച്ചിയടക്കമുള്ള കീടങ്ങളെ കൊല്ലാനായിരുന്നു അവരുടെ ആദ്യ പ്ലാൻ പിന്നീടത് വേണ്ടെന്ന് വെച്ചത് ഞങ്ങളുടെ ഭാഗ്യം . അടുത്തത് കറിയിൽ വിമ്മുകലക്കുകയെന്നതായിരുന്നു. ആ കാര്യത്തിൽ അവർ വിജയിച്ചു. കല്യാണത്തിന്റെ ടെൻഷൻ കാരണം ചേച്ചി ഒരു അപ്പവും കുറച്ച് സ്റ്റ്യുവുവിലും ഒതുക്കിയത് കൊണ്ട് കെട്ട് നടക്കുമ്പോൾ ഒന്ന് രണ്ട് തവണ ചേച്ചിക്ക് വേണ്ടി ചടങ്ങുകൾ നിർത്തി വെക്കേണ്ടി വന്നുള്ളു. അല്ലെങ്കിൽ പുറത്തുപറയാൻ കഴിയാത്ത ചില കാരണങ്ങളാൽ കല്യാണം മാറ്റി വെക്കേണ്ടിവരുമായിരുന്നു. പക്ഷേ കുടുതൽ കഴിച്ചവർക്ക് വേണ്ടി ലോഡ്ജിലെ ടോയ്ലറ്റ് മാത്രം ബുക്കു ചെയ്യെണ്ടിവന്നു.
ചെറുക്കനും കൂട്ടർക്കും ഒട്ടനവധി ചിരി മുഹൂർത്തങ്ങൾ പെണ്ണ് വീട്ടുക്കാർ സമ്മാനിച്ചു. ഉദാഹരണത്തിന് ഞങ്ങളുടെ ക്യാമറമാന്മാർ താലിക്കെട്ട് നടക്കുന്നതിന് തൊട്ടുമുൻപ് അച്ചനൊട് പറഞ്ഞു
” അച്ചാ കെട്ട് നമ്മുക്ക് അഞ്ച് മിനിറ്റ് കഴിഞ്ഞ് നടത്താട്ടോ. ഞങ്ങളൊന്ന് പോയിട്ട് വരട്ടെ ”
അവരുടെ ധർമ്മസങ്കടം കണ്ടിട്ടും അവരെ അവരുടെ ജോലിയിൽ നിർബന്ധിച്ച് പിടിച്ചു നിർത്തിയാലുള്ള ഭവിഷ്യത്ത് മനസ്സിലാക്കിയും അച്ചൻ അവർക്ക് അനുവാദം കൊടുത്തു.
ടോ യ്ലറ്റിനു മുമ്പിലുള്ളവരുടെ പാട്ടുകളിതായിരുന്നു ,
“താമസമെന്തെ ഇറങ്ങിവരുവാൻ ?
ആരാദ്യം പോകും? ഞാനാദ്യം പോകും , നിൽക്കാനിനി വയ്യ. ഇരിക്കാനും വയ്യ. ഞാനാദ്യം പോകും ?”
ചേച്ചിയുടെ കല്യാണം അവിസ്മരണീയമാക്കി തന്ന ഷൈനി ചേച്ചിയോട് ഞങ്ങൾ വളരെയധികം കടപ്പെട്ടിരിക്കുന്നു.
രചന: സജി മാനന്തവാടി