✍️✍️✍️✍️ Deepthy Praveen
മറൈന്‍ ഡ്രൈവിലേക്ക് നിഖിലിനെ കാണാന്‍ പോകുമ്പോള്‍ അമലയ്ക്ക് തന്നെ നോക്കി കൊഞ്ചനം കുത്തുന്ന വിധിയോട് കലഹിക്കണമെന്നു തോന്നി…
ഇതേ ബെഞ്ചില്‍ എത്ര തവണ നിഖിലിനെ കാത്തിരുന്നു നിരാശയായി മടങ്ങിയിട്ടുണ്ട്…. തനിക്കു വേണ്ടി മാറ്റിവെയ്ക്കാന്‍ സമയമില്ലേന്നു വഴക്കടിച്ചിട്ടുണ്ട്…. തന്റെ സങ്കടത്തിന് മേല്‍ അവന്‍ കാട്ടുന്ന അഹന്തയെ കണ്ണീരില്‍ നോക്കി നിന്നിട്ടുണ്ട്.. പഴകിയ ഒരു ചിത്രത്തിന്റെ എല്ലാ പ്രൗഡിയോടും കൂടി ഓരോന്നും മനസ്സില്‍ തെളിയാറുണ്ട്..എപ്പോഴും..
സാധാരണ ഒരു പ്രണയബന്ധം പോലെ ആയിരുന്നില്ല തങ്ങളുടെത്…. പരിഭവവും പരാതികളും വഴക്കുകളൂമായി നീണ്ട പത്തുവര്‍ഷങ്ങള്‍….. ഇന്ന് അവകാശവാദങ്ങളൊന്നുമില്ലാതെ ആത്മാര്‍ത്ഥമായി മാത്രം ഒഴുകിയ ഒരു പുഴപോല്‍ സുന്ദരം..
ഇങ്ങോട്ടുള്ള അവഗണനകളും അങ്ങോട്ടുള്ള സ്വൈര്യപെടൂത്തലുകളും എപ്പോഴോ വഴിമാറ്റി ചിന്തിപ്പിച്ചു…
നിന്നെ എനിക്കു വേണ്ട…ദയവ് ചെയ്തു ശല്യം ചെയ്യരുതെന്ന നിഖിലിന്റെ പലതവണയായുള്ള തള്ളിക്കളയലുകള്‍ ഒഴിവാക്കുകളാണ് മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്… സെല്‍ഫ് റെസ്പെക്ട് എന്നോ ഇൗഗോ എന്നോ എന്തും മറ്റുള്ളവര്‍ക്ക് വിളിക്കാമെങ്കിലും അവള്‍ക്ക് അത് വലിയ നോവായിരുന്നു….
” അവളാണ് ഇനി എന്റെയെല്ലാം .. എനിക്കു അവളെ മതി …. ഇങ്ങനെ വഴക്ക് കൂടുന്ന നിന്നെ ,മേലിലും എനിക്കു കാണണ്ട…”
പതിവുപോലെ നിഖിലുമായി തല്ലു കൂടുമ്പോഴാണ് കൂടെ ,വര്‍ക്ക് ചെയ്യുന്ന പ്രിയയെ ചൂണ്ടി അവന്‍ അവളുടെ ഹൃദയം തകര്‍ക്കുന്ന ആ വാക്കുകള്‍ പറഞ്ഞത്…
ആകെ തകര്‍ന്നു പോയ അവള്‍ തിരികേ നടക്കുമ്പോള്‍ ഒരു വാക്ക് കൊണ്ടെങ്കിലും അവന്‍ സമാധാനിപ്പിക്കുമെന്നു കരുതി…
രണ്ടൂദിവസം ശരിയും തെറ്റും തിരിച്ചറിയാതെ ഭ്രാന്തമായ അവസ്ഥയിലായിരുന്നു അമല… നിഖിലിന്റെ ഇഷ്ടത്തിന് വിട്ടുകൊടുക്കണമെന്നു കരുതുമ്പോഴൊക്കെ ഹൃദയത്തിന്റെ ഒരു ഭാഗം ഉരുകിയൊലിച്ചു കൊണ്ടിരുന്നു…
ഒരു ആശ്രയത്തിനായി തിരഞ്ഞു… ആ സമയത്താണ് കൂടെ വര്‍ക്ക് ചെയ്യുന്ന റാം വരുന്നത്..റാമിന് തന്നോടുള്ള താല്‍പര്യം പലതവണ അറിഞ്ഞിട്ടും അറിയാത്ത ഭാവം കാട്ടി നടന്നതാണ്…. ആരോടെങ്കിലും മനസില് സന്തോഷത്തോടെ സംസാരിക്കമെന്നു തോന്നിയപ്പോഴൊക്കെ റാം അവളോട് കൂടുതല്‍ ചേര്‍ന്നു നിന്നു..
റാമിനു തന്നോടുള്ള സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിയ അ മല അതേ സ്നേഹം തിരികെ കൊടുക്കാന്‍ തീരുമാനിച്ചു…പത്തുവര്‍ഷത്തെ സ്നേഹത്തില്‍ നിന്നും യാതൊരു പരിഗണനയും കൂടെ ആട്ടിയിറക്കപെട്ടവളുടെ പ്രതികാരം കൂടി ആയിരിക്കണം.. റാം കൂടുതല്‍ അലിവോടെ അവളെ ചേര്‍ത്തു പിടിച്ചു…
ഓഫീസിലെ തിരക്കിനിടയിലാണ് വീണ്ടും നിഖിലിന്റെ കോള്‍ അവളെ തേടിയെത്തിയത്.. ഇറക്കി വിടപെട്ട സങ്കടത്തിന് അപ്പുറം നിഖിലെന്ന വ്യക്തിയോട് എന്നും സ്നേഹം സൂക്ഷിച്ചിരുന്ന അമല ആ കോളിനെ സന്തോഷത്തോടെ സ്വീകരിച്ചു…..
” അമലൂ….. നിനക്കു ഞാന്‍ അന്നു പറഞ്ഞത് സങ്കടമായോ..” ദിവസങ്ങള്‍ക്ക് ,ശേഷമുള്ള നിഖിലിന്റെ അന്വേഷണം ഉള്ളിലുള്ള സങ്കടം ഇരട്ടിപ്പിച്ചു എങ്കിലും അതൊക്കെ അവള്‍ മനസ്സിലടക്കി
” അതൊന്നും സാരമില്ല.. നിനക്കു മറ്റൊരാളിനോട് ഇഷ്ടം തോന്നിയിട്ടല്ലേ….. നിന്റെ ഇഷ്ടത്തെ അംഗീകരിക്കുകയല്ലാതെ എനിക്കു മുന്നില്‍ എന്താണ് വഴി… കലഹിച്ചോ കലപില കൂടിയോ പിടിച്ചു വാങ്ങേണ്ടതല്ലല്ലോ സ്നേഹം..
ഞാനിപ്പോള്‍ റാമിന്റെ സ്നേഹം തിരിച്ചറിയുന്നു.. അതിനൊപ്പം ചേര്‍ന്നു പോകൂന്നു.. അതുകൊണ്ട് തന്നെ നിന്നോട് എനിക്കു യാതൊരു വിധ പരാതികളും ഇല്ല നിഖീ.. ”
അവളുടെ മറുപടി കേട്ട് നിഖില് പകച്ചു പോയി..
” റാമോ…?
നിനക്കു അത്ര പെട്ടെന്ന് എന്നെ മറക്കാന്‍ കഴിയുമോ.. ? എന്റെ ഭാഗത്ത് ധാരാളം തെറ്റുകള്‍ സംഭവിച്ചു…. സമ്മതിക്കൂന്നു… പക്ഷേ അമലൂ…. നീ ഇല്ലാതെ എനിക്കു പറ്റില്ല…. നീ റാമിനെ ഒഴിവാക്ക്… ” .
വാക്കുകള്‍ ചിതറി തെറിച്ചപ്പോള്‍ അതില്‍ അവന്റെ കണ്ണീര് അവള്‍ തൊട്ടറിഞ്ഞു….
” അപ്പോള്‍ പ്രിയ ”
‘ അത് ഞാന്‍ വെറുതെ…… ” നിഖിലിന് മുഴുവിക്കാന്‍ കഴിഞ്ഞില്ല..
പിന്നീടുള്ള ദിവസങ്ങള്‍ വാഗ്വാദത്തിന്റേതായിരുന്നു..
നിഖിലിന്റെ പ്രണയത്തില്‍ നിന്നും പൂര്‍ണ്ണമായും പിന്‍തിരിഞ്ഞു നടന്ന അമലയ്ക്ക് ആ പ്രണയത്തിലേക്കുള്ള മടങ്ങിവരവ് ശ്രമകരമായിരുന്നു.. പക്ഷേ നിഖിലിന്റെ സങ്കടം അവളെ തളര്‍ത്തി.. ഒന്നുമറിയാത്ത റാമിനോട് ചതി കാട്ടാനും അവള്‍ തയാറായില്ല…
നിഖിലിനെ എങ്ങനെ സമാധാനിപ്പിക്കണമെന്നു അറിയാതെ അവള്‍ കുഴങ്ങി… അവളോട് അത്രയും ചേര്‍ന്നു നിന്നിരുന്ന അവളുടെ പ്രിയപ്പെട്ടവനായ നിഖിലിനെ അങ്ങനെയൊരു അവസ്ഥയില്‍ ഉപേക്ഷിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയെ അവള്‍ സങ്കടത്തോടെ നോക്കി….
” നീ എന്നെ മനസ്സിലാക്കിയില്ലെങ്കില്‍ ഞാന്‍ മറ്റൊരു റിലേഷന്‍ തേടി പോകും..” നിഖിലിന്റെ ഭീഷണിയെ അമലയും പ്രോത്സാഹിപ്പിച്ചു.. അവന് ഒരൂ കൂട്ട് ആവശ്യമാണെന്ന് അവള്‍ പലപ്പോഴും അവനോട് ആവര്‍ത്തിച്ചു … അപ്പോഴൊക്കെയും അമലയില്‍ നിന്നും വേര്‍പെട്ടു പോകാനാകാത്ത സങ്കടം അവന്‍ പറഞ്ഞു കൊണ്ടേയിരുന്നു …
കൂറേ ദിവസം മൗനമായി ഇരുന്ന നിഖില് വലിയൊരു സര്‍പ്രൈസുമായി ആണ് അമലയെ തേടിയെത്തിയത്.. .. നിഖിലിന്റെ ഓഫീസിലെ വൈഗയും അവനും തമ്മില്‍ സ്നേഹത്തില്‍ ആണെന്നു പറഞ്ഞപ്പോള്‍ വെറുതെയെങ്കിലും അവളുടെ നെഞ്ചോന്നു പിടഞ്ഞു….മനോഹരമായ ഒരു പുഞ്ചിരിയില്‍ അവള്‍ അതു ഒളിപ്പിച്ചു…. ദിവസങ്ങളേറേയായി നിഖില് ഓരോ വിശേഷങ്ങളുമായി അമലയെ തേടിയെത്തി കൊണ്ടിരുന്നു… അമലയും അവനെ കേട്ട് തെറ്റുകള്‍ ചൂണ്ടികാട്ടുകയും നല്ലതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു…
ചേര്‍ന്നിരുന്നപ്പോള്‍ അറിയാതെ പോയ അവരുടെ ബന്ധത്തിന്റെ ശക്തി എത്രയെന്നു രണ്ടൂപേരും തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു ….
രാവിലെ ഓഫീസില് പോകാന്‍ ഇറങ്ങിയപ്പോഴാണ് നിഖില് വൈകുന്നേരം കാണണമെന്നു ആവശ്യപെട്ടത്.
കായല്‍ കാറ്റേറ്റ് ദൂരേയ്ക്ക് നോട്ടമയച്ചിരിക്കുന്ന നിഖിലിനെ ദൂരേ നിന്നു തന്നെ അമല കണ്ടൂ..
മുന്‍പൊക്കെ താനാണ് എപ്പോഴും ആദ്യം വരിക..
” നിഖി..”
അവന്റെ അടുത്തേക്ക് ഇരുന്നു പതിയെ വിളിച്ചു..
ഞെട്ടിയ പോലെ അവന്‍ ഒന്നു നോക്കി…. പെട്ടെന്നു തന്നെ ആ കണ്ണുകളില്‍ തന്നോടുള്ള സ്നേഹത്തിന്റെ തിരയിളക്കം അവള്‍ കണ്ടറിഞ്ഞു..
അവന്‍ ബെഞ്ചിന്റെ ഓരത്ത് വെച്ചിരുന്ന കവര്‍ അവളുടെ നേര്‍ക്ക് നീട്ടി….അതില്‍ അവള്‍ക്ക് ഏറെയിഷ്ടമുള്ള മസാല കടല ആയിരുന്നു.. മുന്‍പൊക്കെ ഇതുവാങ്ങി തരാന്‍ പറഞ്ഞാല്‍ കേട്ടഭാവം കാട്ടാത്ത നിഖിയാണ് ഇപ്പോള്‍ തന്റെ ഇഷ്ടങ്ങളെ കണ്ടറിഞ്ഞു ചെയ്യുന്നത്.
പെയ്യാന്‍ തുടങ്ങിയ കണ്ണുനീരിനെ കണ്ണുകളില്‍ തന്നെ പണിപെട്ടു അവള്‍ അടക്കി..
” അമലു…
നിന്നോട് പറയാതെ എന്റെ ഒരു കാര്യങ്ങളും മുന്നോട്ട് പോകുന്നില്ല…. നീ നല്ലതോ തെറ്റോ എന്നു പറയാതെ എനിക്കു ഒന്നും ചെയ്യാന്‍ വയ്യ.. ,നീ ആയിരുന്നു എന്നെ മുന്നോട്ട് നടത്തിയിരുന്നത്..നമ്മുടെ വഴക്കിനും പരാതികള്‍ക്കും ഇടയില്‍ നമ്മള്‍ അതൊക്കെ മറന്നു.. ”
നിഖില് പറഞ്ഞത് ,ശരിയാണ്..എന്തു കാര്യം ഉണ്ടെങ്കിലും അവനോട് പറഞ്ഞില്ലെങ്കില്‍ ഒരു സമാധാനകേടാണ്…..
” അമലൂ….. അപ്പോഴത്തെ വാശിയില്‍ ദേഷ്യത്തില്‍ നമുക്കു നമ്മളെ നഷ്ടമായി പോയി്.. ചില തെറ്റുകള്‍ക്ക് തിരുത്തലുകള്‍ സാധിക്കില്ലല്ലോ….
എങ്കിലും നിന്റെ സാമീപ്യം എനിക്കു വേണം അമലൂ.. നീയില്ലാതെ എനിക്കു മുന്നോട്ട് നടക്കാന്‍ കഴിയില്ല…എന്റെ ഓരോ ചുവടിലും നിന്റെ ചുവടും വേണം…”
അവന്‍ പറയുന്ന ഓരോ വാക്കിലെയും ആത്മാര്‍ത്ഥത അമല തൊട്ടറിയുന്നുണ്ടായിരുന്നു..
കണ്ണുകള്‍ മുകളിലേക്ക് ഉയര്‍ത്താന്‍ അവള്‍ ഭയന്നു.. അവന്റെ മുന്നില്‍ പൊട്ടിത്തകരുമോ എന്ന വേവലാതിയോടെ അവള്‍ നിലത്തേക്ക് മിഴിയുറപ്പിച്ചു..
”എനിക്കു മറ്റൊന്നും വേണ്ട അമലൂ…എന്റെ നിഴല്‍ പോലെ നീ കൂടെ വേണം..”
ഇത്രയും പറഞ്ഞു അവളുടെ വലത്തേ കൈയ്യില്‍ ഒന്നമര്‍ത്തി പിടിച്ച ശേഷം നിഖില് എഴുന്നേറ്റു പോയി…
” ഇത്രയൊക്കെ സ്നേഹിച്ചിട്ടും നമ്മള്‍ പാതിവഴിയില്‍ പിരിഞ്ഞു പോയല്ലോന്ന നിശബ്ദ നിലവിളി അമലയുടെ തൊണ്ടയില്‍ കുരുങ്ങി..
അവള്‍ നിഖില് പോയ വഴിയിലേക്ക് നോക്കി… ഒരുപാട് ആളുകള്‍ക്ക് ഇടയിലേക്ക് അലിഞ്ഞലിഞ്ഞ് അവനെ കാണാതെയാകും വരെ….
✍️✍️✍️✍️ Deepthy Praveen