രചന : Manu Reghu
“ദേ മനുഷ്യാ… ഒന്നെണീക്കുന്നുണ്ടോ ??… നേരം ഒത്തിരിയായി.”
കണ്ണ് തുറന്നു നോക്കിയപ്പോൾ പെണ്ണുമ്പിള്ള അലമാരയിൽ എന്തോ തിരയുന്നു. കസവു സാരിയൊക്കെ ഉടുത്തു അമ്പലത്തിൽ പോകാനുള്ള ഒരുക്കമാണ്. മോള് ഉണർന്നിട്ടില്ല. അവൾ എന്നെ കെട്ടിപ്പിടിച്ചു നല്ല ഉറക്കം. ഞാൻ അവളെ ഉണർത്താതെ പതിയെ എഴുന്നേറ്റു ഇരുന്നു.
“ഇന്നെന്താ നല്ല ചൂടിലാണന്ന് തോന്നുന്നല്ലോ. ഒരു ചായ തരാൻ വിരോധം ഉണ്ടോ. ”
” ചായ അടുക്കളയിൽ ഇരിപ്പുണ്ട്. വേണേൽ പോയി എടുത്തു കുടിച്ചോ. ”
നല്ല ദേഷ്യത്തിൽ ആണെന്ന് മനസ്സിലായി. കാരണം വേറെ ഒന്നും അല്ല. ഇന്നലെ ചങ്ങാതിയുടെ മകളുടെ പിറന്നാൾ ആഘോഷം കൂടാൻ പോയി. ഇന്ന് ഞായറാഴ്ച ആയതുകൊണ്ടും അവന്മാർ എല്ലാരും ഒത്തിരി നിർബന്ധം പറഞ്ഞതുകൊണ്ടും രണ്ടു പെഗ് കഴിച്ചു. അതിന്റെ ദേഷ്യം ആണ്.
എന്തായാലും ചായ കൊണ്ട് തന്നു. ലക്ഷ്മി ദേവി ചായയുമായി വന്നപോലെ. കൈയിൽ തരാതെ മേശപ്പുറത്തു വെച്ചിട്ട് “ജീവേട്ടാ ഞാൻ അമ്പലത്തിൽ പോകുകയാണെന്നും” പറഞ്ഞു പോയി. ചിലനേരത്തു ഇങ്ങനെയാ. ലക്ഷ്മി ദേവിയുടെ സൗന്ദര്യവും ഭദ്രകാളിയുടെ സ്വഭാവവും..
ഏഴു വർഷങ്ങൾക്കു മുൻപ് ഇതോപോലെ കസവു സാരിയും ഉടുത്തു നിന്നപ്പോഴാ ഈ മൊതലിനെ ഞാൻ ആദ്യമായി കാണുന്നത്. ഞാൻ നാട്ടിൽ ചെറിയ കോൺട്രാക്ട് ജോലികളും മറ്റുമായി നടക്കുന്ന സമയം. കവലയിൽ ഷീബ ചേച്ചിയുടെ തയ്യൽ കടയുടെ മുന്നിലൂടെ ബൈക്കിൽ പോകുകയായിരുന്നു. സാധാരണ ആ വഴി പോകുമ്പോൾ ആ കടയിൽ ഒന്ന് നോക്കുന്നത് പതിവാണ്. വീട്ടിലെ തയ്യൽ ജോലികളൊക്ക ചേച്ചിയാ ചെയ്യുന്നേ. അങ്ങനെ പരിചയം ഉള്ളതുകൊണ്ട് ഒരു പരിചയം പുതുക്കലിന്റെ ഭാഗമായി ഒരു പുഞ്ചിരി ചേച്ചിക്ക് പതിവുള്ളതാ.
അന്ന് വൃശ്ചികം ഒന്നാം തിയതി. വല്ലപ്പോഴും ഉള്ള ക്ഷേത്രദർശനം കഴിഞ്ഞു ഞാൻ ജോലിക്ക് പോകുകയായിരുന്നു. ചേച്ചിയുടെ പതിവ് ചിരി കൊടുക്കാൻ അങ്ങോട്ട് തിരിഞ്ഞു നോക്കിയതാ. സെറ്റ് സാരിയും ഉടുത്തു കുങ്കുമ കുറിയും ഇട്ടു കൺമഷി വരച്ചു അങ്ങനെ നിൽക്കുന്നു നമ്മുടെ നായിക. ” എന്റെ സാറെ” പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റിയില്ല. എന്തിനു എതിരെ വന്ന ഓട്ടോ പോലും. ദാ കിടക്കുന്നു ഓടയിൽ. അതും കൃത്യം അവളുടെ മുന്നിൽ. അമ്മയുടെ പ്രാർത്ഥന കൊണ്ടാകും വലിയ കേടൊന്നും പറ്റിയില്ല.
‘എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നെ” വീട്ടിൽ പറഞ്ഞിട്ടാണോ ഇറങ്ങിയത്, തുടങ്ങിയ സ്ഥിരം ഡയലോഗ് ഒത്തിരി കേട്ടു. ചമ്മി നാറി എന്നു പറഞ്ഞാൽ മതിയല്ലോ. എല്ലാരും കൂടി പിടിച്ചു എണീപ്പിച്ചു. ഷീബ ചേച്ചിയുടെ കടത്തിണ്ണയിൽ പിടിച്ചിരുത്തി. തിരക്കുള്ളവർ ഒക്കെ പോയി. വേറെ ജോലിക്ക് ഒന്നും പോകാത്തവർ തൊട്ടും തലോടിയും ഒക്കെ ഇരുന്നു.
എനിക്കു കുടിക്കുവാൻ വെള്ളം വേണം എന്നു പറഞ്ഞപ്പോൾ ആരോ ഒരു കുപ്പി എന്റെ നേർക്കു നീട്ടി. ഏലക്ക ഇട്ടു തിളപ്പിച്ച ഇളം ചൂടുവെള്ളം ആയിരിന്നു. നല്ല ആശ്വാസം തോന്നി. കുപ്പി തിരികെ കൊടുത്തപ്പോൾ ആണ് ഞാൻ അതിന്റെ ഉടമയെ കണ്ടതും. നമ്മുടെ നായിക. അവളുടെ മുഖത്തു ഒരു കള്ളച്ചിരി ഉണ്ടായിരുന്നു. ” നീ ചിരിച്ചോടി…. ഒരിക്കൽ എനിക്കു വേണ്ടി നീ വെള്ളം ചൂടാക്കും ” എന്ന് എന്റെ മനസ്സ് മന്ത്രിച്ചു. ആ മന്ത്രണം ഒരു കള്ളച്ചിരിയായി എന്റെ മുഖത്തും പ്രതിഫലിച്ചു.
അപ്പോഴേക്കും ഷീബച്ചേച്ചി കടയിൽ എത്തിയിരുന്നു. എന്നെ കണ്ടതും അങ്ങോട്ട് വന്നു. കാര്യങ്ങൾ ഒക്കെ ചോദിച്ചു. കുഴപ്പമില്ല എന്നു പറഞ്ഞപ്പോൾ ചേച്ചി കടയിലേക്ക് പോയി. പിന്നാലെ അവളും പോയി. അപ്പോഴാണ് അവൾ ചേച്ചിയുടെ പുതിയ ശിഷ്യയാണെന്ന് മനസ്സിലായത്. കുറച്ച് സമയം കഴിഞ്ഞു ഞാൻ ജോലിക്കും പോയി.
അന്നുമുതൽ അതിലെ പോകുമ്പോൾ ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി. ആശാത്തി മുടിഞ്ഞ തയ്യലാണ് എപ്പോ നോക്കിയാലും. വല്ലതും അറിഞ്ഞിട്ടാണോ എന്തോ. കരഞ്ഞു കരഞ്ഞു വണ്ടിയുടെ ഹോൺ പോയത് മിച്ചം. കുറെ ശ്രമിച്ചിട്ടും അവൾ ശ്രദ്ധിക്കുന്നില്ല എന്നു മനസ്സിലായപ്പോൾ നിരാശ തോന്നി.
നമുക്കിതൊന്നും പറഞ്ഞിട്ടില്ലായിരിക്കും എന്ന് ചിന്തിച്ചു നടക്കുന്ന സമയത്താണ് ഒരേയൊരു പെങ്ങൾ, എന്റെ കുഞ്ഞുപെങ്ങൾ ( സംഗീത )കൂട്ടുകാരിയുടെ കല്യാണത്തിന് പോകാൻ പുതിയ ചുരിദാർ വേണം എന്നു പറഞ്ഞു പിന്നാലെ നടക്കാൻ തുടങ്ങി. അവളെയും കൊണ്ട് പോയി ഒരെണ്ണം വാങ്ങി കൊടുത്തു. വൈകിട്ട് വീട്ടിൽ ചെന്നപ്പോൾ വല്ലാത്ത സ്നേഹം. മുറിയിൽ കയറിയപ്പോൾ രണ്ടുമൂന്നു ഷർട്ടും രണ്ടു പാന്റും അലക്കി ഇസ്തിരി ഇട്ടു വെച്ചിരിക്കുന്നു. മുറിയൊക്കെ വൃത്തിയാക്കി ഇട്ടിരിക്കുന്നു. ചായയും റെഡി. ചുരിദാർ വാങ്ങികൊടുത്തതിന്റെ നന്ദിയായിരിക്കും എന്നു കരുതിയ എനിക്കു തെറ്റി.
വില്ലത്തികൾ എല്ലാരും കൂടി ഒരേ പോലുള്ള പാവാടയും ഹാഫ് സാരിയും ഇടാനുള്ള പ്ലാൻ ആയിരുന്നു. അത് വാങ്ങിക്കൊടുക്കാൻ ഉള്ള പാലം ഇട്ടതാ. പെങ്ങളായിട്ട് ഒന്നല്ലേ ഉള്ളൂ. അതുകൊണ്ട് വാങ്ങിക്കൊടുക്കാതിരിക്കാനും മനസ്സ് വരില്ല. പിറ്റേന്ന് വീണ്ടും കടയിൽ കൊണ്ടുപോയി എല്ലാം വാങ്ങി. ബ്ലൗസ് തയ്പ്പിക്കണം. അതിനു ഷീബ ചേച്ചിയുടെ കടയിൽ കൊണ്ട് നിർത്തി. നമ്മുടെ നായിക എന്തോ തയ്ക്കുന്നു. ചേച്ചി അനിയത്തിയേയും കൂട്ടി അളവെടുക്കാൻ അകത്തേക്ക് പോയി.
“അല്ല. ഇതാരാ. ഇപ്പോൾ ഇവിടുത്തെ ഓടയിൽ ഒന്നും കാണാറില്ലല്ലോ. പെൺപിള്ളേരെ വായിനോക്കുന്ന ഏർപ്പാടൊക്കെ നിർത്തിയോ. ”
” ആ കുറച്ചു നാളത്തേക്ക് നിർത്തി വെച്ചിരിക്കുവാ. വായിനോക്കിയതിൽ ഒരു പെണ്ണിനെ മനസ്സിന് വല്ലാതെ ഇഷ്ടപ്പെട്ടു. അവളുടെ നിലപാട് എന്താണെന്നു അറിഞ്ഞിട്ടു തുടരാം എന്നു കരുതുന്നു.”
“ആരാണാവോ ആ ഭാഗ്യദോഷി. ”
“അതൊക്കെ ഉണ്ട്. സമയമാകുമ്പോൾ അറിയും. എന്താ കുട്ടിയുടെ പേര്.”
“എന്റെ പേര് ജനനി. ഇഷ്ടമുള്ളവർ ജെനി എന്നു വിളിക്കും. ”
( ചേട്ടൻ എന്നെ അങ്ങനെ വിളിച്ചാൽ മതി എന്ന് അവളുടെ കണ്ണുകൾ എന്നോട് പറഞ്ഞു. )
“ജനനി. നല്ല പേരാണല്ലോ. ഞാൻ സജീവ്. ഇവിടെ അടുത്തു തന്നെയാ താമസം. ”
“എനിക്കറിയാം. ഷീബേച്ചി പറഞ്ഞിരുന്നു.”
അങ്ങനെ ഓരോന്നു സംസാരിച്ചു നിന്നപ്പോൾ അളവെടുക്കുവാൻ പോയവർ തിരികെ വന്നു. ഞാൻ അനിയത്തിയേയും കൊണ്ട് പോയി. രണ്ടു ദിവസം കഴിഞ്ഞു അത് വേടിക്കാൻ വീണ്ടും ചെന്നു. അതിമനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ടവൾ അതെടുത്തു തന്നു. അതോടുകൂടി ഞാൻ ഫ്ലാറ്റ്. കെട്ടുന്നെങ്കിൽ ഇവളെ തന്നെ. അതിനു ഇനി എന്തു ബുദ്ധിമുട്ട് ഉണ്ടേലും..
പിന്നെ ഷീബ ചേച്ചിക്ക് നൽകാറുള്ള പുഞ്ചിരി ഞാൻ ജെനിക്കു കൈമാറി. പതിയെ പതിയെ ഞങ്ങൾ അടുത്തുകൊണ്ടിരുന്നു ഫോൺ വിളികൾ ആയി. അവസാനം പ്രണയത്തിലും. മൂന്നു വർഷത്തോളം ഞങ്ങൾ പ്രണയത്തിന്റെ കൊടുമുടിയിൽ പാറിനടന്നു. വർഷങ്ങൾ എത്ര വേഗമാണ് കടന്നു പോയത്.
ഒരു ദിവസം ഷീബേച്ചി എന്നെ വഴിയിൽ തടഞ്ഞു നിർത്തി. ഞാനും ജനനിയും തമ്മിൽ എന്താണെന്നു ചോദിച്ചു. ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി. പക്ഷേ ചേച്ചി എല്ലാം അറിഞ്ഞിരുന്നു. അവൾ എല്ലാം പറഞ്ഞിരുന്നു. ചേച്ചി എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ നോക്കി. കാരണം അവളുടെ വീട്ടുകാർ ആയിരുന്നു.
ചേട്ടൻ ഭൂലോക പോക്കിരി ആയിരുന്നു. അമ്മ പണ്ടെങ്ങോ മരിച്ചു. അച്ഛൻ ഉള്ളതും ഇല്ലാത്തതും കണക്കാ. അവളുടെ അപ്പച്ചിയുടെ മോനു വേണ്ടി കല്യാണമുറപ്പിച്ചു. അതും ഒരു തല്ലുകൊള്ളിയാ. വെറും ഒരു വൃത്തികെട്ടവൻ. പിന്നെ സദാസമയവും കള്ളുകുടി. അവളുടെ മുറച്ചെറുക്കൻ ഏതോ ഒരു സ്ത്രീയുമായി ബന്ധം ഉണ്ടയിരുന്നു. അതിൽ നിന്നും പിന്മാറ്റാൻ വേണ്ടിയാണു ഈ കല്യാണം.
ഷീബേച്ചിയുടെ വാക്കുകൾ എന്റെ മനസ്സിൽ ആഴത്തിൽ ഉള്ള മുറിവുകൾ ഉണ്ടാക്കി. കേട്ടതൊന്നും വിശ്വസിക്കാൻ പറ്റിയില്ല. ചിന്തിച്ചു നിന്ന എന്നോട് ചേച്ചി വീണ്ടും പറഞ്ഞു.
“സജി നിനക്കു ചേർന്ന തരക്കാർ അല്ലേടാ. അവൾ നല്ല കുട്ടിയാ. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും നല്ല കുട്ടി. അടക്കവും ഒതുക്കവും ഒക്കെ ഉണ്ട്. പക്ഷേ വീട്ടുകാർ ശരിയാകില്ല. നിന്റെ കുടുംബത്തിന്റെ രീതികളുമായി ഒത്തുപോകില്ല. അമ്മയും അനിയത്തിയും ഒന്നും സമ്മതിക്കില്ല. നീ അത് മറന്നേക്കൂ. നമുക്ക് അത് ശരിയാകില്ലെടാ മോനെ. ”
“ചേച്ചി ഞങ്ങൾ അത്രക്കു സ്നേഹിച്ചു പോയി. ഇനി എല്ലാം… ”
“മറക്കണം. അവളോട് ഞാൻ എല്ലാം പറഞ്ഞു മനസിലാക്കാം. അവൾ അത് മനസ്സിലാക്കും. മാത്രമല്ല ഇപ്പോൾ അവളുടെ കല്യാണവും ഉറപ്പിച്ചു. ”
ഒരു പെങ്ങളുടെ സ്ഥാനത്തു നിന്നു ചേച്ചിയത് പറഞ്ഞപ്പോൾ ആകെ അസ്വസ്ഥമായി ഞാൻ എന്തുചെയ്യണം എന്നറിയാതെ മിഴിച്ചു നിന്നു. അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. ചില കാര്യങ്ങൾ ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. പിറ്റേന്ന് രാവിലെ ഞാൻ ജനനി വരുന്ന വഴിയിൽ കാത്തിരുന്നു. എന്നെ കണ്ടതും അവളുടെ മുഖം വാടി. ചേച്ചി അവളോട് എന്തൊക്കെയോ സംസാരിച്ചു എന്നെനിക്കു മനസ്സിലായി. എന്നെ കണ്ടതും അവൾ ഒഴിഞ്ഞു മാറി പോകാൻ തുടങ്ങി. ഞാൻ അവളെ തടഞ്ഞു നിർത്തി.
“ജെനി . നിന്നെ കാണാനാ ഞാൻ ഇവിടെ കാത്തു നിന്നത്. ”
“എന്തിനു. ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല. ജീവേട്ടൻ ഇനി എന്നെ കാണാൻ വരരുത്. ”
അവളുടെ ആ മറുപടി എന്നെ തളർത്തി.
“നീ എന്താ ഇങ്ങനെ പറയുന്നത്. നിനക്ക് എന്താ പറ്റിയത്. ചേച്ചി ഇന്നലെ നിന്നെ കുറിച്ച് എല്ലാം എന്നോട് പറഞ്ഞു. കേട്ടതൊക്ക സത്യമാണോ. നിന്റെ കല്യാണം ഉറപ്പിച്ചോ. നിന്റെ സമ്മതം ഉണ്ടായിരുന്നോ.”
“ഉണ്ടന്ന് കൂട്ടിക്കോളൂ. എനിക്കു കൂടുതലൊന്നും പറയാൻ ഇല്ല. ഞാൻ പോകുന്നു. ”
കണ്ണുകളിൽ ഇരുട്ട് കയറിയ പോലെ. ഞാൻ അവളെ തന്നെ നോക്കി നിൽക്കേ അവൾ നടന്നു പോയി. പിന്നാലെ ചെന്നു അവളുടെ കയ്യിൽ പിടിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. വീണ്ടും കൈ തട്ടി മാറ്റി അവൾ നടന്നു പോയി.
ആരൊക്കെയോ വരുന്നുണ്ടായിരുന്നു. നാട്ടിൽ അല്പം നിലയും വിലയും ഉള്ളതുകൊണ്ട് പിന്നെ അവളെ തടഞ്ഞില്ല. പിന്നെ സംസാരിക്കാം എന്നുകരുതി ഞാൻ വണ്ടിയുമായി പോന്നു.
ജോലി കഴിഞ്ഞു അല്പം ഇരുട്ടിയാണ് ഞാൻ ഇറങ്ങിയത്. വീട്ടിലേക്കു എത്തുന്നതിനു മുൻപ് ഒരാൾ വന്നെന്റെ വണ്ടി തടഞ്ഞു. ആരാണെന്നു എനിക്കു മനസിലായില്ല. പിന്നാലെ രണ്ടുമൂന്നു പേരും വന്നു. സംഗതി അത്ര പന്തിയല്ല എന്നു തോന്നി ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി. ജെനിയുടെ ആങ്ങള ആണോന്നു എനിക്കു സംശയം ഉണ്ടായിരുന്നു. അവർ കുടിച്ചിരുന്നു എന്നു മനസ്സിലായി.
“എന്റെ പെങ്ങളുമായി നിനക്കെന്താ ബന്ധം. നീ എന്തിനാ അവളെ ശല്യം ചെയുന്നത്. ”
“എനിക്ക് മനസ്സിലായില്ല. നിങ്ങൾ ആരാണെന്നു പറയൂ. എന്നിട്ടാകാം ബാക്കി.”
“നീ കൂടുതൽ ഒന്നും പറയണ്ട. മേലാൽ എന്റെ പെങ്ങളുടെ പിന്നാലെ നടന്നാൽ കൊന്നുകളയും. ”
“ഏയ്. നിനക്ക് ചുമ്മാ കൊന്നിട്ട് പോകാനല്ലല്ലോ എന്റെ അച്ഛനും അമ്മയും എന്നെ വളർത്തിയത്. ”
സംസാരിച്ചു വഷളായി. അങ്ങോട്ടും ഇങ്ങോട്ടും തല്ലി. അവർ നാലുപേര് കൂടി ചേർന്നിട്ടും എന്നെ കീഴടക്കാൻ ആയില്ല. പക്ഷെ അവളുടെ മുറച്ചെറുക്കൻ ആണെന്ന് തോന്നുന്നു, ഒരു തടിക്കഷണം എടുത്തു തലക്കടിച്ചു. അതോടെ ഞാൻ വീണു. ബോധം മറയുന്നതു വരെ അവർ എന്നെ തറയിൽ ഇട്ടു ചവിട്ടി.
കണ്ണ് തുറന്നപ്പോൾ ഞാൻ ആശുപത്രിയിൽ ആണ്. അമ്മയും ഷീബേച്ചിയും അനിയത്തിയും എന്റെ കൂട്ടുകാരും ഉണ്ട്. അമ്മയും അനിയത്തിയും കരഞ്ഞു തളർന്നിരുന്നു. ഞാൻ ചേച്ചിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ചേച്ചിയും സങ്കടത്തിൽ ആയിരുന്നു. ആരും ഒന്നും മിണ്ടുന്നില്ല. പിന്നെ ഞാൻ തന്നെ ഓരോന്ന് സംസാരിച്ചു തുടങ്ങി.
തലയിൽ നല്ല ഒരു മുറിവുണ്ട്. ദേഹമാസകലം നല്ലവേദന. ഭാഗ്യത്തിന് എല്ലൊന്നും ഒടിഞ്ഞില്ല. അത്യാവശ്യം അധ്വാനം ഉള്ളതുകൊണ്ടാകും. എല്ലിനോക്കെ നല്ല ഉറപ്പായിരുന്നു. വൈകുന്നേരം ആയപ്പോൾ അമ്മയും ഷീബേച്ചിയും വീട്ടിലേക്കു പോയി. ഒത്തിരി നിർബന്ധിച്ചിട്ടും അനിയത്തി പോകാൻ കൂട്ടാക്കിയില്ല. ഞങ്ങൾ അത്രക്ക് കൂട്ടായിരുന്നു. എന്റെ ദേഹത്ത് ഒരു മൊട്ടുസൂചി കൊള്ളുന്നതും അവൾക്കു സഹിക്കില്ല. എനിക്കും അങ്ങനെ ആയിരുന്നു.
എന്റെ കൂട്ടുകാരും ഉണ്ടായിരുന്നു. അമ്മ പോയി എന്നുറപ്പായപ്പോൾ അവൾ പതിയെ എന്നോട് ചോദിച്ചു.
” ഏട്ടാ, സത്യം പറയണം. ജനനിയുടെ ആങ്ങളയാണോ ഇതു ചെയ്തത്. ”
“അറിയില്ല മോളെ . ആരാണെന്നു എനിക്കറിയില്ല. ”
“കള്ളം പറയണ്ട ഏട്ടാ. ഷീബേച്ചി എന്നോട് എല്ലാം പറഞ്ഞു ”
“അമ്മ അറിഞ്ഞോ മോളെ. ”
“ഇല്ല ഏട്ടാ. ഞാൻ പറയണ്ട എന്ന് പറഞ്ഞു”
“സാരമില്ല മോളെ. അവൾ ഒരു പാവമാ. അവൾ ഇതൊന്നും അറിഞ്ഞിട്ടുണ്ടാകില്ല.”
രണ്ടുതുള്ളി കണ്ണുനീർ എന്റെ കണ്ണിൽ നിന്നും ഇറ്റുവീണു . അങ്ങനെ ആകരുതേ എന്നായിരുന്നു എന്റെയും പ്രാർത്ഥന. കാരണം എനിക്കു അവളെ അത്ര ഇഷ്ടമായിരുന്നു. ഇഷ്ടമുള്ളവർ ഉണ്ടാക്കുന്ന മുറിവുകൾക്കു ആഴം കൂടും എന്നാരോ പറഞ്ഞത് ഓർത്തു.
കൂട്ടുകാരൊക്കെ നല്ല ദേഷ്യത്തിൽ ആയിരുന്നു. കൂട്ടുകാർ എന്നു പറഞ്ഞാൽ കോൺക്രീറ്റ് പണിക്കാരൻ മുതൽ SI സെലെക്ഷൻ കിട്ടിയവൻ വരെ ഉണ്ട്. അവന്മാരെ തിരിച്ചു തല്ലണം എന്നു പറഞ്ഞു ബഹളം. ഞാൻ അവരെ തടുത്തു. എല്ലാം വിട്ടേക്കാം എന്നു പറഞ്ഞു. അല്ലെങ്കിലും തല്ലുംപിടിയും ഒക്കെ ആവിശ്യത്തിന് മാത്രമല്ലെ പാടുള്ളു.
പിറ്റേന്ന് രാവിലെ ഉറക്കം ഉണർന്നപ്പോൾ ആരും ഇല്ല. ഒന്ന് ഫ്രഷ് ആയി പുറത്തു ഇറങ്ങി നടന്നു. കാല് വേദന ഉണ്ടായിരുന്നു. അതുകൊണ്ട് അധികം നടന്നില്ല. റൂമിൽ വന്നു കിടന്നു. സംഗീതയെ ഫോണിൽ വിളിച്ചു. ഇതാ എത്തി ഏട്ടാ എന്നവൾ പറഞ്ഞു. ഫ്ലാസ്കിൽ ചായ ഉണ്ടായിരുന്നു അതെടുത്തു കുടിച്ചു. വീണ്ടും കിടന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ അനിയത്തി വന്നു.
“നീ ഇതെവിടെ പോയതാ. അമ്മ വന്നോ. എവിടേലും പോകുമ്പോൾ പറയണ്ടേ. അവന്മാരൊക്കെ എപ്പോഴാ പോയത്. ”
“ഞാൻ ഒന്ന് വീട് വരെ പോയതാ. അമ്മ ഉച്ചക്കെ വരുള്ളൂ. ”
ആരെയും കാണാത്തതു കൊണ്ടു ഞാൻ ആകെ ബോറടിച്ചു.
“ഏട്ടാ ജെനി വിളിച്ചിരുന്നോ. ”
പെട്ടന്നുള്ള അവളുടെ ചോദ്യം എന്നെ ധർമസങ്കടത്തിലാക്കി. ഉത്തരം പറയാനാകാതെ പരുങ്ങി.
‘അവൾ ഇനി വിളിക്കില്ല മോളെ. അവളുടെ കല്യാണം ഉറപ്പിച്ചു. അതുകൊണ്ട് ഇനി അവൾ വിളിക്കുമെന്ന് തോന്നുന്നില്ല.”
കണ്ണുകൾ നിറയാൻ തുടങ്ങിയപ്പോൾ ഞാൻ തിരിഞ്ഞു കിടന്നു.
“അവളെ എനിക്കു ഒത്തിരി ഇഷ്ടമായിരുന്നു. അവളെ മറ്റൊരാൾ സ്വന്തമാക്കുന്നത് കണ്ടു വേദനിക്കാനാകും എന്റെ വിധി. മോളെ നീ ഇതൊന്നും അമ്മയോട് പറയണ്ട. അമ്മക്ക് സങ്കടം ആകും. ”
“ഞാൻ ഒന്നും പറയുന്നില്ല. പക്ഷെ ഇനി എന്താ ചെയ്ക. ”
“എന്ത് ചെയ്യാൻ. അവൾ പോട്ടെ. അവൾക്കു ഇഷ്ടം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ. ”
“ഏട്ടന് സങ്കടം ഇല്ലേ. ”
” കുറച്ച് സങ്കടം ഉണ്ട്. അതൊക്കെ പതുക്കെ മാറിക്കോളും. എന്നാലും അവൾ എന്നെ മറന്നല്ലോ. ”
പിന്നെയും ഞാൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞിരുന്നു. കുറച്ചു നേരം ഞാൻ ഒന്നും മിണ്ടാതെ കിടന്നു. അവൾ എന്റെ ബെഡിൽ ഇരുന്നു.
എന്റെ കവിളിൽ തുള്ളി കണ്ണുനീർ ഇറ്റു വീണു. അവൾ കരയുന്നത് പോലെ എനിക്കു തോന്നി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് സംഗീതയെ ആയിരുന്നില്ല. അത് ജെനി ആയിരുന്നു. എന്റെ മുഖം കണ്ടതും അവൾ പൊട്ടിക്കരഞ്ഞു. എന്താണ് സംഭവിക്കുവന്നതെന്നു എനിക്കു മനസ്സിലായില്ല. അവളുടെ മുഖത്ത് അടികൊണ്ട പാടുകൾ ഉണ്ടായിരുന്നു.
“ജീവേട്ടാ..”
“ജെനി…. ഇനി എനിക്കു അങ്ങനെ വിളിക്കാമോ. നീ എങ്ങനെ ഇവിടെ ??? ”
“ജീവേട്ടാ.. എന്റെ ചേട്ടൻ ദുഷ്ടനാ. അവൻ ഇതു ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. അതാ ഞാൻ അന്ന് അങ്ങനെയൊക്കെ സംസാരിച്ചത്. ജീവേട്ടന് എന്തെങ്കിലും പറ്റിയാൽ എനിക്കു സഹിക്കാൻ കഴിയില്ല. അത് കൊണ്ടു മാത്രം എനിക്കിഷ്ടമില്ലാത്ത ഈ കല്യാണത്തിന് ഞാൻ സമ്മതിച്ചത്. ”
“പക്ഷേ ഇപ്പോഴും തോറ്റത് ഞാൻ അല്ലെ? നീ മറ്റൊരുത്തന്റെ സ്വന്തമാകുന്നത് കാണാൻ എനിക്കെങ്ങനെ കഴിയും. ”
“ഇല്ല ജീവേട്ടാ. മറ്റൊരാൾ എന്റെ കഴുത്തിൽ താലി ചാർത്തുന്നു എങ്കിൽ അതെന്റെ ശവത്തിൽ ആയിരിക്കും. അവന്റെ ഭാര്യയായി ജീവിക്കുന്നതിലും ഭേദം മരണം ആണ്. ”
“നിനക്കെന്താ ഭ്രാന്ത് ആയോ. നിന്റെ സമ്മതം ഇല്ലതെ ഒരുത്തനും നിന്റെ കഴുത്തിൽ താലി കേട്ടില്ല. ഒരുത്തനും നിന്നെ വിട്ടുകൊടുക്കില്ല. ഞാനാ പറയുന്നത്.”
അവളുടെ കണ്ണുകളിൽ പേടി ഉണ്ടായിരുന്നു. അവളുടെ ചേട്ടനെ കുറിച്ചാണ് എന്നെനിക്കു ഉറപ്പായിരുന്നു. അവളെ സമാധാനിപ്പിച്ചു വിട്ടു. അതിന്റെ പേരിൽ ഒത്തിരി തല്ലു കൊണ്ടു പാവം. എല്ലാം സഹിച്ചു എനിക്കുവേണ്ടി. എന്നോട് എല്ലാം ഷീബേച്ചി പറയുന്നുണ്ടായിരുന്നു.
ആശുപത്രിയിൽ നിന്നിറങ്ങി ആദ്യം പോയി കണ്ടത് അവളുടെ ചേട്ടനെയും മുറച്ചെറുക്കനെയും ആയിരുന്നു. കണ്ടു എന്നു പറഞ്ഞാൽ പോരാ. രണ്ടെണ്ണം പൊട്ടിച്ചു. ഇനി അവളുടെ ഇഷ്ടമില്ലതെ കല്യാണത്തിന് ഒരുങ്ങിയാൽ കാലും കയ്യും തല്ലി ഒടിക്കും എന്നു പറഞ്ഞു. ചോദിച്ചാൽ ചങ്ക് പറിച്ചു തരുന്ന കൂട്ടുകാർ ആയിരുന്നു എന്റെ ബലം. എന്തായാലും സംഭവം ഏറ്റു. മുറച്ചെറുക്കൻ പിന്നെ അവളെ കാണാൻ പോലും ചെന്നിട്ടില്ല. ചേട്ടന് ചില എതിർപ്പുക്കൾ ഉണ്ടായിരുന്നു. എന്നാലും നേരിട്ട് ഒരാക്രമണം ഉണ്ടായില്ല.
വർഷങ്ങൾ വീണ്ടും കടന്നു പോയി. അനിയത്തിയുടെ കല്യാണം ഉറപ്പിച്ചു. വരൻ പോലീസ് ആണ്. മറ്റാരുമല്ല എന്റെ ചങ്ങാതി തന്നെ. അവനു അവളെ ഇഷ്ടമായിരുന്നു. പോസ്റ്റിങ്ങ് കിട്ടാൻ കാത്തു നിന്നതാ. ജോലി കിട്ടിയ ശേഷം അവന്റെ അമ്മ നേരിട്ട് വന്നു പെണ്ണുചോദിച്ചപ്പോൾ വലിയ സന്തോഷം തോന്നി. കുഞ്ഞു പെങ്ങളുടെ മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടി. ഇതിനു നാണമൊക്കെ വരുമോ. എന്തായാലും അതങ്ങു ഉറപ്പിച്ചു. നല്ലരീതിയിൽ നടത്തി.
അധികം താമസിയാതെ ജെനിയെ സ്വന്തമാക്കി. അവളുടെ അമ്മയുടെ സ്ഥാനത്തു ഷീബേച്ചി ആയിരുന്നു. അമ്പലത്തിൽ വെച്ചു താലി കെട്ടി പുറത്തിറങ്ങുമ്പോൾ ചേച്ചിയുടെ കണ്ണുകളിൽ രണ്ടുതുള്ളി കണ്ണുനീർ വന്നിരുന്നു. അമ്മമാർ അങ്ങനെ ആണല്ലോ.
ഗേറ്റ് തുറന്ന ശബ്ദം കേട്ടപ്പോൾ ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു. ജെനി തിരിച്ചു വന്നതാണ്. വന്നിട്ടും ദേഷ്യം മാറിയില്ല. പിന്നാലെ കുറെ നടന്നിട്ടും ഒരു രക്ഷയും ഇല്ല. അവസാനം സഹികെട്ടു ഞാൻ അവളെ പൊക്കിയെടുത്തു കട്ടിലിൽ കൊണ്ടിട്ടു. മുറിയുടെ വാതിൽ അടച്ചു. അലമാര തുറന്നു ഒരു കുഞ്ഞു പൊതിയെടുത്തു. അതിൽ ഒരുജോഡി സ്വർണ്ണ പാദസരം ആയിരുന്നു. ഒത്തിരി നാoളത്തേ അവളുടെ മോഹം. എന്റെ വിവാഹ വാർഷിക സമ്മാനം. ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികം ആണ്.
ഇതിനു വേണ്ടിയാ ആശാത്തി ഇത്രയും ഷോ കാണിച്ചത്. അവൾ കരുതിയത് ഞാൻ മറന്നു എന്നാണ്. ഞാൻ ആരാ മോൻ. അതങ്ങോട്ട് കിട്ടിയപ്പോൾ അവളുടെ സന്തോഷം കാണേണ്ടത് തന്നെയാ. എന്റെ കവിളിൽ മൃദുവായി കടിച്ചു . ഞാൻ അവളെ പൊക്കിയെടുത്തു ഒന്ന് വട്ടം ചുറ്റി. അവൾ എന്റെ നെറ്റിയിൽ ഒരു ചുടു ചുംബനം തന്നു. അവളുടെ സമ്മാനം.
മറക്കാൻ ആകാത്ത നിമിഷങ്ങളിലൂടെ ഞങ്ങൾ യാത്ര ചെയ്യുകയാണ്. ” അന്നും ഇന്നും എന്നും……….. ”
രചന : Manu Reghu