രചന: സാര്യ വിജയൻ
രുചിയുള്ള ഭക്ഷണം വെച്ചു കൊടുത്തു അതിലൂടെ വേണം ഭർത്താവിന്റെ സ്നേഹം പിടിച്ചു പറ്റാനെന്നു മുത്തശ്ശി ഇടയ്ക്കിടെ വീട്ടിൽ പറയുന്നത് കേട്ടാണ് കല്യാണത്തിന് രണ്ടു മൂന്നു മാസം മുന്നേ തന്നെ ഞാൻ അടുക്കള പരീക്ഷണങ്ങൾ തുടങ്ങി വെച്ചത്.
പഠനമെന്നൊരു വലിയ കടമ്പ ചാടി കടക്കേണ്ടിയിരുന്നത് കൊണ്ടും ,ഭാഗ്യം കൊണ്ടും തിന്നാനല്ലാതെ ഒരിക്കൽ പോലും ഞാൻ അടുക്കളയിൽ കേറിട്ടില്ല …
എന്നു പറഞ്ഞാൽ ഒരു കള്ളമാവും.. അത്യാവശ്യം ഒരു ചായ ഇടാനും ചെറിയ അളവിൽ ചോറു വെയ്ക്കാനും അറിയാം.പിന്നെ പച്ചമാങ്ങ അരിഞ്ഞു ഉപ്പും മുളകുമിട്ടു കഴിച്ച എക്സ്‌പിരിയൻസ് വേറെ.. ഒരു ദിവസം ഒരു വിഭവമെന്ന കണക്കിൽ വീട്ടിൽ പരീക്ഷണങ്ങൾ തകൃതിയായി നടന്നു. ആദ്യമൊക്കെ മോളുടെ ആദ്യ സംരംഭമെന്ന മട്ടിൽ അച്ഛൻ കൊള്ളാം ,നന്നായിട്ടുണ്ട്, കുഴപ്പമില്ല, കുറച്ചു കൂടി നന്നാക്കാമെന്നൊക്കെ പറഞ്ഞു പ്രോത്സാഹിപ്പിച്ചു. ‘അമ്മ എന്തു തന്നെ ആണെങ്കിലും തൊട്ടു നാവിൽ വെച്ചാൽ ഉടൻ പറയും ഇത്രയും വളർന്നിട്ടും ഇതൊക്കെ എത്ര അളവിൽ തട്ടിയിടണമെന്നു നിനക്ക് അറിയില്ലേ എന്ന ഒറ്റ ഡയലോഗാണ്. എന്റെ വളർച്ചയിലേയ്ക്കുള്ള അമ്മയുടെ ഈ ഉറ്റു നോക്കൽ സ്ഥിരം ആയതു കൊണ്ട് ഞാൻ അത് എഴുതി തള്ളി. അനിയൻ….. അവൻ കുറ്റം പറയും എന്നാൽ അവന്റെ പബ് ജിയുടെ ഇടയിൽ കൊണ്ടു ചെന്നാൽ ഒന്നും മിണ്ടാതെ എടുത്തു വിഴുങ്ങി കൊള്ളും ,കുറ്റം പറയരുതല്ലോ..ഏറെക്കുറെ വാഴക്കുഴയിൽ തട്ടേണ്ടിയിരുന്നവയൊക്കെ അവൻ ഉണ്ടായത് കൊണ്ടു രക്ഷപ്പെട്ടു.വയറ്റിൽ നിന്നും പോകുന്നില്ല എന്നുള്ള അവന്റെ പ്രധാന രോഗത്തിനും ഞാനെന്ന ഡോക്ടർ മരുന്നു നൽകി.
കോടി സ്വപ്നങ്ങൾ നെയ്തു കൂട്ടിയും വീട്ടിലെ അടുക്കളയിൽ പരീക്ഷണങ്ങൾ നടത്തിയ എക്സ്‌പെരിൻസ് ആയി ഞാൻ കല്യാണ മണ്ഡപത്തിൽ കയറി.കൊട്ടും കുരവയും വാദ്യമേളത്തിനും അകമ്പടിയോടെ ശ്രീയേട്ടൻ കഴുത്തിൽ താലി കെട്ടി. ഒടുവിൽ സ്വന്തം കല്യാണമാണെന്നു പോലും ഓർക്കാതെ സദ്യ ആർത്തിയോടെ വലിച്ചു വാരി കഴിക്കുന്ന എന്നെ നോക്കി ശ്രീയേട്ടൻ ചോദിച്ചു. “വല്ലതുമൊക്കെ ഉണ്ടാക്കാൻ അറിയുമോ??”
“പാചക ബുക്ക് ഫുൾ അരച്ചു കലക്കി കുടിച്ച ഈ എന്നോടോ ബാലാ..” എന്നു മനസിൽ കരുതി പാൽപ്പായസം വായിൽ വെച്ചു ഞാൻ ഒരു പാൽപ്പായസ ചിരി ചിരിച്ചു.പാൽപ്പായസം ഉണ്ടായത് കൊണ്ട് ആ ചിരി വെളുത്തു തന്നെ ഇരുന്നു അല്ലെകിൽ പാൽപ്പായസം ബോളി മിക്സ് ആയി പോയേനെ..
സദ്യയുണ്ട് അച്ഛനോടും അമ്മയോടും അനിയനോടും കണ്ണീരോടെ യാത്ര പറഞ്ഞപ്പോൾ ഞാൻ അനുഭവിച്ചത് ഉപ്പു ഭരണി തട്ടി വീണ എന്റെ തക്കാളി സോസിന്റെ രുചിയായിരുന്നു. ഇനി ഞാൻ ഉണ്ടാക്കുന്ന എന്റെ സ്വന്തം വിഭവങ്ങൾ അവരെ കൊണ്ട് എപ്പോഴും കഴിപ്പിക്കാൻ കഴിയില്ലല്ലോ എന്ന വേദനയോടെ ഞാൻ വണ്ടി കേറി. ശ്രീയേട്ടന്റെ വീട്ടിലെ റിസെപ്ഷനും കല്യാണ തിരക്കും കഴിഞ്ഞു മണിയറയിൽ കാലു വെച്ചത് ‘അമ്മ തന്ന പഞ്ചാര ഇട്ട ഒരു ഗ്ലാസ് പാലും കൊണ്ടായിരുന്നു. അതുമായി അവിടെ എത്തിയപ്പോൾ ശ്രീയേട്ടൻ അതു വാങ്ങി കുടിച്ചു ,അതിലും വലിയ പഞ്ചാര മാസങ്ങളായി എന്നോട് അടിച്ചിരുന്ന ആ മനുഷ്യൻ പഞ്ചാര കൂടി പോയി എന്ന കാരണത്താൽ ഒരു കവിൾ കുടിച്ച ശേഷം എനിക്ക് തന്നു.ബാക്കി ഞാൻ കുടിക്കണമെന്ന തനതു സിനിമ അവലോകനത്തിൽ ഞാൻ അത് ഫുൾ അകത്താക്കി.ശേഷം കട്ടിലിൽ അദ്ദേഹത്തോട് ചേർന്നു ഇരുന്നു.
“പിന്നെ ഞാൻ ഒരു കാര്യം പറയട്ടെ.”
ഇതുവരെ നാണം എന്തെന്ന് പോലും അറിയാത്ത ഞാൻ അത് വരുത്തി തല കുനിഞ്ഞു തന്നെ.
“ഉം”
എന്നൊന്ന് മൂളി..
“നമ്മുടെ കല്യാണം ആയിരുന്നല്ലോ.കല്യാണം എന്റെ ആണെങ്കിലും അതിനു വേണ്ടി അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഓട്ടം കാരണം നല്ല ക്ഷീണമുണ്ട്. ഞാൻ ഒന്ന് കിടക്കട്ടെ.”
അതു പറഞ്ഞു ഞാൻ എന്തെങ്കിലും പറയും മുന്നേ പുള്ളി കട്ടിലിൽ വീണു. ഞാൻ കട്ടിലിന്റെ ഒരു ഓരത്തായി കിടന്നു.കിടന്നിട്ടാണെങ്കിൽ ഉറക്കം വരുന്നില്ല.. നാളെ എന്ത് ഉണ്ടാക്കി കൊടുക്കും എന്നതായിരുന്നു എന്റെ മനസ്സിനെ അലട്ടിയ പ്രധാന പ്രശ്‌നം. അതുമോർത്തു ഫാനിൽ നോക്കി എപ്പോഴാ ഉറങ്ങിയതെന്നു ഓർമ്മയുമില്ല.
രാവിലെ സൂര്യൻ കണ്ണിൽ വന്നു തട്ടേണ്ടി വന്നു ഉണരാൻ.വീട്ടിൽ അതു പുതിയ കാര്യമല്ലല്ലോ…പക്ഷെ ഇവിടെ .എഴുന്നേറ്റു പോയി കുളിച്ചു വന്നു. അടുക്കളയിൽ ചെന്നപ്പോൾ ‘അമ്മ നേരത്തെ തന്നെ എത്തിയിരുന്നു. മരുമകളോടുള്ള ആദ്യകാല സ്നേഹത്തിന്റെ ഭാഗമായി ‘അമ്മ ഒരു ഗ്ലാസ് ചായ എന്റെ നേർക്ക് വെച്ചു നീട്ടി.ഞാൻ അതു വാങ്ങി കുടിച്ചു.
എന്ത് ചെയ്യണമെന്നറിയാതെ അന്തം വിട്ടു നിന്ന എന്നോട് ‘അമ്മ പാത്രം കഴുകാൻ പറഞ്ഞു.
എന്നിലെ അടുക്കളക്കാരി ഉണർന്നു.ഞാൻ സിങ്കിന്റെ അടുത്തു പോയി പാത്രം കഴുകി തുടങ്ങി .അമ്മയുടെ ചോദ്യമെത്തി.
“മോൾക്ക് വല്ലതുമൊക്കെ വെക്കാൻ അറിയുമോ??”
കേട്ടയുടൻ ഉത്സാഹത്തോടെ ഞാൻ മറുപടി പറഞ്ഞു.
“അറിയാം.കുറെയൊക്കെ ഞാൻ വീട്ടിൽ വെച്ചു പഠിച്ചു.”
“എന്തൊക്കെയാ?? ശ്രീയ്ക്ക് ഇഷ്ടമുള്ളത് ചോറും സാമ്പാറും ഒക്കെയാണ്,അതൊക്കെ അറിയുമോ??
എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി.ആ മനുഷ്യൻ പറഞ്ഞ ഇഷ്ടമുള്ള വിഭവങ്ങൾ മൂന്നാലുമാസമായി വീട്ടിൽ ഇരുന്ന പഠിച്ച ഞാൻ..
****
“അതേ…..”
“ഉം..എന്താ??”
“ശ്രീയേട്ടനു ഇഷ്ടമുള്ള ആഹാരം എന്തൊക്കെയാണ്??”
“ഷവർമ്മ,ശവായി,പിസ്സ,ബർഗർ,”
“ഇതൊക്കെ ആണോ??”
“ഷവർമ്മയും പിസയുമൊക്കെ എന്റെ ജീവനാ..”
*****
“ദുഷ്ടൻ യൂട്യൂബ് നോക്കി ഞാൻ പഠിച്ചതെല്ലാം ഫാസ്റ്റ് ഫുഡും ‘അമ്മ പറയുന്നത് ദേ ഇതൊക്കെയും…..’ പിന്നെ എന്തോ??ഞാൻ അധികം ഒന്നും മിണ്ടിയില്ല..
പാത്രം കഴുകുന്നതിനിടയിലാണ് അച്ഛൻ കയറി വന്നത്.കേറി വന്നതെ വെള്ളത്തിൽ ചവിട്ടിയാണ്. അച്ഛൻ നീട്ടി അമ്മയെ ഒരു വിളി വിളിച്ചു.
“ശ്രീദേവി.”
വിളി കേട്ടു ‘അമ്മ ഓടി വന്നു.
“എന്താ??എന്തുപറ്റി???”
“എന്താ ഈ അടുക്കളയിൽ കൂടി നടക്കാൻ വയ്യല്ലോ.ശ്രദ്ധയില്ലാതെ ഇവിടെല്ലാം വെള്ളം കോരി ഒഴിച്ചോ ?നീ?
കാര്യം എന്താണെന്ന് അമ്മയ്ക്കും ആദ്യം മനസ്സിലായില്ലെങ്കിലും ഒടുവിൽ അമ്മ ആ വെള്ളപ്പൊക്കത്തിന്റെ കാരണം കണ്ടെത്തി. ഞാൻ പാത്രം കഴുകിയതിന്റെ വെള്ളമാണ് അവിടെയെന്ന് അമ്മ കണ്ണു കൊണ്ടു അച്ഛനോട് പറഞ്ഞു തോന്നുന്നു.അച്ഛൻ എന്നെ നോക്കി.
ഞാൻ ദയനീയമായി അച്ഛനെയും.
“മോളു പോയി ഇരിക്കു,പോകുമ്പോൾ ദേ ഈ കറി കൂടി എടുത്തോ പറഞ്ഞു.”
സാമ്പാർ പാത്രവും കൈയ്യിൽ തന്നു. പോകുമ്പോഴും അവിടെ ഉള്ള വെള്ളപ്പൊക്കത്തിൽ നോക്കി പതുക്കെ നടന്നു.ഇത് ആരോ കൈ കഴുകി ഒഴിച്ച പോലെ കുറച്ചല്ലേ ഉള്ളൂ ചോദിക്കണമെന്നുണ്ടായിരുന്നു.പിന്നെ എന്ത് പറയാനാ.. അല്ലെങ്കിൽ തന്നെ ഇതൊക്കെ എന്ത്?? അതിനൊക്കെ എന്റെ വീട്ടിൽ.അന്ന് ആ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിലേയ്ക്ക് സംഭാവനയായി കൊടുത്തത് അച്ഛന്റെ പഴ യ മുണ്ടും അനിയന്റെ ഒരു ജീൻസുമായിരുന്നു..
നേരെ പോയി.ശ്രീയേട്ടന്റെ അടുത്തിരുന്ന്. ഇഡ്ഡലിയും സാമ്പാർ കഴിച്ചു.അല്ലാതെ ഇപ്പോ എന്ത് ചെയ്യനാ..വെറുതെ ഇന്നലെ രാത്രി ഉറക്കം കളഞ്ഞു..
കഴിച്ചൂന്നു വരുത്തി നേരെ റൂമിൽ പോയി ഫോണ് എടുത്തു യൂട്യൂബ് തുറന്നു. ടൈപ്പ് ചെയ്തു
“തനിനാടൻ കേരളം വിഭവങ്ങൾ..”
രചന: സാര്യ വിജയൻ