രചന: അമൃത ലക്ഷ്മി
പണ്ട് വെറുതെ ചിന്തിച്ചിട്ടുണ്ട് ആത്മാക്കളെ കുറിച്ച് . മരിച്ചതിനു ശേഷമുള്ള ആ ജീവിതത്തെ കുറിച്ച് . പണ്ട് അതൊക്കെ ഒരു രസമായി തോന്നിയിട്ടുണ്ട് . പക്ഷെ ആ ജീവിതത്തിന് അത്ര മധുരമൊന്നും ഇല്ലെന്ന് ഇന്ന് മനസിലാകുന്നു . പണ്ട് അവളോട് ഞാൻ പറയുമായിരുന്നു .
“ദേഹം വിട്ട് ആത്മാവിന് സഞ്ചരിക്കാൻ കഴിയുന്ന സമയത്ത് നീ പോലും അറിയാതെ നിൻ്റെ അരികിൽ ഞാനുണ്ടാകും…”
പക്ഷെ ആത്മാവായ ശേഷം ഒരിക്കൽ പോലും ഞാനവളെ കണ്ടിട്ടില്ല . ഞാനീ സെമിത്തേരിയിൽ വന്നിട്ട് ഇന്നേക്ക് പത്ത് വർഷം ആകുന്നു . പണ്ട് തൊട്ടെ എന്നെ എല്ലാ കാര്യങ്ങളും ഒാർമ്മിപ്പിക്കുന്നത് അമ്മച്ചിയാണ് . ഇന്നും അത് അങ്ങനെ തന്നെ ആയിരുന്നു . എനിക്കായ് ഒത്തിരി പൂക്കളും മെഴുകുതിരികളുമായി അമ്മച്ചി എന്നെ കാണാൻ വന്നപ്പോഴാണ് ഞാൻ വെറുമൊരു ആത്മാവ് ആയിട്ട് പത്ത് വർഷം തികയുകയാണെന്ന് അറിഞ്ഞത് . ഇവിടെ നിമിഷങ്ങൾക്കും ദിവസങ്ങൾക്കും ആരും വില കൽപ്പിക്കാറില്ല .
വെളിച്ചം വീഴുമ്പോൾ പ്രീയപ്പെട്ട ആരെങ്കിലും കാണാൻ വരുന്നുണ്ടോ എന്ന് നോക്കി കല്ലറയിൽ ഇരിക്കും . ഇരുട്ട് വീണാൽ അലഞ്ഞ് നടക്കും . പക്ഷെ ഞാൻ എങ്ങും പോകാറില്ല രാത്രിയും പകലും ഈ കല്ലറയിൽ തന്നെ ഇരിക്കും . അമ്മച്ചി ഒത്തിരി വിശേഷങ്ങൾ പറഞ്ഞു . അപ്പച്ചനെ കണ്ടിട്ട് ഒത്തിരി നാളായിരുന്നു . എന്നും രാവിലെ അപ്പച്ചൻ പള്ളിയിൽ വരും . പണ്ട് ഇത്രയും രാവിലെ ഉണർന്ന് പള്ളിയിൽ പോകേണ്ട കാര്യം ഉണ്ടോ എന്ന് ചോദിച്ച് അപ്പച്ചനെ ഞാൻ പരിഹസിച്ചിട്ടുണ്ട് . എൻ്റെ ആ പരിഹാസത്തിന് മുന്നിൽ അപ്പച്ചൻ പുഞ്ചിരിക്കുക മാത്രമെ ചെയ്യ്തിട്ടുള്ളൂ . പക്ഷെ ഇവിടെ ഞാൻ തനിച്ചായപ്പോൾ അപ്പച്ചൻ്റെ ആ വരവ് എനിക്ക് ആശ്വാസം ആയിരുന്നു . എന്നും രാവിലെ അപ്പച്ചൻ എന്നെ വന്നു കാണും .
പക്ഷെ ഞാൻ കണ്ട് വളർന്ന അപ്പച്ചൻ്റെ മുഖത്തെ പുഞ്ചിരി പിന്നീട് ഇത് വരെ ഞാൻ കണ്ടിട്ടില്ല . അമ്മച്ചി പറഞ്ഞപ്പോഴാണ് അറിഞ്ഞത് അപ്പച്ചന് തീരെ വയ്യാതായെന്ന് . സഹായത്തിന് പോലും ഒരാളില്ലാതെ അമ്മച്ചി ഒറ്റക്കാണ് എല്ലാം നോക്കുന്നത് . നാളെ വെെകുന്നേരം ദിയയും ഭർത്താവും അമേരിക്കയിൽ നിന്ന് വരുന്നുണ്ടത്രേ . കല്ല്യാണം കഴിഞ്ഞാലും എന്നെയും അപ്പച്ചനെയും അമ്മച്ചിയെയും വിട്ട് പോകില്ലെന്ന് പറഞ്ഞ പെണ്ണാ . കല്ല്യാണം കഴിഞ്ഞ് അമേരിക്കയിൽ പോയിട്ട് അഞ്ച് വർഷം കഴിഞ്ഞു ഇപ്പോഴാ അപ്പച്ചനെയും അമ്മച്ചിയെയും കാണാൻ വരുന്നത് . ദിയ…. അവളോട് കൂടെ കളിക്കാനും വഴക്ക് കൂടാനും എനിക്ക് വലിയ ഇഷ്ട്ടമായിരുന്നു . പണ്ടൊക്കെ എന്നും എന്നെ കാണാൻ വരുമായിരുന്നു . ഒത്തിരി വിശേഷങ്ങൾ പറയും .
പിന്നെ അവളുടെ സംസാരം കുറഞ്ഞു . ദിയയുടെ വിവാഹദിവസമാണ് ഞാനവളെ അവസാനം കാണുന്നത് . എൻ്റെ വഴക്കാളി കല്ല്യാണ വേഷത്തിൽ വളരെ സുന്ദരി ആയിരുന്നു . ഭർത്താവിനൊപ്പം അവൾ നടന്നകലുന്നത് ഞാൻ നോക്കി നിന്നു . എൻ്റെ വഴക്കാളിയെ നന്നായി നോക്കണെ എന്ന് ഞാൻ എത്ര ശബ്ദം ഉയർത്തി പറഞ്ഞിട്ടും അവർ കേട്ടില്ല . ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിൽ അടുത്ത കല്ലറയിലെ ജോസഫ്ചേട്ടൻ എന്നെ നോക്കി . ആത്മാക്കൾക്ക് കരയാൻ പോലും കഴിയില്ലെന്ന് അന്ന് മനസിലായി .
വിശേഷങ്ങളൊക്കെ പറഞ്ഞ് അമ്മച്ചി പോയി . അമ്മച്ചി വരുന്നത് എനിക്ക് വലിയ ആശ്വാസമാണ് . പൂക്കളും മെഴുക് തിരികളുമായി കണ്ണടച്ച് ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥക്കാനാണ് ഇൗ സെമിത്തേരിയിലേക്ക് പലരും വരുന്നത് . പക്ഷെ ആരും മനസ് തുറന്ന് ആ കല്ലറയിലെ ആത്മാവിനോട് സംസാരിക്കാറില്ല . മരിച്ചു കഴിഞ്ഞാൽ പിന്നെ ഒാരോ മനുഷ്യനും ഓർമ്മ മാത്രമാണ് .
ദിവസങ്ങൾ കഴിയുംന്തോറും വേർപാടിൻ്റെ വേദന കുറഞ്ഞ് കുറഞ്ഞ് മരിച്ചവർ ജീവിക്കുന്ന മനസുകളിൽ ഓർമ്മയാകും . അവർ അറിയാതെ തന്നെ അവരുടെ ലോകത്ത് നിന്നും ആത്മാക്കൾ പുറന്തള്ളപ്പെടും . പക്ഷെ ആ കൂട്ടരിൽ നിന്ന് അമ്മച്ചി വ്യത്യസ്തയായിരുന്നു . ഞാൻ വന്നത് തൊട്ട് അമ്മച്ചി വരുമ്പോൾ വീട്ടിലെ കാര്യങ്ങളും നാട്ടിലെ വിശേഷങ്ങളും എണ്ണി എണ്ണി പറയും . അത് കേൾക്കാൻ എല്ലാവരും എൻ്റെ കല്ലറക്ക് ചുറ്റും കൂടും . പണ്ട് കോളേജിലേക്ക് അമ്മച്ചി തന്ന് വിടുന്ന ചേറും കറികളും രുചിക്കാൻ കൂട്ടുകാർ ചുറ്റും കൂടുന്നത് പോലെ . പക്ഷെ അവരെല്ലാം രുചി നോക്കി കഴിയുമ്പോൾ എനിക്കായി ആ പാത്രത്തിൽ ഒന്നും ശേഷിക്കാറില്ല .
അന്ന് ഒരു ചെറു പുഞ്ചിരിയോടെ എനിക്കായ് ചോറു വെച്ച് നീട്ടുന്ന ഒരു നുണക്കുഴിക്കാരി എനിക്ക് ഉണ്ടായിരുന്നു . അത് അവളായിരുന്നു എൻ്റെ അന്ന… കൗതുകമായിരുന്നു ആദ്യം അവളോട് പിന്നീട് സൗഹൃദമായി ഒടുവിൽ പ്രണയവും . അവളെ കാണാനായി മാത്രം ഞായറാഴിച്ച പള്ളിയിൽ വരാൻ തുടങ്ങി . ഞങ്ങളുടെ പ്രണയം അത് രഹസ്യമായി തന്നെ വളർന്നു . അവളെ പിരിയാൻ എനിക്ക് സാധ്യമായിരുന്നില്ല . അത് കൊണ്ട് തന്നെയാണ് അന്നയുടെ വിവാഹത്തിന് ഒരാഴ്ച്ചക്ക് മുൻപ് അവളുമായി ഒളിച്ചോടാൻ തീരുമാനിച്ചത് .
അവളുമായുള്ള ജീവിതം സ്വപ്നം കണ്ട് കൊണ്ടാണ് മഴയുള്ള ആ രാത്രി അവളുടെ വീട്ടിലേക്ക് ഞാൻ പോയത് . പക്ഷെ…….. മഴവെള്ളത്തിൽ ഒഴുകി നിറമില്ലാതാകുന്ന എൻ്റെ രക്തമാണ് . അവസാനം കണ്ണടയുമ്പോൾ ഞാൻ കണ്ടത് . ദിവസങ്ങളോളം ആശുപത്രിയിൽ കിടന്നു . ഒടുവിൽ ഈ സെമിത്തേരിയിൽ എത്തുമ്പോൾ അന്നയുടെ കല്ല്യാണപന്തൽ പള്ളിമുറത്ത് നിന്ന് ആരെല്ലാമൊ ചേർന്ന് അഴിച്ചു നീക്കുന്നുണ്ടായിരുന്നു . അന്നയെ കാണാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു . ഒന്ന് വരാമായിരുന്നു അവൾക്ക് ….
വിവാഹം കഴിഞ്ഞ് സുഖമായി ജീവിക്കുന്നുണ്ടാകും . എനിക്ക് നഷ്ട്ടമായ അന്നയും ഞങ്ങളുടെ പ്രണയവും മധുരിക്കുന്ന ഒരു ഓർമ്മയാണ് . കല്ലറ വിട്ട് നടക്കാൻ മടിക്കുന്നത് തന്നെ മുന്നിൽ കാണുന്ന ഓരോ സ്ഥലവും കൂടുതൽ കൂടുതൽ അവളുടെ ഓർമ്മകൾ പകരുന്നത് കൊണ്ടാണ് .
ഇവിടെ വന്നിട്ട് പത്ത് വർഷം തികയുന്നു . അന്നയുടെ ഓർമ്മകൾ എന്നിൽ നിന്നും പടിയിറങ്ങിയിട്ടില്ല . പക്ഷെ ഒന്ന് എന്നെ കാണാൻ പോലും മനസ് കാണിക്കാത്ത അവളുടെ പ്രണയത്തെ ഞാൻ സംശയിച്ച് തുടങ്ങിയിരുന്നു . കോളേജിലെ എല്ലാവരുടെയും പ്രീയപ്പെട്ട ഈ സഖാവിനോട് തോന്നിയ കൗതുകമായിരുന്നോ അവളുടെ പ്രണയം . ആരും അറിയാതെ ഞങ്ങളിൽ മാത്രം ഒതുങ്ങി നിന്ന പ്രണയത്തെ കുറിച്ച് ആരോട് ചോദിക്കാൻ .
അന്നാ…. നീ എനിക്കായ് കാത്ത് നിന്നിരുന്നോ .
പലപ്പോഴും ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട് . ഉത്തരം കിട്ടീട്ടില്ല .
ഇരുട്ട് വീണ് തുടങ്ങിയിരുന്നു . അമ്മച്ചി എനിക്ക് സമ്മാനിച്ച പൂക്കൾ വാടി കരിഞ്ഞിക്കുന്നു . കുറേ നാളുകൾക്ക് ശേഷം കല്ലറ വിട്ട് ഞാൻ പുറത്തിറങ്ങി . കൺ മുന്നിലൂടെ കടന്ന് പോയ ഓരോ സ്ഥലങ്ങളും ഒാരോ ഒാർമ്മകൾ പുതുക്കി കൊണ്ടിരുന്നു . ഒരു ആംബുലൻസ് എൻ്റെ മുന്നിലൂടെ ചീറിപാഞ്ഞ് പോയി . പെട്ടെന്ന് ആ ആംബുലൻസിൽ നിന്ന് ഒരു പെണ്ണ് പുറത്തേക്ക് ചാടി . വീഴ്ച്ചയിൽ അവൾക്ക് നന്നായി പരിക്കേറ്റിട്ടുണ്ടായിരുന്നു . ആരോക്കെയോ വന്ന് ഒരു ദയയും ഇല്ലാതെ അവളെ വലിച്ചിഴച്ചു കൊണ്ട് പോയി .
എൻ്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല . ആത്മാവായ ശേഷം അന്നാദ്യമായി തളർച്ച അനുഭവപ്പെട്ടു . അത് അവളായിരുന്നു അന്ന… ശരവേഗത്തിൽ ഞാൻ ആ ആംബുലൻസിനു പിന്നാലെ കുതിച്ചു . അത് ചെന്ന് നിന്നത് ഒരു മാനസിക ആരോഗ്യകേന്ദ്രത്തിന് മുന്നിലായിരുന്നു . അവളെ അവർ വലിച്ചിഴച്ച് കൊണ്ട് പോയി . മുറിവുകളിലൂടെ ചോര ഒലിച്ചിറങ്ങി കൊണ്ടിരുന്നു .
ഷോക്ക് റൂമിൽ നിന്ന് പുറത്ത് വരുന്ന അവളെയും നോക്കി പുറത്ത് ഞാൻ കാത്തിരുന്നു . അന്ന് പന്തൽ അഴിച്ച് മാറ്റിയത് അവളുടെ വിവാഹം മുടങ്ങിയത് കൊണ്ടാണെന്ന് ഞാൻ അറിഞ്ഞില്ല . എനിക്ക് വേണ്ടി കാത്ത് നിന്ന് ഒടുവിൽ എന്നെ നഷ്ട്ടമായി എന്നറിഞ്ഞപ്പോൾ മാനസികനില തെറ്റിയ അവളുടെ പ്രണയത്തെയാണ് ഞാൻ സംശയിച്ചത് . ഷോക്കേറ്റ് ബോധം നശിച്ച അവളെ ഒരു വീൽചെയറിൽ പുറത്തേക്ക് കൊണ്ടു വന്നു .
ടോണീ……
തിരിഞ്ഞ് നടക്കാൻ തുടങ്ങവെ പാതി മയക്കത്തിലും അവൾ വിളിക്കുന്നത് കേട്ടു . അവളുടെ വിരലുകൾ എന്നെ സ്പർശിച്ചു . അവൾ എൻ്റെ സാമീപ്യം അറിഞ്ഞത് പോലെ . അവളുടെ പാദങ്ങളിൽ തൊട്ട് മാപ്പ് ചോദിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല . എൻ്റെ പ്രണയത്തിന് അവളെ സ്പർശിക്കാൻ.പോലും കഴിഞ്ഞില്ല . ഞാൻ തിരിച്ച് നടന്നു . തോറ്റ് പോയി ഞാൻ അവളുടെ പ്രണയത്തിന് മുന്നിൽ…… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…
രചന: അമൃത ലക്ഷ്മി