രചന: Manu Raghu
അലാറത്തിന്റ അലർച്ച കേട്ടു ഞാൻ ഉണർന്നു. പുതപ്പ് വലിച്ചു മാറ്റി. ഞാൻ ചാരുവിനെ വിളിച്ചു ഉണർത്താൻ നോക്കി.
“ചാരു എഴുന്നേൽക്. മണി 5 കഴിഞ്ഞു.”
“പ്ലീസ് ഉണ്ണിയേട്ടാ…. ഇത്തിരി നേരം കൂടി ഉറങ്ങിക്കോട്ടെ… ഇന്ന് ഞായറാഴ്ച അല്ലേ. ഇത്തിരി നേരം കൂടി….”
അതും പറഞ്ഞവൾ മോളെയും കെട്ടിപ്പിടിച്ചു കിടന്നു. അത് കണ്ടിട്ട് എനിക്കും സഹിച്ചില്ല. ഞാൻ രണ്ടുപേരെയും ചേർത്തു കെട്ടിപ്പിടിച്ചു. ഇതിലും വലിയ സന്തോഷം വേറെ ഒന്നുമില്ല എന്നുതോന്നി. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അലാറം വീണ്ടും ശല്യം ചെയ്തു. അപ്പോഴാണ് എനിക്കു ബോധമുണ്ടായത്. എറണാകുളം വരെ പോകണം. ഒരു സ്ഥലം നോക്കാൻ. ഓഫീസ് പണിയുവാൻ. പോകാതിരിക്കാൻ പറ്റില്ല. ഞാൻ ഒന്നുകൂടി അവളെ വിളിച്ചു. ഒരു രക്ഷയും ഇല്ലന്ന് മനസ്സിലായി. അല്ലെങ്കിലും ഞായറാഴ്ച മാത്രമല്ലെ ഉള്ളൂ. പാവം ഉറങ്ങിക്കോട്ടെ എന്നു ഞാനും വിചാരിച്ചു. എന്നും അതിരാവിലെ എഴുന്നേറ്റു കുളിച്ചു അടുക്കളയിൽ എല്ലാം ജോലികളും തീർത്തു ചായയും കൊണ്ട് വന്നെന്നെ വിളിക്കുന്നതാ പതിവ്.
കിടന്നാൽ വൈകും എന്നുള്ളതുകൊണ്ട് എഴുന്നേറ്റു മുഖം കഴുകി അടുക്കളയിലെക്കു നടന്നു. ചായക്കു വെള്ളം വെച്ചിട്ട് ഫ്രിഡ്‌ജിൽ ഇരുന്ന ദോശക്കുള്ള മാവെടുത്തു പുറത്തു വെച്ചു. ചായ ഇട്ടു രണ്ടു കപ്പിലേക്ക് പകർന്നു. ദോശക്കല് അടുപ്പിലേക്ക് വെച്ചു ചായയും എടുത്തു ചാരുവിനെ പോയി വിളിച്ചുണർത്തി. എണീപ്പിച്ചു ചായ കൊടുത്തു. തിരികെ വന്നു ദോശമാവ് കലക്കി ദോശ ചുട്ടു. അപ്പോഴേക്കും ചാരു കുളിച്ചു അടുക്കളയിൽ വന്നു. ഉണ്ണിയേട്ട ഇങ്ങോട്ട് മാറിയേ. ഞാൻ ചെയ്തോളാം. പിന്നെ എന്നെ ഒന്നും ചെയ്യാൻ അവൾ സമ്മതിച്ചില്ല. ഞാൻ അടുക്കളയിൽ കൂടെ നിന്നാൽ മതി അവൾക്കു. പക്ഷേ എനിക്കാണേൽ അതിനൊട്ടു സമയവും കിട്ടാറില്ല. ജോലി തിരക്കാണ് എപ്പോഴും. തിരക്കിൽ പലപ്പോഴും ചാരുവിനെയും മോളെയും മറന്നുപോകും.
പോകുവാൻ ഒരുങ്ങി ഇറങ്ങി. ചാരുവിനു നെറുകയിൽ ഒരു ചുംബനം കൊടുത്തു ഞാൻ ഇറങ്ങി. അത് കിട്ടിയില്ലെങ്കിൽ അവൾക്കു അന്നത്തെ ദിവസം ഒരു ഉഷാർ ഉണ്ടാകില്ല. അവൾക്കു അത് മാത്രം മതി . മോൾ അപ്പോഴും ഉറക്കമായിരുന്നു. ഞാൻ വണ്ടിയെടുത്തു ഇറങ്ങി. ചാരു വീണ്ടും പടക്കളത്തിലേക്കും.
ഞാൻ ഉച്ചയോടെ തിരിച്ചെത്തി. മോള് മുറ്റത്തു കളിക്കുന്നുണ്ടായിരുന്നു. മൂന്നര വയസ്സേ ഉള്ളൂ എങ്കിലും വികൃതി അല്പം കൂടുതലാ. മോളുടെ പിന്നാലെ ഓടി ചാരു ഒരു വഴിയായി. കാറിൽ നിന്നും ഇറങ്ങിയ എന്നെ കണ്ടതും മോള് ഓടി വന്നു. ഞാൻ അവളെ കോരിയെടുത്തു. പിന്നാലെ അവൾക്കുള്ള ചോറുമായി ചാരുവും. പിന്നെ ഒരങ്കമായിരുന്നു. എന്റെ ഷർട്ട് ആകെ നാശമായി. ഒരുവിധം മോൾക്ക് ചോറുകൊടുത്തു. കഴിച്ചു കഴിഞ്ഞപ്പോൾ പിന്നേ കരച്ചിലായി. ഉറങ്ങാൻ. അവൾ എന്റെ തോളിൽ കിടന്നു ഉറങ്ങി. ഞാൻ അവളെ മുറിയിൽ കൊണ്ട് കിടത്തി.
“ഉണ്ണിയേട്ടാ. ഊണ് കഴിക്കാറായോ, എടുത്തു വെക്കട്ടെ. ” “വേണ്ട. അല്പം കഴിഞ്ഞു മതി. നിനക്ക് വിശക്കുന്നോ. ”
“ഇല്ല. കുറച്ച് അലക്കാൻ ഉണ്ട്. ആ ഷർട്ട് കൂടി ഇങ്ങു താ. ഞാൻ അലക്കിയിട്ടു വേഗം വരാം. ഉണ്ണിയേട്ടൻ മോളുടെ അടുത്തിരിക്കു.”
അൽപനേരം ഞാൻ മോളുടെ അടുത്ത കിടന്നു. പുറത്തു തുണി അലക്കുന്ന ശബ്ദം കേട്ടു ഞാൻ പുറത്തിറങ്ങി. പുറകിലൂടെ ചെന്നവളെ കെട്ടിപിടിച്ചു. അവൾ പേടിച്ചു കയ്യിലിരുന്ന സോപ്പ് തെറിച്ചു പോയി.
” വിട് ഉണ്ണിയേട്ടാ. ആകെ നനഞ്ഞിരിക്കുവാ. മാറിയേ. ”
“അതിനെന്താ ഒന്നുകൂടി കുളിച്ചാൽ പോരേ.”
“ദേ കൊഞ്ചതെ പോയെ. ഞാൻ ഇതൊന്നു അലക്കി തീർക്കട്ടെ ”
ഞാൻ വരാന്തയിൽ ഇരുന്നു. പാവം ഒത്തിരി കഷ്ടപ്പെടുന്നുണ്ട്. ഞാൻ ഇതുപോലെ അവളുടെ അടുത്തു ഇരിക്കുന്നത് പോലും വല്ലപ്പോഴും മാത്രമാണ്. ഒരു പരാതിയും പരിഭവവും ഇന്നുവരെ പറഞ്ഞിട്ടില്ല. അലക്കിയ തുണികൾ അയയിൽ വിരിക്കാൻ ഞാനും സഹായിച്ചു.
“ഉണ്ണിയേട്ട ഞാൻ ഒന്ന് മേല്കഴുകിയിട്ട് വരാം. എന്നിട്ട് ഊണ് കഴിക്കാം ”
“ഞാനും വരട്ടെ മേല്കഴുകാൻ ”
“അയ്യടാ മോനെ, അതങ്ങു മനസ്സിൽ വെച്ചാമതി. മോളൊറ്റക്കാ. പോയി അവിടെയിരി. ഞാനിതാ വരുന്നു.”
ഞാൻ ഒന്ന് ചിണുങ്ങി നോക്കി. ഒരുരക്ഷയും ഇല്ല. ഞാൻ മോളുടെ അടുത്തേക്ക് പോയി. അവൾ നല്ല ഉറക്കം. ഞാൻ മെല്ലെ അടുക്കളയിൽ പോയി പാത്രങ്ങൾ ഒക്കെ എടുത്തു ഊണ് വിളമ്പി. ചാരു വന്നു. ഞങ്ങൾ ഊണ് കഴിച്ചു. അൽപനേരം ഒന്ന് മയങ്ങാൻ കിടന്നു. പാത്രങ്ങൾ ഒക്കെ കഴുകി ചാരു മുറിയിലേക്ക് വന്നു. ഞാൻ അവളെ പിടിച്ചു അടുത്തു കിടത്തി. ചാരു എന്റെ നെഞ്ചിൽ തല വെച്ച് കിടന്നു. ക്ഷീണം കൊണ്ട് അവൾ പെട്ടന്ന് ഉറങ്ങിപ്പോയി . എനിക്കു ഉറക്കം വന്നില്ല. ഞാൻ അവളുടെ തലയിൽ പതിയെ തലോടി. പാവം പെണ്ണ്. വീട്ടിലെ എല്ലാ പണിയും വൃത്തിയോടെ ചെയ്യും. സൂക്ഷിച്ചുള്ള ചിലവ്. സമ്പാദ്യ ശീലം. എല്ലാം കൊണ്ടും ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയ ഞാൻ ഭാഗ്യവാനാണ്.
ഒരുകാലത്തു അമ്മയൊഴികെ എല്ലാ പെണ്ണുങ്ങളെയും എനിക്കു വെറുപ്പായിരുന്നു. അമ്മയും അച്ഛനും ഞാനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഒത്തിരി ലാളിച്ചാണ് എന്നെ വളർത്തിയത്. അവരുടെ ഉണ്ണിക്കുട്ടൻ. അന്നൊക്കെ ഒത്തിരി ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. ആണും പെണ്ണും. ന്യൂ ജനറേഷൻ ഭാഷയിൽ പറഞ്ഞാൽ “ചങ്ക്‌സ്.”
പഠിപ്പും ജോലിയും ഒക്കെ ആയി ജീവിതം അറിഞ്ഞു തുടങ്ങിയ സമയത്താണ് ഒരു കല്യാണ ആലോചന വന്നത്. സാമാന്യം തെറ്റില്ലാത്ത കുട്ടിയും വീടും ചുറ്റുപാടും. എനിക്കു കുട്ടിയെ ഇഷ്ടമായി. കല്യാണം ഉറപ്പിച്ചു. നിശ്ചയം കഴിഞ്ഞു. ആറുമാസത്തിനകം കല്യാണം. ദിവസവും ഫോൺ വിളിയും പഞ്ചാരയടിയും ഒക്കെ ഉണ്ടായിരുന്നു.
അങ്ങനെ കാത്തിരുന്ന കല്യാണ ദിവസം വന്നു.. പതിവിലേറെ ഒരുങ്ങി ഞാൻ മണ്ഡപത്തിൽ എത്തി. ഒത്തിരി ആൾക്കാർ ഉണ്ടായിരുന്നു. അമ്മയ്ക്കും അച്ഛനും കൂട്ടുകാർക്കുമൊക്കെ വലിയ സന്തോഷം. അവർ ഇടക്ക് കളിയാക്കി ഓരോന്ന് പറഞ്ഞു. ഞാൻ സന്തോഷവും നാണവും ഒക്കെ കൊണ്ട് വല്ലാത്ത ഒരവസ്ഥയിലായിരുന്നു.
നേരം പൊക്കോണ്ടിരുന്നു. മുഹൂർത്ത സമയമായിട്ടും പെണ്ണിനേയും വീട്ടുകാരെയും കണ്ടില്ല. അച്ഛന്റെ അലർച്ച കേട്ടു ഞങ്ങൾ അങ്ങോട്ട് ചെന്നു. പെണ്ണിന്റെ അമ്മാവൻ വന്നിട്ടുണ്ട്. കല്യാണം നടക്കില്ല. പെൺകുട്ടി ” എന്നോട് ക്ഷമിക്കണം” എന്നൊരു കത്തെഴുതി വെച്ചിട്ട് വെളുപ്പിന് കാമുകനൊപ്പം ഇറങ്ങി പോയി.
എനിക്കു എന്തു ചെയ്യണം, പറയണം ഒന്നും അറിയില്ല. അമ്മ നിലവിളി തുടങ്ങിയിരുന്നു. കൂട്ടുകാർ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. എന്റെ അച്ഛനും അമ്മാവനും പെണ്ണിന്റെ അമ്മാവനെ തല്ലാൻ ഉള്ള പുറപ്പാടിൽ ആയിരുന്നു. ആരൊക്കെയോ തടഞ്ഞു. ഞാൻ കല്യാണ മണ്ഡപത്തിൽ ആകെ ഒന്ന് നോക്കി. സഹതാപവും പരിഹാസവും ശോകവും നിറഞ്ഞ ഒത്തിരി കണ്ണുകൾ അവിടെ കണ്ടു. ഞാൻ ഒന്നും മിണ്ടാതെ വീട്ടിലേക്കു പോയി. മുറിയിൽ കയറി വാതിലടച്ചു. ഓരോരുത്തരായി വന്നു വിളിച്ചു. ഞാൻ മറുപടി ഒന്നും കൊടുത്തില്ല. അച്ഛനോട് മാത്രം പറഞ്ഞു കുറച്ചുനേരം ഒറ്റക്ക് ഇരിക്കണം എന്നു. പിന്നെ ആരും വന്നില്ല. രാത്രി ഏറെ വൈകിയാണ് ഞാൻ മുറിയിൽ നിന്നും പുറത്തിറങ്ങിയത്.
അടക്കിപ്പിടിച്ച ചിരിയും കളിയാക്കലുകളും ഞാൻ കണ്ടില്ലെന്നു നടിച്ചു. അമ്മയെയും അച്ഛനെയും പോയി കണ്ടു. അവർക്ക് എന്നേക്കാൾ വിഷമം ഉണ്ടായിരുന്നു. ഞാൻ അവരെ ആശ്വസിപ്പിച്ചു. എന്റെ വിഷമം പുറത്തുകാണിച്ചില്ല. രണ്ടു ദിവസത്തേക്ക് ഞാൻ പുറത്തുറങ്ങിയില്ല…. അവളോട് ഉള്ള ദേഷ്യം ഉള്ളിൽ ഒരു വേദനയായി മാറിയിരുന്നു.
ഒടുവിൽ എന്റെ ദുഃഖം എല്ലാം ഞാൻ കുഴിച്ചുമൂടി. ഒരു പുഞ്ചിരി എടുത്തു ഫിറ്റ് ചെയ്തു ജോലിക്ക് പോയി.
അവിടെയും ഒത്തിരികളിയാക്കലുകളും കുത്തുവാക്കുകളും മാനസികമായി എന്നെ തളർത്തി. പതിയെ ഞാൻ എല്ലാരേയും വെറുത്തു തുടങ്ങി. കൂട്ടുകാരെ എല്ലാം ഒഴിവാക്കി.
കാലം കുറെ കഴിഞ്ഞു പോയിട്ടും എന്റെ മനസ്സിലെ മുറിവ് ഉണങ്ങിയില്ല. അച്ഛൻ മരിച്ചു. അമ്മയും ഞാനും മാത്രമായി. എന്റെ ഇരുപത്തി ഏഴാം പിറന്നാൾ ദിവസം. ഞാനും അമ്മയും മാത്രമുള്ള ഒരു കൊച്ചു ആഘോഷം. രാത്രി ഒരു കേക്ക് ഒകെ വാങ്ങി കട്ട് ചെയ്തു. ആ സന്തോഷത്തിലും അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. കാരണം അറിയാവുന്നത് കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.
ആരോ കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു ഞാൻ വാതിൽ തുറന്നു. ഒരു മുത്തശ്ശനും മുത്തശ്ശിയും നിൽക്കുന്നു. അയല്പക്കത്തെ വീട്ടിലെ പുതിയ താമസക്കാരാണ്. പരിചയപ്പെടാൻ വന്നതാ. ഒപ്പം ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അതിഥികൾ വരുന്നത് എനിക്കിഷ്ടമല്ലായിരുന്നു. അതുകൊണ്ട് ഞാൻ എന്റെ മുറിയിൽ പോയി വാതിലടച്ചു. അവരൊക്കെ പോയപ്പോൾ അമ്മ വന്നു വിളിച്ചു. അത്താഴം വിളമ്പി. കഴിച്ചുകൊണ്ടിരുന്നപ്പോൾ അവരെക്കുറിച്ചു അമ്മ എന്തൊക്കെയോ പറഞ്ഞു. ഞാൻ വലുതായി ശ്രദ്ധ കൊടുത്തില്ല. പെൺകുട്ടിയുടെ പേര് ശാരിക. അച്ഛനും അമ്മയും മരിച്ചു. ഇപ്പോൾ അവർ മാത്രമേ ഉള്ളൂ.
പിറ്റേന്ന് ഞാൻ ഓഫീസിൽ നിന്നു വരുമ്പോൾ അവൾ വീട്ടിൽ ഉണ്ടായിരുന്നു. എന്നെ നോക്കി ചിരിച്ചു. ഞാൻ മുഖം തിരിച്ചു നടന്നു. പെട്ടന്ന് തന്നെ അവൾ അമ്മക്ക് പ്രിയപ്പെട്ടവളായി. എപ്പോൾ നോക്കിയാലും അവളുടെ കാര്യം മാത്രമേ പറയുള്ളു. അമ്മയെ അടുക്കളയിൽ ഒക്കെ അവൾ സഹായിക്കുമായിരുന്നു. മുറ്റം അടിച്ചുവരുന്നതും കണ്ടിട്ടുണ്ട്.
ഒരു ദിവസം ഞാൻ വീട്ടിൽ എത്തിയപ്പോൾ അവൾ എന്റെ മുറി അടിച്ചുവരുന്നത് കണ്ടു. എനിക്കു ശരിക്കും ദേഷ്യം വന്നു. അവളെ ഞാൻ ഒത്തിരി വഴക്ക് പറഞ്ഞു. നാടൻ ശൈലിയിൽ പറഞ്ഞാൽ “കണ്ണുപൊട്ടുന്ന ചീത്ത പറഞ്ഞു”. കരഞ്ഞുകൊണ്ട് അവൾ ഇറങ്ങി ഓടി. മേലിൽ അവളെ ഈ വീട്ടിൽ കയറ്റരുത് എന്നു അമ്മയോട് പറഞ്ഞു. നിന്റെ മുറിയിൽ കയറരുത് എന്നു വേണേൽ പറയം. അവൾ എനിക്കു വലിയ സഹായമാ . ഇതുപോലൊരു കുഞ്ഞിനെ ദൈവം എനിക്കു തന്നില്ലല്ലോ എന്നും പറഞ്ഞു അമ്മ പോയി.
പിന്നെ അവൾ വീട്ടിലേക്കു വരാതെയായി. ഒരുദിവസം അമ്മക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു എന്നൊരു കാൾ വന്നു. ഞാൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ അമ്മക്കു പ്രഷർ കൂടി കുളിമുറിയിൽ തലയടിച്ചു വീണതാ. നല്ല മുറിവുണ്ട്. കൈക്കും പൊട്ടലുണ്ട്. ഒരാഴ്ച കഴിഞ്ഞു അമ്മയെ വീട്ടിൽ കൊണ്ടുവന്നു. ഒരു സഹായത്തിനു ശാരികയുടെ വീട്ടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ ഇടക്കൊക്കെ വന്നു നോക്കും. ഞാൻ ഓഫീസിൽ പോകുമ്പോൾ അവൾ വന്നു അമ്മയ്ക്കു കൂട്ടിരിക്കും. അമ്മക്ക് സുഖമില്ലാത്തതിനാൽ അവൾതന്നെയായിരുന്നു ഭരണം മുഴുവൻ. എന്റെ മുറിയിലൊഴിച്ചു. എല്ലാം അമ്മയേക്കാൾ വൃത്തിയോടെ അവൾ ചെയ്തു. എന്റെ മുറി മാത്രം അലങ്കോലമായി കിടന്നു. അമ്മക്ക് സുഖമില്ലാതെ കിടന്നതിനാലും എനിക്കു ജോലിത്തിരക്ക് കാരണവും അങ്ങനെ തന്നെ തുടർന്നു.
ഒരു ദിവസം വൈകുന്നേരം ഞാൻ വന്നപ്പോൾ എന്റെ മുറിയൊക്കെ അടിച്ചുവാരി തുണികൾ ഒക്കെ അലക്കി കിടക്കയൊക്കെ വിരിച്ചു മനോഹരാക്കി ഇട്ടിരുന്നു. ഇതു ശാരിക ചെയ്തതാണെന്ന് മനസ്സിലായി. വല്ലാത്തൊരു കുറ്റബോധം തോന്നി. പിറ്റേന്നു ഞാൻ ലീവ് എടുത്തു. രാവിലെ എണീറ്റപ്പോൾ ഒരു മടി. പിന്നെ പോയില്ല. ശാരികയെ കണ്ടു ഒന്നു സംസാരിക്കണം എന്നു തോന്നി. അമ്മയോടൊപ്പം ഇരിക്കണം എന്നു തോന്നി.
അന്നത്തെ പ്രാതൽ ഞാൻ ഉണ്ടാക്കി. ചോറിനുള്ള തയ്യാറെടുപ്പു നടത്തിയപ്പോൾ ശാരിക വന്നു. അമ്മയോട് എന്തോ കുശലം പറഞ്ഞു അടുക്കളയിൽ വന്നു. അവിടെ എന്നെ കണ്ട അവൾ ഒന്ന് പകച്ചു. സംസാരിക്കാൻ രണ്ടുപേർക്കും ചമ്മൽ ഉണ്ടായിരുന്നു. തിരിച്ചു പോകാൻ ഒരുങ്ങിയ അവളെ ഞാൻ വിളിച്ചു.
“ശാരിക. കുട്ടി എന്നോട് ക്ഷമിക്കണം. അന്ന് ഞാൻ ഒത്തിരി ദേഷ്യപ്പെട്ടു. ഞാൻ അങ്ങനെ ആയിപോയി. ”
“സാരമില്ല ഉണ്ണിയേട്ടാ, അമ്മ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. പിന്നേ പെട്ടന്ന് അങ്ങനെ പെരുമാറിയപ്പോൾ ഞാൻ പേടിച്ചുപോയി. ”
ഞാൻ ഒന്ന് ഞെട്ടി. എല്ലാം ഇവളും അറിഞ്ഞല്ലോ. തല താഴ്ത്തി ഞാൻ അവിടെ നിന്നും ഇറങ്ങി ഉമ്മറത്ത് വന്നിരുന്നു. അല്പം കഴിഞ്ഞു ഒരു ചായയുമായി അവൾ വന്നു. ഞാൻ അത് വാങ്ങി കുടിച്ചു. ഞാൻ അവളെ കുറിച്ച് എല്ലാം ചോദിച്ചു. കടബാദ്യത കൊണ്ട് അച്ഛനും അമ്മയും വിഷം കഴിച്ചു മരിച്ചു. ഇപ്പോൾ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം ആണ്. അവളോട് ഉള്ള ദേഷ്യം പതിയെ ഇല്ലാതായി വരുന്നത് ഞാൻ അറിഞ്ഞു. പിന്നെ കളിയും ചിരിയും തമാശകളും ഒക്കെ തിരികെ വന്നു. എന്റെ സ്വാഭാവത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി. പെണ്കുട്ടികളോടുള്ള എന്റെ മോനോഭാവത്തിൽ നല്ല മാറ്റം വന്നു. എന്റെ സ്വഭാത്തിലെ മാറ്റം അമ്മ തിരിച്ചറിയാൻ തുടങ്ങി.
ഞങ്ങളുടെ കളിയും ചിരിയും തമാശകളും തുടർന്നു. പക്ഷേ എപ്പോഴാ അതൊരു പ്രണയത്തിൽ ചെന്നെത്തി. പരസ്പരം അറിഞ്ഞു, മനസ്സിലാക്കി, ഒരിക്കലും പിരിയാനാകാത്ത വിധം ഞങ്ങൾ അടുത്തു. അങ്ങനെ അവൾ എന്റെ മാത്രം ചാരുവായി. അവളുടെ കഴുത്തിൽ ഒരു താലിചാർത്തി, സീമന്ത രേഖ യിൽ ഒരു നുള്ള് സിന്ദൂരവും തൂകി ഞാൻ എന്നേക്കുമായി അവളെ എന്റെ സ്വന്തമാക്കി….
അന്നുമുതൽ ഇന്നോളം ഒരു പരാതിയും പരിഭവവും പറയാതെ എന്റെ വീടിന്റെ വിളക്കായി എന്റെ നല്ല ഭാര്യയായി ചാരു എനിക്കൊപ്പം ഉണ്ട്. ഇതു വരെ എനിക്കു ദേഷ്യം വരുന്ന ഒന്നും അവൾ ചെയ്തിട്ടില്ല. എന്റെ ഓരോ നോട്ടത്തിന്റെയും അർഥം അവൾക്കു മനസ്സിലാകും. അവൾക്കു ഒന്ന് മാത്രം മതി ഞാനും മോളും നമ്മുടെ വീടും.
എനിക്കു കിട്ടിയ ഈ സൗഭാഗ്യത്തെ ഓർത്തു ഞാൻ അവളുടെ നെറുകയിൽ മുത്തമിട്ടു.
” ഉണ്ണിയേട്ടാ… ”
“നീ ഉറങ്ങിയില്ലായിരുന്നോ “.
“ഇല്ല. ഇങ്ങനെ കിടക്കാൻ നല്ല സുഖം.,, ഉറങ്ങാൻ തോന്നണില്ല. ”
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ… ”
“എന്താ ഉണ്ണിയേട്ടാ.. ”
“ഇത്രയും കാലം ആയിട്ടും നീ എന്നോട് ഒന്നും ആവിശ്യപെട്ടിട്ടില്ല. അതെന്താ ചാരു. ”
“എന്റെ ആവിശ്യങ്ങൾ ഒക്കെ ഉണ്ണിയേട്ടൻ കണ്ടറിഞ്ഞു സാധിച്ചു തരുമല്ലോ .”
“എന്നാലും നിനക്കു ഒരാഗ്രഹവും ഇല്ലേ. ”
“ഉണ്ട്. പറയട്ടെ. സാധിച്ചു തരുമോ. ”
“പറഞ്ഞോ” “എന്നേം മോളെയും കൊണ്ട് പോയി കടലു കാണിക്കാമോ.” ആ ചോദ്യം കേട്ടു ഞാൻ പൊട്ടി ചിരിച്ചു. ഒച്ച കേട്ടു മോളുണർന്നു.
ഒരു കയ്യിൽ മോളെയും മറുകൈയിൽ ചരുവിനെയും ചേർത്തു സന്ധ്യ മയങ്ങുന്ന സമയം വരെ ആ കടപ്പുറത്തു ഇരുന്നു. അസ്തമയ സൂര്യന്റെ കിരണങ്ങളിൽ ചാരുവിന്റെ സൗന്ദര്യം പതിന്മടങ്ങ് കൂടിയപ്പോലെ…….
അതെ…. ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ഞാൻ തന്നെയാണ്.
രചന: Manu Raghu