രചന :Rosily joseph
“ന്റെ നന്ദിനീ, നീയിങ്ങനെ ഒന്നും കഴിക്കാതെ ഇരുന്നാൽ എങ്ങനെയാ…? അമ്മേനെ വിഷമിപ്പിക്കല്ലേ.. പൈസ ഇല്ലാത്ത കൊണ്ടല്ലേ.. ലോക്ക് ഡൌൺ തുടങ്ങിയേ പിന്നെ അതിയാന് പണിയൊന്നും ഇല്ലാന്ന് നിനക്കറിഞ്ഞൂടെ..”
മാലതിയുടെ സ്നേഹത്തോടെയുള്ള തലോടലും, ആ സംസാരത്തിൽ ഉള്ള സങ്കടവുമൊക്കെ കണ്ടിട്ടാവണം, നന്ദിനിപ്പയ്യ് തലയൊന്നിളക്കി
“അമ്മയോട് നിനക്ക് ഇഷ്ടമില്ലാച്ചാ, നീയിതു കുടിക്കണ്ട..”
“ന്താ ന്റെ മാലത്യേ, പയ്യിനോട് ഒരു രഹസ്യം പറച്ചില്..?”
“ഏയ് ഒന്നൂല്ല്യാ സുമേ, ഞാനവൾക്ക് കുടിക്കാനിത്തിരി കാടിവെള്ളം കൊടുക്കുവായിരുന്നു..”
“മാലതീ, ഞാൻ തന്ന ബ്ലൗസ് തയ്ച്ചായിരുന്നോ..?”
“ആ….. തയ്ച്ചു വച്ചിട്ടുണ്ടല്ലോ..?”
“ആണോ, പിന്നെ മാലതീ, പൈസ ഞാൻ പിന്നെ തരാട്ടോ … ചേട്ടന് പണിയൊന്നും ഇല്ല, ലോക്ക് ഡൌൺ അല്ലെ..”
“ഓ അത് സാരമില്ല, പിന്നെയെപ്പോഴേലും തന്നാൽ മതി.. ഞാൻ, ബ്ലൗസ് എടുത്തു കൊണ്ട് വരാം..” മാലതി ചിരിച്ചു കൊണ്ടകത്തേയ്ക്ക് പോയി
സുമ പോയി കഴിഞ്ഞതും, ഭർത്താവ് രമേശൻ വാതിൽക്കൽ വന്നു നിന്ന് മാലതിയെ നോക്കി.
“അയാളിന്നലെ കൂടി എന്തോ പണിക്ക് പോയി വരുന്നത് ഞാൻ കണ്ടതാണ്..”
“അത് വീട്ടിലെ ചിലവിനു എടുത്തു കാണും… നമ്മളെ പോലെ തന്നല്ലേ അവരും..”
“ഉം, അതേയതെ നീയിങ്ങനെ മനുഷ്യപ്പറ്റ് കാണിച്ചോണ്ട് ഇരുന്നോ… ഇവിടെ, ആരും ഒന്നും വെറുതെ കൊണ്ടുതരില്ല..”
അവൾ, മറുപടിക്ക് പകരം ഒന്ന് പുഞ്ചിരിച്ചു..
ഉച്ചക്ക് എന്ത് കറി വയ്ക്കും എന്നോർത്ത് അടുക്കളയിൽ കഞ്ഞിക്കലം തടയിട്ട് നോക്കിയപ്പോളാണ് ഭർത്താവിന്റെ അമ്മ പറഞ്ഞത്..
“ഫ്രിഡ്ജിൽ തൈരിരുപ്പില്ലേ, അതെടുത്തു മോരാക്ക്.. പൈസയൊന്നും ഇരിപ്പില്ല അല്ലിയോടി ഇച്ചിരി പൊകയില വായിലിട്ട് ചവക്കാഞ്ഞിട്ട് ഒരു സുഖോമില്ല.. വല്ലോചാതി ഈ ലോക്ക് ഡൌൺ അങ്ങ് കഴിഞ്ഞാൽ മതിയായിരുന്നു..
“ജീരകം കാണുന്നില്ലല്ലോ അമ്മേ..”
“അതവിടെ എവിടെയെങ്കിലും കാണും.. നീ നല്ലോണം നോക്ക്..”
അലമാരയുടെ താഴത്തെ തട്ടിൽ മറിഞ്ഞു കിടക്കുന്ന ജീരകഡപ്പ അവളുടെ ശ്രദ്ധയിൽ പെട്ടു. കുറച്ചു നാളായി ജീരകം ഉപയോഗിച്ചുള്ള കറിയൊന്നും വയ്ക്കാത്ത കൊണ്ട് ഡപ്പ നിറയെ പൊടിയും ചുക്കിലിയുമായിരുന്നു.. അതെല്ലാം തുടച്ചു മാറ്റി തുറന്നു നോക്കിയപ്പോളാണ് നൂറിന്റെ രണ്ട് നോട്ടുകൾ ശ്രദ്ധയിൽ പെട്ടത്..
“ന്റെ കൃഷ്ണാ…. പാല് വിറ്റ് കിട്ടിയ കാശ് ഇതിൽ വെച്ചത് ഞാനങ്ങട് മറന്നേ പോയി. ന്തായാലും ന്റെ നന്ദിനികുട്ടീടെ ഭാഗ്യം..”
അവൾ, ആ കാശുമായി മകനെ സമീപിച്ചു.. അവൻ ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യുകയായിരുന്നു..
“മോനേ ഗോപി..”
“നീ ഓൺലൈൻ ക്‌ളാസിൽ ആണോ.. പഠിപ്പ് കഴിഞ്ഞു ആ കടയിൽ ഒന്ന് പോയേച്ചും വരണേ..
“ന്താമ്മേ വാങ്ങണ്ടേ ക്ലാസ് കഴിഞ്ഞൂ.. ഞാൻ പോയിട്ടു വരാം..? അവൾ, വാങ്ങേണ്ട സാധനങ്ങളുടെ കുറിപ്പടി അവനെ ഏല്പിച്ചു
“പൈസ ഉണ്ടെങ്കിൽ എനിക്കുള്ള വെറ്റേടെയും പൊകലയുടെയും കാര്യം കൂടി അവനോടൊന്ന് പറഞ്ഞേരെ.. ..” അടുക്കളയിൽ നിന്ന് വരുന്ന അമ്മായിയമ്മയുടെ നേർത്ത സ്വരം..
അവൾ അവന്റെ കയ്യിൽ നിന്നാ കുറിപ്പടി വാങ്ങി അത്ര അത്യാവശ്യം അല്ലാത്ത ഒരു കൂട്ടം വെട്ടി
നേരത്തെ പൊകലയുടെ കാര്യം എഴുതിയതാണ് എന്നാലും ചിലപ്പോൾ പൈസ തികഞ്ഞില്ലങ്കിലോ.. അവൾ മനസ്സിൽ ഓർത്തു ..
“മാലതീ.. ”
മുൻവശത്ത് ആരുടെയോ വിളി കേട്ടവൾ ചെയ്തു കൊണ്ടിരുന്ന ജോലി പാതിയിൽ നിർത്തി..
“സുമയോ എന്താ സുമേ ബ്ലൗസ് കറക്ട്ടല്ലേ..?” കയ്യിലെ വാഴക്ക കറ തുടച് മാറ്റുന്നതിനിടയിൽ അവൾ തന്റെ സംശയം പ്രകടിപ്പിച്ചു
“ബ്ലൗസ് ഒക്കെ കറക്ട്ടാ.. ഞാനിപ്പോ ഒരു കൂട്ടം പറയാനാ വന്നേ..”
“എന്താ സുമേ..”
“അത് ഗോപി എവിടെ പോയതാ..?”
“അവൻ കടയിൽ പോയതാ.. എന്താ സുമേ..?”
“ഞാനീ പറയുന്നത് കേട്ട് നീ ടെൻഷൻ ആവുകയൊന്നും വേണ്ട..”
“എന്താ സുമേ നീ കാര്യം പറ..”
“അത് ആ രമേശേട്ടാ.. ഗോപിമോനേ വഴിക്ക് വെച്ച് പോലീസ് പിടിച്ചെന്ന് പറയുന്നുണ്ടായിരുന്നു.. ചേട്ടന്റെ കൂട്ടുകാരാരോ പറഞ്ഞത.. കേട്ടത് സത്യാവാൻ വഴിയില്ല.. എന്തായാലും ചേട്ടൻ പോയിട്ടുണ്ട് അവിടെക്ക്..”
“എന്റെ ഭഗവാനെ എന്റെ കുഞ്ഞു.. അവനെ എന്തിനു..? അവൻ ഒരു കുറ്റവും ചെയ്തിട്ടില്ലല്ലോ.. അവൾ രമേശനേ നോക്കി
“നിങ്ങളൊന്നു പോയിട്ട് വാ അവനെന്താ പറ്റിയെന്ന് അറിയില്ലല്ലോ..?”
“വേവലാതിപെടുകയൊന്നും വേണ്ട മാലതി അവൻ ഇപ്പൊ ഇങ്ങു വരും ശ്രീഏട്ടനല്ലേ അവിടെക്ക് പോയേക്കുന്നെ..”
“കാര്യം എന്താന്ന് വല്ലോം നിനക്കറിയോ..?
“അത് മാസ്ക് എന്തോ വച്ചില്ലെന്ന് പറഞ്ഞ അവര് അവനെ തടഞ്ഞത്..”
“അതിന് ഇവിടുന്നു പോകുമ്പോ മാസ്ക് ഉണ്ടായിരുന്നല്ലോ..?”
“അതിപ്പോ പിള്ളേരല്ലേ ഒഴിഞ്ഞ സ്ഥലം എത്തിയപ്പോൾ അതൊന്നു അയച്ചു വച്ചിട്ടുണ്ടാവും..”
“ആകെ ഉണ്ടായിരുന്ന പൈസയും നുള്ളിപെറുക്കി കൊടുത്തു കടയിൽ പറഞ്ഞു വിട്ടതാ.. ഇവനിത്..!!” ഉള്ളിലെ അമർഷം അവൾ കടിച്ചമർത്തി
“ആ ദേ വന്നൂല്ലോ..”
വാങ്ങിയ സാധനങ്ങളുമായി നട കയറി വരുന്ന ശ്രീജിത്തിനെയും പിന്നിൽ മുഖം ഒളിപ്പിച്ചു വരുന്ന ഗോപിയെയും കണ്ട് മാലതിക്ക് നല്ല ദേഷ്യം തോന്നി
“അവര് ഇവന്റെ കയ്യിൽ നിന്ന് ഫൈൻ ഈടാക്കാൻ ഒരുങ്ങിയതാ കൃത്യസമയത്തു ഞാൻ ചെന്ന് കാല് പിടിച്ചത് കൊണ്ട് ഫൈനിൽ നിന്ന് രക്ഷപെട്ടു.. പക്ഷേ നല്ലൊരു ഉപദേശം കിട്ടീട്ടുണ്ട് അല്യോടാ..”
ശ്രീജിത്ത് അവന്റെ മുഖത്തെ ദയനീയത കണ്ട് പുഞ്ചിരിച്ചു
“മാലതി നീ അവനെ വഴക്കൊന്നും പറയണ്ട കുട്ടികൾ അല്ലെ..”
“നീയങ്ങോട്ട് മാറ് സുമേ..”
അവൾ കയ്യിൽ കിട്ടിയ ഒരു വടി കഷ്ണവുമായി അവനെ തല്ലാൻ അടുത്തു
“ഞാൻ കേട്ടതൊക്കെ ശരിയാണോടാ..”
“മാലതി വേണ്ട അവനിങ് വന്നില്ലേ ഒന്നും സംഭവിച്ചില്ലല്ലോ..”
ഇതിലിപ്പോ എന്താ ഇത്ര പറയാൻ എന്ന രമേശേട്ടന്റെ ഒഴിഞ്ഞു മാറ്റം കണ്ട് മാലതിക്ക് അതിശയം തോന്നി
“എന്റെ രമേശേട്ടാ അറിവില്ലായ്മ കൊണ്ടാണെങ്കിൽ പോട്ടേന്ന് വയ്ക്കാം ഇതിപ്പോ വയസ് പത്തൊൻപ്പതായി..
ഞാൻ പറയുമ്പോ എല്ലാർക്കും കുറ്റവാ പോലീസ് പിടിച്ചു ഫൈനും അടച്ചു അതല്ലെങ്കിൽ ലോക്കപ്പിൽ ഇട്ട് രണ്ടടിയും കൊടുത്തിരുന്നെങ്കിലോ..?”
ഇത്രയും നാള് ലോക്ക്ഡൗണും കൊറോണയും മൂലമാ ബാക്കിയുള്ളോൻറെ സമാധാനം പോയത് ഇപ്പൊ..
ഉള്ളിലുള്ള അമർഷം തീരാതെ അവൾ മകന്റെ കയ്യിലിരുന്ന സ്മാർട്ട് ഫോൺ പിടിച്ചു വാങ്ങി..
ഈ ഫോൺ കാരണം ആണല്ലോ നീയിങ്ങനെ അശ്രദ്ധമായി നടക്കുന്നത്.. ഇതിനി എന്റെ കയ്യിൽ ഇരിക്കട്ടെ . ക്ലാസ്സ് ഉള്ളപ്പോൾ മാത്രമെ നിനക്കിനി ഇത് കിട്ടു.. നിന്നെ ഒരു പാഠം പഠിപ്പിക്കാൻ പറ്റുമോയെന്ന് ഞാനൊന്ന് നോക്കട്ടെ..” അതും പറഞ്ഞു മാലതി തന്റെ അടുക്കളകാര്യങ്ങളിലേയ്ക്ക് കടന്നു
ഇതിലൊന്നും ഇടപെടാൻ തനിക്ക് വയ്യേ എന്ന ഭാവത്തിൽ രമേശന്റെ പോക്കും കൂടി ആയതോടെ ഗോപി ഇനി എന്ത് ചെയ്യും എന്ന ഭാവത്തിൽ ആ കട്ടിളപടിയിൽ തളർന്നിരുന്നു..
രചന :Rosily joseph