പ്രവാസി ആയതിനാൽ കൂടുതലൊന്നും അടുത്ത് നിൽക്കാൻ പറ്റിയിട്ടില്ല .. എന്നാലും അവളുടെ ഇഷ്ട്ടപ്പെട്ട കളിക്കൂട്ടുകാരനായും , ഫോൺ വിളിക്കുമ്പോൾ കള്ള കാമുകനായും.

Uncategorized

പെണ്ണ്

കല്ല്യാണം കഴിഞ്ഞവളുടെ കയ്യും പിടിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ നാണം കൊണ്ട് അവളുടെ മുഖം ചുമന്നിരുന്നു .

മണിയറയിലെ അരണ്ട വെളിച്ചത്തിൽ പെണ്ണ് കാണൽ ചടങ്ങിന്റെന്ന് മിന്നായം പോലെ കണ്ട എന്റെ മുഖത്തേക്കവൾ നോക്കുന്നുണ്ടായിരുന്നു .

ആദ്യ രാത്രിയുടെ പേടി കൊണ്ടാവാം , നാണക്കാരിയായ അവളുടെ മുഖത്ത് നോക്കി എന്ത് പറയണമെന്നോ ചോദിക്കണമെന്നോ അറിയാതെ ഞാനും മൗനത്തിലായിരുന്നു .

കല്യാണത്തിന്റെ പുതുമോടിയൊക്കെ കഴിഞ്ഞു ഞാൻ വീണ്ടും പഴയ പോലെ ഓട്ടോയിൽ പോയി തുടങ്ങി.. വീടിനടുത്തുള്ള ഓട്ടോ സ്റ്റാന്റിൽ തന്നെ പണിയായത് കൊണ്ട് രാവിലത്തെ ചായ അധികവും വീട്ടിൽ നിന്നാണ് കുടിക്കാറുള്ളത് അന്നും പതിവ് പോലെ ചായ കുടിക്കാൻ വീട്ടിലേക്ക് വന്നപ്പോൾ അവള് വയർ വേദനയായിട്ട് കിടക്കുകയായിരുന്നു .

നീ ചായ ഉണ്ടാക്കിയില്ലെ ?

മേശപ്പുറത്ത് ഒന്നും കാണാത്തത് കൊണ്ട് ഞാൻ ചോദിച്ചു .

” ഇല്ലിക്കാ എനിക്ക് നല്ല സുഖമില്ല ഞാൻ ലേശം കിടന്നതാ..”

അവൾ മറുപടി തന്നു. നല്ലോണം വിശക്കുന്നുണ്ട് , ഒന്നും മിണ്ടാതെ വണ്ടിയുമെടുത്ത് ഞാൻ ഹോട്ടലിലേക്ക് വിട്ടു .

ഓട്ടോ സ്റ്റാന്റിൽ അന്ന് നല്ല തിരക്കായിരുന്നു .

വൈകീട്ട് ഒരു ഹോസ്‌പിറ്റൽ കേസുമായി ഓട്ടം പോയതിനാൽ കുറച്ചു വൈകിയത് കൊണ്ട് രാത്രി ഫുഡും ഹോട്ടലിൽ നിന്ന് കഴിച്ചാണ് ഞാൻ വീട്ടിലേക്ക് വന്നത്…

അപ്പോഴും തലയിണ വയറിലേക്ക് അമർത്തി വെച്ചു അവൾ കിടക്കുകയായിരുന്നു .

എന്തോ അവൾ ഒന്നും മിണ്ടാത്തത് കൊണ്ടാവാം ഞാനും ഒന്നും മിണ്ടാനോ പറയാനോ പോയില്ല…

പകൽ അല്പ്പം പോലും കിടക്കാത്തത് കൊണ്ടാവാം നല്ല ക്ഷീണം. അത് കൊണ്ട് തന്നെ കുളികഴിഞ്ഞു വന്നുടനെ ഞാൻ ഉറങ്ങിപ്പോയി ..

പതിവ് പോലെ രാവിലെ അവളുടെ വിളി കേട്ട് കൊണ്ടാണ് ഞാൻ ഉണർന്നത് . നോക്കുമ്പോൾ കയ്യിലൊരു കട്ടൻ കാപ്പിയുമായി ചിരിച്ചു കൊണ്ടവൾ മുന്നിൽ നിൽപ്പുണ്ട് .. അവളുടെ മുഖത്തേക്ക് ഒന്ന്‌ നോക്കി എന്ന് വരുത്തി ഒന്നും പറയാതെ ചായ വാങ്ങി കുടിച്ചു ഞാൻ കുളിക്കാൻ പോയി..

കുളി കഴിഞ്ഞ് വരുമ്പോഴേക്കും മുണ്ടും ഷർട്ടും അവൾ തേച്ചു വെച്ചിരുന്നു . കൂട്ടത്തിൽ നല്ല ദോശയും മുട്ടക്കറിയും ടേബിളിൽ വെച്ചിട്ടുണ്ട് … ഒന്നും പറയാതെ ചായയും കുടിച്ച് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മനസ്സ് നിറയെ അവളായിരുന്നു .. ഇന്നലെ അവളോട്‌ ഒന്നും ചോദിക്കുകയും പറയുകയും ചെയ്യാത്തത് കൊണ്ടാവാം … എന്റെ കണ്ണ് നിറഞ്ഞിരുന്നു ..

ശെരിക്കും അവരുടെ ആ അവസ്ഥയെ പറ്റി എനിക്ക് വലിയ അറിവില്ലായിയുന്നു. അല്ലെങ്കിൽ അതിനെ പറ്റി ഞാൻ പഠിക്കാൻ ശ്രമിച്ചിരുന്നില്ല .!

കാരണം നമ്മുടെ ഉമ്മമാർ അതെല്ലാം സഹിക്കാൻ പഠിച്ചവരായിരുന്നു.. അല്ലെങ്കിൽ ഇന്നത്തെപ്പോലെ അന്നതിനെ കുറിച്ച് എനിക്കൊന്നും വല്ല്യ അറിവില്ലായിരുന്നു…

അതു കൊണ്ട് തന്നെയാവണം പെണ്ണിനെ കുറിച്ച് പഠിക്കാൻ ഞാൻ തീരുമാനിച്ചത്‌ .. !! അവളിൽ അമൃത് ചുരത്തേണ്ട മാറിടങ്ങളുണ്ടെന്നും .. കുഞ്ഞിനെ ഉറക്കേണ്ട മടിത്തട്ടുണ്ടെന്നും…

മുറിച്ചു മാറ്റപ്പെടേണ്ട ഒരു പൊക്കിൾ കൊടിയുണ്ടെന്നും ..

അവളിൽ ആർത്തവം ഒഴുകിയ വഴിയെ ആണ് ഓരോ ജീവന്റെയും ജനനമെന്നും ഞാൻ പഠിച്ചു തുടങ്ങിയത്

പിന്നെയോ .. സ്വന്തം വീടോ അല്ലെങ്കിൽ കല്ല്യാണം കഴിഞ്ഞു മറ്റൊരു കുടുംബത്തിലേക്ക് കയറി വരുമ്പോൾ ആണെങ്കിലും

രാവിലെ മുറ്റമടിയിൽ തുടങ്ങി , ചായ ഉണ്ടാക്കി പാത്രം കഴുകി , അലക്കി വീട് അടിച്ചു തുടച്ച് , ചോറും കറിയും ഉണ്ടാക്കി അങ്ങനെ …., അങ്ങനെ…, എല്ലാ പണിയും തീർത്ത് അടുപ്പും കെടുത്തി അടുക്കളയിൽ നിന്നും വന്ന് കുളിയെല്ലാം കഴിഞ്ഞു രാത്രി കിടക്കാൻ നോക്കുമ്പോൾ മണി പത്തോ പതിനൊന്നോ ആയിട്ടുണ്ടാവും .

കിടന്ന് കഴിഞ്ഞാലും എന്നപ്പോലത്തെ ചില ആളുകൾ നാളത്തെ കാര്യത്തെ കുറിച്ച് ചോദിച്ചു അവരെ വീണ്ടും അടുക്കളയിലേക്ക് പറഞ്ഞയക്കും ..

അരി പൊതിർത്തിയിരുന്നോ ..? കടല വെള്ളത്തിലിട്ടിനോ …? അടുക്കളയിലെ വാതില് പൂട്ടീനോ …? കോഴിക്കൂട് അടച്ചിനോ …? ഇപ്പോഴാണെങ്കിൽ , ഗ്യാസ് പൂട്ടിയിരുന്നോ …? എന്നും കൂടി ചേർത്ത് വായിക്കണം

അങ്ങനെ …,അങ്ങനെ …, പല കാര്യങ്ങളും ..!!

ഇപ്പോഴും അവൾക്ക് വയറു വേദന വരാറുണ്ട് അപ്പോഴൊന്നും ഞാനവളോട് മുഖം കറുപ്പിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യാതെ വീട്ടിൽ തന്നെ നിന്ന് അവൾക്കും എനിക്കും കൂടി വല്ലതും ഉണ്ടാക്കി അവളെ കഴിപ്പിച്ചും അവളുടെ മനസ്സ് സന്തോഷിപ്പിച്ചും അവൾക്ക് താങ്ങും തണലുമായി നിന്നും ആ സമയത്ത് അവർക്ക് എന്താണോ ആവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കൊടുത്തും ഞാനൊരു യഥാർത്ഥ ഭർത്താവ് ആവുകയായിരുന്നു ..! അത് കൊണ്ട് തന്നെയാവണം

ജീവിതത്തിൽ പയറ്റി തെളിഞ്ഞവൻ ആയെന്ന് ദൈവത്തിന് തോന്നിയപ്പോൾ പഞ്ചാര പൈതലിനെ തന്നവളെന്നെയൊരു ഉപ്പയാക്കിയത് ..

നിങ്ങളറിയുമോ പ്രിയപ്പെട്ടവരെ ..

ചെറിയ ഒരു കാര്യം മതി അവർക്ക് ഒരു പാട് സന്തോഷിക്കാൻ .

അതു പോലെ തന്നെ അതിലും ചെറിയ ഒരു കാര്യം മതി അവർക്ക് ദേഷ്യം പിടിക്കാനും , സങ്കടപ്പെടാനും.

പ്രവാസി ആയതിനാൽ കൂടുതലൊന്നും അടുത്ത് നിൽക്കാൻ പറ്റിയിട്ടില്ല .. എന്നാലും അവളുടെ ഇഷ്ട്ടപ്പെട്ട കളിക്കൂട്ടുകാരനായും , ഫോൺ വിളിക്കുമ്പോൾ കള്ള കാമുകനായും.., പരാതിയും പരിഭവവും കേൾക്കുന്ന അവളുടെ പ്രിയപ്പെട്ട ഭർത്താവായും , അവൾ നൊന്ത് പെറ്റ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പുന്നാര ഉപ്പയായും…, വയ്യായ്മ വരുമ്പോൾ കൂട്ടിരുന്നും .., വയറു വേദന ഉള്ളപ്പോൾ ഉലുവ വെള്ളം കാച്ചി കൊടുത്തും , ചെറിയ ഒരു പനിവന്നാൽ നനച്ച് തുടച്ചും , തല വേദന വരുമ്പോൾ ബാം പുരട്ടിക്കൊടുത്തും..!!

എന്റെ കൊച്ചിനെ പള്ളയിലിട്ട് .. ഒമ്പതാം മാസത്തിലെ നിറവയറും താങ്ങി പിടിച്ച്…. ഉമ്മറ കോലായിൽ ഇരിക്കുന്നവളുടെ നീരു വന്ന കാലും ഞെക്കിക്കൊണ്ട് …. ഇടക്കിടക്ക് വാവയുടെ വക. ബോണസായി മുഖത്ത് കിട്ടുന്ന ചവിട്ടും കൊണ്ട് … പറ്റിപ്പിടിച്ചു ഞാനവളുടെ ചാരത്തിരിപ്പുണ്ട്…🥰😘

പ്രിയപ്പെട്ടവരെ പെണ്ണിനെ അറിയാൻ ശ്രമിക്കുക ..

എങ്കിൽ അവളിൽ നിങ്ങൾക്ക് ക്ഷമ കാണാം .. സ്നേഹം കാണാം … വാത്സല്യം കാണാം … എല്ലാം സഹിക്കുന്നൊരു മനസ്സും കാണാം …❤️

#കൊച്ചീസ് ❤️

Leave a Reply

Your email address will not be published. Required fields are marked *