Categories
Uncategorized

പ്രണയത്തിന് അപ്പുറം അനാഥലയത്തിന്റെ ഏകാന്ത ചിന്തകളിൽ നിന്നുള്ള മോചനം കൂടി ആയിരുന്നു തനിക്ക് ആദിയുടെ സാമീപ്യം..

✍️ലൈന മാർട്ടിൻ

“മോളെ അനു “… ദേവകിയമ്മയുടെ അടുക്കളപ്പുറത്തു നിന്നുള്ള വിളിയുടെ പിന്നാലെ കിച്ചുവിന്റെ കരച്ചിൽ കൂടി കേട്ടപ്പോഴേ പിള്ളേര് രണ്ടും കൂടെ യുദ്ധം തുടങ്ങിയിട്ടുണ്ടാകും എന്ന് അനുപമക്ക് മനസിലായി.. “ഞായറാഴ്ച ആയാൽ പിന്നെ വീടൊരു യുദ്ധ ഭൂമി ആക്കും രണ്ടു പേരും കൂടെ.. ഇന്ന് നോക്കിക്കോ രണ്ടിനെയും ” “അമ്മേ ഇവൻ എന്റെ പെൻസിൽ എടുത്തു ഒടിച്ചു,” “അല്ലമ്മേ അതെന്റയാ “…

“രണ്ട് പേരും വഴക്കിടണ്ട, അമ്മ പോയിട്ട് വരുമ്പോ രണ്ടുപേർക്കും പുതിയ പെൻസിൽ മേടിച്ചിട്ടു വരാട്ടോ” പരാതിയുമായി ജനിയുടെ പിറകെ കിച്ചുവും എത്തിയതോടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ രൂക്ഷമാകാൻ ഉള്ള സാധ്യത കണ്ട് അനുപമ പറഞ്ഞു! “അല്ല മോളെ നിനക്കിന്നും പോകണോ.. കുട്ട്യോള് വീട്ടിൽ ഉള്ളതല്ലേ ഒരു അവധി ദിവസം എങ്കിലും നിനക്ക് വീട്ടിൽ നിന്നൂടെ?” ദേവകിയമ്മ അനുവിനെ നോക്കി…

” അമ്മ ഇതെന്തറിഞ്ഞിട്ടാ? ഇന്നൊരു ദിവസം പോയില്ലെങ്കിൽ നഷ്ടം ഒരു ദിവസത്തെ കമ്മീഷൻ ആണ്.. രണ്ട് ദിവസത്തിനുള്ളിൽ കറന്റ്‌ന് പൈസ അടച്ചില്ലെങ്കിൽ അവർ വന്ന് കണക്ഷൻ കട്ട്‌ ചെയ്യും, പിന്നെ അമ്മയുടെ മരുന്നും മേടിക്കണ്ടേ? ഇൻസുലിൻ തീർന്നിട്ട് ദിവസം എത്ര ആയിന്നു വല്ല ബോധോം ണ്ടോ? ”

” ഒക്കെ അമ്മക്ക് അറിയാം അനു.. ഇതിനൊക്കെ കൂടി ഓടാൻ നീ ഒറ്റക്കെ ഉള്ളുന്നും അമ്മക്ക് ഓർമയുണ്ട്, എന്നാലും വീടുകൾ കയറിയിറങ്ങി പുസ്തകങ്ങള് വിൽക്കണ ഈ ജോലി നിർത്തി നിനക്ക് മുൻപത്തെ പോലെ വല്ല കടയിലും നിന്നൂടെ മോളെ? ” “ആ കടയിൽ നിന്നു കിട്ടിയ ദുരനുഭവം ഒരിക്കലും മറക്കാൻ പറ്റിലമ്മേ.. കടയിൽ ജോലിക്ക് നിൽക്കണ പെൺകുട്ട്യോളൊക്കെ തന്റെ ഇഷ്ടത്തിന് വഴങ്ങണമെന്നുള്ള അയാളുടെ സ്വഭാവം കാരണം അവിടെ ജോലിക്ക് നിന്ന എത്ര പെൺകുട്ട്യോളുടെ ജീവിതം ആണെന്നോ നശിച്ചു പോയത്, ഞാൻ ആണെങ്കിൽ ഭർത്താവില്ലാതെ ജീവിക്കുന്നോള് കൂടി ആയപ്പോ എല്ലാം എളുപ്പമാണ് എന്നോർത്ത് കാണും അയാള്! പക്ഷെ മുഖമടച്ചൊന്നു കൊടുത്തപ്പോ ഉള്ള അയാളുടെ ഭാവം അതിപ്പോഴും മുൻപോട്ട് ഉള്ള എന്റെ ജീവിതത്തിന് പ്രോത്സാഹനം ആണമ്മേ.. ഇങ്ങനെ ഉള്ള വൃത്തികെട്ടവന്മാർ ശരിക്കും പറഞ്ഞാൽ പേടിത്തൊണ്ടന്മാരാണ്..

ആണിന്റെ വില കളയുന്ന പാഴ് ജന്മങ്ങൾ ” മനസിലായി അപ്പൊ ഈ ജോലി വിട്ട് ഒരു കടയിലും കയറി നിൽക്കാൻ നിനക്ക് താല്പര്യം ഇല്ല ന്നു അല്ലേ? അമ്മയുടെ മുഖത്തെ പരിഭവം കണ്ടു അനുവിന് ചിരി വന്നു! “എന്റെ ദേവകിയമ്മേ!

ഇപ്പോഴും ഇള്ളപിള്ളേരുടെ പിണക്കം ആണല്ലോ”… അമ്മയുടെ കവിളിൽ മുഖം ചേർത്ത് വയ്ച്ചു അനു പതിയെ ചാഞ്ഞിരുന്നു ” പുസ്തകങ്ങളും ചുമന്നുള്ള ഈ ജോലി കുറച്ച് ബുദ്ധിമുട്ട് തന്നെയാണ് അമ്മേ.. എന്നാലും സമാധാനം ഉണ്ടല്ലോ.. ഞാൻ ഇപ്പോൾ അതെ നോക്കുന്നുള്ളു ” മറുപടി പറയാതെ നിലത്തേക്ക് നോക്കി ദേവകിയമ്മ എന്തോ ആലോചിച്ചിരുന്നു! ഞായറാഴ്ച ആയതു കൊണ്ടാകും ബസിൽ പൊതുവെ തിരക്ക് കുറവായിരുന്നു,.. ബസ് ന്റെ സൈഡ് സീറ്റ്ൽ

പുറത്തേക്കു നോക്കി അനുപമ ഇരുന്നു.. പുറകിലേക്ക് ഓടിപ്പോകുന്ന കാഴ്ചകൾക്കുള്ളിൽ മാറാല പിടിച്ചൊരു ചിത്രമെന്ന പോലെ അവൾ ആദിയുടെ മുഖം കണ്ടു.. ‘ആദ്യമായി ആദിയെ കാണുന്നതും ഇതു പോലൊരു ബസ് യാത്രയിൽ ആയിരുന്നു തുടരെ ഉള്ള കാഴ്ചകൾ ആദിയെ തന്നിലേക്ക് അടുപ്പിച്ചു..’

പ്രണയത്തിന് അപ്പുറം അനാഥലയത്തിന്റെ ഏകാന്ത ചിന്തകളിൽ നിന്നുള്ള മോചനം കൂടി ആയിരുന്നു തനിക്ക് ആദിയുടെ സാമീപ്യം.. ആദി അനുവിനെ വിവാഹം കഴിച്ച് അമ്മയുടെ മുൻപിൽ കൊണ്ട് ചെന്ന് നിർത്തിയ നിമിഷം മുതൽ അമ്മ ഇല്ലാത്ത സങ്കടം അറിയിച്ചിട്ടില്ല ദേവകി അമ്മ..

പക്ഷെ പതിയെ ആദിയുടെ സ്വഭാവം മാറുന്നത് അനു അറിയുന്നുണ്ടായിരുന്നു, മദ്യപാനം, അനാവശ്യ കൂട്ടുകെട്ടുകൾ,അന്യ സ്ത്രീകളുമായുള്ള ബന്ധം! പലതും നേരിൽ കണ്ടിട്ടും കുടുംബത്തിൽ സമാധാനം വേണം എന്നുള്ളത് കൊണ്ട് കണ്ടില്ലെന്ന് നടിച്ചു, അതിനനുസരിച്ചു ആദി മോശമായ വഴികളിലൂടെ തന്നെ സഞ്ചരിച്ചു..

പലതും പറഞ്ഞു മാറ്റിയെടുക്കാൻ ശ്രമിച്ചു, അതെല്ലാം അനുവിനെ ദേഹോപദ്രവം ഏൽപ്പിക്കുന്നതിൽ കൊണ്ടെത്തിച്ചു, സ്ഥിരം ആയുള്ള മദ്യപാനം കാരണം ആകെ ഉണ്ടായിരുന്ന പലചരക്കു കച്ചവടം നഷ്ടത്തിലായി അമ്മ പറഞ്ഞിട്ട് പോലും കേൾക്കാൻ കൂട്ടാക്കാതെ ആയി പതിയെ വീട്ടിലേക് ഉള്ള വരവും ഇല്ലാതെ ആയി, കിച്ചുവിനെ പ്രസവിച്ചു കിടന്നപ്പോഴാണ് ആരോ പറഞ്ഞറിഞ്ഞത് ആദിയേക്കാൾ പ്രായമുള്ള രണ്ടു കുട്ടികളുടെ അമ്മ ആയ ഏതോ സ്ത്രീക്കൊപ്പം ആണ് ഇപ്പോൾ എന്ന്.. ആദ്യം ഒക്കെ പ്രതീക്ഷിച്ചു എല്ലാ തെറ്റും തിരുത്തി ഒരീസം കടന്ന് വരും ന്നു! പിന്നെ പിന്നെ ആ പ്രതീക്ഷക്ക് ഒക്കെ മങ്ങൽ ഏറ്റു.. ഇപ്പോൾ ഒരൊറ്റ പ്രാർത്ഥനയെ ഉള്ളു ഒരിക്കലും ഇനി തമ്മിൽ കാണാൻ ഇട വരരുതേ എന്ന്! “പള്ളിമുക്ക്,, പള്ളിമുക്ക്, ഇറങ്ങാൻ ഇനി ആരെങ്കിലും ഉണ്ടോ? ” സ്റ്റോപ്പ്‌ എത്തിയപ്പോഴുള്ള കണ്ടക്ടറുടെ ഒച്ചയാണ് അനുവിനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്..! പുസ്‌തക ഗോഡൗണിൽ ചെന്ന് രജിസ്റ്റർൽ ഒപ്പിട്ട് വിൽപ്പനക്കുള്ള പുസ്തകങ്ങൾ കയറ്റിയ വണ്ടിയിൽ കയറി അനു ഇരുന്നു ,.. ഒരു പുസ്തകം വിറ്റാൽ നൂറ് രൂപ കമ്മീഷൻ ഉണ്ട്, മൂന്ന്, നാല് പേരെ വീതം ഓരോ സൈറ്റിൽ കൊണ്ടാക്കാൻ വണ്ടികളുമുണ്ട്, ലതയും, സതിയും, മഹേഷുമാണ് തനിക്കൊപ്പം ഉള്ള മറ്റു മൂന്ന് പേര്,

മഹേഷ്‌ ചേട്ടാ “ഇന്നലെ പോയ സൈറ്റ്ൽ തന്നെ പോകാമെ ആദ്യം, അവിടെ രണ്ടിടത്തു ഓർഡർ എടുത്തു വയ്ച്ചിട്ടുണ്ട്, ഒരു രാമായണം പിന്നെ ഒരു ബ്രെയിൻ വിറ്റ,” അനു പറഞ്ഞത് കേട്ട് ലതയും സതിയും തലയാട്ടി ചിരിച്ചു! “എനിക്കിന്നലെ ആകെ മൂന്ന് ബുക്ക്‌ ആണ് പോയത് അനുവിന് ഏഴു ബുക്ക്‌ പോയി ഇല്ലേ? പോരെങ്കിൽ ഇന്നത്തേക്ക് ഓർഡറും പിടിച്ചു! ഇങ്ങനെ ആയാൽ പിന്നെ ഞാൻ ഒക്കെ എങ്ങനെ ഈ ഫീൽഡിൽ പിടിച്ചു നിൽക്കുമോ എന്തോ “! “അതേയ് ചേച്ചി ഞാൻ ഇങ്ങനെ ബുക്ക്‌ വിറ്റില്ലെങ്കിൽ എന്റെ വീട് പട്ടിണിയാകും ചേച്ചിക്ക് വീട്ടിൽ ഇരുന്നു ബോറടിച്ചിട്ടു ജോലിക്ക് വരുന്നതല്ലേ എനിക്കിതു മക്കൾക്കുള്ള അന്നമാണ് ”

ലേശം അസൂയ കലർന്ന സതിയുടെ കമെന്റ്ന് ഉള്ള മറുപടിയായി ചെറു ചിരിയോടെ അനുപമ പറഞ്ഞു ! റോഡരികിൽ നിർത്തിയ വണ്ടിയിൽ നിന്ന് ഇറങ്ങിയ അനു പുസ്തക ചുമടുമായി റബർ കാടിനിടയിലൂടെ വഴിയെ നടന്നു, കുറെ താഴെയാണ് രാമായണം ഓർഡർ എടുത്ത അമ്മയുടെ വീട്, അവിടെ നിന്ന് വീണ്ടും കുറച്ചു മുൻപോട്ട് പോയി വേണം അടുത്ത വീട്ടിലേക്ക് പുസ്‌തകം കൊണ്ടോയി കൊടുക്കാൻ,

ഇവിടുത്തെ അമ്മ ഇല്ലേ? വരാന്തയിൽ ഇരുന്ന് പത്രം വായിക്കുന്ന ചെറുപ്പക്കാരൻ മുഖം ഉയർത്തി നോക്കി ,” ഇവിടെ ഇതൊന്നും വേണ്ടാ കൊണ്ട് പൊയ്ക്കോ രാവിലെ ഓരോന്ന് കയറി വരും” ഈർഷ്യയോടെ പറഞ്ഞു കൊണ്ട് വീണ്ടും അയാൾ പത്രത്തിലെക്ക് ശ്രദ്ധിച്ചു, “അല്ല സാറേ ഇവിടുത്തെ അമ്മ പറഞ്ഞിട്ടാണ് ഞാൻ കൊണ്ട് വന്നത് ” “ആഹ് മോളാണോ.. രാമായണം വല്യ അക്ഷരം ഉള്ളത് കൊണ്ട് വന്നോ? ” എന്തോ പറയാൻ ശ്രമിച്ച അയാളുടെ വാക്കുകളെ തടസ്സപ്പെടുത്തിക്കൊണ്ട് ആ അമ്മ കടന്ന് വന്നു അനുവിന്റെ കൈയിൽ നിന്ന് പുസ്തകം മേടിച്ചു നോക്കി.. അതിനിടയിൽ ഒന്നും പറയാതെ അയാൾ എഴുന്നേറ്റു അകത്തേക്ക് പോയി.. “അമ്മയുടെ മോനാണോ അത്?” “അതെ മോളെ എന്തേലും പറഞ്ഞോ? “അവനൊരു മുൻകോപിയാ എന്നാലും എന്റെ വാക്കിന് മറുവാക്കില്ല” മകനെ കുറിച്ച് പറയുമ്പോൾ ഉള്ള ആ അമ്മയുടെ വാക്കുകളിലെ അഭിമാനം…കണ്ണുകളിലെ തിളക്കം.. ഒക്കെ അനു നോക്കി നിന്നു മനസ്സിൽ അറിയാതെ മകന്റെ മുഖം ഓർമ വന്നു

“കിച്ചു ഇത് പോലെയാകുമോ? അതോ അവന്റെ അച്ഛനെ പോലെ!!!! “ഇനി ഒരു പുസ്തകം കൂടെ കൊടുക്കാനുണ്ട്, അതും കഴിഞ്ഞു വേണം വേറെ വീടുകൾ നോക്കി പോകാൻ.. ഇന്ന് കുറച്ചു നേരത്തെ ജോലി നിർത്തണം.. മക്കൾക്കും അമ്മക്കുമൊപ്പം കുറച്ച് സമയം എങ്കിലും ചെലവഴിക്കണം” പുസ്തകം കൊടുത്തു പൈസയും വാങ്ങി മുൻപോട്ട് നടക്കുന്നതിനിടയിൽ അനുപമ മനസിലോർത്തു, ചേച്ചി,… ചേച്ചി… ആ വീടിന്റെ മുൻ വാതിലിൽ തട്ടി അനുപമ വിളിച്ചു,, എത്ര വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല ” ഇനിയിപ്പോ ഇവിടെ ആരൂല്ലേ, ഇന്നലെ വന്നപ്പോ ഒരു ചേച്ചിയും രണ്ട് പെണ്മക്കളും ആണ് ഉണ്ടായിരുന്നെ,

“പൈസ ഇല്ല നാളെ ഒന്ന് പുസ്തകം കൊണ്ട് വരാമോ” എന്ന് ചോദിച്ചിട്ടാണല്ലോ ഇന്ന് കൊണ്ട് വന്നേ, ഇനിയിപ്പോ എന്ത് ചെയ്യും,? തിരികെ പോകാൻ തുനിയുമ്പോഴാണ് വീടിന്റെ പിൻഭാഗത്തു നിന്ന് പാത്രങ്ങൾ വീഴുന്ന ഒച്ചയും അടഞ്ഞ ഒച്ചയിലുള്ള ഒരു കരച്ചിലും കേട്ടത്, അനു പിന്നാമ്പുറത്തെത്തി, അടുക്കളയിൽ നിന്ന് വീണ്ടും പാത്രം വീഴുന്ന ഒച്ച കേട്ട് അടഞ്ഞു കിടന്ന അടുക്കള വാതിലിൽ ആഞ്ഞു തള്ളി..

വാതിൽ പൂട്ടിയിട്ടില്ലായിരുന്നു തള്ളി തുറന്നു അകത്തേക്ക് കയറിയ അനു കണ്ടത് അർധ നഗ്നമായ അവസ്ഥയിൽ ഒരു പെൺകുട്ടിയെ കൈകൊണ്ടു വായ് അമർത്തി പിടിച്ചു ഒരാൾ ചുവരോട് ചേർത്ത് പിടിച്ചിരിക്കുന്നു.. കാലുകൾ നിലത്തുറക്കാതെ അയാൾ അവളെ തന്നിലേക്ക് ചേർക്കാൻ ശ്രമിക്കുന്നുണ്ട്..

യാചനയോടെ ആ പെൺകുട്ടിയുടെ കണ്ണുകൾ അനുവിനെ നോക്കി! ഇന്നലെ അമ്മയോടൊപ്പം തന്റെ മുന്നിൽ ഇരുന്ന് പുസ്തക കെട്ടുകളിലേക്ക് കൊതിയോടെ നോക്കിയ ആ കണ്ണുകൾ അനു തിരിച്ചറിഞ്ഞു.. ഒരു നിമിഷത്തേക്ക് അത് തന്റെ മകൾ ജനി ആണെന്ന് അനുവിന് തോന്നി,! എന്തിനോ വേണ്ടി അനുവിന്റെ കണ്ണുകൾ ചുറ്റും തിരഞ്ഞു,

അടുക്കളയിൽ തേങ്ങ കൂട്ടത്തിന് മുകളിൽ കിടന്ന വെട്ടുകത്തിയിൽ ആണ് ആ കണ്ണുകൾ ചെന്നുടക്കി നിന്നത്..! അയാളുടെ മുതുകത്തു ഒന്നിൽ കൂടുതൽ തവണ ആഞ്ഞു വെട്ടുമ്പോ ജനിയുടെ കണ്ണുകൾ അവൾ വീണ്ടുമാ പെൺകുട്ടിയിൽ കണ്ടു.. പുറം തിരിഞ്ഞു നിന്ന അയാൾ വെട്ടു കൊണ്ട് അനുവിന്റെ മുൻപിലേക്ക് മലച്ചു വീണു,! തറയിലേക്ക് വീഴുന്ന അയാളുടെ മുഖത്തേക്ക് നോക്കിയ അനുവിന്റെ കണ്ണുകളിൽ കനൽ കത്തി

കൈയിൽ നിന്നു ഊർന്നു വീഴാൻ തുടങ്ങിയ വെട്ടു കത്തി ഒന്ന് കൂടെ മുറുക്കെ പിടിച്ചു കൊണ്ട് ഇത്തവണ അവൾ അത് ആഞ്ഞു വീശിയത് അനാഥത്വത്തിൽ നിന്ന് കൈപിടിച്ച് കയറ്റി സ്വപ്‌നങ്ങൾ കണ്ടു അവൾ ചേർന്ന് കിടന്നു ഉറങ്ങിയ ആദിയുടെ നെഞ്ചിലേക്ക് ആണെന്ന തിരിച്ചറിവിൽ തന്നെ ആയിരുന്നു ..!!

അയാളുടെ ദേഹം പിടഞ്ഞു നിശ്ചലമാകുന്നത് വരെ അനുവിന്റെ കണ്ണിൽ ആ കനൽ കത്തുന്നുണ്ടായിരുന്നു… പിന്നെ ആ കണ്ണുകൾ പെയ്തിറങ്ങി….പുറത്ത് വീശിയടിക്കുന്ന തണുത്ത കാറ്റിൽ വിറച്ചിട്ടെന്ന പോലെ അനുവിന്റെ ദേഹം വിറച്ചു പതിയെ താഴേക്കൂർന്നു രക്തം തളം കെട്ടിയ ആ തറയിലേക്ക് അവളിരുന്നു!

“അനുപമക്ക് വിസിറ്ററ്റേഴ്സ് ഉണ്ട് ” വനിത പോലീസ്നൊപ്പം വിസിറ്റർ റൂമിലേക്ക് ചെന്ന അനുവിനെ കാത്തിരുന്നത് ആ പെൺകുട്ടിയും അവളുടെ അമ്മയും ആയിരുന്നു.. “എനിക്ക് മാപ്പ് തരണം.. ഒരിക്കൽ അനുപമയുടെ ജീവിതം ഇല്ലാതാക്കി അയാളെ സ്വന്തമാക്കിയവൾ ആണ് ഞാൻ.. എന്നിട്ട് ആ ആള് തന്നെ എന്റെ കുഞ്ഞിന്റെ മാനം ഇല്ലാതാക്കാൻ ശ്രമിച്ചപ്പോ തുണയായത് നീയാണ് ..

ഞാൻ കാരണം വീണ്ടും അനുപമക്ക് എല്ലാം നഷ്ടപ്പെട്ടു.. ഞാൻ എന്ത് വേണേലും ചെയ്യാം അനുപമയെ ഇവിടുന്നു രക്ഷപ്പെടുത്താൻ, അനുപമ വരുന്ന വരെ ആ മക്കളെ ഒരു കുറവും അറിയിക്കാതെ ഞാൻ നോക്കിക്കോളാം, എല്ലാ സത്യവും എന്റെ മോള് കോടതിയിൽ പറയും ”

തൊഴു കയ്യോടെ നിൽക്കുന്ന ആ സ്ത്രീയുടെ മുഖത്ത് നിന്ന് കണ്ണുകൾ മാറ്റി അനു ആ പെൺകുട്ടിയെ നോക്കി.. “ഞാൻ അയാളെ കൊന്നത് എന്നെ ചതിച്ച്‌ ഉപേക്ഷിച്ചു കടന്ന് കളഞ്ഞതിലുള്ള പൂർവ്വ വൈരാഗ്യം കൊണ്ട് ആണ്, എന്റെ മൊഴി അങ്ങനെ ആണ്..ഈ കേസുമായി ഈ കുഞ്ഞിന് യാതൊരു വിധ ബന്ധവുമില്ല, കോടതിമുറിയിൽ ഇവളുടെ മാനം വലിച്ചിഴക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല” നിങ്ങൾ മോളെയും കൊണ്ട് പൊയ്ക്കോളു.., ” തിരിഞ്ഞു നടക്കാൻ തുനിഞ്ഞ അനുവിന്റെ കൈകളിൽ പിടിച്ചു നിർത്തി കൊണ്ട് ആ പെൺകുട്ടി അനുവിന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു, പതിയെ അവളുടെ തലയിൽ തലോടി ചേർത്ത് പിടിക്കുമ്പോൾ ആ പെൺകുഞ്ഞിന് ഇപ്പോൾ വീണ്ടും ജനിയുടെ മുഖം ആണെന്ന് അനുവിനു തോന്നി

ആ അമ്മയും മകളും പോയ വഴി നോക്കി നിന്ന അനുവിന്റെ കാഴ്ചയെ മറച്ചു കൊണ്ട് തുലാവർഷം പെയ്തിറങ്ങി!! ✍️ലൈന മാർട്ടിൻ

Leave a Reply

Your email address will not be published. Required fields are marked *