Categories
Uncategorized

പ്രണയം പെയ്തു തുടങ്ങുമ്പോൾ..അവളെ സൂക്ഷിച്ചു ഒന്ന് നോക്കി ഭാവഭേദമൊന്നുമില്ല ഏതോ സാധാരണ കാര്യം ചോദിക്കും പോലെ

രചന : – Ammu Santhosh

പ്രണയം പെയ്തു തുടങ്ങുമ്പോൾ..

“ഉണ്ണിയേട്ടൻ വന്നിട്ടുണ്ടോ അമ്മേ?”

തുണികൾ വിരിച്ചു കൊണ്ട് നിൽക്കുന്നതിനിടയിൽ മീനാക്ഷി ചോദിച്ചു പദ്മ അവളെ സൂക്ഷിച്ചു ഒന്ന് നോക്കി ഭാവഭേദമൊന്നുമില്ല ഏതോ സാധാരണ കാര്യം ചോദിക്കും പോലെ, അറിയുന്ന ഒരാളെ കുറിച്ച് ചോദിക്കും പോലെ,

ഒരിക്കൽ ജീവന്റെ ഭാഗമായ ഒരാളെ കുറിച്ച് ചോദിക്കും പോലെയല്ല

ഒരിക്കൽ പ്രാണനിലും മേലെ സ്നേഹിച്ച ഒരാളെ കുറിച്ച് അന്വേഷിക്കും പോലെയുമല്ല. അയല്പക്കത്തെ ഒരാൾ, ഇടക്കെപ്പോഴോ കണ്ടു മിണ്ടിപ്പോകുന്ന ഒരാൾ, അങ്ങനെ തോന്നും ആ ചോദ്യത്തിന്റെ തണുപ്പ് കേട്ടാൽ

പ്രണയത്തിന് അങ്ങനെയൊരു കുഴപ്പമുണ്ട്

തീ പോലെ പൊള്ളിക്കാനും മഞ്ഞു പോലെ തണുപ്പിക്കാനും ഒരു പക്ഷെ ഈ ഭൂമിയിൽ കഴിയുന്നത് ഒന്നേയുള്ളൂ പ്രണയം

“അമ്മയെന്താ ആലോചിക്കുന്നത്? കാർ മുറ്റത്തു കിടക്കുന്നത് കണ്ടു. അമ്പലത്തിൽ ഉത്സവം അല്ലെ വരാതിരിക്കില്ലല്ലോ. അത് കൊണ്ട് ചോദിച്ചതാ ”

അവൾ തുണി വിരിച്ചു തീർത്തു ബക്കറ്റിൽ ബാക്കി ശേഷിച്ച വെള്ളം വാഴയുടെ ചുവട്ടിൽ ഒഴിച്ച് നിവർന്നു.

“ഉണ്ണി വന്നിട്ടുണ്ട്. ഇവിടെ വന്നിരുന്നു. നീ കോളേജിൽ പോയ സമയത്ത്. അച്ഛൻ ഏതോ പുസ്തകം വേണമെന്ന് പറഞ്ഞിരുന്നു. കൊണ്ട് കൊടുത്തു.” പദ്മ പറഞ്ഞു “ഉം “അവൾ ഒന്ന് മൂളി

“നിന്നേ തിരക്കി ” അവൾ അത് കേൾക്കാത്ത പോലെ മുറിയിലേക്ക് പോയി

“മീനു ”

അമ്മ പിന്നാലെ ചെന്നു

“പഠിക്കാനുണ്ടമ്മേ ” അവൾ പുസ്തകം എടുത്തു

“ഉണ്ണിയോട് ക്ഷമിച്ചു കൂടെ? എത്ര വർഷം ആയി?”

“ക്ഷമിച്ചല്ലോ, ഈ കല്യാണം വേണ്ട എന്ന് ഉണ്ണിയേട്ടന്റെ അച്ഛൻ പറഞ്ഞപ്പോൾ തർക്കിക്കാതെ അനുസരിച്ചതിന്.. പിന്നെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു വിളിച്ചിട്ട് അച്ഛൻ കണ്ടു പിടിച്ചപ്പോ എന്നെ സ്നേഹിക്കുന്നില്ലന്ന് പറഞ്ഞത്.. ഒക്കെയും എന്റെ തോന്നലുകളാണെന്ന് പറഞ്ഞത്.ഞാൻ വിളിച്ചിട്ടില്ല എന്ന് പറഞ്ഞത്. ഒക്കെ ഞാൻ ക്ഷമിച്ചല്ലോ അമ്മേ.. ഞാനായിട്ട് ഒഴിഞ്ഞു മാറിയല്ലോ ”

പദ്മയുടെ കണ്ണ് നിറഞ്ഞു

“ഉണ്ണിയുടെ അച്ഛന്റെ സ്വഭാവം എല്ലാർക്കും അറിഞ്ഞു കൂടെ മോളെ.. അവൻ മറിച്ചു പറഞ്ഞിരുന്നെങ്കിൽ അയാൾ അവനെയും അമ്മയെയും തല്ലിക്കൊന്നെനെ.. അവന് അച്ഛനെ പേടിയല്ലായിരുന്നോ.. പോരെങ്കിൽ പഠിക്കുന്ന പ്രായം . ഇന്ന് അതല്ലല്ലോ അവസ്ഥ. ഒക്കെ മാറിയില്ലേ. അച്ഛൻ മരിച്ചു. ഉണ്ണിക്ക് ബാംഗ്ലൂരിൽ നല്ല ജോലിയായി. അവനിന്നും നിന്നെ ഓർത്തു ജീവിക്കുന്നില്ലേ മോളെ..? എത്ര നാളിങ്ങനെ..?”

“മറക്കാൻ എളുപ്പമല്ല അമ്മേ ഒന്നും.. ഉണ്ണിയേട്ടൻ വേറെ കല്യാണം കഴിക്കാൻ അമ്മ പറയ്യ്. എന്നെ കാത്തിരിക്കണ്ട ”

പദ്മ അവളുടെ മുടിയിൽ തലോടി

അവളനുഭവിച്ചതൊക്കെ ഓർക്കുമ്പോൾ അവൾ പറയുന്നതാണ് ശരിയെന്നു തോന്നും. ഉണ്ണി പറയുന്നത് കേൾക്കുമ്പോൾ അതാണ് ശരിയെന്നും. ഇനി വിധി പോലെ വരട്ടെ

“കഴിഞ്ഞ ആഴ്ചയിൽ വന്ന പ്രൊപോസലിന് അച്ഛൻ എന്ത് റിപ്ലൈ കൊടുക്കണം എന്ന് ചോദിച്ചു “മുറിയിൽ നിന്ന് പോകാനൊരുങ്ങിയപ്പോ പെട്ടെന്ന് ഓർത്തത് പോലെ പദ്മ ചോദിച്ചു

“എന്റെ പഠിത്തം കഴിയട്ടെ അമ്മേ ”

അവൾ ചിരിച്ചു

“അല്ല അവർ ഒന്ന് വന്നു കണ്ടിട്ട് പോട്ടെ.. കുറെ തവണ ആയി ഫോൺ ചെയ്യുന്നു ”

“ഓ ആയിക്കോട്ടെ.. ഇനി പോയി തരാമോ? പഠിക്കാൻ ഉണ്ട് ”

അവൾ അമ്മയെ ഉന്തിത്തള്ളി പുറത്താക്കി വാതിൽ അടച്ചു

ഉണ്ണിയുടെ വീട്

“ഒരു ഉണ്ണിയപ്പം കൂടി വേണം ”

ഉണ്ണി അടുക്കളയിൽ സ്ലാബിലേക്ക് കയറി ഇരുന്നു കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കുന്ന അമ്മയോട് പറഞ്ഞു

“നീ മീനുവിനെ കണ്ടോ?”

“ഊഹും ഇല്ല ”

“അവൾക്ക് ഒരു പ്രൊപോസൽ വന്നിട്ടുണ്ട്. ചിലപ്പോൾ അടുത്ത ആഴ്ചയിൽ കാണാൻ വന്നേയ്ക്കും ”

ഉണ്ണിയുടെ ഹൃദയത്തിലൂടെ മൂർച്ചയുള്ള എന്തൊ ഒന്ന് കടന്ന് പോയി. അവൻ മുഖം കുനിച്ചിരുന്നു

“നീ അത് മറന്നേയ്ക്ക് ഉണ്ണി.. സത്യത്തിൽ സഹിക്കാൻ പറ്റുന്നതൊന്നുമല്ലല്ലോ നമ്മൾ അവൾക്ക് കൊടുത്തത്. എന്നിട്ടും ഇപ്പോഴും ഇവിടെ വരും. നീ ഇല്ലാത്തപ്പോൾ. എനിക്ക് എന്തെങ്കിലും വയ്യായ്ക വന്ന നിന്റെ ചേച്ചി ഗീതു അല്ല ആദ്യം വരിക. അവളാണ്.”അവരുടെ ശബ്ദം ഒന്നിടറി.”പാവാ.. വന്നാൽ പിന്നെ അടിച്ചു വാരലായി, തുണി തിരുമ്മലായി, പാചകമായി.. പാവം..”അവർ ഒന്ന് ദീർഘമായി നിശ്വസിച്ചു. ഉണ്ണി മെല്ലെ അവിടെ നിന്നിറങ്ങി മുറ്റത്തേക്ക് പോരുന്നു

“ഉണ്ണിയേട്ടന് ഞാറപ്പഴം വേണോ?” നിറയെ മണികളുള്ള പാദസരം കിലുക്കി ഓടി വന്നു കിതച്ചു കൊണ്ട് ഒരു പാവാടക്കാരി മുന്നിൽ നിന്ന് ചോദിക്കുന്നു

“ഉണ്ണിയേട്ടനെന്നെ മറക്കുമോ എന്നെങ്കിലും?” ബാംഗ്ലൂരിൽ പഠിക്കാൻ പോകുന്ന ദിവസം ആണെന്ന് തോന്നുന്നു അത് ചോദിച്ചത്

“അല്ല ബാംഗ്ലൂർ ഒക്കെ നല്ല സ്റ്റൈലൻ കുട്ടികൾ ഉണ്ടാവില്ലേ? എന്നെ മറന്നു പോവോ?” ചേർത്ത് പിടിച്ചുമ്മ വെയ്ക്കുമ്പോൾ ചെറുതായി ചിരിക്കും.. പിന്നെ നൂറുമ്മ പകരം തരും

“ഇത് കാണും വരെ എന്നെ മറക്കാതിരിക്കാൻ ”

“ഇത് വേറെ ആരെയും നോക്കാതിരിക്കാൻ ”

“ഇത് എന്നെ എന്നും വിളിക്കാൻ ”

ഓരോ ഉമ്മക്കും ഓരോ കാരണമുണ്ട്. ഓരോ പ്രോമിസ്കളാണ്.. ഓരോ ഓർമ്മപ്പെടുത്തലുകളാണ്

“നീ എന്റെയാ എന്റെ മാത്രാ “ആയിരം തവണ അവളോട്‌ പറഞ്ഞിട്ടുണ്ട്

എന്നിട്ടും അച്ഛൻ ചോദിച്ചപ്പോൾ പറഞ്ഞു

“എനിക്ക് അങ്ങനെ ഒന്നുമില്ല ”

“ഞാൻ വിളിച്ചിട്ടില്ല ”

“ഒക്കെ അവളുടെ തോന്നലാണ് ”

പേടിയായിരുന്നു അച്ഛന്റെ ബെൽറ്റിനെ..

ഓരോ അടിയും തൊലി എടുത്തു കൊണ്ട് ആണ് പോകുക

തന്നെ മാത്രം അല്ല അമ്മയെയും

പിന്നെ വിചാരിച്ചു സമാധാനിപ്പിക്കാം അവൾക്ക് മനസിലാകും എന്നൊക്കെ.

പക്ഷെ അച്ഛൻ അവളെ അപമാനിച്ചു.ഒരു പെണ്ണിനും സഹിക്കാൻ വയ്യാത്ത ഭാഷയിൽ തന്നെ.. ഇനിയൊരിക്കലും പൊറുക്കാൻ പറ്റാത്ത പോലെ.തന്നെ നാട് കടത്തുകയും ചെയ്തു

അവളില്ലാത്ത ജീവിതം എന്തിനാണെന്ന് ഉണ്ണി വെറുതെ ആലോചിച്ചു

മിണ്ടാതെയെങ്കിലും കാണാതെ യെങ്കിലും അരികിൽ അവളുണ്ട് ഇപ്പോഴും.. മറ്റൊരാളുടെ ആയിക്കഴിഞ്ഞാൽ പിന്നെ താൻ എന്തിന് ഈ ഭൂമിയില്?

ഇനിയൊരിക്കലും ഒരാളെയും സ്നേഹിക്കാൻ വയ്യ

ഒരാൾക്കൊപ്പവും ജീവിക്കാൻ വയ്യ

അവൾക്ക് എങ്ങനെ കഴിയുന്നു അത്?

അപമാനം അനുഭവിച്ചത് അവളാണല്ലോ. അവന്റെ കണ്ണുകൾ നിറഞ്ഞു

തന്റെ പാവം പെണ്ണ്.. പാവം

ഉത്സവം കണ്ടു നിൽക്കുകയായിരുന്നു മീനാക്ഷി.

ഉണ്ണി അടുത്ത് വന്നു നിന്നപ്പോൾ അവളുടെ ഉടലും ഉള്ളും ഒന്ന് വിറയാർന്നു

“എനിക്ക് സംസാരിക്കണം.” ഉണ്ണി അവളുടെ കാതിൽ പറഞ്ഞു

“എനിക്ക് ഒന്നും പറയാനില്ല കേൾക്കാനും ”

അവൾ മെല്ലെ പറഞ്ഞു

“ഇനി ഒരിക്കലും ഞാൻ വന്നിങ്ങനെ കെഞ്ചില്ല മീനു. ഒരു തവണ എനിക്ക് കുറച്ചു സമയം താ ”

“ഇല്ല ”

അവൻ ആ കണ്ണിലേക്കു നോക്കി

“മീനു എനിക്ക്.. എനിക്ക് പറ്റുന്നില്ല മീനു..”അവന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ആരെങ്കിലും കാണുമോ എന്നൊന്നും അവൻ ഓർക്കുന്നില്ല എന്ന് തോന്നി

മീനാക്ഷിയുടെ ഹൃദയത്തിൽ ഒരു നോവ് നിറഞ്ഞു എന്നിട്ടും അവൾ മുഖം തിരിച്ചു കളഞ്ഞു

“എന്റെയല്ലേ മീനു നീ? ”

അവന്റെ ശബ്ദം ഇടറിപ്പോയി. അവളുടെ കയ്യിൽ അവൻ കൈ കോർത്തു പിടിച്ചു

അവളുടെ കൈകൾ വിറച്ചു കൊണ്ടിരുന്നു.

“എത്ര തവണ ക്ഷമ ചോദിച്ചു മീനു ഞാൻ.. ഈ വർഷം അത്രയും നീ എന്നെ ശിക്ഷിച്ചില്ലേ.. പോരെ? എന്റെ മീനു അല്ലെ?”

ഹൃദയത്തിൽ ഒരു തിരമാല വന്നടിക്കുന്നുണ്ട്

വാശിയുടെ കരിമ്പാറക്കെട്ടുകൾ ഇളകി പോകും പോലെ

അവൾ ആ കൈകൾ ബലമായി വിടർത്തി വേഗം നടന്നകന്നു

“ഉണ്ണി എന്ത് ഉറക്കമാ ഇത്. പിറന്നാൾ ആണെന്ന് മറന്നോ വേഗം കുളിച്ചമ്പലത്തിൽ പോയി വാ.. എത്ര വർഷം കൂടിയ ഒരു പിറന്നാളിന് ഇവിടെ ഉണ്ടാകുന്നത് ”

അമ്മയുടെ നിർബന്ധം കൂടിയപ്പോൾ ഉണ്ണി എഴുന്നേറ്റു കുളിച്ചു.

ക്ഷേത്രത്തിൽ നിൽക്കുമ്പോൾ പ്രത്യേകിച്ച് ഒന്നും പ്രാർത്ഥിക്കാൻ തോന്നിയില്ലവന്.

“ആഹാ പിറന്നാൾ കുട്ടി വന്നൂല്ലോ. പുഷ്പാഞ്ജലി കഴിപ്പിച്ചപ്പോ ഞാൻ മീനാക്ഷിയോട് ചോദിച്ചു ഇന്നെങ്കിലും പിറന്നാളിന് ഉണ്ണി വരുമോ കുട്ടിയെ എന്ന്..”

ഉണ്ണിയുടെ ഉള്ളൊന്നു പിടച്ചടിച്ചു

“മീനു എന്റെ പേരിൽ പുഷ്പാഞ്ജലി കഴിപ്പിച്ചോ?”അവന്റെ ഒച്ച അടഞ്ഞു

“ഉവ്വ്.. അതിപ്പോ പിറന്നാളിന് മാത്രം അല്ല. ഏത് വിശേഷം വന്നാലും ഉണ്ടാവും പുഷ്പാഞ്ജലിയോ പാൽപായസമോ എന്തെങ്കിലും.. ഉണ്ണികൃഷ്ണൻ രോഹിണി.. കൃഷ്ണന്റെ നാളല്ലേ? അതാ എനിക്കിത്ര ഓർമ ”

അവൻ കൈകൂപ്പി ഭഗവാനെ തൊഴുതു. കണ്ണ് നിറഞ്ഞത് കൊണ്ട് കാണാൻ വയ്യ.. അവൻ കണ്ണ് തുടച്ചു മിഴികൾ അടച്ചു

മീനു അടുക്കളയിൽ ആയിരുന്നു അച്ഛനും അമ്മയും കൂടി ഒരു കല്യാണത്തിന് പോയത് കൊണ്ട് ഭക്ഷണം ഉണ്ടാക്കുകയായിരുന്നു അവൾ

വാതിൽക്കൽ ഒരു നിഴലനക്കം കണ്ടവൾ നോക്കി

ഉണ്ണി

അവൾ പരിപ്പ് കറിയിൽ കടുക് താളിച്ച് ഇറക്കി വെച്ചു

“ഉണ്ണിയേട്ടൻ ഇരിക്ക് ഊണ് ആയിട്ടുണ്ട്.”

അവന്റെ കണ്ണ് വീണ്ടും നിറഞ്ഞു

“ഇല മുറിച്ചു കൊണ്ട് വരാം “അവൾ അവനെ കടന്ന് പുറത്തേക്ക് പോകാനാഞ്ഞു

“മീനു “?അവൻ ആ കയ്യിൽ പിടിച്ചു നിർത്തി

“പിറന്നാൾ അല്ലെ കഴിച്ചിട്ട് പോവാ “അവൾ ശാന്തമായി പറഞ്ഞു

അവൻ ആ മുഖത്ത് മെല്ലെ ഒന്ന് തൊട്ടു

“എനിക്ക് മനസിലാകുന്നില്ല മീനു നിന്നേ “അവൻ പറഞ്ഞു

“ഇതിലെന്താ ഇത്രയും മനസിലാക്കാൻ?”അവൾ പുഞ്ചിരിച്ചു

അവൻ ഒറ്റ വലിക്ക് അവളെ നെഞ്ചിലേക്ക് ചേർത്തു

അവൾ ഇമ വെട്ടാതെ ആ കണ്ണിലേക്കു നോക്കി

നനഞ്ഞ കൺപീലികൾ

ഒരു പാട് കരഞ്ഞത് പോലെ തടിച്ച കൺപോളകൾ

വളർന്ന താടി രോമങ്ങൾ. അത് കാണെ അവളുടെ ഉള്ളു കരഞ്ഞു

പ്രാണനായിരുന്നവൻ… അവനാണ് സർവം തകർന്ന പോലെ മുന്നിൽ

ഇനി പിടിച്ചു നിൽക്കാൻ കഴിയില്ലായിരുന്നു അവൾക്ക്

അവൾ മെല്ലെ കൈകൾ കൊണ്ട് ആ കണ്ണുകൾ അമർത്തി തുടച്ചു. മുടി ഒതുക്കി വെച്ചു.

പിന്നെ ആ മുഖം താഴ്ത്തി കണ്ണുകളിൽ അമർത്തി ഉമ്മ വെച്ചു

“വേദനിപ്പിച്ചതിന് “അടക്കി പറഞ്ഞു

മൂക്കിന് തുമ്പിൽ ഒരു ഉമ്മ

“കരയിച്ചതിന് ”

കവിളിൽ ഒരു ഉമ്മ

“പിണങ്ങിയതിന് ”

നേർത്ത ചുവന്ന ചുണ്ടിൽ അമർത്തി ഒരു ഉമ്മ

“പിറന്നാളുമ്മ ”

അവൻ അവളെ നെഞ്ചിലേക്ക് വീണ്ടും അമർത്തി പിടിച്ചു

കടലിരമ്പുന്നുണ്ട് മനസ്സില്. ഉടൽ പൊട്ടിത്തരിക്കുന്നുണ്ട്. ഹൃദയം വിങ്ങി പോകുന്നുണ്ട്.

എന്നാലും

അവനൊന്നു ചിരിക്കണമെന്നുണ്ടായിരുന്നു

കാലങ്ങളായി ഒന്ന് ചിരിച്ചിട്ട്.

ഒന്ന് സന്തോഷിച്ചിട്ട്.

ഇത് പോലെ ഒറ്റ ഉടലായ് ഉയിരായി ചേർന്ന് നിന്നിട്ട്.

ഭ്രാന്ത് പോലെ പ്രണയിച്ചിട്ട്.

“ഈ നിമിഷം അങ്ങ് മരിച്ചു പോയാലും എനിക്ക് സന്തോഷമാണ് ” അവൻ തളർന്നു പോയ ഉടൽ ഭിത്തിയിലേക്ക് ചാരി നെഞ്ചിലമർന്ന അവളുടെ മുഖം കൈകളിൽ എടുത്തുകൊണ്ട് ഇടറി പറഞ്ഞു

അവൾ ആ ചുണ്ടിൽ വിരൽ വെച്ച് “അരുത്” എന്ന് തല ചലിപ്പിച്ചു

പിന്നെ നേർത്ത പുഞ്ചിരിയോടെ അവനെ ഇറുകെ പുണർന്നു.

“എന്നെ സ്നേഹിക്ക്..”അവന്റെ ചെവിയിൽ മെല്ലെ പറഞ്ഞു

സ്നേഹത്തിന്റെ,പ്രണയത്തിന്റെ പൂമഴ പെയ്തു തുടങ്ങി

അവളെ നനച്ചു കൊണ്ട് അതങ്ങനെ തിമിർത്ത് പെയ്തു കൊണ്ടിരുന്നു.

രചന : – Ammu Santhosh

Leave a Reply

Your email address will not be published. Required fields are marked *