Categories
Uncategorized

പുള്ളിക്കാരൻ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു ജീവിക്കാൻ വേണ്ടി തന്നെയാണ് തിന്നുന്നത് പക്ഷേ ഭക്ഷണം വേസ്റ്റ് ആക്കരുതെന്ന് എന്നോട് അപ്പച്ചൻ പറഞ്ഞിട്ടുണ്ട് നീ എന്തായാലും കഴിക്കുന്നില്ലല്ലോ എങ്കിൽ പിന്നെ അതു കൂടി കഴിക്കാം എന്ന് ഞാൻ കരുതി..

രചന :ജിഷ ഷാജൻ

മോളിങ്ങു വന്നേ അമ്മ ഒരു കാര്യം പറയട്ടെ, അമ്മയുടെ മോളെ വിളി കേട്ടപ്പോൾ എന്റെ ശരീരം കുളിരു കോരി, ജനിച്ചേ പിന്നെ എടി എന്നല്ലാതെ വിളിച്ചിട്ടില്ലാത്ത അമ്മയുടെ വാത്സല്യം നിറഞ്ഞ വിളി കേട്ട് അനുസരണയുള്ള പട്ടിക്കുട്ടിയെ പോലെ ഞാൻ അമ്മയുടെ പുറകെ ചെന്നു.

ഒരു മുറിയിൽ കയറ്റി അപ്പുറത്തും ഇപ്പുറത്തും നോക്കി അമ്മ പറഞ്ഞു തുടങ്ങി. എടീ….. (മോളെ എന്ന് വിളിച്ചത് നാട്ടുകാരെ കേൾപ്പിക്കാൻ ആയിരുന്നു എന്ന് അപ്പോഴാണ് ഞാൻ മനസിലാക്കിയത് ) കോരിയ കുളിരൊക്ക ഏതോ വഴിക്ക് പറഞ്ഞു വിട്ട് കൊണ്ട് ഞാൻ അമ്മയെ ശ്രവിച്ചു.

നിന്റെ സ്വഭാവം ഒന്ന് ശ്രദ്ധിച്ചൊക്കെ വേണം പുറത്തെടുക്കാൻ നമ്മുടെ വീട്‌ പോലെ അല്ല, ഇത് നിന്നെ കെട്ടിച്ച് അയച്ച വീട് ആണ് ഓർമ്മയുണ്ടാവണം…. കല്യാണം കഴിഞ്ഞ് എന്നെ കെട്ടിയോന്റെ വീട്ടിൽ ആക്കിയിട്ട് ഇറങ്ങും മുൻപ് അമ്മ വക സാരോപദേശം .

ഇന്നുവരെയുള്ള എന്റെ പ്രവർത്തികൾ എല്ലാം അങ്ങനെ ആയതുകൊണ്ട് ഞാൻ പ്രത്യേകിച്ചൊന്നും പറയാൻ നിന്നില്ല ശ്രദ്ധിച്ചോളാം എന്ന വാക്കു മാത്രം പറഞ്ഞു..

കർത്താവേ ഇവരെന്നെ ബിൽലാദന്റെ താവളത്തിൽ ഉപേക്ഷിച്ചു പോകുകയാണോ മനസ്സിൽ ചിന്തിച്ചു കൊണ്ട് ഞാൻ അമ്മയെ നോക്കി , ഒരു പെൺകൊച്ചിനെ വല്ലവന്റെയും വീട്ടിൽ ആക്കിയിട്ടു പോകുന്നതിന്റെ ഒരു സങ്കടവും അമ്മയുടെ മുഖത്ത് ഇല്ല ഒരു ആശ്വാസം മാത്രം.അമ്മ കുരിശു വരച്ചു കൊണ്ട് എന്നെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് പോയി…അത് സ്വാഭാവികം ഒരു ബാധ ഒഴിഞ്ഞു കഴിയുമ്പോൾ കുരിശു വരക്കുന്നത് എല്ലായിടത്തും പതിവുള്ളതാണല്ലോ.

ഞാൻ പുറത്തേക്ക് ഒന്നു പാളിനോക്കി അപ്പനും ഏട്ടന്മാരും അമ്മയും എല്ലാവരുമുണ്ട് പക്ഷേ ഒരാളുടെ മുഖത്ത് പോലും എന്നെ പിരിയുന്നതിന്റെ ഒരു സങ്കടവുമില്ല അവരുടെ എല്ലാവരുടെയും മുഖത്ത് സന്തോഷം മാത്രം, ഒരു പൂച്ചയെ കൊണ്ട് കളഞ്ഞാൽ പോലും ആളുകൾ സങ്കടപെടാറുണ്ടല്ലോ നിങ്ങളുടെ മോളല്ലേ ഞാൻ വല്ലേടത്തും കൊണ്ട് തള്ളിയിട്ടു പോവുകയല്ലേ ഒന്നു കരഞ്ഞാൽ എന്താ നിങ്ങൾക്ക് ഞാൻ അവരോട് ചോദിക്കാതെ ചോദിച്ചു.

അവർ ചിരിച്ചു കൊണ്ട് യാത്രയായി.

പിന്നീട് മുന്നോട്ടുള്ള ദിവസങ്ങളിൽ എന്റെ പഴയ സ്വഭാവങ്ങൾ ഒന്നും പുറത്തെടുക്കാതെ ഞാൻ ശ്രദ്ധിച്ചു മുന്നോട്ടു പോയി കൊണ്ടിരുന്നു, ഈ പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും അത് വളഞ്ഞിരിക്കും എന്ന് പണ്ട് ആരോ പറഞ്ഞ പോലെ പതുക്കെ പതുക്കെ എന്റെ സ്വഭാവങ്ങൾ പുറത്തേക്ക് വന്നു തുടങ്ങി, കെട്ടിയവൻ ഒരു പാവം ആയതുകൊണ്ട് പുള്ളിക്കാരൻ പലതും കണ്ടില്ലെന്ന് നടിച്ചു,.

ആരോടെങ്കിലും വഴക്കിട്ടാൽ പട്ടിണി കിടക്കുന്ന ഒരു ശീലം എനിക്കുണ്ട്, വീട്ടിൽ സ്ഥിരമായി അങ്ങനെ ചെയ്യുമ്പോൾ ആരെങ്കിലും എന്നെ നിർബന്ധിച്ച് എഴുന്നേൽപ്പിച്ചു കൊണ്ടുപോയി ഭക്ഷണം കഴിപ്പിക്കുന്ന പതിവുമുണ്ട്, അല്ലെങ്കിൽ ചാച്ചന്റെ 2 തല്ലുകൊണ്ട് കഴിയുമ്പോൾ ഞാൻ തന്നെ പോയി കഴിക്കുകയും പതിവാണ്. വിശന്നാൽ എനിക്ക് ഉറക്കം വരില്ല അതുകൊണ്ട് ആരെങ്കിലും വിളിക്കാൻ നോക്കി ഇരിക്കുകയും പതിവാണ്.

അത്‌ വീട്ടിലെ കാര്യം ഇതിപ്പോ സ്ഥലം വേറെയാ എന്നാലും ആള് ഞാൻ തന്നെ അല്ലേ, അങ്ങനെ ഒരു ദിവസം എന്റെ സ്വഭാവം കാരണം കൊണ്ട് തന്നെ ഞാനും കെട്ടിയോനും തമ്മിൽ മുട്ടൻ അടി, എന്റെ വീടിന് വിരുദ്ധമായി പുള്ളിക്കാരൻ ഒരക്ഷരം മിണ്ടാതെ പുറത്തേക്ക് പോയി, എനിക്കാണെങ്കിൽ പുറത്തേക്ക് വന്ന ദേഷ്യം ആരോടും തീർക്കാത്തകൊണ്ട് വല്ലാത്ത മനസ്സമാധാന കേട്. ഞാൻ തെക്ക് വടക്ക് നടക്കാൻ തുടങ്ങി. രാത്രി എട്ടു മണിയായി, വഴക്ക് അമ്മച്ചി അറിയാതിരിക്കാൻ കുരിശു വയ്ക്കാൻ കൂടി, ഇന്ത്യയും പാകിസ്ഥാനും പോലെ അങ്ങേ അറ്റത്തും ഇങ്ങേ അറ്റത്തും ഇരുന്നു ഞങ്ങൾ കുരിശു വരച്ചു, ശേഷം അമ്മയോട് പറഞ്ഞു എനിക്ക് വയ്യ നല്ല സുഖമില്ല ഞാൻ കിടക്കാൻ പോവുകയാണ് എനിക്ക് ഭക്ഷണം വേണ്ട. കെട്ടിയോൻ രൂക്ഷമായിട്ടു എന്നെ ഒന്നു നോക്കി.

ഞാൻ പോയി കട്ടിലിൽ കിടന്നുകൊണ്ട് ചിന്തിച്ചു അങ്ങേര് ഇപ്പോ വരും എന്നെ വിളിക്കും ആഹാരം കഴിക്കാൻ, ഏകദേശം അര മുക്കാൽ മണിക്കൂർ ചിന്തിച്ചിട്ടും അനക്കം ഒന്നും കാണുന്നില്ല എന്ന് കണ്ടപ്പോൾ ഞാൻ പൂച്ച മീൻ കട്ടുതിന്നാൻ നോക്കും പോലെ പതുക്കെ എത്തിനോക്കി, അങ്ങേര് പ്ലേറ്റ് നിറച്ചു ആഹാരം കഴിക്കുന്നു, സാധാരണ കഴിക്കുന്നതിന്റെ ഇരട്ടി ഭക്ഷണം ഉണ്ട്.

സങ്കടം സഹിക്കാൻ വയ്യാതെ ഞാൻ അങ്ങേരെ നോക്കി ചോദിച്ചു, നിങ്ങൾ ജീവിക്കാൻവേണ്ടി തിന്നുന്നത് ആണോ അതോ തിന്നാൻ വേണ്ടി ജീവിക്കുന്നതാണോ, പുള്ളിക്കാരൻ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു ജീവിക്കാൻ വേണ്ടി തന്നെയാണ് തിന്നുന്നത് പക്ഷേ ഭക്ഷണം വേസ്റ്റ് ആക്കരുതെന്ന് എന്നോട് അപ്പച്ചൻ പറഞ്ഞിട്ടുണ്ട് നീ എന്തായാലും കഴിക്കുന്നില്ലല്ലോ എങ്കിൽ പിന്നെ അതു കൂടി കഴിക്കാം എന്ന് ഞാൻ കരുതി..

കർത്താവേ ഈ മഹാപാപി വല്ലാത്തൊരു ചെയ്ത്തായിപ്പോയി ചെയ്തത് , ഒരു പഞ്ചിനു എനിക്ക് വിശപ്പില്ല എന്നുപറഞ്ഞാൽ ഒരു വാക്ക് ഇങ്ങേർക്ക് എന്നെ വിളിക്കാൻ പാടില്ലേ..ദുഷ്ടൻ അതും മനസ്സിൽ വിചാരിച്ചു കൊണ്ട് അങ്ങേരുടെ പാത്രത്തിൽ നിന്ന് എനിക്ക് വേണ്ടതെല്ലാം ഞാൻ വാരി തിന്നു പോയി കിടന്നു സുഖമായി ഉറങ്ങി…

എന്തായാലും പിന്നീടൊരിക്കലും ഞാൻ ആ വീട്ടിൽ ഭക്ഷണത്തോട് വാശി കാണിച്ചിട്ടില്ല, എന്റെ മാതാപിതാക്കൾ 22 വർഷം വിചാരിച്ചിട്ട് നേരെ ആക്കാൻ സാധിക്കാത്ത എന്റെ വാല് കെട്ടിയോൻ ഒരു ദിവസം കൊണ്ട് നല്ല കൊടിമരം പോലെ നിവർത്തിയെടുത്തു.. പേടിച്ചിട്ടൊന്നും അല്ല “എന്തിനാ വെറുതെ തടി കേടാക്കുന്നെ “.

രചന :ജിഷ ഷാജൻ

Leave a Reply

Your email address will not be published. Required fields are marked *