Categories
Uncategorized

പിറ്റേന്ന് കോഴി കൂവിയതും വീണ്ടും വിളി വന്നു.. എൻഗേജ്മെന്റ് ഡേറ്റ്… ഇനി വെറും രണ്ടാഴ്ച്ച..

രചന: Reshma Kishor

കെട്ട്യോന്റെ തള്ളും കേട്ട് താടിയ്ക്ക് കൈയും കൊടുത്ത് മുറ്റത്തിരുന്ന് തളർന്നപ്പോഴാണ് ഫോണിന്റെ അടക്കിപിടിച്ചുള്ള കരച്ചിൽ ശ്രെദ്ധിച്ചത്..

“ലേറ്റസ്റ്റ് റിങ്ടോൺ ഒക്കെ സെറ്റെയ്തിട്ട് ഫോൺ സൈലന്റ് മോഡിൽ വെച്ചേക്കണ നിനക്ക് പ്രാന്താടാ പന്നീ..” ഫോണിന്റെ ആത്മഗതം കേട്ട് ഓടിപ്പോയി നോക്കുമ്പോ ദേ നാല് മിസ്സ്ഡ് കോള് …

“ഇതേതോ ബംഗാളി ഭയ്യാ നമ്പർ മാറി വിളിച്ചതായിരിക്കും.. അതാണല്ലോ പതിവ്”

തിരിച്ചുവിളിച്ചുനോക്കി.. ഫോൺ എടുത്തത് ഒരു പെണ്ണായിരുന്നു ..

“ഭയ്യെടെ ഭാര്യയായിരിക്കും” ഞാൻ മനസിലുറപ്പിച്ചു

“നീ എന്താ ഫോൺ എടുക്കാത്തെ”

“അയ്യോ.. ബംഗാളി ചേച്ചി ദേ മലയാളം സംസാരിക്കുന്നു”

“ഏത് ബംഗാളി ചേച്ചി”

“പറയുംപോലെ ഏത് ബംഗാളി ചേച്ചി.. വിശന്നിട്ട് വെളിവ് പോയതാ.. ആരാ??..”

ഇത്രയ്ക്കും പോപ്പുലറായ നിന്റെ അമ്മേടെ അനിയത്തിയെ നിനക്ക് മനസിലായില്ല അല്ലേടി ജാഡ തെണ്ടി എന്നാ ഭാവത്തിൽ പുള്ളിക്കാരി സ്വയം പരിചയപ്പെടുത്തി.. ഇനി കാര്യത്തിലേയ്ക്ക് കടക്കാം ഗുരുതരമായ ഒരു കല്യാണക്കാര്യമാണ്

“എനിക്കിനി ഒരു കല്യാണം കൂടി വേണ്ടായിരുന്നു.. ഇനി അത്ര നിർബന്ധമാണേൽ അടുത്ത വെള്ളിയാഴ്ച നോക്കാം ”

“കല്യാണം എന്റെ മോൾക്കാ.. ചെക്കനെ നിനക്കറിയാം ”

“ഛെ.. മനുഷ്യനെ വെറുതെ കൊതിപ്പിച്ച്.. അതൊക്കെ പോട്ടെ എനിക്കറിയാവുന്ന ഏത് ചെക്കൻ.. ഇനി ഞാൻ തേച്ച വല്ല തെണ്ടീം ആയിരിക്കുവോ ”

മറുപടി കേട്ട് ഞാൻ എന്തോ കളഞ്ഞ അണ്ണാനെപ്പോലെ വിജിലമ്പിച്ചു പോയി.. എന്നെ പണ്ട് പെണ്ണ് കാണാൻ വന്ന ചെക്കൻ..

“ഹോ.. വേണ്ടായിരുന്നു.. പെണ്ണ് കണ്ടിട്ട് ഞാനായിട്ട് വേണ്ടാന്ന് പറഞ്ഞുവിട്ട മൊതലാ.. ഇനി അതിന്റെ മുഖത്ത് ഞാനെങ്ങനെ നോക്കും ”

പിറ്റേന്ന് കോഴി കൂവിയതും വീണ്ടും വിളി വന്നു.. എൻഗേജ്മെന്റ് ഡേറ്റ്… ഇനി വെറും രണ്ടാഴ്ച്ച..

ആ നേരം മുതൽ എന്റെ സ്വസ്ഥത പോയിക്കിട്ടി..

“ഈശ്വരാ.. ബാങ്കിൽ വെച്ചേക്കണ എന്റെ നെക്‌സലറ്റ് അല്ല നെക്ലേസ്, എന്റെ വള, എന്റെ മോതിരം.. ഇതൊക്കെ ഞാൻ എങ്ങനെ തിരിച്ചെടുക്കും..

കള്ളന്മാര് കൊണ്ട് പോവാതിരിക്കാൻ ബാങ്കിൽ വെച്ചതാണെങ്കിലും അസൂയക്കാര് പണയം വെച്ചതാണെന്നൊക്കെ പറഞ്ഞ് പരത്തും ”

ജീവനിൽ കൊതിയുള്ള കെട്ട്യോൻ വേഗം അതൊക്കെ എടുത്ത് തന്നു

കയ്യിൽ കിട്ടിയ സ്വർണൊക്കെ വലിച്ചുവാരിയിട്ട് കണ്ണാടീടെ മുന്നിൽ നിന്ന് ഒൺ മാൻ ഷോ നടത്തുന്ന എന്റെ നേർക്ക് വേസ്റ്റ് പേപ്പർ എടുത്തെറിഞ്ഞുകൊണ്ട് രണ്ട് വയസുള്ള മോൾ പ്രതിഷേധിച്ചു.. ഞാനത് പ്രോത്സാഹനമായിട്ടേ കണ്ടിട്ടുള്ളു

“ഞാൻ ഇട്ടേക്കുന്ന പാമ്പേഴ്സ് കൂടി ഊരി തരട്ടെ ” എന്ന ഭാവത്തിൽ അവൾടൊരു നോട്ടം.. ഹോ.. ഞാനങ്ങ് ഇല്ലാണ്ടായി

പിറ്റേന്ന് കെട്ട്യോനേം വിളിച്ച് കൊച്ചിനേം വലിച്ചെടുത്ത് തുണി വാങ്ങാണെന്നും പറഞ്ഞൊരു യാത്ര പോയി..

എന്റെ ഊഴം എത്തിയപ്പോ പുള്ളീടെ ഡയലോഗ് “സാരി നിനക്ക് നന്നായി ചേരും.. കാണുന്നോർക്ക് പെണ്ണ് മാറിപ്പോകും ”

ഇത്രേം പറഞ്ഞ അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ എന്ന് പറയാൻ തോന്നി

എങ്കിലും എന്നെ സഹിക്കുന്ന ഗതികേട് ഓർത്ത് ആ മനസ് കരയുന്നത് എനിക്ക് കേൾക്കാം

സാരീടെ സെക്ഷനിൽ പോയപ്പോ അവിടെ നിക്കണ ചേച്ചിക്കാണേൽ ഒരു താല്പര്യക്കുറവ്..

“ഇവിടാരുയില്ല.. പോയിട്ട് പിന്നെ വാ ” ഷെൽഫിൽ ചുരുണ്ടുകൂടി കിടക്കുന്ന ഏതോ ഒരു സാരി എന്നോട് പറഞ്ഞപോലെ…

കളർഫുൾ സാരി മാത്രം നോക്കാം.. ബാക്കിയൊക്കെ എടുത്ത് തോട്ടിൽ എറിഞ്ഞേക്ക് ചേച്ചി

അങ്ങനെ വർണ ശബളമായ മഞ്ഞ പച്ച കളർ സാരി വാങ്ങി വീട്ടിൽ പോയി ഉടുത്തുനോക്കിയപ്പോ വല്ലാത്തൊരു സങ്കടം

“ഇത്തിരീം കൂടി ഗ്ലാമർ ഉണ്ടായിരുന്നേൽ പാടത്ത് കൊണ്ടുപോയി വെയ്ക്കായിരുന്നു”

അവസാനം രണ്ടും കല്പിച്ച് അമ്മായിയോട് സാരി കൊള്ളാമോന്ന് അന്വേഷിച്ചപ്പോൾ “കടേൽ ഉണ്ടായിരുന്നതും ഞാൻ ചോദിച്ചതും ഷാർജ ഷേക്ക്‌ എന്ന് പറഞ്ഞപോലെ ” പെരുത്ത് ഇഷ്ടായീക്കണ്‌..

സാരി തലേന്ന് ഒഴിവാക്കി ചുരിദാർ വാങ്ങിക്കണ ചർച്ചയ്ക്കു തുടക്കമിട്ടു.. കുറഞ്ഞത് ഒരു നാലായിരത്തിന്റെ ചുരിദാർ എങ്കിലും വേണ്ടേ.. “വേണം”

അതും വാങ്ങി കൂട്ടത്തിൽ ചെരുപ്പും ആക്രിയും വാങ്ങിക്കൂട്ടി… കെട്ട്യോന്റെ പേഴ്സാണേൽ ഹർത്താൽ നടത്തിയ റോഡ് പോലായി..

“ഹാവൂ.. എന്തൊരാശ്വാസം ”

കണക്കറിയാത്ത ഞാൻ കാൽകുലേറ്റർ എടുത്ത് ദിവസങ്ങളെണ്ണി കാത്തിരുന്നു

കല്യാണനിശ്ചയത്തിന് രണ്ട് ദിവസം മുൻപ് പെണ്ണ് വിളിക്കുന്ന്..

“ചേച്ചീ.. എന്റെ കല്യാണം കഴിഞ്ഞു”

അടുത്തിരുന്ന് കൊച്ചുടീവി കാണുന്ന കൊച്ചിനൊരു പിച്ചുകൊടുത്തപ്പോ കൊച്ച് തിരിച്ച് റിമോട്ടെടുത്ത് തലയ്ക്കടിച്ചു.. കൊച്ചിന്റെ കയ്യിൽ ഒലക്ക കിട്ടാത്തത് എന്റെ ഭാഗ്യം

“അപ്പൊ സ്വപ്നമല്ല ”

അമ്മേം അനിയനേം ഒക്കെ വിളിച്ച് കാര്യം ശെരിയാണെന്ന് ഉറപ്പിച്ചു

രണ്ട് ദിവസം കഴിഞ്ഞ് കഴിക്കാനിരുന്ന സദ്യയിലെ പാൽപായസത്തിൽ പാൽ പിരിഞ്ഞുപോയ അവസ്ഥ..

വാട്സാപ്പിൽ കേറി ഫാമിലി ഗ്രൂപ്പിൽ എള്ളോളം തരി വീഡിയോ കണ്ടോണ്ടിരുന്നപ്പോ ദേ അവൾ… കൂടെ അവൾടെ കെട്ട്യോനും.. ഏതോ അമ്പലത്തിൽ നിന്ന് താലി കെട്ടുന്ന്..

കല്യാണം കഴിച്ചോർക്ക് രണ്ട് പൂമാലേടെ ചെലവേ വന്നുള്ളൂ.. കല്യാണത്തിന് പോവാൻ ഞാൻ ചെലവാക്കിയത് കണക്കുകൂട്ടിയിട്ട് കിളിപോയി..

ആർക്കോ വായുഗുളിക വാങ്ങാൻ പോകുമ്പോലെ ഞാനും കെട്ട്യോനും കൂടി പറന്ന് പെണ്ണിന്റെ വീട്ടിലെത്തി

“ഒളിച്ചോട്ടം നടന്ന വീട്ടിൽ ഞാനിതുവരെ പോയിട്ടില്ല.. ലൈവായിട്ട് കാണാനുള്ള കൊതികൊണ്ട് വന്നതാണ് ”

എല്ലാവരും പൊട്ടിക്കരച്ചിൽ.. അതിനിടയിൽ കെട്ട്യോൻ കടന്ന് കയറി

“നിങ്ങളിവിടെ കരഞ്ഞോണ്ടിരുന്നോ.. അവരവിടെ ഹണിമൂൺ പ്ലാൻ ചെയ്യുന്നുണ്ടാവും ”

എല്ലാവരും കരഞ്ഞ് തളർന്നിരുന്നു… അങ്ങ് ദൂരെ നിന്നും വകേലെ വല്യമ്മേം കുടുംബക്കാരും ആശ്വസിപ്പിക്കാൻ വരുന്ന്..

സ്വിച്ചിട്ട പോലെ കരച്ചിൽ തുടങ്ങുന്ന കണ്ടിട്ട് കെട്ട്യോൻ ആയുധം വെച്ച് കീഴടങ്ങി

“ഇതുവച്ച് നോക്കുമ്പോ നിന്റെ അഭിനയം വളരെ മോശം ”

എങ്കിലും ഞാൻ അവരുടെ കരച്ചിലിൽ പങ്ക് ചേർന്നു..

കണ്ണടച്ചാൽ പുതിയ ചുരിദാർ മുന്നിൽ വന്നു നിന്ന് കളിയാക്കി ചിരിക്കുന്നു.. എന്റെ കരച്ചിലിന്റെ ശക്തി കൂടി.. എന്റെ സ്നേഹം കണ്ടിട്ട് കൂടി നിന്നോരോക്കെ ആശ്വസിപ്പിച്ചെങ്കിലും കെട്ട്യോൻ മാത്രം സത്യാവസ്ഥ മനസിലാക്കി മൈൻഡ് ചെയ്യാതെ നിന്നു

ഇത്തിരി ഇരുട്ട് വീണപ്പോ അവിടെ നിന്നിറങ്ങി വീട്ടിലേയ്ക്ക് വരുമ്പോ അത്രേം നേരം അടക്കിപിടിച്ച സങ്കടം ഞാൻ കെട്ട്യോനോട് തുറന്ന് പറഞ്ഞു

“എനിക്ക് പൊറോട്ടെം ബീഫും വേണം.. വിശന്നിട്ട് കണ്ണിൽകൂടി കുരുവി പറക്കുന്ന് ”

ചൂടോടെ പാഴ്‌സൽ വാങ്ങി വീട്ടിൽ എത്തുന്നതുവരെ എനിക്കൊരു സ്വസ്ഥതേം ഇല്ലായിരുന്ന്..

“വിശപ്പ് വന്നാൽ പിന്നെന്ത് നോക്കാനാ.. ഇത് എന്റെ ബീഫാ.. തെരില്ല ഞാൻ.. ആർക്കും തെരില്ല ഞാൻ..”

ഒറ്റയിരുപ്പിന് അതുമൊത്തം തിന്നുതീർത്തിട്ട് കിട്ടാത്ത സദ്യയെക്കുറിച്ചോർത്ത് ദീർഘമായോന്ന് നിശ്വസിച്ചു “വിട്ടുകളയണം ”

രണ്ട് ദിവസം കഴിഞ്ഞപ്പോ അവൾടെ വാട്സാപ്പ് സ്റ്റാറ്റസിൽ അമ്മേടെ കൂടെ നിക്കണ പഴേ ഫോട്ടം.. “സ്വാഭാവികം ”

പിന്നെയാ ശ്രെദ്ധിച്ചത്.. കാക്ക കൊത്താതിരിക്കാൻ നെറ്റിയിൽ സിന്ദൂരം..

“മിനിഞ്ഞാന്ന് ഇങ്ങനൊരു മോളില്ലെന്ന് കരഞ്ഞ് വിളിച്ചിട്ട് ഇന്നിപ്പോ കെട്ടിപ്പിടിച്ച് നിക്കണ് ”

“ഹോ.. ഓന്ത് മാറുവോ ഇതുപോലെ ”

“കൂടെയിരുന്ന് കരഞ്ഞ ഞാനിപ്പോ ആരായി..”

പുറത്ത് പോവുമ്പോഴൊക്കെ ഷെൽഫ് തുറന്ന് ഓരോ സിമ്പിൾ ഡ്രസ്സ്‌ എടുക്കും.. നീണ്ട എട്ട് മാസത്തെ ഷെൽഫിലെ ജീവിതത്തിൽ പല തവണ നാലായിരത്തിന്റെ ചുരിദാർ എന്നോട് ചോദിച്ചു

“എന്നേം കൂടെ കൊണ്ടോവോ?…”

ഇന്നും മനസ്സില്ലാ മനസ്സോടെ ഞാൻ പറയും

“യോഗല്ല്യ ചുരിദാറെ.. നീയിവിടിരുന്നോ…!”

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: Reshma Kishor

Leave a Reply

Your email address will not be published. Required fields are marked *