Categories
Uncategorized

പാറുവിനെ നെഞ്ചിൽ ചേർത്ത് മുടിയിലൂടെ വിരലോടിച്ചു കിടന്നപ്പോൾ അവള് പറഞ്ഞു…

രചന: ശ്രീജിത്ത് ആർ നായർ

ഏട്ടാ..

എന്താടി പെണ്ണേ…

എന്നാ വരിക ഇനി നാട്ടിലേക്കു…

അതെന്തേ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം..

അറിയില്ല ഏട്ടാ…കാണാൻ കൊതി ആവുന്നു..

ഏട്ടൻ വേഗം വരാട്ടോ.. ശങ്കരി എവിടെ..

അവള് മുത്തച്ഛന്റെ കൂടെ കളിക്ക്യാ…

ശെരിട്ടോ..ഞാൻ ഇന്നിത്തിരി ബിസിയാ…വൈകിട്ട് വരാൻ ലേറ്റ് ആകും.. വന്നിട്ടു വിളിക്കാം..

അന്നാദ്യമായി അവളോട് കള്ളം പറഞ്ഞു.. അതിൽ കുറ്റബോധം തോന്നിയില്ല…കാരണം ഈ കള്ളം അവൾക്കൊരുപാട് സന്തോഷം നൽകാനാണ്.. നാട്ടിൽ ഇറങ്ങും ഞാനിന്നു വൈകിട്ടു.. ഇത്തവണ സർപ്രൈസ് ആണ്..ആർക്കും അറിയില്ല.. കൂട്ടുകാരനോട് മാത്രമേ പറഞ്ഞിട്ടുള്ളു..

ബാഗ് പാക്ക് ചെയ്യുമ്പഴും എയർപോർട്ട്ടിൽ വെയിറ്റ് ചെയ്യുമ്പഴും സമയം ഇഴയുന്ന പോലെ തോന്നി..
ഫ്ലൈറ്റിൽ കിട്ടിയ രണ്ട് പെഗ് അടിച്ചത് ഉറങ്ങിയാൽ വേഗം കൊച്ചി എത്തുമല്ലോ എന്ന് കരുതിയാരുന്നു…

ലാൻഡ് ചെയ്തു.. പുറത്തെത്തിപ്പോ കൂട്ടുകാരൻ ഹാജർ ആയിരുന്നു..

അളിയാ.. സംഗതി ലീക് ആയിട്ടില്ലലോ…
ഞാൻ ചോദിച്ചു..

ഇല്ലളിയാ…എന്റെ പെണ്ണിനോട് പോലും പറഞ്ഞില്ല.. വണ്ടി എടുത്തപ്പോ അവള് ചോദിച്ചു.. ഞാൻ ഓട്ടം ഉണ്ടെന്നു പറഞ്ഞു.. അവളോട് പറഞ്ഞ അവളപ്പോ നിന്റെ പാറൂനെ വിളിച്ചു പറയും..

നന്നായി..നീ വണ്ടി എടുക്കു…

ഒരു മണിക്കൂർ യാത്ര.. വണ്ടി വീടിന്റെ മുമ്പിൽ എത്തി.. ലൈറ്റ് ഇല്ല വീട്ടിൽ…എല്ലാരും കിടന്നു..

അവളുറങ്ങി കാണില്ല…ഞാൻ ഡ്യൂട്ടി കഴിഞ്ഞു വന്നു വിളിക്കുന്നതും കാത്തു ഇരിപ്പുണ്ടാവും..

ഫോൺ എടുത്തു.. സിം നാട്ടിലെ ആണേലും വാട്സ്അപ്പ് ഇപ്പഴും ദുബായ് നമ്പർ തന്നെയാ..

പാറു…
അവൾക് മെസ്സേജ് അയച്ചു..

എന്തോ..
പ്രതീക്ഷിച്ച പോലെ തന്നെ…അവൾ ഉറങ്ങിയിട്ടില്ല…

ഉറങ്ങില്ലേ…

ഇല്ല.. വിളിക്കുന്നില്ലേ…

ഇന്നില്ല

അതെന്തേ…

ഇന്ന് നല്ല യാത്ര ആയിരുന്നു…നല്ല ക്ഷീണം..കിടന്നൊന്നുറ­ങ്ങണം..

ശെരി.. എന്നാ കിടന്നുറങ്ങിക്കോ..
ആ ശബ്ദത്തിൽ ചെറിയൊരു പരിഭവം ഒളിച്ചു കിടപ്പുണ്ടാരുന്നു..

എവിടെ..ഈ മുറ്റത്തോ.. നീ വാതിൽ തുറക്ക്..എന്നാലല്ലേ അകത്തു കേറാൻ പറ്റു..

ഏട്ടൻ ചുമ്മാ തമാശ കളിക്കല്ലേ.. കൊച്ചൊന്നായി…ഇപ്പഴും പിള്ളേരുകളിയാ..

എന്റെ പെണ്ണേ നീ വന്നേ…വാതിൽ തുറന്നെ..

പോ ഏട്ടാ.. ഇരുട്ടാ..എനിക്ക് പേടിയാ..

എന്നാ ഞാൻ ബെല്ലടിക്കാം…

എന്നെ വെറുതെ പറ്റിക്കണ്ട..

ഞാൻ ബെല്ലടിച്ചു..
ഒരു നിമിഷം നിശബ്ദമായി..പിന്നെ ബെഡ്റൂമിൽ നിന്നു ഹാളിലേക്ക് അവൾ ഓടുകയാരുന്നു എന്ന് അവളുടെ കൊലുസിന്റെ കിലുക്കത്തിൽ നിന്നു എനിക്ക് മനസിലായി..

വന്നു വാതിൽ തുറന്നപ്പോ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. ഓടിവന്നെന്നെ കെട്ടിപിടിക്കുമ്പോ കരയുന്ന ഒച്ച പുറത്തു കേക്കാതിരിക്കാൻ അവൾ വാ പൊത്തിപിടിച്ചു..

ആരാ മോളെ..
അകത്തുന്നു അച്ഛന്റെ ശബ്ദം…

അതിനുത്തരം പറയാൻ അവൾക്കാകില്ല എന്നറിയാവുന്ന ഞാൻ പറഞ്ഞു..

ഞാനാ അച്ഛാ..

അച്ഛനും അമ്മയും ഹാളിൽ വന്നു…ഒരു നിമിഷം അവരും സ്തബ്ധരായി…

അച്ഛൻ എന്റെ അടുത്ത് വന്നു ചെവിക്കു പിടിച്ചിട്ടു പറഞ്ഞു..
പ്രായമിത്രയായാലും കുരുത്തക്കേടിനു ഒരു കുറവുമില്ല ചെക്കന്..

അത് കണ്ടവൾ ചിരിച്ചു.. അങ്ങനെ വേണം എന്ന അർത്ഥത്തിൽ തലകുലുക്കി.. അമ്മയും ആ ചിരിയിൽ പങ്കുചേർന്നു..

വിശേഷങ്ങൾ പങ്കു വെച്ചു കുറെ നേരം…

കൂട്ടുകാരൻ യാത്ര പറഞ്ഞിറങ്ങി..
ഒരു കുളിയും പാസ് ആക്കി റൂമിലെത്തിയപ്പോൾ ശങ്കരി നല്ല ഉറക്കം ആയിരുന്നു..

പാറുവിനെ നെഞ്ചിൽ ചേർത്ത് മുടിയിലൂടെ വിരലോടിച്ചു കിടന്നപ്പോൾ അവള് പറഞ്ഞു
ശങ്കരി ഞെട്ടും രാവിലെ അച്ഛനെ കാണുമ്പോൾ..

ഇപ്പൊ നീ ഞെട്ടിയപോലെ അല്ലേ..

അയ്യടാ.. ഞാനെങ്ങും ഞെട്ടിയില്ല…

ഉവ്വ ഉവ്വേ..

വയറിൽ ഒരു നുള്ളു തന്നിട്ട് കള്ളച്ചിരിയോടെ അവൾ പറഞ്ഞു..
ദുഷ്ടൻ..

ഉത്തരം ചിരിയിലൊതുക്കി ഞങ്ങൾ ഉറങ്ങി..

ഒരുകൊല്ലത്തെ വിശേഷങ്ങൾ പറഞ്ഞു തീർക്കാനുള്ള നാളത്തെ പുലരി സ്വപ്നം കണ്ടുകൊണ്ട്..

ഒരു പ്രവാസിയുടെ ഒരു വർഷത്തെ ജീവിതത്തിൽ ഏറ്റവും മനോഹരമായ ഈ ഒരു മാസം തീരാതിരിക്കുവാൻ പ്രാർത്ഥിച്ചുകൊണ്ട്…

🧡 ശ്രീ 🧡

രചന: ശ്രീജിത്ത് ആർ നായർ

Leave a Reply

Your email address will not be published. Required fields are marked *