Categories
Uncategorized

പറയാതെ പോയ വാക്കുകളും,പകരാനാവാതെ പോയ പ്രണയവും പങ്കുവെയ്ക്കുവാൻ ആ ആത്മാക്കൾ ഇനിയും പുനർജനിച്ചേക്കാം….

രചന : സൂര്യകാന്തി (ജിഷ രഹീഷ് )💕

ആ വിശാലമായ പൂമുഖത്തിന്റെ പടികൾ ചവിട്ടി ,ജയദേവൻ അകത്തേയ്ക്ക് കയറി…

“ജയദേവൻ ഇരിക്കൂ..…”

മുഖത്ത് നോക്കാതെയാണ് വാസുദേവൻ പറഞ്ഞത്…

അയാൾ ചൂണ്ടിക്കാണിച്ച ഇരിപ്പിടത്തിലേയ്ക്ക് അമരുമ്പോൾ ജയദേവന്റെ മുഖത്ത് ഭാവഭേദമൊന്നും ഉണ്ടായില്ല…കയറി വരുമ്പോഴേ ഉണ്ടായിരുന്ന അക്ഷമയല്ലാതെ…

വാസുദേവൻ ജയദേവന്റെ മുഖത്ത് നോക്കാതെയാണ് സംസാരിച്ചത്..

പഴയ ആഢ്യത്വമൊന്നും ആ മുഖത്തില്ല.. ക്ഷീണം പ്രായത്തിന്റേത് മാത്രമല്ലെന്ന് ജയദേവനും അറിയാമായിരുന്നു…

“വരുമെന്ന് കരുതിയില്ല.. ജയന്റെ.. ജയദേവന്റെ തിരക്കൊക്കെ അറിയാവുന്നതാണല്ലോ..”

ജയദേവൻ ഒന്ന് മന്ദഹസിച്ചതേയുള്ളൂ..

‘ഈ ഒരു വിളിയ്ക്ക് വേണ്ടി ജീവൻ പോലും പകരം തരാൻ ഞാൻ ഒരുക്കമായിരുന്നല്ലോ..’

പറഞ്ഞത് പക്ഷെ മനസ്സിലാണ്…

അവിടെ നിന്നും ഇവിടെ നിന്നുമായി പല മിഴികളും എത്തി നോക്കുന്നുണ്ട്…

പലരുടെയും മനസ്സ് കീഴടക്കിയ ഭാവഗായകൻ.. ഗന്ധർവ്വനാദം…

“ഒരിക്കൽ.. ഒരിക്കലെങ്കിലും,അവളോട് നീതി കാണിയ്ക്കണമെന്ന് തോന്നി.. അവസാനനിമിഷമെങ്കിലും എന്റെ കുട്ടി സന്തോഷത്തോടെയിരിക്കട്ടെ…ന്നോട് ക്ഷമിക്കട്ടെ…”

വാസുദേവന്റെ ശബ്ദം ഇടറി.. കണ്ണുകൾ നിറഞ്ഞത് ജയദേവൻ കണ്ടു….

അയാളുടെ ഉള്ളൊന്ന് പിടഞ്ഞു….

“ദേവി…?”

ശബ്ദം വല്ലാതെ നേർത്തിരുന്നു…

“അകത്തുണ്ട്… തന്റെ ശബ്ദത്തിലാണ് അവളിപ്പോൾ ജീവിക്കുന്നത്…”

കണ്ണുകൾ ഇടഞ്ഞപ്പോൾ വാസുദേവന്റെ മിഴികളിലെ ക്ഷമായാചനം ജയദേവൻ കണ്ടു…

ക്ഷമിക്കുവാനാവുമോ…?

രണ്ടു ജീവിതങ്ങളാണ് തകർന്നടിഞ്ഞു പോയത്…

എന്തിന് വേണ്ടി…?

ദുരഭിമാനം…

അന്തസ്സും ആഭിജാത്യവുമുള്ള,പടിയത്ത് തറവാട്ടിലെ പെണ്ണിന്,കീഴാളന്റെ ചോര ഞരമ്പുകളിൽ ഓടുന്നവൻ ചേരില്ലത്രേ….

ആ വലിയ തറവാട്ട് വീടിന്റെ, അകത്തളത്തിൽ,ഇരുൾ വീണ ഇടനാഴിയും താണ്ടി ആ അറവാതിൽക്കൽ എത്തുമ്പോഴേ കേൾക്കുന്നുണ്ടായിരുന്നു…

“ഹൃദയത്തിൻ തന്തിയിലാരോ വിരൽതൊടും മൃദുലമാം നിസ്വനം പോലെ…. ഇലകളിൽ ജലകണമിറ്റുവീഴും പോലെൻ ഉയിരിൽ അമൃതം തളിച്ച പോലെ…. തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ അറിയാതെ കോരിത്തരിച്ചു പോയി….”

ആ വാതിൽക്കൽ,അയാളെ എതിരേറ്റത്, തന്റെ സ്വരവീചികൾക്കൊപ്പം, നേർത്ത ചെമ്പകസുഗന്ധം കൂടിയായിരുന്നു…

അറയ്ക്കുള്ളിലെ, തുറന്നിട്ട ജാലകവാതിലിലൂടെ പുറത്തേക്ക് നോക്കി, കട്ടിലിൽ ചാരിയിരിക്കുന്ന രൂപത്തെ അപ്പോഴാണ് ജയദേവൻ കണ്ടത്..

‘ദേവി’

അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു…

അവരൊന്നു തിരിഞ്ഞുനോക്കി.. ആ മെലിഞ്ഞൊട്ടിയ മുഖത്തെ നടുക്കം ജയദേവൻ കണ്ടു… പതിയെ ആ കുഴിയിലാണ്ട കണ്ണുകൾ വിടരുന്നതും.… . അവർ കണ്ണിമയ്ക്കാതെ നോക്കിയിരുന്നതും, ജയദേവൻ നേർത്ത ഒരു ചിരിയോടെ അകത്തേക്ക് കയറി..

കട്ടിലിനരികിൽ ഒരു കസേര ഉണ്ടായിരുന്നുവെങ്കിലും,അതിലേക്ക് ഇരിക്കാതെ,കിടക്കയിൽ അവർക്കരികിലേക്ക് ഇരുന്നു ജയദേവൻ..

” സ്വപ്നം ഒന്നുമല്ലെടോ…സത്യമാണ്..”

ജയദേവന്റെ ശബ്ദം ആർദ്രമായിരുന്നു… ശ്രീദേവി അപ്പോഴും ശബ്ദിക്കാനാവാതെ ഇരിക്കുകയായിരുന്നു…

മുപ്പത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഈ മുഖം ഒന്നു കാണാതെ….

പഴയ ശ്രീദേവിയുടെ ഒരു നിഴൽരൂപം പോലും ആയിരുന്നില്ല അവരപ്പോൾ …

നേർത്ത മുടിയിഴകൾക്കിടയിൽ തലയോട്ടി തെളിഞ്ഞിരുന്നു.. കുഴിയിലാണ്ട കണ്ണുകളും കരുവാളിച്ച കവിൾത്തടവുമായി മെലിഞ്ഞുണങ്ങിയ ഒരു രൂപം…

അയാളുടെ മനസ്സിൽ, നിറയെ മഷിയെഴുതിയ,വിടർന്ന മിഴികളിൽ കുറുമ്പൊളിപ്പിച്ച, നീണ്ടിടതൂർന്ന മുടിയിഴകളിൽ ചെമ്പകപ്പൂ കൊരുത്തിട്ട ഒരു സുന്ദരിപ്പെണ്ണിന്റെ രൂപം തെളിഞ്ഞു…

ശ്രീദേവി…

കളിക്കൂട്ടുകാരിയായിരുന്നു,വല്യ പെണ്ണാവുന്നത് വരെ.. പാത്തും പതുങ്ങിയും കീഴാളച്ചെക്കനൊപ്പം കളിയ്ക്കാൻ വരുന്നവൾ…

പിന്നെയെപ്പോഴോ ആ കൂട്ട് അകന്നു പോയി..

പ്രായത്തിന്റെയും സമൂഹത്തിന്റെയും വേർതിരിവുകൾക്കിടയിൽ മാഞ്ഞു പോയൊരു സൗഹൃദം…

ദേവി അപ്പോഴും ജയദേവന്റെ മുഖത്തേയ്ക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു..

ഗന്ധർവ്വ ഗായകൻ… ഉയർച്ചയുടെ പടികൾ കയറുന്നത് പ്രാർത്ഥനയോടെ,അതിലേറെ ആനന്ദത്തോടെ കണ്ടു നിന്നിരുന്നു… ദൂരെ മാറി നിന്നാണെങ്കിലും…

കുറച്ചൊന്നു തടിച്ചു.. വെട്ടിയൊതുക്കിയ താടിയ്ക്ക് അല്പം കൂടെ കട്ടി കൂടിയിട്ടുണ്ട്… ആ കണ്ണുകളിലെ തിളക്കം മാഞ്ഞിട്ടില്ല…

“മാഷ്.. മാഷ്ക്ക് വല്യ മാറ്റമൊന്നുമില്ല..”

ആ കവിളിൽ ഒന്ന് തൊട്ടു കൊണ്ടായിരുന്നു ദേവി പറഞ്ഞത്… ആ വിരൽത്തുമ്പിൽ വല്ലാത്തൊരു തണുപ്പുണ്ടായിരുന്നുവെന്ന് ജയദേവന് തോന്നി…

“വരേണ്ടിയിരുന്നില്ല… ന്നെ ഈ രൂപത്തിൽ… ” ശബ്ദമടക്കിയാണ് പറഞ്ഞതെങ്കിലും, ആ സ്വരത്തിലെ അപകർഷതയും ജയദേവൻ അറിഞ്ഞിരുന്നു…

അയാൾ പതിയെ,ആ നേർത്ത വിരലുകൾ കയ്യിലൊതുക്കി പിടിച്ചു…

“ദേവിയുടെ രൂപത്തെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു.. പക്ഷെ പ്രണയിച്ചത് രൂപത്തെയായിരുന്നില്ല…ഇഷ്ടത്തേക്കാളേ റെ മുൻപിലാണ് എന്നിലെ പ്രണയം…”

ദേവിയുടെ ദേഹമൊന്ന് വിറച്ചത് പോലെ തോന്നി ജയദേവന്…

ശ്രീദേവി കണ്ണുകൾ ഇറുക്കെ അടച്ചു…

നല്ല മഴയുള്ളൊരു ദിവസമായിരുന്നു ആദ്യമായി കോളേജിൽ ചെന്നത്…

ഇടവേളയിലെപ്പോഴോ,വരാന്തയിലൂടെ പുറത്തെ മഴയെ നോക്കി, കൂട്ടുകാരിയോടൊപ്പം നടക്കുമ്പോഴാണ്, കടന്നു പോയ ഏതോ ക്ലാസ്സിൽ നിന്നും, ആ സ്വരവീചികൾ കാതുകളിൽ എത്തിയത്….

“വാതിൽപ്പഴുതിലൂടെൻ‌മുന്നിൽ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകേ…. അതിലോലമെൻ ഇടനാഴിയിൽ നിൻ‌ കള- മധുരമാം കാലൊച്ച കേട്ടു…..”

ഗന്ധർവ്വനാദം..

അതാണ് മനസ്സിലേയ്ക്ക് വന്നത്…

“അത് നമ്മുടെ സീനിയറായി പഠിയ്ക്കുന്ന ചേട്ടനാ, ജയദേവൻ, അസ്സലായി പാടും..”

കൂട്ടുകാരി പറഞ്ഞു…

അപ്പോഴും പഴയ കളിക്കൂട്ടുകാരനാണെന്ന് അറിഞ്ഞില്ല…

ഒരു ദിനം വരാന്തയിലൂടെ നടക്കുമ്പോഴാണ്,ആ പാട്ടിന്റെ ഈണം മൂളുന്നത്,തൊട്ടപ്പുറത്ത് നിന്നും കേട്ടത്..

ഞെട്ടിതിരിഞ്ഞു നോക്കിയപ്പോൾ,ആ മുഖം കണ്ടു… പൊടിമീശക്കാരൻ.. ജയദേവൻ…

“ദേവൂട്ടി ഇവിടെയാ പഠിയ്ക്കുന്നെന്ന് തമ്പ്രാട്ടിയമ്മ പറഞ്ഞിരുന്നു…”

അരികിലെത്തി പറയുന്നവനെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു…

കണ്ണുകൾ ആ മുഖത്തിനെയും,കാതുകൾ ആ ശബ്ദത്തിനെയും തേടിയലഞ്ഞു…

ഏറെ വൈകാതെ ആളും അതറിഞ്ഞു.. കുസൃതി ഒളിപ്പിച്ച നോട്ടങ്ങളും പ്രണയം തുളുമ്പുന്ന ഭാവങ്ങളും,എപ്പോഴോ ആ മുഖത്തും തെളിഞ്ഞു…

മൗനരാഗം..

വാക്കുകൾ കൊണ്ട് പോലും,ഉച്ചരിച്ച്,അശുദ്ധിയാക്കാത്ത പ്രണയം….

അന്നും,ആരാധികമാർ ഒരുപാടുണ്ടെങ്കിലും,ആ മനസ്സിൽ താൻ മാത്രമാണെന്ന്, പറയാതെ പറഞ്ഞിരുന്നു…

കോളേജ് പഠിത്തം കഴിഞ്ഞും കണ്ടു, ഇടവഴികളിൽ, അമ്പലത്തിൽ, കുളക്കടവിൽ….

അന്നും പ്രണയത്തെ പറ്റി സംസാരിച്ചിട്ടില്ല.. ഇഷ്ടമാണെന്ന് പോലും… ഒന്നോ രണ്ടോ വാക്കുകളിൽ ഒതുങ്ങുന്ന സംസാരം…

വെറുതെ,കണ്ടുമുട്ടാനിടയുള്ള വഴികളിലൂടെ ഇരുവരും നടന്നു.. ഒന്നും പറയാതെ…

നാട്ടിലെ സ്കൂളിൽ അദ്ധ്യാപകനായി ജോലി കിട്ടിയെന്ന് അമ്മ പറഞ്ഞാണ് അറിഞ്ഞത്…

“അല്ലേലും ആ വേലായുധന്റെ ചെക്കൻ മിടുക്കനാ..ഇപ്പോ ജോലിയും കിട്ടി, നല്ലോണം പാടുമെന്നും കേട്ടു..”

.അമ്മ അച്ഛനോട് പറയുന്നതും അച്ഛൻ ഒന്ന് മൂളുന്നതും തെല്ലൊരു ഉൾപ്പുളകത്തോടെ കേട്ടു നിന്നു…

വാശിയോടെ പഠിച്ചു, കുറച്ചു കഷ്ടപ്പെട്ടാണെങ്കിലും,അതേ സ്കൂളിൽ തന്നെ,അദ്ധ്യാപികയായി കയറിയപ്പോൾ എന്തോ നേടിയെടുത്ത പ്രതീതിയായിരുന്നു..

പ്രണയകാലം.. പക്ഷെ അപ്പോഴും പ്രണയവചനങ്ങൾ തങ്ങൾക്ക് അന്യമായിരുന്നു…

ഗായകന്റെ പാട്ട് കേട്ടെത്തുന്ന ആരാധികമാരെ കാണുമ്പോൾ തനിയ്ക്ക് കുശുമ്പ് വരും.. അത് കാണുമ്പോൾ ആ ചുണ്ടുകളിലൊരു കുസൃതിച്ചിരി വിരിയും…

കള്ളത്തരങ്ങൾ ഒളിപ്പിച്ച നോക്കും വാക്കും…

തറവാട്ടിൽ കല്യാണം ആലോചിച്ചു തുടങ്ങിയിരുന്നു.. ഒരേയൊരു പെൺതരി.… അച്ഛന്റെയും ആങ്ങളമാരുടെയും ഓമന…. അത്രയും പഠിപ്പിക്കാൻ വിട്ടതും, ജോലി കിട്ടിയിട്ട് മതി കല്യാണമെന്ന,തന്റെ വാക്ക് കേട്ടതും അത് കൊണ്ട് തന്നെയായിരുന്നു…

പക്ഷെ മനസ്സിൽ പ്രതിഷ്ഠിച്ചയാളെ മറക്കാൻ കഴിയില്ലായിരുന്നു…

അന്ന് സ്കൂളിൽ വെച്ചാണ് സന്ധ്യയ്ക്ക് സർപ്പക്കാവിൽ വരുമോയെന്ന് താൻ ചോദിച്ചത്…ആദ്യമായി…

ചിരിയോടെ തലയാട്ടി…

സന്ധ്യയ്ക്ക് കാവിലേയ്ക്ക് നടക്കുമ്പോൾ മഴക്കോളുണ്ടായിരുന്നു…

തിരി വെച്ചു കഴിഞ്ഞതും ആള് പിന്നിലുണ്ടായിരുന്നു…

“ഞാൻ… എനിക്ക്.. പറയാനുള്ളത്… ”

എങ്ങനെ പ്രണയം പറയണമെന്ന് അറിയാതെ നിന്ന,തന്റെ കണ്ണുകളിലേയ്ക്ക് നോക്കിയാണ് ചോദിച്ചത്…

“ധൈര്യമുണ്ടോ ദേവൂട്ടിയ്ക്ക്,എന്റൊപ്പം ജീവിയ്ക്കാൻ…?”

ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ നിന്നെങ്കിലും,അടുത്ത നിമിഷം തന്റെ മിഴികളിലും പ്രണയം വിടർന്നിരുന്നു…

അപ്പോഴാണ് ആദ്യത്തെ തുള്ളി മുഖത്ത് വീണത്… മഴത്തുള്ളികൾ കനത്തു തുടങ്ങിയതും തന്റെ കയ്യിൽ പിടിച്ചിരുന്നു.. ആദ്യസ്പർശനം….

“മഴ നനയണ്ട, അങ്ങോട്ട് മാറി നിന്ന് സംസാരിക്കാം..…”

പറഞ്ഞു തീരുന്നതിനു മുൻപേ,തന്റെ മിഴികൾ മുൻപിൽ നിൽക്കുന്നയാളിൽ പതിഞ്ഞിരുന്നു..

“ഏട്ടൻ…”

ഭയത്തോടെയാണ് ഉരുവിട്ടത്.. വല്യേട്ടന്റെ കണ്ണുകൾ,തന്റെ ഇടം കയ്യിൽ ചേർന്നിരിക്കുന്ന ജയദേവന്റെ വലം കയ്യിലായിരുന്നു…

തടുക്കാനോ,എന്തെങ്കിലും പറയാനോ കഴിയുന്നതിനു മുൻപേ,അടി നടന്നിരുന്നു.. ബഹളം കേട്ട് ഓടിയെത്തിയ മറ്റുള്ളവരും അതിൽ പങ്ക് ചേർന്നിരുന്നു..… ഏട്ടന്മാരിലാരോ, തന്നെ വലിച്ചിഴച്ച് കൊണ്ട് പോവുന്നതിനിടയിലും കേട്ടിരുന്നു ആ ശബ്ദം…

“അവളെ… അവളെയൊന്നും ചെയ്യരുത്..”

വീട്ടു തടങ്കലിലായിരുന്നു താൻ.. സ്നേഹമുൾപ്പെടെ എല്ലാം നിഷേധിച്ചു ചുറ്റുമുള്ളവർ…

ജയദേവനെ വീണ്ടും തല്ലിച്ചതച്ചതറിഞ്ഞു,പൊട്ടിക്കരയാനേ പറ്റിയുള്ളൂ…

‘അവനെ ജീവനോടെ വെയ്ക്കില്ലെന്ന’ഭീഷണിയ്ക്ക് മുൻപിൽ താനും അടിയറവു പറഞ്ഞു..

ആ ജീവന് പകരമായി, ചൂണ്ടിക്കാണിയ്ക്കുന്ന ആരുടെ മുൻപിലും കഴുത്തു നീട്ടി കൊടുക്കാമെന്നും..

എന്നിട്ടും ജയദേവൻ വന്നു.. തറവാട്ട് പടിയ്ക്കൽ… കോരിച്ചൊരിയുന്ന മഴയത്ത്,ഹൃദയം പൊട്ടി വിളിച്ചു, കൂടെ ചെല്ലാൻ…

ആവുമായിരുന്നില്ല… ഒപ്പം ജീവിക്കുന്നതിനേക്കാൾ,ആ ജീവനായിരുന്നു വലുതെന്നു തോന്നി…

ഒപ്പം വരില്ലെന്ന് പറഞ്ഞപ്പോൾ,ആ മഴയത്ത്,പടിപ്പുരയ്ക്ക് മുൻപിൽ തകർന്നു നിൽക്കുന്ന മനുഷ്യൻ… ആ കണ്ണുകളിലെ അവിശ്വസനീയത…

അതായിരുന്നു അവസാന കാഴ്ച്ച…

അത് വരെയേ ശ്രീദേവി ജീവിച്ചിട്ടുള്ളൂ….

ഓർമ്മകളിൽ, കുരുങ്ങിയ മനസ്സ്..

ആ കരുവാളിച്ച കവിൾത്തടങ്ങളിലേയ്ക്ക്, ഇറ്റ് വീണ കണ്ണുനീർതുള്ളികൾ ആ വിരലുകൾ കൊണ്ട് തുടച്ചയാൾ പറഞ്ഞു.…

“ഒരു ജന്മം മുഴുവനും കരഞ്ഞു തീർത്തില്ലേ..?ഇനി മതി…”

ശ്രീദേവി ഒന്നും പറഞ്ഞില്ല.. ആ വിരൽത്തുമ്പിൽ മുറുകെ പിടിച്ചിരുന്നു…

“മക്കൾ… അവർ.. അവർ വിളിക്കാറുമില്ലേ.…?

ശ്രീദേവിയുടെ മുഖത്തൊരു വരണ്ട ചിരി തെളിഞ്ഞു…

“ഞാൻ എത്രയൊക്കെ ശ്രെമിച്ചെങ്കിലും, സ്നേഹിച്ചെങ്കിലും,അവർ അയാളുടെ മാത്രം മക്കളായിരുന്നു മാഷേ.. ശ്രീനിവാസന്റെ മക്കൾ…”

അവരൊന്നു നിശ്വസിച്ചു…

“മകൾക്ക്,ഏറ്റവും അനുയോജ്യനെന്നു അച്ഛനും ആങ്ങളമാരും തിരഞ്ഞെടുത്തവൻ..കഴുത്തിൽ താലി കെട്ടിയവനോട് നീതി കാണിയ്ക്കണമെന്ന് മനസ്സ് നിർബന്ധിച്ചെങ്കിലും,അതിന്റെ ആവശ്യമില്ലെന്ന് ആദ്യദിനം തന്നെ ബോധ്യമായിരുന്നു.. ആളുകൾക്ക് മുൻപിൽ പ്രദർപ്പിക്കാനൊരു ഭാര്യ പദവി… .. അതായിരുന്നു ശ്രീനിവാസൻ ആ താലിയിലൂടെ എനിയ്ക്ക് തന്നത്…”

ശ്രീദേവി ജനലിലൂടെ പുറത്തേയ്ക്ക് നോക്കിയാണ് പറഞ്ഞത്.…

“ഏറെ നാൾ കഴിയും മുൻപേ,ശ്രീനിവാസിനൊപ്പം മുംബൈയ്ക്ക് പോയി.. എനിക്കൊട്ടും പരിചിതമല്ലാത്ത ജീവിതരീതികൾ… മുടി തോളൊപ്പം മുറിച്ചതും,ചുണ്ടുകളിൽ ചായം പുരട്ടിയതും,ശ്രീനിവാസിന്റെ ഇഷ്ടത്തിനനുസരിച്ചായിരുന്നു.. അല്ലെങ്കിലും എല്ലാം അയാളുടെ ഇഷ്ടത്തിന് അനുസരിച്ചായിരുന്നു …”

ദേവിയൊന്നു ചിരിച്ചു.. പൊള്ളയായി…

“കുഞ്ഞുങ്ങളുണ്ടായി.. അവരിൽ ജീവിതത്തിനൊരർത്ഥം കണ്ടെത്താൻ ശ്രെമിക്കുന്നതിനിടെയായിരുന്നു, അയാളുടെ കരിയറിന്റെ വളർച്ചയും.. വൈകാതെ,കൂടെ വരുന്ന സുഹൃത്തുക്കൾക്കും മേലാളന്മാർക്കും കിടക്ക വിരിയ്‌ക്കേണ്ടി വന്നു…”

ജയദേവന്റെ നെഞ്ചിൽ എന്തോ ഒന്ന് പൊട്ടിത്തകർന്നു.. നേർത്ത വിരലുകളിൽ അയാൾ പിടി മുറുക്കി…

“പിന്നെയതൊക്കെ ശീലമായി… കാലം കടന്നു പോയി. മക്കളുടെ വളർച്ചയ്ക്കൊപ്പം, അവരുടെ സ്വഭാവവും അച്ഛന്റേതാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഞാൻ തകർന്ന് പോയത്…. ”

നിസ്സംഗതയായിരുന്നു ശ്രീദേവിയുടെ മുഖത്ത്.. ജയദേവന്റെ കണ്ണുകളായിരുന്നു നിറഞ്ഞത്.. അവർ മുഖം തിരിച്ചു അയാളെ നോക്കി…

“അതിനിടയിലും ഞാൻ അറിയുന്നുണ്ടായിരുന്നു ഈ ഗായകന്റെ വളർച്ച … ഹൃദയം നിറഞ്ഞു തന്നെ സന്തോഷിച്ചു, പ്രാർത്ഥിച്ചു..”

ജയദേവൻ ശബ്‌ദിക്കാനാവാതെ ദേവിയെ നോക്കി…

“ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വെച്ചൊരു ദിനം,പതിവില്ലാതെ,ഞാൻ അയാളോട് തർക്കിച്ചു.. അറിഞ്ഞോ,അറിയാതെയോ, അയാളെന്നെ പിടിച്ചു പിറകോട്ടു തള്ളി…താഴേയ്ക്ക് വീണെങ്കിലും,ജീവൻ നഷ്ടമായില്ല…”

വീണ്ടും ആ പൊള്ളയായ ചിരി ജയദേവൻ കേട്ടു…

“ജീവച്ഛവമായ എന്നെ കൊണ്ട് അയാൾക്ക് പിന്നെ ഉപയോഗമൊന്നും ഉണ്ടായിരുന്നില്ല…. മക്കൾക്കും.. ഏറെ കഴിയാതെ ഞാനിവിടെ തിരിച്ചെത്തി…. നാളുകൾക്കുള്ളിൽ വിവാഹമോചനത്തിനുള്ള നോട്ടീസും ..ആരോടും ഞാനൊന്നും പറഞ്ഞില്ല.…”

ദേവി പറഞ്ഞു നിർത്തി.. ഇത്തിരി കഴിഞ്ഞാണ് ജയദേവനെ നോക്കിയത്..

“താലി കെട്ടിയവനെ മറന്നു,മറ്റൊരാളെ മനസ്സിൽ ചുമക്കുന്നതിനുള്ള കുറ്റബോധം എനിയ്ക്കൊരിക്കലും തോന്നിയിട്ടില്ല… ഒരു മനുഷ്യസ്ത്രീയായിട്ട് പോലും എന്റെ ഭർത്താവ് എന്നെ പരിഗണിച്ചിട്ടില്ല.. അത്.കൊണ്ട് തന്നെ എന്റെ പ്രണയത്തെ ഞാൻ മറക്കേണ്ടതില്ലായിരുന്നു…”

ശ്രീദേവിയുടെ ശബ്ദം വല്ലാതെ നേർത്തിരുന്നു…

ജയദേവൻ അവർക്കരികിലേയ്ക്ക് നീങ്ങിയിരുന്നു..ശ്രീദേവിയെ ചേർത്തു പിടിച്ചു.. ദേവി അയാളുടെ വലം കയ്യിൽ തല ചായ്ച്ചിരുന്നു….

“പ്രശസ്തിയുടെ നിറുകയിൽ നിന്നിട്ടും,ഒരുപാട് ആരാധികമാരുണ്ടായിട്ടും മാഷിനെന്തേ ഒരു കൂട്ട് വേണമെന്ന് തോന്നാതിരുന്നത് ..?”

ജയദേവൻ ചിരിച്ചു…

“തന്നെ പോലെ മറ്റൊരുവളെ കണ്ടുകിട്ടിയില്ലെന്ന് പറഞ്ഞാൽ അത് കള്ളമാവും.. തനിയ്ക്ക് പകരമാവാൻ ആർക്കും കഴിയില്ലെന്ന് അറിയാവുന്നത് കൊണ്ട് തിരഞ്ഞില്ല ആരിലും,ദേവൂട്ടിയെ… ”

കാതോരം,ആ പതിഞ്ഞ ശബ്ദം കേട്ടതും ശ്രീദേവിയുടെ ദേഹമൊന്ന് വിറച്ചു…

“എനിക്ക് ഒരാളെ മാത്രമേ പ്രണയിക്കുവാൻ കഴിയുമായിരുന്നെടോ, മറ്റൊരുവളോട് നീതികേട് കാണിയ്ക്കാൻ തോന്നിയില്ല..”

ദേവി ഒന്നും പറഞ്ഞില്ല…. നോട്ടം ജാലകപഴുതിലൂടെ പുറത്തേയ്ക്കായിരുന്നുവെങ്കിലും, ആ മിഴികൾ നിറഞ്ഞു തുളുമ്പുന്നത്,ജയദേവൻ അറിഞ്ഞു… ആ ശോഷിച്ച ദേഹം,അയാൾ തന്നിലേയ്ക്ക് മുറുകെ ചേർത്ത് പിടിച്ചു.. ഇനിയാർക്കും വിട്ടു കൊടുക്കില്ലെന്നത് പോലെ…

“എന്നെ… എന്നെ ഒരിക്കലും കാണണമെന്ന് തോന്നിയിട്ടില്ലേ…?”

ദേവിയുടെ ശബ്ദം ഇടറിയിരുന്നു…

“കണ്ടിട്ടുണ്ട്, പല വട്ടം.. മുംബൈയിൽ വെച്ച്, ദൂരെ മാറി നിന്ന്.. ഭർത്താവിനും മക്കൾക്കുമൊപ്പം, സന്തോഷവതിയാണെന്ന് തോന്നി…”

ശ്രീദേവി ചിരിച്ചു…ആത്മനിന്ദയോടെ..

“തിരികെ ഈ മുറിയിൽ വന്നു കയറിയപ്പോൾ എനിയ്ക്കന്താണ് തോന്നിയതെന്നറിയാമോ മാഷിന്…. ദീർഘ നാളത്തെ തടവ് ശിക്ഷ,കഴിഞ്ഞു പുറത്തിറങ്ങിയത് പോലെ…. ഈ മുറിയിൽ ഞാൻ ശ്രീദേവി മാത്രമായിരുന്നു.. ജയദേവനെ പ്രണയിച്ച ശ്രീദേവി… ഈ മുറിയിൽ ആർക്കു മുൻപിലും അഭിനയിക്കേണ്ടിയിരുന്നില്ല… എന്റെ പ്രണയം അറിഞ്ഞത് ഈ ചുവരുകളായിരുന്നു.. അന്നും…ഇന്നും…”

ജയദേവൻ ഒന്നും പറഞ്ഞില്ല… ഏറെനേരം അവരങ്ങനെ ഒന്നും പറയാതെയിരുന്നു..

“എന്നെ കാണാൻ വന്നൂലോ,ഈ നിമിഷം മരിച്ചാലും എനിക്ക് സന്തോഷമാണ്‌ മാഷേ..”

“അരുതാത്തതൊന്നും പറയല്ലേ ദേവൂട്ടി ..”

അവൾ ചിരിച്ചു…

“ഇനിയധികം നാളില്ല മാഷേ, ആന്തരികാവയവങ്ങളൊക്കെ പണി മുടക്കി തുടങ്ങി… ഹോസ്പിറ്റലിൽ പോവേണ്ടെന്ന് ഞാൻ തന്നെ പറഞ്ഞു.. മരണത്തെയും ഞാനിപ്പോൾ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു …”

“എന്റെ പ്രണയം, താൻ അങ്ങനെ മറ്റാർക്കും പകുത്ത് കൊടുക്കണ്ട..”

ആ ശബ്ദത്തിലെ മാറ്റം തിരിച്ചറിഞ്ഞവൾ പതിയെ തലയുയർത്തി നോക്കി.. കുസൃതി തിളങ്ങുന്ന അതേ മിഴികൾ… ജയദേവൻ ദേവിയെ നോക്കി കണ്ണിറുക്കി…

അവർ ചിരിയോടെ മിഴികൾ ജനാലയ്ക്കപ്പുറം,തൊടിയിലെ ചെമ്പകമരത്തിലേയ്ക്ക് തിരിച്ചു.. പൂക്കൾ പൊഴിയുന്നുണ്ട്..

പുറത്ത് ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു…

കഴുത്തിൽ ഒരു തണുപ്പറിഞ്ഞാണ്‌ ശ്രീദേവി മുഖമുയർത്തിയത്.. ഞെട്ടൽ മാറാതെ ഇരിക്കുമ്പോഴേയ്ക്കും,സീമന്ത രേഖയിൽ ഒരു നുള്ള് കുങ്കുമം വീണിരുന്നു…

“മാഷേ… മാഷ് എന്താ ഈ കാട്ടിയത്..?”

കഴുത്തിൽ ചേർന്ന് കിടക്കുന്ന, മഞ്ഞ ചരടിൽ കോർത്ത ആലിലത്താലിയിൽ വിറ കൊള്ളുന്ന വിരലുകളാൽ പിടിച്ചാണ് ദേവി ചോദിച്ചത്….

“അനുവാദം ചോദിച്ചില്ല ആരോടും…. പക്ഷെ അവസാനശ്വാസം എടുക്കുന്നത് സുമംഗലിയായി വേണമെന്ന് തോന്നി.. ജയദേവന്റെ ഭാര്യയായി… എന്റെ മാത്രം പെണ്ണായി..”

ആർദ്രമായ ശബ്ദം കേട്ടതും ദേവിയ്ക്ക് ശ്വാസം വിലങ്ങുന്നത് പോലെ തോന്നി.. വെപ്രാളത്തോടെ ജയദേവൻ,അവളെ നേരെയിരുത്തി, കുടിയ്ക്കാൻ വെള്ളമെടുത്തു കൊടുത്ത്…പതിയെ പുറത്ത് തടവി..

“ഇനി ഇതിന്റെയൊക്കെ ആവശ്യം ഉണ്ടായിരുന്നുവോ മാഷേ…?”

“അതൊരു ആഗ്രഹമായിരുന്നെടോ… എന്റെ താലി ഈ കഴുത്തിൽ അണിഞ്ഞു കാണണമെന്ന്… ഇതിൽ വലിയ അർത്ഥമൊന്നും ഇല്ലെന്ന് അറിയാമെങ്കിലും പഴയൊരു മോഹം… ”

പിന്നെയും,തെല്ലും നേരം കഴിഞ്ഞാണ്‌ പറഞ്ഞത്..…

“ചിലതൊക്കെ തന്റെ വല്യേട്ടൻ പറഞ്ഞറിഞ്ഞിരുന്നു.. മനസ്സിലിത് കരുതി തന്നെയാണ് വന്നത്…”

“വല്യേട്ടൻ.. വല്യേട്ടനോ..?”

“ഉം.. വാസുദേവൻ.. എപ്പോഴോ തന്റെ ഡയറിയിൽ നിന്നും, അറിയാനിടയായ മുംബൈയിലെ ജീവിതത്തെ പറ്റി.. എന്നെ കാണാൻ വന്നിരുന്നു..”

“ഏട്ടൻ.. ഏട്ടൻ പറഞ്ഞിട്ടാണോ ഇതൊക്കെ..?”

ജയദേവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു…

“ഈ മനസ്സ് എന്നും എന്റേത് മാത്രമായിരുന്നില്ലേ ദേവൂട്ടി… എന്റെ പ്രണയം ഒരണുവിട പോലും കുറഞ്ഞിട്ടില്ലെടോ..… എനിയ്ക്ക് വേണം…”

“ഞാൻ.. ഞാൻ.. ”

അവളൊന്നു കിതച്ചു…

“ശ്.. ഒന്നും പറയണ്ട… ”

ജയദേവൻ ചുണ്ടുകളിൽ,വിരൽ ചേർത്തു വെച്ചപ്പോൾ അവളൊന്നു പിടഞ്ഞു…

രാത്രി,വാസുദേവന്റെ മകൾ കൊണ്ട് കൊടുത്ത, പൊടിയരിക്കഞ്ഞി കോരിക്കൊടുത്തതും ജയദേവനായിരുന്നു…

ഒരുമിച്ചൊരു പാത്രത്തിൽ നിന്നവർ കഴിച്ചു.. ആദ്യമായി….

ജയദേവന്റെ കരവലയത്തിൽ തല ചായ്ച്ചിരുന്നു,എന്തൊക്കെയോ സംസാരിക്കുന്ന അനിയത്തിയെ കണ്ടു,കണ്ണുകൾ നിറഞ്ഞാണ് വാസുദേവൻ ആ അറവാതിൽ ചാരി,പതിയെ തിരിഞ്ഞു നടന്നത്…

പാദസരത്തിലെ മണികൾ കിലുങ്ങുന്നത് പോലുള്ള അനിയത്തിയുടെ ചിരി അന്നയാൾ കേട്ടിരുന്നു.. വർഷങ്ങൾക്കിപ്പുറം…

“എനിയ്ക്ക് ആ പാട്ടൊന്ന് പാടി തരുമോ…?”

അവളെ പുണർന്നാണ് ജയദേവൻ പാടിയത്… ആ കാതോരം.. അവൾക്കായി.. ആദ്യമായി..

“വാതിൽപ്പഴുതിലൂടെൻ‌മുന്നിൽ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകേ….. അതിലോലമെൻ ഇടനാഴിയിൽ നിൻ‌ കള- മധുരമാം കാലൊച്ച കേട്ടു…”

എപ്പോഴോ അവൾ ഉറക്കത്തിലേയ്ക്ക് വഴുതി വീഴുന്നത് അയാളറിഞ്ഞിരുന്നു…

പുലരുമ്പോഴെപ്പോഴോ ജയദേവൻ മിഴികൾ തുറന്നപ്പോൾ കരവലയത്തിൽ തന്നെ അവളുണ്ടായിരുന്നു….

പക്ഷെ…

ആ ദേഹം തണുത്തു മരവിച്ചിരുന്നു…. ആദ്യത്തെ ഞെട്ടലിനൊടുവിൽ,ആ മരവിച്ച ചുണ്ടുകളിൽ അപ്പോഴും മായാതെ,ഒരു ചിരി കാത്തു നിൽപ്പുണ്ടെന്ന് അയാൾ കണ്ടു…

ശ്രീദേവിയുടെ കഴുത്തിലേയ്ക്കാണ്,ജയദേവന്റെ മിഴിനീർ തുള്ളികൾ പതിഞ്ഞത്..

രാത്രിയിലെപ്പോഴോ തോന്നിയ,ഇടനെഞ്ചിലെ ഭാരം സഹിക്കാനാവാതെ,നെഞ്ച് വിങ്ങുമ്പോഴും ശ്വാസം വിലങ്ങുമ്പോഴും, ദേവിയുടെ ആ മരവിച്ച ദേഹത്തെ, അയാൾ മുറുകെ പുണർന്നിരുന്നു…

ആ പ്രഭാതത്തിൽ മാധ്യമങ്ങൾക്കൊരു പ്രധാന വാർത്തയുണ്ടായിരുന്നു….

“പ്രശസ്ത ഗായകൻ ജയദേവൻ ഹൃദയസ്തംഭനം കാരണം അന്തരിച്ചു..”

പടിയത്ത് തറവാട്ടിൽ ചിതയൊരുങ്ങുന്നുണ്ടായിരുന്നു ഇരുവർക്കും.. ഒറ്റച്ചിത…

പറയാതെ പോയ വാക്കുകളും,പകരാനാവാതെ പോയ പ്രണയവും പങ്കുവെയ്ക്കുവാൻ ആ ആത്മാക്കൾ ഇനിയും പുനർജനിച്ചേക്കാം….

രചന : സൂര്യകാന്തി (ജിഷ രഹീഷ് )💕

Leave a Reply

Your email address will not be published. Required fields are marked *