Categories
Uncategorized

പതിവുപോലെ ഇന്നും അച്ഛനും അമ്മയും വഴക്ക് കൂടുന്നതും കേട്ടാണ് ഉണർന്നത്. വന്നു വന്നു ഇതിപ്പോ ഒരു പതിവായി. ഈയിടെയായി അല്പം കൂടിയെങ്കിലേ ഒള്ളു. എന്തിനാണ് ഈ വഴക്ക് എന്നുപോലും അറിയില്ല അല്ലേലും ഒരു കാരണം വേണ്ടല്ലോ എന്തേലും ഒന്നും രണ്ടും പറഞ്ഞു തുടങ്ങും അവസാനം വല്യ വഴക്കാവും. പിന്നെ ഒരു സമാധാനം തല്ലുണ്ടാക്കുന്നില്ല എന്നതാണ്. ഞാൻ ഇത്ര വലുതായി എന്നുപോലും അവർ ഓർക്കുന്നില്ല.. അല്ലേലും വഴക്ക് കൂടുമ്പോ വേറെ എന്തോർക്കാനാണ്.

രചന : – Jithesh Kumar

പതിവുപോലെ ഇന്നും അച്ഛനും അമ്മയും വഴക്ക് കൂടുന്നതും കേട്ടാണ് ഉണർന്നത്. വന്നു വന്നു ഇതിപ്പോ ഒരു പതിവായി. ഈയിടെയായി അല്പം കൂടിയെങ്കിലേ ഒള്ളു. എന്തിനാണ് ഈ വഴക്ക് എന്നുപോലും അറിയില്ല അല്ലേലും ഒരു കാരണം വേണ്ടല്ലോ എന്തേലും ഒന്നും രണ്ടും പറഞ്ഞു തുടങ്ങും അവസാനം വല്യ വഴക്കാവും. പിന്നെ ഒരു സമാധാനം തല്ലുണ്ടാക്കുന്നില്ല എന്നതാണ്. ഞാൻ ഇത്ര വലുതായി എന്നുപോലും അവർ ഓർക്കുന്നില്ല.. അല്ലേലും വഴക്ക് കൂടുമ്പോ വേറെ എന്തോർക്കാനാണ്.

രണ്ടാളും രണ്ടു വർഷം പ്രേമിച്ചു നടന്നിട്ട് കല്യാണം കഴിച്ചതാണ്. വീട്ടുകാരായിട്ട് നടത്തികൊടുത്തു. രണ്ടാളും പഠിച്ചു നല്ല ജോലി നേടി അപ്പൊ പിന്നെ വീട്ടുകാർക്ക് എതിർപ്പ് ഒണ്ടായില്ല. അച്ഛൻ ഗവണ്മെന്റ് സർവീസിൽ ജോലിയാണ് അമ്മ ടീച്ചറും. പഠിക്കുന്ന സമയത്ത് രണ്ടാളും കണ്ടുമുട്ടി ഇഷ്ടത്തിലായി അതുകഴിഞ്ഞു ജോലി കിട്ടിയപ്പോൾ അച്ഛൻ അമ്മയുടെ വീട്ടിൽ പോയി ചോദിച്ചു, അങ്ങനെ രണ്ടു വീട്ടുകാർക്കും സമ്മതം. സാമാന്യം നല്ല സാമ്പത്തികമുള്ളതാണ് രണ്ടു വീട്ടുകാരും. എന്നെ വല്യ കാര്യമാണ് എല്ലാർക്കും. മാസത്തിൽ ഒരു തവണ എങ്കിലും രണ്ടു വീട്ടിലും പോയി തല കാണിക്കും, ചുമ്മാതല്ല കുറച്ചു പോക്കറ്റ് മണി ഒക്കെ കിട്ടും. അതോണ്ട് എന്റെ ഡിഗ്രീ പഠനവും കൂട്ടുകാരുടെ കൂടെയുള്ള കറക്കവും ഒക്കെ അടിപൊളിയായി പോകും. രണ്ടാൾക്കും നല്ല ജോലിയുള്ളത് കൊണ്ട് അല്പം റിച്ച് ആയിട്ടാണ് ജീവിക്കുന്നത്. പക്ഷെ കുറച്ചു നാളായിട്ട് കാര്യങ്ങൾ അത്ര സുഗമമല്ല, കാരണം അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് തന്നെ. ഇവരുടെ വഴക്കിന്റെ യഥാർത്ഥ കാരണം എന്താണെന്നു പോലും എനിക്കറിയില്ല. രണ്ടാളോടും ഞാൻ മാറി മാറി ചോദിച്ചു, എനിക്ക് മനസിലാവാത്ത പോലെ എന്തോ പറഞ്ഞു രണ്ടാളും ഒഴിഞ്ഞു മാറി. പിന്നെ ആ ചോദ്യം ഞാനങ്ങു നിർത്തി. പക്ഷെ ഇപ്പൊ എന്നും രാവിലെ എഴുന്നേൽക്കുന്നത് ഇവർ തമ്മിലുള്ള വഴക്ക് കേട്ടാണ്. വല്യ വീടും പത്രാസും നല്ല ജോലിയും വിദ്യാഭ്യാസവും ഉണ്ടായിട്ട് മാത്രം കാര്യമില്ലല്ലോ അതൊക്കെ അനുസരിച്ചു സംസാരിക്കുകയും പെരുമാറുകയും കൂടി വേണ്ടേ.

എന്റെ സന്തോഷം മൊത്തം കളയുന്നത് ഇവരുടെ വഴക്ക് ഒന്ന് കൊണ്ട് മാത്രമാണ്. ഏക ആശ്വാസം കോളേജിൽ പോവുന്നതും ഫ്രണ്ട്സിന്റെ കൂടെ സമയം കളയുന്നതുമാണ്. എന്നെ കുറിച്ചും എന്റെ പ്രശ്നങ്ങളെക്കുറിച്ചും അറിയാവുന്നതും എന്റെ ബെസ്റ്റ് ചങ്ക് നിത്യക്ക് മാത്രമാണ്. ആളൊരു പാവം നാട്ടിൻപുറത്തുകാരി. അതോണ്ട് തന്നെ എനിക്ക് വലിയ ഇഷ്ടമാണ് അവളെ. നന്നായി പഠിക്കും മോശമല്ലാതെ വരക്കും ചെറുതായി പാടും പോരാത്തതിന് ഒരു ചുന്ദരി കുട്ടിയും അങ്ങനെ കോളേജിലെ എല്ലാവരുടേയും നോട്ടപുള്ളിയാണ്, പ്രത്യേകിച്ച് ചെക്കന്മാരുടെ. എന്റെ എല്ലാ സങ്കടങ്ങളും ഞാൻ അവളോട് ഷെയർ ചെയ്യും. അവൾ വീട്ടിൽ പോയി വരുമ്പോൾ അവളുടെ വിശേഷങ്ങളും വീട്ടിലെ കാര്യങ്ങളും ഒക്കെ പറയുമ്പോ ഇങ്ങനെയും നാടും വീടും ഒക്കെ ഉണ്ടോ എന്നുപോലും ഞാൻ ആലോചിക്കാറുണ്ട്. നിത്യ ഒന്ന് രണ്ടു തവണ വീട്ടിൽ വന്നിട്ടുണ്ടേലും അവളുടെ വീട്ടിൽ ഇതുവരെ ഞാൻ പോയിട്ടില്ല, അവൾ പറഞ്ഞു കേട്ടറിവ് മാത്രമേ ഒള്ളു.

ഇന്നും അച്ഛനും അമ്മയും വഴക്ക് കൂടി, സഹികെട്ടു അതിനു പ്രതികരിച്ച എന്നെ ഒരു കാരണവും കൂടാതെ അമ്മ ചീത്ത പറഞ്ഞു. കാര്യം അച്ഛനോടുള്ള ദേഷ്യം ആണേലും അത് തീർത്തത് എന്നോടാണെന്നു മാത്രം. എനിക്കും അത് വല്ലാതെ വേദനിച്ചു. ക്ലാസ്സിൽ വന്നിരുന്നു കരയുന്ന എന്നെ കണ്ടപ്പോ തന്നെ അവൾക്ക് മനസിലായി ഇന്നും വഴക്ക് ആയിരുന്നു എന്ന്. വരുന്ന രണ്ടു മൂന്ന് ദിവസം അവധിയല്ലേ എന്റെ കൂടെ പോരുന്നോ വീട്ടിലേക്ക്, നിനക്ക് ഒരു ചെയ്ഞ്ചും ആവുലോ എന്നവൾ പറഞ്ഞ് എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. ആദ്യം അത് കാര്യമാക്കിയില്ല എങ്കിലും പിന്നെ ഓർത്തപ്പോ രണ്ടു ദിവസം അവരുടെ വഴക്ക് കാണണ്ടല്ലോ പിന്നെ ഒന്ന് മാറിനിക്കാലോ എന്നോർത്തു ഞാനും ഓക്കേ പറഞ്ഞു. അങ്ങനെ പിറ്റേന്ന് തന്നെ രണ്ടു ദിവസത്തേക്കുള്ള സാധനങ്ങൾ പാക്ക് ചെയ്ത് അവളുടെ കൂടെ നാട്ടിലേക്ക് വണ്ടി കേറി.

ശരിക്കും അവൾ പറഞ്ഞു കേട്ടതിലും മനോഹരമാണ് അവളുടെ നാട്. ബസ് നിന്നത് ചെറിയ ഒരു സിറ്റിയിൽ, അഞ്ചാറു കടകളും കാര്യങ്ങളുമായി ഒരു ആൽത്തറയൊക്കെ ഉള്ള സിറ്റി, നമ്മൾ സിനിമയിൽ ഒക്കെ കാണുമ്പോലെ. പിന്നെ ഇത്തിരി നടക്കാനുണ്ട് ഒരു തെങ്ങിൻ തൊപ്പിലൂടെ പിന്നെ ഒരു തോടിന് മുകളിലൂടെ പാലം കടന്നു മുന്നോട്ട് ചെന്നാൽ അവളുടെ വീട്ടിലെത്തും.. അല്പം പഴക്കം ചെന്ന ഓടിട്ട ഒരു വീട്, അത്ര ചെറുതല്ല കണ്ടിട്ട് തറവാട് വീടുപോലെ ഉണ്ട്. എന്തായാലും ശാന്ത സുന്ദരമായ അന്തരീക്ഷം. അവിടെ അവളെ കൂടാതെ അവളുടെ അച്ഛനും അമ്മയും ഒരു അനിയനും പിന്നെ മുത്തശ്ശിയും ഉണ്ട്. എന്നെ കണ്ടപ്പോൾ തന്നെ മനസിലായി, അവൾ പറഞ്ഞ് എന്നെ അറിയാം പിന്നെ ഞാനും കൂടെ വരുന്നുണ്ട് എന്ന് വിളിച്ച് പറഞ്ഞിരുന്നു. അച്ഛനല്ലാതെ ബാക്കി എല്ലാരും അവിടെ ഉണ്ടായിരുന്നു.. എന്നെ ആദ്യമായി കാണുന്നത് പോലെ ആയിരുന്നില്ല എല്ലാരും നല്ല കമ്പനിയാണ് വിശേഷങ്ങൾ ചോദിക്കുന്നു പറയുന്നു അങ്ങനെയെല്ലാം. മുത്തശ്ശിയെ എനിക്ക് വല്ലാതെ ഇഷ്ടമായി രണ്ടു കൊച്ചുമക്കളോടും നല്ല സ്നേഹമാണ് അവർക്ക് തിരിച്ചും. അമ്മ അവിടെ അടുത്തൊരു കുടുംബശ്രീ യൂണിറ്റിലാണ് ജോലി ചെയ്യുന്നത്,അച്ഛൻ കൂലി പണിക്കും. വൈകിട്ട് അച്ഛൻ വന്നപ്പോൾ ചോദിച്ചു “മക്കൾ എപ്പോ വന്നു” എന്ന്, സത്യം പറഞ്ഞാൽ അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.കാരണം അത്ര സ്നേഹത്തോടെ എന്റെ അച്ഛൻ എന്നോട് സംസാരിച്ചിട്ട് നാളുകളായി. കുളിയൊക്കെ കഴിഞ്ഞു വന്നു വിളക്ക് വച്ചു പ്രാർത്ഥന കഴിഞ്ഞു എല്ലാരും കൂടിയിരുന്നു കുശലം പറച്ചിലും വിശേഷങ്ങൾ ചോദിച്ചറിയലും ഒക്കെയാണ്. എന്നെ അതിശയിപ്പിചത് മറ്റൊന്നാണ് ഉറങ്ങാൻ പോകുന്നത് വരെ എല്ലാവരും ഒരുമിച്ചിരുന്ന് ചിരിച്ചു കളിച്ച് വർത്തമാനം പറയുന്നു അങ്ങോട്ടുമിങ്ങോട്ടും കളിയാക്കുന്നു, ഇങ്ങനോക്കെ അച്ഛനമ്മമാർ ഉണ്ടോ എന്നതാണ്. അത്താഴം കഴിക്കുമ്പോൾ അച്ഛൻ ചോദിച്ചു മോൾക്ക് ഇതൊക്കെ കഴിച്ചു ശീലമുണ്ടോ എന്ന്, ശരിക്കും മനസ്സ് നിറഞ്ഞ് സന്തോഷത്തോടെ അത്താഴം കഴിക്കുന്നത് അന്നാണ്. വീട്ടിലെ പ്രശ്നങ്ങൾ അവർക്കും അറിയാവുന്നത് കൊണ്ടാവും അതേപ്പറ്റി ആരും ഒന്നും ചോദിച്ചില്ല. കിടക്കുന്ന സമയത്ത് ഞാൻ നിത്യയെ കെട്ടിപിടിച്ചു കുറേ കരഞ്ഞു.

പിറ്റേന്ന് അച്ഛൻ അമ്മയോട് ചോദിക്കുന്നത് കേട്ടു ആ മോൾക്ക് ഇതൊക്കെ ശീലമുണ്ടാകുവോ എന്തോ, മുത്തിനോട് (നിത്യ ) ചോദിച്ചിട്ട് വേണ്ടത് ഉണ്ടാക്കി കൊടുക്കണം എന്ന്. ചുരുക്കി പറഞ്ഞാൽ രണ്ടു ദിവസം എങ്ങനെ കഴിഞ്ഞു പോയി എന്ന് എനിക്കറിയില്ല, തിരിച്ചു പോവാൻ മനസ് വരുന്നില്ല. ആ വീടും വീട്ടിലെ സന്തോഷവും എനിക്ക് വലിയ ആശ്വാസമാണ്. തിരികെ പോകാൻ ഇറങ്ങും നേരം അച്ഛൻ കയ്യിൽ മടക്കി പിടിച്ചു ഒരു 100 രൂപ തന്നിട്ട് പറഞ്ഞു കയ്യിൽ വച്ചോ എന്ന്, അച്ഛനെ കെട്ടിപിടിച്ചു ഞാൻ കരഞ്ഞു മുത്തശ്ശി പറഞ്ഞു അടുത്ത തവണ അവളുടെ കൂടെ ഇങ്ങ് പോരണം എന്ന് അമ്മയുടേം കണ്ണ് നിറഞ്ഞു. തിരികെ പോരും വഴി നിത്യയോട് പറഞ്ഞു ” നി ശരിക്കും ഭാഗ്യം ചെയ്തവളാ , വലിയ വീടും കുറേ കാശും ഉണ്ടേൽ ഹാപ്പിയായി ജീവിക്കാം എന്നായിരുന്നു എന്റെ തോന്നൽ, പക്ഷെ ഇപ്പൊ എനിക്ക് മനസിലായി രണ്ടു ദിവസം ഞാൻ ജീവിച്ചത് ഒരു സ്വർഗ്ഗത്തിൽ ആയിരുന്നു എന്ന്. ഇന്നേവരെ ഞാൻ അറിഞ്ഞിട്ടില്ലാത്ത ഒരു സ്വർഗ്ഗത്തിൽ.

രചന : – Jithesh Kumar

Leave a Reply

Your email address will not be published. Required fields are marked *